കാലം കാത്തുവച്ചത് ~ ഭാഗം 06, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

നേരം ഏറെയായിട്ടും ഗായത്രിയേ താഴേക്ക് കാണാതായപ്പോൾ അമ്മ മുകളിലേക്കു വന്നു വാതിലിൽ മുട്ടിവിളിച്ചു….

കുഞ്ഞീ…. നേരം എത്രയായെന്നാ….എണീക്കണില്ലേ…. അച്ഛൻ അറിയണ്ടാ… വേഗം എണീക്ക്… വാതിലിൽ തുടരെ തുടരെ മുട്ട് കേട്ടപ്പോൾ ഞാൻ പതിയെ തല ഉയർത്തി…. ഇന്നലെ വെറും നിലത്തു തന്നെയാണ് കിടന്നതെന്ന് എഴുന്നേറ്റപ്പോഴാണ് മനസ്സിലായത്. ശരീരമാസകലം വേദനയാണ്… തണുപ്പ് കേറിയിട്ടാവണം.. എണീക്കാൻ വയ്യ… ഒരു വിധത്തിൽ ചുമരിൽ പിടിച്ചു എഴുന്നേറ്റു വാതിൽ തുറന്നു..

കെട്ടഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയും വരണ്ട ചുണ്ടുകളും വീർത്ത കൺ തടങ്ങളും കണ്ടു അമ്മയുടെ മുഖത്ത് ദൈന്യത നിറഞ്ഞു.. പറയാതെ തന്നെ അമ്മക്ക് പലതും അറിയാമല്ലോ.. കണ്ണ് നിറച്ചു അരികിൽ വന്നു അമ്മ മുടിയിൽ തലോടി…. ആരോട് പറയും കുഞ്ഞീ…. അമ്മക്കറിയില്ല….ഈ വീടിനപ്പുറം ഒരു ലോകം അമ്മക്കില്ല..അച്ഛമ്മക്കു കുഞ്ഞിയെ ഇഷ്ടം ആണ്.. എങ്കിലും അച്ഛമ്മയും ആഗ്രഹിക്കുന്നത് നീയും ഹരിയും ആയുള്ള വിവാഹം തന്നെയാണ്.. അമ്മക്ക് ഒന്നും ചെയ്യാനാവില്ല മോളെ… എല്ലാം സഹിച്ചേ മതിയാവൂ…

അതെ എല്ലാം സഹിച്ചേ മതിയാവൂ… എന്നും അതാണല്ലോ ശീലം…. എല്ലാം ക്ഷമിച്ചും വിട്ടുകൊടുത്തും ഒന്നുമല്ലാതാവുന്നതാണ് ശീലം..

ആദ്യമായി ഒരാളോട് ഇഷ്ടം തോന്നി…. അയാൾക്ക് തിരിച്ചും… എന്നിട്ടോ, ഒരു നാളത്തെ ആയുസ്സിനപ്പുറം അതിജീവിക്കാനായോ… ഇല്ലല്ലോ… എനിക്കുള്ള വിധി അത് മുൻപിനാലെ തീരുമാനിച്ചു കഴിഞ്ഞതാണ്… ആ ദുഷ്ടന്റെ കയ്യിൽ കിടന്നു തീരാനാവും എന്റെ വിധി..

വേച്ചു വേച്ചു കട്ടിലിലേക്ക് ഞാൻ പോവുന്നത് കണ്ടു അമ്മ ധൃതിയിൽ അകത്തേക്ക് കയറിവന്നു.. കുഞ്ഞീ എന്തെ നിനക്ക് തീരെ വയ്യേ….??? പരിഭ്രാന്തി നിഴലിച്ചിരുന്നു വാക്കുകളിൽ…

ഹ്മ്മ്…. ഞാൻ ഒന്ന് മൂളികൊണ്ടു കിടക്കയിലേക്ക് ചുരുണ്ടു.. അമ്മയുടെ തണുത്ത കൈ നെറ്റിൽ തൊട്ടപ്പോൾ എന്തൊരു ആശ്വാസം…

അയ്യോ മോളെ പൊള്ളുന്ന ചൂടാണല്ലോ… ഞാൻ പോയി കാപ്പിയും മരുന്നും കൊണ്ടുവരാം… അമ്മ വേഗത്തിൽ ഇറങ്ങിപോയി..

അമ്മ കൊണ്ടുവന്ന ചുക്കുകാപ്പിയും മരുന്നും കഴിച്ചു വീണ്ടും കിടന്നു…ഇടക്കെപ്പോഴോ അമ്മ തുണി നനച്ചു നെറ്റിയിൽ ഇടുന്നത് അറിഞ്ഞു..

ഒന്നു മയങ്ങി എഴുന്നേറ്റപ്പോൾ തലയ്ക്കു നല്ല ഭാരം തോന്നി. പതിയെ കൈ രണ്ടും കുത്തി കട്ടിലിന്റെ തലക്കലേക്ക് ചാരിയിരുന്നു കണ്ണുകൾ വലിച്ചു തുറന്നു.

താഴെ നിന്നും ഉച്ചത്തിൽ അച്ഛന്റെ ശബ്ദം കേട്ടു.. അമ്മയെ വഴക്ക് പറയുന്നതാവണം.. എനിക്ക് വേണ്ടി എത്രയോ വഴക്ക് കേൾക്കുന്നുണ്ട്…. പലപ്പോഴും അച്ഛൻ മർദ്ധിക്കാറുമുണ്ട് അമ്മയെ..എന്റെ കാര്യത്തിൽ മാത്രമാണ് അമ്മ അച്ഛനോട് എതിർത്തു സംസാരിച്ചിട്ടുള്ളത്… അപ്പോഴെല്ലാം അമ്മയുടെ അമർത്തിപിടിച്ചുള്ള കരച്ചിലും വീടിനുള്ളിൽ അലയടിക്കാറുണ്ട്.. അനിയന് സർവ്വ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുകയും എന്നെ പലപ്പോഴും കൂട്ടിലിട്ടത് പോലെ എന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയായും അച്ഛൻ നിൽക്കുന്നത് കണ്ടു പലപ്പോഴും അമ്മയോട് ചോദിച്ചിട്ടുണ്ട്… ഞാൻ അച്ഛന്റെ മകൾ അല്ലെ എന്ന്…ഒരു കരച്ചിൽ മാത്രമാണ് എനിക്ക് മറുപടിയായി കിട്ടിയിരുന്നത്…

അച്ഛന്റെ ഏക സഹോദരിയുടെ മകനാണ് ഹരിയേട്ടൻ… അച്ഛൻ ഏറ്റവും വിലകല്പിക്കുന്ന സഹോദരിയുടെ മകൻ.. ഹരിയേട്ടന്റെ അച്ഛൻ പണ്ടെങ്ങോ മരിച്ചുപോയി… മാമിയുടെ സാമർഥ്യം കൊണ്ടാണ് അവർ ജീവിച്ചു പോന്നതെന്നും, ഹരിയേട്ടനെ വളർത്തിയതെന്നും അച്ഛനും അച്ഛമ്മയും എപ്പോഴും പറയും…. എനിക്ക് പക്ഷെ ചെറുപ്പത്തിൽ തൊട്ടേ ഹരിയേട്ടനെ ഭയമാണ്.. കാണുമ്പോൾ എല്ലാം ഭയ്യപ്പെടുത്തിയും വേദനിപ്പിച്ചും സന്തോഷം കണ്ടെത്തുന്ന ദുഷ്ടൻ ആണെന്റെ മനസ്സിൽ.. സ്കൂളിൽ പഠിക്കുമ്പോൾ ഏതെങ്കിലും ആൺകുട്ടികൾ എന്നോട് മിണ്ടിയാൽ അന്നൊക്കെ എന്നോട് മോശമായി പെരുമാറും.. ഭയന്ന് ഞാൻ പെൺകുട്ടികളോട് മാത്രമേ സംസാരിച്ചിരുന്നുള്ളൂ… വലുതാവും തോറും വഷളായ സ്വഭാവം എന്നെ വെറുതെ വിട്ടില്ല… കള്ളും കുടിച്ചു പലയിടങ്ങളിൽ തല്ലുണ്ടാക്കി സ്ഥിരം പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങാൻ തുടങ്ങി..

കവലയിൽ ആളുകളെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടു ഭയന്ന് അയാളെ കണ്ടാൽപോലും എനിക്ക് ദേഹമാകെ വിറക്കാറുണ്ട്… ഇപ്പോഴും ഓർക്കുമ്പോൾ തന്നെ ഭയമാണ്..

പത്താം ക്ലാസ്സ്‌ കഴിഞ്ഞു തുടർന്ന് പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ കേട്ടു വന്ന അച്ഛൻ പതിനെട്ടു വയസ്സായാൽ ഹരിയെ പിടിച്ചേൽപ്പിക്കും. അതുവരെ അവന്റെ ഇഷ്ടം എന്താണോ അതനുസരിച്ചാവാം… അവനു താല്പര്യം ഉണ്ടെങ്കിൽ മാത്രം തുടർപഠനം…. എന്ന് തറപ്പിച്ചു പറഞ്ഞു… അച്ഛന്റെ നിർദ്ദേശപ്രകാരം അനുവാദം വാങ്ങാൻ അയാളുടെ മുറിയിലേക്ക് പോയപ്പോൾ ക ള്ളും കു ടിച്ചു കണ്ണ് ചുമപ്പിച്ചു നിൽക്കുന്ന അയാളെ കണ്ടു.. എന്നേക്കാൾ പന്ത്രണ്ട് വയസ്സിനു മൂത്തയാളാണ്.. ആറടി പൊക്കവും ഒത്ത വണ്ണവും… അയാൾക്ക് മുന്നിൽ ഞാൻ വിറച്ചു നിന്നു… ” ഹ്മ്മ് എന്താ ” കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു..എനിക്ക് പഠിക്കാൻ പോവണം ഞാൻ നേർത്ത ശബ്ദത്തിൽ പറഞ്ഞു…

എന്തിനാ നീയിനി പഠിക്കുന്നത്… എന്റെ ഭാര്യയാവാൻ കഷ്ടപ്പെട്ട് പഠിക്കൊന്നും വേണ്ടാ…..

ഇല്ല… എനിക്ക് പഠിക്കണം.. എങ്ങുനിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു…

എന്നിട്ട്… പഠിച്ചിട്ട്…. ബാക്കി പറയ്… എന്റെ മുഖത്തേക്ക് നോക്ക് ഗായത്രീ…. പഠിച്ചിട്ട് എന്തിനാണ്… എന്റെ ഭാര്യയെ ജോലിക്ക് വിടാൻ എനിക്ക് താല്പര്യമില്ല.. പിന്നെ കോളേജിലൊക്കെ പോയി വല്ലവന്മാരുമായി ഇഷ്ടത്തിലായാൽ എന്റെ കയ്യിനു പണിയാകും… അതുകൊണ്ട് മോള് ഇനി പഠിക്കണ്ട… പതിനെട്ടു തികഞ്ഞാൽ അന്ന് വിവാഹം…. ശ്രീഹരിയും ഗായത്രിയും തമ്മിൽ…

ഇല്ല… എനിക്ക് ഇഷ്ടമല്ല… എനിക്കിഷ്ടമല്ല… ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു…

കട്ടിലിൽ നിന്നും പാഞ്ഞുവന്നു എന്നെ ചുമരോട് ചേർത്ത് നിർത്തി..

കഴുത്തിലേക്ക് മുഖം താഴ്ത്തി അമർത്തി കടിച്ചു… വേദന കൊണ്ട് ഞാൻ പുളഞ്ഞുപോയി…

ഹരിയേട്ടാ വിട്…. വേദനിക്കുന്നു…. വായിൽ നിന്നും വാക്കുകൾ ഉതിർന്നുവന്നു..

പിന്നെയും ഒരു നിമിഷം കഴിഞ്ഞു എന്നെ വശത്തേക്ക് തള്ളി മാറ്റി പുറത്തേക്ക് ഇറങ്ങിപോയത്…

ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീട്ടിലേക്ക് ഇറങ്ങിയോടി.. മുറിയിൽ കയറി കണ്ണീർ നിലയ്ക്കുവോളം കരഞ്ഞു തീർത്തു.. കണ്ണാടിക്കു മുമ്പിൽ നിന്ന് നോക്കിയപ്പോൾ പുറം കഴുത്തിൽ ചുവന്നു കിടക്കുന്നുണ്ട് പല്ലിന്റെ അടയാളം.. തൊട്ടു നോക്കിയപ്പോൾ വേദന കൊണ്ട് വീണ്ടും വിങ്ങി…

ആരുടെയൊക്കെയോ ഇഷ്ടം അനുസരിച്ചു… ഒരു ആഗ്രഹങ്ങളും മനസ്സിൽ വെക്കാതെ, എന്തിനാണ് ഇങ്ങനെ ഒരു ജന്മം നൽകിയത്.. എന്താണ് ചെയ്യേണ്ടതെന്ന് അന്നത്തെ ആ പതിനഞ്ചുകാരിക്ക് അറിയില്ലായിരുന്നു… അയാളുടെ മുന്നിൽ ചെന്നുപെടാത്ത വിധം ഒഴിഞ്ഞുമാറി നടന്നു.. ഒടുവിൽ എപ്പോഴോ അച്ഛൻ അമ്മയോട് പറഞ്ഞു എന്റെ അഡ്മിഷൻ ഒക്കെ ശരിയാക്കിയിട്ടുണ്ടെന്ന്… അപ്പോഴാണ് മനസ്സിലേക്ക് വീണ്ടും സന്തോഷം നിറഞ്ഞത്..

അപ്പോഴാണ് നാടിനെ നടുക്കിയ കൊ ലപാതകം നടന്നത്.. രാഷ്ട്രീയ കൊ ലപാതകം… നാട് മൊത്തം പോലീസ് അന്വേഷണം അഴിച്ചു വിട്ടു….അയാളെ ആ ദിവസങ്ങളിൽ ഒന്നും വീട്ടിലേക്ക് കാണാനില്ലായിരുന്നു… അച്ഛന്റെ അടിക്കടിയുള്ള പുറത്തേക്കുള്ള പോക്കും ഫോണിലൂടെയുള്ള സംസാരവും സംശയം നിറച്ചു.. അങ്ങനിരിക്കെ ഒരു മഴദിവസം മച്ചിൻ മുകളിൽ ശബ്ദം കേട്ട് ഞാൻ പോയി നോക്കിയപ്പോൾ അയാൾ അവിടെ പായിൽ കിടക്കുന്നു…. എന്നെ കണ്ടപ്പോൾ ചുണ്ടിനു മുകളിൽ വിരൽ ചേർത്ത് മറു കൈകൊണ്ട് ഇറങ്ങി പോവാൻ കാണിച്ചു… ഞാൻ താഴേക്ക് ഓടിയിറങ്ങി..

തൊട്ടടുത്ത ദിവസം സന്ധ്യാസമയത്ത് വീട്ടിലേക്ക് കയറി വന്ന പോലീസ് ഉദ്യോഗസ്ഥർ മച്ചിൻമുകളിൽ ഒളിച്ചിരുന്ന അയാളെ കൈവിലങ്ങിട്ടു കൊണ്ട്പോകുമ്പോൾ മനസ്സാകെ സന്തോഷമായിരുന്നു.. പക്ഷെ പോകും നേരം അയാൾ എന്നെ നോക്കിയ നോട്ടത്തിൽ ഞാൻ ദഹിച്ചുപോയി.. അയാൾ തിരികെ വന്നാൽ….. എനിക്ക് ആലോചിക്കാൻ പോലും ആയില്ല… അച്ഛൻ പണം വാരിയെറിയുന്നുണ്ടായിരുന്നു… അയാളെ രക്ഷിക്കാൻ… അതുകൊണ്ട് മാത്രം അയാളുടെ ശിക്ഷ മൂന്നു വർഷമായി കുറച്ചു…

അയാൾ തിരിച്ചു വരും എന്ന ഓർമ്മ പോലും എന്നെ തളർത്തിയിരുന്നു എങ്കിലും അയാളുടെ അഭാവത്തിൽ ഞാൻ സന്തോഷിച്ചു… പിന്നീട് പഠിത്തം മാത്ര മായിരുന്നു. പിന്നെ നിമ്മിയും… എന്റെ എല്ലാ കഥകളും അറിയുന്ന, എന്നെ മനസ്സിലാക്കിയ ഒരേ ഒരാൾ.. പക്ഷെ ഒടുവിൽ….

ഒടുവിൽ എന്താ…. ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവൾക്ക് നടക്കാൻ വീഥി നൽകിയാൽ അവൾ സ്വതന്ത്ര യാകുമോ….. അതായിരുന്നു എന്റെ അവസ്ഥയും… കുറച്ചു നാളത്തെ, നിമിഷ നേരത്തെ സന്തോഷം നൽകി ഒരായുസ്സ് മുഴുവൻ കരയാനുള്ള വക നൽകി എന്റെ ജീവിതത്തിലൂടെ കടന്നുപോയ നേരങ്ങളിൽ ഞാൻ മുഴുകി കിടന്നു… ആവുവോളം കിടക്കട്ടെ…..

സഹിക്കാനാവുന്നതിനും അപ്പുറമായാൽ പിന്നെയൊരു നിർവികാരത ഉണ്ടല്ലോ, ആ അവസ്ഥയിലേക്ക് ഞാനും യാത്ര ആരംഭിച്ചു.. വരും നാളുകൾ എന്താകുമെന്ന് ഓർക്കാതെ..

മനസ്സ് പോലെ ആർത്തു പെയ്യുന്ന മഴയിലേക്ക് നിർവികാരതയോടെ നോക്കി നിൽക്കവേ പുറകിൽ ആളനക്കം അറിഞ്ഞു.. തിരിഞ്ഞു നോക്കിയില്ല… അല്ല നോക്കാൻ ആവുന്നില്ല…. മനസ്സ് മുഴുവൻ ഭയം എന്ന ഒരൊറ്റ വികാരം മാത്രം…

ജനലഴിയിൽ പിടിച്ച എന്റെ കൈകൾക്ക് മുകളിലൂടെ കൈകൾ ചേർത്ത് പിടിച്ചു അയാൾ എന്റെ ചെവിയിൽ പറഞ്ഞു… തയ്യാറായിക്കോ….. ശ്രീഹരിയുടെ ഭാര്യയാവാൻ…

ശ്വാസം പോലും വിടാൻ ഭയന്ന് ഞാൻ നിൽക്കവേ അയാൾ മുറി വിട്ട് പുറത്തിറങ്ങിയത് ഞാൻ അറിഞ്ഞു…

അയാൾ എന്താണ് പറഞ്ഞത്… ശ്രീ ഹരിയുടെ ഭാര്യയാവാൻ തയ്യാറാവണം എന്നല്ലേ… അപ്പോ… അപ്പോൾ എല്ലാം തീരുമാനിച്ചോ… എന്റെ ഉള്ളിലേക്ക് ഒരു ആളലുണ്ടായി…. അകം മുഴുവൻ പൊള്ളിക്കുന്നൊരു ആളൽ… ഭയന്ന് ഞാൻ പുതപ്പിനടിയിൽ ഒളിച്ചിരിക്കവേ, ഭയം കടുത്ത ചൂടിൽ കുമിളകളായി എന്നിൽ പൊന്തിവന്നു… ദേഹമാസകലം.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *