ചക്രവാളം ചുവന്നപ്പോൾ
എഴുത്ത്:- ബിന്ദു എൻ പി
തന്നെ തേടി വന്നത് പ്രേമൻ മാഷും പാറു മോളുമാണെന്ന് മനസ്സിലാക്കാൻ ലക്ഷ്മിയമ്മയ്ക്ക് അല്പനേരം വേണ്ടിവന്നു. അവർക്ക് പരസ്പരം പങ്കിടാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. അവരോട് വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ ലക്ഷ്മിയമ്മയുടെ ഓർമ്മകൾ വർഷങ്ങൾ പിറകോട്ട് പോയി
തിരുവനന്തപുരത്തുകാരൻ പ്രേംകുമാറും കണ്ണൂരുകാരി രാജലക്ഷ്മിയും കോഴിക്കോടുള്ള ഒരു ഗവൺമെന്റ് സ്കൂളിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് പരസ്പരം ഇഷ്ടത്തിലാവുന്നത്. അങ്ങനെ അധികം വൈകാതെ അവരുടെ വിവാഹവും നടന്നു. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരായിരം സ്വപ്നങ്ങൾ അവരുടെ മുന്നിലുണ്ടായിരുന്നു.
അങ്ങനെ അവർ രണ്ടുപേരും കൂടി ഒരു വാടക വീട്ടിൽ താമസമായി. പിണക്കങ്ങളും ഇണക്കങ്ങളുമായി വർഷങ്ങൾ കടന്നുപോയി ക്കൊണ്ടിരുന്നു. ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹം മാത്രം ഇതുവരെയും നടന്നില്ല. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 8വർഷമാകാൻ പോകുന്നു. കാണാത്ത ഡോക്ടർമാരില്ല. ചികിത്സിക്കാത്ത ഹോസ്പിറ്റലുകളുമില്ല. പ്രാർത്ഥനകളും വഴിപാടുകളുമായി അവർ അമ്പലങ്ങൾ കയറിയിറങ്ങി. എന്നിട്ടും അവരുടെ ആ ആഗ്രഹം മാത്രം നടന്നില്ല. രണ്ടുപേർക്കും കുഴപ്പമൊന്നുമില്ല പിന്നെന്താണാവോ?
ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. ഒരു കുഞ്ഞിനെ ദത്തെടുക്കാം. അങ്ങനെ അവരുടെ ജീവിതത്തിൽ ഒരു പെൺകുഞ്ഞ് കടന്നുവന്നു. ടീച്ചർക്കായിരുന്നു ഏറെ ആഗ്രഹം ഒരു പെൺകുഞ്ഞിനെത്തന്നെ വേണമെന്ന്. കുഞ്ഞിന് പേരിട്ടു പാർവ്വതി. കുഞ്ഞിന് രണ്ടു വയസ്സ് കഴിയുന്നതേയുള്ളൂ. അവരുടെ ജീവിതത്തിൽ പുതിയ വർണ്ണങ്ങൾ നിറഞ്ഞു. പാറു മോളുടെ കളിചിരികളുമായി ദിവസങ്ങൾ ഓടി മറിയുന്നത്തറിയുന്നുണ്ടായിരുന്നില്ല. അങ്ങനെ രണ്ടു വർഷം കടന്നുപോയി. അവരുടെ സന്തോഷം കണ്ട് അസൂയ തോന്നിയിട്ടാവണം ദൈവം രാജലക്ഷ്മി ടീച്ചറെ ഒരറ്റാക്കിന്റെ രൂപത്തിൽ വിളിച്ചുകൊണ്ടു പോയത്.
ആ പിഞ്ചു കുഞ്ഞിനെയും കൊണ്ടെന്ത് ചെയ്യണമെന്നറിയാതെ പ്രേമൻ മാഷ് പകച്ചു നിന്നു. കുഞ്ഞിനെ ദത്തെടുക്കുമ്പോഴേ കുടുംബക്കാർ ക്കൊക്കെ എതിർപ്പായിരുന്നു. ടീച്ചർ മരിച്ചു കഴിഞ്ഞപ്പോൾ ആ എതിർപ്പിന്റെ ശക്തി കൂടി. കുറ്റപ്പെടുത്തുവാനല്ലാതെ സഹായിക്കുവാൻ ആരുമുണ്ടായിരുന്നില്ല. ഏകയാശ്വാസം തൊട്ടടുത്ത വീട്ടിലെ ലക്ഷ്മിയമ്മയായിരുന്നു. ” മാഷേ, എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കേണ്ട ട്ടോ.. ” ഏതു പാതിരാത്രിയായാലും സഹായത്തിന് ഞാനുണ്ടാവും.. ലക്ഷ്മി അമ്മയുടെ ആ വാക്കുകൾ ചില്ലറ ആശ്വാസമൊന്നുമായിരുന്നില്ല പ്രേമൻ മാഷിന്. ലക്ഷ്മിയമ്മയുടെ സ്നേഹത്തിനു മുന്നിൽ അമ്മയില്ലാത്ത കുറവുകൾ പാറു മോൾ മറന്നു. ഒരു പെൺകുഞ്ഞിന് അമ്മയുടെ ആവശ്യം ഏറെ വേണ്ടിവരുന്ന സന്ദർഭങ്ങളിലൊക്കെ ലക്ഷ്മിയമ്മ അവളെ ചേർത്ത് പിടിച്ചു.പാറു മോള് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രേമൻ മാഷിന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമുണ്ടായത്. എങ്കിലും ലക്ഷ്മി അമ്മയെ കാണാൻ ഇടക്കൊക്കെ പ്രേമൻ മാഷും പാറു മോളും വരുമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് പിന്നീട് മെഡിസിന് ചേർന്നപ്പോൾ പിന്നീടുള്ള വരവുകൾ വല്ലപ്പോഴുമായി. ഇന്ന് പാറുമോൾ അറിയപ്പെടുന്നയൊരു കുട്ടി ഡോക്ടർ ആയിരിക്കുന്നു. അതിനിടയിൽ പ്രേമൻമാഷ് റിട്ടയേഡ് ആയി. അവരുടെ രാജലക്ഷ്മി എന്ന വീടിനു മുന്നിൽ ഇന്ന് ഒരു ബോർഡ് തൂങ്ങി കിടക്കുന്നുണ്ട് ഡോക്ടർ പാർവതി പ്രേംകുമാർ.
തനിച്ചുള്ള ജീവിതവും പ്രായാധിക്യവും ലക്ഷ്മി അമ്മയെ ഏറെ തളർത്തിയിരുന്നു. അപ്പോഴും പ്രേമൻ മാഷ് വാങ്ങിക്കൊടുത്ത കുഞ്ഞു ഫോണിൽ വിശേഷങ്ങൾ എല്ലാം അറിയാറുണ്ടായിരുന്നു അവർ. പക്ഷേ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനി ലക്ഷ്മിയമ്മ തനിച്ചിവിടെ നിൽക്കണ്ട ഞങ്ങളോടൊപ്പം പോരൂ എന്ന പാറു മോളുടെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആ പൊളിഞ്ഞു വീഴാറായ ഒറ്റമുറിവീട്ടിൽ നിന്നും ലക്ഷ്മി അമ്മയെയും കൂട്ടി അവർ കാറിനടുത്തേക്ക് നടക്കുമ്പോൾ അയൽപക്കക്കാർ കാഴ്ചക്കാരായി നോക്കി നിന്നു. നിറകണ്ണുകളുടെ അവരോട് യാത്ര പറയുമ്പോൾ അങ്ങകലെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി രാജലക്ഷ്മി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നതായി അവർക്ക് തോന്നി. ഒരുപക്ഷേ ലക്ഷ്മിയമ്മയുടെ ജീവിതത്തിൽ നിറം മാറി തുടങ്ങുന്നത് കൊണ്ടാവാം അന്നത്തെ ചക്രവാള സൂര്യനും ഏറെ ചുവന്നിരുന്നു…