കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 01, എഴുത്ത്: സാജുപി കോട്ടയം

കൊറെ വർഷം മുൻപാണ് ഇൻബോക്സിൽ അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ മെസ്സേജ്

“എനിക്ക് കുറച്ചു യാത്രചെയ്യണം കൂടെ വരാമോ? “

അന്നൊക്കെ ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. പോകുന്ന സ്ഥലങ്ങളിൽ എല്ലാം ചെന്ന് സെൽഫിഎടുത്തു ഫേസ്ബുക്കിൽ അന്നൊക്കെ പോസ്റ്റ്‌ ചെയ്യുമായിരുന്നു. ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടിയ നല്ലൊരു ഐഡി ആയിരുന്നു അത് ( കയ്യിലിരിപ്പ് കൊണ്ട് അത് പൂട്ടിക്കെട്ടേണ്ടി വന്നു ) ഹ്മം… അത് പോട്ടെ

എന്തായാലും ആദ്യം മെസ്സേജ് അയച്ച സ്ത്രീയുടെ പ്രൊഫൈൽ പോയി ഞാനൊന്നുടെ അരിച്ചു പെറുക്കി ഇടയ്ക്കൊക്കെ നിർദോഷകരമായ കമെന്റും മെസ്സേജും പരസ്പരം അയക്കാറുണ്ട്.

ഫേക്ക് അല്ല. രാജ്യത്തെ അറിയപ്പെടുന്ന ഒരു അർദ്ധസർക്കാർ സ്ഥാപനത്തിന്റെ കേരളത്തിന്റെ മുഴുവനും ചുമതല വഹിക്കുന്ന ഒരാളാണ് ഈ സ്ത്രീ സുന്ദരിയുമാണ് ( ഇവിടെ നോക്കേണ്ട ഈ ഐഡിയിൽ ഇല്ല ) ഒറ്റത്തടിയായി നടക്കുന്നയെനിക്ക് രണ്ടാമതൊന്നുടെ ചിന്തിക്കേണ്ട ആവിശ്യമില്ലല്ലോ..! ഞാനും തിരിച്ചു മെസ്സേജ് അയച്ചു. ” ഒക്കെ സമ്മതം “

സ്ത്രീ : കാർ ഓടിക്കുമോ?

ഞാൻ : ഇല്ല. ( ഡ്രൈവർ ആക്കാനാണോയെന്നൊരു സംശയംകൊണ്ട് പെട്ടന്ന് വായിൽ വന്നതാ )

സ്ത്രീ : എങ്കിൽ നമ്മുക്ക് ബസ്സിൽ പോകാം

ഞാൻ : എങ്ങോട്ട്..?

സ്ത്രീ : മൂന്നാർ, ഇടമലക്കുടി, മറയൂർ കാന്തല്ലൂർ etc..

ഞാൻ : അപ്പൊ എത്ര ദിവസത്തേക്ക് ആണ്?

സ്ത്രീ : അതൊന്നു പറയാൻ പറ്റില്ല രണ്ടു ജോഡി ഡ്രെസ്സ് എടുത്തോ ഒരുവഴി പോണതല്ലേ.

ഞാൻ : (മനസ്സിൽ പൊട്ടിയ ലഡുവെല്ലാം ഒന്നുടെ എടുത്തു പൊട്ടിച്ചുകൊണ്ട് സാഹചര്യം വ്യെക്തമാക്കി ) എൻ്റെ കൈയിൽ ഇത്രയും ദിവസം കറങ്ങാനുള്ള കാശൊന്നും ഇല്ല.

സ്ത്രീ : അതൊന്നും സാരമില്ല മുഴുവൻ ചിലവും ഞാനെടുത്തോളാം. നാളെ രാവിലെ 5 മണിക്ക് കോട്ടയം ksrtc ബസ് സ്റ്റാൻഡിൽ ഉണ്ടാവണം. ഗുഡ് ന്യ്റ്റ്

ഞാൻ : ഗുഡ് ന്യ്റ്റ് അന്നത്തെ ദിവസം ഉറങ്ങിയില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരുവിധം മൂന്നുമണിക്ക് എഴുനേറ്റ് ഫ്രഷ് ആയി.

കൃത്യം 4:30 am കോട്ടയം ബസ് സ്റ്റാന്റ് തോളിലൊരു ബാഗും തൂക്കി ഞാൻ ഹാജർ

കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും എന്തോ വെപ്രാളവും പരവേശവും നെഞ്ചിടിപ്പും കൂടി കൂടി വന്നു.ഇനി എന്നെ വെറുതെ പറ്റിച്ചതാണോ? ഇനിയവൾ വരാതിരിക്കുമോ? എന്തായിരിക്കും അവളുടെ ഉദ്ദേശം? അപരിചിതനായ എന്നെയെന്തിന് കൂട്ട് വിളിക്കണം? ചതി വല്ലതും ആണോ? കൂടെ പോകണോ? ഒരു ആവേശത്തിൽ ഇറങ്ങി പുറപ്പെടുകയും ചെയ്തു ഇനി മുൻപിൽ ഉള്ളത് എന്താണെന്ന് അറിയാതെ ഒരു നൂറുചോദ്യങ്ങൾ മനസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോയി.

കൃത്യം 5:00മണി

നീല ജീൻസ് കറുത്ത ഷോർട്ടോപ് കണ്ണട പൊക്കിക്കെട്ടിയ ചുരുണ്ട മുടി കാലിൽ സ്ലിപ്പർ എന്നെപ്പോലെ ചോക്ലേറ്റ് നിറം മുതുകിൽ വലിയൊരു ട്രാവൽ ബാഗ് കൈയിൽ വേറൊരെണ്ണം അങ്ങനെയൊരു തടിച്ചി കൊച്ച് കാഴ്ച്ചയിൽ യുവതി പരപരാ വെളുപ്പിനെ അവളുടെ നൂറേ നൂറ്റിപ്പത്തെ എനർജിയിൽ തുള്ളിതുള്ളിയുള്ള വരവ് കാണാൻ തന്നെയൊരു ഭംഗിയായിരുന്നു..

ഇങ്ങനെ ആ സൗന്ദര്യം നോക്കി വായുപൊളിച്ചു നിൽക്കുമ്പോൾ. അവളുടെ കൈയിലുള്ള ബാഗുകൾ മുഴുവനും എന്റെ കയ്യിലേക്ക് വേഗം ഊരിതന്നു..

നീയിതൊന്ന് പിടിച്ചേ….. ഞാനൊന്ന് മുള്ളിയിട്ട് വരാം.

അവൾ ksrtc യുടെ ബാത്‌റൂമിലേക്ക് ഓടി … എനിക്ക് തടയണമെന്ന് ആഗ്രഹമുണ്ടായിരുന്നു അതിലും സ്പീഡിൽ അവൾ ഓടിയിരുന്നു.

( വേറൊന്നുമല്ല ഇത് വായിക്കുന്ന ആരും കോട്ടയത്തെ ksrtc യുടെ ബാത്‌റൂമിൽ കയറരുത്. അത്രയും മോശമാണ് ഇപ്പോഴത്തെ അവസ്ഥ )

തിരികെ വന്നവളുടെ മുഖത്തു നോക്കി ഒരു ചിരി പാസ് ചെയ്തു. ബാത്‌റൂമിന്റെ അവസ്ഥ അവളുടെ തിരിച്ചുള്ള ചിരിയിൽ പ്രകടമായിരുന്നു.

ടാ… പെട്ടന്ന് പോയി സീറ്റ് പിടിച്ചോ … ഞാനിപ്പോ വരാം.

ബാഗിന് മുടിഞ്ഞ കനം ബസിൽ കേറി ഡബിൾ സീറ്റ് പിടിച്ചു. അതാവുമ്പോ കുറച്ചു സ്പര്ശനസുഖം കിട്ടുമല്ലോ!!!

ചറപറാ ഇംഗ്ലീഷിൽ ഫോണിൽ ആരോടോ വഴക്കിട്ടാണ് അവൾ ബസിലേക്ക് കയറിയത്. അടുത്ത് വന്നു കൈകൊണ്ടു ആംഗ്യഭാഷയിൽ സൈഡ് സീറ്റിൽ ഇരുന്നോളാം എന്നുപറഞ്ഞു സീറ്റിനിടയിലൂടെ ഞെങ്ങി ഞെരുങ്ങി കയറിയിരുന്നു . ഏതോ വിലകൂടിയ പെർഫ്യൂം ആണ് അടിച്ചിരിക്കുന്നത്. നല്ല കാപ്പിപ്പൂവിന്റെ മണം

അപ്പൊഴേക്കും ഞാൻ “ഒരു ഇന്ത്യൻ പ്രണയകഥയിലെ ” ഫഹദ് ഫാസിലിന്റെ “അയ്മനം സിദ്ധാർഥ്ന്റെ ” ബസിൽ പോകുന്ന അവസ്ഥയിലായി. അവളെ അമല പോൾ ആയി അങ്ങോട്ട് സങ്കൽപ്പിച്ചു. ഡബിൾ സീറ്റ് ആണേലും രണ്ടു പേർക്കും സാമാന്യം വണ്ണമുള്ളതുകൊണ്ട് ഇടയ്ക്ക് ഗ്യാപ് ഇടാൻ പറ്റിയില്ല. മുട്ടിയിരുമി ഇനിയുമെത്ര കിലോമീറ്റർ ആലോചിച്ചപ്പോ മനസിളകി അവള് കാണാതെ ആനവണ്ടിയുടെ ഫ്രണ്ട് സീറ്റിന്റ കമ്പിയിലൊരു ഉമ്മ കൊടുത്തു.

അപ്പോഴേക്കും കണ്ടെക്റ്റർ വന്നു.

രണ്ട് അടിമാലി. അവൾ ടിക്കറ്റെടുത്തു.

അപ്പൊ… മൂന്നാർ പോകുന്നില്ലേ? ഇത് നേരിട്ടുള്ള ബസ് ആണല്ലോ? ഞാൻ ചോദിച്ചു.

അടിമാലിയിൽ ഒരു പ്രോഗ്രാമിന് പങ്കെടുക്കാനാ ഇപ്പൊ പോകുന്നത് അത് ഉച്ചക്ക് ആണ് അത് കഴിഞ്ഞു മൂന്നാർ.

ഫേസ്ബുക്കിലൂടെ പരസ്പരം പരിചയപ്പെട്ടിട്ടുള്ളത് കൊണ്ട് ഇനിയെന്താണ് സംസാരിക്കേണ്ടതെന്ന് ആലോചിച്ചു.

മനസ് വായിച്ചതുപോലെയാണ് അവൾ സംസാരിച്ചു തുടങ്ങിയത്.

ടാ… നമ്മളിപ്പോ പോകുന്നത് മുതൽ തിരികെ വരുന്നത് വരെയും എന്നെപ്പറ്റിയോ എന്റെ ഫാമിലിയെപ്പറ്റിയോ ഒന്നും ചോദിക്കരുത്. എന്തൊക്കെ പ്രശ്നം ഉണ്ടായാലും കൂടെയുണ്ടാവണം. എനിക്ക് ഉറപ്പ് തരണം.

അവൾ കൈ നീട്ടി. ഞാൻ ആ കൈയിൽ പിടിച്ചു പതുക്കെ അമർത്തി കൂടെയുണ്ടാകുമെന്ന് വാക്കുകൊടുത്തു.

ഇനിയെന്തെങ്കിലും ഉണ്ടോ? ഞാൻ ചോദിച്ചു.

ഉണ്ട്… ബസിൽ കയറിയാൽ സൈഡ് സീറ്റിൽ എന്നെയിരുത്തണം. അതിനു യാതൊരു കോംപ്രമൈസുമില്ല കേട്ടല്ലോ. പിന്നെ ഒരുമിച്ച് ഇങ്ങനെ മുട്ടിയിരുമി ഇരിക്കുമ്പോൾ വേണ്ടാത്ത ചിന്തകളൊന്നും മനസ്സിൽ ഉണ്ടാവരുത്. ( അപ്പൊ പണിക്കൂലിയും ഇല്ലേ..!! മനസ്സിൽ പറഞ്ഞു )

അങ്ങനെ വല്ല ചിന്തയും വന്നാൽ നിന്റെ മോളാണ് കൂടെയുള്ളതെന്ന് കരുതിയാൽ മതി. ( അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു )

അയിന്…. ഞാൻ കല്യാണം കഴിച്ചില്ല. ( എന്റെ വക വളിച്ച കോമഡി )

ഞാൻ അവിഹിതത്തിൽ ഉണ്ടായതാണെന്ന് അങ്ങോട്ട് വിചാരിക്കെടാ നീയല്ലേ ആള് എനിക്കറിയാം നീയത്ര പുണ്യാളനൊന്നുമല്ലെന്ന് 😄

ആഹാ…. നീയപ്പോ എന്നെക്കുറിച്ച് മൊത്തം പഠിച്ചു വച്ചിട്ടുണ്ടല്ലേ കൊച്ചു ഗള്ളി. അവളുടെ കവിളിൽ പിടിച്ചാണ് ഞാൻ മറുപടി കൊടുത്തത്.

പിന്നെയും എന്തൊക്കെയോ പറഞ്ഞു പറഞ്ഞു അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുന്നുണ്ട്. അവളെ പതിയെ എന്റെ തോളിലേക്ക് തല ചായ്ച്ചു കിടത്തി. ഇടയ്ക്ക് അവളുടെ മുഖത്തേക്ക് ഞാൻ നോക്കി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കത നിറഞ്ഞ മുഖം. അവളുടെ തലയിൽ അവളെറിയാതെ ഒരുമ്മ കൊടുത്തു.

——-***——-

അടിമാലിയിൽ സ്റ്റാൻഡിന്റെ ഓപ്പോസിറ്റ് വലിയൊരു ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ ചെന്നെത്തിയത്.

ടാ…. നമ്മുക്ക് വല്ലതും കഴിക്കേണ്ടേ?

വിശന്നു അണ്ഡം വരെയും പരിഞ്ഞിരിക്കുന്ന എന്നോടാണ് ചോദ്യം. ഒന്നും മടിച്ചില്ല കൈയും കഴുകി കേറിയങ് ഇരുന്നു.

ചൂട് പൊറോട്ട ബീഫ് ഫ്രൈ.. പ്രിയപ്പെട്ട ബ്രൂ കോഫി.

ഞാൻ ഓഡർ ചെയ്ത അതേ ഫുഡ്‌ തന്നെ അവളും . ഞാൻ മൂന്നു പൊറോട്ട കഴിച്ചു അവളും മൂന്നെണ്ണം ഞാനൊരാണല്ലേ എന്നാപ്പിന്നെ ഒരെണ്ണം കേറ്റി പിടിച്ചെക്കാമെന്ന് കരുതി ഒന്നുടെ വാങ്ങി. ഉടനെ അവളും ഒരെണ്ണം വാങ്ങി. ഞാൻ ഒന്നുടെ ദേ…. പിന്നെയും കട്ടക്ക് കൂടെ അവളും ഒന്നുടെ. വീണ്ടും പൊറോട്ട ബീഫ് ഫ്രൈ ബ്രൂ കോഫി.

വൈറ്റെർ ഞങ്ങളുടെ ഈ കുല്സിത പ്രവർത്തി കണ്ടു അന്തവിട്ടു നിൽക്കുന്നത് കണ്ടപ്പോൾ നിശബ്ദയുദ്ധം ഞങ്ങൾ അങ്ങനെ അവസാനിപ്പിക്കാൻ തയ്യാറായി.

ബില്ലുമായി വന്ന വൈറ്റർക്ക് ടിപ്പ് കൊടുത്തോണ്ട് അവൾ ചോദിച്ചു.

“ഇവിടെ റൂം കിട്ടുമോ?”

അയാൾ ഞങ്ങളെ ചെറുതായി ഒന്നുനോക്കി ചിരിച്ചു. ഉണ്ട് ആയിരത്തിയഞ്ഞുറു രൂപയാവും സിംഗിൾ റൂമില്ല.

ഹാഫ് ഡേ…. കിട്ടുമോ? ആയിരം രൂപാ തരാം .

മാനേജറോട് ചോദിച്ചിട്ട് പറയാം. അയാൾ അകത്തേക്ക് പോയി.

ഇവളെന്തിനുള്ള പുറപ്പാടാണ് …! അറിയാതെ എന്റെ നെഞ്ചിടിക്കാൻ തുടങ്ങി. ഒന്നും അങ്ങോട്ട് കേറി ചോദിക്കില്ലെന്ന് വാക്കും കൊടുത്തു പോയി. എന്നാലും അടിവയറ്റിൽ ഒരു മഞ്ഞുമഴ പെയ്യുന്ന അവസ്ഥയിൽ ഞാനവളെ നോക്കി. അവളൊരു ചെറു ചിരിയോടെ രണ്ടു കണ്ണുകളുമടച്ചു കാണിച്ചു.

മേഡം…. റൂം റെഡിയാണ് എത്ര സമയത്തെക്കാണ് വേണ്ടത്? വൈറ്റർ ഉദാരമനസ്‌ക്കനെപ്പോലെ നിന്നുകൊണ്ട് പറഞ്ഞു.

മൂന്ന് മണിക്കൂർ സമയം മതി. എവിടാണ് ബുക്ക്‌ ചെയ്യേണ്ടത്?

വൈറ്റർ : ഇതുപോലുള്ള കാര്യങ്ങൾക്കു ബിൽ കൊടുക്കാറില്ല അതുകൊണ്ട് റൂം ബുക്ക്‌ ചെയ്യേണ്ട! ( വളരെ പതിയെയാണ് അയാൾ അത് പറഞ്ഞത് )

അത് വേണ്ട……റൂമിന്റെ ബില്ല് വേണം. രെജിസ്റ്റർ ബുക്കിൽ രേഖപെടുത്തുകയും വേണം. അവൾ ബാഗിൽ നിന്ന് ഐഡന്റിറ്റി കാർഡ് എടുത്തു കൊടുത്തു.

അയാൾ ചെറുതായി ഒന്ന് ചമ്മിയപോലെ തോന്നി.

റൂമിൽ ചെന്നപാടെ…. അവൾ ബെഡിലേക്ക് കിടന്നു.

ആകാശത്താണോ ഭൂമിയിലാണോ ഞാനെന്നു അറിയാൻ മേലാതെ ബാഗുകളും തൂക്കിപിടിച്ചു ഇനിയെന്ത് എന്ന ഭാവത്തിൽ നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു.

ടാ… ഞാൻ ഒരു അഞ്ചു മിനിറ്റ് കിടക്കാൻ പോകുകയാണ് അര മണിക്കൂറിൽ കൂടുതലായാൽ ഒന്ന് വിളിച്ചേക്കണേ.. നീ വേണേൽ ഒന്ന് ഫ്രഷായിക്കോ അല്ലെങ്കിൽ നീയും കിടന്നോ പക്ഷേ വിളിക്കാൻ മറക്കരുത്.

അവൾ കണ്ണുകളടച്ചു കിടക്കുന്നതും നോക്കി ഞാനും അവിടിരുന്നു. എത്ര ഭംഗിയാണ് ഉറങ്ങുമ്പോൾ ഇവളെ കാണാൻ….

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *