മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
എല്ലാവരുടെയും പിറുപിറക്കലുകൾക്കിടയിലും പരിഹാസത്തിനുമിടയിൽ തലകുനിച്ച് നിൽക്കുമ്പോൾ മിഴികൾ മാത്രം വാശിയോടെ നിറഞ്ഞൊഴുകാൻ മത്സരിച്ചു കൊണ്ടിരുന്നു. തലതാഴ്ത്തി കുറ്റവാളിയെപ്പോലെ നവീൻ നിൽക്കുന്നത് കണ്ടവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞതിനോടൊപ്പം മനസ്സിൽ വെറുപ്പ് നിറഞ്ഞുകുമിയുന്നതവൾ അറിഞ്ഞു. ഞാനൊന്നും ചെയ്തിട്ടില്ലെന്ന് പറയാൻ മനസ്സ് മുറവിളി കൂട്ടുന്നുണ്ട്. പക്ഷേ നാവുകൾ ബന്ധനത്തിലായതുപോലെ.
ഇതിനൊക്കെ കോളേജിൽ തന്നെ വരണോ.. ഏതെങ്കിലും വീട്ടിലോ ഹോട്ടലിലോ പോയാൽ പോരേ ആരോ പറയുന്നതവളുടെ കാതിൽ അലയടിച്ചു. ടീച്ചേർസ് ആരൊക്കെയോ ഉറക്കെ വഴക്ക് പറയുന്നു. ഓടിയലച്ചെത്തിയ ദിയയും സിയയും തന്നെ പൊതിഞ്ഞു പിടിച്ചതവൾ കണ്ടു. ആരുഷ് പെട്ടെന്നാണവന്റെ മുഖം ഓർമയിലോടിയെത്തിയത്. പിടപ്പോടെ മിഴികൾ പായിച്ചപ്പോൾ കണ്ടു തൂണിൽ ചാരി തകർന്നടിഞ്ഞ് നിൽക്കുന്നവനെ. തനിക്ക് വേണ്ടി നിറഞ്ഞ അവന്റെ മിഴികളെ. മുനീർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഋതിക്കേട്ടൻ ടീച്ചേഴ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒന്നിലും മനസ്സ് നിൽക്കുന്നില്ല മനസ്സും മിഴികളുമെല്ലാം ഒരേയൊരു മുഖത്താണ് ആരുഷിന്റെ..തന്റെ പ്രണയത്തിന്റെ..ഒന്നുമുരിയാടാനാകാതെ നിൽക്കുന്നവന്റെ. ഇനി അവനും സംശയിച്ചു കാണുമോ. തനിക്ക് വേണ്ടി ഉയർന്നിരുന്ന കൈകൾ ഉയരുന്നില്ല. ആ നെഞ്ചിൽ ചേർന്ന് നവീന്റെ ചതിയെപ്പറ്റി പറയണമെന്നുണ്ട് പക്ഷേ ആരോ ചങ്ങലകളാൽ ബന്ധിച്ചതുപോലെ കൈകാലുകൾ അനങ്ങുന്നില്ലല്ലോ. നിസ്സഹായതയുടെ പടുകുഴിയിൽ.. ചൂടുവെള്ളം ദേഹത്തു വീണതുപോലെ അവൾ അപമാനം കൊണ്ട് ഉരിഞ്ഞുപോയി.
പ്രിൻസിയുടെ മുൻപിൽ തകർന്നിരിക്കുകയാണ് അച്ഛൻ. അമ്മ ഇടയ്ക്കിടെ മൂക്ക് പിഴിയുന്നുണ്ട്. രാവിലെ സന്തോഷത്തോടെ കളിച്ചിറങ്ങിപ്പോയ മകളെ ഒരു പയ്യനോടൊപ്പം ഒരു മുറിയിൽ നിന്നും പിടിച്ചെന്ന് കേട്ടാൽ തകർന്നിരിക്കാനല്ലേ ഏതൊരു രക്ഷാകർത്താവിനുമാകുള്ളൂ. നവീന്റെ അമ്മയുടെ നോട്ടം ഇടയ്ക്കിടെ പാളി വീഴുന്നതറിയുന്നുണ്ട്. അവന്റെ അച്ഛന്റെ ഗൗരവം കലർന്ന സംസാരം മാത്രം മുഴങ്ങി കേൾക്കാം.
ഡിസ്മിസ് ആണ് ഞാൻ തരേണ്ടത്. പക്ഷേ എല്ലാ സെമെസ്റ്ററിലും നല്ല മാർക്ക് വാങ്ങിയത് കൊണ്ടുമാത്രം ഞാനത് ചെയ്യുന്നില്ല. പരീക്ഷ എഴുതാൻ മാത്രം ഇങ്ങോട്ട് വിട്ടാൽ മതി. നല്ല നിലയിൽ പ്രവർത്തിക്കുന്ന കോളേജ് ആണിത്. അതിനൊരു കളങ്കം വരാൻ ഞാനിവിടെ ഉള്ളിടത്തോളം സമ്മതിക്കില്ല.അവസാന വാക്കെന്നോണം പ്രിൻസി പറഞ്ഞുനിർത്തി.
പുറത്ത് കൂടിനിൽക്കുന്ന കുട്ടികൾക്ക് ഇടയിലൂടെ കുറ്റമൊന്നും ചെയ്യാതെ ചീത്ത പെണ്ണെന്ന ലേബലിൽ നടന്നപ്പോൾ മരവിപ്പായിരുന്നു ശരീരത്തിനും മനസ്സിനും. ഋതിക്കേട്ടൻ വന്ന് നെഞ്ചോട് ചേർത്തു. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അടുത്ത് ദിയയുമുണ്ട് കരഞ്ഞുകലങ്ങിയ മിഴികളുമായി. മുനീറിനെയും സിയയെയും കണ്ടില്ല. ആരുഷ് തലകുമ്പിട്ട് നിൽക്കുന്നുണ്ട്. ചേർത്തു പിടിച്ചിരുന്ന അമ്മയുടെ കൈകൾ വിടുവിച്ച് ആരുഷിനടുത്തേക്ക് നടന്നു. തടയാൻ ശ്രമിച്ച അമ്മയെ അച്ഛൻ പിടിച്ചു നിർത്തിയിട്ടുണ്ട്.
തലകുമ്പിട്ട് നിൽക്കുന്നവന്റെ മുൻപിൽ ചെന്ന് നിന്നു. വാശിയൊത്തൊഴുകിയ കണ്ണുനീരിനെ അതിന്റെ വഴിക്ക് വിട്ടു.ഒരുനിമിഷം മൗനം കടന്നുകൂടി. ആരോടും ഒന്നും സ്ഥാപിക്കുന്നില്ല. വിശ്വസിക്കുന്നവർ അതുതന്നെ വിശ്വസിച്ചോട്ടെ. പക്ഷേ വേദിക ഒരാളെയേ പ്രണയിച്ചിട്ടുള്ളൂ. തുറന്നു പറഞ്ഞില്ലെങ്കിലും മൗനമായി അവനോട് മാത്രമേ എന്റെ പ്രണയം പങ്കുവച്ചിട്ടുള്ളൂ. എനിക്കറിയില്ല നിന്റെ മനസ്സിൽ എന്താണെന്ന്. പക്ഷേ ഇനി ആരുഷിന്റെ ജീവിതത്തിൽ വേദിക കടന്നുവരില്ല.എല്ലാവരുടെയും ഭാഷയിലെ വഴിപിഴച്ചുപോയ പെണ്ണിനെ ആരുഷ് മറന്നേക്കണം.
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചുകൊണ്ട് അച്ഛനടുത്തേക്ക് ഓടിയെത്തി. ആ കരങ്ങളിലൊതുങ്ങി കാറിലേക്ക് കയറുമ്പോൾ തിരിഞ്ഞു നോക്കണമെന്ന് തോന്നിയിട്ടും മനസ്സിനെ ശാസിച്ചൊതുക്കി. കണ്ണുകളടച്ച് സീറ്റിലേക്കമർന്നു.
വീട്ടിൽ പോയി റൂമിൽ കയറി കതകടച്ചു. കട്ടിലിലേക്ക് വീണ് അലറിക്കരയുമ്പോഴും ദേഷ്യമായിരുന്നു വിധിയെന്ന രണ്ടക്ഷരത്തോട്. പേടിച്ചെത്തി കതകിൽ ആഞ്ഞടിച്ച അമ്മയെ അച്ഛൻ സമാധാനിപ്പിച്ച് കൊണ്ടുപോയി. മനസ്സ് തണുക്കുന്നതുവരെ അവൾ കരയട്ടെ.. നമുക്കറിയാമല്ലോ നമ്മുടെ മോൾ നിരപരാധിയാണെന്ന്.
ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഹാൾടിക്കറ്റ് വാങ്ങിയതൊക്കെ അച്ഛനായിരുന്നു. കൂട്ടുകാർ കാണാൻ വന്നപ്പോഴും അവരെ കാണേണ്ടെന്ന് പറഞ്ഞ് റൂമിനുള്ളിലിരുന്നു. ഫോൺ എറിഞ്ഞു പൊട്ടിച്ചു. പരീക്ഷാദിവസം കോളേജിൽ കൊണ്ടാക്കിയിട്ട് അച്ഛനും അമ്മയും പുറത്തിരുന്നു. ആരെയും നോക്കാതെ പരീക്ഷയെഴുതി ഇറങ്ങി. എല്ലാവരെയും അവഗണിച്ച് കാറിൽ കയറി.
അവസാനപരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ ആരുഷ് നിൽപ്പുണ്ടായിരുന്നു. ഭാവമാറ്റമില്ലാതെ പുറത്തേക്കിറങ്ങാനൊരുങ്ങിയ എന്റെ മുൻപിൽ അവൻ വന്നുനിന്നു.എനിക്ക് പറയാനുള്ളത് കേൾക്കേണ്ടേ വേദൂ നിനക്ക്. അത്രയ്ക്ക് വെറുത്തോ നീയെന്നെ ഇടറിയ സ്വരത്തിൽ ആരുഷ് ചോദിച്ചു. ഞാനെന്തിനാ നിന്നെ വെറുക്കുന്നത്. എന്റെ സുഹൃത്തിനെ ഞാനെന്തിനാ വെറുക്കുന്നത്. പരീക്ഷകൾ നന്നായെഴുതി കാണുമല്ലോ. എല്ലാവിധ ആശംസകളും. പുഞ്ചിരിയോടെ കൈകൾ പിണച്ചുകെട്ടി പറഞ്ഞപ്പോൾ അവന്റെ മിഴികൾ എന്റെ മുഖത്ത് നട്ടിരുന്നു.
മുൻപത്തെ പിടപ്പപ്പോൾ വന്നില്ല. അതുമാത്രം ആരുഷ് അന്യനായോ സ്വയo അത്ഭുതം തോന്നി. എനിക്കറിയാം വേദൂ നിന്റെ അവസ്ഥ.. എനിക്കറിയാം നീ തെറ്റ് ചെയ്യില്ലെന്നും.. പക്ഷേ അന്ന്.. ആരുഷിനെ പൂർത്തിയാക്കാനനുവദിക്കാതെ കൈകളുയർത്തി തടഞ്ഞു വേദിക. തെററ്റുകാരി അല്ലായിരുന്നിട്ടുകൂടി തെറ്റുകാരിയെന്ന് പറഞ്ഞു മുദ്ര കുത്തിയവളുടെ വേദന നിനക്കറിയാമോ. ചേർത്തുപിടിക്കുമെന്നാശിച്ച കൈകൾ നിസ്സഹായമായി നിൽക്കുമ്പോഴുണ്ടാകുന്ന വേദന നിനക്കറിയാമോ. ഒന്നുമില്ല വേദൂ എന്ന് പറഞ്ഞ് നീയെന്റെ നെഞ്ചോട് ചേർക്കുമെന്ന് അന്നീ പടിയിറങ്ങുമ്പോഴും ഞാൻ പ്രതീക്ഷിച്ചിരുന്നു ആരുഷേ. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു പെണ്ണ് ആഗ്രഹിക്കുന്നതെന്താണെന്ന് നിനക്കറിയാമോ അവളുടെ പ്രിയപ്പെട്ടവന്റെ സാമീപ്യം. അവനെയൊരു ചെറുതലോടൽ പോലും അവൾക്കെന്താശ്വാസം നല്കുമെന്നറിയാമോ നിനക്ക്. നിന്നെ പ്രണയിക്കാൻ.. എന്നും നിന്റെ കൂടെയുണ്ടാകാൻ എന്റെ അച്ഛനിൽനിന്നും സമ്മതം വാങ്ങി വന്നതാ ഞാൻ. പക്ഷേ.. തെറ്റിപ്പോയോ ആരുഷേ എനിക്ക്. അതോ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ എനിക്ക് നിന്നെ. പ്രണയിക്കുന്നെന്ന് തുറന്നു പറഞ്ഞിട്ടില്ലെന്നല്ലേ ഉണ്ടായിരുന്നുള്ളൂ. നിനക്കറിയില്ലായിരുന്നോ നീയാണെന്റെ ജീവനെന്ന്…നീയാണെന്റെ സന്തോഷമെന്ന്.. നീയില്ലാതെ വേദിക ഇല്ലെന്ന്..നിന്നെയാണ് ഞാൻ പ്രതീക്ഷിച്ചതെന്ന്.. വിമ്മിക്കൊണ്ടവൾ അവനെ നോക്കി.
കുനിഞ്ഞു നിൽക്കുന്ന അവന്റെ മുഖത്ത് നോക്കാതെ പിന്തിരിഞ്ഞപ്പോൾ സിയ വന്നു പറഞ്ഞു പ്രിൻസി വിളിക്കുന്നെന്ന്.
കൂസലില്ലാതെ അദ്ദേഹത്തിന്റെ അനുവാദത്തോടെ റൂമിൽ കയറുമ്പോൾ കണ്ടു നവീനെയും കൂട്ടുകാരെയും. റിയലി സോറി വേദിക. സത്യം ഞങ്ങളറിഞ്ഞു. നവീനെ ഡിസ്മിസ് ചെയ്തിട്ടുണ്ട്. തനിക്ക് സംഭവിച്ച അപമാനത്തിന് പകരമാകില്ല ഇതൊന്നും. പ്രിൻസി ചൊറിഞ്ഞ ആശ്വാസവാക്കുകളൊന്നും എന്റെ മനസ്സിലെ മുറിവ് മയക്കുവാനുള്ള ലേപനമൊന്നുമല്ലെങ്കിലും പുഞ്ചിരിയോടെത്തന്നെ കേട്ടുനിന്നു. പ്ലാസ്റ്ററിട്ട കൈയോടെ അവിടവിടെ മുറിവുകളുമായി നിൽക്കുന്ന നവീനടുത്ത് ചെന്ന് ആ കവിളിൽ ആഞ്ഞടിച്ചശേഷം പുറത്തിറങ്ങുമ്പോൾ അന്ന് കൂടി നിന്നവരെല്ലാം ചുറ്റിലുമുണ്ടായിരുന്നു സോറി എന്ന രണ്ടക്ഷരവുമായി.
കൈകെട്ടി നിൽക്കുന്ന ഋതിക്കേട്ടനോട് പുഞ്ചിരിച്ചു….
വേദൂട്ടീ ആരുഷ്.. പറഞ്ഞു പൂർത്തിയാക്കാനനുവദിക്കാതെ പോട്ടെ ഏട്ടാ.. എന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛനും അമ്മയും നിറഞ്ഞ ചിരിയോടെ ചേർത്തു പിടിച്ചിരുന്നു.
പടികളിറങ്ങി താഴേക്ക് നടന്നു തലയുയർത്തി പിടിച്ചുകൊണ്ടുതന്നെ….
തുടരും…