Story written by Keerthana Dileep
” എനിക്ക് തന്നെ ഇഷ്ടാണ്, തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ ഇല്ലയോ…..
എടി പിടിന്നിനെ ഒരു പെൺകുട്ടി എന്നോട് അങ്ങനെ വന്ന് ചോദിച്ചപ്പോൾ ഞാൻ പകച്ചു പോയി….
ഞാൻ നിശബ്ദനായി….
“ഓ തനിക്കെന്നെ അറിയകൂടെ ഇല്ലാലോ പിന്നെ എങ്ങനാ അല്ലെ???
“ഞാൻ പാർവതി…..തന്റെ ക്ലാസ്സ്‌മേറ്റ് ആണ്…..
“ക്ലാസ്സ്‌മേറ്റോ…..
“താൻ കണ്ടിട്ടുണ്ടാവില്ല… അതെങ്ങനാ പുസ്തകത്തിന്ന് ഇടക്കൊക്കെ തലപൊക്കി നോക്കണം…..ഞാൻ കണ്ണ് മിഴിക്കുന്നത് കണ്ടിട്ടാവണം അവൾ പറഞ്ഞു….
“അത് കേട്ടപ്പോൾ എന്റെ തല വീണ്ടും കുനിഞ്ഞു….
“ശെടാ…. ഡോ.. ആൺകുട്ടികൾ ആയാൽ ഇങ്ങനെ തല ഉയർത്തി പിടിച്ച് നടക്കണം…..എന്റെ താടിയിൽ പിടിച്ച് തല ഉയർത്തുമ്പോൾ… പെണ്ണ് എനിക്കൊരു അത്ഭുതം ആയി മാറുകയായിരുന്നു….
” ചിരി ഒളിപ്പിച്ച അവളുടെ ചുണ്ടുകളും ….. ആരെയും അനുസരിപ്പിക്കാൻ വകയുള്ള അവളുടെ നോട്ടവും എല്ലാം ഞാൻ എന്റെ മനസ്സിലേക്ക് ആവാഹിച്ചു…
“എടൊ…. എല്ലാ പെണ്ണുങ്ങളേം താൻ ഇങ്ങനാണോ നോക്കുന്നെ…. ഞാൻ അങ്ങ് ദഹിച്ച് പോകുമല്ലോ….എന്നവൾ പറഞ്ഞപ്പോഴാണ് ഞാൻ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കുകയായിരുന്നു എന്ന് മനസ്സിലായത്…..
ജാള്യതയോടെ ഞാൻ മുഖം കുനിച്ചു… പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ തല ഉയർത്തി പിടിച്ചു തലയെടുപ്പോടെ …..
“അപ്പോൾ കണ്ടു എന്നെ നോക്കി പുഞ്ചിരി തൂകുന്ന അവളുടെ മുഖം….
ആരോടും മിണ്ടാത്ത, മുഴുവൻ സമയം പുസ്തകങ്ങളിലേക്ക് ഒതുങ്ങികൂടിയ എന്നെ അവൾ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്….
അത് ചോദിച്ചപ്പോൾ എല്ലാം അവൾ എന്റെ നേർക്ക് മറുചോദ്യം ചോദിച്ചു നാവടക്കി….
” അങ്ങ് ഇഷ്ടം തോന്നി പറഞ്ഞു അത്രതന്നെ…. എന്തെ വെണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്റെ കെട്ടിയോന്….. എന്ന് ചോദിക്കുമ്പോൾ ഞാൻ ഒന്ന് ചിരിക്കും ഒപ്പം അവളും
” അവളാണ് എന്റെ ജീവിതത്തിൽ ഓരോ മാറ്റങ്ങൾക്കും കാരണം…. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചുപോയി ഒറ്റപെട്ട എന്നെ ഈ കാണുന്ന ഞാൻ ആക്കിയതും ചിരിക്കാൻ പഠിപ്പിച്ചതും എല്ലാം എന്റെ പെണ്ണാണ്, ഇപ്പോൾ എന്റെ ഭാര്യ….
“ആഹാ നിങ്ങളിവിടെ വാർത്തമാനവും പറഞ്ഞ് നിൽക്കുവാണോ സിദ്ധു… ദോശ കരിയുന്ന കണ്ടില്ലേ… വന്ന് മറിച്ചിട്ടേ… തിടുക്കത്തിൽ ഓടിച്ചെന്ന് പത്രത്തിൽ പിടിച്ചതും… “”ഹാ””” എന്നൊരൊച്ചയോടെ കൈ പിൻവലിച്ചു….
“എന്താ ഇത് സിദ്ധു….. കൊച്ചു കുട്ടികളെപ്പോലെ…. ഒരു ശ്രെദ്ധയും ഇല്ല…. എന്ന് പറഞ്ഞവൾ ചെവിക്ക് പിടിച്ച് കൊണ്ടുപോയി മരുന്ന് വച്ചുതന്നപ്പോൾ ഒരു ചിരിമാത്രമായിരുന്നു എന്നിൽ…..
“എന്താ ഇങ്ങനെ ചിരിക്കണേ…..???
“കൈ പൊള്ളിയാലും കുഴപ്പല്ല പാറു…. ദേ ഇങ്ങനെ കൊച്ചുകുട്ട്യോളെ പോലെ നീ ഇങ്ങനെ നോക്കുമ്പോ ഉള്ള സുഖം അത് കിട്ടുലോ…..
“ഉവ്വാ കൊച്ചുകുട്ടി…. വയസ്സ് പതറുപത് ആയി… ഇപ്പോഴും കൊച്ചുകുട്ടിയാന്ന വിചാരം….
“വേഗം പോയി റെഡി ആയെ…. ഇന്ന് മോളെ കൂട്ടാൻ പോവേണ്ടതാ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയപ്പോഴും അവളുടെ മുഖത്ത് പഴയ ആ ചിരി ഞാൻ കണ്ടിരുന്നു…..
****************************
“സിദ്ധു… എന്നോട് ദേഷ്യുണ്ടോ തനിക്ക്…. ഒരിക്കൽ അവളെന്നോട് ചോദിച്ചപ്പോൾ ഞാൻ അത്ഭുതപെട്ടു
“എന്തിനാടോ???
“നമുക്ക് മക്കളുണ്ടാവില്ല എന്നറിഞ്ഞിട്ടും… നമുക്കല്ല…. എനിക്ക് അവൾ തിരുത്തി….കണ്ണ് നിറച്ചവൾ പറയുമ്പോൾ ഞാൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു…
“എന്തിനാടോ മക്കൾ…. എനിക്ക് താനും, തനിക്ക് ഞാനും… അത് മതിയല്ലോ…
കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത നിറഞ്ഞു…..
“സിദ്ധു….
“മ്മ്…”
“പോരാ…. നമുക്കൊരു അവകാശിയെ വേണം….. ഞാൻ ഇല്ലാതായാൽ പോലും സിദ്ധു തനിയെ ആവാൻ പാടില്ല ഇനി ഒരിക്കലും….
നെഞ്ചിൽ ചേർന്ന് കിടന്ന് വിരലുകളോടിച്ച് അവൾ പറയുമ്പോഴും ആ വാക്കുകൾ എന്റെ നെഞ്ചിൽ ചോര പൊടിച്ചിരുന്നു….
ആദ്യമായി എന്റെ നെഞ്ചിൽ നിന്നവളെ മാറ്റി കിടത്തി…. ഓർക്കാൻ വയ്യാത്ത ഒരു നോവ് മനസ്സിൽ നിറഞ്ഞു….
ഉറങ്ങാൻ കഴിയാതെ അവളുടെ കണ്ണുകൾ പെയ്തൊഴിയുന്നതും, എന്റെ ദീർഘനിശ്വാസങ്ങൾക്ക് ഇടയിൽ ഞാനും അറിയുന്നുണ്ടായിരുന്നു…..
“പക്ഷെ ആ പിണക്കത്തിന് ഒരു രാത്രിയുടെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ….
“മാപ്പ് ചോദിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ വരുമ്പോൾ എന്റെയും പിടി വിട്ട് പോയിരുന്നു…..
കെട്ടിപിടിച്ച് മതിയാവോളം കരഞ്ഞു….
” അയ്യേ… ആൺകുട്ടിയോള് കരയാൻ പാടില്ല… എന്ന് പറഞ്ഞവൾ എന്റെ കണ്ണ് തുടച്ചപ്പോൾ… ആ പഴയ പന്ത്രണ്ടാം ക്ലാസുകാരിയെ അവളിൽ ഞാൻ വീണ്ടും കണ്ടു….
“താൻ ഇല്ലാതെ… ഈ സിദ്ധു ഇല്ലെടോ….എന്ന് പറഞ്ഞപ്പോൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൾ….
അവളുടെ നിർബന്ധം ആയിരുന്നു ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നത്….
ഞങ്ങൾക്കിടയിലേക്ക് അങ്ങനെയാണ് ഞങ്ങളുടെ മീനാക്ഷി എത്തിയത്….
അവളുടെ ഒരിഷ്ടങ്ങൾക്കും ഞങ്ങൾ എതിര് നിന്നിട്ടില്ല…. അവളുടെ വാശിക്കാണ് പുറത്തേക്ക് പഠിക്കാൻ പോയതും….
*****************
“മോള് കാറിൽ കയറുമ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു….
“അവളുടെ മുഖം വീർത്ത്കെട്ടി ഇരിക്കുകയായിരുന്നു…. അമ്മ കൂട്ടാൻ വരാത്തതിന്റെ വിഷമം ആയിരിക്കും…
എപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് അവളെ കൂട്ടാറ്….ഞാൻ ഇടപെട്ടാൽ ആ പിണക്കം തീരുകയും ഇല്ല….
ഞാൻ പതിയെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു….
“ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നു….”
“പറുവിന്റെ ഇഷ്ട ഗാനം…
അതുകേട്ട് മോളുടെ കണ്ണുകൾ നിറയുന്നുണ്ട്….. അവളോട് അമ്മ തിരക്കിലാണെന്നും… അവിടെ ചെല്ലുമ്പോൾ കാണാമെന്നും എല്ലാം പറഞ്ഞെങ്കിലും കരച്ചിൽ കൂടിയതല്ലാതെ ഒന്നും ഏറ്റില്ല….
“ഇനി അമ്മയും മകളും തമ്മിൽ തീർക്കട്ടെ… എന്ന് ഞാനും കരുതി….
എന്നെക്കാൾ വലിയ ബോണ്ട് ആണ് അവർ തമ്മിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്…. പലപ്പോളും കുശുമ്പും…. അപ്പോഴൊക്കെ അവൾ എന്നെ കളിയാക്കും…
“കൊച്ചുകുട്ടിയാണെന്ന വിചാരം….
മോർച്ചറിക്ക് മുൻപിൽ ചെന്ന് നിൽക്കുമ്പോൾ മാളൂട്ടി അലമുറയിട്ട് കരയുന്നുണ്ടായിരുന്നു….
എന്തിനാണവൾ കരയുന്നത്….
“അവൾ കരയുന്നത് അമ്മക്ക് സഹിക്കില്ല എന്നവൾക്ക് അറിഞ്ഞൂടെ???? ആ ചോദ്യം എന്നിൽ മാത്രം അവശേഷിച്ചു…
വീട്ടിലെത്തുമ്പോഴേക്കും ആളുകൾ കൂടിയിരുന്നു….
“എപ്പോഴാ സംഭവിച്ചേ???
“ഇന്നലെ രാത്രി…. ഹാർട്ട് അറ്റാക്ക് ആയിരുന്നു…
“ഇവരുടെ മകൾ പുറത്തല്ലേ പഠിക്കുന്നെ ആ കുട്ടി വന്നോ….
“ഉവ്വ്… ഇന്ന് രാവിലെ വന്നു… ആരൊക്കെയോ ആൾക്കൂട്ടത്തിനിടയിൽ മുറുമുറുക്കുന്നത് കേട്ടു…..
സമയം കഴിയുംതോറും ആളുകൾ കൊഴിഞ്ഞുപോയി….
ഞങ്ങളുടെ മുറിയിൽ ഞാൻ മാത്രമായി…..
“പാറു…. അവരൊക്കെ പറയുന്നു നീ എന്നെ വിട്ട് പോയെന്ന്….
അപ്പൊ രാവിലെ എന്റെ കയ്യിൽ മരുന്ന് വച്ചതാരാ, മോളെ കൂട്ടാൻ പറഞ്ഞുവിട്ടതാരാ…..
ഇവർക്കൊക്കെ വട്ടാണെന്നെ അല്ലപിന്നെ….. നീ ഇല്ലാതെ ഞാൻ ഉണ്ടോ പാറു…..
ചിരിയോടെ പറയുമ്പോഴേക്കും മാളു വാതിൽക്കൽ എത്തിയിരുന്നു….
ഞാൻ അവളെ കൈകാട്ടി അടുത്തേയ്ക്ക് വിളിച്ചു…. കുറച്ച് സമയംകൊണ്ട് തന്നെ കുട്ടി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു….
“ഞാൻ അവളെ ചേർത്ത് പിടിച്ചു…. ഒരിറ്റ് കണ്ണുനീർ കണ്ണിലൂടെ ഒലിച്ചിറങ്ങി…..
അപ്പോഴും ആ ശബ്ദം എന്റെ കാതിൽ മുഴങ്ങി കേട്ടിരുന്നു ….
” അയ്യേ… ആൺകുട്ടിയോള് കരയാൻ പാടില്ല…