നിമിഷസുഖം
Story written by AmMu Malu AmmaLu
ചേർത്തുപിടിച്ചപ്പോൾ അറിഞ്ഞിരുന്നില്ല ഉള്ളിലെ വികാരം ഇത്രത്തോളം ഉണ്ടെന്ന്..
ഒരിക്കലെങ്കിലും പറഞ്ഞൂടാരുന്നോ നിനക്കെന്നോട്..
ഒഴിഞ്ഞുമാറിയതായിരുന്നില്ലേ ഞാൻ..
പലവട്ടം കുതറിയിട്ടും എന്തിന് മുറുകെ പിടിച്ചു നീ..
നീ കണ്ട കണ്ണുകളിൽ എന്തായിരുന്നു.. “
പലയാവർത്തി അവനോടിത് ചോദിച്ചിട്ടും ഉത്തരം തരാൻ അവൻ തയ്യാറായില്ല.
മനസ്സിൽ ചിന്തകൾ കാട് കയറിമൂടാന് തുടങ്ങിയപ്പോളേക്കും ഉറക്കം കീഴ്പ്പെടുത്തിയിരുന്നു.
— — —- —- —-
വാരാന്ത്യത്തിലെ ഒരു ശനിയാഴ്ച രാത്രിയിൽ സമയം ഏകദേശം പതിനൊന്നരയോടടുത്ത് ഫോണിലേക്ക് അവന്റെ മെസ്സേജുകളുടെ പ്രവാഹമായിരുന്നു.
“അമ്മു എനിക്ക് കാണണം നിന്നെ.. ഞാൻ രാവിലെ എത്തും പാലക്കാട്ട്. നീ വരണം.
ഡി നീ എന്താ ഒന്നും പറയാത്തെ.. അമ്മു..
നീ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ എങ്ങും വരില്ല..
ഡി ഞാൻ ഏഴുമണിക്കെത്തും. 7:20 നാണ് എന്റെ വണ്ടി അതുവരെ വെയിറ്റ് ചെയ്യും. നീ വരണം എനിക്ക് കാണണം കണ്ടെ പറ്റൂ.
വൈശു നിനക്ക് ഭ്രാന്താണ്.
ഭ്രാന്തോ…എനിക്കൊ…എന്തിന്…..?
പിന്നെ…?
അമ്മു എനിക്ക് കണ്ടെ പറ്റു നിന്നെ.
എന്തിന് വൈശു, എന്തിനാ കാണുന്നെ. നിനക്ക് നാളെ വർക്ക്‌ണ്ടോ.. നാളെ സൺഡേ ആയിട്ട് നീ എന്തിനാ ഇങ്ങട്ട് വരണേ. അതും ഇത്ര രാവിലെ.
നിന്നെ കാണാൻ. ആ ഇത് തന്നാ പറഞ്ഞെ നിനക്ക് ഭ്രാന്താണെന്ന്.
വൈശു, ഞാൻ ആരാ നിന്റെ.. എന്താ നമ്മള് തമ്മിലുള്ള ബന്ധം. ഞാൻ നിന്റെ കാമുകിയാണോ.?
അല്ല..
അല്ലല്ലോ അപ്പപ്പിന്നെ എന്തിനാ വെറുമൊരു ഫേസ്ബുക്ക് ഫ്രണ്ട് ആയ എന്നെക്കാണാൻ നീ ഇത്ര റിസ്ക് എടുത്ത് ഇങ്ങട്ട് വരണേ.
അമ്മു എനിക്ക് കണ്ടെ പറ്റൂ.. നീ വരണം വരുന്നത് വരെ ഞാൻ അവിടെ തന്നെണ്ടാവും.
വൈശു നീ വെറുതെ കളി പറയല്ലേ ഞാൻ എഴുന്നേൽക്കില്ല അന്നേരം.. നാളെ സൺഡേ ആണ് എനിക്കുറങ്ങണം.
അമ്മു പറ്റില്ല പ്ലീസ്..നീ ഒന്ന് വന്നു കണ്ടിട്ട് പൊയ്ക്കോ.
നീ വരില്ല വെറുതെ പറയാണ്.. അല്ലേ തന്നെ അങ്ങകലെ കിടക്കുന്ന നീ ഈ പുലർച്ചെ ഇവിടെ എന്നെക്കാണാൻ വേണ്ടിമാത്രം ഇത്രടം വരെ വരാണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല മോനെ..
എന്താ നീയൊന്നും മിണ്ടാത്തെ.. ഉറങ്ങിയോ നീ..എന്താ നിനക്ക് മറുപടിയില്ലേ…? ഡാ..
രാത്രിയിലുടനീളം അവൻ വരുമോ ഇല്ലയോ എന്ന സംശയത്താൽ പാതിമയക്കത്തിലായിരുന്ന എനിക്ക് പുലർച്ചെ നേരത്തെ ഉണരേണ്ടി വന്നു.
ഇന്നലെ അവൻ പറഞ്ഞത് മുഴുവൻ കുസൃതി ആയിരിക്കണേ ശിവനേന്ന് പ്രാർത്ഥിച്ചു വീണ്ടും കണ്ണുകളടച്ച് ഉറക്കച്ചടവിലേക്ക് വഴുതാൻ ഒന്നു ശ്രമിച്ചുവെങ്കിലും എന്തെന്നില്ലാത്ത പേടിയാലോ പല ചിന്തകളാലോ ഉറങ്ങാൻ കഴിയാതെ ഞാൻ കുഴഞ്ഞു.
ആള് മാറി വന്നൊരു റിക്വസ്റ്റ്ന്റെ പേരിലാണ് ഞാൻ ആദ്യമായി അവനെ പരിചയപ്പെടുന്നത്. പൊതുവെ ഇൻബൊക്സ് ചാറ്റിങ്ങിനു താല്പര്യമില്ലാതിരുന്ന എന്റെ മൈൻഡിലേക്ക് ഇടിച്ചു കേറിയായിരുന്നു വൈശൂന്റെ വരവ്.
പലയാവർത്തി ഞാനതവനോട് പറഞ്ഞിരുന്നതുമാണ്. ഒരുപാട് തവണ അവന്റെ മെസ്സേജുകൾക്ക് തർക്കുത്തരം പറഞ്ഞുകൊണ്ട് മറുപടി അയക്കുമെങ്കിലും അത്ര സീരിയസ് ആയി ആ സൗഹൃദം ഞാനെടുത്തിരുന്നില്ല.
സോഷ്യൽ മീഡിയ വഴി ഒരുപാട് സൈബർ അറ്റാക്സ് പെൺകുട്ടികൾക്ക് നേരെ വരുന്നുള്ളതിനാൽ തന്നെ മനപ്പൂർവ്വം അബദ്ധങ്ങളിൽ ചെന്ന് ചാടാൻ ആഗ്രഹിച്ചിരുന്നില്ല. ഒപ്പം സാഹിത്യ ഗ്രൂപ്പുകളിൽ സജീവ പങ്കാളിത്തമുണ്ടായിരുന്നതിനാൽ ഗ്രൂപ്പുകളിൽ നിന്നുമല്ലാത്തൊരു സൗഹൃദത്തെ എന്നിലേക്ക് ക്ഷണിക്കാനും ആഗ്രഹിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണ് മുൻവിധിയോട് കൂടി ആരെയും വിലയിരുത്തരുത് എന്ന വേദവാക്യവുമായി വൈശൂന്റെ കടന്നുവരവ്.
അന്നത്തെ അവന്റെയാ മറുപടി എന്റെയുള്ളിൽ എവിടൊക്കെയോ ഒന്നിരുത്തി ചിന്തിപ്പിച്ചു.
എന്നാൽ കണ്ണടച്ചാരെയും വിശ്വസിക്കരുത് എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും അവനെ മാത്രം വിശ്വസിക്കാതിരിക്കാൻ എനിക്കായില്ല..
പക്ഷേ, അന്ന് തുടങ്ങിയ കൊച്ചു കൊച്ചു വർത്താനങ്ങൾ നല്ലോരു സൗഹൃദക്കൂട്ടിലേക്ക് വഴി തിരിച്ചപ്പോൾ മറ്റ് ചങ്ക്‌സിനൊപ്പം അവനും ഒരു സ്ഥാനം ഞാൻ മനസ്സിൽ കൊടുത്തിരുന്നു.
വൈശു നിനക്കൊന്നറിയോ…എത്രത്തോളം നല്ലതെന്ന് നാം വിശ്വസിക്കുന്ന പലതും അത്രത്തോളം മോശമാണെന്നു നമ്മളെ കൊണ്ട് വിശ്വസിപ്പിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.
അതുകൊണ്ടാവും നീ കാണിച്ച വൃത്തികേടിന് ഇന്ന് ദൈവം തന്നെ ആ സെക്യൂരിറ്റിയുടെ രൂപത്തിൽ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് .
ആ നിമിഷം നിന്റെയുള്ളിൽ എന്തായിരുന്നു വൈശു.
ഒരിക്കെ മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ നീ പുഞ്ചിരിച്ചുകൊണ്ടൊഴിഞ്ഞുമാറി. അന്നെനിക്കതിന്റെ അർത്ഥം മനസ്സിലായില്ല. എന്നാൽ ഇന്ന് നീ ചേർത്തുപിടിച്ചപ്പോൾ ഉള്ളിലെ ഇഷ്ടം തുറന്നുപറയാനാവുമതെന്ന് വെറുതെയെങ്കിലും ഞാനാശിച്ചിരുന്നു.
പക്ഷേ, നീ പറഞ്ഞില്ല. മറിച്ച് നിന്നിൽ നിന്നും കേൾക്കാനാഗ്രഹിച്ച വാക്കുകളായിരുന്നില്ല ഞാനപ്പോൾ കേട്ടിരുന്നത്.
മാമന്റെ മോളുമായി കല്യാണം പറഞ്ഞുറപ്പിച്ച നീ പിന്നെന്തിനെന്നെത്തേടിവന്നു. അപ്പോൾ നിന്റെയുള്ളിൽ എന്തായിരുന്നു
അവൾക്കില്ലാത്ത എന്താണെനിക്കുള്ളത്.
നിമിഷസുഖത്തിന് വേണ്ടി ബലം പിടിച്ചാണെങ്കിലും നിന്നിലേക്കടുപ്പിക്കുമ്പോൾ എന്നുള്ളിലെ പേടിയോടൊപ്പം നിൻകണ്ണിലെ ചുവപ്പിന്റെ തീവ്രത ഞാൻ ശ്രദ്ധിച്ചിരുന്നു.
അപ്പളും ചുറ്റും നിൽക്കുന്ന ആളുകൾ ആയിരുന്നെന്റെ പിൻബലം.
നീ വിളിച്ചപ്പോൾ ഇറങ്ങി വന്നത് നീ പറഞ്ഞ മുൻവിധിയോടുകൂടി നിന്നെ അളക്കാതിരുന്നതിനാലായിരുന്നു. എന്നാൽ എനിക്ക് പാടെ തെറ്റിപ്പോയിരുന്നത് അവിടെയായിരുന്നു വൈശു..
എന്നിലെ സൗഹൃദകൂട്ടിലേക്ക് നിന്നെ ഞാൻ ഒരിക്കലും ക്ഷണിക്കാൻ പാടില്ലായിരുന്നു.ഒരോ തവണയും ഈ കണ്ണുകളെ നീ വർണ്ണിക്കുമ്പോളും മനസ്സിലെവിടെയോ ഒരു കുഞ്ഞു പ്രണയം ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു നിനക്ക് മാത്രമായി.
പക്ഷേ, ദേഷ്യമില്ല നിന്നോടെനിക്ക്. എന്തെന്നാൽ നീ എന്നിൽ ഉണർത്തിയ തിരിച്ചറിവെനിക്ക് ഈ ജന്മം മുഴുവൻ വരും തലമുറയ്ക്ക് പകരാൻ ഉള്ള ഊർജം ആണ് എന്ന് മനസ്സിലാക്കി തരുകയായിരുന്നപ്പോൾ നീ.
അമ്മു നീ എന്തൊക്കെയാ ഈ പറയുന്നേ.
അതിനുമ്മാത്രം ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തേ. ഒന്ന് ചേർത്തുപിടിച്ചതോ..? അമ്മു ഞാൻ പറഞ്ഞില്ലേ ആ നിമിഷം നിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ വല്ലാത്തൊരു ഫീല് ആയിരുന്നു.
ഒരു ചുടുചുംബനത്തിനായി അധരങ്ങൾ അത്രമേൽ കൊതിച്ചുപോയി എന്നിൽ.
വൈശു മതി നിർത്ത്…അമ്മു പ്ലീസ്.. നീ ഒന്ന് ക്ഷമിക്കു. ന്നിട്ട് മനസ്സിലാക്കെന്നെ.
ഇല്ല വൈശു ഞാൻ ക്ഷമിക്കില്ല. ഞാൻ ഒന്ന് ചോദിച്ചോട്ടെ…!!
നീ കണ്ട കൺകളിൽ എന്തായിരുന്നു പ്രണയമോ അതോ കാമമോ..???
ചേർത്തുപിടിച്ചപ്പോൾ അറിഞ്ഞിരുന്നില്ല ഉള്ളിലെ വികാരം ഇത്രത്തോളം ഉണ്ടെന്ന്..
ഒരിക്കലെങ്കിലും പറഞ്ഞൂടാരുന്നോ നിനക്കെന്നോട്..
ഒഴിഞ്ഞുമാറിയതായിരുന്നില്ലേ ഞാൻ..
പലവട്ടം കുതറിയിട്ടും എന്തിന് മുറുകെ പിടിച്ചു നീ..
വീണ്ടും ചോദിക്കുന്നു നീ കണ്ട കണ്ണുകളിൽ എന്തായിരുന്നു വൈശു…???
നാളെ നീ ഇതിന്റെ പേരിൽ എണ്ണിയെണ്ണി കണക്കു പറയും പറയിപ്പിക്കും ദൈവം എന്നോടല്ലെങ്കിലും നിന്റെ ജീവിതത്തോടെങ്കിലും.
നാളെ നിന്നെ വേളി കഴിക്കാനിരിക്കുന്നവൾ ഉണ്ടല്ലോ അവളിലൂടെ നീ ആഗ്രഹിക്കുന്നതൊന്നും നിനക്ക് തികയാതെ വരുമ്പോൾ അഥവാ നീ ആഗ്രഹിക്കുന്നപോലൊരു ജീവിതം നിനക്ക് കിട്ടാതെ വരുമ്പോ ഈ കണ്ണുകളെ നീ ഓർമിക്കും.
മനസ്സിൽ ഒരായിരമാവർത്തി അന്ന് നീയെന്നോട് മാപ്പ് പറയും. പറഞ്ഞിരിക്കും.
ഭൂമിയിൽ നാം ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ ഭൂമിയിൽ തന്നെ അനുഭവിച്ചേ മതിയാകൂ.
നല്ലതെന്ന് നാം വിചാരിക്കുന്ന പലതും മോശമാണെന്നുള്ള നീ തന്ന ഈ വലിയ തിരിച്ചറിവിൽ മുന്നോട്ടുള്ള ജീവിതം ഞാൻ ജീവിച്ചു തീർക്കും വൈശു.
ഒരു പെണ്ണിനും അവൾ നേരിടേണ്ടി വരുന്ന ഇത്തരം ചതികളിൽ ഇതുപോലെ വഞ്ചിക്കപ്പെടുമ്പോൾ അവൾ അവിടെ തകർന്നു വീഴുകയല്ല വേണ്ടത് മറിച്ച് കരുത്തോടെ മുന്കരുതലോടെ അവൾക്ക് നേരെ വീഴുന്ന കണ്ണുകളെ നേരിടാനുള്ള കരുത്താർജ്ജിക്കയാണ് ചെയ്യുന്നത്.
ഒപ്പം നീ ഇതോടെ കുറിച്ചിട്ടോ. നീ എന്നോട് ചെയ്ത ഈ തെറ്റിന് നാളെ നിന്റെ ജീവിതം കൊണ്ട് നീ മാപ്പ് പറയും.
അന്ന് ഞാൻ വരും ഒരിക്കൽ കൂടി നിന്റെ മുന്നിൽ ഒരു നൂറു ചോദ്യങ്ങൾ നീ കണ്ട കൺകളിലൊളിപ്പിച്ച്..