കാലം കാത്തുവച്ചത് ~ ഭാഗം 05, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

കേട്ട വാർത്തയിൽ തളർന്നു പോയ കൈകളിൽ നിന്നും റിസീവർ താഴേക്ക് വീണു..

ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്നും അകത്തേക്ക് വന്നു…

കുഞ്ഞീ….. എന്താ…. അമ്മ ഓടിവന്നു റിസിവർ എടുത്തു മുകളിലേക്ക് വച്ചു..

എല്ലാ സന്തോഷവും നഷ്ടപ്പെട്ടു നിൽക്കുന്ന എന്നെ കണ്ടു അമ്മ ഭയന്നു..

കുഞ്ഞീ മോളെ… എന്താ ഉണ്ടായത്…. ആരാ ഫോൺ ചെയ്തത്??പരിഭ്രാന്തിയോടെ അമ്മ എന്നെ പിടിച്ചുലച്ചു ചോദിച്ചു…

അമ്മേ…. ഹരിയേട്ടൻ വരുന്നുണ്ടെന്നു… ഭയത്തോടെ ഞാൻ പറഞ്ഞു..

ഹരി…. ഹരി വരാറായോ… അമ്മയുടെയും ചോദ്യത്തിൽ ഭയം തെളിഞ്ഞു കാണാം…

ഹ്മ്മ്… ഇന്ന് ഇറങ്ങും എന്നാ പറഞ്ഞത്… മാമിയാണ് ഫോൺ ചെയ്തത്….

അമ്മ ഒന്നും പറയാതെ അടുക്കളയിലേക്ക് നടന്നു.. എന്ത്‌ ചെയ്യണമെന്നറിയാതെ ഞാൻ കുറച്ചു നേരം തളർന്നു നിന്നു…

നിമ്മിയോട് പറയാം…. ഇവിടെ ഇരുന്നാൽ ഉള്ള മനസമാധാനവും നഷ്ടമാകും.. പിന്നെ ആര്യനോടും പറയണം. എല്ലാം… എല്ലാം അറിഞ്ഞിട്ടും ആര്യന് എന്നെ കൂടെ കൂട്ടാനാവുമെങ്കിൽ… അറിയില്ല…. ആകെ ഭ്രാന്തുപിടിക്കുകയാണ്..

സ്ഥിരമായി പോകുന്ന ബസ് പോയിരുന്നു.. കോളേജിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു.. ക്ലാസ്സിലേക്ക് പോവാൻ തോന്നിയില്ല.. അമ്മച്ചിപ്ലാവിന്റെ ചുവട്ടിൽ സിമെന്റ് തറയിൽ ബാഗ് വച്ചു ഇരുന്നു.. നനുത്ത തണുപ്പോടെ കടന്നു വന്ന കാറ്റിൽ കുളിപ്പിന്നലിട്ട മുടി മുഖത്തേക്ക് പാറി വന്നു…

മുഖത്തേക്ക് വന്ന മുടിയിഴകൾ വിരലുകൾ കൊണ്ട് മാടിയൊതുക്കവേ, അറിയാതെ കൈകൾ കഴുത്തിൽ സ്പർശിച്ചു.. പൊള്ളലേറ്റത് പോലെ ഞാൻ കൈകൾ പിൻവലിച്ചു.. മനസ്സിനേറ്റ മുറിവ് വീണ്ടും വേദനിച്ചു തുടങ്ങി..

” നീ എന്റെയാണ് ഗായത്രീ….. എന്റെ മാത്രം…. എത്രയൊക്കെ എന്നിൽ നിന്നും അകന്നുപോയാലും എന്നിലേക്ക് നിന്നെ ഞാൻ വലിച്ചടുപ്പിക്കുക തന്നെ ചെയ്യും… ” കവിളിൽ കുത്തിപ്പിടിച്ചു കാതോരം പറഞ്ഞ വാക്കുകൾ ഈയം ഉരുക്കി ഒഴിച്ചതു പോലെ തോന്നി… കടന്നു പോയ വഴികൾ പൊളിച്ചു, ഇനിയൊന്നും കടത്തി വിടാത്ത വിധം പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള വാക്കുകൾ…

ഇരുകൈകൾ കൊണ്ടും കാതുകൾ പൊത്തി പിടിച്ചു കുനിഞ്ഞിരുന്നു.. എത്ര നേരം എന്നറിഞ്ഞില്ല.. എപ്പോഴോ തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ തല ഉയർത്തി നോക്കി..

നിമ്മി…. നിമ്മീ…… ഞാൻ എഴുന്നേറ്റ് അവളെ ഇറുകെ കെട്ടിപിടിച്ചു..

എന്റെ കരച്ചിൽ കണ്ടു അന്ധാളിച്ചുപോയ അവൾ എന്നെ അകറ്റി നിർത്തി…

ഗായൂ…. എന്തിനാ നീ കരയണെ….. പറയ്…. എന്തിനാ കരയണെ…. എന്റെ തോളിൽ പിടിച്ചുലച്ചു അവൾ ചോദിച്ചു…

ഹരിയേട്ടൻ….. ഹരിയേട്ടൻ വരുന്നു… ഞാൻ വിക്കികൊണ്ട് പറഞ്ഞു..

നീ എങ്ങനെ അറിഞ്ഞു? പരിഭ്രാന്തിയോടെ നിമ്മി ചോദിച്ചു…

രാവിലെ മാമി ഫോൺ ചെയ്തു… ഹരിച്ചേട്ടൻ ഇന്ന് വരുമെന്ന്… ഞാൻ…… ഞാൻ ഇനി എന്ത് ചെയ്യും നിമ്മീ… കരഞ്ഞുകൊണ്ട് ഞാൻ നിമ്മിയോട് ചോദിച്ചു…

നീ ആര്യനോട് പറഞ്ഞോ…..

ഇല്ല…. പറയണം എന്നുണ്ടായിരുന്നു… പക്ഷെ വേണ്ട… നിനക്കറിയാമല്ലോ പഴയ കാര്യങ്ങൾ.. എനിക്ക് അറിഞ്ഞുട എന്താണ് ചെയ്യേണ്ടതെന്ന്… കരഞ്ഞു കൊണ്ട് സിമെന്റ് തറയിലേക്ക് ഞാൻ ഇരുന്നു..

എന്നോട് എന്ത്‌ പറയണം എന്നറിയാതെ നിമ്മി ആകെ അവശയായി..എന്റെ അരികിൽ ഇരുന്ന് നിമ്മി എന്നെ ചേർത്ത് പിടിച്ചു… ഒന്നും പറയാതെ… പക്ഷെ എനിക്ക് അതിലും വലിയ ആശ്വാസം എനിക്ക് ഇപ്പോൾ വേറെ ലഭിക്കാനില്ല..

അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്നപ്പോഴാണ് അവളുടെ കയ്യിലെ ബാൻഡേജ് ഞാൻ കണ്ടത്….

നിമ്മീ…. ഞാൻ അവളുടെ കയ്യെടുത്തു അവളെ വിളിച്ചു…

എന്താ ഇത്…. എന്ത്‌ പറ്റിയതാണ്…. ഞാൻ എന്റെ വിഷമങ്ങൾ മറന്നു അവളോട് വെപ്രാളത്തോടെ ചോദിച്ചു…

ഏയ്‌… ഇതൊരു ചെറിയ മുറിവ് ആണ്… നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ ഗായൂ…

സാധാരണ കുഞ്ഞു മുള്ളു കൊണ്ടാൽ പോലും സഹിക്കാത്തവളാണ്…. കയ്യിലെ വലിയ ബാൻഡേജ് എന്നിൽ നിന്നും മറച്ചു വച്ചത്… നിമ്മി എന്റെ കൈക്കുള്ളിൽ നിന്നും അവളുടെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചു… ബാൻഡേജ് കുറച്ചു ഇളകി മാറിയപ്പോൾ സ്റ്റിച് ഇട്ടതായി കണ്ടു…

നിമ്മീ….. എന്താ ഇത്…. ഇടതു കൈത്തണ്ടയിൽ കുറുകെ നീളത്തിൽ സ്റ്റിച് ഇട്ടിരിക്കുന്നു …. സ്റ്റിച് ഇളകിയ വേദനയിൽ നിമ്മി മുഖം ചുളിച്ചു നിൽക്കുകയാണ്… നല്ല വേദന ഉണ്ടെന്ന് മുഖം കണ്ടാൽ അറിയാം…

നിമ്മീ…. പറയ്…. ഇതെങ്ങനെ പറ്റി… ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

ഏയ്‌… ഇത് ഒരു കുഞ്ഞു മുറിവ് ആണ് ഗായു…. നീ അത് വിട്ടേ….. നിമ്മി ഒഴിഞ്ഞു മാറാൻ നോക്കി…. ഞാൻ അവളുടെ കയ്യെടുത്തു എന്റെ തലയിൽ വച്ചു…

നിമ്മീ നിനക്ക് എന്നെ തൊട്ട് നുണ പറയാനാവുമോ…? എങ്കിൽ നീ പറയ്… നിന്റെ കയ്യിൽ ഈ മുറിവ് എങ്ങനെ ഉണ്ടായി…

ഗായൂ…. നീ… എനിക്ക് നിന്നെ തൊട്ട് നുണ പറയാനാവുമോ…. നിന്നെ വിഷമിപ്പിക്കാൻ എനിക്ക് ആവില്ല ഗായു… നിമ്മി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.. അത്രനേരം എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ആകുലതകളും മാഞ്ഞു പോയി… ഇപ്പോൾ ആകെ എന്നെ ഉലയ്ക്കുന്നത് നിമ്മിയുടെ വിഷമം എന്താണെന്ന് അറിയാതെയാണ്.

നിമ്മീ…. നീ പറയ് മോളെ…. എന്നെ എല്ലായ്‌പോഴും ആശ്വസിപ്പിക്കുന്ന ആളല്ലേ…
എന്താ നിന്റെ വിഷമം…

ഗായൂ നിനക്ക് ഓർമ്മയുണ്ടോ.. രണ്ടു വർഷം മുൻപ് വെക്കേഷനു ഞാൻ അമ്മയുടെ വീട്ടിൽ നിൽക്കാൻ പോയത്… അന്ന് അറിയാതെ കുളത്തിൽ വീണപ്പോൾ എന്നെ രക്ഷിച്ച ഒരാളെപറ്റി ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ…

ഉവ്വ്…. എനിക്കോര്മയുണ്ട്.. വെക്കേഷന് കഴിഞ്ഞു കാണുമ്പോൾ നിമ്മിയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം ആയിരുന്നു.. അവളെ രക്ഷിച്ചയാളോട് അവൾക്ക് കടുത്ത ആരാധനയായിരുന്നു.. അത് പലപ്പോഴും പറഞ്ഞു കളിയാക്കി അവളിൽ പ്രണയം മുളപ്പിച്ചത് എന്റെ വാക്കുകൾ ആയിരുന്നു.. പിന്നീട് പോയപ്പോൾ ഒന്നും അയാളെ കാണാനായില്ല.. അതും നിമ്മിയുടെ വിഷമവും തമ്മിൽ… !!!

അത്…. അത്…. ആര്യൻ ആണ് ഗായൂ.. നിമ്മി വിതുമ്പലോടെ പറഞ്ഞു. കോളേജിൽ വച്ചു ആദ്യം കണ്ടപ്പോൾ എനിക്ക് സംശയമായിരുന്നു. പക്ഷെ പിന്നെ എനിക്ക് മനസിലായി……ഞാൻ ഏറെ നാളായി കാണാൻ കാത്തിരുന്ന എന്റെ പ്രണയം അത് ആര്യൻ ആണെന്നു….അത് പറയാൻ തുടങ്ങുമ്പോൾ ആണ് ഗായൂ നീ പറയുന്നത് നിനക്ക് ആര്യനെ ഇഷ്ടം ആണെന്നു… മൂന്നു വർഷത്തോളം ആയില്ലേ ഗായൂ അവനെ മനസ്സിൽ കൊണ്ട് നടക്കുന്നു… എനിക്ക് അവനെ പെട്ടെന്ന് മറക്കാൻ ആവുമോ…

നീ പറയ്…. നിനക്ക് തോന്നിയത് വെറും ഒരു ഇഷ്ടം മാത്രം ആണെന്നാണ് ഞാൻ കരുതിയത്… അതാണ്‌ ആര്യൻ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആണെന്നു ഞാൻ പറഞ്ഞത്.. എനിക്ക് പറയാനാവുമോ ഗായു….. ഞാൻ ഇഷ്ടപ്പെടുന്ന, രണ്ടുവര്ഷത്തോളമായി കാത്തിരിക്കുന്ന ആളെയാണ് നീ ഇഷ്ടപെടുന്നത് എന്ന്… ഞാൻ ആകെ ധർമസങ്കടത്തിലായിപോയി.. നിന്റെ മനസ്സിൽ നിന്നും അവനെ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അവനു നിന്നോട് ഇഷ്ടം ഉണ്ടാകും എന്ന് എനിക്ക് അറിയില്ലായിരുന്നു.. നിന്നെക്കാൾ കൂടുതൽ അവനോട് സംസാരിച്ചിരുന്നത് ഞാനല്ലേ….പക്ഷെ ആര്യൻ…. അവനു നിന്നോട് ഇഷ്ടം ആണെന്നറിഞ്ഞപ്പോൾ….. എനിക്ക് സഹിക്കാനായില്ല ഗായു…

ഒരു നിമിഷം….എനിക്ക് ഒരു കൈയബദ്ധം സംഭവിച്ചു…. പക്ഷെ…… എന്റെ അവസ്ഥ കണ്ടു അച്ഛനും അമ്മയും തകർന്നുപോയത് നേരിൽ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു ഗായു…. ഞാൻ ആരെയും വിഷമിപ്പിക്കില്ല… അവനു നിന്നെയാണ് ഇഷ്ടം എങ്കിൽ ഒന്നിക്കേണ്ടവർ നിങ്ങൾ തന്നെയാണ്…. നിമ്മി പറഞ്ഞു നിർത്തി…

ഞാനാകെ തരിച്ചിരുന്നു പോയി… നിമ്മി… എനിക്ക് വേണ്ടി ഒഴിഞ്ഞു തരാൻ നോക്കിയെന്നോ…. മൂന്നു വർഷമായി മനസ്സിൽ കൊണ്ട് നടക്കുന്ന ആളെ ഈ എനിക്ക് വേണ്ടി…. അതിനും മാത്രം എന്തുണ്ട് എനിക്ക്… കുറച്ചു നാൾ…. അത്രയും മാത്രം ആര്യനെ മനസ്സിൽ കൊണ്ട് നടന്നു എന്നോ…. അങ്ങനെ ആണെങ്കിൽ തന്നെ എന്നേക്കാൾ കൂടുതലായി ആര്യനെ സ്നേഹിച്ചത് നിമ്മിയല്ലേ… അവൾക്കാണ് ആര്യനെ സ്നേഹം ലഭിക്കാനുള്ള അർഹത.. എനിക്കില്ല…. അല്ലെങ്കിലും നേർച്ച കോഴിയെ പോലെ ഉള്ള എനിക്ക് ആര്യനെ ആഗ്രഹിക്കാനുള്ള അർഹതയില്ല… എന്റെ നിമ്മിക്ക് വേണ്ടി, എന്റെ ആദ്യ പ്രണയം ആര്യന് വേണ്ടി…… ആര്യന് നിമ്മിയെക്കാൾ നല്ലൊരാളെ കിട്ടില്ല…

അയ്യേ….. നിമ്മസേ…. നീ ഇത്രയേ ഉള്ളൂ. എനിക്ക് മനസ്സിൽ ഒരു ഇഷ്ടം തോന്നി. അത് ഈ പ്രായത്തിന്റെ ആണ്…. അല്ലാതെ നീ കരുതും പോലെ ദിവ്യപ്രണയം ഒന്നും അല്ലാട്ടോ… എന്റെ നിമ്മൂസിന്റെ ജീവനാണ് അവൻ… അത് ഞാൻ ഇല്ലാതാക്കുമോ… എന്നാലും നിനക്ക് എന്നോട് ഒരു വാക്കു പറയാമായിരുന്നു..

മുഖത്ത് ചിരി വരുത്തി ഞാൻ അവളോട് പറഞ്ഞു.. തകർന്നുപോയ എന്റെ മനസ്സ് മുഖത്ത് തെളിയാതിരിക്കാൻ ഞാൻ ഏറെ പാടുപെട്ടു… അവളെ എന്നോട് ചേർത്ത് പിടിച്ചു… അല്ലെങ്കിലും അച്ഛനും മാമിയും പണ്ടേ എന്റെ കാര്യം തീരുമാനിച്ചതല്ലേ നിമ്മീ…. എത്രയൊക്കെ ഞാൻ വിസമ്മതിച്ചാലും അതെ നടക്കൂ… അതിനിടക്ക് ഇതൊരു നേരം പോക്ക് ആവട്ടെ അല്ലെ… നിമ്മിയുടെ തോളിലേക്ക് മുഖം ചേർത്ത് നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും ഞാൻ മറച്ചു….

എന്നാലും ഗായൂ… ആര്യൻ…. അവനോടെന്തു പറയും…. നിമ്മി വീണ്ടും ടെൻഷൻ ആയി….

നീ വിഷമിക്കണ്ട… ഞാൻ അവനോട് സംസാരിക്കാം….നീ ഇപ്പൊ വാ ക്ലാസ്സിലേക്ക് പോവാം… അവളോട് കൂടുതൽ സംസാരിച്ചാൽ എന്റെ മനസ്സ് പുറത്തുവരുമെന്ന് ഭയന്ന് ഞാൻ പറഞ്ഞു…

തിരികെ വീട്ടിൽ എത്തിയപ്പോൾ അറിഞ്ഞു… ഹരിയേട്ടൻ നാളെ വീട്ടിൽ എത്തുമെന്ന്… മുറിയിൽ കയറി വാതിൽ ചേർത്തടച്ചു…. പൊട്ടിക്കരഞ്ഞുകൊണ്ട്‌ താഴേക്ക് ഞാൻ ഊർന്നിരുന്നു.. എല്ലാം നഷ്ടമായവളെ പോലെ ഞാൻ ആർത്തലച്ചു കരഞ്ഞു…. എനിക്ക് കൂട്ടായി പുറത്ത് മഴയും അലറി കരയുന്നുണ്ടായിരുന്നു… കരച്ചിൽ ഒടുങ്ങി എപ്പോഴോ മയങ്ങുമ്പോൾ നാളെ കാലം എനിക്ക് എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *