ചിരിയോടെ മകളോട് ചോദിച്ചു ഇത്ര പെട്ടന്ന് ഇവൻ മാറാൻ മാത്രം എന്ത് മന്ത്രമാണ് മോളെ ഇവന് നൽകിയത്………

മന്ത്രം

Story written by Raju PK

മകന്റെ വിവാഹം കഴിഞ്ഞ് നാലാം നാൾ അമ്പലത്തിൽ പോയി തിരികെ വീട്ടിൽ എത്തുമ്പോൾ അടുക്കളയിൽ മരുമകളെ സഹായിക്കുന്ന മകനെ കണ്ടതും ഒന്നുകൂടി അവനെ സൂക്ഷിച്ച് നോക്കി.

കഴിച്ച പാത്രം അടുക്കളയിലെ സിങ്കിലേക്ക് ഒന്നെടുത്തിടാൻ പോലും മനസ്സ് കാണിക്കാത്ത മകൻ വിവാഹം കഴിഞ്ഞ് നാലാം പക്കം പാത്രങ്ങൾ കഴുകി ഭാര്യയെ സഹായിക്കുന്നു ചിരിയോടെ മകളോട് ചോദിച്ചു

“ഇത്ര പെട്ടന്ന് ഇവന്റെ മാറാൻ മാത്രം എന്ത് മന്ത്രമാണ് മോളെ ഇവന് നൽകിയത്.”

എന്റെ ചോദ്യം കേട്ടതും കഴുകിക്കൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് വലിച്ചെറിഞ്ഞ് എന്നെ വല്ലാത്തൊരു നോട്ടവും നോക്കി മകൻ പുറത്തേക്ക് നടന്നു.

ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന മകളോട് ഞാൻ പറഞ്ഞു

“ഓരോന്ന് ഓർക്കുമ്പോൾ സത്യത്തിൽ നല്ല സങ്കടമുണ്ട് അമ്മക്ക്. അവൻ മോളെ സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ ഈശ്വരൻ എനിക്ക് രണ്ടാൺമക്കളെ തന്നപ്പോൾ ബന്ധുക്കൾ എല്ലാവരും പറഞ്ഞു ദേവുവിന്റെ ഭാഗ്യമാണെന്ന് രാവിലെ ഏഴ് മണിക്കെങ്കിലും ഇവിടെ നിന്നും പോയാലെ അച്ചുവേട്ടന് പത്ത് മണിക്ക് ജോലി സ്ഥലത്തെത്താൻ കഴിയൂ വയ്യാതിരിക്കുന്ന പല സമയത്തും ഓർത്തിട്ടുണ്ട് ആരെങ്കിലും ഒരു കൈ സഹായത്തിന് ഉണ്ടായിരുന്നെങ്കിൽ എന്ന്.

നിറഞ്ഞ കണ്ണുകൾ തുടച്ച് മകൻ വലിച്ചെറിഞ്ഞ പാത്രങ്ങൾ കഴുവാനായി തുടങ്ങുമ്പോൾ മകൾ ചേർത്ത് പിടിച്ച് പറഞ്ഞു

“അമ്മ കരയാതെ ഇനി എന്ത് കാര്യത്തിനും അമ്മക്ക് സഹായിയായി ഞാനില്ലേ പിന്നെ ഇടയ്ക്ക് നമുക്ക് പ്രദീപേട്ടനേയും കൂട്ടാം അമ്മയോട് കാണിക്കുന്ന കലിപ്പൊന്നും ഏട്ടൻ എന്നോട് കാണിക്കില്ല”

അതെങ്ങനെ എടുക്കും എന്ന് മനസ്സിൽ ഓർത്തു അമ്മയോട് എന്തും പറയാമല്ലോ…

“അമ്മ പോയി സാരിയെല്ലാം മാറ്റിയിട്ട് വരൂ ഞാനപ്പോഴേക്കും ചായ എടുത്ത് വയ്ക്കാം നമുക്കൊരുമിച്ച് കഴിക്കാം

സ്മിതയുടെ തലയിൽ ഒന്ന് തലോടി പതിയെ അകത്തേക്ക് നടന്നു.

ഒരു പാട് നാളുകൾക്ക് ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് പ്രാതൽ കഴിച്ചപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി ആദ്യം കഴിച്ചെഴുന്നേറ്റ മകൻ ചിരിച്ചു കൊണ്ട് എന്റെയും പാത്രമെടുത്ത് അടുക്കളയിലേക്ക് നടന്നപ്പോൾ അകമേ ചിരിച്ചു കൊണ്ട് മനസ്സിൽ ഓർത്തു അൺമക്കൾ അതുവരെ വീട്ടിൽ ചെയ്യാത്ത പല കാര്യങ്ങളും വിവാഹ ശേഷം ചെയ്യുന്നത് കാണുമ്പോൾ വെറുതെയല്ല അച്ഛനമ്മമാർ ഇവരെ അതുവരെ വിളിക്കാത്ത ഓമനപ്പേരുകൾ വിളിക്കുന്നത്..!

Related Posts

Leave a Reply

Your email address will not be published. Required fields are marked *