എന്ന് പ്രണയത്തോടെ ~ ഭാഗം 06 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പിറ്റേന്ന് കോളേജിൽ ആദ്യമെത്തിയത് ദിയയായിരുന്നു. ചെമ്പകത്തിന്റെ ചുവട്ടിൽ അവൾ വേദുവിനായി കാത്തിരുന്നു. പല പ്രാവശ്യം വിളിച്ചിരുന്നെങ്കിലും വേദിക ഫോൺ എടുത്തിരുന്നില്ല. എല്ലാം കൊണ്ടും ധർമ്മസങ്കടത്തിലായിരുന്നു ദിയ. കവിളിലെ നനച്ച കണ്ണുനീർ അവൾ വലംകൈയാൽ തുടച്ചു മാറ്റി.

ഹലോ.. ദിയക്കൊച്ച് ഒറ്റയ്ക്കാണോ. കൂടെയുള്ള വാലുകളെയൊന്നും കണ്ടില്ലല്ലോ.. ഋതിക്കിന്റെ ശബ്ദം കേട്ടവൾ തിരിഞ്ഞുനോക്കി.

ആഹാ കരയുകയായിരുന്നോ.? നിനക്കും നിന്റെ കൂട്ടുകാരിക്കും ഇതിനുമാത്രം കണ്ണുനീർ എവിടെയാടോ ഇരിക്കുന്നത്.. കളിയായവൻ ചോദിച്ചു.

അല്ല ഇയാളിപ്പോൾ എന്തറിയാനാ ഇങ്ങോട്ട് വന്നത് എന്റെ കണ്ണുനീരിന്റെ ഉറവിടം തിരക്കാനോ ചുണ്ട് കൂർപ്പിച്ചുകൊണ്ട് ദിയ ചൊടിച്ചു.

ആരുഷിന്റെ ഇഷ്ടം അവൻ പറഞ്ഞു. വേദികയ്ക്ക് ഇഷ്ടമാണോ എന്നറിയേണ്ടേ ഇനി.. ഋതിക് ചോദിച്ചു.

അതെന്താ.. വേദികയ്ക്ക് ഇഷ്ടമില്ലെന്നുണ്ടോ. അതോ ഞങ്ങളെക്കാൾ അത് നിങ്ങൾക്കറിയാമോ ദിയ കത്തിക്കയറി.

അടങ്ങ് പെണ്ണേ.. അല്ല നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ കുസൃതിയോടെയവൻ ചോദിച്ചു.

ഉണ്ടെങ്കിൽ ദിയ മറുചോദ്യമെറിഞ്ഞു. കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം ഏതെങ്കിലും കാക്ക കൊത്തുന്നതിന് മുൻപ് പറഞ്ഞാൽ കൊള്ളാം ഇല്ലെങ്കിൽ കൈവിട്ട് പോകുമേ കണ്ണിറുക്കിക്കൊണ്ടവൻ പറഞ്ഞിട്ട് നടന്നകലുമ്പോൾ പതറി നിൽക്കുകയായിരുന്നു ദിയ.

ദിയ ആദ്യമായ് പൂർണ്ണമായ പ്രണയത്തോടെ മനസ്സിൽ സ്ഥാനം കൊടുത്തോരാൾക്കേയുള്ളൂ. ഋതിക്കിന്.. ഋതിക്കിന് മാത്രം. പലപ്രാവശ്യം കൂട്ടുകാരോട് തുറന്ന് പറയണമെന്ന് വിചാരിച്ചപ്പോഴും വേദികയോടുള്ള ഋതിക്കിന്റെ സമീപനം അതാണ് പിന്തിരിപ്പിച്ചതും. ഞാൻ തുറന്നു പറഞ്ഞാൽ ആ മനസ്സിൽ ഇടംനേടാൻ എനിക്കായില്ലെങ്കിൽ തകർന്നുപോകും ദിയ.. വേദന കലർന്നൊരു പുഞ്ചിരി അവളിൽ വിരിഞ്ഞു.

രണ്ടുദിവസം വേദിക ക്ലാസ്സിൽ വന്നില്ല. ക്ലാസ്സിൽ പലരും പല കഥകളും പറഞ്ഞുണ്ടാക്കി.ദിയയോ സിയയോ മുനീറോ ആരുഷോ അതിന് ചെവി നൽകിയില്ല. അവർ പലപ്രാവശ്യം വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. ആരുഷ് വേദികയോടുള്ള പ്രണയം തന്നോട് പറയാത്തതിൽ ദിയയ്ക്ക് പരിഭവമുണ്ടായിരുന്നുവെങ്കിലും ആരുഷിന്റെ തകർന്ന അവസ്ഥ അവളിൽ വേദന പടർത്തി. തന്നാലാകുംവിധം അവൾ അവനെ സമാധാനിപ്പിച്ചു.

മൂന്നാംനാൾ അവർ എത്തിയപ്പോഴേക്കും വേദിക ക്ലാസ്സിൽ ഉണ്ടായിരുന്നു. എന്നാൽ അവൾ അവരെ അവഗണിക്കുകയാണ് ചെയ്തത്. മുനീറും സിയയുമൊക്കെ സംസാരിച്ചതിന് അവൾ മറുപടി നൽകിയെങ്കിലും അതെല്ലാം യാന്ത്രികമായി അവർക്ക് തോന്നിയതുകൊണ്ട് പിന്നീടവർ മിണ്ടിയില്ല. ആരുഷ് എന്ന വ്യക്തി ഉണ്ടെന്ന് പോലും അവൾ ഭാവിച്ചില്ല. കണ്ണുനീരോടെ ദിയ വന്ന് കെട്ടിപ്പിടിച്ചപ്പോൾ വേദികയും വിതുമ്പിപ്പോയി. എന്നും വിടർത്തിയിടാറുള്ള മുടി അവളിന്ന് ഒതുക്കി കെട്ടിയിരുന്നു. തന്റെ നിർബന്ധത്താലാണ് അവൾ ലെയർ കട്ട്‌ ചെയ്തതെന്ന് അവനോർത്തു.

ഋതിക്കിനോട് അവൾ പതിവിലും നന്നായി ഇടപഴകി. അതുകാണുമ്പോഴൊക്കെ ദിയ വേദനയോടെ മാറി നിന്നിരുന്നു.

ഇതിനിടയിൽ സെമസ്റ്റർ എക്സാം കഴിഞ്ഞു. കൂട്ടുകാർ തമ്മിലുള്ള അകൽച്ച തുടർന്നുപോന്നു. അച്ഛൻ പറഞ്ഞതുപോലെ വേദിക പഠനത്തിൽ ശ്രദ്ധിച്ചു. ആരുഷിനെ കാണുമെങ്കിലും അവൾ അവനിൽ നിന്നും അകന്നു നിന്നു. പലപ്രാവശ്യം സംസാരിക്കാൻ ആരുഷ് ശ്രമിച്ചെങ്കിലും വേദിക അതിൽ താല്പര്യം കാട്ടിയില്ല.

ഇനിയെങ്കിലും നിർത്തിക്കൂടെ ഋതിക്കേട്ടാ ഈ ഒളിച്ചുകളി. ഇഷ്ടമാണെങ്കിൽ അത് നേരിട്ട് തുറന്നു പറയണം. അല്ലാതെ ഇങ്ങനെയിട്ട് കളിപ്പിക്കാതെ. പാവമല്ലേ അവൾ. ഒരുപാട് സ്നേഹിക്കുന്നുണ്ട് ഏട്ടനെ. പരിഭവം കലർത്തി ഫോണിലൂടെ സംസാരിക്കുകയായിരുന്നു വേദിക.

കോളേജിൽ പ്രോഗ്രാം ഉണ്ടല്ലോ അന്നാകട്ടെ. എല്ലാവരുടെയും മുൻപിൽ വച്ചുതന്നെ പ്രൊപ്പോസ് ചെയ്തേക്കാം.നിന്റെയാ പിടക്കോഴിയെ പോരേ. അത്രയ്ക്ക് ഇഷ്ടമാടീ എനിക്ക് മറുവശത്തു നിന്നും ഋതിക് പറഞ്ഞതുകേട്ട് വേദികയിൽ പുഞ്ചിരി വിടർന്നു.

ഫോൺ വച്ചു തിരിഞ്ഞതും വ്യാസ് നിൽപ്പുണ്ടായിരുന്നു. എന്താടാ പുരികം ചുളിച്ചവൾ ചോദിച്ചു.

എന്നെ ആഗ്നേയയെ വച്ച് കളിയാക്കിയിട്ട് നീയിപ്പോൾ അവളുടെ അങ്കിളിനെ തന്നെ വളച്ചെടുത്തല്ലേടീ. ഞാൻ അമ്മയോട് പറയും. അമ്മേ… വ്യാസ് വാതിൽ കടക്കുംമുമ്പുതന്നെ വേദിക അവനെ പിടിച്ചിരുന്നു.

ദേ.. ചെക്കാ അനാവശ്യം പറഞ്ഞാലുണ്ടല്ലോ നിന്റെ ഉണ്ടക്കണ്ണ് രണ്ടും ഞാൻ കുത്തിപ്പൊട്ടിക്കും വിരലുനീട്ടി അവൾ പറഞ്ഞു.

ഹീ.. ഞാൻ ചുമ്മാ പറഞ്ഞതാടീ ചേച്ചീ. ഞാനൊരു പൂവ് പൊട്ടിച്ചോട്ടെ ആ മഞ്ഞപ്പൂവ്.

മ്മ്ഹ്.. ശരി ശരി… ലാസ്റ്റ് പ്രാവശ്യമാണേ. അവൾ പറഞ്ഞതും വ്യാസൂട്ടൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചിട്ടിറങ്ങിയോടി. അവൻ പോകുന്നതും നോക്കി പുഞ്ചിരിയോടവൾ ഇരുന്നു.

കോളേജിൽ വച്ച് നവീനെ പലപ്പോഴും കണ്ടെങ്കിലും അവനവളെ നോക്കിക്കൊണ്ട് കടന്നുപോകുമായിരുന്നു. അവൻ വീണ്ടും പ്രശ്നമുണ്ടാക്കുമെന്ന് ഭയന്നെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. അതവളിൽ ആശ്വാസമുണ്ടാക്കി.

ആരുഷിനോട് മിണ്ടാതിരിക്കുന്നതിൽ വേദികയ്ക്ക് വിമ്മിഷ്ടം ഉണ്ടായിരുന്നുവെങ്കിലും അവൻ എല്ലാവരുടെയും മുൻപിൽ വച്ച് പെട്ടെന്ന് തുറന്നു പറഞ്ഞതും അവളറിയാതെ അവളെ മനസ്സിൽ കൊണ്ട് നടന്നതുമൊക്കെ ഉയർത്തിക്കാട്ടി സ്വന്തം മനസ്സിനെ അടക്കി നിർത്തി. തന്റെ കണ്മുൻപിൽ വേദിക ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു എന്നാൽ ആരുഷിനുണ്ടായിരുന്നത്.

തണൽ മരത്തിന്റെ കാറ്റേറ്റ് അതിന്റെ ചുവട്ടിൽ ഇരിക്കുമ്പോഴാണ് ഋതിക് ആ ചോദ്യമെറിഞ്ഞത്.ശരിക്കും ആരുഷിനോട് നിനക്ക് ദേഷ്യമുണ്ടോ.? അവളിൽ നിന്നും മറുപടി വരാത്തതിനാൽ അവനവളെ തല ചരിച്ച് നോക്കി. ഗ്രൗണ്ടിൽ മുനീറിനോടും സിയയോടും ദിയയോടുമൊപ്പം ഇരിക്കുന്ന ആരുഷിലായിരുന്നു അവളുടെ മിഴികൾ തങ്ങിനിന്നത്.

ഹലോ വേദമോളേ.. ഇരുചുമലിലും കുലുക്കി അവനവളെ വിളിച്ചു. ങ്‌ഹേ.. അവൾ വെട്ടിത്തിരിഞ്ഞു.

നോക്കി വെള്ളമിറക്കുകയാണോ കുസൃതിയോടവൻ ചോദിച്ചു.

അയ്യേ.. നോക്കിയാലും മതി. വലിയ ഹീറോ ആണെന്നാ അവന്റെ വിചാരം ചുണ്ട് കോട്ടിയവൾ പറഞ്ഞു.

അതേല്ലോ ഹീറോ തന്നെയാ. നിന്നെ ആർക്കും വിട്ടുകൊടുക്കാതെ അവനിൽ ചേർത്തുവച്ചിരിക്കുവല്ലേ. നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുകയല്ലേ അവന്റെ പെണ്ണിനെ. ഋതിക് പറഞ്ഞുനിർത്തി. അധരങ്ങളിൽ തെളിഞ്ഞ പുഞ്ചിരി സമർത്ഥമായി മറച്ചുപിടിച്ചവൾ അവനെ നോക്കി പൊട്ടിച്ചിരിച്ചു.

ഋതിക്കിന്റെയും വേദികയുടെയും ചേർന്നുള്ള നിൽപ്പും ചിരിയും ആരുഷിന്റെയും ദിയയുടെയും കണ്ണ് നനയിച്ചു.

അമ്മയോടും അച്ഛനോടും കുറുമ്പും കാട്ടി വ്യാസൂട്ടനോട് തല്ലുപിടിച്ചശേഷം മുറിയിൽ കയറി. ഉറക്കം വരാതെ ബാൽക്കണിയിലെ ഊഞ്ഞാലിൽ കിടന്നു.

ശരിക്കും ആരുഷിനോട് വെറുപ്പാണോ അവൾ തന്റെ മനസാക്ഷിയോട് ചോദിച്ചു.
ക്ലാസ്സിൽ വന്നയുടൻ ഇങ്ങോട്ട് വന്ന് മിണ്ടിയതാണവൻ. മുനീറും സിയയും ദിയയും എല്ലാമുണ്ടെങ്കിലും കൂടുതൽ അടുപ്പം അവനോടായിരുന്നു. എന്തിനും ആരുഷിനെയാണ് വിളിക്കുക. പിറകെ വാലുപോലെ ഉള്ളത് ദിയയാണ്. മുനീറും സിയയും അവരുടെ ലോകത്തായിരിക്കും. ആബ്സന്റ് ആയ ദിവസത്തെ നോട്ടെഴുതാൻ അവന്റെ ബുക്ക്‌ വാങ്ങിയപ്പോഴാണ് അതിൽ നിന്നും ഗ്രീറ്റിംഗ്‌സ് തറയിൽ വീണത്. വാലന്റൈൻസ് ഡേ സ്പെഷ്യൽ ഗ്രീറ്റിംഗ്‌സ് ആയിരുന്നു അത്. വാലന്റൈൻസ് ഡേ കഴിഞ്ഞ് രണ്ടുദിവസമായിട്ടും അവനത് കൊടുത്തിരുന്നില്ല. ആരാടാ ആ പെണ്ണ് എന്ന ഗൗരവത്തോടെയുള്ള ചോദ്യത്തിൽ പതറിയ ആരുഷിന്റെ മുഖം തെളിഞ്ഞുവന്നു.

ഒടുവിൽ പറഞ്ഞു അവളറിയാതെ അവളെ സ്നേഹിക്കുന്നതിനെപ്പറ്റി. പേര് പോലും പറഞ്ഞില്ല.സമയമാകട്ടെ എന്ന് മാത്രം പറഞ്ഞു.അവന്റെ കെയർ കണ്ട് പലപ്പോഴും വിചാരിച്ചിട്ടുണ്ട് ആ പെൺകുട്ടി എത്ര ഭാഗ്യവതിയാണെന്ന്. അന്ന് അവന്റെ മടിയിൽ വീണപ്പോൾ അവന്റെ മിഴികളിൽ കത്തിനിന്നത് പ്രണയമാണെന്ന് മനസ്സിലാക്കിയത് അന്നവൻ നെഞ്ചോട് ചേർത്ത് ചുറ്റും കൂടി നിന്നവരോട് പറഞ്ഞപ്പോഴായിരുന്നു.

എന്ത് കൊണ്ടായിരുന്നു അന്ന് പൊട്ടിത്തെറിച്ചത്. അവൻ തന്റെ വിശ്വാസം തകർത്തെന്ന ധാരണ കൊണ്ട്. കൂടെ നിന്നപ്പോൾ ഒരു ഫ്രണ്ട് എന്നതിനപ്പുറം അവൻ ഇടപെട്ടിട്ടില്ല. ഒരു നോട്ടം കൊണ്ടുപോലും തെറ്റായി നോക്കിയിട്ടില്ല.
അന്ന് പഠനം കഴിഞ്ഞ് ജോലിയാകുമ്പോൾ അവന്റെ ഇഷ്ടം മാഞ്ഞുപോകുമെന്ന് അച്ഛൻ പറഞ്ഞപ്പോൾ തന്റെ ഉള്ള് പിടഞ്ഞത് എന്ത് കൊണ്ടാണ്. അവന്റെ കെയർ എന്നും വേണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലേ. സൗഹൃദം എന്ന അതിർവരമ്പ് തീർത്തതും താനല്ലേ. ഏയ്‌ അവനെന്റെ നല്ല സുഹൃത്ത് തന്നെയാ. അതുമതി.

അന്ന് അവളുടെ ചുണ്ടിൽ ആരുഷിനായി പുഞ്ചിരി തെളിഞ്ഞു. ഉറക്കം മിഴികളെ തഴുകുമ്പോഴും ആരുഷിന്റെ പുഞ്ചിരിക്കുന്ന മുഖം കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു. തന്റെയുള്ളിൽ ആരുഷ് പാകിയ പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടിയതറിയാതെ പ്രണയമെന്ന വികാരം തന്നിൽ ആരുഷ് എന്ന പേരിനാൽ കൂട്ടിച്ചേർത്തുവെന്നതിയാതെ അവൾ നിദ്രയെ പുൽകി.

അതേ സമയം ആരുഷും ബാൽക്കണിയിലായിരുന്നു. നീ അകന്ന് നിൽക്കുമ്പോൾ എന്ത് വേദനയാണെന്നറിയാമോടീ. എന്റെ മുൻപിലുണ്ടായിരുന്നിട്ടും എനിക്ക് നേരെ മുഖം തിരിക്കുമ്പോൾ പൊട്ടുകയാ പെണ്ണേ എന്റെ നെഞ്ച്. എന്റെ പ്രണയം അത് നീയാണെന്ന് നിനക്കറിയാം പക്ഷേ എന്നിട്ടും നീ എന്നിൽ വന്ന് ചേരുന്നില്ലല്ലോടീ. ഋതിക്കിനോട് നീ ഇടപെടുമ്പോൾ വേദനയാ തോന്നുന്നത് അത് സങ്കടം കൊണ്ടാണെടീ. ആരുഷ് എന്ന് പറഞ്ഞ് എന്റെ കൂടെ നിന്നവൾ ആ സുഹൃത്ത് സ്ഥാനം പോലും എനിക്ക് നഷ്ടമാക്കിയല്ലോ എന്നോർത്ത്. ഫോണിലെ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന വേദുവിന്റെ താടിച്ചുഴിയിൽ തലോടിയവൻ പറഞ്ഞു നിർത്തി. അപ്പോഴും കണ്ണുനീർ സൈഡിലൂടെ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *