ഒരിക്കലും അവനെ കാണാൻ ഞാൻ സമ്മതിക്കില്ല അയാളും തിരിച്ച് അതേ വാശിയിൽ പറഞ്ഞു. അവനെ കാണരുതെന്ന് പറയാൻ നിങ്ങൾക്ക്എന്താണ് അവകാശം ഞാൻ അവൻ്റെ അമ്മയാണ് നിങ്ങൾ അവനാരാണ്…..

കർമ്മബന്ധം

എഴുത്ത് നിഷ സുരേഷ്കുറുപ്പ്

 ഉന്തുവണ്ടിയിൽ പച്ചക്കറികൾ വീടുകൾ തോറും കൊണ്ട് നടന്ന് വിറ്റാണ് മഹാദേവൻ ജീവിക്കുന്നത്. അയാൾ മകനെയും ആ വണ്ടിയിൽ ഇരുത്തിയാണ്  കച്ചവടത്തിന് ഇറങ്ങുന്നത്. രണ്ട് വയസ് മാത്രമുള്ള അവനെ വീട്ടിൽ ഒറ്റയ്ക്കിരുത്തിയിട്ട് വരാൻ പറ്റാത്ത സാഹചര്യം ആയതിനാലാണ് കൂടെ കൊണ്ട് നടക്കുന്നത്. വീട്ടുകാർക്കെല്ലാം മഹാദേവനെ കാര്യമാണ്. അയാൾ  മകനെയും കൊണ്ട്  ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കണ്ടിട്ട് അവിടെയുള്ള വീട്ടുകാരിൽ ചിലർ അവരുടെ വീട്ടിൽ നിർത്തിയിട്ട് കച്ചവടത്തിന പോകാൻ പറയും എന്നാൽ മഹാദേവൻ അത് കേൾക്കില്ല. അയാൾക്ക് മകൻ എപ്പോഴും അടുത്ത് വേണം. അവനെയും ഉന്തുവണ്ടിയിൽ ഇരുത്തി അയാൾ അവനെ കൊഞ്ചിച്ച് അങ്ങനെ നടക്കും…..

മകൻ ഹരിയായിരുന്നു മഹാദേവന്റെ ലോകം. ഉറങ്ങുന്നത് പോലും കുഞ്ഞ് അയാളുടെ നെഞ്ചിൽ കിടന്നാണ്. കച്ചവടത്തിന് പോകുന്ന വീട്ടിലെ സ്ത്രീകളെല്ലാം ആദ്യം ചോദിക്കുമായിരുന്നു. എന്താ എപ്പോഴും കുഞ്ഞിനെയും കൊണ്ട് നടക്കുന്നേ  വേറെ ആരും കൂട്ടിന് ഇല്ലെ കുഞ്ഞിന്റെ അമ്മ എവിടെ എന്നെല്ലാം. അതിനു ഉത്തരമായി അയാൾ പറയും. അവന്റെ അമ്മ ജീവിച്ചിരിപ്പില്ല. എനിക്ക് മോനും മോന് ഞാനും മാത്രമേയുള്ളു. സ്ത്രീകൾ പാവം അയാൾ തനിയെ  കഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് സഹതപിക്കും. പിന്നെയൊരിക്കൽ അതിലൊരു സ്ത്രീ ചോദിച്ചു. മറ്റൊരു വിവാഹം കഴിച്ചു കൂടെയെന്ന് . അത് വേണ്ട മോനെ അവർ നേരെ നോക്കിയില്ലെങ്കിലോ എന്ന് ചിരിച്ചു കൊണ്ടയാൾ പറഞ്ഞു. മകന് അപ്പുറം അയാൾക്കു ഒന്നുമില്ല.

ഹരി കുറച്ചു കൂടി വലുതായപ്പോൾ അടുത്തുള്ള മുന്തിയ  സ്കൂളിൽ തന്നെ അവനെ അയാൾ ചേർത്തു. എല്ലാവരും ചോദിച്ചു. അവിടെ പഠിപ്പിക്കാൻ എന്ത് ചെലവാണെന്നറിയാമോ മഹാദേവനെ കൊണ്ട് സാധിക്കുമോ എന്ന്. അപ്പോഴും ഒരു ചിരിയോടെ മഹാദേവൻ പറയും പറ്റുന്നെടു ത്തോളം ഞാൻ അവനെ പഠിപ്പിക്കും. എനിക്ക് ആരോഗ്യമുണ്ടല്ലോ അധ്വാനിക്കാൻ അവൻ പഠിച്ചു വലിയവൻ ആകട്ടെ. സ്കൂളിൽ ആദ്യമായി പോകുന്ന ദിവസം മഹാദേവൻ അവനെ കുളിപ്പിച്ചൊരുക്കി  നിർത്തിയിട്ട് നെറ്റിയിൽ ഉമ്മയും കൊടുത്ത് കൊണ്ട് പറഞ്ഞു.

“മോൻ നന്നായി പഠിച്ചു മിടുക്കനാവണം കേട്ടോ “. “ഞാൻ പഠിക്കാമേ എന്നിട്ട് അച്ഛനെ നോക്കാമേ ” കുഞ്ഞ് നിഷ്കളങ്കനായി ഉടനെ മറുപടിയും പറഞ്ഞു. മഹാദേവൻ അത് കേട്ട് സന്തോഷത്താൽ  അവന് തുരു തുരെ ഉമ്മകൾ നല്കി.

ആദ്യത്തെ ദിവസം അയാൾ തന്നെ മകനെ കൊണ്ടു ആക്കാൻ പോയി . പിറ്റേന്ന് മുതൽ സ്കൂൾ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന്റെ ഗേറ്റ് കടന്നതും ഹരിയുടെ ഭാവം മാറി. അവൻ കരയാൻ തുടങ്ങി. ഒരു വിധം സമാധാനിപ്പിച്ച് ക്ലാസിൽ കൊണ്ടിരുത്തി. തിരിഞ്ഞ് നടന്ന മഹാദേവന്റെ പുറകെ അവൻ ഓടി.

“ഞാനും വരുന്നച്ഛാ “

ടീച്ചർ അവനെ പിടിച്ചു  ചേർത്തു നിർത്തി. ” പൊയ്ക്കോളൂ കുറച്ച് ദിവസം കഴിയുമ്പോൾ മാറും ആദ്യമൊക്കെ ഇങ്ങനെ തന്നെയാന്ന് ” ടീച്ചർ മഹാദേവനെ ആശ്വസിപ്പിച്ചു.. അയാൾ തിരിഞ്ഞു നടന്നു.

“എന്നെ കൂടി കൊണ്ടു പോ അച്ഛാ ” പുറകിൽ എങ്ങലടിക്കുന്ന  ഹരിയുടെ  ശബ്ദം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. അന്ന് കച്ചവടത്തിന് പോയ അയാൾ മൗനിയായിരുന്നു. ഹരി ഇല്ലാതെ അയാൾക്ക് ശൂന്യത തോന്നി. എല്ലാവരും കളിയാക്കി.

“കുട്ടികളായാൽ അവര് പഠിക്കാൻ പോകും. ഇനിയും കാലം കഴിയുമ്പോൾ അവർക്ക് ജോലിയും തിരക്കുമാകും അങ്ങനെയാണല്ലോ പതിവ് “.

അയാൾ ഒന്നും പറയാതെ വണ്ടി ഉരുട്ടി മുന്നോട്ട് നടന്നു.സ്കൂൾ വിട്ട് വന്നിട്ടും ഹരി കരച്ചിൽ ആയിരുന്നു. അച്ഛനെ കാണാതെ ഒറ്റയ്ക്ക് ഇരുന്നുവെന്നും അച്ഛൻ എന്തിനാ ഇട്ടിട്ടു പോയതെന്നും  പറഞ്ഞവൻ സങ്കടപ്പെട്ടു.

“പഠിച്ച് മിടുക്കനാവാനല്ലേ മോന് അച്ഛൻ നാളെ നല്ല കുട്ടിയായി പോയിട്ട് വന്നാൽ മിഠായി വാങ്ങി തരാം  കേട്ടോ ” ഹരിയെ മടിയിലിരുത്തി മഹാദേവൻ ആശ്വസിപ്പിച്ചു . ഹരി സമ്മതിക്കുന്ന മട്ടിൽ തലയാട്ടി… അപ്പോഴും അയാളുടെ മിഴികൾ അറിയാതെ നിറഞ്ഞു. പതിയെ പതിയെ ഹരി സ്കൂളുമായി ഇഴുകി ചേർന്നു. ചിരിച്ചും കളിച്ചും  പഠിച്ചും ആ അച്ഛനും മോനും ഓരോ ദിനവും മുന്നോട്ട് പോയി

മകനെ പഠിപ്പിക്കാൻ വേണ്ടി അയാൾ വീണ്ടു ഏറെ ദൂരം കച്ചവടത്തിനായി പോയി. വണ്ടി ഉരുട്ടി ഉരുട്ടി അയാൾ ക്ഷീണം മറന്ന് അദ്ധ്വാനിച്ചു. മകൻ വാശിയോടെ പഠിച്ചു. എല്ലാ ക്ലാസിലും ഒന്നാമനായി . വർഷങ്ങൾ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു . ഒടുവിൽ അവൻ എക്സാം എഴുതി മെരിറ്റിന്റെ അടിസ്ഥാനത്തിൽ മെഡിസിന് അഡ്മിഷൻ നേടി. കഷ്ടപ്പാടിന്റെ ഫലമായി അവൻ ന്യൂറോളജി ഡോക്ടർ ആയി. പല പല ഹോസ്പിറ്റലിലും ജൂനിയർ ആയി വർക്ക് ചെയ്ത് ഒടുവിൽ സിറ്റിയിലെ പേരുകേട്ട ഹോസ്പിറ്റലിൽ ന്യൂറോളജി വിഭാഗത്തിലെ മെയിൻ ഡോക്ടറായി ജോയിൻ ചെയ്തു.

  കാലിൽ തൊട്ടനുഗ്രഹം വാങ്ങിച്ചവൻ അച്ഛനോട് പറഞ്ഞു “ഇനി മുതൽ  അച്ഛൻ വിശ്രമിക്കണം എല്ലാത്തിനും ഞാനുണ്ടല്ലോ എനിക്ക് വേണ്ടി എന്ത് മാത്രം കഷ്ടപ്പെട്ടിരിക്കുന്നു . ഇനിയുള്ള കാലം അച്ഛൻ വിശ്രമിക്കണം എല്ലാം ഞാൻ നോക്കിക്കോളാം “മഹാദേവൻ അതിയായ സന്തോഷത്തോടെ അവനെ ഹരിയെ കെട്ടിപ്പിടിച്ചു.

“അച്ഛന്റെ കഷ്ടപ്പാടിനു ഫലം കണ്ടല്ലോ അത് മതി. എങ്കിലും വെറുതെ ഇരിക്കാൻ അച്ഛനു വയ്യ. ആരോഗ്യം ഉള്ളിടത്തോളം അധ്വാനിക്കാം. മോന് അച്ഛൻ ഈ ജോലിക്ക് പോകുന്നത് കുറച്ചിലായി തോന്നുന്നുണ്ടോ ” .

“ഇല്ല അച്ഛാ ഞാൻ ഇന്ന് ഇവിടെ വരെ എത്തിയത് അച്ഛന്റെ ഈ ജോലി കൊണ്ടല്ലേ എനിക്കെങ്ങന കുറച്ചിൽ വരാനാണ്. എന്നാലും അച്ഛൻ ഇനിയും ആരോഗ്യം നോക്കാതിരുന്നാൽ എങ്ങനെയാ ?വെയിലും മഴയുമൊക്കെ കൊണ്ട് ….. സാരമില്ല നമ്മൾക്ക് വഴിയുണ്ടാക്കാം “അച്ഛനെ നോക്കി ഹരി കണ്ണടച്ചു കാട്ടി. മഹാദേവനും ചിരിച്ചു.

കാലങ്ങൾ പോകവെ ഹരി വീടു പണിതു . അച്ഛന് പച്ചക്കറികളും , പഴങ്ങളും   വില്ക്കുന്ന കടയിട്ടു കൊടുത്തു. മഹാദേവന് ഒരു പാട്  സന്തോഷമായി.  എല്ലാം നല്ല രീതിയിൽ  പൊയ്ക്കൊണ്ടിരുന്നപ്പോൾ മഹാദേവൻ കടയിൽ നല്ല തിരക്കുമായി നിന്ന ദിവസം ഒരു സ്ത്രീ അയാളെ തേടി വന്നു. പച്ചക്കറി വാങ്ങിയ ആളിൽ നിന്ന് പൈസ വാങ്ങി കൊണ്ടിരുന്ന അയാളോട് ആ സ്ത്രീ ചോദിച്ചു

” മഹാദേവൻ അല്ലെ “.മനസിലാകാതെ  അവരുടെ മുഖത്തേക്ക്   ആരാന്നുള്ള അർത്ഥത്തിൽ അയാൾ നോക്കി. പിന്നെ അറിയാതെ അയാളിൽ ഒരു ഞെട്ടൽ ഉണ്ടായി.

” ദേവിക ഹരിയുടെ അമ്മ “

അയാൾ ഉറക്കെ പറഞ്ഞു പോയി. അയാളെ സഹായിക്കാൻ കടയിൽ രണ്ട് പയ്യൻമാർ കൂടിയുണ്ട് അവരിരുവരും പെട്ടന്ന് നോക്കി. സ്ഥലകാല ബോധം വന്ന മഹാദേവൻ

“എന്താ ഇപ്പോൾ വേണ്ടതെന്ന് ആ സ്ത്രീയോട് ചോദിച്ചു.

“എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് “

“എനിക്ക് നിങ്ങളോട് ഒന്നും പറയാനോ കേൾക്കാനോ ഇല്ല “

മഹാദേവനിൽ ദേഷ്യം നിറഞ്ഞു. “കേൾക്കാതെ എന്റെ മകനെ കാണാതെ ഞാൻ ഇവിടുന്നു പോകില്ല “ദേവിക വാശിയോടെ പറഞ്ഞു.

“ഒരിക്കലും അവനെ കാണാൻ ഞാൻ സമ്മതിക്കില്ല ” അയാളും തിരിച്ച് അതേ വാശിയിൽ പറഞ്ഞു. “അവനെ കാണരുതെന്ന് പറയാൻ നിങ്ങൾക്ക്എന്താണ് അവകാശം ഞാൻ അവൻ്റെ അമ്മയാണ് നിങ്ങൾ അവനാരാണ് “

ആ ചോദ്യം മഹാദേവന്റെ നെഞ്ചിൽ തറച്ചു. ഒന്നും പറയാൻ കഴിയാതെ അയാൾ കസേരയിൽ ഇരുന്നു. ദേവിക  ശാന്തമായി അപേക്ഷയോടെ പിന്നെ  പറഞ്ഞു. “എനിക്ക് അവനെ കണ്ടാൽ മതി. ദയവു ചെയ്ത് അനുവദിക്കണം “. മഹാദേവൻ തറഞ്ഞിരുന്നു … അയാളുടെ ഓർമകൾ ആ ഗ്രാമത്തിൽ ചെന്നു നിന്നു.

മഹാദേവനും പ്രസാദും സുഹൃത്തുക്കളായിരുന്നു. പ്രസാദിന് മുബൈയിൽ ഒരു കമ്പനിയിൽ ആണ് ജോലി. മഹാദേവൻ ജോലിയൊന്നും ആകാതെ അടുത്തുള്ള ഒരു കടയിൽ സഹായിയായി നില്ക്കുന്ന സമയം. പ്രസാദ് ലീവിന് വരുമ്പോൾ പിന്നെ ആഘോഷമാണ്. അത്രയും അടുത്ത സുഹൃത്തുക്കളാണവർ. പ്രസാദിന്റെ വിവാഹം കഴിഞ്ഞു. ദേവിക അതായിരുന്നു അവളുടെ പേര്. ദേവികക്ക് തുടക്കം മുതലേ പ്രസാദിന്റെ അമ്മയെ ഇഷ്ടമല്ല. തൊട്ടത്തിനും പിടിച്ചതിനുമെല്ലാം അവൾ വഴക്കുണ്ടാക്കും.  പ്രസാദ് ആകെ വിഷമാവസ്ഥയിലായി  . അമ്മ സഹോദരിയുടെ വീട്ടിൽ പോയി നില്ക്കാം എന്ന് വിചാരിച്ചാലും പ്രസാദ് ജോലി സ്ഥലത്ത് പോയി കഴിഞ്ഞാൽ പിന്നെ ദേവിക ഒറ്റയ്ക്കാവും . പ്രസാദിന്റെ അമ്മ ദേവികയെ  കൊണ്ട് പൊറുതി മുട്ടി ഒടുവിൽ അയാളോട് പറഞ്ഞു.
“ഞാൻ മോളുടെ വീട്ടിൽ പോയി നില്ക്കാം. നീ ദേവികയെ കൂടി ജോലി സ്ഥലത്ത് കൊണ്ട് പോകണം ” .താമസിയാതെ പ്രസാദ് ദേവികയെ അവന്റെ കൂടെ കൊണ്ട് പോയി. അതിനിടയിൽ ദേവിക ഗർഭിണി ആവുകയും പ്രസവത്തിന് അവളുടെ വീട്ടിൽ വന്ന് അത് കഴിഞ്ഞു തിരിച്ചു പോകുകയും ചെയ്തു…..

 കുഞ്ഞിന് രണ്ട് വയസാകാറായ ഒരു ദിവസം രാത്രി ഒറ്റക്ക് താമസിക്കുന്ന മഹാദേവന്റെ വീട്ടിന്റെ വാതിലിൽ പ്രസാദ് മുട്ടി വിളിച്ചു. പരിഭ്രാന്തനായി എല്ലാം തകർന്നവനെ പോലെ നിൽക്കുന്ന പ്രസാദിനോട് എന്ത് പറ്റിയെന്ന് ആവലാതിയോടെ മഹാദേവൻ ചോദിച്ചു. പ്രസാദ് തളർന്ന ശബ്ദത്തിൽ പറഞ്ഞു

” ദേവിക അവൾ പോയി. അടുത്ത് താമസിക്കുന്ന മലയാളിയായ ഒരുത്തൻ ഉണ്ടായിരുന്നു . മലയാളി ആയത് കൊണ്ട് പ്രസാദുമായി അടുപ്പമായിരുന്നു. അയാളുടെ അച്ഛനും അമ്മയുമൊക്കെ നാട്ടിലാണ്. ദേവിക അവനുമായി അടുത്തു. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല ഇന്നലെ കത്തും എഴുതി വെച്ചിട്ടവൾ പോയി. മോനെ പോലും അവൾ ഓർത്തില്ലല്ലോ “. പ്രസാദ് മഹാദേവന്റെ ചുമലിലേക്ക് ചാഞ്ഞു.പൊട്ടിക്കരയുന്ന പ്രസാദിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ മഹാദേവൻ വലഞ്ഞു. കുഞ്ഞ് മഹാദേവനെ നോക്കി പിന്നെ പ്രസാദിന്റെ തോളിലേക്ക് ചാഞ്ഞ് കിടന്ന് അവ്യക്തമായ ഭാഷയിൽ അമ്മാ അമ്മാ എന്ന് പറയുന്നുണ്ടായിരുന്നു.?ഏറെ നേരം കുനിഞ്ഞിരുന്ന് നിശബ്ദനായി കരഞ്ഞ ശേഷം പ്രസാദ് ചാടി എഴുന്നേറ്റു .

“എനിക്ക് പോകണം എനിക്ക് പോയേ പറ്റൂ ” എന്നാവർത്തിച്ചു.?”നീ എന്താ പറയുന്നെ എവിടെ പോകാൻ ” മഹാദേവൻ അവനെ സമാധാനിപ്പിച്ചു കൊണ്ടു പിടിച്ച് ഇരുത്താൻ നോക്കി.

“ഇല്ലെടാ ഞാൻ പോയി അമ്മയെ കൂട്ടി വരാം. വീട് അടഞ്ഞു കിടക്കുവല്ലേ ഞാൻ അവിടത്തെ ജോലി മതിയാക്കി ഇവിടെ നില്ക്കാൻ  പോണു “

” അതൊക്കെ ശരിയാ നേരം വെളുത്തിട്ട് പോയാൽ പോരെ “?” ഇല്ല ഇപ്പോൾ തന്നെ പോണം “അവൻ
ധൃതി പിടിച്ചു.തടയാൻ കഴിയാതെ നിന്ന മഹാദേവന്റെ കൈയ്യിലേക്ക് മകനെ നീട്ടി . അമ്പരപ്പോടെ മഹാദേവൻ പ്രസാദിനെ നോക്കി

“നീയെന്താ കുഞ്ഞിനെ കൊണ്ട് പോണില്ലേ. നിനക്ക് രാവിലെ പോയി കുഞ്ഞിനെ അമ്മയെ ഏല്പിച്ചു ജോലി സ്ഥലത്തെ കാര്യങ്ങളും സെറ്റിൽ ചെയ്ത് പിന്നെ ഇങ്ങോട്ട് താമസത്തിന് വന്നാൽ പോരെ “. “അതൊന്നും പറ്റില്ല ഞാനിപ്പോൾ പോയിട്ടു വരാം. നീ അത് വരെ എന്റെ മോനെ നോക്കണം. നീ ഇവനെ നോക്കില്ലേ “പ്രസാദിന്റെ കണ്ണുകളിൽ അപേക്ഷാ ഭാവം നിറഞ്ഞു നിന്നു .

ഒന്നും എതിർത്തു പറയാൻ കഴിയാതെ മഹാദേവൻ കുഞ്ഞിനെ വാങ്ങി. കുഞ്ഞ് ഉറക്കെ കരഞ്ഞു. പ്രസാദ് അവനെ തുരുതുരെ ചും ബിച്ചു. “അച്ഛൻ പോയിട്ട് വരാം മോന് മാമൻ ഉണ്ട് കേട്ടോ “?അവൻ പതിയെ പുറത്തേക്ക് നടന്നു. ഒലിച്ചിറങ്ങിയ കണ്ണുനീരുമായി . ഒരെത്തും പിടിയുമില്ലാതെ മഹാദേവൻ കരയുന്ന കുഞ്ഞുമായി നിന്നു. പിറ്റേന്ന് മഹാദേവനെ തേടി വന്നത് ഒരു മരണ വാർത്തയാണ്. പ്രസാദ് സ്വന്തം വീട്ടിൽ തൂ ങ്ങി മരിച്ചു. അവൻ കത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു.

” ചതിക്കപ്പെട്ട ഈ ലോകത്ത് എനിക്ക് ജീവിക്കണ്ട. അവൾക്കും കുഞ്ഞിനും വേണ്ടിയാണ് ഞാൻ കഷ്ടപ്പെട്ടത്. ഒടുവിൽ ഇങ്ങനെ ഒരു വഞ്ചന പ്രതീക്ഷിച്ചില്ല. മകനെ കുറിച്ച് ഓർക്കുമ്പോഴാണ് ആധി. വയസായ സുഖമില്ലാത്ത അമ്മയ്ക്കും സ്വന്തം കുടുംബവുമായി ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന പെങ്ങൾക്കും അവനെ നോക്കാൻ കഴിയില്ല. ഞാൻ എന്റെ മോനോട് ചെയ്യുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. അവനോട് പറയണം അച്ഛനു മാപ്പു തരാൻ . എന്റെ ചങ്ങാതി മഹാദേവനോട് പറയണം എന്റെ മകനെ സംരക്ഷിക്കാൻ . നാളെ മഹാദേവന് അവൻ ബാദ്ധ്യതയായാൽ അവനെ അനാഥാലയത്തിൽ ഏല്പിക്കണം ഒരിക്കലും അവനെ അവന്റെ അമ്മയെ ഏല്പിക്കരുത്. സ്വന്തം സുഖത്തിനു വേണ്ടി കുഞ്ഞിനെ മറന്ന് പോയ അവളെ കുറിച്ച് മോൻ അറിയാൻ പോലും ഇടവരരുത് . മഹാദേവാ എന്റെ മോൻ …അവന് നീയേ ഉള്ളൂ  “… ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. കുഞ്ഞും കത്തും മഹാദേവന്റെ കൈയ്യിലിരുന്ന് വിറങ്ങലിച്ചു.

കാര്യങ്ങളൊക്കെ നാട്ടിൽ മുഴുവൻ പാട്ടായി. എല്ലാവരും അവളിത് ചെയ്തല്ലോ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ എന്നെല്ലാം പറഞ്ഞ് സഹതപിക്കുകയും ദേവികയെ കുറ്റപ്പെടുത്തി . രണ്ട് മാസത്തോളം അമ്മ മഹാദേവന്റെ കൂടെ പ്രസാദിന്റെ വീട്ടിൽ നിന്നു. പിന്നെ സഹോദരി അമ്മയെ കൂട്ടി കൊണ്ട് പോകാൻ വന്നു. അവരുടെ ജീവിത സാഹചര്യങ്ങൾ കുഞ്ഞിനെ കൂടിനോക്കാൻ പറ്റുന്നതായിരുന്നില്ല അമ്മ തന്നെ ഭർത്താവിന്റെ വീട്ടിൽ ഒരു ബാധ്യതയാണെന്നും   മറ്റൊരു പോംവഴിയും ഇല്ലാത്തതുകൊണ്ടാണ്  അമ്മയെ കൂടി കൊണ്ടുപോകുന്നതെന്നും സഹോദരി നിസഹായയായി പറഞ്ഞു … കുഞ്ഞിനെയും കൊണ്ട് വിഷമിച്ചു നിന്ന  അമ്മയോടും സഹോദരിയോടും മഹാദേവൻ പറഞ്ഞു ഒന്നു കൊണ്ടുo പേടിക്കേണ്ട കുഞ്ഞിനെ ഞാൻ നോക്കിക്കോളാം .എൻ്റെ കൂട്ടുകാരൻ എന്നെ ഏൽപ്പിച്ച ദൗത്യമാണിത്. ഇനിയുള്ള എൻറെ ജീവിതം ഇവന് വേണ്ടി ആയിരിക്കും .കുഞ്ഞിനെ വാങ്ങി മഹാദേവൻ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കുഞ്ഞ് കൂടുതൽ ഒട്ടി അവനോട് ചേർന്നിരുന്നു …..

   ആ നാട്ടിൽ പിന്നെ നിൽക്കാൻ മഹാദേവന് തോന്നിയില്ല .കാരണം വലുതായി  വരുമ്പോൾ ഹരി  അറിയും മഹാദേവൻ അവന്റെ വളർത്തച്ഛനാണെന്ന് . പിന്നെ അവന്റെ അമ്മയെ കുറിച്ചുള്ള കഥകളും .വേറെ കെട്ടുപാടുകളോ ബാദ്ധ്യതകളോ ഒന്നും ഇല്ലാത്ത മഹാദേവൻ അവിടെ നിന്ന് കുഞ്ഞുമായി ഇറങ്ങി. അങ്ങനെയാണ് ഇവിടെയെത്തപ്പെട്ടതും പച്ചക്കറി കച്ചവടമായി ജീവിതം തുടങ്ങിയതും.മഹാദേവന് ഹരി ജീവനായിരുന്നു മറ്റെന്തിനേക്കാളും . അതുകൊണ്ടുതന്നെ അയാൾ മറ്റൊരു വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചില്ല. അത്രയും സ്നേഹിച്ചയാൾ വളർത്തിയ മകനെ അവകാശം പറഞ്ഞു ദേവിക വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മഹാദേവൻ ആശങ്കപ്പെട്ടു.

അന്ന് രാത്രി നിശബ്ദനായി ഇരിക്കുന്ന അച്ഛനോട് ഹരി ചോദിച്ചു “എന്തുപറ്റി ഇന്ന് എന്തോ ടെൻഷൻ ഉണ്ടല്ലോ “?

“ഒന്നുമില്ല ” അയാൾ ഒഴിയാൻ നോക്കി . രാത്രിയിൽ ആഹാരം ഇറങ്ങാതെ കഴിക്കുന്നത് മതിയാക്കി മഹാദേവൻ എഴുന്നേറ്റു . ഹരി അയാളെ വിടാൻ ഭാവമില്ലായിരുന്നു. ” സത്യം പറയച്ഛാ എന്താ ഉണ്ടായത് “

ഒന്നും പറയാൻ കഴിയാതെ മഹാദേവൻ അവനെ നോക്കി നിന്നു .അയാളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഹരി കണ്ടു. ആ സമയത്താണ് മഹാദേവന്റെ ഫോൺ ബെല്ലടിച്ചത്.?മറു തലയ്ക്കൽ  ദേവിക ആയിരുന്നു

” എന്തായി മോനോട് ഞാൻ വന്ന കാര്യം പറഞ്ഞോ? നാളെ ഞാൻ അവനെ കാണാൻ വരുന്നുണ്ടെന്ന് അറിയിച്ചോ ?.ഒന്നും പറയാൻ കഴിയാതെ കഷ്ടപ്പെടുന്ന മഹാദേവനെ കണ്ടു ഹരി ആംഗ്യഭാഷയിൽ ആരാന്ന് ചോദിച്ചു.

എന്നിട്ടും ഒന്നും പറയാതെ മഹാദേവൻ നിന്ന് കുഴയുന്നത് കണ്ടപ്പോൾഹരി അച്ഛൻറെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി .’ ഞാൻ ഹരിയാണ് മഹാദേവന്റെ മകൻ ആരാണ് സംസാരിക്കുന്നത് “

കുറച്ചുനേരത്ത നിശബ്ദതയ്ക്കുശേഷം മറുവശത്ത് നിന്ന് ഒരു ഏങ്ങലടി ശബ്ദം ഹരി കേട്ടു.
അതോടൊപ്പം മോനേ എന്നുള്ള വിളിയും. അന്ധാളിച്ച്  ഹരി അച്ഛനെ നോക്കി മഹാദേവൻ അവന്റെ നോട്ടത്തെ നേരിടാൻ കഴിയാതെ തലകുനിച്ചു. വീണ്ടും അപ്പുറത്ത് നിന്ന് മോനേ എന്നുള്ള കരച്ചിൽ തുടർന്നുകൊണ്ടിരുന്നു. നിങ്ങൾ എൻ്റെ അമ്മയാണോ ” ഹരി ആ ശബ്ദത്തിനുടമയോട് ചോദിച്ചു .
അതെ ഞാൻ നിന്റെ അമ്മയാണ് ഇന്ന്  ഞാൻ നിന്നെ കാണാൻ വന്നിരുന്നു. നാളെ ഞാൻ വീണ്ടും വരും “. അവർ അറിയിച്ചു. “അമ്മയ്ക്ക് മോനെ കാണണം ഒത്തിരി സംസാരിക്കണം അമ്മയ്ക്ക് മാപ്പ് തരണം ‘കരഞ്ഞു കൊണ്ടേയിരുന്നു .

ഹരി ഒന്നും മനസ്സിലാവാതെ കുറച്ചു നേരത്തിനുശേഷം ഫോൺ കട്ട് ചെയ്തു.

എന്നിട്ട് മഹാദേവനോട് ചോദിച്ചു ” സത്യം പറയച്ഛാ എൻ്റെ അമ്മ ജീവിച്ചിരിപ്പുണ്ടോ ? എങ്കിൽ പിന്നെ അച്ഛൻ എന്തിനാണ് അമ്മ മരിച്ചുപോയെന്ന് കള്ളം പറഞ്ഞത് ?അമ്മയിൽ നിന്ന് എന്നെ അകറ്റിയത് എന്തിനാണ് “? ഉത്തരം കിട്ടാത്ത നൂറ് ചോദ്യങ്ങൾ ഹരി മഹാദേവനോട് ചോദിച്ചു  . ഒന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല എന്ന് മഹാദേവന് മനസ്സിലായി. അയാൾ വർഷങ്ങളായി താൻ സൂക്ഷിച്ചിരുന്ന  കത്ത് ഒരു പിടച്ചിലോടെ ഹരിയെ ഏല്പ്പിച്ചു. അന്താളിപ്പോടെ  ഒന്നും മനസ്സിലാവാത്ത ഹരി മഹാദേവനെ സൂക്ഷിച്ചു നോക്കിയിട്ട് വരികൾ വായിച്ചു. ഓരോ വരികളും അവന്റെ നെഞ്ചിനെ കീറി മുറിച്ചു. അവനിൽ ഞെട്ടലും സങ്കടവും എല്ലാം ഒരുമിച്ച് ഉണ്ടായി. ഇത്രയും നാൾ ഞാൻ അച്ഛൻ എന്ന് വിശ്വസിച്ചയാൾ തന്റെ അച്ഛനല്ല. അത് അവന് ഉൾക്കൊള്ളാൻ പറ്റുന്നതിനുമപ്പുറം ആയിരുന്നു . തന്റെ അച്ഛൻ മരിച്ചുപോയി .അമ്മ തന്നെ ഉപേക്ഷിച്ചു പോയി..  ഓർത്ത് ഓർത്ത് അവന്റെ കൈയിലിരുന്ന് കത്ത് വിറങ്ങലിച്ചു.

ഏറെനേരം ഹരിക്കും മഹാദേവനും ഇടയിൽ മൗനം തളംകെട്ടി .?ഒടുവിൽ മഹാദേവൻ മോനെ എന്ന് വിളിച്ചു കൊണ്ട് അവന്റെ  തോളിൽ കൈവെച്ചു “നീ എൻറെ മകനാണ് എന്റെ മാത്രം “

ആ അച്ഛൻ വിതുമ്പുന്നുണ്ടായിരുന്നു.

മഹാദേവന് നല്ല  പേടിയുണ്ട് ഹരി തന്നെ വിട്ടു പോകുമോയെന്ന്. അത്രത്തോളം അവൻ്റെ കാര്യത്തിൽ അയാൾ സ്വാർത്ഥൻ ആയിരുന്നു. ഹരി അച്ഛന്റെ  കൈയ്യിൽ പിടിച്ചിട്ട് ദൃഢമായി പറഞ്ഞു?”നാളെ എന്തായാലും അവർ വരട്ടെ . എന്താ പറയാനുള്ളത് എന്ന് കേൾക്കാല്ലോ “?കൂടുതൽ സംസാരത്തിന് നിൽക്കാതെ ഹരി തൻ്റെ റൂമിലേക്ക് പോയി .അവന്റെ മനസ്സ് നിറയെ കേട്ടത് വിശ്വസിക്കാനാകാത്ത ഒരുതരം മരവിപ്പ് ആയിരുന്നു . എന്നാൽ ഉറങ്ങാൻ കിടന്ന മഹാദേവന് തൻ്റെ മകൻ തന്നെ വിട്ടു പോകുമോ ? അമ്മയല്ലേ പോകാതിരിക്കാൻ അവന് കഴിയുമോ ? നൂറ് ചോദ്യങ്ങൾ അയാൾ സ്വയം ചോദിച്ചു ആ രാത്രി കഴിച്ചു കൂട്ടി…

    പിറ്റേന്ന് ഹരി ഹോസ്പിറ്റലിൽ പോയില്ല രാവിലെതന്നെ ദേവിക അവിടേക്ക് എത്തി. വന്നപാടെ ഹരിയെ കണ്ടവർ ഓടി അടുത്തേക്ക് ചെന്നു.  വികാര വിക്ഷോപത്താൽ അവനെ നോക്കി

“എന്റെ മോൻ …മോനേ …  ദേവിക അവന്റെ മുന്നിൽ കൈകൂപ്പി

“എന്നോട് ക്ഷമിക്കണം  ചെറിയ പ്രായത്തിലെ  മോനെ ഉപേക്ഷിച്ചു പോയ പാപിയാണ് ഞാൻ .സ്നേഹം മാത്രം തന്ന  ഭർത്താവിനെ ച തിച്ചവളാണ് ഞാൻ . എന്നോട് ക്ഷമിക്കണം”.

ഹരി മഹാദേവനെ നോക്കി തകർന്ന ഒരുവന്റെ നിസഹായതയായിരുന്നു ആ മുഖത്ത് .  ഹരി പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും കാണിക്കാത്തതുകൊണ്ട് ദേവിക തുടർന്ന് പറഞ്ഞു.
“ചെയ്ത തെറ്റിനൊക്കെ ഞാൻ ശിക്ഷ അനുഭവിച്ചു. ഞാൻ മോനെ ഉപേക്ഷിച്ച് കൂടെ പോയ ആളിന് ഭാര്യയും മക്കളും ഉണ്ടായിരുന്നു. സ്ത്രീകളെ വ ലവീ ശി  പിടിച്ച് മറിച്ച് വി ൽക്കുന്ന തൊഴിലായിരുന്നു .
ച തിക്കപ്പെട്ടു  എന്നറിഞ്ഞപ്പോൾ രക്ഷപ്പെടാൻ  ഒരുപാട് ശ്രമിച്ചു .പക്ഷേ സാധിച്ചില്ല .അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം  ദുരന്തങ്ങൾ ഞാൻ അനുഭവിച്ചു. ഓരോ നിമിഷവും മോനോടും  അച്ഛനോടും ചെയ്ത തെറ്റിനെ കുറിച്ച് ഓർത്ത് ഞാൻ പശ്ചാത്തപിച്ചു.കുറെനാൾ ജയിലിൽ അടയ്ക്കപ്പെട്ടത് പോലെ അവന്മാരുടെ കീഴിൽ ആയിരുന്നു .പുറത്തിറങ്ങാൻ പോലും പറ്റാതെ .ഒടുവിൽ എൻ്റെ യൗവ്വനം നശിച്ചപ്പോൾ അവരെന്നെ വലിച്ചെറിഞ്ഞു “. അവരാ ഓർമകളിൽ ഒന്നു ശ്വാസം വിട്ടു. പോകാൻ ഇടമില്ലായിരുന്നു ഞാനെന്റെ വീട്ടിൽ പോയിരുന്നു. അവിടുന്ന് എല്ലാവരും എന്നെ ആട്ടിപ്പായിരിക്കുകയാണ് ചെയ്തത്. ഞാനിപ്പോൾ അഗതി മന്ദിരത്തിലാണ് താമസിക്കുന്നത്. അവരുടെ സഹായത്തോടെ മോനെ ഒത്തിരി അന്വേഷിച്ചു.

ഒടുവിൽ  അച്ഛന്റെ സഹോദരിയെ കാണാൻ ഇടയായി അവര് വഴിയാണ് മോനിവിടെ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് “. അത്രയും നേരം എല്ലാം കേട്ടുകൊണ്ട് നിന്ന ഹരിയിൽ അവരോട് പ്രത്യേകിച്ച് സഹതാപമൊന്നും തോന്നിയില്ല . മറിച്ച് അവൻ ചോദിച്ചു

“അതൊക്കെ കഴിഞ്ഞ കാര്യം ഇപ്പോൾ എന്തിനാണ് എന്നെ കാണാൻ  വന്നത് ? ആരും ഇല്ലാതായപ്പോൾ ഞാൻ സ്വീകരിക്കുമെന്ന് വിചാരിച്ചിട്ടാണോ ?

“എനിയ്ക്ക് ഒന്നും വേണ്ട മരിക്കുന്നതിന് മുൻപ് ഒരു പ്രാവശ്യമെങ്കിലും മോനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു ചെയ്ത തെറ്റിനൊക്കെ മാപ്പ് ചോദിക്കണമെന്നും “? ” ശരി പറഞ്ഞു കഴിഞ്ഞില്ല എന്നെ കണ്ടും കഴിഞ്ഞില്ലേ നിങ്ങൾക്ക് പോകാം “

ദയനീയതയോടെ ദേവിക മഹാദേവനെ നോക്കി അയാൾക്ക് അവളുടെ കഥയൊക്കെ കേട്ടപ്പോൾ മനസലിവ്  തോന്നി. വീണ്ടും ഹരി  അൽപ്പം ഉറക്കെ തന്നെ പറഞ്ഞു”നിങ്ങളോട് പോകാനാണ് പറഞ്ഞത് ഇവിടെ ആർക്കും പുതിയ ബന്ധങ്ങൾ ഒന്നും വേണ്ട “ഉടനെ മഹാദേവൻ അവനെ തടഞ്ഞു .

“അങ്ങനെ പറയരുത്.എത്രയായാലും അമ്മയാണ് .അവർ ചെയ്ത തെറ്റിന്റെ ഫലം അവരനുഭവിച്ചു .ഇനിയും അവരെ ക്രൂശിക്കുന്നതിൽ അർത്ഥമില്ല. നന്ദിയോടെ മഹാദേവന് നോക്കിയിട്ട്

ദേവിക മോനെ എന്ന വിളിയോടെ പതിയെ അവന്റെ മേലെ കൈവെച്ചു. അവൻ തടുക്കാൻ പോയില്ല. വളരെ ശബ്ദം താഴ്ത്തി അവൻ പറഞ്ഞു “നിങ്ങളോട് എനിക്ക് വെറുപ്പ് ഒന്നുമില്ല.

സാഹചര്യങ്ങൾ മനുഷ്യനെ പല തെറ്റിലേക്കും നയിക്കുമായിരിക്കും. .ഏതൊരു അമ്മയ്ക്കും അവരുടെ കുഞ്ഞാണ് ഏറ്റവും വലുത് . അതു പോലും മറന്നു  സ്വന്തം സുഖം  നോക്കിപ്പോയി. അച്ഛന്റെ സ്നേഹവും കണ്ടില്ലെന്ന് നടിച്ചു. അതിനുള്ള ശിക്ഷയും അനുഭവിച്ചു .ഇനി നിങ്ങളെ കുറ്റം പറയാനും പരിഹസിക്കാനും ഞാൻ ആളല്ല . എന്താവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം. അല്ലാതെ എന്റെ കൂടെ താമസിക്കാനോ അമ്മയെന്ന അവകാശം പറഞ്ഞോ വരരുത്… കാരണം എല്ലാത്തിലും   ഉപരിയായി ഞാൻ സ്നേഹിക്കുന്ന വിശ്വസിക്കുന്ന എനിക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച ഒരാളുണ്ട് . “എൻ്റെ അച്ഛൻ “

അച്ഛനെ വിട്ടിട്ട് എനിക്ക് പുതിയ ഒരു ബന്ധവും വേണ്ട .അച്ഛനോളം വലുതായി എനിക്ക് ഒന്നുമില്ല . അനാഥനായ ജീവിക്കേണ്ടിയിരുന്ന എന്നെ ഈ നിലയിൽ എത്തിച്ചത് എൻ്റെ അച്ഛനാണ് “.

സന്തോഷത്തിന്റെ പരകോടിയിലെത്തിയ മഹാദേവൻ വാത്സല്യത്തോടെ അഭിമാനത്തോടെ എന്റെ മകൻ എന്ന് പറഞ്ഞു മനം നിറഞ്ഞു നിന്നു .    “ഇന്നലെ വരെ അമ്മ മരിച്ചു  .അച്ഛന്റെ സ്നേഹം മാത്രം അനുഭവിച്ചു ജീവിച്ച ഒരു മകനാണ് ഞാൻ . ഇനി അങ്ങോട്ടും അങ്ങനെ തന്നെ മതി. എനിക്ക് മറ്റൊരു അമ്മയോ അച്ഛനോ ആരെയും  ആവശ്യമില്ല . മഹാദേവന്റെ മകൻ എന്നറിയപ്പെടുന്നതാണ്  എനിക്കിഷ്ടം.  അതുകൊണ്ട്  ഇനി ഇവിടെ നിൽക്കണമെന്നില്ല “.

“എനിക്കറിയാം ഏറ്റവും നല്ല മനസിന്റെ ഉടമയാണ് ദേവേട്ടൻ . എൻെറ മകനെ ഇന്ന് ഇത്രയും വലിയവനായി കാണാൻ പറ്റിയതും ആ മനസിന്റെ  നന്മ കൊണ്ടാണ് . ഒരിക്കലും നിങ്ങൾക്കിടയിൽ ഒരു ശല്യമായി ഞാൻ വരില്ല.  ഒരിക്കലെങ്കിലും മോനെ വന്നൊന്നു കാണണമെന്നുണ്ടായിരുന്നു കണ്ടു തൃപ്തിയായി. ഞാൻ എന്റെ മോനെ  ഒന്നു കെട്ടിപ്പിടിച്ചോട്ടെ ഒരു മുത്തം തന്നോട്ടെ.

ഹരി മൗനസമ്മതം നല്കി. ദേവിക പുറത്തേക്ക് വന്ന കരച്ചിലിന്റെ ഒരു ചീളോടെ അവനെ കെട്ടിപ്പുണർന്നു. ഹരിയെ കുനിച്ച് നിർത്തി നെറ്റിയിൽ ഉമ്മ ഏകി. അമ്മ പോകുന്നു … മോൻ സന്തോഷമായി ഇരുന്നാൽ മാത്രം മതി “.

അവർ തിരിഞ്ഞ് നോക്കാതെ നടന്നു.

ഹരിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

മഹാദേവനിൽ  നിന്നും അറിയാതെ കണ്ണുനീർ അടർന്നു വീണു. അയാൾ ഹരിയെ നോക്കി വിളിച്ചു മോനേ …. ഹരിയിൽ നിന്നും  അഭിമാനത്തോടെ വാക്കുകൾ പുറത്തേയ്ക്ക് വന്നു “അതെ ഞാൻ മഹാദേവന്റെ മാത്രം മകനാണ് ” ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *