ഗൗരി
story written by Athira Sivadas
ഗൗതമിനോടൊപ്പം ഒരിക്കൽ വീട്ടിലേക്ക് ചെല്ലുമ്പോഴാണ് ഞാനവളെ ആദ്യമായി കാണുന്നത്. പെട്ടന്ന് ആരുടേയും ശ്രദ്ധ പെടാത്ത ഒരു മുറിയുടെ ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നവൾ. കണ്ണുകളിൽ ഭയമായിരുന്നു.അവ വേഗത്തിൽ നാലു ചുറ്റിലും എന്തോ പരതുന്നുണ്ടായിരുന്നു.
വാത്സല്യത്തോടെ ഞാനൊന്ന് തഴുകിയപ്പോഴേക്കും ഭയന്നത് പോലെ എന്റെ കൈകൾ തട്ടി മാറ്റി അഴികളിൽ നിന്നും പിടിവിട്ടവൾ മുറിയുടെ ഒരു മൂലയിലേക്ക് വീണ് കൽമുട്ടുകളിൽ മുഖം ചേർത്ത് ഇരുന്നു. വീണ്ടും ഞാനരികിലേക്ക് പോകാൻ തുണിഞ്ഞതും വേണ്ട എന്ന അർത്ഥത്തിൽ ഇരുവശങ്ങളിലേക്കും തല ചലിപ്പിച്ചുകൊണ്ട് ഗൗതം എന്നെ തടഞ്ഞു.
ആ ഇരുട്ട് മുറിയിൽ അവളെ തനിച്ചാക്കി പുറത്തിറങ്ങുമ്പോഴും ഭയത്തോടെ മുഖമുയർത്തി എന്നെ നോക്കുന്ന കണ്ണുകളിലായിരുന്നു എന്റെ ശ്രദ്ധ.
ഗൗതം. എന്റെ പ്രണയം. എന്റെ പ്രതിശ്രുത വരൻ. വിവാഹം ഉറപ്പിച്ച ശേഷമാണ് ഞാനാദ്യമായി ഗൗതമിന്റെ വീട്ടിലേക്ക് വരുന്നത്. കയറി വരാൻ പോകുന്ന വീടൊക്കെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണെന്നു പറഞ്ഞ് ഗൗതമിന്റെ അമ്മ തന്നെയാണ് വിവാഹത്തിന് മുൻപ് എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നു ഇവിടെയൊക്കെ കാണിക്കണമെന്ന് ഗൗതമിനോട് പറഞ്ഞത്. ഒരുപക്ഷെ അതിലൂടെ ഗൗരിയെ കാണാൻ ഒരവസരം ഉണ്ടാക്കിയതാവണം ആ അമ്മ.
ഗൗരി ഗൗതമിന്റെ കുഞ്ഞനിയത്തി. ആ വീട്ടിൽ എല്ലാവരുടെയും പൊന്നോമന. ഞങ്ങൾ പരിചയപ്പെടുന്ന കാലം മുതലേ ഗൗതമിന് ഗൗരിയാണെല്ലാം. പോത്ത് പോലെ വളർന്നിട്ടും കുട്ടിക്കളിയാണെന്ന് പറഞ്ഞു അമ്മ ശകാരിക്കുന്ന, വൈകുന്നേരങ്ങളിൽ അച്ഛൻ കൊണ്ടു വരുന്ന പൊതിക്കുവേണ്ടി അക്ഷമയായി കാത്തിരിക്കുന്ന, തന്റെ ഭക്ഷണം മാറ്റി വച്ചു ഏട്ടന്റെ പാത്രത്തിലെ ഭക്ഷണം ഒരു കുസൃതി ചിരിയോടെ വാരിഎടുക്കുന്ന എല്ലാവരുടെയും കുറുമ്പിയായ ഗൗരി.
ആ ഗൗരി എങ്ങനെയാണ് ഇന്നീ ഇരുട്ട് മുറിയിൽ തനിച്ചിരുന്നു പിറുപിറുക്കുന്ന കാരണങ്ങളേതും ഇല്ലാതെ ഉച്ചത്തിൽ കരയുന്ന ഗൗരിയായത്.
ഒരു വെക്കേഷന് നാട്ടിൽ വന്നത് മുതൽ ഗൗരിക്ക് എന്തോ മാറ്റം ഉണ്ടായത് പോലെ തോന്നുന്നെന്ന് ഗൗതം പറഞ്ഞതോർക്കുന്നു. പിന്നീടെപ്പോഴോ അവൾ ആരുടേയും മുൻപിലേക്ക് വരാതെ തനിച്ച് മാറിയിരിക്കാൻ തുടങ്ങിയെന്നും… ഞങ്ങളുടെ ആ പഴയ ഗൗരി ആളാകെ മാറി ആരോടും ഒന്നും മിണ്ടാതെ അവളുടേതായ ലോകത്തേക്ക് ഒതുങ്ങി പോയെന്നും പറഞ്ഞു എന്റെ നെഞ്ചിൽ മുഖമമർത്തി കണ്ണീരോടെ അവൻ പറഞ്ഞതും ഇന്നും ഓർമ്മയിലുണ്ട്.
പക്ഷേ അവൻ പറഞ്ഞതിനുമപ്പുറമായിരുന്നു ഞാനിന്ന് കണ്ട ഗൗരിയുടെ അവസ്ഥ. ആ വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ നിറഞ്ഞു വരുന്ന കണ്ണുകൾ ഞാൻ കാണാതെ മറയ്ക്കാൻ അവൻ നന്നേ പാട് പെടുന്നു ന്നുണ്ടായിരുന്നു. പക്ഷേ യാതൊരു ഭാവഭേദങ്ങളുമില്ലാതെ ഞാനവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ എന്നെ നോക്കിയ കണ്ണുകളിൽ ആശ്വാസമായിരുന്നു. അവൾ ഗൗതമിന്റെ മാത്രമല്ലല്ലോ എന്റെയും കൂടി അനിയത്തി അല്ലേയെന്ന് ആ കണ്ണുകളിൽ നോക്കി പറയണമെന്ന് തോന്നി. പക്ഷേ ഗൗതമിന്റെ വാക്കുകളിലൂടെ എന്റെ മനസ്സിൽ പതിഞ്ഞ ഗൗരിക്ക് പകരം എന്റെ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഒരു നിമിഷം എന്റെ ഹൃദയവും നിലച്ചെന്ന് തോന്നി.
അന്നവിടുന്നു തിരികെ വരുമ്പോഴും മനസ്സിൽ അവളായിരുന്നു ഗൗരി. എങ്ങനെയാണാ കുട്ടിക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടായത്. എന്തായിരിക്കും ഗൗതം അത് എന്നിൽ നിന്നും മറച്ചു പിടിച്ചത്. ഒരുപാട് സംശയങ്ങൾ മനസ്സിൽ ബാക്കിയായിരുന്നു.പിന്നീടുള്ള ദിവസങ്ങൾ ഗൗതമിനോട് അതേപറ്റി ചോദിക്കണം എന്ന് കരുതിയെങ്കിലും എന്തകൊണ്ടോ ആ മനസ്സ് വീണ്ടും നോവിക്കാൻ തോന്നിയില്ല.
പിന്നീട് പലതവണ ഞാനാ വീട്ടിലേക്ക് ചെല്ലുമ്പോഴും എന്റെ സാമിപ്യം തിരിച്ചറിഞ്ഞ ഗൗരി ഉച്ചത്തിൽ അലറുകയായിരുന്നു. ഒരു നിമിഷം അവളുടെ ആ ഭാവമാറ്റത്തിൽ ഞാൻ ഭയന്നെങ്കിലും അവളിലേക്കുള്ള എന്റെ ദൂരം കുറക്കണമെന്ന് മനസ്സിൽ അപ്പോഴേ കണക്കു കൂട്ടിയിരുന്നു.
ഞങ്ങളുടെ വിവാഹത്തിനും ഗൗരിയുടെ അഭാവം ഗൗതമിനെ മാത്രമല്ല എന്നെയും വിഷമിപ്പിച്ചിരുന്നു. ഗൗതം എന്റെ കഴുത്തിൽ ചാർത്തിയ താലിച്ചരട് പിന്നിൽ നിന്നും മുറുക്കേണ്ടവൾ ഏട്ടന്റെ വിവാഹം കഴിഞ്ഞതുപോലും അറിയാതെ നാലു ചുവരുകൾക്കുള്ളിൽ തനിയെ… ആ വീട്ടിലേക്ക് വലതുകാൽ വെച്ചു കയറുമ്പോഴും ഞാൻ തിരഞ്ഞത് അവളെത്തന്നെയായിരുന്നു. അന്നത്തെ തിരക്കുകൾക്കിടയിൽ അവളെയൊന്ന് കാണാൻ കൂടി കഴിഞ്ഞില്ല.
പിറ്റേന്ന് കാലത്ത് അമ്മയോടൊപ്പം ഗൗരിക്ക് ഭക്ഷണം കൊടുക്കാനും കുളിപ്പിച്ച് വൃത്തിയാക്കാനും ഞാനും ആ മുറിയിലേക്ക് കയറിയിരുന്നു. എന്നോടുള്ള പരിചയക്കുറവ് കാരണം അവൾ എന്നോട് അകൽച്ച കാണിക്കു ന്നുണ്ടായിരുന്നെങ്കിലും ഓരോന്ന് ചെയ്ത് കൊടുക്കുന്നതിനിടെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു ഏട്ടത്തി ആണെന്ന്. അപ്പോഴൊക്കെ അവളുടെ കണ്ണുകൾ എനിക്കുനേരെ നീളും. ഞാനൊന്ന് ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലാനായുന്നതും അവൾ അമ്മയുടെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർന്നു നിൽക്കും.
ഗൗരിയോടുള്ള എന്റെ സ്നേഹവും കരുതലുമൊക്കെ അച്ഛനും അമ്മയ്ക്കും ഗൗതമിനുമൊക്കെ വല്ലാത്തൊരാശ്വാസമായിരുന്നു. സഹദാപത്തോടെ അവളുടെ ഭ്രാന്തിനെ പറ്റി അച്ഛനോടുമമ്മയോടും ചോദിക്കുന്നവരോടൊക്കെ ഞങ്ങളുടെ ഗൗരിയ്ക്ക് ഭ്രാന്തൊന്നുമില്ലെന്ന് ഞാൻ പറയുന്നത് കാൺകെ എന്നെ നോക്കുന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ വിടരാറുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നുപോകുന്തോറും എനിക്കും ഗൗരിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവന്നു. ഞാൻ തനിയെ മുറിയിൽ കയറിയാലും അനുസരണയോടെ അവൾ ഇരിക്കുമായിരുന്നു. ഞാനോരുന്നു പറയുമ്പോൾ നിർവികാരതയോടെ ആ കണ്ണുകൾ എന്നെത്തന്നെ നോക്കിയിരിക്കും.
ആദ്യമൊക്കെ ആ മുറിക്കു വെളിയിൽ ഇറങ്ങാൻ കൂട്ടാക്കാതിരുന്നവളെ നിർബന്ധിച്ചു പുറത്തിറക്കുമ്പോൾ ഗൗതം എന്നെ വന്ന് ചേർത്ത് പിടിച്ചിരുന്നു. ഇത്രയും കാലവും അവരൊക്കെ ശ്രമിച്ചിട്ടും ഉണ്ടാവാതിരുന്ന മാറ്റങ്ങളൊക്കെ ഞാൻ മൂലം ഉണ്ടാവുമ്പോൾ ആ അച്ഛനും അമ്മയ്ക്കും ഞാനും സ്വന്തം മകൾ തന്നെ ആകുകയായിരുന്നു.
അഴിഞ്ഞുലഞ്ഞു അലസമായി കിടന്ന മുടി ഒതുക്കിക്കെട്ടി ചമയങ്ങളൊന്നും ഇല്ലാത്തിരുന്ന മുഖത്ത് പൊട്ടുകുത്തി കണ്ണുകളിൽ മഷിയെഴുതി കണ്ണാടിയ്ക്ക് മുൻപിൽ കൊണ്ട് നിർത്തുമ്പോഴും ഗൗരിയുടെ മുഖത്ത് ഭാവഭേദ മൊന്നു മുണ്ടായിരുന്നില്ല.
ഗൗതമിനും അമ്മയ്ക്കുമൊപ്പം ആട്ടുകട്ടിലിൽ ഇരിക്കുന്ന ഗൗരിയെ കണ്ടിട്ടാണ് ഞാൻ അകത്തേക്ക് കയറിയത്. ഗൗരിയുടെ മുറിയുടെ ചുവരിലുണ്ടായിരുന്ന ചിത്രങ്ങളൊക്കെ മുൻപ് അവൾത്തന്നെ വരച്ചതാണെന്ന് എപ്പോഴോ അമ്മ പറഞ്ഞതോർത്തപ്പോഴാണ് ഞാനാ ചുവരിലേക്ക് ശ്രദ്ധിച്ചത്.
കട്ടിലിനു എതിർവശത്തായി ഭിത്തിയിൽ ചുവന്ന പൂക്കളുള്ള ഒരു മരം അതിന്റെ അപ്പുറത്തായി നിലാവിനു മുൻപിൽ കൈ കോർത്തു പിടിച്ചു മുഖത്തോട് മുഖം നോക്കി നിൽക്കുന്ന പ്രണയികൾ. പലതവണ ഈ മുറിയിൽ കയറി യിറങ്ങിയിട്ടുണ്ടെങ്കിലും ആ ചിത്രം ഞാൻ ശ്രദ്ധിച്ചിട്ടേയുണ്ടായിരുന്നില്ല. ഒരു കൗതുകത്തോടെയാണ് ഗൗരിയുടെ ഡ്രോയിങ് ബുക്ക് ഒക്കെ തപ്പിയെടുത്ത് നോക്കിയത്. അതിൽ എവിടെയൊക്കെയോ അവൾ ഒരു പ്രണയത്തിന്റെ കഥ പറയും പോലെ..
കട്ടിലിന്റെ അടിയിലായി നീക്കി വച്ചിരുന്ന പെട്ടിയിൽ എന്തൊക്കെയോ പഴയ സാധങ്ങൾ ആയിരുന്നു. ഒക്കെയും കയ്യിലെടുത്തു നോക്കുമ്പോൾ വല്ലാത്തൊരു കൗതുകമായിരുന്നു എനിക്കാ പെണ്ണിനോട്. പഴയ കുറേ ഡ്രോയിങ് ബുക്സ്… പിന്നെ സ്വർണ നിറത്തിലുള്ള പുറം താളുള്ള ഒരു ഡയറിയും…
അതിൽ നിന്ന് ആദ്യം പുറത്തേക്ക് വീണത് ഒരു ഫോട്ടോയായിരുന്നു. ചുണ്ടുകളോടൊപ്പം ചിരിക്കുന്ന കടുംകാപ്പി കണ്ണുകളുള്ള ചെമ്പൻ മുടിയിഴകളോട് കൂടിയ ഒരു ചെറുപ്പക്കാരൻ. പിന്നെയുള്ള പേജുകളിലൊക്കെ അവൾ എഴുതിയിരുന്നത് അവനെ കുറിച്ചായിരുന്നു. സുന്ദരമായൊരു പ്രണയകാലത്തെ വാക്കുകളാൽ വർണിച്ചിരിക്കുകയായിരുന്നു അവളതിൽ മുഴുവനും.
ആരും അറിയാത്ത ഇങ്ങനെയൊരു പ്രണയം ഗൗരിക്കുണ്ടായിരുന്നോ. ഒരുപക്ഷെ അവളുടെ ഈ അവസ്ഥയ്ക്ക് കാരണവും ആ കടുംകാപ്പി കണ്ണുകൾ ഉള്ളവനാണെന്ന് തോന്നി എനിക്ക്. ഒരു നിമിഷം ഒന്നാലോചിച്ചു പിന്നേ ഈ ഡയറിയെക്കുറിച്ച് തല്ക്കാലം ആരുമൊന്നും അറിയേണ്ടന്ന് തോന്നി. പെട്ടി തിരികെ കട്ടിലിനടിയിലേക്ക് വച്ചു ആ ഡയറിയുമായി തിരിയുമ്പോൾ വാതിൽക്കൽ ഗൗരിയുമമ്മയും ഉണ്ടായിരുന്നു. എന്റെ കയ്യിലിരിക്കുന്ന ഡയറിയിലേക്ക് അമ്മയുടെ നോട്ടമെത്തിയതും ഗൗരി വരച്ച ചിത്രങ്ങളാണെന്ന് പറഞ്ഞപ്പോൾ ഒരു ചിരിയോടെ അവളെ മുറിയിലാക്കി അമ്മ മുറിവിട്ടിറങ്ങി.
“ഗൗരി” എന്റെ വിളി കേട്ട് എന്നെ തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളിൽ എപ്പോഴത്തെയും പോലെ നിർവികാരതയായിരുന്നു.
“ഇതാരാ മോൾടെ” ഫോട്ടോ അവൾക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചതും ഇത്രനാളും ഞാൻ കാണാതിരുന്നതെന്തൊക്കെയോ ആ കണ്ണുകളിൽ മിന്നിമറയുന്നുണ്ടായിരുന്നു. ആദ്യമായി ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. മുഖത്തേക്ക് അമർന്ന വിരലുകൾ കവിളുകളിൽ ക്ഷതമേൽപ്പിച്ചിരുന്നു. പെട്ടന്ന് എന്തോ ഓർത്തത് പോലെ ഭയത്തോടെ ചുറ്റിലും നോക്കി അവൾ അലറി വിളിച്ചു.
ഡയറി ബെഡിനയിലേക്ക് വച്ചു അവൾക്കരികിലേക്ക് ഞാനോടി ചെല്ലുമ്പോഴേക്കും അമ്മയും ഗൗതമും അവിടേക്ക് വന്നിരുന്നു. വല്ലാതെ ഭയന്നതുപോലെ ഗൗതമിന്റെ നെഞ്ചിൽ മുഖമർത്തി കരഞ്ഞ അവളെ കണ്ടപ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി. അന്നത്തെ ദിവസം ഗൗരിയുടെ അവസ്ഥ കൂടുതൽ ദയനീയമായിരുന്നു. ഉറക്കത്തിൽ രണ്ട് മൂന്ന് തവണ ഞെട്ടിയുണന്നിരുന്ന അവളെ അന്ന് തനിയെ കിടത്താൻ തോന്നിയില്ല. അന്ന് മുഴുവൻ എന്റെ മടിയിൽ തലവച്ചു കിടന്ന ഗൗരിക്കു ഞാൻ കാവലിരുന്നു.
കാലത്ത് എണീക്കുമ്പോഴേ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തിയിരുന്നു. അതിന്റ ഭാഗമായാണ് വീട്ടിലേക്കെന്ന് കളവ് പറഞ്ഞു ഡയറിയിലുണ്ടായിരുന്ന വിവരങ്ങൾ വച്ചു അവന്റെ അടുത്തേക്ക് ഞാൻ തിരിച്ചത്.
ഡ്രൈവ് ചെയ്യുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. മനസ്സ് മുഴുവൻ കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ഡയറിയിൽ ആയിരുന്നു. അവളുടെ ഇന്നലെകൾ എത്ര മനോഹരമായിരുന്നു. അവിടെ അവളെ ഒരുപാട് മോഹിപ്പിച്ച ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് പോലും അറിയാതെ ജീവിക്കുന്ന ആ പെണ്ണിനെ ഓർക്കുമ്പോഴൊക്കെ എനിക്ക് വല്ലാത്തൊരു വേദന തോന്നി.
തൃശ്ശൂർ ഡിഗ്രി ചെയ്യുന്ന കാലത്താണ് ഗൗരി ഹരിയെ കാണുന്നതും പരിചയപ്പെടുന്നതുമൊക്കെ. അച്ഛന്റെയും ഏട്ടന്റെയും അമ്മയുടെയുമൊക്കെ തണലിൽ വളർന്ന അവൾക്കു പെട്ടന്നുള്ള ആ പറിച്ചുനടൽ വല്ലാത്തൊരു വീർപ്പുമുട്ടൽ തന്നെയായിരുന്നു. അവിടെയൊരാശ്വാസം അവനായിരുന്നു ഹരി.റാഗ് ചെയ്യാൻ നിന്ന സീനിയർസിൽ നിന്നും രക്ഷിച്ചവനോട് ആദ്യം അവൾക്ക് ബഹുമാനം ആയിരുന്നു.നല്ലൊരു സൗഹൃദത്തിലേക്ക് ആ പരിചയം വഴി മാറുമ്പോൾ അച്ഛന്റേതോ ഏട്ടന്റേതോ പോലെയുള്ള കരുതലും സുരക്ഷിതത്വവും അവന്റെ സാന്നിധ്യത്തിൽ അവളറിയുന്നുണ്ടായിരുന്നു.
അവന്റെ യുള്ളിലെ പ്രണയം അവൻ തുറന്നുപറയുമ്പോഴാണ് എപ്പോഴോ താനും അവനെ പ്രണയിച്ചുതുടങ്ങിരുന്നുവെന്ന് അവളും തിരിച്ചറിഞ്ഞത്.
പ്രണയമായിരുന്നു ആ കടുംകാപ്പിക്കണ്ണുള്ളവനോട്. ചിരിക്കുമ്പോൾ ചെറുതാവുന്ന ആ കണ്ണുകളിൽ പോലും അവളോടുള്ള പ്രണയമായിരുന്നു. നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചെമ്പൻ മുടികൾ പിന്നിലേക്ക് ഒതുക്കിക്കൊണ്ട് കൂട്ടുകാരുടെ ഇടയിൽ നിൽക്കുന്നവന്റെ നോട്ടം തന്നിലേക്ക് ആണെന്ന് അറിഞ്ഞതും നാണത്താൽ കുനിഞ്ഞ പെണ്ണിന്റെ മുഖത്ത് നിന്നും അവനും വായിച്ചെടുത്തിരുന്നു അവനോടുള്ള പെണ്ണിന്റെ പ്രണയം.
അച്ഛനും ഏട്ടനും അമ്മയ്ക്കും ഒപ്പം പിന്നീടുള്ള ദിവസങ്ങളിൽ അവനും അവൾക്കത്രമേൽ പ്രിയപ്പെട്ടതാകുകയായിരുന്നു. ആ കടുംകാപ്പികണ്ണുകൾ കാണാതെ വയ്യെന്ന് തോന്നിയപ്പോഴാണ് ഡിഗ്രി കഴിഞ്ഞു പി. ജിയും അവിടെ തന്നെ ചെയ്തത്. ഗൗരി പി.ജിക്ക് ജോയിൻ ചെയ്തപ്പോഴേക്കും തൃശൂരുള്ള അച്ഛന്റെ കമ്പനിയിൽ ഹരിയും പോയി തുടങ്ങിയിരുന്നു.
എപ്പോൾ മുതലാണ് ഹരി അവൾക്കത്രമേൽ മൂല്യമേറിയ ഒന്നായി മാറിയത്. ഒരു കാമുകനപ്പുറത്തേക്ക് അവൻ അവൾക്കൊരു സുഹൃത്തും സഹോദരനും വഴികാട്ടിയുമൊക്ക ആയപ്പോഴോ അതോ റൂം മേറ്റ് ഇല്ലാത്ത ദിവസങ്ങളിൽ ഹോസ്റ്റലിൽ തനിച്ച് കിടക്കാൻ പേടിയാണെന്ന് പറഞ്ഞു ചിണുങ്ങിയ പെണ്ണിനെ തന്റെ ഗസ്റ്റ് ഹൗസ്സിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒരു രാത്രി മുഴുവൻ തന്റെ കരവലയത്തിൽ സംരക്ഷിച്ചപ്പോഴോ… ഒരു കട്ടിലിൽ ഒരുമിച്ചു കിടക്കുമ്പോഴും അവനാ പെണ്ണിനെ ചേർത്ത് പിടിക്കുക മാത്രമേ ചെയ്തിരുന്നുള്ളു… അങ്ങനെ ഒരുവനെ അവളിത്രത്തോളം പ്രണയിക്കാതിരിക്കുന്നതെങ്ങനെ…
പിന്നീട് എപ്പോഴോ രണ്ട് പേരും ഒരുപോലെ ആഗ്രഹിച്ച നിമിഷത്തിൽ അന്യോന്യം സ്വന്തമാക്കിയിരുന്നു അവരിരുവരും…
അത്രമേൽ പ്രണയിച്ചിട്ടും അവർ എങ്ങനെയാവും പിരിഞ്ഞിട്ടുണ്ടാവാ… ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് വേണ്ടിയായിരുന്നു ആ യാത്ര. ചെന്നെത്തിയത് പ്രൌഡഗംഭീരമായ ഒരു വീടിനു മുൻപിലായിരുന്നു.കോളിങ് ബെൽ അടിച്ചു ആ വീടിനു വെളിയിൽ കാത്തുനിൽക്കുമ്പോൾ നെഞ്ചിടിപ്പ് വർധിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ അമ്മയോളം പ്രായം പോന്നൊരു സ്ത്രീ വന്ന് വാതിൽ തുറന്നപ്പോൾ എന്റെ കണ്ണുകൾ ചെന്നു നിന്നത് ഭിത്തിയിൽ മാലചാർത്തി വച്ചിരുന്ന ആ ചെമ്പൻമുടിക്കാരന്റെ ഫോട്ടോയിലായിരുന്നു. ആ ചിരിയിലും കണ്ണുകൾ ചെറുതായിരുന്നു പക്ഷേ അപ്പോഴും അവ തിളങ്ങുന്നുണ്ടായിരുന്നു.
ഫോട്ടോയിലേക്ക് നോക്കിയുള്ള എന്റെ നിൽപ്പ് കണ്ടിട്ടാവണം ഹരിയുടെ സുഹൃത്താണോ എന്ന് ആ അമ്മ ചോദിച്ചത്. അതെ എന്ന് പറഞ്ഞു അകത്തേക്ക് കയറുമ്പോൾ ആ അമ്മയോട് ചോദിക്കാൻ എന്റെ കയ്യിൽ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ആ അമ്മ എന്നോട് എന്തൊക്കെയോ ചോദിച്ചു. ഇടയ്ക്കിടെ ഹരിയുടെ വാശിയെയും കുസൃതിയെയുമൊക്കെപ്പറ്റി പറഞ്ഞ് സാരിത്തലപ്പു കൊണ്ട് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോഴാണ് അവരുടെ വായിൽ നിന്നും ഞാനാപേര് കേട്ടത്.
“ഗൗരി മോൾ… ഗൗരി മോളെ പറ്റി എന്തെങ്കിലും വിവരം ഉണ്ടോ മോളെ” ഒരു വേള എന്താണ് മറുപടി കൊടുക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഗൗരിയെ അപ്പോൾ ആ അമ്മയ്ക്കും അറിയുമായിരുന്നോ. പിന്നീടൊന്നും മറച്ചു വെക്കാൻ തോന്നിയില്ല. എല്ലാം തുറന്നു പറഞ്ഞ ശേഷം ഗൗരിയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി കേട്ട് ആ അമ്മ മകന്റെ ഫോട്ടോയിലേക്ക് നോക്കി വിങ്ങി പൊട്ടി.
അകത്തെ മുറിയിൽ മറ്റൊരു മനുഷ്യൻ കൂടി ഉണ്ടായിരുന്നു. ആണായും പെണ്ണായും ഉണ്ടായിരുന്ന ഓരോയൊരു മകന്റെ വേർപാട് തളർത്തികളഞ്ഞ ബിസ്സിനെസിന്റെ വലിയൊരു സാമ്രാജ്യം അടക്കിഭരിച്ചിരുന്ന വിശ്വനാഥ മേനോൻ എന്ന പാവം മനുഷ്യൻ.
ഹരി സഞ്ചരിച്ച കാർ ആക്‌സിഡന്റ് ആകുകയായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരാഴ്ച്ച ആശുപത്രികിടക്കയിൽ കിടന്നവന് കാവലായി അവനെ ജീവനായി കണ്ട ഒരു പെണ്ണുമുണ്ടായിരുന്നു. ശരീരത്തിൽ നിന്നും ജീവൻ വേർപെടുന്ന അവസാനനിമിഷവും ആ കൈകളിൽ മുറുകെപിടിച്ചിരുന്നവൾ പിന്നീട് ആരോടും ഒന്നും മിണ്ടിയിട്ടില്ല.
തനിയെ ഇരുന്ന് എന്തൊക്കെയോ പുലമ്പിയ അവളെ സുഹൃത്തുക്കളാണ് ഹരിയുടെ അന്ത്യകർമ്മങ്ങൾക്കു ശേഷം ഏട്ടനെ വിളിച്ചു വരുത്തി വീട്ടിൽ പറഞ്ഞയച്ചത്. പിന്നീട് അവളെയാരും കണ്ടിട്ടില്ല. അന്വേഷിച്ചപ്പോൾ പഴയ അഡ്രസിൽ നിന്നുമവർ താമസം മാറിയിരുന്നു.
ഒക്കെ കേട്ട് കഴിഞ്ഞപ്പോഴേക്കും എന്റെ ഗൗരിയുടെ അടുത്തേക്ക് ഓടിയെത്താൻ വല്ലാത്തൊരു ധൃതിയായിരുന്നു. ഞാൻ ചെല്ലുമ്പോൾ ചുവരിലെ ചിത്രത്തിലെ കാമുകന്റെ ചിത്രത്തിലൂടെ വിരലോടിക്കുകയായിരുന്നു അവൾ. ഓടിച്ചെന്നു നെഞ്ചിൽ ചേർത്ത് പിടിച്ചു ഒരുപാട് കരഞ്ഞു. രാത്രിയിൽ ഗൗതമിനെ കെട്ടിപ്പിടിച്ചു എല്ലാം പറഞ്ഞു നിർത്തുമ്പോൾ അവനിൽ നിന്നും ഒരു തേങ്ങൽ പുറത്തു വന്നിരുന്നു.
“ഗൗരി… അവൾ തിരികെ വരുമ്പോൾ പ്രെഗ്നന്റ് ആയിരുന്നു ഹിമ…” ഗൗതമിൽ നിന്നും കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ ആ മുഖത്തേക്ക് ഉറ്റു നോക്കുമ്പോൾ എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു ആ നെഞ്ചിലെ നീറ്റൽ.
“അതെ ഹിമ. നാട്ടിൽ വന്ന എന്റെ ഗൗരി പ്രെഗ്നന്റ് ആയിരുന്നു.അവളുടെ അവസ്ഥയിൽ അ ബോഷൻ വേണമെന്ന ഡോക്ടറിന്റെ അഭിപ്രായ പ്രകാരമായിരുന്നു ആ കുഞ്ഞു ജീവനെ ജനിക്കും മുൻപെ ഇല്ലാതാക്കിയത്. ഗൗരി തെറ്റ് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു.. ചതി പറ്റിയതായാണ് എന്നായിരുന്നു വിശ്വാസം.. എങ്കിലും ആരെയും ഒന്നും അറിയിച്ചില്ല ഹിമ…അച്ഛനെയും അമ്മയെയും പോലും… പേടിയായിരുന്നു…എന്റെ ഗൗരി ചീത്ത ആണെന്ന് ആരെങ്കിലും പറയുമോയെന്ന പേടി…” അന്ന് രാത്രി മുഴുവൻ ഗൗതമിന്റെ നെഞ്ചിൽ തല വച്ചു ഞാൻ ഉറങ്ങാതെ കിടന്നു.
പിറ്റേന്ന് ഹരിയുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വരുമ്പോൾ ഗൗരിയുടെ കണ്ണുകൾ അവർക്ക് പിന്നിലായി മാറ്റാരെയോ കൂടി തിരയുന്നുണ്ടായിരുന്നു. അന്നാദ്യമായി അവൾ ചിരിക്കുന്നത് ഞാൻ കണ്ടു നിറ മിഴികളോടെ…
ഒരുപക്ഷെ തനിക്ക് പ്രിയപ്പെട്ടവന്റെ സാന്നിധ്യമവൾ തിരിച്ചറിഞ്ഞിരിക്കാം അവന്റെ രക്തത്തെ ഉദരത്തിൽ പേറിയവളല്ലേ… പോകും മുൻപേ അവളിൽ തന്റെ കുഞ്ഞിന് ജന്മം നൽകിയവനായിരുന്നില്ലേ അവൻ….
മരിക്കും മുൻപ് അവനൊരച്ചൻ ആയിരുന്നു അവളൊരമ്മയും… പക്ഷേ ആ പ്രണയത്തിന്റെ ബാക്കിപത്രമായി ഭൂമിയിലേക്ക് വരാൻ ആ കുരുന്നിനു ഭാഗ്യമുണ്ടായിരുന്നില്ല..
ഡയറി പഴയ സ്ഥാനത്തു വച്ചു ഞാൻ മുറി വിട്ടിറങ്ങുമ്പോൾ മുറിയുടെ ഒരു മൂലയിലിരുന്നവൾ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.വിറയാർന്ന ആ ചുണ്ടുകൾ മന്ത്രിച്ചത് അവന്റെ പേരായിരുന്നോ…
അതെ ഈ അവസ്ഥ അവൾക്കൊരു മോചനമാണ്… തനിക്കേറ്റവും പ്രിയപ്പെട്ടവൻ നഷ്ടപ്പെട്ടതറിയാതെ അവൾ ജീവിക്കട്ടെ…മുറി അടച്ചു പുറത്തിറങ്ങുമ്പോൾ കേട്ടിരുന്നു അവന്റെ പേര് പറഞ്ഞവൾ ഉറക്കെ ചിരിക്കുന്നത്.
ഭ്രാന്താണോ അല്ല ഭ്രാന്തമായൊരു പ്രണയം നഷ്ടമായതാണ്…