ചെയ്തുതീർക്കാൻ ഒന്നുമില്ലാത്ത അവർത്തനവിരസത നിറഞ്ഞ പ്രഭാതങ്ങളെ വീണ്ടും മടുപ്പിക്കാൻ ഈ കാഴ്ച്ച കൂടി. ഒരുദിവസം എങ്കിലും നീ ജാലകത്തിനപ്പുറം വരാതിരുന്നെങ്കിൽ എന്തേലും…….

കാത്തിരിപ്പ്

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ജനലിലെ കൊത്തുന്ന ശബ്ദത്തിനൊപ്പം അവളുടെ ചിലപ്പും കേട്ടു.

പതിവായി ഞാൻ കിടക്കുന്ന ഈ റൂമിന്റെ ജനാല ചില്ലിൽ പുലർച്ചെ എത്തുന്ന അവൾ എനിക്കു പ്രിയപെട്ടതെങ്കിലും പ്രണയം തേടിയുള്ള അവളുടെ ഓരോ വരവും തീരാത്ത വേദനകളിലേക്ക് എന്നെ കൊണ്ടുപോകുന്നു.

ചെയ്തുതീർക്കാൻ ഒന്നുമില്ലാത്ത അവർത്തനവിരസത നിറഞ്ഞ പ്രഭാതങ്ങളെ വീണ്ടും മടുപ്പിക്കാൻ ഈ കാഴ്ച്ച കൂടി. ഒരുദിവസം എങ്കിലും നീ ജാലകത്തിനപ്പുറം വരാതിരുന്നെങ്കിൽ എന്തേലും പുതിയ ഓർമ എന്നിൽ മുളപൊട്ടിയേനെ. നീയും എന്നെപോലെ പൊരുൾ അറിയാതെ കോമാളിയാവുന്നോ സഖി.

ഇണയെ തേടാതെ, ഉല്ലസിച്ചു പാറിപറക്കാതെ, മെയ്യും മനവും ഉരുകിച്ചേർന്നു പുതു തലമുറയെ വരവേൽക്കാതെ ആ മഞ്ഞ കിളി ജനല്പാളിയിലെ ചില്ലിൽ പതിയുന്ന അതിന്റെ പ്രതിബിംബത്തെ പ്രണയിക്കുന്നു.

കാണുന്നത് മിഥ്യ എന്നറിയാതെ ആ കിളിയുടെ സ്വന്തം പ്രതിബിംബം തേടിയുള്ള വരവ് തണുത്തുറഞ്ഞ പ്രഭാതങ്ങളിൽ മൂടിപുതച്ചുറങ്ങുന്ന എന്റെ ജീവിതത്തെ അസ്വസ്ഥമാക്കുന്നു. കാതുകൾ പൊത്തി കണ്ണടച്ചു ഞാൻ എന്നിലേക്ക്‌ ചുരുളുന്നു ചിലപ്പോൾ എങ്കിൽ മറ്റു ചിലപ്പോൾ ആട്ടിയോടിക്കാൻ ആവുന്നത് ശ്രമിക്കുന്നു.

എന്നിട്ടും ഒന്നിലും പിന്തിരിപ്പിക്കാൻ ആവാത്ത വണ്ണം അഗാധമായ പ്രണയത്തിലേക്ക് വീണ്ടും വീണ്ടും ആ കിളി മനോഹരമായ മഞ്ഞച്ചിറകുകളുമായി പറന്നിറങ്ങുന്നു. ഏറെനേരം ചുണ്ടുരുമ്മുന്നു, കിന്നാരം പറയുന്നു. യാത്രചൊല്ലി പറന്നു പിറ്റേന്ന് വീണ്ടുമെത്തുന്നു.

സ്ഥിരമായി മുകളിലെ ഈ ബെഡ്റൂമിന്റെ ജനൽപാളിയിലെ അതുവരാറുള്ളൂ എന്ന ഓർമ എന്നെ തീപിടിപ്പിച്ചു, പതിവുപോലെ അത് പറന്നുപോയശേഷം മനസ്സിൽ ഒന്നുറപ്പിച്ചു ഞാൻ താഴെ സ്റ്റോർ റൂമിലെത്തി വല്യ ഒരു തടികഷ്ണവുമായി മുകളിലെത്തി. മൂന്നുപാളികളിലെയും ചില്ലിനുമേൽ ആഞ്ഞടിച്ചു. പൊട്ടിച്ചിതറുന്ന ചില്ലുകഷ്ണങ്ങൾ ഭ്രാന്തമായി ചിരിക്കുന്ന പോലെ. അതെന്നിൽ കുടുംബത്തിന് വേണ്ടി കൂടപ്പിറപ്പുകൾക്ക് വേണ്ടി നല്ല കാലം ഹോമിച്ച അമേരിക്കകാരി ആന്മരിയ ഫിലിപ്പിനെ ഓർപ്പിച്ചു.

കടമകൾ ഓരോന്നായി വാശിയോടെ ചെയ്തു തീർത്തപ്പോൾ ഭൂമിയിലെ മാലാഖക്കു പ്രായമേറി.ജീവനേക്കാൾ പ്രണയിച്ചവന് നല്ല പാതിയായി മറ്റൊരുവളെത്തി.

തിളങ്ങുന്ന കണ്ണുകൾ ചൈതന്യം വറ്റിയപ്പോൾ മിനുസമുള്ള തൊലിപ്പുറം ചുളിയാൻ തുടങ്ങിയപ്പോൾ ഇനിയൊരു കൂട്ട് വേണ്ടാന്നു ഉറപ്പിച്ചു തന്നിലേക്കു ഒതുങ്ങിയ ഫിലിപ്പോസിന്റ അന്നക്കൊച്ചിനെ പൊട്ടിയ ചില്ലിൽ ഒരു വട്ടം കൂടി കണ്ടു.

നിറഞ്ഞ കണ്ണുകളോടെ ശക്തിയായി ബാക്കികൂടി തകർക്കുമ്പോൾ നാളെ പ്രണയാർദ്രയായി തേടിവരുന്ന മഞ്ഞക്കിളിയുടെ വിരഹവേദനയും പരാക്രമവും സങ്കൽപ്പിക്കാൻ ആവതില്ല അതുകൊണ്ട് തന്നെ മുകളിലെ നിലയിലേക്ക് തുറക്കുന്ന വാതിൽ എന്നെന്നേക്കുമായി പൂട്ടി സങ്കടം ഏറുന്നുവെങ്കിലും സംതൃപ്തി തോന്നുന്ന മനസുമായി അന്ന പടികളോരോന്നും എണ്ണിയിറങ്ങി…

Related Posts

Leave a Reply

Your email address will not be published. Required fields are marked *