കാലം കാത്തുവച്ചത് ~ ഭാഗം 03, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഞാൻ ഒരു ഞെട്ടലോടെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കയ്യിലെ പിടുത്തം മുറുകി.

ഇതെന്താ എന്റെ കൈ വിടൂ…

അവൻ നോക്കുന്നത് കൂടിയില്ല..

ആര്യൻ….. ഞാൻ പതിയെ വിളിച്ചു ദയനീയമായി…

ഞാൻ വിളിച്ചത് കേട്ട മാത്രയിൽ അവൻ എന്നെ തിരിഞ്ഞു നോക്കി.. മഴ ചാറലേറ്റ് നനഞ്ഞ മുടിയിഴകളിൽ നിന്നും എന്റെ മുഖത്തേക്ക് വെള്ളം തെറിച്ചു വീണു..

അമർത്തി തുടച്ചു ചുവന്ന മുഖത്ത് വന്നിരുന്ന വെള്ളത്തുള്ളികൾ അവനു മഴയിൽ കുതിർന്ന പനിനീർ പൂവിനെ ഓർമിപ്പിച്ചു…യാന്ത്രികമായി അവൻ എന്റെ കവിളിൽ തൊടാനായി കൈകൾ നീട്ടി…

ആര്യൻ…… ഞാൻ പതുക്കെ എന്നാൽ ഉറച്ച ശബ്ദത്തിൽ അവനെ വിളിച്ചു എന്റെ ശബ്ദത്തിൽ താക്കീതിന്റെ ചുവയുണ്ടായിരുന്നോ?അവൻ പെട്ടെന്ന് തന്നെ എന്റെ കയ്യിലെ പിടി വിട്ട് മാറി നിന്നു….

എനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. ഇവൻ ഈ കഴിഞ്ഞ നിമിഷങ്ങളിൽ എന്നോട് പെരുമാറിയത് എല്ലാം എന്തർത്ഥത്തിലാണ്..? അവന്റെ ഒരു നോട്ടം പോലും എന്നെ കുളിരണിയിക്കാറുള്ളപ്പോൾ, ആദ്യമായി.. ആദ്യമായി അവൻ എന്നെ സ്പര്ശിച്ചപ്പോൾ എനിക്കെന്താണ് ഞെട്ടൽ അല്ലാതെ മറ്റൊന്നും തോന്നാതിരുന്നത്….?അവനോടുള്ള എന്റെ ഇഷ്ടത്തിന്റെ തോത് അത്രയേ ഉണ്ടായിരുന്നുള്ളോ??? എനിക്കാകെ ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി…

പുറത്തെ മഴയിലേക്ക് നോക്കി നിൽക്കുന്നതിനാൽ ആര്യന്റെ മുഖഭാവം കാണാനായില്ല..

അവനെ വിളിക്കണോ… എങ്ങനെ വിളിക്കും… എന്ത്‌ പറഞ്ഞ് വിളിക്കും അതിനും മാത്രം ഞങ്ങൾക്കിടയിൽ എന്തുണ്ട്…. ഒന്നുമില്ല…. ഒന്നും തന്നെയില്ല..

ഞാൻ മെല്ലെ ക്ലാസ്സിലേക്ക് നടന്നു…. വരാന്തയുടെ അറ്റത്തു എത്തിയപ്പോൾ എന്തോ തിരിഞ്ഞു നോക്കാൻ തോന്നി.. വരാന്തയിൽ നിന്നും മഴയിലേക്ക് ഇറങ്ങി നിന്ന് നനയുന്ന ആര്യനെ ആണ് കണ്ടത്…

എനിക്കെന്തോ ഉള്ളിൽ വേദന തോന്നി… ഓടിപോയി മഴയിൽ നിന്നും വലിച്ചു കയറ്റി കയ്യിൽ ഒരു കുഞ്ഞു അടി കൊടുക്കുവാൻ, സ്നേഹം നിറഞ്ഞ ശാസനയോടെ തല തുവർത്തികൊടുക്കുവാൻ… അങ്ങനെ എന്തൊക്കെയോ….

പക്ഷെ ഒന്നിനുമാവാതെ ഞാൻ നിന്നു.. മഴയുടെ ശക്തിയേറിയതോ എന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞു മൂടിയതോ…. കാഴ്ച മറഞ്ഞു…

വീട്ടിലേക്ക് വരുമ്പോഴും മഴ തോരാതെ പെയ്തുകൊണ്ടിരുന്നു. അച്ഛമ്മ ഉമ്മറത്ത് എന്നെ കാത്തിരിപ്പുണ്ടായിരുന്നു.

സന്ധ്യാദീപത്തിന് മുന്നിൽ ഇരിക്കുമ്പോൾ പ്രാർത്ഥനക്കൊപ്പം കണ്ണീരുകൂടി പുറത്തുവന്നു.. രാത്രിയായിട്ടും തോരാത്ത മഴക്കൊപ്പം എന്റെ കണ്ണുകളും പെയ്തു കൊണ്ടിരുന്നു…

എങ്കിലും ആര്യൻ എന്തിനായിരിക്കും എന്റെ കൈ പിടിച്ചത്… തമാശ കാണിച്ചതാണെകിൽ അത് പറയാമായിരുന്നല്ലോ.. ഒരു വാക്കുപോലും എന്നോട് പറഞ്ഞില്ലല്ലോ… ആ കൈകൾ എന്റെ കവിളിലേക്ക് നീണ്ടപ്പോൾ ആര്യന്റെ മുഖത്തെ ഭാവം എന്തായിരുന്നു…… അതൊരിക്കലും കുസൃതി ആയിരുന്നില്ല… വേറെന്തോ… ഒരിക്കലും അവനിൽ ഞാൻ കാണാതിരുന്നത്… ആ കണ്ണുകൾക്ക് എന്നോടെന്തോ പരിഭവം ഉണ്ടായിരുന്നില്ലേ… ഒരു മാത്രയെ കണ്ടുള്ളൂ എങ്കിലും ഉള്ളിലേക്ക് ആഴ്ന്നു ഇറങ്ങിയ നോട്ടം…. എന്തോ എന്നോട് പറയാനുള്ളത് പോലെ… മഴ നനഞ്ഞുള്ള നിൽപ്…..ഓഹ്……

എപ്പോഴോ കണ്ണടയുമ്പോഴും അവന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ…

രാവിലെ എണീറ്റപ്പോൾ കോളേജിൽ പോവാൻ തോന്നിയില്ല.. കിടക്കപ്പായിൽ തന്നെ മുട്ടുകളിൽ മുഖം ഒളിപ്പിച്ചു ഇരുന്നു എത്രയോ നേരം… പുറത്തേക്ക് കാണാതായപ്പോൾ അമ്മ വന്നു നോക്കി..

എന്താ കുഞ്ഞീ….. പനിക്കണുണ്ടോ..അമ്മ തണുത്ത വിരലുകളാൽ നെറ്റിയിൽ തൊട്ടു നോക്കി.. ഇല്ലല്ലോ…. പനിക്കണൊന്നും ഇല്ലല്ലോ…

വയ്യ അമ്മാ…. ഇന്നു പോവണില്ല ഞാൻ….

ന്നാ അമ്മ പോയി ചുക്ക് കാപ്പി എടുത്തു തരാം…. ഈ ക്ഷീണം ഒന്ന് പോവട്ടെ… എന്താണ് കണ്ണും മുഖവും എല്ലാം വീർതിരിക്കണേ…. ഇന്നലെ രാത്രി പനിച്ചു കാണും…

അമ്മ അടുക്കളയിലേക്ക് പോകുന്നത് നോക്കി കുറച്ചു നേരം കൂടി കട്ടിലിൽ ചടഞ്ഞിരുന്നു.. പിന്നെ പതിയെ ജനലിനരികിലേക്ക് നടന്നു… മരത്തിന്റെ ജനൽ പാളി തുറന്നപ്പോൾ വെളിച്ചം മുറിയിലേക്ക് അരിച്ചുവന്നു… മഴ തോർന്നിരിക്കുന്നു…. അതെ മഴ തോർന്നു…. എന്നാൽ മനസ്സിൽ ഇപ്പോഴും പെയ്യുകയാണ്…. അതെന്നു തോരും… അറിഞ്ഞുട…

അന്ന് മുഴുവൻ അങ്ങനെ ഇരുന്നു.. അമ്മയുടെയും അച്ഛമ്മയുടെയും കൂടെ ഇരുന്നും കിടന്നും നേരം കളഞ്ഞു..

വൈകിട്ടായപ്പോൾ വീട്ടിലെ ഫോൺ ശബ്‌ദിച്ചു… അമ്മ എടുത്തപ്പോൾ നിമ്മിയാണ്…

ആ നിമ്മീ…

നീയെന്താ ഇന്നു വരാഞ്ഞേ…. ഇന്നലെ നേരത്തെ പോയെന്നും അറിഞ്ഞല്ലോ…

ഒന്നൂല്ല നിമ്മീ… വയ്യ എനിക്ക്… എന്തോ ക്ഷീണം…. അമ്മ പറഞ്ഞു പനിക്കുന്നുണ്ടെന്ന്…

എന്തോ അപ്പോൾ അവളോട് അങ്ങനെ പറയാനാണ് തോന്നിയത്..

നാളെ വരില്ലേ….

ആ നാളെ വരും ട്ടാ….

എന്തോ കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നിയില്ല…

എന്തൊക്കെയോ ചിന്തിച്ചു പുലർച്ചെയാണ് ഉറക്കം വന്നത്…

രാവിലെ കോളേജിൽ പോവുമ്പോ അച്ഛമ്മയുടെ വക ഉപദേശം ഉണ്ടാരുന്നു…

ഇന്നാളത്തെപോലെ മഴ കൊണ്ട് വന്നു പനി പിടിപ്പിക്കണ്ടാട്ടൊ ഇന്ന്…

ഒന്ന് ചിരിച്ചു അച്ഛമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു വീട്ടിൽ നിന്നും ഇറങ്ങി..

നിമ്മി പതിവ് സ്ഥലത്ത് കാത്തു നിൽപ്പുണ്ടായിരുന്നു…

എന്നെ കണ്ടതും ഓടി വന്നു..

എങ്ങനെയുണ്ട് ഗായു പനിയൊക്കെ മാറി നല്ല കുട്ടിയായോ.

ഞാൻ ചിരിച്ചു…

അവളുടെ വിശേഷങ്ങളും കലപില സംസാരവും കേട്ട് മറ്റെല്ലാം മറന്നിരുന്നു..

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ആര്യന്റെ നോട്ടം എന്റെ നേർക്ക് നീളുന്നതും… ഞാൻ വരുന്നതും കാത്തു ഗേറ്റിനടുത്തുള്ള അരമതിലിൽ ഇരിക്കുകയും, ക്ലാസ്സിൽ ഇരിക്കുമ്പോൾ ജനലിനരികിലൂടെ ഒരു നോട്ടം നൽകി കടന്നു പോകുന്നതും പതിവാക്കി…

എനിക്കാകെ ഭ്രാന്തു വരുന്നു…. അവനു അപർണയെ ഇഷ്ടമാണെങ്കിൽ എന്തിനു എന്നോടിങ്ങനെ പെരുമാറുന്നു… ഞാൻ കാരണം ആരും വിഷമിക്കാൻ പാടില്ല.. ഇനിയും ഇത് തുടർന്നാൽ ശരിയാവില്ല….ആര്യന്റെ മനസ്സിൽ എന്താണെന്ന് അറിഞ്ഞേ പറ്റൂ… അവനോടു സംസാരിക്കണമെങ്കിൽ നിമ്മി അറിയാതെ വേണം… അവൾക്ക് ഞാൻ ആര്യനോട് സംസാരിക്കുന്നത് ഇഷ്ടമല്ല… എല്ലാം മറക്കാൻ ഒരു അകലം നല്ലതാണെന്നാണ് നിമ്മി പറയുന്നത്… ശരിയായിരിക്കാം… പക്ഷെ, ആര്യൻ…. അവന്റെ മനസ്സിൽ എന്താണ്…. എന്തിനാണ് എന്നോടിങ്ങനെ പെരുമാറുന്നത് എന്നെനിക്കറിയണം… എത്രയും വേഗം തന്നെ… ഇതെങ്ങാനും അപർണ അറിഞ്ഞാൽ, ആ കുട്ടിയുടെ വിഷമം കൂടി എനിക്ക് കാണാൻ വയ്യ…

ദിവസങ്ങൾ കടന്നുപോയി… ആര്യന്റെ കലാപരിപാടികൾ നടന്നു കൊണ്ടേയിരുന്നു..

കോളേജ് ഡേ സെലിബ്രേഷന്റെ പരിപാടികളിൽ നിമ്മിയും പങ്കെടുക്കുന്നുണ്ട്.. റിഹേഴ്സലിനായി നിമ്മി പോയപ്പോൾ ഞാൻ പതിയെ ക്ലാസ്സിൽ നിന്ന് ഇറങ്ങി.. ആര്യൻ ഈ സമയത്ത് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിനടുത്തുണ്ടാകും എന്ന ഊഹത്തിൽ നടന്നു..

സംശയം ശരിയായിരുന്നു… കൂട്ടുകാർക്കൊപ്പം എന്തോ ചർച്ചയിൽ ആയിരുന്ന ആര്യനെ ഞാൻ വിളിച്ചു…

ആര്യൻ…

എന്റെ ശബ്ദം കേട്ട് തല വെട്ടിച്ചു നോക്കി കൈ കൊണ്ട് എന്താ എന്ന് ചോദിച്ചു….. മുഖത്ത് പതിവ് പുഞ്ചിരിയുണ്ട്..

ഒന്ന് വരാമോ….

ഞാൻ ചോദിച്ചത് കേട്ട് സംശയത്തോടെ എന്നെത്തന്നെയാണോ എന്നും ചോദിച്ചു അവൻ എഴുന്നേറ്റ് വന്നു..

ഞാൻ മുന്നിൽ നടന്നു… മറ്റെങ്ങും അല്ല… എനിക്കെപ്പോഴും വന്നിരിക്കാൻ തോന്നാറുള്ള കോളേജിലെ ഊട്ടിയിലേക്ക് ആണ്..സത്യത്തിൽ ലവേർസ് കോർണർ ആണ് ഊട്ടി എന്നാണ് പറയുന്നത്… പക്ഷെ തനിച്ചും പലരും വന്നിരിക്കാറുണ്ട്…. നോവോർമ്മകളെ അയവിറക്കാൻ..

കോളേജിന്റെ പുറകിൽ കുറച്ചു താഴ്ന്നു കിടക്കുന്ന ഒരുപാട് മരങ്ങൾ നിറഞ്ഞ, പ്രകൃതി ഒരുക്കിയ ഊഞ്ഞാലുകളുള്ള ഊട്ടി…. ഏത് കഠിന വെയിലിനെയും ഓടിച്ചു വിട്ട് പേര് പോലെ കുളിർമ നൽകുന്ന ഞങ്ങളുടെ സ്വന്തം ഊട്ടി..

ഒരു ഭാഗത്തുള്ള കുളത്തിനരികിൽ ഞാൻ നിന്നു..

എന്താ ഗായത്രി…

ഞാൻ ആര്യനെ നോക്കി… എന്റെ തൊട്ടടുത്തു വന്നു എന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുകയാണ്.. ഞാൻ ഒന്ന് പതറിയോ….ഇല്ല…. ഇന്ന് എല്ലാം അറിയണം…. അതിനിങ്ങനെ നിന്നാൽ മതിയാവില്ല…

എന്താ ഗായത്രീ വരാൻ പറഞ്ഞത്… ആര്യൻ വീണ്ടും കുസൃതി നിറഞ്ഞ നോട്ടത്തോടെ ചോദിച്ചു…

എന്താ ആര്യന്റെ ഉദ്ദേശം…ഞാൻ ആര്യന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…

ഹഹ…. ഇത് കൊള്ളാം… എന്നെ വിളിച്ചുകൊണ്ടുവന്നിട്ടുണ്ട് എന്നോട് എന്താ ഉദ്ദേശം ന്ന് അല്ലെ…. നന്നായിട്ടുണ്ട്…. തനിക്കെന്തെങ്കിലും എന്നോട് പറയണം ന്ന് ഉണ്ടെങ്കിൽ അത് പറയ്… അല്ലാതെ…

അവൻ ചിരിയോടെ പറഞ്ഞു…

അവന്റെ മുഖത്തുള്ള ചിരി കണ്ടപ്പോൾ ദേഷ്യം വന്നു എനിക്ക്…എന്നെ ഇങ്ങനെ വിഷമത്തിൽ അകപ്പെടുത്തി നിന്ന് ചിരിക്കുവാണല്ലേ….

വല്യ ചിരിയൊന്നും വേണ്ട… പെൺകുട്ട്യോൾ നെ മയക്കണ ചിരിയും കൊണ്ട് നടന്നോളും… എന്തിനാ എപ്പോഴും എന്നെ നോക്കണേ…എന്നെ കാണുമ്പോ ചിരിക്കണേ… അതൊക്കെ കാണുമ്പോ എനിക്കെന്തോ ആര്യൻ അതൊന്നും വെറുതെ ചെയ്യുന്നതല്ല എന്ന് തോന്നുന്നു…

ദേഷ്യത്തിൽ പറഞ്ഞ് തുടങ്ങിയതാണെങ്കിലും ഒടുവിൽ ആയപ്പോഴേക്കും വാക്കുകൾ കിട്ടാതെ ഞാൻ പരിഭ്രമിച്ചുപോയിരുന്നു….

എന്റെ പരിഭ്രമം കണ്ടിട്ടായിരിക്കണം അവന്റെ മുഖത്ത് വീണ്ടും ആ കുസൃതി ചിരി കടന്നു വന്നു.

അപ്പൊ എന്റെ ഗായത്രികുട്ടിക്ക് മനസ്സിലാവുന്നുണ്ട് ഞാൻ നിന്നെ നോക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്നും അത് സാധാരണ ഒരാളെ എന്ന പോലെ അല്ല എന്നും അല്ലെ…

ശബ്ദം താഴ്ത്തി എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം വന്നു അവൻ പറഞ്ഞു…

ഞാൻ ഞെട്ടിപ്പോയി… പിടഞ്ഞു മാറിയപ്പോൾ അവന്റെ മുഖത്ത് വീണ്ടും കള്ളച്ചിരി… എനിക്ക് കരച്ചിൽ വന്നു..

എന്നോടെന്തിനാ ഇങ്ങനെ…. മനസ്സിൽ ഒരിക്കൽ ഒരു പൊട്ടചിന്ത വന്നു…. അത് ഞാനായി എടുത്തു കളഞ്ഞു… ഞാൻ കാരണം ആരും വിഷമിക്കുന്നത് എനിക്ക് സഹിക്കാനാവില്ല.. എന്നോട് ഇനി ഇതുപോലൊന്നും പെരുമാറരുത്.. നിങ്ങൾ ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നുണ്ടോ…. ഒരു പെൺകുട്ടിയെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്…. കഷ്ടം തന്നെ.. ഞാൻ നിങ്ങളെകുറിച്ച് ഇങ്ങനെ ഒന്നുമല്ല കരുതിയിരുന്നത്..

കഴിഞ്ഞോ….. നിന്റെ പ്രസംഗം. അവൻ ആകെ ദേഷ്യത്തിൽ ആണ്…

ഞാൻ ആരെ വഞ്ചിച്ചു എന്നാണ്… നിന്നോടല്ലാതെ മറ്റാരോടെങ്കിലും ഞാൻ ഇങ്ങനെ പെരുമാറിയതായി നീ കണ്ടിട്ടുണ്ടോ.. നിന്നോട് കുറച്ചു കുസൃതി കാണിച്ചത്….. അത്.. അത് നീ എന്റെ പെണ്ണാവാൻ ഉള്ളതാണെന്ന ഉറപ്പോടെ തന്നെയാണ്… അതിൽ എനിക്കൊരു കുറ്റബോധവും ഇല്ല..

അവന്റെ വാക്കുകൾ കേട്ട് ഞാൻ തരിച്ചു നിന്നു…..അവനിൽ നിന്നും കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച വാക്കുകൾ… പക്ഷെ ഇന്ന് കേൾക്കുമ്പോൾ എനിക്കെന്താണ് തോന്നുന്നത്…. അപർണ…. അപ്പോൾ അപർണ… അപര്ണയോടുള്ള ഇഷ്ടമോ??? എനിക്കൊന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി…

തുടരും……

Related Posts

Leave a Reply

Your email address will not be published. Required fields are marked *