എന്ന് പ്രണയത്തോടെ ~ ഭാഗം 08 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..

പ്രോഗ്രാമിന്റെ തിരക്കുകൾക്കിടയിലും ആരുഷിന്റെ കണ്ണുകൾ ഹാളിൽ നിൽക്കുന്ന വേദുവിൽ പതിച്ചു കൊണ്ടേയിരുന്നു. അല്ലെങ്കിൽ പ്രോഗ്രാം എന്ന് കേട്ടാൽ ഹാളിന്റെ ഏഴയലത്ത് വരാത്തവൾ ഇന്ന് ദിയയോടൊപ്പം കിടന്നു കറങ്ങുന്നുണ്ട്. തന്നെ കാണാനാണെന്ന പൂർണ്ണവിശ്വാസം അവനുണ്ടായിരുന്നു.

വേദികയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഓരോ നിമിഷവും അവളുടെ മനസ്സ് ആരുഷിനെക്കാണാൻ തുടിച്ചു കൊണ്ടേയിരുന്നു. അടക്കി വയ്ക്കാൻ എത്രകണ്ട് ശ്രമിച്ചിട്ടും അനുസരണയില്ലാതെ മിഴികൾ അവന്റെ മിഴികളുമായി കൊരുക്കുന്നുണ്ട്. പിടച്ചിലോടെ മിഴികൾ വെട്ടിക്കുമ്പോൾ രണ്ടു പേരുടെയും ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു.

ദിയയെ കണ്ട ഋതിക് അവിടേക്ക് വന്നു. അവരുടെ പ്രണയസല്ലാപങ്ങൾക്കിടയിൽ താനൊരു കട്ടുറുമ്പാകേണ്ടെന്ന തോന്നലിൽ ആരുഷിനെയൊന്ന് നോക്കിക്കൊണ്ട് വേദിക പ്രോഗ്രാം ഹാളിൽ നിന്നും പുറത്തേക്കിറങ്ങി. കുട്ടികളിൽ മിക്കവരും ഹാളിലും ഗ്രൗണ്ടിലുമായി തിരക്കിലാണ്. ക്ലാസ്റൂമുകളെല്ലാം വിജനമാണ്. മേക്കപ്പ് റൂമിൽ പ്രോഗ്രാമിനുള്ളവരും അവരുടെ കൂട്ടുകാരും ഉണ്ട്. ടീച്ചേർസ് എല്ലാവരും മേക്കപ്പ് റൂമിലും ഹാളിലുമുണ്ട്.

എല്ലാം നോക്കിക്കൊണ്ട് ചുമരിൽ വിരലോടിച്ചുകൊണ്ട് വേദിക നടന്നു. രണ്ട് വർഷമാകുന്നു ഈ കോളേജിലേക്ക് വന്നിട്ട്.. ഒരുപാട് ഓർമകളുണ്ട്. സൗഹൃദത്തിന്റെ.. സാഹോദര്യത്തിന്റെ.. പ്രണയത്തിന്റെ അങ്ങനെയൊരുപാട്.. പെട്ടെന്നവളുടെ മനസ്സിൽ ആരുഷിന്റെ മുഖം തെളിഞ്ഞു.

ആലോചിച്ച് നടന്നുനടന്ന് ഒരുപാടെത്തിയെന്ന് കണ്ടവൾ തലയ്ക്ക് കൊട്ടി. പോകാനായി തിരിഞ്ഞപ്പോൾ കണ്ടു തനിക്ക് പിന്നിലായി തന്നെത്തന്നെ നോക്കിനിൽക്കുന്നനവീനെയാണ്. മുഖത്ത് തെളിഞ്ഞ പതർച്ച മറച്ചുകൊണ്ടവൾ അവനെ കടന്നുപോകാനൊരുങ്ങി.

വേദിക പ്ലീസ്.. അവൾക്ക് മുൻപിൽ നിന്ന് അവളെ തടഞ്ഞുകൊണ്ടവൻ പറഞ്ഞു.
നവീൻ മാറിക്കേ.. എനിക്ക് പോകണം. ധൃതിയിൽ പറഞ്ഞുകൊണ്ട് മുന്നോട്ട് പോകാൻ നിന്നവളെ വീണ്ടുമവൻ തടഞ്ഞു.

അത്രയ്ക്കിഷ്ടമായത് കൊണ്ടാടോ ഞാനിങ്ങനെ തന്റെ പിന്നാലെ വരുന്നത്. ഒരുപാടിഷ്ടപ്പെട്ടുപോയി തന്നെ. ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്കറിയില്ല എങ്ങനെ പറയണമെന്ന് അത്രയ്ക്കിഷ്ടമാ എനിക്ക് തന്നെ.

എന്നെ ഇഷ്ടപ്പെടേണ്ടെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ എനിക്കിഷ്ടമല്ല നിങ്ങളെ. എനിക്കിപ്പോൾ പോയേ പറ്റുള്ളൂ അവനെ കടന്നു പോകാനൊരുങ്ങിയതും അവനവളെ വലിച്ച് ചുവരോട് ചേർത്തു.

ആരുഷിന്റെ ബലത്തിലാണോടീ നീയീ കിടന്ന് തിളയ്ക്കുന്നത്. ഇഷ്ടമാണെന്നുള്ളത് കൊണ്ടാണ് നിന്റെ പിറകെ വന്നത്. അപ്പോൾ നിനക്ക് അഹങ്കാരം. എന്നെ വേണ്ടെന്ന് വയ്ക്കാൻ മാത്രം എന്ത് കുറവാടീ എനിക്കുള്ളത്. ചീറിക്കൊണ്ട് നവീൻ ചോദിച്ചു. എനിക്കറിയാം തന്നെപ്പറ്റി. പലപ്രാവശ്യം കണ്ടിട്ടുണ്ട് ഓരോ പെൺകുട്ടികളുടെ കൂടെ. തന്നെപ്പറ്റി നല്ല അഭിപ്രായം ആർക്കുമില്ല. ഒരിക്കൽ ഞാൻ നേരിട്ട് കണ്ടതാ മറ്റൊരു പെൺകുട്ടിയുമായി താൻ.. ഛെ.. വെറുപ്പോടെയവൾ തലവെട്ടിച്ചു.

ഓഹ്.. അപ്പോൾ മോൾക്കെന്നെപ്പറ്റി എല്ലാമറിയാം അല്ലേ. കഷ്ടപ്പെട്ട് ക്ലീൻ ആൻഡ് ക്ലിയർ ഇമേജ് ഉണ്ടാക്കി നടന്നതാ നിന്നെയും ബാക്കിയുള്ളവരെയും ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാനായി. ഇനിയതിന്റെ ആവശ്യമില്ലല്ലോ. എന്നെപ്പറ്റി എല്ലാമറിയുന്ന നീ തന്നെ മതി എനിക്കിനി അങ്ങോട്ട്. കൂടെ കൊണ്ട് നടക്കാൻ മാത്രമല്ല കേട്ടോ ജീവിതകാലം മുഴുവൻ വേണമെന്റെ കൂടെ നീ..കുടിലതയോടവൻ പറഞ്ഞു നിർത്തി.

ഹ്മ്മ്.. നീ പറഞ്ഞില്ലേ ആരുഷിന്റെ ബലത്തിലാണോ നെഗളിക്കുന്നതെന്ന്. അതേടാ ആ ബലത്തിൽ തന്നെ പറയുവാ നീയെന്നെ ഒന്നും ചെയ്യില്ല. വേദികയുടെ മനസ്സിൽ ഒരാൾക്കേ സ്ഥാനമുള്ളൂ ആരുഷിന് മാത്രം. ഞാൻ ഏത്ര അകന്നു നിന്നാലും എന്നെയും എന്റെ മനസ്സിനെയും മനസ്സിലാക്കാൻ അവനേ കഴിയൂ. നിന്നെപ്പോലുള്ള വൃത്തികെട്ടവന്മാരോട് ഇതൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല. വെറുപ്പോടെയവൾ മുഖം വെട്ടിച്ചു.

അതുകണ്ട് നവീന് വിറഞ്ഞുകയറി. അതേടീ.. ഞാൻ വൃത്തികെട്ടവൻ തന്നെയാ. ആ വൃത്തികെട്ടവനൊപ്പം ജീവിച്ചാൽ മതിയിനി നീ. ആരുഷിനെയല്ല നവീനെ മോഹിച്ചാൽ മതി നീ. കേട്ടിട്ടില്ലേ വെടക്കാക്കി തനിക്കാക്കുകയെന്ന്. നീയതേ അർഹിക്കുന്നുള്ളൂ. എന്ന് കരുതി നിന്നെ ഞാൻ തൊടില്ല കേട്ടോ. ഈ കോളേജ് മുഴുവൻ നിന്നെ സംശയിക്കണം ഞാൻ പറയുന്ന കഥകേട്ട്. കുറച്ചുനേരം എന്റെ കൂടെ കഴിഞ്ഞെന്ന് ഞാൻ പറഞ്ഞാൽ നിന്റെ കോലം കണ്ടാൽ എല്ലാവരുമങ്ങ് വിശ്വസിച്ചുകൊള്ളും. അന്ന് നിന്നെ ചേർത്തുപിടിച്ചവൻ പറഞ്ഞില്ലേ അവന്റെ പെണ്ണെന്ന്. അതുകേട്ട് എന്റെ മനസ്സിലുണ്ടായ വേദനയുടെ ഇരട്ടി അവൻ അനുഭവിക്കുമിന്ന്.

പിന്നെ ആരുഷ് പ്രോഗ്രാം തിരക്കിനിടയിൽ അവനവിടെനിന്നും ഇറങ്ങാൻ പോലും പറ്റില്ല. സമയാകുമ്പോൾ എല്ലാവരെയും ഇങ്ങോട്ട് എത്തിച്ചുകൊള്ളും എന്റെ കൂട്ടുകാർ. പറഞ്ഞുകൊണ്ടവൻ ദേഷ്യത്തോടെയവളുടെ കവിളിൽ കുത്തിപ്പിടിച്ചു. ഇരുകൈ കൊണ്ടും അവന്റെ ദേഹത്തടിച്ചു വേദിക. ഫോൺ പോലുമെടുക്കാതെ ആരോടും പറയാതെ ഇങ്ങോട്ടേക്ക് വന്ന നിമിഷത്തെയവൾ ശപിച്ചു.

അവനവളെ വലിച്ച് ക്ലാസ്റൂമിൽ കയറ്റി. വഷളൻ ചിരിയോടെ അടുത്തേക്ക് വന്നയവന്റെ ഇരുകവിളിലും മാറിയടിച്ചു വേദു. കിട്ടിയ അടിക്ക് പകരമായി ആഞ്ഞൊരടി നവീൻ കൊടുത്തതും കറങ്ങി നിലത്തിരുന്നുപോയവൾ. തന്റെ ജീവിതം നശിച്ചുവെന്ന ഓർമയിൽ അവളൊന്ന് തേങ്ങി. തലക്കനത്തിനിടയിലും നിറഞ്ഞ കണ്ണുനീർപ്പാടയിലൂടെ അവൾ കണ്ടു വല്ലാത്തൊരു ചിരിയോടെ ബെഞ്ചിൽ കയറിയിരിക്കുന്ന നവീനെ…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *