കാലം കാത്തുവച്ചത് ~ ഭാഗം 04, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

എനിക്കാകെ തല പെരുക്കുന്നത് പോലെ തോന്നി…

അപർണ…. അപ്പോൾ അപർണ? ഞാൻ വിക്കി വിക്കി ആര്യനോട്‌ ചോദിച്ചു അവന്റെ മറുപടി എന്നെ വിഷമിപ്പിക്കുന്നത് ആവരുത് എന്ന പ്രാർത്ഥനയോടെ അവന്റെ മുഖത്തേക്ക് നോക്കി..

അപര്ണയോ??? ഹഹഹഹ…… അവൻ ഉച്ചത്തിൽ ചിരിക്കുകയാണ്… എനിക്ക് ദേഷ്യം വന്നു…

ആര്യൻ….. ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേ… അപര്ണയോട് നിങ്ങൾക്ക് ഇഷ്ടമായിരുന്നില്ലേ…

ഞാൻ പറഞ്ഞോ നിന്നോട് അപർണയെ എനിക്കിഷ്ടമാണെന്ന്… അല്ലെങ്കിൽ അപർണ പറഞ്ഞോ….

ഞാൻ മിണ്ടാതെ നില്കുന്നത് കണ്ടു എന്റെ അരികിലേക്ക് നീങ്ങി വന്നു അവൻ വീണ്ടും ചോദിച്ചു… പറഞ്ഞോ????

ഇല്ല….. എന്റെ ശബ്ദം നേർത്തുപോയിരുന്നു..

പിന്നെന്തിനാ അങ്ങനേ ഒരു ചോദ്യം..ഒരാളോട് മാത്രമേ എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളൂ… അത് നിന്നോടാണ്… നിന്നോട് മാത്രം..

അപ്പോൾ എന്നോട് നിമ്മി പറഞ്ഞത്… എനിക്കാകെ സംശയമായി.. നിമ്മിക്ക് എന്തെങ്കിലും തെറ്റിദ്ധാരണ ആയിരിക്കുമോ.. എങ്കിലും അത്രയും ഉറപ്പിച്ചു പറഞ്ഞതെന്തിനാണ്..

ഗായൂ….. കാതോരം അവന്റെ ശബ്ദം കേട്ടപ്പോൾ എല്ലാ ചിന്തകളും പറന്നു പോയി…

നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഇവൾ എന്റെ പെണ്ണ് ആണെന്നു മനസ്സിൽ തോന്നിയിരുന്നു.. നിനക്കറിയുമോ ഗായു….ഇതുവരെ ആരോടും എനിക്കീ ഫീലിംഗ് തോന്നിയിട്ടില്ല… ഓരോ തവണ നിന്നെ നോക്കുമ്പോഴും എനിക്ക് സ്വയം നഷ്ടമാവുകയായിരുന്നു.. പിന്നെപ്പോഴോ നീയും എന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.. പക്ഷെ പെട്ടെന്നെന്തോ നീ എന്നോട്‌ അകലം പാലിക്കാൻ തുടങ്ങി… നിനക്കറിയുമോ ഗായു….. ഞാൻ അന്നൊക്കെ ഉറക്കം നഷ്ടപ്പെട്ടു ഒരു ഭ്രാന്തനെ പോലെ ആയിരുന്നു… നീയില്ലാതെ എനിക്ക് പറ്റില്ലായിരുന്നു ഗായു നിന്റെ ഒരു നോട്ടം… അത്രയും മതി എനിക്ക്…

അവൻ എന്റെ കൈകൾ കവർന്നു.. ഞാൻ വിറച്ചുപോയി..

എന്നാൽ ഞാൻ ഒഴിഞ്ഞു മാറാൻ തയ്യാറല്ലായിരുന്നു… എനിക്ക് നിന്നെ വേണമായിരുന്നു.. നിനക്കെന്നെ ഇഷ്ടം ആവുമോ എന്നായിരുന്നു എന്റെ ഭയം പക്ഷെ പലപ്പോഴും നിന്റെ നോട്ടങ്ങളിലെ പ്രണയം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.. ഇടക്ക് നീയെന്നെ ഒന്ന് ഭയപ്പെടുത്തി… ഞാൻ ഒരു റിസ്ക് എടുക്കാൻ തയ്യാറല്ലായിരുന്നു. ഈ വർഷം കൂടി കഴിഞ്ഞാൽ എനിക്ക് വിദേശത്ത് ജോലിക്ക് കയറാം… എല്ലാം ശരിയാക്കിയിട്ടുണ്ട്…. നിന്റെ കോഴ്സ് കഴിയുമ്പോ ഞാൻ വീട്ടിൽ വന്നു ആലോചിക്കാം എന്നെല്ലാം ഉറപ്പിച്ചിരുന്നു… എന്ത് കാരണം ആയാലും നിന്നെ എനിക്ക് നഷ്ടപ്പെടാൻ കഴിയില്ലായിരുന്നു..

ആര്യൻ പറഞ്ഞ് നിർത്തി….

എല്ലാം ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നിയത്…ആര്യൻ എന്നെ പ്രണയിക്കുന്നുണ്ട്…. എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു… കണ്ണ് നിറഞ്ഞത് കണ്ടു ആര്യൻ വല്ലാതായി….

ഗായൂ….. എന്ത് പറ്റി…. ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേ..

പരിഭ്രമത്തോടെ എന്റെ മുഖം കൈകളിൽ എടുത്തു ചോദിച്ചു..

ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി…. എന്നോടുള്ള അടങ്ങാത്ത പ്രണയവും കരുതലും ചെറിയൊരു പരിഭ്രമവും അലയടിക്കുന്നത് ഞാൻ കണ്ടു…

മനസ്സ് നിറഞ്ഞു ഞാൻ പുഞ്ചിരിച്ചു..

ഹോ… നീയെന്നെ വീണ്ടും പേടിപ്പിച്ചു കളഞ്ഞു…എനിക്ക് ഓര്ക്കാന് പോലും വയ്യ ഗായൂ…. നീ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞെങ്കിലോ എന്ന്…

അവന്റെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നു…

ഗായൂ…. എന്നോടൊന്നു പറയാമോ…? അവൻ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി ചോദിച്ചു…

എന്ത്?? എന്റെ മുഖം കുനിഞ്ഞു പോയി… ശബ്ദവും നേർത്തിരുന്നു.. ഇന്നുവരെ പ്രകടമാവാത്തൊരു വികാരം എന്നെ വന്നു മൂടിയിരിക്കുന്നു… നാവ് കെട്ടപ്പെട്ടതു പോലെ….. കൈകൾ തനിച്ചിരിക്കാൻ കഴിയാതെ ചുരിദാറിൽ തെരുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു… ആര്യൻ അവന്റെ ഇഷ്ടം പറഞ്ഞപ്പോൾ മുതൽ അവന്റെ മുഖത്തേക്ക് നോക്കാനാവാത്ത വിധം എന്റെ മനസ്സിൽ എന്തോ ഒരു അനുഭൂതിയാണ്..

ഗായൂ…. എന്നെ ഒന്ന് നോക്കിക്കൂടെ… നേർത്ത ശബ്ദത്തിൽ അപേക്ഷ പോലെ അവൻ എന്നോട് ചോദിച്ചു… പിന്നെ പതിയെ എന്റെ താടിയിൽ പിടിച്ചു ഉയർത്തി…

എനിക്ക് അവന്റെ കണ്ണുകളെ നേരിടാൻ ആവുന്നില്ലായിരുന്നു.

നീ പറയാതെ തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ് പെണ്ണെ… നിനക്ക് എന്നെ ഇഷ്ടമാണെന്ന്.. ആര്യൻ ഒരു ചിരിയോടെ പറഞ്ഞു…

എന്റെ മുഖത്ത് നാണത്തിൽ കുതിർന്ന പുഞ്ചിരി നിറഞ്ഞു..

ഗായൂ…. ഉച്ചത്തിൽ നിമ്മി വിളിച്ചത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി… എന്റെ മുമ്പിൽ നിൽക്കുന്ന ആര്യനെ നിമ്മി ഒരു മരത്തിന്റെ മറയുള്ളതു കൊണ്ട് കണ്ടില്ല…

നിമ്മീ… റിഹേഴ്സൽ കഴിഞ്ഞോ… ഞാൻ അവളോട് ചോദിച്ചു…

ആ കഴിഞ്ഞു….നീയെന്താ ഇവിടെ തനിച്ചു നിൽക്കുന്നത്….എത്ര തവണ പറയണം നിന്നോട് ഇവിടെ തനിച്ചു വന്നിരിക്കരുത് എന്ന്..

ഞാൻ തനിച്ചു അല്ല നിമ്മീ… ആര്യൻ ഉണ്ട് കൂടെ….

എന്റെ ശബ്ദത്തിലെ സന്തോഷം കണ്ടു നെറ്റി ചുളിച്ചു നിമ്മി ചുറ്റും നോക്കി…

ആര്യൻ മുന്നിലേക്ക് വന്നു നിന്നു..

ആഹാ കോളേജ് ഡേ സെലിബ്രേഷൻ ഓർഗനൈസ് ചെയ്യണ കമ്മിറ്റി ക്കാരനാണോ ഇവിടെ ചുമ്മാ വന്നു നിന്ന് നേരം കളയണെ… അവൾ ആര്യനെ കളിയാക്കി.

ആര്യൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.. അപ്പോഴേക്കും ആര്യന്റെ കൂട്ടുകാരൻ അവനെ വന്നു വിളിച്ചു..

ഞാൻ പോട്ടെ… പിന്നെ കാണാം….. കേട്ടോ ഗായൂ….. അവസാനത്തെ വാക്കു ഊന്നി പറഞ്ഞു ആര്യൻ അവരെ കടന്നു പോയി..

ഞാൻ ഓടിച്ചെന്നു നിമ്മിയുടെ കൈകളിൽ തൂങ്ങി..

നിമ്മൂസെ…. ഞാൻ കൊഞ്ചി കൊണ്ട് വിളിച്ചു… എന്റെ അത്യധികമായ സന്തോഷം കണ്ടിട്ടാവണം നിമ്മി അമ്പരന്നു…

എന്താടീ പെണ്ണെ… ലോട്ടറി അടിച്ചപോലെ ഉണ്ടല്ലോ…. എന്താണ് വലിയ സന്തോഷത്തിലാണല്ലോ…

ആ വലിയ സന്തോഷത്തിൽ ആണ്. ആര്യനും അപർണ്ണയും തമ്മിൽ ഇഷ്ടം ഒന്നും ഇല്ലാട്ടോ…. നീ തെറ്റിദ്ധരിച്ചതാ നിമ്മൂസേ… നിമ്മിയുടെ കവിളിൽ പിടിച്ചു വലിച്ചു ഞാൻ പറഞ്ഞു.

ആര് പറഞ്ഞു…..? നീ അവനോട് ചോദിച്ചോ??? നിമ്മിയുടെ വാക്കുകളിൽ പരിഭ്രാന്തി നിറഞ്ഞിരുന്നു..

ആ ഞാൻ ചോദിച്ചു… മറുപടി നൽകികൊണ്ട് ഞാൻ നിമ്മിയെ നോക്കി..

അത് മാത്രമല്ല നിമ്മീ ആര്യന് എന്നെ ഇഷ്ടം ആണെന്ന്….. എനിക്ക് അവനോട് ഇഷ്ടം തോന്നുന്നതിനു മുൻപ് തന്നെ എന്നോട് ഇഷ്ടം ആയിരുന്നു എന്ന്… ഞാൻ ഒറ്റവാക്കിൽ പറഞ്ഞു നിർത്തി…

ഹ്മ്മ്….. അധികം സന്തോഷം വേണ്ട ഗായു…. നിന്റെ വീട്ടിൽ അറിഞ്ഞാൽ എന്താ ഉണ്ടാവാന്ന് ഞാൻ പറയണ്ടല്ലോ… അതോടെ നിൽക്കും പഠിത്തം… പിന്നെ നിന്നെ നിന്റെ മാമീടെ മോനെ കൊണ്ട് കല്യാണം കഴിപ്പിക്കും…. അറിയാലോ… നിന്നെ ആ ഹരിച്ചേട്ടനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നും പറഞ്ഞല്ലേ നിന്റെ അച്ഛൻ നടക്കണേ…അപ്പൊ പിന്നെ പഠിക്കാൻ വന്ന നീ ഒരാളുമായി ഇഷ്ടത്തിൽ ആണെന്നു അറിഞ്ഞാൽ എന്താവും?? ഇതൊന്നും വേണ്ട ഗായൂ…. നിമ്മി പറഞ്ഞു നിർത്തി..

എല്ലാം ശരിയാണ്.. പക്ഷെ എനിക്ക് ആദ്യമായി ഒരാളെ കണ്ടപ്പോൾ… അയാളോട് മാത്രം തോന്നിയൊരു വികാരമുണ്ടല്ലോ… അത് മറ്റെല്ലാ ചിന്തകളെയും മറച്ചു….

നീ ഇങ്ങനെ ടെൻഷൻ ആവല്ലേ നിമ്മൂ… രണ്ടു വർഷം കൂടി കഴിഞ്ഞാൽ ആര്യൻ വീട്ടിൽ വന്നു ആലോചിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. അപ്പോ വീട്ടിൽ സമ്മതിക്കില്ലെങ്കിൽ ആര്യൻ എന്തെങ്കിലും വഴി കണ്ടെത്തും… ഇന്ന് ആര്യൻ എന്നോട് ഇഷ്ടം അറിയിച്ച ദിവസം ആണ്.. ഇതിങ്ങനെ ടെൻഷൻ അടിച്ചു നശിപ്പിക്കാൻ വയ്യ… ഇതൊക്കെ ഇപ്പൊ നമ്മൾ മാത്രം അറിഞ്ഞാൽ മതി… നീ ഇങ്ങു വാ.. ഇന്ന് പഴംപൊരി എന്റെ വക…

ഞാൻ വളരെ സന്തോഷത്തോടെ നിമ്മിയുടെ കൈകൾ പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് നടന്നു.. ഏറെ നാളുകൾക്ക് ശേഷം ഞാൻ മനസ് നിറഞ്ഞു കുറേ സംസാരിച്ചു…. ചിരിച്ചു…. ഒട്ടിച്ചു വച്ചതു പോലെ എന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നു… ക്യാന്റീനിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ കുറച്ചു ദൂരെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് നു അടുത്തുള്ള ആൽതറയിൽ കൂട്ടുകാരുമായി ഇരിക്കുന്ന ആര്യനെ നോക്കി ഞാൻ നടന്നു… പെട്ടെന്ന് ആര്യൻ എന്റെ നേർക്ക് നോക്കി… ഞാൻ ചൂളിപ്പോയി…. ഒരു ചിരിയോടെ മുഖം കുനിച്ചു ഞാൻ നിമ്മിക്ക് പുറകിലൂടെ നടന്നു.

വീട്ടിലേക്കുള്ള ബസ് യാത്രയിൽ സാധാരണ കലപില സംസാരിക്കാറുള്ള നിമ്മി നിശബ്ദയായിരുന്നു.. അതെന്റെ ശ്രദ്ദയിൽ പെട്ടില്ല… ഞാൻ സന്തോഷത്തിന്റെ നിറുകയിൽ ആയിരുന്നല്ലോ. വീട്ടിൽ എത്തിയപ്പോൾ വസ്ത്രം പോലും മാറാതെ അടുക്കളയിലേക്ക് ഓടി എന്തോ പണിയിൽ ആയിരുന്ന അമ്മയെ പുറകിൽ നിന്നും വട്ടം കെട്ടിപിടിച്ചു..

പെട്ടെന്നുള്ള എന്റെ പ്രവൃത്തിയിൽ അമ്മ ഒന്ന് ഞെട്ടി…

ശ്ശോ ഈ പെണ്ണ്… കൊച്ചു കുഞ്ഞാണെന്നാണോ വിചാരം… പോയി കുളിച്ചു വാ പെണ്ണെ.. എന്നിട്ട് കാപ്പി കുടിക്ക്… അമ്മ ഓട്ടട ഉണ്ടാക്കിയിട്ടുണ്ട്…വാത്സല്യത്തോടെ കവിളിൽ തലോടി അമ്മ പറഞ്ഞു… അമ്മയുടെ കവിളിൽ അമർത്തി ചുംബിച്ചു ഞാൻ മുകളിലെ എന്റെ മുറിയിലേക്ക് ഓടി…

ഷാൾ അഴിച്ചു കസേരക്ക് മുകളിലേക്ക് ഇട്ട് ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിന്നു… എന്നെ കണ്ട മാത്രയിൽ നിറഞ്ഞു നിന്ന മേഘം പെയ്തു തുടങ്ങി…ഏറെ നാളുകൾക്ക് ശേഷം ആദ്യമായി സന്തോഷത്തോടെ മഴയെ വരവേറ്റു… മഴയിൽ പ്രണയം കണ്ടു… കൈകൾ അഴികളിലൂടെ പുറത്തേക്കിട്ട് ഓടിൻപുറത്തു നിന്ന് ഇറ്റു വീഴുന്ന വെള്ളത്തെ കൈകളാൽ തട്ടി കളിച്ചു… അച്ഛമ്മയുടെ വിളി കേട്ടപ്പോൾ ഓടി കുളിക്കാൻ കയറി…പതിവില്ലാതെ ചുണ്ടിൽ ഏതോ പാട്ട് മൂളിയെത്തി…. മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു…

പക്ഷെ ഉറക്കം മാത്രം വന്നില്ല… ഇത്രനാൾ മനസ്സിൽ നിറയെ വിഷമങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് മനസ്സ് നിറയെ പ്രണയം ആണ്…. ആര്യന്റെ മുഖം മാത്രം ഓർത്തു ഞാൻ കിടന്നു…. അവന്റെ വാക്കുകൾ വീണ്ടും വീണ്ടും കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു…. അവന്റെ നിശ്വാസം കാതുകളിൽ തട്ടികൊണ്ടിരുന്നു.. പെട്ടെന്നുണ്ടായ ഉൾകുളിരിൽ ഞാൻ പുതപ്പെടുത്തു തലവഴി ഇട്ടുമൂടി..

രാവിലെ എണീക്കുമ്പോൾ സന്തോഷത്തിനപ്പുറം എന്തോ പതിവില്ലാതെ ഒരു ഭീതി മനസ്സിലേക്ക് കടന്നുവന്നു… എന്തായിരിക്കും….. വേഗം തയ്യാറായി കോളേജിലേക്ക് പോവാനായി ഇറങ്ങിയപ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്…ഫോൺ എടുത്ത ഞാൻ മറുവശത്തു നിന്നും കേട്ട വാർത്തയിൽ ഞെട്ടി വിറച്ചുപോയി…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *