Story written by Sarath Krishna
ചടങ്ങിനു വേണ്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി കേൾക്കാനായി അനന്തുവിന്റെ മുത്തശ്ശി ചോദിച്ചു.
പ്രസവികാത്ത പെണ്ണുങ്ങൾ ഇങ്ങനത്തെ ചടങ്ങിന് ഒന്നും പങ്കെടുക്കരുതെന്ന് അറിഞ്ഞുടെ ദേവയാനിക് …??
ചടങ്ങിന്റെ സമയത്ത് മ ച്ചിയായ ഒരു പെണുണ്ടായാൽ പ്രസവം തന്നെ നടന്നുവെന്ന് വരില്ല… ഞങ്ങൾക്ക് ഞങ്ങളുടെ മകന്റെ കുട്ടിയാ വലുത് ദേവയാനി പറ്റിയാൽ കുറച്ച് നേരത്തേക്കു അവിടെ നിന്ന് ഒന്ന് മാറി നിന്നോള്ളൂ…
ചടങ്ങിനായി എത്തിയ എല്ലാവർക്കും മുന്നിൽ വെച്ച് അത് കേട്ടപ്പോ മറിച്ചൊന്നും പറയാനാവാതെ ദേവയാനി തിടുക്കത്തിൽ നിറഞ്ഞ നിറഞ്ഞകണ്ണുകളുമായി മുറിയിൽ കയറി വാതിലടച്ചു…..
മാളുവിനെ പ്രസവത്തിനായി കൊണ്ട് പോകുന്ന ദിവസമാണ് ഇന്ന് .. ഈ നാടിനെക്കാളും ഏറെ സൗകര്യം അവരുടെ അവിടെ ആയത് കൊണ്ട് പ്രസവം അവിടെ മതിയെന്ന് അനന്തുവിന്റെ വീട്ടുക്കാർ നിർബന്ധിച്ചു പറഞ്ഞപ്പോൾ … മാളുവിന്റെ അച്ഛനും അത് സമ്മതിക്കുകയായിരുന്നു…
ഒരു ഇരുപത് വർഷങ്ങൾ മുൻപ് വേണുവേട്ടൻ എന്നെ പെണ്ണ് കാണാനായി വരുമ്പോൾ .. വേണുവേട്ടന്റെ അരികിൽ നിന്ന് മാറാതെ നിൽക്കുന്ന ഒരു മൂന്ന് വയസുകാരിയെ ഞാൻ ശ്രദ്ധിച്ചിരുന്നു… ആരും കാണാതെ അവളെ ഞാൻ എന്റെ അടുത്തേക്ക് വിളിച്ചു.. മടിച് മടിച് അവൾ അടുത്തേക്ക് വരുമ്പോ.. നാണം കൊണ്ട് അവളുടെ കുഞ്ഞു കവിളുകൾ തുടുത്തിരുന്നു.. ആ കവിളുകളിലെ നുണകുഴി തലോടി കൊണ്ട് ഞാൻ അവളോട് പേര് ചോദിക്കാനായി തുടങ്ങുമ്പോഴേക്കും എനിക്ക് അടുത്ത് നിന്നിരുന്ന എന്റെ അമ്മ അവളെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു..
ഇത് വേണുവിന്റെ ചേട്ടന്റെ മകളാണ് മോളെ .. .!!
അമ്മ ഇല്ലാത്ത കുട്ടിയത്രേ… കണ്ടില്ലേ കുട്ടിയുടെ മുടി നേരെയൊന്ന് ചീവുക പോലും ചെയ്യാതെ കെട്ടി കൊടുത്തേക്കുന്നത് … എത്രയൊക്കെ ആയാലും പെൺകുട്ടികൾക്ക് അമ്മയുടെ സ്ഥാനത്ത് അമ്മ തന്നെ വേണമെന്ന് പണ്ടുള്ളവർ പറയാറുള്ളത് എത്ര സത്യമാ…
അവളുടെ വിധിയെ പഴിച്ചു കൊണ്ട് എന്റെ അമ്മ പറഞ്ഞ ആ ദയനീയമായ വാക്കുകളൊന്നും തിരിച്ചറിവിന്റെ കാലമെത്തിയിട്ടില്ലാത്ത അവളുടെ കുഞ്ഞു മുഖത്തെ ആ നിഷ്കളങ്കമായ പുഞ്ചിരിയെ മായ്‌ച്ചിരുന്നില്ല..
സഹതാപത്തിന്റെ കണ്ണുകളോടെ ഞാൻ അവളോട് താഴ്ന്ന സ്വരത്തിൽ ചോദിച്ചു …
എന്താ മോളുന്റെ പേര്….
മാളു…
ആ പേര് ഒരു വിധത്തിൽ എന്നോട് അവൾ പറഞ്ഞൊപ്പിച്ചു .. ഞാൻ കൈ കൊണ്ട് കോതി ഒതുക്കി അവളുടെ മുടി അഴിച്ചു കെട്ടി കൊടുത്തപ്പോ പകരമായി എന്റെ കവിളത്ത് ഒരു ഉമ്മ തന്നു കൊണ്ട് അവൾ വേണുവേട്ടന്റെ അരികിലേക്ക് ഓടി….
വേണുവേട്ടൻ അവളെ എടുത്ത് മടിയിൽ വെക്കുന്നതിന്റെ ഇടയിൽ എന്നെ നോക്കി പതിയെയൊന്നു പുഞ്ചിരിച്ചു… ആ പുഞ്ചിരിയുടെ സമ്മതത്തിലായിരുന്നു ഞാൻ വേണുവേട്ടന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത്…
ആദ്യത്തെ രാത്രി തന്നെ വേണുവേട്ടൻ എന്നിൽ നിന്ന് വാങ്ങിയ വാക്കാണ് നാളെ നമുക്ക് ഒരു കുഞ്ഞുണ്ടായാലും മാളുവിന് കൂടി നീ ഒരു അമ്മയാവണം എന്നുള്ളത്… നിറഞ്ഞ മനസോടെ ഞാൻ അത് സമ്മതിച്ചപ്പോഴും പിന്നീടുള്ള ജീവിതത്തിൽ അവൾക്കൊരു അമ്മയാകേണ്ടി വന്നപ്പോഴും… ഒരിക്കൽ പോലും മാളുനെ കൊണ്ട് ഞാൻ എന്നെ അമ്മ എന്ന് വിളിപ്പിച്ചിട്ടില്ല …
ഒരു പക്ഷേ അവൾ എന്നെ അങ്ങനെ വിളിച്ചു തുടങ്ങിയാൽ .. ഒരിക്കൽ അവൾക്ക് ജീവൻ പകർത്തു നൽകി അവളെ ഒന്ന് തലോലിക്കാനുള്ള ഭാഗ്യം പോലും കിട്ടാതെ എന്നേക്കുമായി ഈ ലോകത്തോട് വിട പറയേണ്ടി വന്ന അവളുടെ അമ്മ അവൾക്ക് ആരുമല്ലാതായി മാറുമെന്ന് എനിക്ക് തോന്നി…
എനിക്കും വേണുവേട്ടനും സ്വന്തമായി ഒരു കുഞ്ഞ് എന്നാ മോഹം വൈകുമ്പോഴും പ്രാർത്ഥനയും വഴിപാടുകളുമായി എന്നെക്കാൾ തിടുക്കം വേണുവേട്ടനായിരുന്നു.. ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണുവേട്ടന് കഴിയില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയപ്പോ ആ തീരാ ദുഃഖത്തിൽ ഞങ്ങൾ ആശ്വസിച്ചത് ഈ വീടിന് മകളായി മാളു ഉണ്ടല്ലോ എന്നോർത്താണ്… പകലുകളിലെ അവളുടെ കുസൃതികൾക്കും കൊഞ്ചലിനും വിരാമമിടുന്ന ഓരോ രാത്രികളിലും അവളെ ഞാൻ മാ റോടണച്ചു ഉറക്കുമ്പോഴും.. എന്റെ വയറ്റിൽ തുടിക്കാതെ പോയ ജീവനായി മാറുകയായിരുന്നു അവൾ…
എന്റെ വിരൽ തുമ്പിൽ ചേർന്ന് കൊണ്ട് അവൾ എനിക്ക് ഒപ്പം എന്റെ വീട്ടിൽ വരുമ്പോഴെല്ലാം
എന്റെ വീട് അവളുടെ അമ്മ വീടായി മാറുമായിരുന്നു.. .. എന്റെ അച്ഛനും അമ്മയും അവൾക്ക് മുത്തശ്ശനും മുത്തശ്ശിയുമായി..എന്റെ കുഞ്ഞനിയൻ അവൾക്ക് മാമനായി.. എന്റെ അച്ഛൻ ഇവിടെ വരുമ്പോ കൊണ്ട് വരാറുള്ള പലഹാര പൊതികൾ അവളുടെ ഇഷ്ടത്തിന് വേണ്ടി മാത്രമുള്ളതായി…
ഓണമായാലും വിഷു ആയാലും കാവിലെ ഉത്സവമായാലും ഈ വീടിന്റെയും ഞങ്ങളുടെയും എല്ലാ ആഘോഷങ്ങളും സന്തോഷങ്ങളും എന്റെ മാളുവിന് വേണ്ടി മാത്രമായിരുന്നു..
എപ്പോഴും എനിക്ക് അവളോടുള്ള സ്നേഹവും കരുതലും കാണുമ്പോ മാളുവിന്റെ അച്ഛൻ വീടിനകത്തെ അവളുടെ അമ്മയുടെ ഫോട്ടോക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്… അവളുടെ ചില കുറുമ്പിനായി ഞാൻ അവളെ ശാസിക്കുമ്പോഴും.. ഇടക്കിടക്കൊക്കെ എനിക്ക് ഈർക്കിലി എടുക്കേണ്ടി വരുമ്പോഴും അർഹതയില്ലാത്തതാണ് ഞാൻ ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു നോട്ടം പോലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എനിക്ക് ഉണ്ടായിട്ടില്ല….
പണ്ടൊരിക്കൽ ഒരത്യാവശ്യത്തിനായി എനിക്ക് രണ്ട് ദിവസം വീട്ടിലേക്ക് പോകേണ്ടി വന്നപ്പോ ഞാൻ തിരിച്ചു മടങ്ങും മുൻപേ എന്നെ അന്വേഷിച്ചു പരിഭ്രാന്തിയോടെ വേണുവേട്ടൻ എന്റെ വീട്ടിൽ എത്തിയിരുന്നു..
ഇന്നലെ മാളു സ്കൂൾ വിട്ട് വന്നതിന് ശേഷം ആരോടും മിണ്ടാതെ കതകടച്ചു മുറിയിൽ ഇരിപ്പാണെന്ന് എന്നോട് വേണുവേട്ടൻ ഇടറുന്ന സ്വരത്തോടെയാണ് പറഞ്ഞു നിർത്തിയത്..
സ്വതവേ പിടിവാശികളും പരിഭവങ്ങളും ഇല്ലാത്തെ കുട്ടിയാണവൾ. വേണുവേട്ടനും ചേട്ടനും നിശബ്ദതയുടെ കാരണം അവളോട് മാറി മാറി പല വട്ടം ചോദിച്ചിട്ടും അവൾ കരയുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ലെന്ന് കൂടി കേട്ടപ്പോ… എന്റെ നെഞ്ചിടിപ്പിന്റെ ആഴം കൂടിയിരുന്നു..
ഉടുത്ത സാരിപോലും മാറാതെ ഓടി കിതച് അവൾക്ക് അരികിൽ എത്തുമ്പോൾ… കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് അവൾ എന്നെ ഒന്ന് നോക്കി… എന്നിട്ടവൾ എന്നെ വല്ലാതെ അങ്ങ് കെട്ടി പിടിച്ചു…
അവളുടെ അലസമായി കിടന്നിരുന്ന മുടിയിഴകൾ തഴുകി കൊണ്ട് ഞാൻ ചോദിച്ചു…
എന്താ എന്റെ മാളുവിന് പറ്റിയെ… ?
വാതിലിന് അരികിൽ കാര്യം എന്താണെന്ന് അറിയാനായി കാത്തു നിൽക്കുന്ന വേണുവേട്ടനെ നോക്കി കൊണ്ട് ഇടറുന്ന സ്വരത്തോടെ അവൾ എന്റെ കാതിൽ പറഞ്ഞു
ചെറിയച്ചനോട് അപ്പുറത്തേക്കു ഒന്ന് പോകാൻ പറയുമോ മേമ്മ..
വേണുവേട്ടനോട് ഒന്ന് അപ്പുറത്തേക്ക് മാറി നില്ക്കാൻ പറഞ്ഞ് ഞാൻ വാതിൽ അടച്ചു ..
ഞാൻ അവളെ വീണ്ടും നിർബന്ധിച്ചപ്പോൾ ആരോടും പറയില്ല എന്ന് എന്നെ കൊണ്ട് സത്യം ഇടിപ്പിച്ചു അവൾ പറഞ്ഞു തുടങ്ങി
കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് അരുതാത്തത് എന്തോ തന്നിൽ സംഭവിച്ചെന്നും എനിക്ക് എന്തോ വലിയ അസുഖം വരുന്നുണ്ടന്നും പറഞ്ഞു കൊണ്ട് അവൾ വിതുമ്പി കരയാൻ തുടങ്ങി .. പതിയെ നടന്ന കാര്യങ്ങളോടെ ഓരോന്നായി അവൾ എന്നോട് പറഞ്ഞു നിർത്തുമ്പോ … ഒന്നും മിണ്ടാൻ പോലും കഴിയാതെ അത്രയും സന്തോഷം കൊണ്ട് ഞാൻ അവളെ ചേർത്ത് നിർത്തി. എന്നിട്ട് നെറ്റിയിൽ ഒരുമ്മ വെച്ച് കൊണ്ട് ഞാൻ അവളോട് പറഞ്ഞു…
എന്റെ മാളുസേ..
നീ ഞങ്ങളെയൊക്കെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ കുട്ടി…
അതെ മോള് കണ്ട കാര്യങ്ങളൊക്കെ ഒരു പ്രായം എത്തുമ്പോ എല്ല പെണുങ്ങൾക്കും ഉണ്ടാകുന്നത് തന്നെയാ….
എന്റെ മാളൂസ് വലിയ പെണ്ണായി അതാ അങ്ങനെ ഒക്കെ ഉണ്ടായത് ..
ഞാൻ പറഞ്ഞത് മഴുവനായി മനസ്സിലാവാതെ ഇരുന്നിരുന്ന അവളുടെ അരികിൽ നിന്ന് ഞാൻ വാതിൽ തുറന്ന് വേണുവേട്ടന്റെ അടുത്തേക്ക് ഓടി… കിതപ്പിന്റെ ആക്കം കുറച്ചു കൊണ്ട് ഞാൻ വേണുവേട്ടനോട് പറഞ്ഞു…
ന്റെ വേണുവേട്ടാ….!!!!
പേടിക്കയല്ല സന്തോഷിക്കയാ വേണ്ടത്.വേണുവേട്ടൻ പോയി കുറച്ച് മധുര പലഹാരം വാങ്ങിച്ചിട്ടു വാ…
നോക്കുമ്പോ മാളുവിന്റെ മുഖത്ത് കണ്ട അതെ അന്താളിപ്പ് തന്നെയായിരുന്നു.. 40 കഴിഞ്ഞ വേണുവേട്ടന്റെ മുഖത്തും…
ഓ…… വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ് .. പാവം കണ്ട ലക്ഷണങ്ങൾ ഒക്കെ അസുഖമാണെന്നും വിചാരിച്ചു എന്റെ കുട്ടി കുറെ പേടിച്ചു…
ഞാൻ പറഞ്ഞു നിർത്തും മുൻപേ വേണുവേട്ടൻ അവളെ കാണാനായി അവൾ ഇരുന്നിരുന്ന മുറിയുടെ അടുത്തേക്ക് ഓടി… അന്ന് വരെ ഇല്ലാത്ത നാണത്തോടെ അവൾ വേണുവേട്ടനെ കണ്ട് എണീറ്റ് നിന്നപ്പോഴേക്കും.. അവിടേക്ക് മാളുവിന്റെ അച്ഛനും വന്നിരുന്നു…
ഒരു നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നെ ഒന്ന് നോക്കി…
തുടർന്ന് അടുത്ത ബന്ധുക്കളെ വിളിച്ച് സദ്യ ഒരുക്കിയതും മഞ്ഞൾ തൊടിച് അവളെ വീടിന്റെ ഒരു ഭാഗത്ത് ഇരുത്തിയതും ഞാൻ തന്നെയായിരുന്നു… എനിക്ക് എന്റെ അമ്മ തന്ന പാലക്ക മാലക്കൊപ്പം പണ്ടൊരിക്കൽ അവൾ എന്നോട് കെഞ്ചി കരഞ്ഞ മൂക്കുത്തി എന്നാ മോഹവും അവൾക്കായി ഞാൻ അന്ന് സാധിപ്പിച്ചു കൊടുത്തു …
വർഷങ്ങൾ പിന്നെയും പിന്നിട്ടു കൗ മാരവും കഴിഞ്ഞവൾ യൗ വനത്തിൽ എത്തിയ നിമിഷങ്ങളിൽ കൂടെ പഠിച്ചിരുന്ന അനന്തുവിനോട് മനസ്സിൽ തോന്നിയ പ്രണയം അവൾ പറഞ്ഞ് ഞാൻ അറിയുമ്പോഴേക്കും.. ആ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവാത്ത അത്രയും ആഴത്തിലേക്കു അവർ അടുത്ത് കഴിഞ്ഞിരുന്നു.. ആദ്യമൊക്കെ വേണുവേട്ടൻ അടക്കം എല്ലാവരും അതിനെ എതിർത്തു. ഈ വീടിന് ഒരു ചീ ത്ത പേരില്ലാതെ.. എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരെ എനിക്ക് തന്നെ ഒന്നിപ്പിക്കേണ്ടി വന്നു അല്ലെങ്കിൽ ഒരുപക്ഷേ എനിക്കെന്റെ മാളുവിനെ എന്നന്നേക്കുമായി നഷ്ടമായനെ …
ഇന്നും നിറം മങ്ങാത്ത ഓർമ്മകളുടെ ലോകത്ത് നിന്നും ദേവയാനി ഉണർണത്.. വാതിൽ മുട്ടിയുള്ള മാളുവിന്റെ വിളി കേട്ടുകൊണ്ടാണ്…
കണ്ണുകൾ തുടച്ചു ഞാൻ വാതിൽ തുറന്നു. കരഞ്ഞു തളർന്ന എന്റെ മുഖത്ത് നോക്കി കൊണ്ട് അവൾ ചോദിച്ചു…
എന്താ മേമ്മ ഇവിടെ നിൽകുന്നേ….
മറുപടി ഒന്നും പറയാൻ അറിയാത്ത ആ നിമിഷം അവൾക്കു മുന്നിൽ തലകുനിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…
എന്റെ മൗനം കണ്ട് അവൾ ബലമായി എന്റെ കൈയിൽ പിടിച്ചു കൊണ്ട് സദസ്സിലേക്ക് നടന്നു…
അവിടെ കൂടി നിന്ന എല്ലാവർക്കും മുന്നിൽ വെച്ച് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു…
ഈ ഒരു അമ്മയുടെ ശാ പം കൊണ്ട് എനിക്ക് ഒരു കുഞ്ഞിന്റെ അമ്മയാകാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരോടായി എനിക്ക് ഒന്നും പറയാനില്ല….
ഇന്നുവരെ എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും അപ്പുറം ഒരു നഷ്ടമായി ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നേ ഉള്ളു…
ഒരു ജന്മം കൊണ്ട് ഈ അമ്മയുടെ വയറ്റിൽ പിറക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടാതെ പോയല്ലോ എന്ന്…
അവളുടെ ഈ വാക്കുകൾക്കൊപ്പം നിശബ്ദമായി തീർന്ന സദസ്സിന് മുന്നിൽ വെച്ച് ഒരു തുണ്ട് വെറ്റില ചീന്തിൽ എനിക്ക് അവൾ ദക്ഷിണ നീട്ടി എന്റെ കാൽക്കൽ കുമ്പിട്ടപ്പോ സന്തോഷം കൊണ്ട് നിറഞ്ഞ എന്റെ കണ്ണുകൾ അവൾ പുഞ്ചിരിച്ചു കൊണ്ട് തുടച്ചു .. എന്നിട്ട് ഓരോരുത്തരോടായി യാത്ര പറഞ്ഞു കൊണ്ട് വീടിന്റെ പടികൾ ഇറങ്ങി….
മോഹിച്ച ഒരുകാലത്ത് ഒരു കുഞ്ഞിനെ നൽകാൻ മറന്നു പോയ ദൈവങ്ങളോട് ഒരു പരിഭവങ്ങളോ പരാതികളോ ഇല്ലാതെ ഇന്നൊരു മുത്തശ്ശിയാകാനുള്ള കാത്തിരിപ്പിലും പ്രാർത്ഥനയിലുമാണ് ദേവയാനി….