കുഞ്ഞിനേയും കൊണ്ടു ആശുപത്രിയിൽ പോയതാ. നേരം ഒത്തിരി ആയി. കുഞ്ഞു ദാഹിച്ചു തളർന്നു ഇത്തിരി പാലുകൊടുക്കാൻ ഒന്ന് അകത്തു കേറ്റണം ഉമ്മാ………

cheating reloaded

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

(കഥ തികച്ചും സാങ്കല്പികം ആരുമായും കഥക്കോ എഴുത്തുകാരിക്കോ നേരിട്ടനുഭവം ഇല്ല )

ആരാപ്പോ രാവിലെ വിരുന്നുകാരാ ?

കുട്ടികൾ സ്കൂളിൽ പോയതേ ഉള്ളൂ പുരക്കകം പടക്കളം പോലെ കിടക്കുകയാണ്. ഓരോന്നായി ഒതുക്കികൊണ്ടിരുന്നപ്പോൾ ആണ് ബെല്ലടി കേട്ടത്. ഉമ്മച്ചി അടുക്കള വരാന്തയിലിരുന്നു മീൻ മുറിക്കുന്നു.

തട്ടത്തിന്റെ തലപെടുത്തു തലയിലേക്കിട്ടു കൈ ടൗവ്വലിൽ തുടച്ചു ഹാളിലെ ജനാലയിൽ കൂടി നോക്കിയപ്പോൾ പരിചയമില്ലാത്ത രണ്ടെണ്ണം.

ഒറ്റ നോട്ടത്തിൽ എന്തോ പന്തികേടുണ്ട് നാൽപതു വയസ് വരുന്ന ഒരു സ്ത്രീയും അവരുടെ കൂടെ ഇരുപത് വയസു പ്രായം തോന്നുന്ന ഒരു പെണ്ണും കയ്യിൽ ഒരു വയസു തോന്നുന്ന ഒരു പെൺകുഞ്ഞും.

എന്താണ് ? ഞാൻ ഒട്ടും മയമില്ലാതെ ചോദിച്ചു. തല മറച്ചിട്ടുണ്ട് രണ്ടാളും എങ്കിലും ഒരു മലയാളി ലുക്കില്ല. മൂക്കൂത്തിയും മേൽ കാതും വെള്ളി വളകൾ പെണ്ണിന്റെ കൈകളിലും ഉണ്ട്. കുഞ്ഞു വാടികരിഞ്ഞു മയങ്ങുന്നു.

മോളെ വാതിൽ തുറക്കു. പ്രായമുള്ള സ്ത്രീ അപേക്ഷിച്ചു.

കുഞ്ഞിനു പാലുകൊടുക്കാൻ ആണ്.

മറ്റേ പെണ്ണും യാചിക്കുന്നു.

സംസാരത്തിൽ തമിഴ് ചുവ ഉണ്ടൊ ?വാതിൽ തുറക്കാൻ തോന്നുന്നില്ല. പിന്നെയും എന്തൊക്കെയോ സംശയങ്ങൾ.

ശങ്കിച്ചു വേണോ വേണ്ടയോ എന്നാലോചിച്ചു നിൽകുമ്പോൾ മുറ്റത്തു ഉമ്മ പ്രത്യക്ഷ്യപെട്ടു.

ഉമ്മയെ കണ്ടതും അവർ ഉമ്മയോട് യാചിക്കാൻ തുടങ്ങി.

കുഞ്ഞിനേയും കൊണ്ടു ആശുപത്രിയിൽ പോയതാ. നേരം ഒത്തിരി ആയി. കുഞ്ഞു ദാഹിച്ചു തളർന്നു ഇത്തിരി പാലുകൊടുക്കാൻ ഒന്ന് അകത്തു കേറ്റണം ഉമ്മാ.

ഇത്രയും പറഞ്ഞപ്പോഴേക്കും കുഞ്ഞു നിർത്താതെ കരയാൻ തുടങ്ങി.

കൂടുതൽ ചോദിക്കാൻ ഉമ്മാക്ക് സമയം കിട്ടിയില്ല.

തൊണ്ട പൊട്ടുന്ന പോലുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ കുഞ്ഞിന്റെ തള്ള അതിനെ ഉപദ്രവിച്ചപോലെ ആണെനിക്ക് തോന്നിയത്.

അലറിക്കരയുന്ന കുഞ്ഞിനെ നോക്കി ഉമ്മാ കതകു തുറക്കാൻ ആംഗ്യം കാണിച്ചപ്പോൾ രണ്ടും തുറക്കേണ്ട താമസം ചാടി അകത്തു കേറി.

കേറിയതിനേക്കാൾ അമ്പരിപ്പിച്ചത് ഉമ്മയോട് അനുവാദം വാങ്ങി അവൾ അകത്തു പാലൂട്ടാൻ കേറിയപ്പോൾ ആണ്

കുഞ്ഞിന്റെ കരച്ചിൽ കാരണം മറുത്തൊന്നും പറയാനും പറ്റുന്നില്ല. ചെറിയ പെണ്ണായതു കൊണ്ടു എല്ലാവരുടെയും മുമ്പിൽ വെച്ചു പാലുകൊടുക്കില്ല അത്രേ.

അല്ലെങ്കിൽ തന്നെ ഞങ്ങൾ പെണ്ണുങ്ങൾ മാത്രം ഉള്ളപ്പോൾ അവളിത്ര മറ അന്യവീട്ടിൽ ആവശ്യപ്പെട്ടത് വീണ്ടും എന്നിൽ സംശയം ജനിപ്പിച്ചു.

ഉമ്മാ അതൊന്നും നോക്കുന്നില്ല ആ സ്ത്രീയോട് എവിടാണ് താമസിക്കുന്ന തെന്നൊക്കെ തിരക്കുന്നു. അവര് എങ്ങും തൊടാതെ മറുപടി കൊടുക്കുന്നു.

ഇതിനിടക്ക് കുഞ്ഞു ഉറങ്ങിയോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു ഇവര് റൂമിലേക്ക്‌ കേറിപോയി കതകടച്ചു. രണ്ടു അന്യ സ്ത്രീകൾ വീട്ടിൽ അതും മുറിക്കകത്തു. എനിക്കു ടെൻഷൻ ആവാൻ തുടങ്ങി. ഉമ്മാ ഒന്നും സംഭവിക്കാത്തപോലെ പത്രം വായിക്കാനും.

ഉമ്മാ ജനലിനു കുറ്റി ഇടാറില്ല ഞാൻ മെല്ലെ പുറത്തൂടെ ചെന്നു ഒച്ചയനക്കം ഉണ്ടാക്കാതെ ഉമ്മയുടെ ജനലിന്റെ പാളി തുറന്നു കർട്ടൻ മാറ്റിനോക്കി.

കുഞ്ഞു കട്ടിലിൽ കിടപ്പുണ്ട് മറ്റവളുമാരെ കാണുന്നില്ല എനിക്കെന്തോ വശപിശകു ഫീൽ ചെയ്തു.ജനാലയിൽ കൂടി അങ്ങേയറ്റം വരെ കാണാനും സാധിക്കുന്നില്ല. എത്തിവലിഞ്ഞു നോക്കുമ്പോൾ അലമാരിവെച്ചിരിക്കുന്നിടത്തു അവരുടെ ഡ്രെസ്സിന്റെ അറ്റം കണ്ടു.

എനിക്കു അപകടം മണത്തു ഉമ്മയോട് മിണ്ടരുതെന്നു ആംഗ്യം കാട്ടി വെളിയിൽ ഇറക്കി വീട് പൂട്ടി. ഫോൺ എടുത്തു അടുത്ത വീടുകളിലെ ചേച്ചിമാരോട് വരാൻ പറഞ്ഞു ഭാഗ്യത്തിന് രണ്ടുവീട്ടിൽ ചേട്ടന്മാരും ഉണ്ടാരുന്നു. എല്ലാരും വന്നു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ഞങ്ങൾ കാത്തിരുന്നു.

ഒന്നും സംഭവിക്കാത്തത് പോലെ തള്ളയും മകളും കുഞ്ഞും ഉമ്മയുടെ റൂമിൽ നിന്നിറങ്ങി. ഇത്രയും ആളുകളെ കണ്ടപ്പോൾ രണ്ടിന്റെയും മുഖത്തു പരിഭ്രമം. അകത്തു എന്തായിരുന്നു പരിപാടി എന്ന് ചോദ്യങ്ങൾ തുടങ്ങിയപ്പോൾ ഞങ്ങളെ തട്ടിമാറ്റി ഓടാൻ ശ്രമം തുടങ്ങി.ഉമ്മാ നോക്കുമ്പോൾ അലമാരയുടെ പൂട്ട് പൊളിച്ചിട്ടുണ്ട്. സ്വർണവും പണവും പോയിട്ടുണ്ട്. ഞങ്ങൾ പെണ്ണുങ്ങൾ വട്ടം പിടിച്ചു പരിശോധന തുടങ്ങവേ ചേട്ടന്മാർ വിളിച്ചിട്ട് പോലീസും എത്തി.

പിന്നെ വനിതാ പോലീസുകാർ പെരുമാറിയപ്പോൾ കട്ടതെല്ലാം തിരിച്ചു കിട്ടി. പോലീസ് അവരെ ജീപ്പിലേക്ക് കേറ്റുമ്പോഴും ആ കുഞ്ഞു നിർത്താതെ കരയുന്നുണ്ടായിരുന്നു.

പൊടിക്കുഞ്ഞിനെ വെച്ചു അതി ക്രമം കാണിക്കുന്ന ഇവരൊക്കെ സ്ത്രീകൾ ആകുന്നതു എങ്ങനെ ?ഇനി മേലിൽ പരിചയമില്ലാത്ത ഒരാളെയും വീടിനുള്ളിൽ കയറ്റില്ല എന്ന് ഉമ്മാ പ്രതിജ്ഞയെടുത്തതോടെ കാര്യങ്ങൾ ശുഭം…

N. B, സ്ത്രീകൾ ശ്രദ്ധിക്കുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *