കട്ടതാടിയും ബൈക്കും ഒന്നും ഇല്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോഴത്തെ പിള്ളാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പാവം..

കൂടപ്പിറപ്പ്…

Story written by SHAMEENA VAHID

അവനെന്റെ കൂടപ്പിറപ്പാണ്…

ചെറുപ്പത്തിൽ പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഇല്ലാതെയാണ് അവൻ വളർന്നത്. ഞാൻ കുടുംബത്തിലെ ആദ്യത്തെ കുട്ടി ആയത് കൊണ്ട് എല്ലാരുടെയും വാത്സല്യത്തിലാണ് വളർന്നത്.. പക്ഷെ അവനുണ്ടായപ്പോൾ ഒരു പരിഗണയും കിട്ടിയില്ല. അവൻ കാണാൻ വല്യ ഭംഗി ഒന്നും ഉണ്ടായിരുന്നില്ല. അമ്മയല്ലാതെ ആരും അവനെ ലാളിച്ചില്ല..

അവനു ഒന്നര വയസുള്ളപ്പോൾ ഇളയ അനിയൻ ഉണ്ടായി.. അപ്പോൾ പിന്നെ ഇവന് വേണ്ട ശ്രദ്ധ കിട്ടാതായി.. പാവം അന്ന് മുതൽ അവഗണന അവനു ശീലമായി..

ഞങ്ങൾ വളർന്നു.. അവനു അമ്മയയോട് വല്യ സ്നേഹമായിരുന്നു.. കുഞ്ഞിലേ സ്കൂളിൽ ഇരിക്കുമ്പോൾ ഇടിയും മഴയും വരുമ്പോൾ അമ്മ തനിച്ചാണെന്ന് പറഞ്ഞു സ്കൂളിൽ നിന്ന് തനിയെ ഇറങ്ങി വന്നിട്ടുണ്ട് ആശാൻ.. ചെറുപ്പത്തിലേ ഉള്ള വഴക്കുകളിൽ ഞാനും അനിയനും ജയിക്കാൻ എന്നും മുന്നിൽ നിന്നു…അവൻ പലപ്പോഴും തോറ്റു തരുമായിരുന്നു..

പഠനത്തിൽ മഹാമോശമായിരുന്നു.. ഞാൻ നന്നായി പഠിച്ചിരുന്നു.. അതിന്റെ പേരിൽ അവനെ കുറെ കളിയാക്കിയിരുന്നു.. പത്താതരം രണ്ടു വട്ടം പൊട്ടിയപ്പോൾ അവൻ പഠനം അവസാനിപ്പിച്ചു.. പിന്നെ വെറുതെ അങ്ങനെ നടന്നു ..

അവൻ വലുതായി.. എന്റെ കല്യാണം കഴിഞ്ഞു.. അവനു നല്ല ഒരു ജോലി കിട്ടിയില്ല.. വീട്ടിൽ അമ്മക്കൊഴികെ വേറെ ആർക്കും അവനോടു താല്പര്യം ഇല്ലാതായി.. അവൻ വരുമ്പോൾ വയറു നിറയെ അമ്മ ഭക്ഷണം വിളമ്പിക്കൊടുക്കും.. ആ സമയം അവനു ജോലി ഒന്നും കാണില്ല.. അച്ഛനും അനിയനും അവൻ തിന്നുന്നതിനു ചിലപ്പോ കുറ്റങ്ങൾ നിരത്തും.. അവനതൊക്ക ശീലമായി.. അപ്പോഴും അമ്മയുടെ മാത്രം കുഞ്ഞായി അവൻ കഴിഞ്ഞു..

ആർക്കും എന്ത് ഉപകാരത്തിനും അവൻ മുന്നിലുണ്ടാവും.. എപ്പോഴും ചിരിക്കുന്ന മുഖം.. നല്ല ബുദ്ധിയുണ്ടെങ്കിലും ഒന്നിലും ഒത്തിരി ആക്ടിവാകാൻ പറ്റിയില്ല.. കല്യാണം കഴിക്കാൻ പ്രായമായപ്പോൾ അതിനും വല്യ താല്പര്യം കാണിച്ചില്ല.. അമ്മക്ക് ഏറ്റവും വല്യ സങ്കടം അതായി.. എല്ലാവരും പല വിധ മൊട്ടിവേഷൻ കൊടുത്തിട്ടും അവനതി നു ചെവി കൊടുത്തില്ല..

അമ്മക്ക് ഷുഗറിന്റ അസുഖം ഉണ്ടായിരുന്നു.. അവനു മുപ്പത്തിരണ്ട് വയസായി. അതിനിടക്ക് അനിയൻ കല്യാണം കഴിച്ചു.. എല്ലായിടത്തും ഒന്നിനും കൊള്ളാത്തവനായി മുദ്ര കുത്തപ്പെട്ടു..

അങ്ങനെ ഇരിക്കെ അമ്മക്ക് അസുഖം വന്നു.. ഒരു ചെറിയ കാലിനു വേദന ആയിരുന്നു തുടക്കം.. പിന്നെ അത് മൂർച്ഛിച്ചു.. കാലിൽ വ്രണം ഉണ്ടായി… വേദനല്ല കൂടി… അമ്മയുടെ അവസ്ഥ കണ്ടു നിൽക്കാൻ പറ്റുമായിരുന്നില്ല..ഹോസ്പിറ്റലിൽ അഡ്മിറ്റായി..

അവനാണ് അമ്മക്ക് കൂട്ട് നിന്നത് ഞാൻ ഇടക്ക് പോയും വന്നും നിന്നതല്ലാതെ സ്ഥിരമായി നിൽക്കാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല… അമ്മയുടെ കാലുമുറിക്കണം എന്ന് ഡോക്ടർ പറഞ്ഞു… അന്ന് അവൻ കരഞ്ഞു.. ഞങ്ങളും…

പക്ഷെ പിന്നെ വേറെ ട്രീറ്റ്മെന്റുകൾ thudangi.. രണ്ടര മാസത്തോളം ആശുപത്രിയിൽ… അമ്മയെ പല്ലുതേപ്പിക്കും, ഭക്ഷണം കൊടുക്കും.. അമ്മ കഴിച്ചതിന്റെ ബാക്കി അവൻ കഴിക്കും.. അമ്മ കിടപ്പിലായി.. അമ്മയുടെ വേദന എന്നും അവൻ കണ്ണീരോടെ കണ്ടു നിക്കും.. അവന്റെ മനസ് മരവിച്ചു പോയിരിക്കും… ആശുപത്രിയിൽ നിക്കുമ്പോൾ ഞാൻ ഒരുദിവസം പല പ്രാവശ്യം വിളിക്കും.. അവിടെയുള്ള വിവരങ്ങൾ എല്ലാം വിശദമായി പറയും.. അമ്മയുടെ മലവും മൂത്രവും എടുക്കുന്നതും വൃത്തിയാക്കുന്നതും എല്ലാം അവനാണ്.. ആരോടും ഒരു പരാതിയും പറഞ്ഞില്ല..

കുളിപ്പിക്കാൻ രണ്ടു കൈയിലും കോരി എടുത്താണ് കൊണ്ട് pokunnath..അമ്മയുടെ കവിളിൽ ഉമ്മ വെക്കും.. എന്റെ ചക്കരപ്പൊന്നാണെന്ന് ഇടക്ക് പറയും… അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി.. പുച്ഛിച്ചവരുടെ മനസ്സിൽ അവൻ വലിയവനായി..

നിനച്ചരിക്കാതെ ഒരു ദിവസം അമ്മ പോയി… ആ വിവരവും അവനാണ് എന്നെ വിളിച്ചു പറഞ്ഞത്.. അവനത് പറയുമ്പോ സമനില തെറ്റി ഞാൻ ഫോൺ വലിച്ചെറിഞ്ഞു.. അമ്മയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു..

അവനെ കാണുമ്പോൾ അമ്മ നഷ്ട്ടപ്പെട്ട ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തോന്നി… അവൻ തന്നെ ആയിപ്പോകുമെന്ന വലിയ വിഷമവും പേറിയാണ് അമ്മ poyath..

കുറച്ചു നാളുകൾ കഴിഞ്ഞ് അവൻ കല്യാണം നോക്കാൻ തുടങ്ങി… പക്ഷെ പ്രായക്കൂടുതൽ അവന്റെ വിവാഹത്തിന് തടസമായിരിക്കുന്നു.. കട്ടതാടിയും ബൈക്കും ഒന്നും ഇല്ലാത്ത സാധാരണ മനുഷ്യൻ.. ഇപ്പോഴത്തെ പിള്ളാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പാവം..

എന്തായാലും അവനിപ്പോ എല്ലാർക്കും പ്രിയപ്പെട്ടവൻ ആയിട്ടുണ്ട്.. എന്റെ അടുത്ത് ഇടക്കിടക്ക് വരും… ഒരുപാടു സുഹൃത്തുക്കളൊന്നും അവനില്ല… ഒറ്റപ്പെട്ട അവന്റെ അവസ്ഥ കാണുമ്പോൾ എനിക്ക് സങ്കടമാണ്… എത്രയും പെട്ടെന്ന് അവനൊരു കൂട്ടുണ്ടാവണമെന്നാണ് എന്റെ പ്രാർത്ഥന…

ഇത് എന്റെ ജീവിതത്തിലെ തന്നെ ചില ഭാഗങ്ങൾ ആണ്.. എന്റെ കൂടപ്പിറപ്പിനെ ആരെങ്കിലും ഒന്ന് അറിയപ്പെടട്ടെ എന്നെനിക്ക് തോന്നി…

Related Posts

Leave a Reply

Your email address will not be published. Required fields are marked *