എന്റെ മോളെ ഇങ്ങനെ പോയാൽ ഒരാറേഴ് വർഷം കൂടി കഴിയുമ്പോൾ നിന്റെ കെട്ടിയോനേം നിന്നേം കണ്ടാൽ പക്കാ ‘അച്ഛനും മോളും’ ആണെന്നെ പറയൂ. ഇപ്പോഴേ മൂപ്പർക്ക്…..

Story written by Darsaraj R

ഹലോ…

സുഖമാണോ സുചിത്ര?

നീ ഇന്ന് ഇൻസ്റ്റയിൽ ഇട്ട വെഡിങ് ആനിവേഴ്സറി പോസ്റ്റ്‌ കണ്ടു. എന്റെ മോളെ ഇങ്ങനെ പോയാൽ ഒരാറേഴ് വർഷം കൂടി കഴിയുമ്പോൾ നിന്റെ കെട്ടിയോനേം നിന്നേം കണ്ടാൽ പക്കാ ‘അച്ഛനും മോളും’ ആണെന്നെ പറയൂ. ഇപ്പോഴേ മൂപ്പർക്ക് തന്ത വൈബ് തുടങ്ങി…

എന്തിനാ മോളെ ഇത്രയും വയസ്സിന് മൂപ്പുള്ള ആളിനെ കെട്ടാൻ പോയത്. നീ ഇപ്പോഴും കിടു ലുക്ക്‌ 👌👌👌

♡♡♡♡♡♡♡♡♡

നമസ്കാരം,

ഞാൻ സുചിത്ര കാർത്തികേയൻ.

ഇന്ന് രാവിലെ എനിക്ക് ഇൻബോക്സിൽ വന്ന ഒരു മെസ്സേജിന്റെ ഉള്ളടക്കം ആണ് നിങ്ങൾ ആദ്യം വായിച്ചത്.

തൽക്കാലം ഇതിനെ എനിക്ക് കിട്ടിയ ഒരു കോംപ്ലിമെന്റായി എടുക്കാൻ ഉദ്ദേശമില്ല.

എന്തെന്നാൽ സ്വന്തം ഭർത്താവിനെ മറ്റൊരാൾ കളിയാക്കുന്നത് ഒരു പെണ്ണും സഹിക്കില്ല. ആയതിനാൽ ഭാര്യയുടേയും ഭർത്താവിന്റേയും പ്രായ പ്രായവ്യത്യാസത്തിന്റെ “കണക്ക്” എടുത്ത് അവർക്കിടയിലെ “ബയോളജി” യിലെ “കെമിസ്ട്രി” വരെ ചർച്ചക്ക് വിഷയമാക്കുന്ന പ്രിയ CCTV ഉപഭോക്താക്കൾക്ക് സ്നേഹപൂർവ്വം ഈ വരികൾ സമർപ്പിക്കുന്നു…

ഞാനും എന്റെ കെട്ടിയോനും തമ്മിൽ കൃത്യം 11 വർഷത്തേയും 3 മാസത്തേയും പ്രായ വ്യത്യാസം ഉണ്ട്.

നിങ്ങൾ ഈ പറഞ്ഞ പ്രായത്തിന്റെ അന്തരം ആണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ അടിത്തറ. പ്രേത്യേകിച്ച് ഞാനും അദ്ദേഹവും ഒരുമിച്ചുള്ള ഫോട്ടോ ഇടുന്ന ദിവസം നൈസ് ആയിട്ട് സൈനേഡിൽ പൊതിഞ്ഞ ചോക്ലേറ്റ് അന്തരവുമായി ഇൻബോക്സിലും കമന്റ് ബോക്സിലും പലരും വരാറുണ്ട്.

പ്രായ വ്യത്യാസത്തിന്റെ പേരിൽ ഞങ്ങൾ പോലും കാര്യമാക്കാത്ത വ്യാകുലത പ്രകടിപ്പിച്ച് വരുന്ന ഇത്തരം പ്രിയ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളൂ.

ഇനി എത്രയൊക്കെ പ്രായവ്യത്യാസ കുത്തിത്തിരുപ്പുമായി ഇങ്ങോട്ട് വന്നാലും ഞങ്ങൾ തമ്മിലുള്ള ആ 11 വർഷത്തിന്റേയും 3 മാസത്തേയും തട്ട് താഴ്ന്ന് തന്നെ ഇരിക്കും.

എന്നെ പോലെ വയസ്സിന് ഒത്തിരി മൂത്ത ആളെ കല്യാണം കഴിച്ച ഓരോ പെൺകുട്ടിയും ഒരിക്കൽ എങ്കിലും ഇത്തരം ചോദ്യങ്ങളിലൂടെ കടന്ന്‌ പോയിട്ടുണ്ടാകും. അതേ സമയം, കൊച്ച് പെണ്ണിനെ പണം വാരി എറിഞ്ഞ് സ്വന്തമാക്കിയല്ലേ? അല്ലെങ്കിൽ പൊട്ടന്റെ കൈയ്യിൽ പൂമാല കിട്ടി തുടങ്ങിയ ഇൻസൽട്ടിങ്ങ് കമന്റുകൾ കേൾക്കേണ്ടി വരുന്ന ഒത്തിരി ഭർത്താക്കന്മാരെയും എനിക്ക് അറിയാം.

ഇത്തരം കഥയിലെ കഥാപാത്രങ്ങൾ സിനിമക്കാരാണേൽ പിന്നെ പറയുകയും വേണ്ട…

വിവാഹശേഷം അദ്ദേഹം എന്നെ തുടർന്ന് പഠിപ്പിക്കാൻ മുൻകൈ എടുത്തപ്പോൾ നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ അതിയാൻ Husband of the year ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് 4 വർഷം കഴിഞ്ഞിട്ടും ഞങ്ങൾക്കൊരു കുഞ്ഞ് ഉണ്ടാകാതെ ആയപ്പോൾ ഇതേ സമൂഹം “ആയകാലത്ത് വല്ലതും ചെയ്തെങ്കിൽ’ എന്ന പ്രയോഗത്തിലെ നായക പരിവേഷം പുള്ളിക്ക് ചാർത്തി കൊടുത്തു.

അതേ പുള്ളിക്കാരന് അടുത്തിടെ ഞങ്ങൾ രണ്ടാളും പഠിച്ച അതേ സ്കൂളിൽ അധ്യാപകൻ ആയി ജോലി കിട്ടിയപ്പോൾ അതേ നാട്ടുകാർ ദാ ഇങ്ങനെ വാഴ്ത്തി.

“ഇത്തിരി കഷണ്ടി ആണേലും പുള്ളിക്കാരൻ സ്റ്റാറാ”.

എല്ലാം വന്ന് കേറിയ ആ പെൺകുട്ടിയുടെ ഐശ്വര്യം.

നന്മയുള്ള ലോകമേ…

അപ്പോൾ പറഞ്ഞു വന്നത് എന്തെന്നാൽ, സമൂഹത്തിന്റെ അഭിപ്രായങ്ങൾ ഇങ്ങനെ അടിക്കടി മാറി കൊണ്ടേ ഇരിക്കും.

അവയെ ഒരു ചെവിയിൽ കൂടി ഇൻസ്റ്റാൾ ചെയ്യുക, വൈറസ് എന്ന് കണ്ടാൽ ഉടൻ മറുചെവിയിൽ കൂടി അൻഇൻസ്റ്റാൾ ചെയ്യുക.

ഒന്ന് കൂടി അടിവര ഇട്ട് പറഞ്ഞോട്ടെ, ഞങ്ങൾക്ക് മുമ്പിൽ തന്നെക്കാൾ ഏറെ പ്രായം കൂടിയ ഫഹദിനെ കെട്ടിയ നസ്രിയയുടെ സ്ക്രിപ്റ്റോ തന്നേക്കാൾ ഏറെ മൂത്തവൾ ആയ അഞ്ജലിയെ കെട്ടിയ സച്ചിന്റെ ഇന്നിങ്സോ ഇല്ല.

“ഞങ്ങൾ ഞങ്ങളാണ്”.

വിവാഹജീവിതം ഒരു മജീഷ്യന്റെ വേദി പോലെയാണ്. മാജിക്‌ കാണാൻ ഇരിക്കുന്ന ആരും അത്‌ സക്സസ് ആവാൻ ആഗ്രഹിക്കില്ല. ചെറിയ പാളിച്ചകൾ പോലും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമായിരിക്കും. അഥവാ പാളിച്ചകൾ പറ്റിയാൽ പോലും അത്‌ പുറം ലോകം അറിയാതെ തന്നിൽ ഒതുക്കുന്നതിലാണ് വിജയം. അതേ പ്രഹേളിക തന്നെയാണ് ഓരോ വിവാഹജീവിതവും ഉറ്റുനോക്കുന്ന ചില മാ. പ്ര. കാണികളിലും അണികളിലും ദർശിക്കാൻ കഴിയുന്നത്.

ഇനി 40 കഴിഞ്ഞ എന്റെ കെട്ടിയോന്റെ സ്റ്റാമിനയിൽ സംശയം ഉള്ളവർക്കായി ഞാൻ ഒരമ്മ ആകാൻ പോകുന്നു എന്ന വാർത്ത സസന്തോഷം അറിയിച്ചു കൊള്ളുന്നു.

രാവിലെ മെസ്സേജ് ഇട്ട പ്രിയ സുഹൃത്തിന് വേണ്ടി ഒരു കാര്യം എടുത്ത് പറയുന്നു.

“ഹിറ്റ്ലറിലെ സോമനെ പോലെ ഉറക്കെ ഒന്ന് നിലവിളിച്ചെങ്കിൽ ഉണർന്നേനെ ടൈപ്പ് ഗർഭം അല്ല കേട്ടോ”

നിങ്ങൾക്ക് അറിയാൻ മേലാഞ്ഞിട്ടാ പിള്ളേരെ…

നുമ്മാ Age Difference ഇച്ചിരി കൂടിയ കപ്പിൾസ് വേറെ ലെവലാ…

നിങ്ങൾ പറഞ്ഞ അതേ അച്ഛൻ ലുക്കിൽ നിന്നും കിട്ടുന്ന സ്നേഹവും കരുതലും, തിരിച്ച് അങ്ങോട്ട് കൊടുക്കുന്ന ബഹുമാനവും ലാളനയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ വൈബിൽ ഞാനും അദ്ദേഹവും 101% സംതൃപ്തരാണ്.

എന്നാൽ പിന്നെ ഇവിടെ കണ്ട് നിൽക്കുന്ന നിങ്ങൾക്ക് ആണോ കുഴപ്പം?

സ്വയം ആലോചിക്കൂ…

(NB:കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം )

Leave a Reply

Your email address will not be published. Required fields are marked *