ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
കടുത്ത ഏകാന്തതയിൽ ഒറ്റപ്പെട്ടുപോയ എനിക്ക് അവളുടെ ഈ സാമിപ്യം തികച്ചും സന്തോഷം ഉളവാക്കി… പിന്നീടുള്ള ദിവസങ്ങളിൽ പലയിടങ്ങളിൽ വച്ച് തമ്മിൽ കണ്ടുമുട്ടി ആദ്യമൊക്കെ ചിരി മാത്രമായിരുന്നെങ്കിൽ പിന്നീടുള്ള അവസരങ്ങളിൽ കുശലപ്രശ്നങ്ങൾ അവൾ തന്നെയാണ് തമ്മിലുള്ള സംസാരത്തിനു തുടക്കമിട്ടത്…
പൊതുവേ അന്തർമുഖനായ ഞാൻ പഠിക്കുന്ന കാലത്ത് പോലും ഒരു പെണ്ണിനോട് സംസാരിക്കുകയോ പ്രണയം പറയൂകയോ ചെയ്തിട്ടില്ലായിരുന്നു. കാരണം ആരോടും പ്രണയം തോന്നാഞ്ഞിട്ടല്ല.! പ്രണയിക്കാൻ വേണ്ട എക്യുമെൻസ് ഒന്നും തന്നെ അന്നത്തെ സാഹചര്യത്തിൽ ഉണ്ടായിരുന്നില്ല. വെറുതെയാണെങ്കിലും പ്രണയിക്കാൻ മനസ്സ് മാത്രം പോരല്ലോ അതിനും അതിന്റെതായ ചിലവുകളും കാര്യങ്ങളൊക്കെ ഇല്ലേ…?
അത്യാവശ്യം കാമുകിയോടൊപ്പം നടക്കാൻ നല്ലൊരു ഡ്രസ്സ് എങ്കിലും വേണ്ടേ പിന്നെ ഐസ്ക്രീം പ്രണയത്തിന്റെ അത്യന്താപേക്ഷികമായ ഒന്നാണല്ലോ. അതിനുപോലും വരുമാനമാർഗ്ഗം ഇല്ലാത്തതുകൊണ്ട് പലരോടും തോന്നിയ പ്രണയത്തിന് ശവപ്പറമ്പായിമാറിയിരുന്നു ഹൃദയത്തിന്റെ ഒരു ഭാഗം മുഴുവനും
ചെറുപുഞ്ചിരിയിൽനിന്നും തുടങ്ങി കുശല സംസാരങ്ങളിൽ നിന്നും വ്യക്തിപരമായ കാര്യങ്ങളിലേക്കും അവൾ സംസാരിച്ചു കയറി അധികം വെച്ച് താമസിക്കാതെ തന്നെ എന്നെ ഇഷ്ടമാണെന്നും തുറന്നുപറഞ്ഞു നയംവ്യക്തമാക്കി.
അതിലേക്ക് തന്നെയാണോ അവളുടെ വരവ് എന്നറിഞ്ഞിട്ടും ഞാൻ പലപ്പോഴും മൗനമായി നിന്നതേയുള്ളൂ…വളരെ തിരക്കുള്ള ഒരു ബസ് യാത്രയ്ക്കിടയിലാണ് എന്നോടു ചേർന്നു നിന്നു എന്റെ ചെവിയിലാണത് അവൾ അത് പറഞ്ഞത്. പുറമേ യാതൊരു വികാരവും അപ്പോൾ പ്രകടിപ്പിക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഹൃദയം മുമ്പത്തേക്കാൾ പതിമടങ്ങ് സ്പന്ദനം നടത്തുകയും ചെയ്തു ശരീരത്തിന്റെ ഭാരംമെല്ലാം കുറഞ്ഞു പോകുന്നതായി തോന്നുകയും കയ്യോ കാലോ അനക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഹൃദയം മാത്രം നീല കളറുള്ള കുറേ ചിത്രശലഭങ്ങൾ ആകാശത്തേക്ക് കൊണ്ടു പോകുന്നത് പോലെ പലവിധ വികാരങ്ങൾ അത് എന്തൊക്കെയാണെന്ന് ഇവിടെ വിവരിക്കാൻ പോലും കഴിയാത്ത വണ്ണം അത്രയും സുഖകരമായ ഒരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ.
അവൾ ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിയായ പെണ്ണ്ന്ന് തോന്നിപ്പോയി…. ഇന്നലെവരെ സഞ്ചരിച്ച വഴികളും നാടും വീടും പരിസരവും എല്ലാം ആദ്യമായി കാണുന്ന പോലെ എനിക്ക് തോന്നി എന്തിനേറെ പറയുന്നു അവളുടെ സാമീപ്യം പോലും ശത്രുക്കളോടു പോലും ഒരുതരം സ്നേഹം തോന്നി തുടങ്ങി.
പ്രണയ വെളിപ്പെടുത്തലിന് ശേഷവും ഞാൻ തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളെന്റെമേൽ പ്രണയത്തിന്റെ അധികാരം കാണിച്ചു തുടങ്ങി അതിനുള്ള ഞാൻ മൗനമായി അനുഭവിക്കുകയും ചെയ്തു.
പിന്നീടുണ്ടായ അവസരങ്ങളിലെല്ലാം എന്നോട് കൂടുതൽ ഇടപഴകാൻ തുടങ്ങി ബസ്സിൽ വെച്ച് കവലയിൽ വെച്ച് നാലാള് കൂടുന്ന സ്ഥലങ്ങളിൽ വെച്ചു ആരെയും കൂസാതെ അവൾ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു അന്നത്തെ കാലം അതായത് കൊണ്ട് നാട്ടിലും വീട്ടിലും കാട്ടുതീ പോലെ പടർന്നു. പലയിടത്തും സംസാരവിഷയമായി ഒടുവിൽ ഇടവകക്കാരും ബന്ധുക്കളും ഇടപെട്ടു.
ഇനി മുന്നോട്ട് ഒരു ജീവിതം ഉണ്ടെങ്കിൽ അത് എന്നോടൊപ്പം മാത്രമായിരിക്കുമെന്ന് അവൾ സധൈര്യം എല്ലാവരുടെ മുമ്പിൽ വെച്ച് വെളിപ്പെടുത്തി. അവളുടെ സ്നേഹത്തിൻറെയും നിശ്ചയദാർഢ്യത്തിനു മുമ്പിൽ ഞാൻ ധൈര്യം കൊണ്ട് അതെനിക്ക് കൂടുതൽ കരുത്തേകി…
പിന്നീടുള്ള അവസരങ്ങളിൽ എനിക്കും അപ്പനും അവളുടെ കൈ കൊണ്ട് തന്നെ ഉണ്ടാക്കി അവളുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന രുചികരമായ ഭക്ഷണവും ഇടയ്ക്കിടെ വീട്ടിലേക്കുള്ള സന്ദർശനത്തിൽ വീടും പരിസരവും എല്ലാം തൂത്തുവാരി വൃത്തിയാക്കുക എന്റെ വസ്ത്രങ്ങൾ കഴുകി തരുക ഇതൊക്കെ അവളുടെ കടമ പോലെ ചെയ്തു.
വിവാഹത്തിനുമുൻപ് തന്നെ നമുക്ക് ഒരു കുഞ്ഞു വീട് ഉണ്ടാകണമെന്ന് അവളുടെ ആഗ്രഹമായിരുന്നു. അതിനായി ഞാൻ രാവും പകലും കഠിനമായി അധ്വാനിക്കുകയും വീട്ടിലേക്കുള്ള ചെലവും കഴിഞ്ഞു കൃത്യമായ ഒരു തുക അവളെഏല്പിക്കുകയും ചെയ്തിരുന്നു. ഓരോ തവണ പണം എന്റെ കയ്യിൽ നിന്ന് വാങ്ങുമ്പോഴും അവൾക്ക് അവകാശപ്പെട്ടത് എന്ന രീതിയിലാണ് വാങ്ങുന്നത്.
നിനക്ക് ആളുകളോട് സഹതാപം കൂടുതലാണ് ആരെങ്കിലും ഒന്നു ചോദിച്ചാൽ നീ കാശ് എടുത്തു കൊടുക്കും. അതുകൊണ്ട് അവളുടെ അക്കൗണ്ടിൽ തന്നെ ഇടാമെന്ന് അവൾ തന്നെയാണ് പറഞ്ഞത്. ഒരു കുഞ്ഞു വീട് എന്റെ കൂടെ സ്വപ്നമായിരുന്നു അതിനേക്കാളുപരി ഇപ്പോൾ അവളുമായി ഒന്നിച്ചു ജീവിക്കുക എന്നുള്ളതാണ്.
ഏകദേശം രണ്ടു വർഷത്തോളം ഞങ്ങൾ പരസ്പരം പ്രണയിച്ചും സ്നേഹിച്ചും നാട്ടുകാർക്കും ബന്ധുക്കൾക്കും അസൂയ ഉളവാക്കി കൊണ്ടിരുന്നു. പക്ഷേ വിധിയുടെ വിളയാട്ടം എനിക്ക് അനുകൂലമല്ലായിരുന്നു. ക്രിസ്തുമസ് കഴിഞ്ഞ ഒരു ദിവസം നേരം പര പരവെളുത്തപ്പോൾ അവളുടെ അപ്പൻ വീടിന്റെ മുമ്പിൽ വന്നു ഒച്ചപ്പാടും ബഹളവുമുണ്ടാക്കി.
എന്റെ മോളെ ഇങ്ങോട്ട് ഇറക്കി വിടെടാ… എന്ന് ആക്രോശിച്ചു കൊണ്ട് മുറ്റത്തേക്ക് കയറി.
കാര്യമൊക്കെ ശരിയാണ് നീയും എന്റെ മോളും തമ്മിൽ സ്നേഹത്തിൽ ആണെന്ന് നാട്ടുകാർക്കെല്ലാം അറിയാം പക്ഷേ നാട്ടുകാരെ അറിഞ്ഞു കല്യാണം കഴിക്കാതെ ഒരുമിച്ച് ജീവിക്കാമെന്ന് നി.. കരുതേണ്ട.
എനിക്ക് പെട്ടെന്ന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയില്ല.
അപ്പൻ എന്നാ വർത്താനമാണ് ഈ പറയുന്നത്?? അവൾ ഇവിടെ ഇല്ല. ഞാൻ പറഞ്ഞു
അതും അയാൾക്ക് വിശ്വാസം വന്നില്ല അയാളുടനെ അകത്തേക്ക് കയറി വീട് മുഴുവൻ അരിച്ചുപെറുക്കി.
സത്യം പറയടാ.. എന്റെ മോള് എവിടെയാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്.
അപ്പോൾ അയാളുടെ മുഖത്ത് സങ്കടം ആണോ ദേഷ്യം ആണോന്ന് വേർതിരിച്ചറിയാൻ കഴിയാത്തവണ്ണം മാറിയിരുന്നു.
ക്രിസ്മസ് ആയതുകൊണ്ട് രാത്രിയിൽ പള്ളിയിലെ പ്രോഗ്രാം കഴിഞ്ഞു അവളും ഞാനും ഒരുമിച്ചാണു തിരികെ പോന്നത് അവളുടെ വീട്ടിലേക്കുള്ള ഇടവഴിയിൽ പാതി ദൂരം കൊണ്ടുപോയി വിട്ടിട്ടാണ് ഞാൻ വീട്ടിലേക്ക് പോന്നത് ഇതിനിടയിൽ എന്താണ് സംഭവിച്ചത്???
അവൾ എവിടെപ്പോയി????
എന്റെ പെരുവിരൽ മുതൽ ഒരു ഭയം അരിച്ചുകയറി എവിടെ പോകാനാണവൾ വീട്ടിൽ തന്നെ കാണും അപ്പനോന്നുടെ പോയി അന്വേഷിച്ചേ… അയാളുടെ തോളിൽ പിടിച്ചു ഒരു ആശ്വാസവാക്ക് ഞാൻ പറഞ്ഞു.
ഇല്ലടാ അവിടെ എങ്ങും ഇല്ല… ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു ഇവിടെ കാണും എന്ന് ഉദ്ദേശിച്ചാണ് ഇങ്ങോട്ട് വന്നത്… അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
അപ്പോഴേക്കും നാട്ടുകാരും അയൽക്കാരും വഴിയിലും വേലിയരികിലും കൂടിയിരുന്നു.
അന്നത്തെ ദിവസത്തെ നാട്ടിലെ മുഴുവൻ ചർച്ചയും അവളുടെ തിരോധാനത്തെ കുറിച്ചായിരുന്നു.
അവളുടെ ബന്ധുവീടുകളിലും നാട്ടിലെ കുളങ്ങളിലും ആളൊഴിഞ്ഞ വീടുകളിലെല്ലാം അവളെ തേടി നാട്ടുകാർ പരക്കംപാഞ്ഞു. ഈ സമയമൊക്കെയും ഞാൻ മൗനമായിരിക്കുകയായിരുന്നു കൈകാലുകൾ ബന്ധിച്ചു ഏകാന്തതയുടെ നാടുകടലിലേക്ക് വലിച്ചെറിയപ്പെട്ട ഒരുവനെപ്പോലെ.
രണ്ടുദിവസം കഴിഞ്ഞിട്ടും അവളെ പറ്റി യാതൊരു വിവരവും കിട്ടിയില്ല. അവളെ അവസാനമായി കണ്ടത് ഞാൻ ആയതുകൊണ്ടും തമ്മിലുള്ള ബന്ധവും കണക്കിലെടുത്ത് പോലീസ് ആദ്യം ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതും എന്നെ ആയിരുന്നു. വീട്ടിൽ നിന്നും പോലീസ് ജീപ്പിൽ ആണ് നാട്ടുകാർ നോക്കിനിൽക്കെഎന്നെ സ്റ്റേഷനിൽ കൊണ്ടുപോയത്.
സ്റ്റേഷനിൽ ചെന്നപാടെ അവിടെ എഴുതിക്കൊണ്ടിരുന്ന ഒരു പോലീസുകാരൻ എന്റെ അരികിലേക്ക് വന്നു.
എവിടെയാടാ നീഅവളെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്?? അയാളുടെ മുഖം അടുത്ത പിടിച്ചാണ് ആ ചോദ്യം ചോദിച്ചത്.
എന്തോ എനിക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിച്ചില്ല.
അപ്പോഴേക്കും ആ പോലീസുകാരൻ കൈ ചുരുട്ടി പിടിച്ചു അടിവയറ്റിൽ രണ്ടു ഇടി ഇടിച്ചു ശക്തമായ ഇടിയിൽ കുനീഞ്ഞു പോയയെന്റെ മുതുകിൽ കൈ മുട്ടുമടക്കി അഞ്ചാറു തവണ തെരുതെരെ കുത്തി അസഹ്യമായ വേദനയുണ്ടായിട്ടും എന്നിൽ നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല അതിനേക്കാൾ കടുത്ത വേദന ഉണ്ടായിരുന്നു ഹൃദയത്തിൽ അതുകൊണ്ടാവാം.
നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു അല്ലേ?
അതേയെന്ന് ഞാൻ തലയാട്ടി.
നിങ്ങൾ രണ്ടുപേരും പണമിടപാടുകൾ നടത്താറുണ്ടായിരുന്നോ?
ഇല്ല… ഞാൻ ചോദ്യം നിഷേധിച്ചു.
എന്നിട്ട് അങ്ങനെയല്ലല്ലോ നാട്ടുകാർ പറയുന്നത്. നിന്റെ കാശ് മുഴുവൻ അവളുടെ കയ്യിൽ ആണെന്നാണ് പറയുന്നത്? പോലീസുകാരന്റെ ചോദ്യം പുച്ഛത്തോടെ കൂടിയായിരുന്നു
അത് ഞങ്ങക്ക് വീട് പണിയാൻ വേണ്ടി അവളുടെ കയ്യിൽ കൊടുത്തിരിക്കുന്നതാണ്.
എന്നിട്ടു വീട് പണിതോ???
ഇല്ല.
അതെന്താടാ നീ ചോദിച്ചിട്ട് പൈസ തിരിച്ചു തന്നില്ലേ?
ഇല്ല അതിന്റെ ആവശ്യം വന്നിട്ടില്ല. ഞാൻ പറഞ്ഞു.
നീയൊക്കെ ഇത്ര മണ്ടൻ ആയിപോയല്ലോടാ ചിലപ്പോൾ അവൾ ആ കാശുമായിട്ടു മുങ്ങി കാണും. ഒരു പരിഹാസച്ചിരിയോടെ കൂടി പോലീസുകാരൻ അതും പറഞ്ഞുഎന്നെകൊണ്ട് ഒരു പേപ്പറിൽ ഒപ്പ് ഇടിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലുകൾക്ക് ശേഷം എന്നെ പറഞ്ഞ് അയച്ചെങ്കിലും പോലീസ് സ്റ്റേഷനിൽ നിന്നും അനുവാദമോ സമ്മതമില്ലാതെ ഈ പരിസരം വിട്ടു പുറത്തേക്ക് പോകരുതെന്ന് താക്കീതും നൽകി.
പോലീസുകാർക്ക് മാത്രമല്ല സംശയമുണ്ടായിരുന്നത് നാട്ടുകാരിൽ ചിലർക്കുമുണ്ടായിരുന്നു. കൂടാതെ ബന്ധുക്കളും ഈ സംശയത്തെ അനുകൂലിച്ചു എന്നെ ഏതുവിധേനയും ഒറ്റപ്പെടുത്തുക എന്നത് അവരുടെ ജീവിതലക്ഷ്യം ആണല്ലോ. എന്റെ ഭാഗം ന്യായീകരിക്കാനും എന്നെ ഒന്നു കേൾക്കുവാൻ പോലുള്ള മനസ്സും ആരും കാണിച്ചില്ല. അതുകൊണ്ട് ആവുന്ന അത്രയും സമയം മറ്റാരുടെയും കണ്ണിൽപ്പെടാതെ വീടിനുള്ളിൽ തന്നെ ഇരിക്കാൻ ഞാൻ നിർബന്ധിതനായി അതോടൊപ്പം ഓർമ്മകൾ അസഹനീയമായി എന്നെ ചുറ്റിവരിഞ്ഞു കൊണ്ടിരുന്നു
രാവെന്നോ പകലെന്നോ അറിയാത്ത ഒരു ദിവസം ഒരു സുഹൃത്ത് എന്നെ കട്ടിലിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ചു…
നീ വല്ലതും അറിഞ്ഞോ.??
ഞാൻ അവരുടെ മുഖത്തേക്ക് എന്തെന്നുള്ള രീതിയിൽ നോക്കി.
ടാ….. അവളെ കാണാതായ ദിവസം തന്നെ ഇവിടെ മറ്റൊരാൾ കൂടെ കാണാതായിട്ടുണ്ട്?
ഞാൻ പെട്ടെന്ന് കടയിൽ നിന്ന് ചാടി എഴുന്നേറ്റു. ആരെയാണ്??
അത് കവലയിലുള്ള കോൾഡ് സ്റ്റോറേജിലേ ഇറച്ചി വെട്ടാൻ നിൽക്കുന്ന ഒരു ബംഗാളിയെ.. അന്ന് രാത്രി വരെ അവൻ അവിടെ കടയിൽ ജോലി ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് രാത്രിയിൽ അവൻ ഇങ്ങനെ മുങ്ങുന്ന പതിവുണ്ട് അതുകൊണ്ടാണ് അവരും ശ്രദ്ധിക്കാതെ ഇരുന്നത്.. പക്ഷേ രണ്ടുദിവസം കഴിയുമ്പോൾ അവൻ തിരിച്ചു വരാറുണ്ടായിരുന്നു ഇതിപ്പോൾ അവൾ പോയ ദിവസം മുതൽ എട്ടു ദിവസമായി അവനെയും കാണാതായിട്ടു. പോലീസും അന്വേഷിക്കുന്നുണ്ട്.
ഇനി അവർ തമ്മിൽ എന്തെങ്കിലും….! സുഹൃത്ത് അതിശയോക്തിയിൽ നിർത്തി എന്റെ പ്രതികരണം അറിയാൻ മുഖത്തേക്ക് നോക്കിയിരുന്നു.
തുടരും….