കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 03, എഴുത്ത്: സാജുപി കോട്ടയം

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ഇരുട്ടിന്ന് മുൻപത്തേക്കാൾ കട്ടിയേറിയത് പോലെ തോന്നുന്നു… മലനിരകളാലും വന്മരങ്ങളാലും കാപ്പിച്ചെടികളാലും അവയ്ക്ക് കൂടുതൽ ഇരുട്ട് പകരുന്നു ഇപ്പൊ മൂക്കിലേക്ക് ഇരച്ചുകയറുന്ന കാപ്പിപ്പൂവിന്റെ മണം പോലും എന്നിലേക്ക് ഭയത്തിന്റ വിത്തുകൾ പാകുവാൻ തുടങ്ങി…

യാത്രവേളകളിൽ ബാഗിൽ സൂക്ഷിക്കാറുള്ള ചെറിയ കത്തിയിൽ ഞാൻ പിടിമുറുക്കി. ഏത് സമയത്തും ആക്രമിക്കപ്പെടാം .

വേഗം… നടക്ക്… ഞാനവളുടെ കൈയിൽ പിടിച്ചു. അവർ നമ്മുടെ പുറകെ തന്നെയുണ്ട് അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞു.

എന്റെ വെപ്രാളം കണ്ട് അവൾ ചിരിച്ചു.

നീ പേടിക്കണ്ടടാ അവർ ആ ജീപ്പിൽ വന്നവരാണ് നമ്മൾ ലോഡ്ജിലെത്തുന്നത് വരെയും അവരുണ്ടാവും പിന്നിൽ.

സത്യത്തിൽ നീയാരാണ്…? എന്നെനിക്ക് ചോദിക്കണമെന്ന് തോന്നിയെങ്കിലും മൗനം പാലിച്ചു. ഒന്നും ചോദിക്കില്ലെന്ന് വാക്ക് കൊടുക്കേണ്ടായിരുന്നു ഇപ്പൊ തോന്നുന്നു. അല്ലെങ്കിൽ അന്നേരത്തെ ആവേശതള്ളലിൽ ഒരു പെണ്ണ് വിളിച്ചപ്പോൾ എങ്ങോട്ടാ എന്താ ഉദ്ദേശമെന്നൊന്നും ചോദിക്കാനും തോന്നിയില്ലല്ലോ . ഇവളെക്കണ്ടു മനസ്സിൽ പൊട്ടിച്ച ലെഡുവൊക്കെ ഇപ്പൊ പൂർവസ്ഥിതിയിലായി.

ലോഡ്ജിലെ സ്ഥിതിയും സംശയം ഉളവാക്കുന്നതായിരുന്നു നേരത്തെ പറഞ്ഞുറപ്പിച്ചു വച്ച റൂമിലേക്ക് ഒരു പ്രായമുള്ള മനുഷ്യൻ ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി . അയാളോട് അവൾ ചിരപരിചിതയെപ്പോലെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ആദ്യമായിട്ടല്ല ഇവളിടെ വരുന്നതെന്ന് മനസിലായി.

സിംഗിൾ റൂമാണ് ഒരു ചെറിയൊരു കട്ടിലും ഒരു മേശയും കസേരയും ബാഗുകൾ തോളിൽനിന്ന് ഇറക്കിവച്ചു.

ഇതെന്താ സിംഗിൾ റൂം..? ഡബിൾ റൂമില്ലേ ഇവിടെ?

എന്തിനാടാ ഡബിൾ റൂം നമ്മക്ക് കിടക്കാൻ ഒരു കട്ടിലുപോരെ??? അവൾ പുറമെ ഇട്ടിരുന്ന കോട്ടുരി ഹാങ്കറിൽ ഇട്ടുകൊണ്ട് ചോദിച്ചു

അവളുടെ ചോദ്യവും നിൽപ്പും കണ്ടപ്പോൾ വീണ്ടും മനസിലങ്ങികിടന്ന ലഡു എടുത്തു പൊട്ടിക്കാൻ പരുവത്തിലുള്ളതായിരുന്നു.

ടാ… നിന്റെകൈയിൽ ബിയർ ഇരിപ്പില്ലേ ഒരെണ്ണം പൊട്ടിക്ക് നല്ല തണുപ്പ് നമ്മുക്കടിക്കാം

ഹോ…. ഇന്നെന്നെന്തങ്കിലും നടക്കും… വേഗം ഒരു ബോട്ടിൽ ബീയറെടുത്തു അവൾക്ക് നേരെ നീട്ടി. ഒരു ധൈര്യം കിട്ടാൻ ഞാനും രണ്ടെണ്ണം അടിക്കാൻ ” ഡാഡി വിൽ‌സൺ ” റം എടുത്തു വച്ചു. എനിക്ക് തണുപ്പത്ത് ” റം ” അതാണ് ഇഷ്ടം . ചത്തു കിടക്കുന്നവന്റെ വായിലൊഴിച്ചു കൊടുത്തതാലും നൈസായി ഇറങ്ങി പോകുന്ന സാധനമാണ്. ഒരു ചവർപ്പുമില്ല എത്ര വേണേലും കയറ്റാം. പതിയെ തലയ്ക്കു പിടിക്കുകയുള്ളു.

( മദ്യപാനം ആരോഗ്യത്തിന് ഹാനികരം ) പൊതുജനതല്പര്യർത്ഥം മുന്നറിയിപ്പ്

രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ എന്റെ തനിക്കൊണം പതുക്കെ പുറത്തു വരാൻ തുടങ്ങി.

എന്നിക്കൊരു കാര്യമറിയണം ഇപ്പൊ.???

അവൾ എന്റെ മുഖത്തേക്ക് നോക്കി എന്താണെന്നുള്ള ഭാവത്തിൽ.

എന്നോട് അടുപ്പം കൂടുന്നത് സുതാര്യമായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു . ഒന്നും മറച്ചു വയ്ക്കുന്നതിനെയല്ലല്ലോ യെഥാർത്ഥ സ്നേഹമെന്നു പറയുന്നത്. അതുകൊണ്ട് നീ പറയണം എന്തിനാണ് എന്നെയും കൂട്ടിനുവിളിച്ചു നീയിവിടെ വന്നതെന്ന്. ഒന്നും ചോദിക്കെരുതെന്ന് നീ പറഞ്ഞത് മറന്നിട്ടില്ല. എന്നാലും എനിക്കറിയണം. അവരരാണ് എന്താണ് ഈ വരവിന്റെ ഉദ്ദേശം???

ഓഹോ…. അപ്പൊ എല്ലാം നിനക്കറിയണമല്ലേ..? ബീയർ ബോട്ടിൽ ചുണ്ടിൽ അമർത്തി ഒരു കവിൾ സ്വിപ്പ് ചെയ്തുകൊണ്ട് അവൾ ചോദിച്ചു.

ഇനിയുള്ള കാര്യങ്ങൾ നിന്നോട് പറയാതെ നമ്മളിനി മുൻപോട്ട് പോകില്ല. പക്ഷെ എന്ത് വന്നാലും നീയെന്റെ കൂടെയുണ്ടാകുമെന്ന് ഒരിക്കൽക്കൂടി വാക്ക് തരണം. അല്ലെങ്കിൽ നാളെ രാവിലെ നമ്മൾ പിരിയും . അവളുടെ വാക്കുകളിലെ ദൃഢത എന്നെ ദശസന്ധിയിലേക്ക് നയിച്ചു.

അപ്പോഴേക്കും വാതിലിൽ ആരോ മുട്ടിവിളിച്ചു.

ലോഡ്ജിലെ കിളവനാണ്. പുറത്താരോ കാണാൻ വന്നിരിക്കുന്നു എന്ന് അവളോട്‌ പറഞ്ഞു അവൾ പുറത്തേക്കിറങ്ങി. ഞാനും കൂടെ ചെല്ലാൻ ഒരുങ്ങിയപ്പോ അവൾ തടഞ്ഞു. എങ്കിലും ഡോറിന്റെ അടുത്തേക്ക് ചെന്ന് പുറത്തു വന്നവരെ നോക്കി. ജീപ്പിൽ വന്നവരാണ്

വീണ്ടും തിരികെ വന്നു ഞാൻ ഒരു പെഗ് നല്ല കട്ടിക്കങ് ഊറ്റിയടിച്ചു. മൊബൈൽ എടുത്തു ഫേസ്ബുക്കിൽ അവളുടെ പ്രൊഫൈൽ ഒന്നുടെ ചെക്ക് ചെയ്തു. അവളുടെ കുറച്ചു ഫോട്ടോസ് പിന്നെ കുറച്ചു കാടുകളും ആദിവാസികളുടെയും ചിത്രങ്ങൾ മാത്രം ഫാമിലി ഫോട്ടോയോ അവളെ സംബന്ധിക്കുന്ന മറ്റൊരു ഡീറ്റയിൽസും അതിലുണ്ടായിരുന്നില്ല. അവളിലേക്കുള്ള ആ അന്വേഷണത്തിന്റെ വഴിയുമടഞ്ഞു.

അവൾ വരാൻ വൈകുംതോറും ടെൻഷൻ കുറക്കാൻ മദ്യത്തിന്റ കുപ്പിയിലെ അളവും ഞാനും കുറച്ചുകൊണ്ടിരുന്നു

അളവിൽ കൂടുതൽ അകത്തു ചെന്നതുകൊണ്ടും യാത്രഷീണം കൊണ്ടോ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. നേരം പരപര വെളുത്തപ്പോഴാണ് കണ്ണുതുറന്നത് കട്ടിലിൽ എന്നോടൊപ്പം ചേർന്ന് കിടക്കുന്ന അവളെയും കൂടെ കണ്ടപ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നിപ്പോയി. ഒരു രാത്രി മുഴുവനും ഒരു പെണ്ണിന്റെ കൂടെ കിടന്നിട്ട്…… ഛെ…. ആദ്യം എനിക്കിട്ട് തന്നെ തല്ലാൻ തോന്നിപ്പോയി. ചുണ്ടോടോപ്പം എത്തിയ പാനപാത്രമാണ് ആരോ തട്ടിത്തെറിപ്പിച്ചതുപോലെ ഈ കിടക്കുന്നത് ഇനിയിപ്പോ കിടന്നിട്ടെന്തിനാണ് പതുക്കെ അവളെയുണർത്താതെ എഴുനേറ്റ് പ്രഭാത ദിനചര്യങ്ങളിലേക്ക് കടന്നു.

എഴുന്നേറ്റയുടൻ കാപ്പി കുടിക്കുന്ന ശീലം പണ്ടേയുള്ളതുകൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവളും എഴുനേറ്റു..

ടാ.. ഇത്ര രാവിലെ എഴുനേറ്റ് എങ്ങോട്ടാ??

ഒരു… കാപ്പി കുടിക്കാൻ വെളിയിലേക്ക്.

എന്നാ ഞാനും വരുന്നു. അവൾ കട്ടിലിൽ നിന്ന് ചാടിയിറങ്ങി സെറ്റർ എടുത്തിട്ടു … പുറത്ത് നല്ല കോടമഞ്ഞാണ്

അയ്യോടാ… നിനക്ക് സെറ്റർ ഇല്ലല്ലേ ഞാനിപ്പൊഴാ ഓർത്തത്… എന്നാൽ ഞാനുമിടുന്നില്ല. (സഹജീവികളോട് കരുണയുള്ളവളാ ) അവൾ കട്ടിലിൽ കിടന്ന അവളുടെ കമ്പിളിയെടുത്തു

നമ്മുക്കിത് പുതച്ചു പോകാല്ലെ?? അവൾ കൊഞ്ചിയോന്നൊരു സംശയം

അവളെയും ചേർത്തുപിടിച്ചു പുറത്തേക്കിറങ്ങിയപ്പോ ലോഡ്ജിന്റ് ഗെയ്റ്റിൽ ജീപ്പിൽ വന്ന രണ്ടു പേരും ഈ തണുപ്പൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്നരീതിയിൽ നിൽക്കുന്നുണ്ടായിരുന്നു.

അവർക്കരികിലെത്തിയപ്പോ രണ്ടുപേരും അവളെ വണങ്ങുകയും തമിഴും മലയാളവും കലർന്ന ഏതോ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അവൾ തിരിച്ചും. ഈ സമയത്ത് പോലും അവർ മൈൻഡ് പോലും ചെയ്തില്ല. ഞാനും കുറച്ചു പുച്ഛമെടുത്തു മുഖത്ത് ഫിറ്റുചെയ്തു. അത്രയും ജാഡ പാടില്ലല്ലോ.

ലോഡ്ജിന്റെ ഒപോസിറ്റ് റോഡരികിൽ തന്നെ പുല്ലുകൊണ്ട് മേഞ്ഞ ഒരു ചെറിയൊരു വീടൊടുകൂടിയ ഒരു പെട്ടിക്കട അവിടുന്നാണ് കാപ്പി കുടിച്ചത് കാപ്പി തന്ന തടിച്ചി തമിഴത്തി രാവിലെ തന്നെ കുളിച്ചു കുറിയൊക്കെ തൊട്ടിരുന്നു. മുഖത്ത് നല്ല ഐശ്വര്യം. കണ്ടപ്പോൾ തന്നെ അറിയാതെ ഒരു പോസിറ്റീവ് എനർജി ഉള്ളിലേക്ക് വന്നു. അല്ലേലും രാവിലെ കുളിക്കുന്നവരെ കണ്ടാലൊരു ഐശ്വര്യമാണ്.

നമ്മുക്കൊന്ന് കുറച്ചു ഓടിയാലോ..? ഈ വഴിക്കൂടി..? ഒരു രസത്തിന്.

ചോദിച്ചു തീരുമുന്പേ അവൾ റെഡിയായി… എനിക്ക് ഭയങ്കര സന്തോഷം തോന്നി ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനെന്തു പറഞ്ഞാലും മടികൂടാതെ ഒപ്പം നിൽക്കുന്ന ഒരുത്തിയെ കൂട്ട് കിട്ടുന്നത്.

റോഡിൽക്കൂടി രണ്ട് റൗണ്ട് വച്ചപ്പോതന്നെ മനസിലായി എന്നെക്കാൾ ഭയങ്കര ഓട്ടക്കാരിയാണെന്ന് ..

നല്ല.. സ്റ്റാമിനയാണല്ലോ നിനക്ക്…? ഞാൻ ചെറുതായൊന്നു അഭിനന്ദിച്ചു.

നിന്റെ വെള്ളമടികൊണ്ടാണ് നിനക്ക് സ്റ്റാമിനയില്ലാത്തത്. അവൾ കളിയാക്കി പറഞ്ഞു അവളെന്റെ ആത്മാഭിമാനത്തെയാണ് രാവിലെ തന്നെ കുത്തിയത്.

അതിനു നീയെന്റെ സ്റ്റാമിന കണ്ടിട്ടുണ്ടോ? എനിക്ക് വേറെ പല കാര്യത്തിലുമാണ് സ്റ്റാമിന. ഞാൻ പറഞ്ഞു ( അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുവോ )

അത് ഞാനിന്നലെ കണ്ടു നിന്റെ സ്റ്റാമിന വേഗം വെള്ളമടി നിറുത്തിക്കോടാ അല്ലെങ്കിൽ പിന്നെ ഭാവിയിൽ ഒന്നിനും കൊള്ളതാവും നീയും നിന്റെ ശരീരവും .

ന്റമ്മോ….. ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചത്? സത്യം പറയെടി അബോധാവസ്ഥയിൽ കിടന്ന എന്നെ നീ നശിപ്പിച്ചോ…?

പോടാ….പട്ടി.. ബോധം പോയ നിന്നെ ഞാനെന്നാ ചെയ്യാൻ… ഒരുമ്മ വച്ചു അത്രേയുള്ളൂ.

അപ്പൊ എന്റെ ചാരിത്ര്യം….?

അതൊക്കെ അവിടെ തന്നെയുണ്ടെടാ …. പട്ടി.

ഇന്നുമുതൽ നമ്മൾ തിരിച്ചു പോകുന്നത് വരെയെങ്കിലും നീ കള്ളുകുടിക്കരുത്. നമുക്കിവിടെ കുറച്ചു പരിപാടികൾ ഉള്ളതാ. രാവിലെ കുറച്ചു സ്ഥലത്തു പോകണം . കുറച്ചു സാധങ്ങൾ വാങ്ങണം അവൾ വിഷയം മാറ്റി.

റൂമിൽ വന്നു ഫ്രഷായി അല്പം കഴിഞ്ഞപ്പോ പറഞ്ഞുറപ്പിച്ചതുപോലെ ഇന്നലെ കണ്ട ജീപ്പ് വന്നു കൂടെ മറ്റേ അജാനാബാഹുവും

ജീപ്പ് ലോഡ്ജിന്റെ മുന്നിലിട്ടിട്ട് അയാൾ അവളുമായി സംസാരിച്ചു എങ്ങോട്ടോപോയി

ടാ… നീ ജീപ്പ്പെടുക്ക് നമ്മുക്ക് മറയൂർ ജംഗ്ഷൻ വരെയും പോകാം. അവളെന്നോട് നിർദ്ദേശിച്ചു.

അയ്യോ… എനിക്ക് ഓടിക്കാൻ അറിയില്ല. ഞാൻ മുൻപ് പറഞ്ഞ കള്ളത്തിന് പിൻബലം കൊടുത്തുകൊണ്ട് പറഞ്ഞു.

നീ വെറുതെ കള്ളം പറയേണ്ട നീ വണ്ടിയൊടിക്കുന്നത് പണ്ട് ഫേസ്ബുക്കിൽ ഇട്ടതോ വെറുതെ നുണപറയേണ്ട വണ്ടിയെടുക്കാൻ നോക്ക്

ഇനി കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് മനസിലായി ഇളിഭ്യനായി വണ്ടിയെടുത്തു.

ആദ്യം കണ്ട തുണിക്കടയിൽ വണ്ടി നിറുത്താൻ അവളവശ്യപ്പെട്ടു..

കടയിൽ സുന്ദരിയായ ഒരു ചേച്ചി. ഞങ്ങളുടെ ആവിശ്യപ്രകാരം സെറ്റർ ഓരോന്നായി എടുത്തു കാണിച്ചു ..അതിലൊരെണ്ണം അവൾക്കിഷ്ടപ്പെട്ടു. എങ്ങനുണ്ടെന്ന് എന്നോട് ചോദിച്ചു

കൊള്ളാലോ നല്ല ഇത് പീസാണല്ലോ…

കടയിലെ ചേച്ചി എന്റെ മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ചു. ( ചേച്ചി വേറെന്തോ ധരിച്ചെന്ന് തോന്നുന്നു )

ഇതുപോലെത്തെ വേറെ പീസ് ഇടവിടുണ്ടോന്ന് ചോദിച്ചപ്പോഴും.

വേറെയില്ല ഇതേയുള്ളെ ന്ന് കള്ളചിരിയോടെ പറഞ്ഞു .

അതും വാങ്ങി കുറച്ചു ഡ്രൈഫ്രൂട്സും മുട്ടൊളമെത്തുന്ന രണ്ടു ജോഡി ഷൂവും പിന്നെ സാനിറ്റേറിസിറും വാങ്ങി ഞങ്ങൾ ലോഡ്ജിൽ തിരിച്ചു വന്നു

തിരിച്ചു വരുമ്പോൾ ഏകദേശം ഒരു മണിക്കൂർ മുകളിലായി ആജാനബാഹു ലോഡ്ജിന്റെ മുൻപിൽ തന്നെയുണ്ടായിരുന്നു. അയാളോട് എന്തൊക്കെയോ സംസാരിച്ചു

റൂമിലെത്തിയപ്പോ ഞാൻ ചോദിച്ചു

നീ…. അവരുമായി സംസാരിക്കുന്നത് ഏത് ഭാഷയാണ് അത്യാവശ്യം തമിഴും മലയാളവും എനിക്കറിയാം പക്ഷെ നിങ്ങളുടെ സംസാരം ഒന്നും പിടികിട്ടുന്നില്ലല്ലോ??

അത് … “മുതുവാൻ ” ഭാഷയാണ് .

അതെന്തു… ഭാഷ? ഞാൻ നീ പറയുമ്പോഴാ ആദ്യമായി കേൾക്കുന്നത് തന്നെ.

അവൾ പൊട്ടിച്ചചിരിച്ചുകൊണ്ട് പറഞ്ഞു.അപ്പൊ നീ കേരളം പോലും ശെരിക്കും കണ്ടിട്ടില്ലല്ലോടാ…!

പരമ്പരാഗതമായ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും വച്ചു പുലർത്തുന്ന കേരളത്തിലെ ഒരു ഗോത്രവിഭാഗമാണ് ഈ “മുതുവാൻ” മാർ അവരുടെ ഗോത്രങ്ങളിൽ മാത്രമേ ഈ ഭാഷയിൽ സംസാരിക്കുകയുള്ളു അപരിചിതർക്ക് മുന്നിൽ തമിഴോ മലയാളമോ മാത്രമേ സംസാരിക്കുകയുള്ളു. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞതും ആദ്യത്തെ ട്രൈബൽ പഞ്ചായത്ത്‌, മുതുവന്മാർ മാത്രമുള്ള പഞ്ചായത്ത്‌. എന്നിങ്ങനെ പല വിശേഷണങ്ങളുമുണ്ട്. അവർ താമസിക്കുന്നത് വനതിനുള്ളിലാണ്

ഈ … “മുതുവാന്മാർ ” എന്ന പേര് കിട്ടിയതെങ്ങനെയാന്നറിയോ?

ഞാൻ : ഇല്ല…

പണ്ട് മധുരമീനാക്ഷിയെ ഇവരുടെ പിതാക്കന്മാർ മുതുകിൽ (പുറം )വച്ചു ചുമന്നു കൊണ്ടുവന്നു കാട്ടിൽ വച്ചതുകൊണ്ടാണെന്നും, ഇവരുടെ കുഞ്ഞുങ്ങളെ കടുവകൾ പിടിച്ചുകൊണ്ടു പോകാതിരിക്കാൻ സദാസമയവും മുതുകിൽ കെട്ടി വച്ചിരിക്കുന്നതുകൊണ്ടാണെന്നും കഥകൾ പറയുന്നുണ്ട്.

ടാ…..നീ… ഇടമലക്കുടി എന്ന സ്ഥലത്തു പോയിട്ടുണ്ടോ?

സ്കൂൾക്കുട്ടിയെ പോലെ അവളുടെ വാക്കുകൾക്ക് തലയാട്ടുകയും അവസാനം ചോദിച്ചതിന് ഇല്ലെന്ന് പറഞ്ഞു.

എങ്കിൽ ഇന്ന് രാത്രിയിൽ നമ്മളവിടെ പോകുന്നു. കാട്ടിനുള്ളിലാണ് കുറച്ചു നടക്കേണ്ടി വരും. ചിലപ്പോൾ ആനയുടെയും, പുലിയുടെയും കാട്ടുപോത്തിന്റെയും മുന്നിൽ പെട്ടുപോയേക്കാം

നിനക്ക് പൂർണ സമ്മതമാണെങ്കിൽ മാത്രം വന്നാൽ മതി. അല്ലെങ്കിൽ ഞാൻ അവരോടൊപ്പം പോകും . ചിലപ്പോൾ രണ്ടു ദിവസം അല്ലെങ്കിൽ ഒരു ദിവസം തിരിച്ചു വരുന്നത് വരെയും വേണമെങ്കിൽ നിനക്കിവിടെ നിൽക്കാം അല്ലെങ്കിൽ തിരികെപോകാം. പക്ഷെ ഇന്ന് പകൽ മുഴുവനും എന്റെ കൂടെയുണ്ടാവണം.

ഇതുവരെയുള്ള അവളുടെ സംസാരവും പ്രവർത്തികളും എല്ലാം വളരെ കൃത്യമായി പ്ലാൻ ചെയ്തു വച്ചിരിക്കുകയാണെന്ന് മനസിലായി.

എന്തായാലും ഇറങ്ങി ഇനി കുളിച്ചു കയറാമെന്ന് ഞാനും കരുതി. സത്യത്തിൽ അവളെ അപരിച്ചതരുടെകൂടെ തനിച്ചാക്കി പോരാൻ മനസനുവദിക്കുന്നില്ല. അതാണ് സത്യവും.

എന്തിനാണ് നമ്മൾ അവിടേക്ക് ഇത്രയും റിസ്ക്കെടുത്തു പോകുന്നത്? അവളോട്‌ ചോദിച്ചു

നാളെയാണ്….. അവരുടെ ഗോത്രത്തിലെ ഏറ്റവും വലിയ ആഘോഷംമായ “ചാമിയുട്ട്” (പൊങ്കൽ ) നടക്കുന്നത് കോഴിക്കുരുതിയും മറ്റ് വഴിപാടുകളും അന്ന് നടക്കും ഗോത്രത്തിലുള്ള എല്ലാവരും അന്നേദിവസം ഈ ആഘോഷത്തിൽ പങ്കെടുക്കും.

പക്ഷെ ഈ പ്രാവിശ്യം ആഘോഷം നടക്കുമ്പോൾ അവിടൊരു മനുഷ്യക്കുരുതിയാണ് നടക്കാൻ പോകുന്നത് അതും പണ്ട്രണ്ട് വയസുള്ള ഒരു പെൺകുട്ടിയുടെ…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *