എൻ്റെ ചട്ടകത്തിനോ വിറകിനോ തീക്കോള്ളിക്കോ കാലിലെ ചെരിപ്പിനോ എൻ്റെ തൊള്ളക്കോ ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് ക്ലാസ് പൂർത്തിയാക്കിയ മോളൂൻ്റെ…

ഓൺ ലൈൻ ക്ലാസ്

Story written by SHABNA SHAMSU

അഫീ…അഫി മോളെ…എണീക്ക്….

ദാ ആറ് മണി ആവാനായി…മ്മച്ചിൻ്റെ പൊന്നേ….ണീക്ക്….

അഫിയേ…ണീക്ക്ന്ന്…..

അഫീദാ…

ടീ….അന്നോടാ പറഞ്ഞത് ണീക്കാൻ…

അഫീദാ… മര്യാദക്ക് എണീച്ചോ…ചൂട്ള്ള ചട്ടകാ കയ്യില്,…അഫീദാ….

ടപ്പേ… ടപ്പേ..ടപ്പേ…ചന്തിക്കിട്ട് നാലെണ്ണം കൊടുത്തപ്പോ ചാടിത്തുള്ളി എണീച്ച് ബാത്റൂമ്ക്കോടി….

അത് കഴിഞ്ഞ് മൂക്കും ചുണ്ടും നെറ്റീം നനച്ച് തുടച്ച്…….മുഖം മൊത്തം കഴുകൂല….തണുപ്പാണോലെ..എന്നിട്ട് ഫോണും കൊണ്ട് സ്റ്റടി ടേബിളിൻ്റെ മുമ്പിലുള്ള കസേരെല് ഉപ്പിലിട്ട മാങ്ങ പോലെ കോച്ചി പിടിച്ച് ഇരിക്കും….

ഗൂഗിൾ മീറ്റാണ്…അറ്റൻഡൻസ് വിളിക്കുമ്പളും എന്തേലും ചോദ്യം ചോദിക്കുമ്പളും മാത്രം വീഡിയോ ഓണാക്കും…..അല്ലാത്തപ്പോ ഒറക്കം തൂങ്ങി ഇരിപ്പാണ്….

അതല്ലേൽ ക്ലാസ് നടക്കുമ്പോ ഫ്രീ ഫയർ കളിക്കാ…

യൂറ്റ്യൂബില് മാഷ്മെലോ ണ്ടാക്കുന്നത് കാണാ..സ്നാപ് ചാറ്റില് ഫോട്ടോ എട്ക്കാ…ഇതൊക്കാണ് പരിപാടി….പാവം മാഷ്മാര് അപ്പളും തൊണ്ട കീറി ചോദിക്കുന്നുണ്ടാവും…

Dear students….if you have any doubt?? Is it clear..???

അപ്പോ ണ്ടാവും ക്ലാസിലെ 36 ആളും No sir…yes sir…

ഇത് പറഞ്ഞ് കഴിയാൻ 10 മിനിറ്റ് വേണം….ഇടക്ക് പത്തിരി ചുട്ന്നോട്ത്ത്ന്ന് ഞാൻ വന്ന് നോക്കുമ്പോ ക്ലാസ് നടക്കുന്നുണ്ടാവും..ഓള് ഉറങ്ങീറ്റുണ്ടാവും..ഒന്നും നോക്കൂല..പൊട്ടിക്കും നാലെണ്ണം കൂടി….അങ്ങനെ ഉന്തി തള്ളി ഏഴ് മണി ആവാറാവും…

ഏഴ് മണിക്കാണ് രണ്ടാം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ മോൾക്ക് ക്ലാസ്…

ഓളെ മോളൂന്നാണ് വിളിക്കാ…അഫിൻ്റെ നേരെ ഓപ്പോസിറ്റ് സ്വഭാവം ആണ് മോളൂന്….

മട്ടൽമ്മല് ചവിട്ടിയ പോ ലെ ആണ് രണ്ടാളുംന്ന് വേണേങ്കി പറയാം…

ഇമ്മച്ചിൻ്റെ മുത്ത് മണ്യേന്ന് വിളിക്കുമ്പളേക്കും കണ്ണും തിരുമ്മി ഓള് എണീക്കും….

പല്ല് തേച്ച് മുഖം കഴുകി ബാത്റൂമിൽ പോവും..

ഇട്ട ഡ്രസൊക്കെ ഊരി യൂണിഫോമിട്ട് ടൈ കെട്ടി തലേന്ന് കിടക്കുമ്പോ മെടഞ്ഞിട്ട മുടി അഴിച്ച് കറുപ്പ് ബണ്ണ് കൊണ്ട് രണ്ട് സൈഡ് മുടി കെട്ടും..ബുക്കും പെന്നും എടുത്ത് അടുക്കളേലെ ടേബിളില് വന്നിരിക്കും…ക്ലാസ് തുടങ്ങി തീരുന്നവരെ വീഡിയോ ഓണാക്കി ഇടും. ഇടക്കിടക്ക് നാവോണ്ട് ചുണ്ട് ചോപ്പിക്കും….

ക്ലാസിൻ്റെ ഇടക്ക് മിസ്സ് “ആയിഷക്കുട്ടീന്ന് ” വിളിക്കുമ്പോ നാണം കൊണ്ട് പൂത്തുലയും….

എൻ്റെ ചട്ടകത്തിനോ വിറകിനോ തീക്കോള്ളിക്കോ കാലിലെ ചെരിപ്പിനോ എൻ്റെ തൊള്ളക്കോ ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് ക്ലാസ് പൂർത്തിയാക്കിയ മോളൂൻ്റെ നെറുകം തലേൽ സന്തോഷം കൊണ്ട് ഒരു ഉമ്മ കൊടുക്കുമ്പോ തല്ല് കൊളളിയായ അഫീൻ്റെ മൂളിപ്പാട്ട് അപ്പുറത്ത്ന്ന് കേൾക്കാ….ഞാനുമൊരു വർണ്ണ പട്ടമായിരുന്നു… ഞാനുമൊരു വർണ്ണ പട്ടം…….

കൊടുത്ത ഉമ്മ തിരിച്ചെടുത്ത് മോട്ടു പത്ലൂൻ്റെ ചിത്രള്ള പാത്രത്തില് രണ്ട് ഇഡ്ഡ ലീം ചട്ണീം എടുത്ത് മൂന്നാമത്തെ മോൾക്ക് കൊടുക്കാൻ നോക്കുമ്പോ ഒരേ കാറലാ….

യൂറ്റ്യൂബില് സൂപ്പർ സൈബ കണ്ടാലേ തിന്നുള്ളൂന്ന്….

അപ്പളേക്കും മോളൂൻ്റെ ക്ലാസ് കയിഞ്ഞീണ്ടാവും….

ടേബിളിൻ്റെ മേലെ വെച്ച ഫ്ലവർ വേസില് ഫോൺ കുത്തിച്ചാരി വെച്ച് സൂപ്പർ സൈബേം കണ്ടോണ്ട് ഇഡ്ഡലി കഷണം ഓരോന്നായി മെല്ലെ മെല്ലെ ഓളെന്നെ തിന്നോളും…

ഓളെ തീറ്റ കയിഞ്ഞിട്ട് വേണം ഇന്നലെ രാത്രി 11 മണി മുതൽ ഉറക്കം ഒയിച്ച് എഴുതി ണ്ടാക്കി പോസ്റ്റ് ചെയ്ത തൂലികേലെ കഥക്ക് എത്ര ലൈക്കും കമൻ്റും കിട്ടീന്ന് നോക്കാൻ….

അയ്നാ ഫോണൊന്ന് കിട്ടണ്ടേ…..ഇടക്ക് കേറി അമ്മായ്മ കേക്കാണ്ട് മെല്ലെ ഓളോട് പോയി ചോയ്ക്കും..ഇമ്മച്ചി ഒരു കാര്യം നോക്കീറ്റ് ഇപ്പോ തരാ ട്ടോ…..
ഹരം പിടിച്ചിരിക്ക്ണ നേരത്തായ്ക്കും…

മ്മച്ചീൻ്റൊരു ഫേസൂക്ക്…ന്നാ തിന്നൂട്….

ഇതും പറഞ്ഞ് ഫോൺ ഒരേറാണ്…അപ്പോ ണ്ടാവും അപ്പർത്തെ റൂമ്ന്ന് അമ്മയ്മാൻ്റെ അമർത്തിയുള്ള ചുമ…

ഫോൺ അതേ പോലെ വെച്ച് കൊട്ത്ത് വീണ്ടും ഞാൻ എൻ്റെ ചട്ടിയും പാത്രങ്ങളുമായി മല്ലിടും….

കുറേ കഴിഞ്ഞ് ഫോൺ ചാർജ് ചെയ്യട്ടെന്നും പറഞ്ഞ് അടുക്കളേല് കൊണ്ടോയി വെക്കും..

മീൻ പൊരിക്കുമ്പോ ഫേസ് ബുക്ക് നോക്കാനും കമൻ്റിന് റിപ്ലൈ കൊടുക്കാനും നല്ല സുഖാ….ഒരു കൈയില് സ്പൂൺ പിടിക്കാം…മറ്റേ കയ്യില് ഫോൺ പിടിക്കാം. അമ്മായിമൻ്റെ കാലൊച്ച കേക്കുമ്പോ ഫോൺ പഞ്ചസാര കുപ്പീൻ്റെ ചോട്ടില് വെച്ചാ മതി….റൗണ്ട്സ് കയിഞ്ഞ് ഉമ്മ പോവുമ്പോ വീണ്ടാമതും നോക്കാം….

പേടിച്ചിട്ടല്ല ട്ടോ (സത്യായിട്ടും അല്ല😭)

ആൺമക്കള് ഫോൺ നോക്കണത് ബിസിനസിൻ്റെ കാര്യത്തിനാണെന്നും പെണ്ണുങ്ങള് ഫോൺ നോക്കുന്നത് അന്യ ആണ് ങ്ങളോട് കൊഞ്ചാനാണെന്നുമുള്ള കുൽസിത മനോഭാവം മാറ്റണ്ടാന്ന് വച്ചിട്ടാ….

മൂന്നാമത്തെ മോളെ പ്രസവം കഴിഞ്ഞ് ഇനി മതി പ്രസവം നിർത്തിക്കളയാം എന്നുള്ള അഭിപ്രായങ്ങള് പല ഭാഗത്ത് നിന്നും വന്നപ്പോ ഞാനും തീരുമാനിച്ചു…
ന്നാ പിന്നെ അങ്ങനെ അയ്ക്കോട്ടെ…

അങ്ങനെ ഓപ്പറേഷൻ ചെയ്യാൻ കൊണ്ടോവുന്നതിൻ്റെ മുമ്പ് ഡോക്ടർ ചോദിച്ചു…

നിർത്തണോ… ഒരു ആൺകുട്ടി കൂടി ഉണ്ടാവോന്ന് നോക്കീറ്റ് പോരെ….

അപ്പോ സെയിം പിച്ച് പറീണ പോലെ ൻ്റെ ഉമ്മേം അമ്മായ്മേം കൂടി “നിർത്തിക്കാളി ഡോക്ടറേ…ഓളെക്കൊണ്ട് കൂട്ടിയാ കൂടൂല…. കോലം കണ്ടീലേ…. ചോരേം നീരും വറ്റി ഇല്ലാണ്ടായ്ക്ക്ണ്…”

ആഹാ… എന്തൊരു സ്നേഹാണോ……

നാല് കൊല്ലം കൂടുമ്പോ മൂന്ന് മാസം അട്ടിൻ തല സൂപ്പും തേങ്ങാപാലും നെയ്യും ഒഴിച്ച കഞ്ഞിയും പഴോം കോ യി മുട്ടേം പുയുങ്ങിയതും തിന്ന് ഒരു പണീം ചെയ്യാണ്ട് മലർന്നുള്ള എൻ്റെ കിടപ്പ് ആലോയ്ച്ച്ട്ട്ളള എതക്കെടാണ് അമ്മായ്മാക്ക്….

മൂന്ന് മാസം ൻ്റെ മക്കളേം നോക്കണം…ന്നേം നോക്കണം…. നടു നിവർത്താൻ കൂടി ഒയിവില്ലാത്ത എൻ്റെ ഉമ്മാൻ്റെ ഗദ്ഗദമാണ് പിന്നെ കേട്ടത്….

ഏതായാലും ഓപ്പറേഷൻ കയിഞ്ഞ് റൂമിലെത്തിയപ്പോ എനിക്ക് ആരോ കൊണ്ടന്ന നാരങ്ങേം തിന്ന് താടിക്ക് കൈയ്യും കൊട്ത്ത് രണ്ടാളെ പൂതിയും നടന്ന സന്തോഷം ഉള്ളില് വെച്ച് രണ്ടാളൂടി പറീന്നുണ്ട്….

“ആണിന് ആണും മാ ണം…. പെണ്ണിന് പെണ്ണും മാണം….

ഇനീപ്പോ പറഞ്ഞ്ട്ട് കാര്യല്ലാലോ…..മൂന്ന് പെൺകുട്ട്യോള് വൽതായി കെട്ടിക്കുമ്പോ മൂന്ന് ആൺകുട്ട്യോളെ പടച്ചോൻ തരും……അങ്ങനെ സമാധാനിക്കാ…. “

ഹൊ…. എന്തൊരു ദീർഘ വീക്ഷണം….എനിക്ക് മൂന്ന് മാസം കിട്ട്ണ റെസ്റ്റ് കെട്ടിപ്പൂട്ടി നാരങ്ങേം തിന്നിരിക്കുന്ന ആ രണ്ട് മഹിളകളോട് അന്നൊന്നും പറയാത്തത് നന്നായീന്ന് ഇപ്പോ തോന്നുന്നു….

നാല് കൊല്ലം കഴിയുമ്പോ കൊറോണ വരുംന്നും സ്ക്കൂള് മുയുവനും ഓൺലൈൻ ആവുംന്നും ന്നെ കൊണ്ട് കൂട്ടിയാ കൂടൂലാന്നും അന്നേ കണ്ട് പിടിച്ച ജ്ഞാനികളാണവർ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *