അങ്ങനെ ഞാൻ നന്നായി…….
എഴുത്ത്:-ജെയ്നി ടിജു
പണ്ട്.പണ്ടെന്നു വച്ചാൽ ഞാൻ നഴ്സിങ്ങ് പഠിക്കുന്ന കാലം. എന്റെ ഭാഗ്യം കൊണ്ടോ കാരണവൻമാരുടെ സുകൃതം കൊണ്ടോ ഒരു ക്രിസ്ത്യൻ സ്ഥാപനത്തിലാണ് അഡ്മിഷൻ കിട്ടിയത്. കർത്താവിന്റെ മണവാട്ടിമാരുടെ കൂടെയുള്ള ജീവിതവും അവരുടെ ക്ലീൻ സർട്ടിഫിക്കറ്റ് കിട്ടുന്നതും അൽപം കടുപ്പമുള്ള കാര്യമാണ്.
എങ്കിലും ഉള്ള സ്വാതന്ത്യത്തിൽ വേദനിക്കുന്നവരെ ആശ്വസിപ്പിച്ചും കുറച്ചു ആശ്വാസമുള്ളവരെ വേദനിപ്പിച്ചും നടക്കുന്ന കാലം. അന്നെനിക്ക് മെഡിക്കൽ ഐ സി യു വിൽ ആയിരുന്നു പോസ്റ്റിങ്ങ്. ഒരു സിസ്റ്റർ ഫ്ലവർ ലിറ്റ് ആയിരുന്നു അവിടെ ഇൻ ചാർജ്. പേര് പുഷ്പലത എന്നാണെങ്കിലും സ്വഭാവം കൊണ്ട് അവർ അസ്സലൊരു മുള്ളുവേലി തന്നെയാണെന്നാണ് പൊതുവെ ഉള്ള ഒരു ഇത്.
ചില്ലറ ജോലികളൊക്കെ ചെയ്ത് തട്ടിമുട്ടി നടക്കുമ്പോഴാണ് കൃത്യം ഡോക്ടർ തോംസൺ ആൻറണിയും പിള്ളാരും റൗണ്ട്സിനെത്തുന്നത്. ഡോക്ടറാണെങ്കിൽ ഒരു സുന്ദരനും സുമുഖനും ആയ ഒരു പാവം മനുഷ്യൻ.ആകെ ഒരു കുഴപ്പമേ ഉള്ളു . സ്റ്റുഡന്റ് സിനെ കണ്ടാൽ പിടിച്ചു നിർത്തി ക്ലാസ്സെടുക്കും. അതിനിടയിൽ ചോദ്യങ്ങൾ ചറപറ വന്നുകൊണ്ടിരിക്കും.
പെട്ടല്ലോ ദൈവമേ എന്നോർത്ത് ഒരു വളിച്ച ചിരിയും ഫിറ്റ് ചെയ്ത് മിഴുങ്ങസ്യാ എന്നു നിൽക്കുമ്പോൾ തൊട്ടു പുറകിൽ നമ്മുടെ പുഷ്പം. ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ പുഷ്പത്തിന്റെ വക ഭയങ്കര ചോദ്യം ചെയ്യൽ. ഞാൻ പുള്ളിയെ വായനോക്കി നിന്നെന്നോ കണ്ണുകൊണ്ട് മഹാപാപം ചെയ്തെന്നോ ഒക്കെയാണ് കുറ്റം. ജാഡക്കാര് കുട്ടി ഡോക്ടർമാരുടെ മുമ്പിൽ വെച്ചെങ്ങാനും തോംസൺ ആൻറണി ചീiത്ത വിളിച്ചാൽ പിന്നെ തലയിൽ മുണ്ടിടാതെ പുറത്തു ഇറങ്ങാൻ പറ്റില്ല. അങ്ങനെ ഉള്ള സാഹചര്യത്തിൽ ” ഓ പുണ്യാളാ… പണി പാളിക്കല്ലെ ” എന്നതിൽ കവിഞ്ഞൊരു ഭാവവും എന്റെ മുഖത്ത് വരാൻ സാധ്യതയില്ല എന്നു പറഞ്ഞിട്ട് ആ സഹോദരിക്ക് മനസ്സിലാവുന്നുമില്ല. സഹികെട്ടപ്പോ നാവിൽ വന്ന വികടസരസ്വതി എടുത്തടിച്ചു.
“കൊള്ളാവുന്ന ആണുങ്ങളെ കണ്ടാൽ നോക്കും നോക്കാതിരിക്കാൻ ഞാൻ മOത്തിൽ ചേർന്നിട്ടൊന്നും ഇല്ലല്ലോ”. തീർന്നില്ലേ…..!. അപ്പോഴാണ് ഡോക്ടർ ടെ ഫോൺ കോൾ ‘ . രാമകൃഷ്ണന്റെ ലാബ് റിസൾട്ട് കിട്ടിയാൽ ആ സ്റ്റുഡന്റിന്റെ കയ്യിൽ ഒ.പി യിലേക്ക് ഒന്നു കൊടുത്തു വിട്ടേക്കാൻ. പുഷ്പത്തിന്റെ മുഖത്ത് കലാമണ്ഡലം രാമൻകുട്ടിയാശാനെ വെല്ലുന്ന ഭാവമാറ്റം കണ്ട ഞാൻ രംഗം പന്തിയല്ലെന്നു മനസ്സിലാക്കി പതുക്കെ സ്കൂട്ടായി.
അന്നു രാത്രി സ്റ്റഡി ടൈമിൽ എല്ലാവരും കൂടെ സ്റ്റഡി ഹാളിൽ ഇരി്ക്കുമ്പോൾ എന്നെ പ്രിൻസിപ്പാൾ വിളിക്കുന്നു എന്ന് അറിയിപ്പ് കിട്ടി. ചെന്നപ്പോൾ പ്രിൻസിയും പുഷ്പവും അടക്കം ഒരു ബറ്റാലിയൻ കന്യാസ്ത്രീകൾ ഉണ്ട്. അവരെന്നെ പിടിച്ചിരുത്തി ഉപദേശം തുടങ്ങി. പറഞ്ഞ് പറഞ്ഞ് അവസാനം പണ്ട് ഹവ്വാമ്മച്ചി ആപ്പിൾ തിന്നതിന്റെ കുറ്റം വരെ എന്റെ തലയിലാവുമോ എന്ന് ഡൗട്ടായി. ” അത് എന്റെ കുറ്റമല്ല, അന്നു ഞാൻ ജനിച്ചിട്ടില്ല’ എന്നു പറയണം എന്നു തോന്നിയെങ്കിലും എന്നെ നല്ലനടപ്പിനു ശിക്ഷിച്ച് വല്ല ധ്യാനകേന്ദ്രത്തിലും കൊണ്ടു വിടുമോ എന്ന് പേടിച്ച് ഞാൻ റിസക്കെടുക്കാതെ സപോട്ടിൽ നന്നായി. എന്റെ അത്ര വേഗത്തിലുള്ള നന്നാകൽ കണ്ട് അവർ കണ്ണു തള്ളിയിരുന്നപ്പോഴും സ്റ്റഡി ടൈം തീർന്നതായി അറിയിക്കുന്ന ബെൽ മുഴങ്ങി. നാല് ഉപദേശം കേട്ടാലെന്താ സ്റ്റഡി ടൈം തീർന്നു കിട്ടിയല്ലോ എന്ന സന്തോഷത്തോടെ ഞാനും ഒരു പാപിനിയെ മാനസാന്തരപ്പെടുത്തിയ ചാരിതാർത്ഥ്യത്തോടെ ഉപദേശക്കമ്മറ്റിയും സ്വന്തം റൂമുകളിലേക്ക് നടന്നു.
(NB: സിസ്റ്റർ ഫ്ലവർ ലിറ്റ് ഈ ഗ്രൂപ്പിൽ മെംബർ ആകാൻ സാധ്യതയില്ലന്ന വിശ്വാസത്തോടെ പോസ്റ്റുന്നു)