എന്ന് പ്രണയത്തോടെ ~ ഭാഗം 10 ~ എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വേദിക ഒന്ന് നിന്നേ.. നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞിറങ്ങി പോകുവാണോ. അറ്റ്ലീസ്റ്റ് ബാക്കിയുള്ളവർക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കാനുള്ള മനസ്സ് കാണിക്കണം. പാഞ്ഞെത്തിയ ദിയ അവളെ വലിച്ചുനിർത്തി പറഞ്ഞു.

ദിയയുടെ മുഖത്ത് കണ്ട ഭാവം വേദികയ്ക്ക് അന്യമായിരുന്നു. ഇതുവരെ ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല.. വേദൂട്ടീ എന്നല്ലാതെ വിളിച്ചിട്ടില്ലവൾ. അമ്പരപ്പോടെ അവളുടെ മുഖത്തേക്കുറ്റുനോക്കിയപ്പോൾ ദിയ പറഞ്ഞു തുടങ്ങി. നിന്റെ പ്രണയത്തെക്കുറിച്ച് അവനോട് നീ കുറേ ഡയലോഗ് അടിച്ചല്ലേ. അത് പറയാനുള്ള അർഹത നിനക്കുണ്ടോ. നിന്റെ പ്രണയമെന്ന് വിളിച്ചു കൂവിയ നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ അവന്റെ പ്രണയം. നിന്നെ ചേർത്തുപിടിച്ച് എല്ലാവരും കേൾക്കെയല്ലേടീ അവൻ നിന്നോടുള്ള ഇഷ്ടം പറഞ്ഞത്. എന്നിട്ട് നീയെന്താ ചെയ്തത്. അതിന്റെ പേരിൽ കുറേ നാൾ പിണങ്ങി നടന്നു. അപ്പോഴത്തെ അവന്റെ മാനസികാവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ. നീ പറഞ്ഞല്ലോ നിന്നെയൊന്ന് ചേർത്തു പിടിച്ചില്ലെന്ന്.. എല്ലാവരുടെയും മുൻപിൽ തെറ്റുകാരിയായി നിന്നപ്പോഴും നീ തെറ്റുകാരിയല്ലെന്നവൻ പറഞ്ഞില്ലെന്ന്.

ഹും.. നീ തെറ്റ് ചെയ്‌തെന്ന് ആര് പറഞ്ഞാലും എന്തിന് നീ തന്നെ പറഞ്ഞാലും അവൻ വിശ്വസിക്കില്ലെടീ. വിശ്വസിച്ചിട്ടുമില്ല. എന്ത് കൊണ്ടാണവൻ തകർന്നുനിന്നതെന്ന് നിനക്കറിയാമോ. ഒരു പ്രാവശ്യമെങ്കിലും ചോദിച്ചിട്ടുണ്ടോ സ്വന്തം മനഃസാക്ഷിയോടെങ്കിലും നീ. നിനക്കറിയാം അവൻ നിന്നെ സംശയിക്കില്ലെന്ന്. കൈപ്പാടകലെ ഉണ്ടായിരുന്നിട്ടും സ്വന്തം പെണ്ണിനെ അവളുടെ മാനത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന അവന്റെ കുറ്റബോധം. കണ്മുന്നിൽ അല്പസമയം മുൻപും ഉണ്ടായിരുന്നവളെ ചതിയിൽ വീഴ്ത്തിയ അവസ്ഥയിൽ നിസ്സഹായയായി കാണേണ്ടി വന്നപ്പോൾ സ്വയം പുച്ഛിച്ചു നിന്നവനെ നീ കണ്ടോ.
നീ നിരപരാധിയാണെന്ന് പ്രിൻസി പറഞ്ഞപ്പോൾ അഭിമാനത്തോടെ ഇറങ്ങി വന്നല്ലോ നീ. നീ നിരപരാധിയാണെന്ന് പ്രിൻസി എങ്ങനെയറിഞ്ഞെന്ന് നീ ആലോചിച്ചോ.

ദേ.. അവിടെ കൈയും കാലും ഒടിഞ്ഞ അവസ്ഥയിൽ ഒരുത്തൻ നിൽപ്പുണ്ടായിരുന്നല്ലോ. തെറ്റ് ചെയ്തവനുള്ള ശിക്ഷ ദൈവം കൊടുത്തെന്ന് കരുതിയോ നീ.

എന്നാൽ കേട്ടോ.. ദൈവവമല്ല നീ പറയുന്ന നിന്റെ പ്രണയം ആരുഷ് അവനാ അവനെ ഈ അവസ്ഥയിലാക്കിയത്. കഴിഞ്ഞ ഒരു മാസമായി ഹോസ്പിറ്റലിൽ ആയിരുന്നു നവീനെന്ന പുന്നാരമോൻ. ഭ്രാന്തായിരുന്നു ഇവന് നീയെന്ന ഭ്രാന്ത്‌. നിന്റെ മനസ്സ് വേദനിപ്പിച്ചവനെ കൊല്ലാക്കൊല ചെയ്തു. അവന്റെ വായിൽനിന്നും സത്യം പറയിപ്പിച്ചു എല്ലാവരുടെയും മുൻപിൽ വച്ച്. എന്നിട്ടേ നിന്റെ മുൻപിൽ വരൂ എന്നവന് വാശിയായിരുന്നു….

എൻട്രൻസ് കോച്ചിംഗ് കഴിഞ്ഞവൻ എന്തിന് ഇവിടെ ബി കോമിന് വന്നതെന്ന് നമ്മൾ പലപ്രാവശ്യം കളിയാക്കിയിട്ടില്ലേ അവനെ. അതിന് കാരണം നീയാ നീ മാത്രമാ. കൂട്ടുകാരനൊപ്പം അവന്റെ അഡ്മിഷൻ ശരിയാക്കാൻ വന്ന അന്നാ അവൻ നിന്നെക്കണ്ടത്. ആദ്യകാഴ്ചയിൽ ഇഷ്ടപ്പെട്ട നിനക്ക് വേണ്ടിയാ അവൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത പഠനമവൻ തിരഞ്ഞെടുത്തത്.

സൗഹൃദമെന്ന വേലികെട്ടി ആരുഷിനെ അതിലൊളിപ്പിച്ചത് നീയാ. നിന്റെ മനസ്സിനോട് ചോദിക്ക് അവനവന്റെ പ്രണയം പറയും മുൻപേ നീയവനെ സ്നേഹിച്ചിരുന്നോയെന്ന്. ആരുഷിൽ നീ അന്നും ഇന്നും എന്നും കണ്ടതും കാണുന്നതും കേവലമൊരു എന്തും തുറന്നു പറയാവുന്ന സുഹൃത്തിനെ മാത്രമല്ല.. ആയുഷ്കാലം പങ്കുവയ്‌ക്കേണ്ട പ്രണയം.. വാത്സല്യം.. കുറുമ്പും കുസൃതിയും ഇതൊക്കെയാ നീ അവനിൽ പ്രതീക്ഷിച്ചത്.. ഇപ്പോഴും പ്രതീക്ഷിക്കുന്നതും. കിതച്ചുകൊണ്ട് ദിയ പറഞ്ഞു നിർത്തി.

കേട്ട കാര്യങ്ങളുടെ മരവിപ്പിലായിരുന്നു വേദിക. ഇത്രമേൽ അവൻ സ്നേഹിച്ചിരുന്നോ. മുൻപ് അവൻ പറഞ്ഞത് അവളോർത്തു.

“അത്രമേൽ ആഴത്തിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. നിസ്വാർത്ഥമായി.. എന്നിൽ നിന്നുമൊരു മോചനം നിനക്കില്ല പെണ്ണേ “…

വാശിയായിരുന്നു തനിക്ക്.കാര്യങ്ങളൊന്നും ചിന്തിച്ചു പ്രവർത്തിക്കാതെയുള്ള വാശി. അവൻ കൂടെയുള്ള ഓരോ നിമിഷവും സന്തോഷത്തോടെ ഇരുന്നിട്ടുള്ളൂ. അവന് മാത്രമേ സന്തോഷിപ്പിക്കാൻ കഴിയൂ എന്ന് നന്നായറിയാം. എന്നിട്ടും അന്നത്തെ അവന്റെ അവസ്ഥ മനസ്സിലാക്കിയില്ല മനസ്സിലാക്കാൻ തോന്നിയില്ല. അന്നവന്റെ കണ്ണിൽ സംശയമല്ലായിരുന്നു വേദനയായിരുന്നു എന്ന് നിസ്സംശയം പറയാം പക്ഷേ എന്നിട്ടുമവൻ അനങ്ങാതെ നിന്നപ്പോൾ ദേഷ്യവും സങ്കടവും അപമാനവും നിറഞ്ഞ ആ നിമിഷം മറ്റൊന്നും ചിന്തിച്ചില്ല ചിന്തിക്കാൻ ശ്രമിച്ചുമില്ല. ചുവന്നു കലങ്ങിയ മിഴികളാൽ അവൾ ആരുഷിനെ നോക്കി. അതിനുശേഷം അച്ഛനെയും.

മകളെ അടുത്തറിഞ്ഞ അച്ഛന് അവളുടെ നോട്ടത്തിന്റെ അർത്ഥം നിസ്സംശയം ഗ്രഹിക്കാൻ കഴിഞ്ഞു. പുഞ്ചിരിയോടെ അവൾക്കുനേരെ തലയാട്ടുമ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടവൾ ഓടിച്ചെന്ന് ആരുഷിനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ ഒരുനിമിഷം പകച്ചു പോയെങ്കിലും കണ്ണുകൾ ഇറുകെയടച്ച് ഇനിയുമൊരു സംസാരത്തിലേക്ക് കടക്കാതെ അവനവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

മായയും ദേവനും ഇതെല്ലാം കണ്ടൊരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു.

അത്രയ്ക്കിഷ്ടമാണോടാ എന്നെ.. കുസൃതിയോടവൾ ആരുഷിനോട് ചോദിച്ചു.
പ്രാണനാടീ.. പ്രണയമാടീ നീയെന്റെ..നീ കേട്ടില്ലേ എന്റെ ഹൃദയം പോലും തുടിക്കുകയാ.. മന്ത്രിക്കുകയാ വേദികയെന്ന്.. ചെവിയോരത്തായ് അവനത് മന്ത്രിക്കുമ്പോൾ കുസൃതിയോടവൾ കുലുങ്ങിചിരിച്ചു.

ഹലോ.. ഇവിടെ ഞങ്ങളുമുണ്ടേ.. ദിയയുടെ വകയാണ്. അവളെ കെട്ടിപ്പിടിച്ച് താങ്ക്സ് പറഞ്ഞപ്പോൾ അവൾ വേദുവിനെയൊന്ന് പിച്ചി. ആഹ്.. ദേ.. ഏട്ടാ കണ്ടോ ചുണ്ട് പിളർത്തിക്കൊണ്ടവൾ ഋതിക്കിന്റെ ചാരെ നിന്നു. നിറഞ്ഞ സന്തോഷത്തോടെയവൻ അവളെ ചേർത്തുപിടിച്ചു. മാറിനിൽക്കുന്ന മുനീറിന്റെയും സിയയുടെയും അരികിലേക്ക് ചെന്ന് രണ്ടുപേരെയും ഒന്നിച്ച് ചേർത്തുപിടിച്ചപ്പോൾ അവരും ചേർത്തണച്ചു അവളെ.

പതിയെ ചുറ്റുമുണ്ടായിരുന്നവർ പിരിഞ്ഞുപോയി. അവർക്ക് വേണ്ടിയുള്ള നിമിഷങ്ങൾ അവർക്ക് സമ്മാനിക്കാനായി കൂട്ടുകാർ പുറത്തിറങ്ങി. അവളറിയുന്നുണ്ടായിരുന്നു തൊട്ട് പിന്നിലായി ആരുഷിന്റെ സാന്നിധ്യം. ശരീരമാകെ വിറയ്ക്കുന്നതുപോലെ…

പിൻകഴുത്തിൽ പതിഞ്ഞ അവന്റെ ചുണ്ടുകൾ അവളെ പിടച്ചുയർത്തി. അവനഭിമുഖമായവളെ തിരിച്ചു നിർത്തി അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ആരുഷ്. ഇരുമിഴികളിൽ അധരമമർത്തിയവൻ പ്രണയം പകുത്തു നൽകിയപ്പോൾ പൂർണ്ണമനസ്സോടെയവൾ അത് സ്വീകരിച്ചു.
മുക്കുത്തിയിൽ തട്ടിയവന്റെ നോട്ടം അധരത്തിലെത്തിയപ്പോൾ അന്നത്തെപ്പോലവൾ വേണ്ടെന്ന് തലയാട്ടി. വേണമെന്ന് പറഞ്ഞ് ചേർത്ത് നിർത്തി.

പൂവിൽനിന്നും മധു നുകരാനെത്തിയ ശലഭത്തെപ്പോലെ അവന്റെ അധരങ്ങൾ അവളുടെ അധരത്തിലമർന്നു. മൃദുലമായി.. മനോഹരമായി.. അതിലേറെ പ്രണയത്തോടെ തന്റെ ശ്വാസമവൻ പകർന്നുനൽകി..

തുടരും…

വേദുവിനെയും ആരുഷിനെയും ഒന്നിപ്പിച്ചിട്ടുണ്ട്. ഇനി അവരുടെ പ്രണയനാളുകളാണ്. നവീൻ എന്ന ശല്യം ഒഴിഞ്ഞു പോയെന്ന് പ്രതീക്ഷിക്കാം. വാശിയും ദേഷ്യവും മാറ്റി വേദികയെ നല്ല കുട്ടിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *