ഭാര്യയാണ് താരം
Story written by Raju PK
പഠിച്ച സ്കൂളിലേക്ക് വർഷങ്ങൾക്ക് ശേഷം ഒരു വിശിഷ്ട അഥിതിയായി കടന്ന് വന്നപ്പോൾ പത്ത് എയിലേക്ക് പതിയെ ഒന്നെത്തി നോക്കി. വീണ്ടും ആ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി.
ഇന്നും സമയം വൈകി ഈശ്വരാ രേണു മിസ്സിന്റെ ക്ലാസ്സാണ് വൈകി വന്നതിന് അടി എന്തായാലും ഉറപ്പാണ്.
വാതിലിന്റെ ഓരമായി നിന്ന് അകത്തേക്ക് വരട്ടെ എന്ന് ചോദിച്ചതും
ടീച്ചറുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു
“ഞാൻ നിങ്ങളോട് എന്നും പറയുന്നതാണ് കൃത്യസമയത്തിന് വരണമെന്ന് എത്ര പറഞ്ഞാലും നിങ്ങൾ അനുസരിക്കില്ല വൈകി വന്നതിന് കാരണം വല്ലതും പറയാനുണ്ടോ..?
മേശപ്പുറത്ത് സുഖമായി വിശ്രമിച്ചിരുന്ന വള്ളിച്ചൂരൽ ടീച്ചർ കൈകളിലേക്കെടുത്തു.
അകത്തേക്ക് കടന്ന എന്നെ ടീച്ചർ ദേഷ്യത്തോടെ നോക്കി
“ടീച്ചർ ഞാൻ…
“ഞാൻ എന്താ ബാക്കി ഇല്ലേ…”
“നേരത്തേ പോരാൻ ഇറങ്ങിയതാണ് അപ്പോഴാ വീട്ടിലെ പൂവാലി പശുവിന് പേറ്റു നോവ് ഞാൻ പറഞ്ഞ് നിർത്തിയതും ക്ലാസ്സിലെ കുട്ടികളെല്ലാം പെട്ടിച്ചിരിച്ചു”
സൈലന്റ്..!
ക്ലാസ്സ് മുറി വീണ്ടും നിശബ്ദമായി
” അതിന്.”
“രാവിലെ അമ്മയേയും കൂട്ടി അച്ഛൻ ആശുപത്രിയിലും പോയി എത്ര ശ്രമിച്ചിട്ടും പശുക്കുട്ടി മുഴുവനായും പുറത്തേക്ക് വരുന്നില്ലായിരുന്നു പശു വല്ലാത്ത കരച്ചിലും ഞാൻ ഒരു പഴയ ചാക്കെടുത്ത് കൊണ്ടുവന്ന് കിടാവിനെ വലിച്ച് പുറത്ത് ചാടിച്ചു അച്ഛൻ ഒരിക്കൽ ചെയ്യുന്നത് കണ്ടിരുന്നു അതുകൊണ്ട് രണ്ട് പേരുടേയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു അതുകൊണ്ടാ ഞാൻ വൈകിയത്.”
ദേഷ്യത്തോടെ നിന്നിരുന്ന ടീച്ചറുടെ മുഖം സന്തോഷം കൊണ്ട് ഒന്നുകൂടി ചുവന്നു
മിടുക്കൻ രണ്ട് ജീവൻ രക്ഷിച്ചില്ലേ നന്നായി വരും പോയിരിക്ക്
“മിഥുൻ തനിക്ക് വലുതാകുമ്പോൾ ആരാകണം എന്നാണ് “
എന്നോട് ചോദിച്ച ചോദ്യത്തിന് ക്ലാസ്സിലെ പഠിപ്പി രേഖ ഉച്ചത്തിൽ മറുപടി പറഞ്ഞു.
“അവന് മൃഗ ഡോക്ടർ ആവാനാണ് ഇഷ്ടം ടീച്ചർ “
കുട്ടികൾ ആർത്തുചിരിച്ചപ്പോൾ ടീച്ചർ അലറി.
” സൈലന്റ് “
ക്ലാസ്സ് നിശബ്ദമായി.
“രേഖ തന്നോട് ചോദിക്കുന്ന ചോദ്യത്തിന് മാത്രം ഉത്തരം നൽകിയാൽ മതി.”
ഒരു നിമിഷം എന്റെ കണ്ണുകൾ രേഖയുടെ കണ്ണുകളുമായി ഇടഞ്ഞു ഒന്നാം സ്ഥാനം അവൾ ആർക്കും വിട്ടു കൊടുക്കില്ല അതിന്റെ അഹങ്കാരം കുറച്ചൊന്നുമല്ല പെണ്ണിന് നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി ഉണ്ടക്കണ്ണി.
“മിഥുൻ എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല”
“ടീച്ചർ എനിക്ക് രേണു പറഞ്ഞതു പോലെ ഡോക്ടർ ആകണം അതും ഗൈനക്കോളജിസ്റ്റ് “
ക്ലാസ്സിൽ ഒരു സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത.
“ഗുഡ് തന്റെ ആഗ്രഹം ഈശ്വരൻ കാണാതിരിക്കില്ല നന്നായി പഠിച്ചോളൂ”
ഈശ്വരൻ എന്റെ ആഗ്രഹം നടത്തിത്തരുക തന്നെ ചെയ്തു മാത്രമല്ല എന്റെ ജോലിയിൽ ഞാൻ ഒരു പാട് ഉയരങ്ങളിൽ എത്തുകയും ചെയ്തു. പതിയെ വേദിയിലേക്ക് കയറുമ്പോൾ പൂച്ചെണ്ടുകൾ നൽകി നിറവയറുമായി രേഖ എന്നെ സ്വീകരിച്ചപ്പോൾ
കൂട്ടുകാരിയുടെ വക ഒരു ചോദ്യം
“എടീ നാം രണ്ട് നമുക്ക് രണ്ടെന്നാണ് ഇത് നാലാമത്തെയാണ് ഇത്തവണ യെങ്കിലും”
പൊട്ടിച്ചിരിച്ചു കൊണ്ടവൾ പറഞ്ഞു
“മിനിമം ആറെങ്കിലും വേണമെന്നാണ് കെട്ടിയോന്റെ ആഗ്രഹം പിന്നെ ഞാനെന്തു ചെയ്യാനാ കൈക്കൂലി വാങ്ങാത്ത വിശ്വസിക്കാവുന്ന ഒരു സർക്കാർ ഡോക്ടർ കെട്ട്യോനായി കൂടെയുള്ളപ്പോൾ ഞാനെന്തിനാ പേടിക്കുന്നത്”
“പണ്ട് ഇവൾ നിനക്ക് മൃഗ ഡോക്ടറാവാനാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ ഇവളോടുള്ള വാശിക്കല്ലേ നീ ഗൈനക്കോളജിസ്റ്റായത് നിന്നേപ്പോലെ മിടുക്കനായ ഒരുഡോക്ടറെ നാടിന് സമ്മാനിച്ചതിൽ ഇവൾക്കും ഒരു ചെറിയ പങ്കില്ലെന്ന് നിനക്ക് എന്നോട് പറയാൻ കഴിയുമോ”
എന്ന രാജീവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി.
രക്തത്തിൽ കുതിർന്ന ഓരോ കുഞ്ഞിനേയും അമ്മയുടെ ശരീരത്തിൽ നിന്നും വേർപെടുത്തി പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് കൊടുക്കുമ്പോൾ ലഭിക്കുന്ന ഒരു സന്തോഷം വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല..
“നിന്നോട് തർക്കിക്കാൻ ഞാനില്ലേ….”
ഭാര്യയേയും ചേർത്ത് പിടിച്ച് വേദിയിലേക്ക് നടക്കുമ്പോൾ ഓർത്തു.
അതെ ചിലരുടെ വാക്കുകൾ ഉറങ്ങിക്കിടക്കുന്ന മനസ്സിനെ ചിലപ്പോൾ വല്ലാതെ പിടിച്ചുലയ്ക്കും അപ്പോൾ അവരോട് ദേഷ്യം തോന്നുമെങ്കിലും സത്യത്തിൽ ഒരു മോട്ടിവേഷനാണ് അവരുടെ വാക്കുകൾ പിന്നീട് ലക്ഷ്യത്തിലെത്തുന്നതു വരെയുള്ള ഓട്ടത്തിനുള്ള ഊർജ്ജം.