മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പിറ്റേന്ന് കോളേജിൽ പോകാൻ പതിവിലും ഉത്സാഹമായിരുന്നു വേദുവിന്. ലെമൺ യെല്ലോയും പീച്ചും ഷെയ്ഡ് വരുന്ന ജോർജെറ്റിന്റെ ചുരിദാറായിയുന്നു വേഷം. ഒതുക്കിക്കെട്ടാൻ തുടങ്ങിയ മുടിയെ പുഞ്ചിരിയോടവൾ വിടർത്തിയിട്ട് ചെറിയ ക്രാബ് വച്ചു. നാളുകൾക്ക് ശേഷം വീണ്ടും മിഴികളിൽ കണ്മഷി കൂട്ടുപിടിച്ചു.
പ്രാതൽ കഴിച്ചതിന് ശേഷം അമ്മയുടെ കവിളിൽ അമർത്തി ചുംബിച്ചു. വ്യാസൂട്ടൻ പനിയെ കൂട്ട് പിടിച്ചതിനാൽ അവന്റെ തലയിൽ ചെറുതായി തട്ടിക്കൊണ്ടവൾ യാത്ര പറഞ്ഞിറങ്ങി.
ആരുഷ് പാർക്കിങ്ങിൽ ബൈക്ക് ഒതുക്കിയിറങ്ങിയപ്പോഴാണ് വേദിക വന്നിറങ്ങിയത്. ഏറെ നാളുകൾക്കുശേഷം രണ്ടുപേരും മുഖാമുഖം നിന്നു. ഒതുക്കിക്കെട്ടിയിരുന്ന മുടി വിടർന്നു കിടക്കുന്നത് കണ്ടവന്റെ മുഖം വിടർന്നു. ഒന്നുകൂടി അവന്റെ മുഖത്ത് മിഴികൾ പതിപ്പിച്ചശേഷം ബാഗുമെടുത്തവൾ ക്ലാസ്സിലേക്ക് നടന്നു. നടന്നത് വിശ്വസിക്കാനാകാതെ അന്തംവിട്ട് നിൽക്കുകയായിരുന്നു അപ്പോഴുമവൻ.
ക്ലാസ്സിലെത്തിയപ്പോഴേ കണ്ടു ഇണപ്രാവുകൾ കുറുകുന്നത്. വേദിക ഒഴിവാക്കുന്നതിനാൽ സിയയും മുനീറും വേദികയോട് അകലം പാലിച്ചിരുന്നു. അവരുടെ മുൻപിൽ വന്ന് കൈകൾ പിണച്ചുകെട്ടി അവൾ നിന്നു. മാറാതെ നിൽക്കുന്ന വേദികയെ കണ്ടവർ മുഖാമുഖം നോക്കി. പതിയെ വേദികയുടെ അധരത്തിൽ വിരിഞ്ഞ പുഞ്ചിരി അവരിലേക്കും പടർന്നു. എന്നാൽ പെട്ടെന്നുതന്നെ സിയ തിരിഞ്ഞിരുന്നു. അവളുടെ കഴുത്തിലൂടെ ചേർത്തുപിടിച്ച് വേദിക സോറി പറഞ്ഞു.
നിന്റെ സോറി.. എനിക്ക് കേൾക്കേണ്ട. പറയാനുള്ളതുപോലും കേൾക്കാതെ മാറ്റിനിർത്തിയില്ലേ നീയെന്നെ സിയ പരിഭവത്തിന്റെ ഒഴുക്ക് ഇനിയും തുടരുമെന്നറിഞ്ഞപ്പോൾ വേദിക രണ്ട് കൈയും ചെവിയിൽ മാപ്പ് പറയുന്നതുപോലെ പിടിച്ചുകൊണ്ട് വേദിക മുട്ടുകുത്തിയിരുന്നു. ദയനീയ ഭാവത്തിലുള്ള അവളുടെ കുസൃതി നിറഞ്ഞ നോട്ടം കണ്ട് മുനീറിന്റെയും സിയയുടെയും മുഖം തെളിഞ്ഞു. അവരവളെ ചേർത്തുപിടിച്ചു.
ഇതുകണ്ടുകൊണ്ട് വന്ന ആരുഷിന്റെ ചുണ്ടിലും പുഞ്ചിരി തങ്ങിനിന്നിരുന്നു. എന്നാൽ അവനെ കണ്ട് വേദിക മാറിയിരുന്നു. ചുണ്ടിലെ പുഞ്ചിരിക്ക് മങ്ങലേറ്റു.
വേദൂ.. ആരുഷ് .. പറയാൻ വന്ന മുനീറിനെ നോക്കി അവനോടെനിക്ക് പിണക്കം തന്നെയാ എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞിരുന്നു. ദിയ വന്നപ്പോൾ അവൾക്കും സന്തോഷമായി. എന്റെ കർത്താവേ.. എന്റെ കൊച്ചിന് നീ ഇപ്പോഴെങ്കിലും നല്ല ബുദ്ധി കൊടുത്തല്ലോ.. വേദികയുടെ കൂർത്ത നോട്ടത്തിൽ ദിയ കുലുങ്ങിചിരിച്ചു.
ലഞ്ച് ബ്രേക്കിനായി എല്ലാവരും പുറത്തിറങ്ങി. അവസാനo ഇറങ്ങാൻ നിന്ന വേദികയ്ക്ക് മുൻപിൽ ആരുഷ് വന്നുനിന്നു. അവനെ കണ്ടിട്ടും അവഗണിച്ച് ഇറങ്ങാൻ നിന്ന വേദികയെ വലംകൈയാൽ വലിച്ച് നെഞ്ചോട് ചേർത്തു ആരുഷ്. വിടെന്നെ.. വിറയലോടെ വേദിക പറഞ്ഞു. ഇപ്പോഴും പിണക്കമാണോ. ഒരു തരി ഇഷ്ടവുമില്ലേ എന്നോട് ആരുഷ് കുനിഞ്ഞു നിന്നവളുടെ ചെവിക്കരികിലായ് ചോദിച്ചു. അവന്റെ നെഞ്ചോപ്പം ഉയരമുള്ളതിനാൽ അവന്റെ ഹൃദയതാളം അവളുടെ ചെവിയിൽ പതിച്ചുകൊണ്ടിരുന്നു. മുൻപും ആരുഷിനോട് ചേർന്ന് നിന്നിട്ടുണ്ടെങ്കിലും ഇതുവരെ തോന്നാത്തൊരു ഫീലിംഗ് ഇപ്പോൾ. ചൂണ്ടുവിരലിനാൽ അവളുടെ മുഖം തെല്ലുയർത്തി. അവളുടെ ചാരമിഴികൾ പിടയലോടെ അവന്റെ മിഴികളിൽ ഉറച്ചു.
ഉഫ്.. ഇങ്ങനെ നോക്കല്ലേ പെണ്ണേ തലവെട്ടിച്ചുകൊണ്ട് ആരുഷ് പറഞ്ഞു. ഇടംകൈയാൽ അവനവളുടെ തലയിലെ ക്രാബ് വലിച്ചെടുത്തു. ലെയർ കട്ട് ചെയ്ത സിൽക്ക് നാരുകൾ പോലുള്ള മുടിയിഴകൾ അവളുടെ മുഖത്തേക്ക് വീണു. ഇതാ ഭംഗി അവനവളുടെ കാതോരം മന്ത്രിച്ചു.
ഞെട്ടലിൽ നിന്നും മോചിതയായി പെട്ടെന്നവൾ അവനെ തള്ളിമാറ്റി. പോടാ.. ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടവൾ പുറത്തേക്കോടി. എനിക്കറിയാം ആരുഷിന് നിന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടെന്ന്. സൗഹൃദത്തിന്റെ വേലി പൊളിച്ച് ഞാനത് പുറത്തുകൊണ്ട് വന്നിരിക്കും മോളേ. ആത്മവിശ്വാസത്തിന്റെ പ്രണയത്തിന്റെ ചിരിയായിരുന്നു അവന്റെ ചുണ്ടിൽ ഒളിച്ചുനിന്നിരുന്നത്.
പുറത്തിറങ്ങി നെഞ്ചിൽ കൈചേർത്തവൾ ശ്വാസം നീട്ടിവിട്ടു. നാണം കലർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. പിന്നീട് ക്ലാസ്സിൽ ഇരിക്കുമ്പോഴെല്ലാം ആരുഷിന്റെ മിഴികൾ അവളെ തേടിയെത്തി. ഒക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചിരുന്നു വേദു. ദിയ മാത്രം രണ്ടുപേരെയും നോക്കി അർത്ഥം വച്ച് ചിരിച്ചു.
രാത്രി പതിവില്ലാത്തൊരു ടെൻഷനുമായി മുൻപിൽ നിൽക്കുന്ന മകളെക്കണ്ട് അച്ഛൻ സംശയിച്ചു. അച്ഛാ.. ഞാൻ പറയുന്നത് തെറ്റാണോയെന്നറിയില്ല. ഞാൻ ആരുഷിനെ ഇഷ്ടപ്പെട്ടോട്ടെ വിക്കി വിക്കിയവൾ ചോദിച്ചു.
അച്ഛന്റെ പൊട്ടിച്ചിരി കണ്ടവൾ അമ്പരന്നു. പ്രേമിക്കാനായി അച്ഛന്റെ സമ്മതം വാങ്ങുന്ന മോൾ നീ മാത്രമേ കാണുള്ളൂ. എന്ത് പറ്റി ഇപ്പോഴിങ്ങനെ തോന്നാൻ.
അറിയില്ലച്ഛാ.. അവന്റെ കൂടെ ഞാൻ സന്തോഷമായിരിക്കും. അവന്റെ കെയർ ഞാനറിഞ്ഞിട്ടുള്ളതാ. ഞാൻ മിണ്ടാതിരുന്നിട്ടുകൂടി ഞാനറിയാതെ എന്റെ പിന്നാലെ അവനുണ്ടായിരുന്നു. അച്ഛൻ പറഞ്ഞതുപോലെ ഞാൻ പഠനത്തിൽ ശ്രദ്ധിച്ചു കൊള്ളാം. പഠനം കഴിഞ്ഞാലും ജോലി നേടിയാലും എനിക്കവനോടുള്ള ഇഷ്ടം കൂടുമെന്നല്ലാതെ കുറയില്ലച്ഛാ.. ആത്മവിശ്വാസത്തോടെ ദൃഢതയോടെയവൾ പറഞ്ഞു നിർത്തി.
മോളെടുക്കുന്ന തീരുമാനം തെറ്റില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇരുപത് വയസ്സാകാറായി നിനക്ക്. നീയാണ് ജീവിക്കേണ്ടത്. പ്രണയം തോന്നുമ്പോൾ അച്ഛനോട് തുറന്നു പറയണമെന്ന് ആവശ്യപ്പെട്ടത് മോളോടുള്ള വിശ്വാസം കൊണ്ടാണ്. അത് മോൾ പാലിച്ചിട്ടുമുണ്ട്. എന്റെ മോളെയോർത്ത് അച്ഛന് അഭിമാനമേയുള്ളൂ. ആരുഷിനെ അച്ഛനറിയാം. നല്ല പയ്യനാണ് നല്ല സ്വഭാവവുമാണ്. അതനുസരിച്ച് അവന്റെ വീട്ടുകാരും നല്ലവരായിരിക്കും. എന്നാലും പെൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ അന്വേഷിക്കണമല്ലോ. പ്രായത്തിന്റേതായ മറ്റു കുരുത്തക്കേടുകൾ അച്ഛന്റെ മോൾ കാണിക്കില്ലെന്ന് അച്ഛൻ വിശ്വസിച്ചോട്ടെ.
ഉവ്വച്ഛാ.. അവൾ പറഞ്ഞു .
റൂമിലേക്ക് കയറി ഫോണിൽ നിന്നും ആരുഷിന്റെ ഫോട്ടോയെടുത്തവൾ നോക്കി. ഇഷ്ടമാടാ എനിക്ക് നിന്നെ. ആരുഷിന്റെ പ്രണയമാകാൻ നിന്റെ പാതിയാകാൻ വേദികയ്ക്ക് സമ്മതമാണ്. മോനെന്നെ കുറേ നാൾ മനസ്സിലിട്ട് നടന്നില്ലേ ആരോടും പറയാതെ. ഒളിപ്പിച്ചു വച്ച മുഴുവൻ പ്രണയവും എനിക്ക് വേണം. നിന്നിലൂടെ ജീവിക്കണമെനിക്ക്. നിന്റെ ശ്വാസമായ്.. നിന്റെ പ്രണയമായ്.. നിന്റെ സുഹൃത്തായ്.. നിന്റെ പാതിയായ്..
പ്രോഗ്രാം ഡേ….
പലരും പ്രോഗ്രാമിനായുള്ള ഒരുക്കത്തിലാണ്. വേദിക പിന്നെ പ്രോഗ്രാം എന്ന് കേട്ടാൽ ആ ഏരിയയിൽ ചെല്ലാറില്ല. ആരുഷ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ. മുനീറും അവന്റെ കൂടെയുണ്ട്. സിയയും ദിയയും വേദികയും സാരിയാണ് വേഷം. ഓറഞ്ച് കളർ സാരിയും പച്ച കളർ ഡിസൈനർ ബ്ലൗസുമാണ് ദിയയുടെ വേഷം. മുടി അഴിച്ചിട്ടിട്ടുണ്ട്. കാതിൽ കല്ലുപതിച്ച കമ്മൽ. എന്നത്തേതിൽ നിന്നും സുന്ദരിയായിയുന്നു ദിയ അന്ന്. റാണി പിങ്ക് നിറത്തിലെ സാരിയും പീക്കോക്ക് ബ്ലൂ കളർ ത്രീ ഫോർത്ത് സ്ലീവ് ബ്ലൗസുമായിരുന്നു സിയ. തലയിൽ മനോഹരമായി മഫ്ത ഇട്ടിരുന്നു.
ഡാർക്ക് മെറൂൺ നിറത്തിലെ സാരിയും ഡാർക്ക് ലാവെൻഡർ കളർ ബ്ലൗസുമായിരുന്നു വേദു. മുടി അഴിച്ചിട്ടിരുന്നു. കല്ല് പതിച്ച വലിയ ജിമിക്കി കാതിൽ ഇളകിയാടി. മിഴികൾ കൂടുതൽ കറുപ്പിച്ചിരുന്നു. ഇളം റോസ് നിറമുള്ള അധരം ലിപ് ഗ്ലോസിനാൽ ഒന്നുകൂടി തിളങ്ങി. കല്ല് പതിച്ച പൊട്ടിനോടൊപ്പം ചുവന്ന മൂക്കുത്തി വെട്ടിത്തിളങ്ങി. ചാരനിറത്തിലെ മിഴികൾ പ്രണയത്താൽ തിളങ്ങി.
ഫോൺ എടുത്തിട്ട് തിരിഞ്ഞപ്പോഴാണ് തന്നെ നോക്കിനിൽക്കുന്ന ഋതിക്കിനെ ദിയ കണ്ടത്. കണ്ണുകൾ കൊണ്ട് എന്താണെന്ന് ചോദിച്ചപ്പോഴേക്കും അവൻ അവൾക്കടുത്തേക്ക് നീങ്ങി വന്നു. അൽപ്പമൊന്ന് ഭയന്നെങ്കിലും അവിടുന്ന് അനങ്ങിയില്ല ദിയ. യു ലുക്ക് ഗോർജിയസ് ദിയു.. ഋതിക് അവളുടെ ചെവിയോരത്ത് പറഞ്ഞു. അത്ഭുതത്തോടെ ദിയ തിരിയും മുൻപേ അവളുടെ കവിളിൽ അധരം പതിപ്പിച്ചിരുന്നു ഋതിക്.
ഋതിക്കിന്റെ ജീവിതത്തിൽ എന്റെ ശ്വാസം നിലയ്ക്കും വരേയ്ക്കും എന്റെ പെണ്ണായ് എന്റെ പ്രണയമായ് കടന്നു വരുമോ. വിൽ യു മാരി മീ ദിയു.. കിളിപോയി നിന്ന അവളുടെ മുന്നിലേക്ക് മുട്ടുകുത്തിയിരുന്നുകൊണ്ട് കല്ല് പതിച്ച മോതിരം നീട്ടിയതിനോടൊപ്പം ഋതിക് ചോദിച്ചു.
കൈയടിയുടെ ശബ്ദമാണ് അവളെ ഞെട്ടലിൽ നിന്നും മുക്തയാക്കിയത്. ഋതിക്കിന്റെ ഫ്രണ്ട്സും ക്ലാസ്സിലെ കുറേ കുട്ടികളുമുണ്ട്.എല്ലാത്തിനും മുൻപിൽ വേദുവും സിയയും ആരുഷും മുനീറും.വേദിക നിറഞ്ഞ സന്തോഷത്തിൽ കൈയടിക്കുകയാണ്. എന്ത് പറയണമെന്നറിയില്ല തൊണ്ടയെല്ലാം വറ്റിവരണ്ടപോലെ. കൈ മാത്രം നീട്ടിക്കൊടുക്കുമ്പോൾ സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മോതിരമണിയിച്ച് ദിയയെ ചേർത്തു പിടിച്ചു ഋതിക്.
താങ്ക്യു ഏട്ടാ.. വേദു ഓടിവന്നവനെ ചുറ്റിപ്പിടിച്ചു. വേദികയെ ചേർത്ത് പിടിക്കുമ്പോൾ ഋതിക്കിന്റെ കണ്ണുകളിൽ തെളിഞ്ഞ വികാരം ദിയ വ്യക്തമായി കണ്ടു. വാത്സല്യം അനുജത്തിയോടുള്ള വാത്സല്യം. എങ്ങനുണ്ടെടീ സർപ്രൈസ് വേദിക ചോദിച്ചപ്പോൾ ദിയ അവളെ ചുറ്റിപ്പിടിച്ചു.
അവരെ അവരുടേതായ ലോകത്ത് ആക്കിയശേഷം എല്ലാവരും പുറത്തിറങ്ങി. ആരുഷ് വേദുവിനെ അപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത്. ആദ്യമായാണവളെ സാരിയിൽ കാണുന്നത്. പാറിക്കിടക്കുന്ന മുടിയിഴകളാണവളെ കൂടുതൽ സുന്ദരിയാക്കുന്നത്. തന്നെത്തന്നെ നോക്കിനിൽക്കുന്ന ആരുഷിനെ കണ്ട് വേദുവിന്റെ മിഴികളിൽ നാണപ്പൂക്കൾ വിരിഞ്ഞു. എന്നാലത് പ്രകടിപ്പിക്കാത്തവൾ മുന്നോട്ട് നടന്നു.
മുന്നോട്ട് പോയവളെ ഇടുപ്പിലൂടെ കൈചുറ്റിയവൻ തന്നോട് ചേർത്തുനിർത്തി. പ്രതീക്ഷിച്ചതുപോലെ വേദിക അടങ്ങി നിന്നു. ദിയയെയും അവളുടെ പ്രണയത്തിന്റെയും ഒന്നിപ്പിച്ച നിനക്ക് എന്റെ പ്രണയത്തിനെ എന്നിലേൽപ്പിച്ചുകൂടെ.. അവന്റെ വാക്കുകൾക്ക് മുൻപിൽ മിഴികളുയർത്തി അവനെ ഉറ്റുനോക്കിയവൾ. അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ ചൂടേറ്റ് നിൽക്കുന്ന കുഞ്ഞിപ്പക്ഷിയെയാണവൾക്ക് ഓർമ വന്നത്. ബലിഷ്ഠമായ കരങ്ങൾ ഇടുപ്പിലമർന്നിട്ടുണ്ട്. ഒന്നുകൂടിയവളെ ചേർത്തുനിർത്തി ആരുഷ് അവളിൽ മിഴികൾ നട്ടു.
തന്നോടുള്ള പ്രണയം നിറഞ്ഞൊഴുകുന്ന ചാരമിഴികളിലൂടവൻ സഞ്ചരിച്ചു. മൂക്കിൻതുമ്പിലെ മുക്കുത്തിയിൽ തട്ടി അധരങ്ങളിൽ പതിഞ്ഞു. പിടച്ചിലോടവൾ വേണ്ടെന്ന് തലയാട്ടി. അവൻ പതിയെ തല താഴ്ത്തിയതും ചുടുനിശ്വാസമേറ്റവൾ കണ്ണുകൾ ഇറുകെയടച്ചു. മൃദുലമായവളുടെ താടിച്ചുഴിയിൽ പല്ലുകളമർത്തി. വിറവലോടെയവൾ ഉയർന്നു പൊങ്ങി.
അത്രമേൽ ആഴത്തിൽ ഞാൻ നിന്നെ പ്രണയിക്കുന്നു..തീവ്രമായി ആഗ്രഹിക്കുന്നു വേദൂ നീയെന്റെ കൂടെയുണ്ടാകാൻ. വിട്ടുപോകാൻ കഴിയില്ല നിനക്ക് എന്നിൽനിന്നും.. മോചനമില്ല പെണ്ണേ എന്നിൽനിന്ന്.. എന്റെ പ്രണയത്തിൽനിന്ന്. അറിയാതിരിക്കാൻ കഴിയില്ല നിനക്കെന്റെ പ്രണയം. നിസ്വാർത്ഥമാണത്. ആരുഷിന്റെ പെണ്ണ്. എന്റെ മാത്രം പെണ്ണ്.. അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് പറഞ്ഞുകൊണ്ട് കവിളുകളിലൊന്ന് വലിച്ചു കൊണ്ടവൻ കണ്ണിറുക്കിക്കൊണ്ട് നടന്നുപോയി.
തുടരും….