ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നായിക് അവനെയും കൊണ്ട് ആ മുറിയിലേക്ക് കടന്നു ചെന്നു…..

പെണ്ണുടൽപ്പാടുകൾ

Story written by Athulya Sajin

ഭദ്രമ്മയോടൊപ്പം അവിടേക്ക് കയറിചെല്ലുമ്പോൾ അവിടെയെന്തോ ആഘോഷം നടക്കുകയായിരുന്നു… ഒരു പെണ്ണിനെ എല്ലാവരും കൂടി അണിയിച്ചൊരുക്കുക യാണ്… മുഖത്തു മഞ്ഞൾ വരച്ചിരിക്കുന്നു…

പെണ്ണായി മാറിയതിന്റെ ആഘോഷമാണെന്ന് അവനോട് ഭദ്രമ്മ പറഞ്ഞു…

നാളെ ഇനി കടലിൽ പോയി ബലിയിട്ട് മുങ്ങി വരുന്നതോടെ അവൾ തന്റെ ദേഹത്തു നിന്നും ആണിനെ ഒഴുക്കിക്കളഞ്ഞു മുഴുവനായും പെണ്ണായി മാറും….!

അവനതൊന്നും അപ്പോൾ കേട്ടില്ല…

ഇരുട്ട് കനത്തു കെട്ടി നിൽക്കുന്ന ആ ഒറ്റനിലകെട്ടിടത്തിന്റെ ഏറ്റവും പുറകിലെ ഇടുങ്ങിയ ഒരു മുറിയിലേക്കാണ് അവർ അവനെ കൊണ്ടുപോയത്…

നീണ്ട ഒരിടനാഴി കഴിഞ്ഞു വേണം അവിടെയെത്താൻ….. ആ ഇടനാഴി ക്കിരുവശവും അപൂർണ്ണതയുടെ നരച്ച അവശേഷിപ്പുകൾ കറുത്ത പേപ്പറിൽ ആരൊക്കെയോ കോറിയിട്ട പലനിറങ്ങളിലുള്ള വളഞ്ഞ വരകൾ പോലെ കാണപ്പെട്ടു….. അവരിലെല്ലാം ഒരു നിർജീവത മാത്രമേ അവൻ കണ്ടുള്ളു…..

അവൻ കയ്യിൽ സൂക്ഷിച്ചിരുന്ന പേഴ്‌സ് തുറന്നു അതിൽ അടുക്കിവെച്ച നോട്ടുകൾ ഇല്ലേയെന്ന് ഉറപ്പുവരുത്തി… അടക്കാൻ നേരം അതിലെ കുഞ്ഞു കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ ഒന്ന് നോക്കി…

ഷൗരം ചെയ്തു മിനുസപ്പെടുത്തിയ മുഖത്ത് ചുവന്ന ചായം ഒരഭംഗി തന്നെ യാണെന്ന് അവൻ വീണ്ടും കണ്ടെത്തി…. എങ്കിലും ആ വെച്ചുകെട്ടലുകളിൽ പോലും അവനിലെ പെണ്മ ആനന്ദിച്ചു… അപ്പോഴും മേൽചുണ്ടുകൾക്ക് മീതെ ആൺമയുടെ പച്ചപ്പ് മങ്ങാതെ നിലനിന്നു…..

വൃത്തികെട്ട അന്തരീക്ഷം… നാറുന്ന അകത്തളങ്ങൾ… മങ്ങിയ ചുവരുകളിൽ കരിമഷിയും ലിപ്റ്റിക്കും പറ്റിപ്പിടിച്ചിരിക്കുന്നു… ചില പാടുകളിലെ ചുവപ്പ്, ലിപ്സ്റ്റിക്കാണോ രക്തമാണോ എന്ന് വേർതിരിക്കാൻ അവൻ ഇടക്കൊന്നു നിന്നു….

പിന്നിൽ നിന്നും ഭദ്രമ്മ മുന്നോട്ട് തള്ളുന്നുണ്ട്…

സീക്രം തമ്പി… ഇങ്കെ എല്ലാ ഹിജഡകളുടെയും തലൈവി ഇല്ലെയാ.. നായിക്…! അവര് റൊമ്പ കോപകാരി….

അവര് ഉണക്കാക ത്താ വെയിറ്റ് പണ്ണി ഇരിക്കിറത്..

തമ്പി…

ഞാൻ പെണ്ണാണ് അമ്മ…!! അവൻ ദയനീയമായി അവരെ നോക്കി..

ആണിനെ സൂചിപ്പിക്കുന്ന സംബോധനകൾ പോലും അവനിലെ പെണ്ണിനെ നോക്കി പരിഹസിച്ചു …

“ഇതിക്ക് അപ്പറം താൻ ഉന്നെ പൊണ്ണെന്നു കൂപ്പിട മുടിയും… ഇപ്പൊ നീ പുരുഷൻ….”!!

അവർ രണ്ടുപേരും അകത്തേക്ക് കടന്നു ചെന്നു…

വലിയ ഒരു ഇരിപ്പിടത്തിൽ അവർ ഇരിക്കുന്നുണ്ട്… നായിക്..!! ചുവന്ന പട്ടു പുടവയിൽ വെളുത്ത ഒരു രൂപം… കണ്ണുകൾ വാലിട്ട് നീട്ടിയെഴുതി… കയ്യിലും കഴുത്തിലും ആഭരണങ്ങൾ… ചുണ്ട് മാത്രം ചുവന്നിട്ടില്ല… എങ്കിലും ഇവിടെ കണ്ട ഹിജഡകളുടെ ചുവപ്പിച്ച ചുണ്ടുകളൊന്നും തന്നെ ആ ചുണ്ടിനോളം പോന്നതല്ല….

ചുറ്റിനും രണ്ടു മൂന്നു അനുയായികൾ ഉണ്ട്.. പ്രായം ചെന്നവർ…

ഭദ്രമ്മ അവരുടെ അടുത്ത് ചെന്ന് എന്ധോക്കെയോ പറയുന്നുണ്ട്… അവർ ഇടക്ക് അവനെ നോക്കുന്നുമുണ്ട്…

ചിന്ന പയ്യൻ താനേ….. ഇടക്ക് നയിക്കിൽ നിന്ന് കുറച്ചു ഉച്ചത്തിൽ കേട്ട വാക്ക് പിടിച്ചെടുത്തു അവൻ ഹൃദയത്തിലെ നേരിപ്പൊടിലിട്ട് കരിച്ചു കളഞ്ഞു… എന്നിട്ട് ‘ഞാൻ പെണ്ണാണെ’ന്ന് ഒരു മന്ത്രം കണക്കെ ഉരുവിട്ട് കൊണ്ടിരുന്നു…

ഇടക്ക് ആ മുറിയോട് ചേർന്നു കിടക്കുന്ന ഒരു കുടുസ്സ് മുറിയിലേക്ക് അവന്റെ നോട്ടമെത്തി നിന്നു… പാതി തുറന്ന് കിടക്കുന്ന വാതിലിനിടയിലൂടെ അവൻ നോക്കി.. അവിടെ നിന്നും പുക ഉയർന്നു വരുന്നുണ്ട്…

ആ ഇരുണ്ട ധൂമത്തിനിടയിൽ അവ്യക്തമായി ചോരക്കറ പുരണ്ട ഒരു കോസടി അവൻ കണ്ടു…

ഹൃദയഅറകളിൽ ഭയത്തിന്റെ വിഷസർപ്പങ്ങൾ പിണഞ്ഞു… കണ്ണുകളിലേക്ക് പടരുന്ന ഇരുട്ടിനെ തടയാൻ അവൻ തറയിൽ ഒന്നിരുന്നു…..

തന്റെ ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യത്തെ ദൈവം ഇവിടെയാണോ എടുത്തു വെച്ചത് എന്നവൻ ശങ്കിച്ചു….

ഇത്രയും വലിയൊരു കർമ്മനിർവ്വഹണം നടക്കുന്ന പുണ്യമായ ഇടം ഈ നാറുന്ന ഇരുട്ട് മുറിയോ….

അപ്പോളാണ് കണ്ടത് ഭദ്രമ്മ കൈകാട്ടി വിളിക്കുന്നു…

അവൻ വേഗത്തിൽ അവിടേക്ക് നടന്നു…

നായിക് എന്ന് പറയുന്ന ആ സ്ത്രീ അവനെയൊന്നു മൊത്തത്തിൽ ഉഴിഞ്ഞു നോക്കി… എന്നിട്ട് വസ്ത്രങ്ങൾ അഴിക്കാൻ ആംഗ്യഭാഷയിൽ പറഞ്ഞു..

അവൻ ധൃതിയിൽ വസ്ത്രങ്ങൾ ഓരോന്നായി ഊരി തറയിലിട്ടു., ആദ്യമായി ഒരു പെണ്ണിന് മുന്നിൽ വിവസ്ത്രനായി നിൽക്കുമ്പോൾ പണ്ടെന്നോ മറന്നു പോയ ഒരു വികാരം അനിയത്രിതമായി അവനിൽ വേലിയേറ്റമുണ്ടാക്കി…. ലജ്ജ കൊണ്ട് അവന്റെ ശിരസ്സ് കുനിഞ്ഞു…

കയ്യിൽ അപ്പോഴും മുറുകെ പിടിച്ച പേഴ്സിലെ നോട്ടുകൾക്ക് പലവിധ ഭാവങ്ങളായിരുന്നു…

പെണ്ണിനെ വാങ്ങാൻ തികയാതെ തന്റെ ശരീരത്തിൽ ആശയൊതുക്കി മടങ്ങു ന്നവന്റെ നെടുവീർപ്പ്…,സഹതാപത്തിൽ വെച്ചുനീട്ടുന്ന ഇത്തിരി കരുതൽ …., ആണും പെണ്ണുമല്ലാത്തവന്റെ ന ഗ്നത വിലയിരുത്തുന്നവരുടെ കണ്ണിലെ പുച്ഛം …, പെണ്ണെന്നു കരുതി വഞ്ചിക്കപ്പെട്ടവന്റെ ദേഷ്യം…, അങ്ങനെ യങ്ങനെ……..

അവർ കൈ നീട്ടി അവന്റെ ലിം ഗം പിടിച്ചു… അവരുടെ മുഖത്തെ സൗമ്യത കൈകൾക്കില്ലായിരുന്നു… എങ്കിലും ആ പരുപരുത്ത കൈകൾ പോലും അവൻ തളച്ചിട്ട അവനിലെ പൗരുഷത്തെ തൊട്ടു….. ഉദ്ധരിച്ചു വന്ന ആ അ വയവത്തെ അവൻ അറപ്പോടെ നോക്കി… അവൻ തന്റെ ന ഗ്നത ഇരുകൈകൊണ്ടും പൊതിഞ്ഞു പിടിച്ചു തറയിലേക്ക് കമിഴ്ന്നു കിടന്നു…

ഇല്ല…എനിക്ക് ഈ ശരീരം വേണ്ട…

ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ശരീരത്തിൽ അഭയം തേടേണ്ടിവന്ന ഒരാത്മാവിനെപ്പോലെ അവൻ നിന്നു വിറച്ചു…..

ഭദ്രമ്മ അവനെ പിടിച്ചു മാറ്റി… അവൻ പുറത്തേക്കു നടന്നു… പുറത്തിട്ട ഒരു ബെഞ്ചിൽ അവനിരുന്നു.. ഭദ്രമ്മ അവന്റെ അടുത്ത് വന്നിരുന്നു… അവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു…

കൂടിയ സീക്രം എല്ലാം സരിയായിടും… വരുത്തപ്പെടാതെ…

അവൻ നനഞ്ഞ കണ്ണുകളോടെ അവരുടെ തോളിലേക്ക് ചാഞ്ഞു… അവര് മെല്ലെ അവന്റെ നിറുകയിൽ തലോടി..

കണ്ണുകൾ വീണ്ടും നനഞ്ഞപ്പോൾ എല്ലാ വേദനയിലും താങ്ങായിരുന്ന അമ്മയുടെ നെഞ്ചിലെ അടങ്ങാത്ത വാത്സല്യത്തെ ഓർത്തു… അമ്മയില്ലാതായ ആ ഒരറ്റ ദിവസം കൊണ്ടു മാറിമറിഞ്ഞ തന്റെ ജീവിതത്തെ കണ്ടു…

ചെറുപ്പത്തിൽ സമപ്രായക്കാരെല്ലാം ഓലപ്പന്തിനു പിന്നാലെ കൂടുമ്പോൾ അവൻ ഓടിൻ പൊട്ടിനു മേലെ തിരിപുകച്ച് കരിമഷി ഉണ്ടാക്കി… മിഴികൾ കറുപ്പിച്ചു…

ചേച്ചിയുടെ പട്ടുപാവാട ഇട്ട് കണ്ണാടിയിൽ ചന്തം നോക്കി… അതു കണ്ടു വന്ന അച്ഛൻ തുടയിൽ രണ്ടു പാടു തന്നു… പിന്നെയും കണ്ണാടിയിൽ അവന്റെ പല രൂപങ്ങൾ കണ്ടു… തുടകളിൽ പാടുകൾ കൂടി….

വലുതാവുംതോറും അവനിലെ പെണ്ണിന് ഭംഗി കൂടി… അംഗചലനങ്ങൾക്ക് വശ്യതയേറി…

അവൻ കാരണമാണ് ചേച്ചിയുടെ കല്യാണം മുടങ്ങുന്നതെന്നു ഒരിക്കൽ അവൻ കേൾക്കെതന്നെ അച്ഛൻ പറഞ്ഞു… അമ്മയെപ്പോലെ കരുതിയ ചേച്ചി മുഖത്തു നോക്കിത്തന്നെ പറഞ്ഞു… നീയിവിടെ ഉള്ളിടത്തോളം കാലം എനിക്കൊരു ജീവിതമുണ്ടാവില്ലന്ന്….

അവൻ അന്ന് ആ ഇരുപതാം വയസ്സിൽ വീടു വിട്ടിറങ്ങി…

ഒരുപാട് അലഞ്ഞു.. പകലിൽ ഭിക്ഷ യാചിച്ചു… രാത്രിയിൽ ശരീരം മറന്നു ആർക്കൊക്കെയോ പങ്കു വെച്ചു… ഉള്ളിലെ ആ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി… പെണ്ണാവുക…. തന്റെ ശരീരത്തിൽ ബാധ്യതയായ ആ ഒരവയവം എന്നെന്നേ ക്കുമായി ഇല്ലാതാക്കുക…. നാലു വർഷങ്ങൾ കൊണ്ട് കുറച്ചു പണം കരുതി വെച്ചു ….

എന്നാൽ അതു ചെയ്യാൻ ഒരുപാട് പണം വേണമെന്ന് അവനു മനസ്സിലായി…

അങ്ങനെയിരിക്കെ ആണ് ഭദ്രമ്മയെ പരിചയപ്പെട്ടത്… അവരിൽ നിന്നാണ് കോയമ്പത്തൂരിൽ ഇത് ചെയ്യുന്നവരെപ്പറ്റി അറിഞ്ഞത്… അങ്ങനെ ഭദ്രമ്മയുടെ കൂടെ ഇങ്ങോട്ട് വണ്ടി കയറി….

ആണിന്റെ ഒരുവിധ അടയാളങ്ങളും അവശേഷിപ്പിക്കാതെ പെണ്ണിന്റെ പൂർണ്ണതയിലേക്കുള്ള യാത്ര…

ഭദ്രമ്മ തട്ടി വിളിച്ചു… അവൻ എഴുന്നേറ്റു… അകത്തു നിന്നും ഒരു പെണ്ണ് വന്നു ഉള്ളിലേക്കു ചെല്ലാൻ പറഞ്ഞു….

അവർ അകത്തു കയറി… പുറത്തു രണ്ടു മൂന്നു പേർ ചേർന്ന് ഒരു വലിയ കുഴി കുത്തുന്നുണ്ടായിരുന്നു.. അവൻ ജനലിലൂടെ പുറത്തേക് നോക്കി..നേരം ഇരുട്ടിയിരുന്നു… ഈ നേരത്ത് എന്തിനാണ് ഇത്രയും വലിയ കുഴിയെടുക്കുന്നത്… അതും വീതിയില്ലാതെ ഒരാൾ നീളത്തിൽ ആഴത്തിലുള്ള കുഴി…??

അങ്ങോട്ട് നോക്കണ്ട എന്ന് ഭദ്രമ്മ കണ്ണുകൊണ്ട് പറഞ്ഞു… നായിക് അവനെ അടുത്ത് വിളിപ്പിച്ചു…. വീണ്ടും വസ്ത്രമഴിക്കാൻ പറഞ്ഞു…

അവൻ തുണിയുരിഞ്ഞു…അവർ ഒരു കറുത്ത ചെരട് എടുത്തു ആ പുരുഷ അവയവത്തെ വരിഞ്ഞു മുറുക്കി കെട്ടി…. എന്നിട്ട് അവനോട് നടക്കാൻ പറഞ്ഞു….

അവൻ അവിടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു… ഭദ്രമ്മ അവൻ ഏൽപ്പിച്ച പേഴ്സിൽ നിന്നും പണം എണ്ണിതിട്ടപ്പെടുത്തി നായ്ക്കിന് നൽകി… അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞുറപ്പിച്ചു…

അവനു നടക്കുമ്പോൾ ചെറുതായിട്ട് വേദന തുടങ്ങിയിരുന്നു…ഇടക്കൊന്നു നിന്നപ്പോൾ അവർ ചുണ്ടുകൾ വക്രിച്ചുകൊണ്ട് നടക്കാൻ പറഞ്ഞു.. അപ്പോളാണ് ആ ചുണ്ടുകൾക്കിടയിലെ വെറ്റിലക്കറ പുരണ്ട ഭംഗിയില്ലാത്ത പല്ലുകൾ അവൻ കണ്ടെത്തിയത്… അകത്തെ കുടുസ്സ് മുറിയിൽ നിന്ന് ഏതൊക്കെയോ പാത്രങ്ങളുടെ ശബ്ദം കേട്ടു…

അവനൊരു പെണ്ണായി ആരുടെ മുന്നിലും സ്വയം വിൽക്കാതെ…, ആണും പെണ്ണും കെട്ടവൻ എന്ന വിളി കേൾക്കാതെ.., മാന്യമായി ജീവിക്കുന്ന ആ നല്ല നാളുകൾ മെനഞ്ഞു…

ഒരു ദിവസമെങ്കിലും പെണ്ണായി.. ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒരൊറ്റ യാളായി ജീവിക്കാൻ ആവണേയെന്നു പ്രാർത്ഥിച്ചു……

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നായിക് അവനെയും കൊണ്ട് ആ മുറിയിലേക്ക് കടന്നു ചെന്നു എന്നിട്ട് വാതിലുകളും ജനലുകളും അടച്ചു … ഒരൊറ്റ നിമിഷം കൊണ്ട് അവൻ ആ മുറിയെ കണ്ണുകൊണ്ടുഴിഞ്ഞു വിലയിരുത്തി…

അങ്ങിങായി കുത്തി നിർത്തിയ തീ പന്തങ്ങളും മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കുകളും ആ ഇരുട്ടിനെ എപ്പോഴോ കീഴ്പ്പെടുത്തിയിരുന്നു… ആ മുറിയുടെ ചുവരുകൾക്ക് കറുപ്പ് നിറമായിരുന്നു….

മുറിയുടെ രണ്ടുകോണിലായി രണ്ടടുപ്പുകൾ ആളിക്കത്തുന്നുണ്ട്… രണ്ടിലും എന്തോ കിടന്നു തിളച്ചു മറിയുന്നു… ഒരാൾ ചെറിയൊരു മരപ്പലകയിൽ ഇരുന്നു തറയിലുറപ്പിച്ച ചെങ്കല്ലിൽ ഒരു കത്തി രാകി മിനുക്കുന്നു…

പുറത്ത് അപ്പോഴും നനഞ്ഞ മണ്ണ് കിളക്കുന്ന ശബ്ദം ആഴത്തിൽ നിന്ന് കേട്ടു…

രണ്ടു പേര് ചേർന്ന് അവനെ മുറിയുടെ നടുവിലായി ഇട്ട കോസടിയിൽ പിടിച്ചിരുത്തി… അവർ അവന്റെ കൈ പുറകിലേക്ക് പിടിച്ചു കെട്ടി, അവിടെത്തന്നെ നിലയുറപ്പിച്ചു…

നായിക് ഓരോരുത്തർക്കും അവർക്കു മനസ്സിലാവുന്ന രീതിയിൽ കണ്ണുകൾ കൊണ്ട് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു…

അവന് അകാരണമായ ഭയം തോന്നി… മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ ഒരു ദ്വീപിലാണ് ഒന്നനങ്ങാൻ പോലുമാവാതെ താൻ നിൽക്കുന്നതെന്ന് അവന് ബോധ്യമായിതുടങ്ങി… അവന്റെ മനസ്സ് ചാഞ്ചാടിത്തുടങ്ങിയിരുന്നു…

മനസ്സിന്റെ നിർദ്ദേശം പ്രവർത്തികമാക്കുന്നതിനു മുന്നേ അവന്റെ കൈകൾ ബന്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു….ഒരാൾ അവന്റെ വായിൽ എന്തോ തിരുകി ക്കയറ്റി ഒരു കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി… ചുക്കിന്റെ എരിവ് നാവിലറിഞ്ഞു….

ആ സ്ത്രീയെ അവൻ കണ്ണെടുക്കാതെ നോക്കി.. തന്റെ വിധി അവരുടെ കണ്ണുകളിലാണെന്ന് കുറച്ചു നേരങ്ങളിൽ നിന്ന് തന്നെ അവൻ തിരിച്ചറിഞ്ഞു.. ആളിക്കത്തുന്ന തീജ്വാലയിൽ കഥകളിൽ കേട്ട രക്തരക്ഷസ്സിനെ പോലെ അവരുടെ മുഖത്തിന് പൈശാചികത്വം കൈവരുന്നത് അവൻ കണ്ടു…

അവൻ കുതറിമാറാൻ പല തവണ നോക്കി.. അവരുടെ കണ്ണുകൾ എണ്ണ വെട്ടിത്തിളക്കുന്ന അടുപ്പിനരികെ ഇരിക്കുന്ന ആളിലേക്ക് നീണ്ടു… ഇനി യെന്താണ് നടക്കാൻ പോവുന്നത് എന്നോർത്ത് അവൻ പേടിച്ചു വിറച്ചു അടുത്ത നിമിഷം തന്നെ അവരുടെ കണ്ണുകളുടെ ആജ്ഞ ശിരസ വഹിച്ച് കത്തിയുമായി മറ്റൊരാളും എത്തി…

രണ്ടു പേർ ചേർന്ന് അവന്റെ കാലകത്തിപ്പിടിച്ചു… അവൻ ശബ്ദമില്ലാതെ നിലവിളിച്ചുകൊണ്ടിരുന്നു… ഉറക്കെയുറക്കെ…!!

അയാൾ നിലത്തു മുട്ടുകുത്തിയിരുന്നു… കത്തിയുമായി വന്നയാൾ മറുവശത്തും ഇരിപ്പുറപ്പിച്ചു…

അയാൾ തിളച്ച എണ്ണ അവന്റെ ഗുഹ്യഭാഗത്തേക്ക് ഒഴിച്ചു…!! അവൻ കാലിട്ടടിച്ചു.. കണ്ണുകൾ പുറത്തേക്കുന്തി വന്നു… വേദന കൊണ്ട് പുളഞ്ഞു… അടുത്ത നിമിഷം തന്നെ കത്തിയുടെ തിളക്കം അവന്റെ കണ്ണിലടിച്ചു.. അവൻ കണ്ണു മുറുക്കെ ചിമ്മി… തുറക്കുന്നതിനു മുൻപേ ആ അവയവം അവനിൽ നിന്നും ഛേദിക്കപ്പെട്ടുകഴിഞ്ഞിരുന്നു… കണ്ണു തുറന്നപ്പോൾ അത് ഒന്നനങ്ങി നിശ്ചലമായി… വെട്ടിത്തിളക്കുന്ന വെള്ളം ചോര കുത്തിയൊഴുകുന്ന അവന്റെ തുടയിടുക്കിലേക്ക് പതിച്ചു… ആരൊക്കെയോ ചേർന്ന് അവനെ മാറ്റിക്കിടത്തി.. അവിടെ ചുണ്ണാമ്പില വെച്ച് എണ്ണ ധാര പോലെ ഒഴിച്ചുകൊണ്ടിരുന്നു…

എന്തു ചെയ്തിട്ടും രക്‌തമൊഴുക്ക് നിലച്ചില്ല… ഓരോരുത്തരും മാറി മാറി പല രീതിയിൽ രക്തം തടയാൻ നോക്കി…

കാലിട്ടടികളും മൂടപ്പെട്ട ഞെരക്കങ്ങളും കുറഞ്ഞു വന്നു… കണ്ണുകളിൽ നിന്ന് കണ്ണുനീരും തുടയിടുക്കിൽ നിന്ന് രക്‌തമൊഴുക്കും മാത്രം നിന്നില്ല… നായ്ക്കിന്ടെ നിർദ്ദേശപ്രകാരം എല്ലാവരും അവരുടെ അവസാന പരിശ്രമങ്ങളും നിർത്തി മാറി നിന്നു…

നായിക് വന്ന് കറുത്ത ചെരടുകളും വായ് മൂടിയ തുണിയും അഴിച്ചു മാറ്റി… വരൊണ്ടൊട്ടിയ ചുണ്ടിലേക്ക് കുറച്ചു തണുത്ത വെള്ളം പകർന്നു..

ആ ചുണ്ടുകൾ അപ്പോൾ എന്ധോക്കെയോ മന്ത്രിച്ചു കൊണ്ടിരുന്നു…

ആരൊക്കെയോ ചേർന്ന് ശരീരം ഒരു തുണിയിൽ പൊതിഞ്ഞു പുറത്തേക്കെടുത്തു.. നെഞ്ചിൽ കൈവെച്ചു കൊണ്ട് ഭദ്രമ്മ ഓടി വന്നു താഴേക്ക് ഊർന്നു വീണ ആ കരമെടുത്തു നെഞ്ചിൽ ചേർത്തു വെച്ച് പൊട്ടിക്കരഞ്ഞു…

പിറുപിറുക്കുന്ന ആ മുഖത്തോട് മുഖം ചേർത്തു വെച്ച് കാതോർത്തു…

ഞ…ഞാൻ.. പെ… പെണ്… പെണ്ണാ… യി ഭദ്ര… മ്മ…

നന്ദി.. നി… ന്ന്… ഒന്ന്.. വിളി.. ക്കൊ….???

ന്റെ.. മ്മേടെ…പേരാ….

അവർ കരഞ്ഞു പോയി…

ചുണ്ടുകൾ നിലച്ചു.. കൃഷ്ണമണി മേലോട്ട് മറിഞ്ഞു…

മോളെ… ന…..!!!???

അതിന് മുന്നേ ഹൃദയവും നിലച്ചു…!

നേരം വെളുത്തു തുടങ്ങി… ചുവന്ന പട്ടുപുടവ കൊണ്ട് അവളെ അണിയിച്ചു.. കണ്ണെഴുതി.. ചുണ്ട് ചുവപ്പിച്ചു… മുല്ലപ്പൂ വെച്ചു…

നനഞ്ഞ മണ്ണിന്റെ ആഴത്തിലേക്ക് അവളുടെ പാദങ്ങൾ പതിച്ചു… കുഴിക്കിരു വശവും വിറകടുക്കി.. ചുറ്റിനും വൈക്കോൽ കൊണ്ട് പൊതിഞ്ഞു… ശേഷം ചിത കൊളുത്തി…….

അവിടെ.., മരണത്തിന്റെ കൈകളിൽ ‘അവൾ’ പൂർണ്ണയായി…….

അടുത്തുള്ള കടൽക്കരയിലേക്ക് നായിക് നയിക്കുന്ന ഘോഷയാത്രയുടെ ആരവങ്ങൾ അപ്പോൾ അവളുടെ ചിതയിൽ നിന്നുവന്ന പുകയോടൊപ്പം ആകാശത്തിലേക്കുയർന്നു പൊങ്ങുന്നുണ്ടായിരുന്നു ………..,

(അവസാനിച്ചു)

വിധിയെ പൊരുതി ജയിച്ചു സ്വന്തം സ്വത്വം വീണ്ടെടുത്തവരെക്കുറിച്ചേ നമ്മൾ കേട്ടിട്ടുള്ളു… അജ്ഞത കൊണ്ട് ഇത്തരം ചതികളിൽ പെട്ട് ജീവൻ പോലും ഹോമിച്ചവരുടെ കഥകൾ നമ്മളറിയുന്നില്ല…

എന്തുകൊണ്ടാണ് ലിംഗമാറ്റ ശസ്ത്രക്രിയ അവരുടെ ജീവിതലക്ഷ്യമാവുന്നത്…??? അത്തരം ആളുകളോടുള്ള നമ്മുടെ അവഗണന., പരിഹാസം

ഇവരെ കേന്ദ്രീകരിച്ചു വളരെ വലിയ സാമ്പത്തിക ചൂഷണങ്ങൾ നടക്കുന്നുണ്ട്… ലിംഗമാറ്റ ശാസ്ത്രക്രിയക്ക് ചിലവാകുന്ന വലിയ തുക താങ്ങാനാവാതെ, അവർ അന്യസംസ്ഥാനത്തുള്ള ആളുകളുടെ അടുത്തെത്തുന്നു… അവരാകട്ടെ തുച്ഛ മായ ചിലവിൽ അതു ചെയ്തു കൊടുത്ത് അവരെ അടിമകളെപ്പോലെ വെച്ച് ഭിക്ഷാടനവും ലൈംഗിക വൃത്തിയും ചെയ്യിപ്പിച് അവരിൽ നിന്ന് വലിയ സാമ്പത്തിക ലാഭം കൊയ്യുന്നു… ചിലരാകട്ടെ വളരെ ദയനീയമായി മരിച്ചു പോവുകയാണ്…

നമ്മൾ നൽകുന്ന ഇത്തിരി പരിഗണന, സ്നേഹം മാത്രം മതിയവർക്ക്…. ഭിന്നലിംഗമായിക്കണ്ടു മാറ്റിനിർത്താതെ മനുഷ്യരായിക്കണ്ടു ചേർത്തു പിടിക്കുക ❤️🙏

യൂട്യൂബിൽ കണ്ട ഒരു വീഡിയോയിൽ നിന്നും കടമെടുത്ത ആശയം… പരിമിത മായ അറിവുകൾ വെച്ചെഴുതിയത്…

തെറ്റുകൾ ക്ഷമിക്കണം… 🙏

Related Posts

Leave a Reply

Your email address will not be published. Required fields are marked *