ഒരു അമ്മേടെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങേണ്ട കുഞ്ഞാ;എന്താ ചെയ്യാ അതിനു യോഗമില്ലാതെ പോയല്ലോ എന്റെ പൊന്നു മോൾക്ക് ” എന്നും പറഞ്ഞു അമ്മ വന്നു മോളെ എടുത്തു………

Story written by Sajitha Thottanchery

രാത്രിയിൽ മോളുടെ നിറുത്താതെയുള്ള കരച്ചിൽ കേട്ടാണ് അമ്മ എഴുന്നേറ്റ് വന്നത്.ഞാൻ എത്ര എടുത്ത് നടന്നിട്ടും അവൾ കരച്ചിൽ നിറുത്തുന്നില്ല.

“എന്താ കണ്ണാ മോൾക്ക് പറ്റിയെ;നല്ല കരച്ചിൽ ആണല്ലോ?”‘അമ്മ വന്നു ചോദിച്ചു .

“അറിയില്ല ;അമ്മയെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വിളിക്കാതിരുന്നതാണ്. “ഞാൻ പറഞ്ഞു .

“ഒരു അമ്മേടെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങേണ്ട കുഞ്ഞാ;എന്താ ചെയ്യാ അതിനു യോഗമില്ലാതെ പോയല്ലോ എന്റെ പൊന്നു മോൾക്ക് ” എന്നും പറഞ്ഞു അമ്മ വന്നു മോളെ എടുത്തു കൊണ്ട് പോയി.

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ നെഞ്ചിലെ സങ്കടം അറിയാതെ കണ്ണിലൂടെ അണപൊട്ടി ഒഴുകി.ഞാൻ അവളുടെ ഫോട്ടോയിലേക്ക് നോക്കി .എന്നെ നോക്കി അവൾ പുഞ്ചിരിക്കുന്നു .

“എന്തിനാ എന്റെ കണ്ണേട്ടൻ കരയുന്നെ? ഞാൻ ഇവിടെ തന്നെ ഇല്ലേ?ഏട്ടന്റെ കൂടെ…..എങ്ങും പോയിട്ടില്ല .അയ്യേ ആണുങ്ങള് ഇങ്ങനെ കരയോ ?” എന്റെ നെറ്റിയിൽ ഒരു ഉമ്മ വച്ച് അവൾ എന്നോട് കൊഞ്ചുന്ന പോലെ എനിക്ക് തോന്നി.

എന്റെ മാളു……മൂന്നു വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരൻ അഖിലിന്റെ നാട്ടിലെ താലപ്പൊലിക്ക് പോയപ്പോഴാണ് മാളുവിനെ ആദ്യമായി കാണുന്നത്.താലമെടുത്തു നിൽക്കുന്ന പെൺകുട്ടികൾക്കിടയിൽ ഇവളെ എന്ത് കൊണ്ടോ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.വിളക്കിന്റെ ശോഭയിൽ തിളങ്ങുന്ന ആ മുഖത്തു നിന്നും കണ്ണെടുക്കാതെ ഞാൻ നോക്കി നിൽക്കുന്നത് അവളും ശ്രദ്ധിച്ചിരുന്നു.

“എന്താടാ, ഒരു വായ്‌നോട്ടം?എന്റെ അയൽവാസി ആണുട്ടോ ,വേണമെങ്കിൽ ആലോചിക്കാം .” അഖിൽ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു.

ഞാൻ മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു.

“എന്റെ കണ്ണന്റെ മനസ്സിൽ ഒരു നോക്ക് കൊണ്ട് തന്നെ കയറി പറ്റിയ ഒരു കുട്ടിയുണ്ടേൽ നമുക്കൊന്ന് പോയി കാണണമല്ലോ?”എല്ലാം തുറന്നു പറയുന്ന എന്റെ അമ്മയോട് ഞാൻ പറഞ്ഞപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.അവർക്കും ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു മാസത്തിനുള്ളിൽ കല്യാണം കഴിഞ്ഞു. സ്നേഹം കൊണ്ട് എന്നെ വീർപ്പു മുട്ടിച്ചു കളഞ്ഞു അവൾ . പെൺകുട്ടികളെ ഒരുപാട് ഇഷ്ടമുള്ള അമ്മയ്ക്കും സ്വന്തം മകളായിരുന്നു അവൾ.സ്വർഗ്ഗതുല്യമായ ഞങ്ങളുടെ ജീവിതം. അവളിൽ ഒരു ജീവൻ തുടിക്കുന്നുണ്ടെന്നു അറിഞ്ഞ ദിവസം ഞങ്ങൾക്ക് ഉത്സവമായിരുന്നു. പ്രസവത്തിന്റെ ചടങ്ങുകൾക്കായി അവളുടെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും പിറ്റേന്ന് തന്നെ വാശി പിടിച്ചു അവൾ ഇങ്ങോട്ട് പോരുകയായിരുന്നു.

“കണ്ണേട്ടാ…..എനിക്ക് വല്ലാതെ പേടി തോന്നുന്നു.രാത്രിയിൽ ഉറങ്ങാനും പറ്റുന്നില്ല.എന്തൊക്കെയോ സ്വപ്‌നങ്ങൾ കാണുന്നു. ” അഡ്മിറ്റ് ആകുന്നതിന്റെ തലേന്ന് രാത്രി എന്റെ നെഞ്ചോട് ചേർന്ന് അവൾ പറഞ്ഞു.

“ഒന്നൂല്യാട; എന്തിനാ പേടിക്കുന്നെ…കുഴപ്പം ഒന്നും ഇല്ലന്ന് ഡോക്ടർ പറഞ്ഞതല്ലേ .പിന്നെന്താ?”ചേർത്ത് പിടിച്ചു ഞാൻ അവളെ ആശ്വസിപ്പിച്ചു.

പ്രസവം കഴിഞ്ഞു മോളെ കയ്യിൽ തന്നപ്പോഴും കുറച്ചു ബ്ലീഡിങ് ഉണ്ടെന്നല്ലാതെ ഡോക്ടർ ഒന്നും പറഞ്ഞില്ല.ഡോക്ടറും നേഴ്‌സുമാരും നെട്ടോട്ടമോടുന്നത് കണ്ടപ്പോഴും അവൾ ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയില്ല.മോളെ എന്നെ ഏല്പിച്ചു ഒരു വാക്ക് പോലും പറയാതെ അവൾ ഈ ലോകത്തിൽ നിന്നും പോയി.സ്നേഹം നിറഞ്ഞ ഞങ്ങളുടെ ജീവിതം കണ്ട ഈശ്വരന് പോലും അസൂയ തോന്നിക്കാണും……..

“കണ്ണാ;മോളുറങ്ങി “. മോളെയും കൊണ്ട് അമ്മ വന്നു വിളിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്.

“ഇനിയും എത്ര നാൾ ആണ് മോനെ ഇങ്ങനെ തനിയെ.മോൾക്കും ഒരു അമ്മ വേണ്ടേ ?എന്റെ കാലം കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ …..”.അമ്മ പകുതിയിൽ പറഞ്ഞു നിറുത്തി.

“അമ്മ എന്താ ഒന്നും അറിയാത്ത പോലെ;ആര് വന്നാലും അത് എന്റെ മാളൂനു പകരാവോ?അവൾ ഇപ്പോഴും ഇവിടെയൊക്കെ ഉണ്ട്.എങ്ങും പോയിട്ടില്ല .അങ്ങനെ അവൾക്ക് പോകാനും പറ്റില്യ.” എന്റെ വാക്കുകൾ ഇടറിയിരുന്നു .

അമ്മയ്ക്കും വാക്കുകൾ കിട്ടിയില്ല .മോളെ കിടത്തിയിട്ട് അമ്മ അമ്മയുടെ റൂമിലേക്ക് തിരിച്ചു പോയി.ഞാൻ എന്റെ മോളെ ചേർത്ത് പിടിച്ചു കിടന്നു.എന്റെ മോളെ ഞാൻ നോക്കും.അവളുടെ അമ്മയും അച്ഛനും എല്ലാം ഞാനാ.എന്റെ മാളൂനു പകരം ഒരാളെ സങ്കൽപ്പിക്കാൻ പോലും എനിക്കാവില്ല.

ഞങ്ങളെയും നോക്കി അങ്ങ് ദൂരെ ഒരു ഒറ്റ നക്ഷത്രം തിളങ്ങുന്നത് ജാലകത്തിലൂടെ ഞാൻ കണ്ടു.അതെ അത് എന്റെ മാളുവാണ്.ഞങ്ങൾക്ക് കാവലായി അവൾ ഇവിടൊക്കെ തന്നെ ഉണ്ട്.ഞാൻ മനസ്സിലോർത്തു . ജനലിലൂടെ ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. ആ കാറ്റിന് അവളുടെ മണമായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *