Story written by RIYA SAJAN
“എടിയേ ചോറ് എടുക്ക്”
കൈകഴുകി കുടഞ്ഞ് മേശപ്പുറത്തേക്ക് വന്നിരുന്ന രാഘവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു, ധൃതിപ്പെട്ട് ചോറും കറിയും എടുത്തോണ്ട് വരുന്ന ഭാര്യ സുമതി പിറുപിറുക്കുന്നുണ്ടായിരുന്നു “അതെ ഇന്നത്തോടെ പപ്പായ മരത്തിലെ പപ്പായ മുഴുവൻ തീർന്നു നാളെ ഇനി എന്താ ചെയ്യേണ്ട ഈശ്വരാ??” പിറു പിറുപ്പിന്റെ ശബ്ദം നന്നായി കേട്ടെങ്കിലും രാഘവൻ അത് ഒട്ടും തന്നെ ഗൗനിച്ചില്ല, അല്ലെങ്കിലും അവൾക്ക് എന്നും പരാതിയും പരിഭവവും ഒഴിഞ്ഞിട്ട് നേരമില്ല, അതിനൊക്കെ ഉത്തരം കൊടുക്കാൻ പോയാൽ വഴക്കിലെ അവസാനിക്കാറുള്ളു താനും,
ഏതോ സിനിമ വച്ചു മായാലോകത്തിൽ മുഴുകിയിരിക്കുന്ന ആറാം ക്ലാസുകാരൻ ആദിത്യനോട് വാർത്ത വയ്ക്കാൻ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ റിമോട്ട് എടുത്തു നിൽക്കുന്ന അവന്റെ മുഖത്ത് നീരസം പ്രകടമായിരുന്നു……..
ഒരുരുള ചോറ് വായിലേക്ക് വെച്ച് വാർത്തയിലേക്ക് ശ്രദ്ധിച്ച രാഘവന്റെ തലയിൽ ഇടിത്തീ വീണത് പോലെയാണ് തോന്നിയത്….
’15 വർഷത്തിന് മേലുള്ള ഡീസൽ ഓട്ടോ കൾ ജനുവരി മുതൽ ഓടാൻ പാടില്ല എന്ന് നിയമം വരുന്നത്രേ ‘
14 വർഷത്തിന് മേലെ ആയിരിക്കുന്നു തന്റെ ഓട്ടോ….. വണ്ടി പണി ഒഴിഞ്ഞിട്ട് നേരമില്ല എന്നാലും കടം വാങ്ങിയും മറ്റും ഉരുട്ടി ഉരുട്ടി മുന്നോട്ട് പോകാൻ തന്റെ ഏക ആശ്രയം ആണ് ഈ മുചക്ര വാഹനം, ഇത് മാറ്റി മറ്റൊന്ന് വാങ്ങണം എന്നൊക്കെ സ്വപ്നം കണ്ടിരുന്നു ഇപ്പോൾ സ്വപ്നത്തിൽ പോലും അപ്രാപ്യമായ നിലയിലേക്ക് ആകാര്യo മാറിയിരിക്കുന്നു…..
ഒരു നിമിഷം അയാൾ ചിന്തയിലേക് വഴുതി വീണു….പത്തൊമ്പതാം വയസ്സിൽ ചുമരിൽ ഏറ്റിയ ഭാരമാണ് ഇന്നും ഒരു കുറവുമില്ലാതെ മുന്നോട്ട് പോകുന്നത്, ഓരോ പരാതിയും പരിഭവങ്ങളും കഷ്ടപ്പാടിന്റെ ഭാണ്ഡത്തിൽ കൂടുതൽ കൂടുതൽ ഭാരം നിറക്കുന്നത് അല്ലാതെ ഒരിക്കൽ പോലും തെല്ലും ആശ്വാസ ത്തിലേക്ക് വന്നിട്ടില്ല…
അതിനിടയിലാണ് പുതിയ ഓരോ ഓരോ നിയമങ്ങളും പരിഷ്കാരങ്ങളും…..
ഓർമ്മകൾ കാട് കയറിയപ്പോൾ മുന്നിലിരുന്ന ഭക്ഷണം ആറി തണുത്തു…..
എന്തോ വിശപ്പ് പോയി ഒന്നും ഇറങ്ങുന്നില്ല കൈ കഴുകാൻ എഴുനേറ്റപ്പോ ഭാര്യ പരാതിപ്പെട്ടു ആർക്കു വേണ്ടിയാണ് ഈ ഉണ്ടാക്കി വച്ചതെന്നു….
‘അറിയില്ല വിശപ്പില്ല കഴിക്കാൻ തോന്നുന്നില്ല’…..
ജീവിതത്തിലെ ഇല്ലായ്മകളി ലേക്ക് ‘എല്ലാം ശരിയാകും ‘എന്ന നേർത്ത പ്രതീക്ഷയോടെ വീണ്ടും കിക്കർ അടിച്ചു അയാളുടെ ഓട്ടോ നിരങ്ങി നീങ്ങി…….