കണ്ടോ ആ നശിച്ച ബംഗാളി കാരണം ഇപ്പോഴും പിണങ്ങി. ഇവനൊക്കെ വരാൻ കണ്ട സമയം. എനിക്കു ഈ ഹിന്ദിയും ബംഗാളികളെയും കണ്ണെടുത്താൽ കണ്ടൂടാ……

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അവനിന്ന് രാവിലത്തെ കഴിച്ചില്ല . നമ്മുടെ ചോറും കറിയും ഒന്നും അവനു പിടിക്കില്ല.

അയ്യോ എന്നാ നിങ്ങൾക്ക് അങ്ങ് വാരിക്കൊടുക്കമാരുന്നില്ലേ ?സമയം മൂന്നു കഴിഞ്ഞു ഈ നേരമായിട്ടും ഞാൻ വല്ലതും കഴിച്ചോ എന്ന് ചോദിക്കാൻ ഒരീച്ച പോലും ഇല്ല.

ഒരെണ്ണം തന്നാൽ ഉണ്ടല്ലൊ ?നിന്റെ വീട്ടിൽ നിനക്ക് ഫുഡ്‌ സമയത്തിന് കഴിക്കാലോ ?ആരേലും പറഞ്ഞോ പട്ടിണി കിടന്നു പണിയാൻ അതുപോലെ ആണോ അവന്റെ കാര്യം ?

അവനു ഈ രുചികൾ ഒന്നും പിടിക്കുന്നില്ല. സങ്കടം തോന്നും ഭക്ഷണം മുമ്പിൽ വെച്ചുള്ള ഇരുപ്പു കണ്ടാൽ.

പരിപ്പും സാമ്പാറും ഒക്കെ ആണേൽ കഴിക്കുവാരിക്കും ഇല്ലേ കൊച്ചേ ?

എന്നാൽ പരിപ്പ് കറി എടുക്കാം ഊണിന് ?

അയ്യോ രാവിലെ എനിക്കു ചപ്പാത്തിക്ക് തന്ന കറി അല്ലേ ?എന്റെ പൊന്നുമോളെ കഷ്ടപ്പെട്ട് ഒരുത്തനെ കടയിൽ നിർത്താൻ കിട്ടിയതാ. നീയും നിന്റെ കറികളും കൂടി ഓടിക്കരുത്.

ദേ മനുഷ്യ, ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു ഓരോന്ന് ഉണ്ടാക്കണേൽ ആദ്യം നിങ്ങൾ ഇവിടെ ഒരു ബംഗാളിയെ നിർത്തു.

ഇവിടെ വെക്കുന്നത് നിങ്ങൾക്ക് കഴിക്കാമെങ്കിൽ അവനും കഴിക്കാം.

ചോറ് കടയിലേക്ക് കൊണ്ടുപോകാൻ വന്ന കെട്യോനോട് എന്റെ ദേഷ്യം നൂറ്റി ഒന്ന് സെൽഷ്യസ് എത്തി. ഓരോരോ മാരണങ്ങൾ. അല്ലേൽ തന്നെ എപ്പോഴും തിരക്ക്, അതിനിടക്ക് ഇനി അവന്റെ ഇഷ്ടം നോക്കണം പോലും ഞാൻ പിറുപിറുത്തു ചോറ് പൊതികെട്ടി.

വൈകിട്ട് കിടക്കുമ്പോഴുള്ള ഓരോ വിശേഷങ്ങൾ പറയുന്നതിനിടയിൽ വീണ്ടും വന്നു ബംഗാളി.

ഡി താമസിക്കാൻ സൗകര്യം അവൻ ചോദിക്കുന്നുണ്ട്.

കേക്കേണ്ട താമസം ഞാൻ ഒറ്റ ചാട്ടത്തിനു രണ്ടുപിള്ളേരെ മറികടന്നു കട്ടിലിന്റെ അപ്പുറത്തെ സൈഡിൽ എത്തി.

എന്താ മനുഷ്യ നിങ്ങൾക്ക് നട്ട പിരാന്താ ?ഇവനൊക്കെ ആരാ എന്താ എന്ന് വല്ല പിടിത്തവും ഉണ്ടൊ ?കൊണ്ടു വന്നു ഇവിടെ കിടത്തു എന്നെയും എന്റെ മക്കളെയും കൊന്നു ഉള്ള തെല്ലാം കട്ടോണ്ടു പോട്ടെ.

ഡി ഒരു ചവിട്ടു ഇപ്പോ തരും ഇല്ലേൽ മിണ്ടാതിരുന്നോ ? ഇങ്ങോട്ട് കെട്ടി എടുക്കും എന്നുപറഞ്ഞോ എവിടേലും നോക്കണം എന്നല്ലേ പറഞ്ഞത്.

ആണോ ?തെളിച്ചു പറയണ്ടേ എന്നാൽ ഞാൻ അങ്ങോട്ട്‌ വരട്ടെ.?

അവിടെ കിടന്നോണം അടുത്ത് വന്നാൽ ഒറ്റ തൊഴിക്കു താഴെ ഇടും.

കണ്ടോ ആ നശിച്ച ബംഗാളി കാരണം ഇപ്പോഴും പിണങ്ങി. ഇവനൊക്കെ വരാൻ കണ്ട സമയം. എനിക്കു ഈ ഹിന്ദിയും ബംഗാളികളെയും കണ്ണെടുത്താൽ കണ്ടൂടാ.

മിണ്ടാതെ കിടക്കടി.

മിണ്ടാതെ തിരിഞ്ഞു കിടക്കുമ്പോൾ ആദ്യമേ മിണ്ടാതിരുന്നെങ്കിൽ കൂടെ കിടക്കാരുന്നു എന്നൊരു തോന്നൽ വരാ തിരുന്നില്ല. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ ?

പിറ്റേന്ന് രാവിലെ പാത്രം കഴുകുമ്പോൾ ഉമ്മയും പറയുന്നത് കേട്ടു അവൻ മിടുക്കനാണ് മടിയില്ലാതെ എല്ലാ പണികളും ചെയ്യും എന്നൊക്കെ.

എത്ര മിടുക്കനാണെങ്കിലും ബംഗാളി അല്ലെ ?ഇവിടൊട്ടൊന്നും കൊണ്ടു വരണ്ട കേട്ടോ. എന്നാരുന്നു എന്റെ മറുപടി.

കുറച്ചു കഴിഞ്ഞപ്പോൾ കേട്യോൻ കാപ്പികുടിക്കാൻ വന്നു സാധാരണ പോകുമ്പോൾ കഴിച്ചിട്ടു പോകും വാപ്പാക്കും പണിക്കാരനുമുള്ളതു പാർസൽ കൊടുത്തു വിടും ഇന്ന് പതിവില്ലാതെ എന്താണോ ?

ചെന്നുനോക്കുമ്പോൾ അങ്ങേര് പറയുക ബംഗാളി വന്നിട്ടുണ്ട് കഴിക്കാൻ വിളമ്പിക്കോ എന്ന്.

രൂക്ഷമായി ഒന്ന് നോക്കിയിട്ട് തറയിൽ അമർത്തി ചവിട്ടി ഞാൻ അടുക്കള യിലെത്തി. ഒക്കത്തു മോനിരുപ്പുണ്ട്. കുളിപ്പിച്ചു കഴിഞ്ഞു ഉടുപ്പ് ഇട്ടിട്ടില്ല. ഉമ്മാ അവര് വന്നു എന്നുപറഞ്ഞിട്ടു ഞാൻ വേഗം മോനെ ഉടുപ്പിടുവിച്ചു. ഇനി ചെക്കന്റെ ദേഹത്ത് കിടക്കുന്ന പൊന്നൊന്നും ആ ബംഗാളി കാണണ്ട.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പണിക്കാരൻ ബംഗാളിയെ കണ്ട ഞാൻ വല്ലാതായി. ഇത്രയും ദിവസം വിചാരിച്ച രൂപം ആരുന്നില്ല അത്.

മുഷിഞ്ഞ വസ്ത്രങ്ങൾ, എണ്ണ മയമില്ലാത്ത പാറിപ്പറക്കുന്ന മുടി, തീരെ മെല്ലിച്ച ശരീരം, ഒരു പതിനാലു വയസുകാരന്റെ വലിപ്പം, കൊച്ചുകുട്ടികളുടെ മുഖം അതിനേക്കാൾ ഒക്കെ അവന്റെ എന്നെനോക്കിയുള്ള നിഷ്കളങ്ക ചിരി.

പടച്ചോനെ ന്റെ മോളേക്കാൾ ഇത്തിരിയും കൂടി വലിപ്പം ഉള്ള ഈ പീക്കിരി ചെക്കനെ ആണല്ലോ ഞാൻ ഭീകരനാക്കിയത്. വീട്ടിലെ പട്ടിണിയും ദുരിതങ്ങളും മാറ്റാൻ ഉള്ള പരക്കം പാച്ചിലിൽ എത്തിപെട്ട താവില്ലേ ഈ അന്യ ദേശത്തു, ഭാഷ അറിയാതെ പൊരുത്ത പെടാനാകാതെ ആ കൊച്ചു ചെക്കൻ എത്ര ബുദ്ധിമുട്ടുന്നുണ്ടാകും. പതിനെട്ടു വയസു എന്നാണ് പ്രായം പറയുന്നതെങ്കിലും എന്തോ വിശ്വസിക്കാൻ പറ്റുന്നില്ല.

കപ്പയും ഇറച്ചിയും ഒക്കെ അവനെ ഞാനും ഉമ്മയും കൂടി വിളമ്പി കൊടുത്തു കഴിപ്പിച്ചു. പുള്ളിക്ക് അതൊന്നും അത്ര പിടുത്തമില്ല. വെള്ളം ചോദിച്ചു കൊണ്ടു കൊടുത്തപ്പോൾ ഗ്ലാസിൽ ഒഴിക്കാതെ കൊച്ചു മൊന്തയിൽ രണ്ടുകയ്യും പിടിച്ചുകുടിക്കുന്ന കണ്ടപ്പോൾ ഒത്തിരി സഹതാപവും വാത്സല്യവും തോന്നി. പോരാത്തതിന് പോകാൻ നേരം യാത്ര പറഞ്ഞു ടാറ്റാ തന്നപ്പോൾ ആദ്യായി അമ്മയെ പിരിഞ്ഞ എല്ലാ സങ്കടങ്ങളും ആ നോട്ടത്തിൽ തിരതല്ലി.

ചെറിയ പയ്യൻ ആയതുകൊണ്ട് കട്ടിപ്പണി ഒന്നും അവനെക്കൊണ്ട് ചെയ്യിക്കാൻ കെട്യോന് മനസ് വരുന്നില്ല എങ്കിലും തിരക്കുള്ള കടയിൽ അവനു വിശ്രമം ഉണ്ടാവാൻ വഴിയില്ല. പണിയും കഴിഞ്ഞു രാത്രി ചെന്നപ്പോൾ കിടക്കാൻ കൂടെ ഉള്ളവർ സ്ഥലം കൊടുത്തില്ല എന്നു പറഞ്ഞു ഇവൻ ഇറങ്ങിപ്പോയെന്നും രാവിലെ ആണ് വന്നതെന്നും വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ പണിക്കു വന്ന ഇവന്റെ സഹോദരൻ പറഞ്ഞറിഞ്ഞു. എത്രയോ പേരാവും മൃഗങ്ങളെക്കാൾ കഷ്ടമായി ഇടുങ്ങിയ ഒറ്റമുറികളിൽ ജീവിക്കുന്നത്. പാവം അവനോടു സഹതാപം തോന്നുന്നു എങ്കിലും യാഥാർഥ്യങ്ങൾ പൊള്ളിക്കുന്നു.

കോട്ടയത്ത്‌ വർഷങ്ങൾക്കു മുമ്പ് ഒരു ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ പണിക്കു നിന്ന ബംഗാളി , ചെറുപ്പക്കാരനും അവിവാഹിതനുമായ ഉടമയെയും മാതാപിതാക്കളെയും അതി ദാരുണമായി കൊ ലപ്പെടുത്തി. അമ്മേ എന്നായിരുന്നു അത്രേ ഇയാൾ ഉടമയുടെ അമ്മയെ ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ വിളിക്കുക. ഇന്ന് ആ വീട്ടിൽ ശേഷിക്കുന്നത് ഇളയ മകൻ മാത്രമാണ്. ഒരുകുടുംബം ഇല്ലാതാക്കി.

അതുപോലെ കഴിഞ്ഞ ദിവസം മറ്റൊരിടത്തു മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ബംഗാളിയെ പേരക്കുട്ടി എതിർത്തപ്പോൾ അയാൾ അവളെ ക ഴുത്ത റുത്തു കൊ ന്നു.

അക്രമവാസനയും ലൈം ഗികാസക്തിയും മറ്റുസംസ്ഥാനക്കാരേക്കാൾ കൂടുതലായി പ്രകടിപ്പിക്കുന്ന ഇവരെ വീടുകളിൽ അടിപ്പിക്കുക സാഹസമാണ്.

അതുകൊണ്ട് കുഞ്ഞനുജനെപ്പോലെ ഇഷ്ടം തോന്നിപ്പിക്കുന്ന ബംഗാളി ക്ഷമിക്കുക നീ ആരാണ് എന്നറിയില്ല എങ്കിലും നിന്റെ ആൾക്കാർ ചെയ്തു വെക്കുന്ന കൊള്ളരുതായ്മകൾ പേടി പെടുത്തുമ്പോൾ നിനക്ക് ഒരു സൗകര്യങ്ങളും പ്രദാനം ചെയ്യാൻ ധൈര്യം പോരാ

. അനുകമ്പയും അലിവും ഊറുന്ന കഥകൾ എഴുതി ലൈക്‌ വാങ്ങുന്ന ഒരാൾ എന്ന നിലയിൽ നിന്നോട് ചെയ്യുന്നതോർക്കുമ്പോൾ സങ്കടം ഉണ്ട് പക്ഷേ നിന്നിലോ നീ പേടിക്കാത്ത, നിനക്ക് എന്തും ചെയ്യാൻ ധൈര്യം തരുന്ന ഈ നാട്ടിലെ നിയമങ്ങളിലോ വിശ്വാസം നിലവിലില്ല.

മര്യാദക്ക് അന്യ നാട്ടിൽ വന്നു പണിയെടുക്കാൻ നിങ്ങൾ പഠിക്കുകയും അതിശക്തമായ നിയമങ്ങൾ നിന്നെയൊക്കെ വിറപ്പിക്കുകയും ചെയ്യുന്ന ഒരു നാൾ വന്നാൽ കൂടെ ഉണ്ടാവും ഞങ്ങൾ എല്ലാ സഹായങ്ങളുമായി തത്കാലം നീ ഒരു നീറ്റലായി ഉള്ളിൽ കിടക്കട്ടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *