എന്റെ അച്ഛനിഷ്ട്ടം ഈ നാടാണ് അച്ഛമ്മേ… ഈ കൊച്ച് ഗ്രാമവും, കാവും കുളവും പാടവും ഇവിടുത്തെ തിറയും തെയ്യവും ഒക്കെ അച്ഛന് ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട്……

കളിയാട്ടം

Story written by Jolly Shaji

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“അച്ഛമ്മേ ..പൊട്ടൻ തെയ്യത്തിനെന്താ തീയിനോട് ഇത്ര ഇഷ്ടം…”

ശ്രേയയുടെ സംസാരം കേട്ട ദേവുവമ്മ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു…

“എന്റെ കുട്ടി ഇനിയും നീ ഉറക്കായില്ലേ… നേരം എത്ര ആയേക്കുന്നു…”

“എനിക്കെന്തോ ഉറക്കം വരുന്നില്ല അച്ഛമ്മേ ….”

“ഉറക്കിളച്ചു എന്തേലുമൊക്കെ രോഗങ്ങൾ വരുത്തി വെക്കല്ലേ കുട്ട്യേ… അന്റെ അമ്മക്ക് തീരെ ഇഷ്ടല്ലാരുന്നു അന്നേ ഈടെ നിർത്തി പോവാൻ….”

“എനിക്ക് അവിടം മടുത്തു അച്ഛമ്മ…അവിടുത്തെ ഭീമൻ കെട്ടിടങ്ങളും ചൂടും പത്രാസുകാരും… ഒക്കെ മടുത്തു നിക്ക്…”

“അച്ഛനും അമ്മയ്ക്കും അവിടല്ലേ മോളെ ജോലി… നീയവർക്ക് ഒറ്റമോളും… നിന്നെ കാണാതെ അവരെങ്ങനെ ഇരിക്കും …”

ദേവുവമ്മ ശ്രേയയുടെ മുടിയിഴകളിൽ മെല്ലെ തഴുകി….

“എന്റെ അച്ഛനിഷ്ട്ടം ഈ നാടാണ് അച്ഛമ്മേ… ഈ കൊച്ച് ഗ്രാമവും, കാവും കുളവും പാടവും ഇവിടുത്തെ തിറയും തെയ്യവും ഒക്കെ അച്ഛന് ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട്.. “

ശ്രേയ ഓർമ്മയിലെന്നോണം എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു…

“സാരല്ല്യ കുട്ട്യേ… നിന്റെ പഠിപ്പ് കഴിഞ്ഞാൽ ഇങ്ങട് തിരിച്ചു പോരണംന്നാ മോഹന്റെ ആഗ്രഹം..”

“ഉം കൊള്ളാം… മോഹൻ മാത്രം ആഗ്രഹിച്ചിട്ട് എന്തിനാ അച്ഛമ്മേ… സാക്ഷാൽ സൂര്യ തമ്പുരാട്ടി അല്ല്യോ അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്…”

“ഓള് ഒരുപാട് കഷ്ടപ്പെട്ട് വളർന്ന കുട്ട്യാ മോളെ… അതോണ്ട് ഓൾക്ക് ഒരുപാട് വെട്ടിപിടിക്കാൻ ആണ് മോഹം….”

“ആയിക്കോട്ടെ… അതിന് എന്റെ സ്വപ്‌നങ്ങൾ തച്ചുടക്കണോ അച്ഛമ്മേ…”

“മോളെ നീയിപ്പോ അച്ഛനും അമ്മേം പറയുന്നത് കേട്ടു വളരേണ്ട പ്രായം ആണ്… നിന്റെ പഠിത്തം ഒക്കെ കഴിയട്ടെ ന്നിട്ട് എന്തേലും ചെയ്യാം… ഇപ്പോൾ മോൾ അവര് പറയുന്നത് അനുസരിക്കണേ…”

“മടുത്തു എനിക്ക്… പുലർച്ചെ മുതൽ പഠിത്തം… അതുകഴിഞ്ഞാൽ ഫ്ലാറ്റിലെ ഏകാന്തത…അച്ഛനും അമ്മയ്ക്കും ജോലിതിരക്ക് ഒഴിഞ്ഞ സമയം ഇല്ല്യ… ഒന്ന് മിണ്ടിപറയാൻ പോലും ആരുമില്ലെനിക്ക്…”

ശ്രേയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“അയ്യേ അച്ഛമ്മേടെ കുട്ടി കരയുന്നോ… കുട്ടി ഉറങ്ങിക്കോളൂ… ഒന്നും ഓർക്കേണ്ട…”

ദേവുമ്മ അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു…

കണ്ണടച്ച ശ്രേയക്ക് പക്ഷേ ഉറങ്ങാനേ പറ്റുന്നില്ല…. അവളുടെ മനസ്സിൽ തീയിൽ തലവെച്ചു കിടക്കുന്ന പൊട്ടൻ തെയ്യത്തിന്റെ മുഖമാണ്… സർവ്വജ്ഞാനി എന്ന് അഹങ്കരിച്ചിരുന്ന ശങ്കരാചാര്യരുടെ ജാതി ഹുങ്കിനെയും അഹങ്കാരത്തെയും പറിച്ചെറിഞ്ഞ പൊട്ടൻ തെയ്യത്തിന്റെ മുഖചേഷ്ടകൾ ശ്രേയകുട്ടിയിൽ ചിരിവിടർത്തി….

അമ്മയുടെ വാശിക്ക് മുന്നിൽ എല്ലാം അടക്കി വെച്ച ശ്രേയക്ക് ദൈവങ്ങളുടെ നാട്ടിൽ നിന്നും പറന്നുയരാൻ കുറച്ചു ദിവസങ്ങൾ മാത്രമേ വേണ്ടി വന്നൊള്ളു…

വർഷങ്ങൾക്കുമപ്പുറം ഒരു പുലർച്ച…

“ഡോക്ടർ, ദേ ഫോൺ ബെല്ലടിക്കുന്നു… നാട്ടിൽ നിന്നും അമ്മയാണെന്നു തോന്നുന്നു…”

ബെഡിൽ ചുരുണ്ടുകൂടി കിടക്കുന്ന പ്രായമായ അമ്മച്ചിയുടെ കൈവിരലുകൾ കൂട്ടിതിരുമ്മി കൊടുക്കുന്ന ശ്രേയക്കുനേരെ സിസ്റ്റർ ഫോൺ നീട്ടി…

“സിസ്റ്റർ എടുത്തു പറയു ഞാൻ വിളിച്ചോളും എന്ന്…”

ശ്രേയ തന്റെ ജോലി തുടർന്നു…

കുറച്ചു കഴിഞ്ഞ് റൂമിലേക്ക്‌ ചെന്ന ശ്രേയ ഫോൺ എടുത്തു അമ്മയെ വിളിച്ചു…

“അമ്മ ഞാൻ ഡ്യൂട്ടി ആയിരുന്നു…”

“എന്ത് ഡ്യൂട്ടി… നിന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചു ഡോക്ടർ ആക്കിയത് അനാഥാലയത്തിലെ അന്ദേവാസികളെ നോക്കാൻ അല്ല…”

“അമ്മ… ഞാൻ ഇന്ന് ചെറിയ കുട്ടി അല്ല… എന്റെ സ്വപ്‌നങ്ങൾ എല്ലാം തച്ചുടച്ചു നിങ്ങൾ എന്റെ മനോഹരമായ ബാല്യവും കൗമാരവും എല്ലാം നശിപ്പിച്ചു… എന്റെ അച്ഛമ്മക്ക് ഒപ്പമുള്ള ജീവിതം നിങ്ങൾ തട്ടിയെറിഞ്ഞു… അച്ഛമ്മ പറഞ്ഞത് കേട്ടാണ് ഞാൻ പഠിച്ചത്… എന്നിട്ടോ.. നിങ്ങൾക്ക് പണമുണ്ടാക്കാൻ എന്നേ ഈ ബ്രിട്ടീഷ് രാജ്യത്തേക്ക് അയച്ചു… നിങ്ങൾ പഠിപ്പിക്കാൻ മുടക്കിയ ക്യാഷ് ഞാൻ തിരിച്ചു തന്നില്ലേ… ഇനിയെങ്കിലും എന്നേ എന്റെ ഇഷ്ടത്തിന് വിട്ടൂടെ… പ്ലീസ്…”

“മോളെ…. നീ ഈ അമ്മയെക്കുറിച്ച് ഇപ്പോളും അങ്ങനെയൊക്കെയാണോ കരുതിയിരിക്കുന്നത്…”

സൂര്യയുടെ ശബ്ദം ഇടറുന്നത് ശ്രേയ തിരിച്ചറിഞ്ഞു…

“വേണ്ടമ്മ…. ഇനിയും ഈ വാക്കുകൾക്ക് ഒന്നും പ്രസക്തി ഇല്ല… എനിക്ക് നേടേണ്ടത് മനസുഖം ആണ്… അതിവിടെ വേണ്ടുവോളം കിട്ടുന്നുണ്ട്….”

“മോളെ ഒറ്റക്കിങ്ങനെ എത്രനാൾ നീ… ഒരു ജീവിതം വേണ്ടേ നിനക്കും… അച്ഛനും അമ്മയ്ക്കും എന്തേലും സംഭവിച്ചാൽ നിനക്കാരുണ്ട് പിന്നേ…”

സൂര്യ വീണ്ടും കരയാൻ തുടങ്ങി….

“അമ്മ അതോർത്തു വിഷമിക്കേണ്ട…. പനിവന്നു വയ്യാതെ കട്ടിലിൽ നിന്നും എണീക്കാൻ മേലാതെ കിടന്ന എന്റെ അച്ഛമ്മക്ക് ആരാ ഉണ്ടായിരുന്നത്… പാവം അതെത്ര ആഗ്രഹിച്ചു കാണും മക്കളുടെ കരുതലും തലോടലും… ഒടുക്കം ആരാണ് ഇറ്റ് വെള്ളം കൊടുത്തത്…”

“നീയിപ്പോ എന്തിനാ ശ്രേയ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ സംസാരിക്കുന്നതു…”

“ആവശ്യം ഇല്ലാത്തതു അല്ല അമ്മ… അമ്മ പടിക്കു പുറത്ത് മാത്രം നിൽക്കാൻ അനുവാദം കൊടുത്തിരുന്ന പാവം നാണിയമ്മ ചെന്നില്ലായിരുന്നെങ്കിൽ എന്റെ അച്ഛമ്മ വെള്ളമിറങ്ങാതെ കിടന്നു മരിച്ചു പുഴു അരിച്ചേനെ…”

“എടി നീ അതിരു കടക്കുന്നു….”

“ഇല്ലമ്മ…. ഞാൻ ഒന്നും പറയുന്നില്ല… ഞാൻ ഈ ജോലിയിൽ സന്തോഷം കണ്ടെത്തുന്നു… എന്റെ അച്ഛമ്മയെ നോക്കാൻ പറ്റാത്ത വേദന ഞാനീ നേഴ്സിംഗ് ഹോമിലെ അമ്മച്ചിമാരെ നോക്കി തീർക്കുന്നു…”

“അപ്പോൾ ഞങ്ങളെക്കാൾ വലുത് നിനക്ക് അവിടുള്ളവർ ആണ്….”

“ഇല്ലമ്മ… അച്ഛന്റെ സ്ഥാനം അച്ഛനും അമ്മയുടെ സ്ഥാനം അമ്മയ്ക്കും തരും ഞാൻ…. ഇപ്പോൾ നിങ്ങള്ക്ക് ആരോഗ്യമുണ്ട്… വയ്യാതാവുമ്പോൾ അല്ലെ….”

“മോളെ ശ്രേയ…. നീ വരണം നാട്ടിലേക്കു… നിനക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കും….”

“വരാം അമ്മേ…വടക്കൻ കേരളവും അവിടുത്തെ ആചാരങ്ങളും പിന്നെന്റെ പ്രിയപ്പെട്ട പൊട്ടൻ തെയ്യവുമൊക്കെ അവിടല്ലേ… അമ്മ വിഷമിക്കേണ്ട.. ഞാൻ സങ്കടം കൊണ്ട് എന്തൊക്കെയോ പറഞ്ഞു… അച്ഛനോട് മെഡിസിൻ മുടക്കരുതെന്നു പറയണം…”

“എല്ലാം പറയാം മോളെ…”

“പിന്നേ അമ്മേ ആ നാണിയമ്മക്ക് ഒരു കൊച്ചു മോൻ ഉണ്ടെന്ന് കേട്ടിട്ടുണ്ട്…”

“ഉണ്ടെങ്കിൽ നിനക്കെന്താ…”

സൂര്യയുടെ ശബ്‍ദം പെട്ടന്ന് കനത്തു….

ശ്രേയ പൊട്ടിച്ചിരിച്ചു…

“ഒന്നുല്ല… ഓനോട്‌ വേഗം വീട് പണി പൂർത്തിയാക്കാൻ പറയ്… ദേ ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യെന്ന് പറഞ്ഞേക്ക്…”

“മോളെ… നീ ഇപ്പോളും അതിൽ ഉറച്ചു നിക്കുവാണോ…”

“എന്താ അമ്മ അവന് കുഴപ്പം… നല്ലൊരു അധ്യാപകൻ അല്ലെ നന്ദൻ…”

“മോളെ ആളുകൾ എന്തൊക്കെ പറയുമെന്ന് നീ വിചാരിക്കുന്നുണ്ടോ…”

“എനിക്ക് എന്റെ അച്ഛന്റെ അനുഗ്രഹം മാത്രം മതി അമ്മേ… പിന്നേ എന്റെ പൊട്ടൻ ദൈവത്തിന്റെ ആശിർവാദവും…”

ശ്രേയ വേഗം ഫോൺ വെച്ച് അവളുടെ ജോലിക്കിടയിലേക്ക് നടന്നു പോയി… സൂര്യക്ക് അറിയാം ശ്രെയയുടെ മനസ്സ്… എങ്കിലും ആ അമ്മയുടെ മനസ്സിലും ഒരു നെടുവീർപ്പുതീർന്നു എന്തിനെന്നറിയാതെ…

ജോളി ഷാജി… ✍️

Related Posts

Leave a Reply

Your email address will not be published. Required fields are marked *