കവിത 😍😍
Story written by BINDHYA BALAN
“ഇച്ഛാ….. ദേ എനിക്ക് പെട്ടന്നൊരു കവിത വരണൂ മനസില്… ന്താപ്പോ ചെയ്യാ”
അടുക്കളയിൽ കറി കഷ്ണം നുറുക്കി നിൽക്കുന്ന നേരത്താണ് പെട്ടന്നൊരു രണ്ട് വരി കവിത തലച്ചോറിലൂടെ ഓടിപ്പാഞ്ഞു വന്നെന്റെ ഹൃദയത്തിൽ മുട്ടിയത്. ഉടൻ തന്നെ ഇച്ഛനെ വിളിച്ചു.. എന്റെ എല്ലാ പ്രശ്നം പരിഹാരങ്ങൾക്കും ചെക്കനിങ്ങനെ നിൽക്കുമ്പോൾ, എനിക്കാണേൽ എന്നും പ്രശ്നങ്ങളാ.. അതല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം… പ്രശ്നം കവിതയാണ്.. കട്ടിംഗ് ബോർഡിൽ കിടന്ന് എന്നെ നോക്കി നിലവിളിക്കുന്ന പാവം ക്യാരറ്റിനോട് കവിത മിണ്ടുമ്പോഴാണ്
“മറന്നു പോണേന് മുന്നേ പോയി ഡയറീല് കുറിച്ചിട്ടോ കറിക്കഷ്ണം ഇച്ഛൻ നുറുക്കിക്കോളാം ” എന്നും പറഞ്ഞെന്റെ പാവം താന്തോന്നി അടുക്കളയിലേക്ക് തെന്നിത്തെറിച്ചു വരുന്നത്….
ഹോ.. അപ്പൊ കിട്ടിയ സന്തോഷം…..കയ്യിലിരുന്ന ആയുധം ഇച്ഛനെ ഏൽപ്പിച്ചു മുറിയിലേക്ക് ഒരൊറ്റയോട്ടമായിരുന്നു.കവിതയെഴുതി അരമണിക്കൂർ കഴിഞ്ഞു തിരിച്ച് വന്നപ്പോ കാണുന്നത് പപ്പടം വറുക്കുന്ന ഇച്ഛനെയാണ്. ഒന്നും മിണ്ടാതെ പിന്നിൽക്കൂടി ചെന്ന് കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുമ്പോൾ ഇച്ഛന്റെ ഡയലോഗ്
“വലിയ സുഖിപ്പിക്കലൊന്നും വേണ്ട… വേറെ എവിടെ കിട്ടുമെടി ഇതുപോലൊരുത്തനെ നിനക്ക്…. അവള്ടെ ഒരു ഒണക്ക കവിതയെഴുത്ത്……. “
ഞാൻ വെറുതെ ചിരിച്ചു…
ഉള്ള് നിറയെ അഭിമാനമായിരുന്നു അപ്പോൾ സന്തോഷമായിരുന്നു …അടുക്കളയിൽ കറികഷ്ണം നുറുക്കി നിക്കണ നേരം കവിതയൊരെണ്ണം തലയിൽ പെരുക്കുമ്പോൾ
“ഇച്ഛാ നിക്ക് കവിത വരണൂ മനസില് ” ന്ന് അടുക്കളയിൽ നിന്ന് കൂവവേ
“മറന്നു പോണേന് മുന്നേ പോയി ഡയറീല് കുറിച്ചിട്ടോ കറിക്കഷ്ണം ഇച്ഛൻ നുറുക്കിക്കോളാം ” എന്ന് പറഞ്ഞ് അടുക്കളയിലേക്ക് തെന്നിത്തെറിച്ചു വരുന്നൊരു കെട്ട്യോനെ കിട്ടിയതിൽ ന്റെ ചെറ്യേ വല്യേ ഇഷ്ട്ടങ്ങൾക്ക് അച്ഛനോളം കൂടെ നിൽക്കുന്നൊരു ഇമ്മിണി വല്യേ തെമ്മാടി.
ഓരോന്നോർത്ത് അഭിമാനവും സന്തോഷവും കൊണ്ട് പുളകിതയായി നിൽക്കുമ്പോഴാണ് ഇടി വെട്ടും പോലെ താന്തോന്നിയുടെ ഓർമ്മപ്പെടുത്തൽ.
“ദേ ഞാൻ സാമ്പാറും ഉണ്ടാക്കി.. പപ്പടവും വറുത്തു.. വേണേൽ ഈ പാത്രമൊക്കെ കഴുകി വെച്ചോ… ഞാൻ കഴുകൂല്ല “
ഒരു ഞെട്ടലോടെ ഞാൻ സിങ്കിലേക്ക് നോക്കി.ഒരു സാമ്പാറു വെയ്ക്കാൻ അടുക്കളയിലേ സകല പാത്രവും എടുത്തിട്ടുണ്ട്… ‘ടെറസിലിരിക്കണ ആ വാട്ടർ ടാങ്ക് കൂടി എടുത്തു വെയ്ക്കാരുന്നു…. ‘ഉള്ളിൽ വന്ന രോദനം കടിച്ചമർത്തി ഞാൻ ഇച്ഛനെ നോക്കി. ഏത് നേരത്താണാവോ കവിത എഴുതാൻ തോന്നിയത്… ഹും….