ചേകവനെ ഞാൻ കണ്ട അതേ തെങ്ങിലേക്ക് ദാസേട്ടൻ കൈചൂണ്ടുമ്പോൾ എന്നിൽ അമ്പരപ്പും….

Story written by Saran Prakash

”അറിഞ്ഞില്ലേ,,, കാവുമ്പാട്ടെ ചെക്കന് തലക്ക് സുഖല്ല്യാതായിത്രേ….”

ഓടി കിതച്ചെത്തിയ അന്നത്തെ ഉഷേച്ചി ദിനപത്രത്തിലെ ചൂടുള്ള വാർത്ത അതായിരുന്നു…

അങ്ങാടിപീടികയിലേക്ക് പാലുമായി പാഞ്ഞിരുന്ന ഗോപാലേട്ടൻ, ആ വാർത്തയിൽ മുഴുകി, വഴിയരികിൽ സൈക്കിളൊതുക്കി…

അടുക്കളപിന്നാമ്പുറത്ത് പാത്രം മോറിക്കൊണ്ടിരുന്ന തുളസിയേച്ചി, ഇടവഴിയിലേക്ക് പാഞ്ഞടുത്തു…

കാലുകൾക്കൊന്നും ആവതില്ലെന്ന് കർത്താവിനോട് വേവലാതിപ്പെട്ടിരുന്ന ത്രേസ്സ്യാമ്മ ചേട്ടത്തി, കുത്തിപ്പിടിച്ചു നടന്നിരുന്ന വടി മറന്ന് ഇടവഴിയിലേക്കോടി….

കേട്ടവർ കേട്ടവർ പിന്നെയും ഓടികൂടുന്നുണ്ട്… അടുക്കളക്കകത്തുനിന്നും അമ്മയും വഴിയരികിലേക്ക് പാഞ്ഞടുത്തു…

“എന്താ ഉഷേ കാര്യം…??”

ഓടികൂടിയവരേവരുടേയും കണ്ണുകളിൽ തികഞ്ഞ ആകാംക്ഷമാത്രം…!!!!

പട്ടാളം ഭാർഗ്ഗവന്റെ ഭാര്യയുടെ അവിഹിതവും, കുന്നുമേലെ മരുമോളുടെ അങ്കപോരും, പ്രമാണി വർഗീസ് മാപ്ളേടെ പെണ്ണുമ്പിള്ളേടെ തലക്കനവും ചൂടോടെ എത്തിച്ചിരുന്നപ്പോൾ ഉഷേച്ചി പ്രതീക്ഷിച്ചതും, അന്ന് കിട്ടാതെ പോയതും….!!!

ഒരനുഭൂതിയോടെ ഉഷേച്ചി ആ നിമിഷങ്ങളെ ആസ്വദിച്ചുകൊണ്ടേയിരുന്നു….

”പേടി കേറികൂടിതാണെന്നാ പറയണേ…!!! മിനിഞ്ഞാന്നാൾ ചെക്കനെ പനയോല പറമ്പിന്നാ കണ്ടുകിട്ടീത് ത്രേ…”

“പനയോല പറമ്പോ…!!!”

കേട്ടവരെല്ലാം പരിഭ്രമത്തോടെ മൂക്കത്തു വിരൽവെച്ചു…

ആ പരിഭ്രമത്തിനു പറയാൻ കേട്ടുകേൾവിയുള്ള ഒരു പഴങ്കഥയുണ്ട്….

നാട് ഭരിച്ചിരുന്ന പനയോലത്തറവാട്ടിലെ കാർന്നോരുടെ ക്രൂരതയുടെ കഥ….

ഏക്കറുകണക്കിന് ഭൂമിയിൽ തെങ്ങും കൃഷിയായിരുന്നത്രേ കാർന്നോരുടെ വരുമാനമാർഗ്ഗം.. പക്ഷേ തെങ്ങൊന്നിന് കാലണപോലും തികച്ചു നൽകാത്ത ആ അറുപിശുക്കൻ കാർന്നോരുടെ തെങ്ങിൻതോപ്പിലേക്ക് കേറ്റക്കാരാരും തിരിഞ്ഞു നോക്കിയതേയില്ല….

വിളഞ്ഞുനിന്നിരുന്ന തേങ്ങകൾ നോക്കി ശങ്കിച്ച് നിന്നിരുന്ന കാർന്നോർക്ക് മുൻപിലേക്ക് അയാൾ പടികയറിവരുകയാണ്…

കാര്യസ്ഥൻ ശങ്കുണ്ണി മകൻ ചേകവൻ….

കാർന്നോരു വാക്കുറപ്പിച്ച കൂലി തർക്കമേതുമില്ലാതെ അയാൾ സമ്മതം മൂളുമ്പോൾ, ചിലവില്ലാത്തൊരടിമയെ കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു കാർന്നോർക്ക്…

പക്ഷേ ആ ചിരിക്ക് അൽപ്പായുസ്സേയുണ്ടായിരുന്നുള്ളു…. അർദ്ധരാത്രിയിൽ ആ തെങ്ങിന്തോപ്പിൽ, തന്റെ ഏകമകൾക്കൊപ്പം ചേകവനെ കാണുംവരെ…

കലിയേറിയ കാർന്നോര്, തന്റെ മല്ലന്മാരാൽ ചേകവനെ ആ രാത്രി തന്നെ വ കവരുത്തി…

പിറ്റേന്ന് ഉദിച്ചുയർന്ന സൂര്യൻ അവിടമാകെ പരന്നത്, മറ്റൊരു കഥയുമായിട്ടായിരുന്നു…

തേങ്ങാ മോഷണത്തിനിടെ തെങ്ങിൽനിന്നും വീണുമരിച്ച കള്ളൻ ചേകവന്റെ കഥ….

നാടും നാട്ടുകാരും ആ കഥ ഏറ്റെടുത്തെങ്കിലും, കാർന്നോരുടെ മകൾ ഗർഭമറിയിച്ചതോടെ ചേകവനിലെ കള്ളനെ നാട് മറന്നു… തറവാട് ക്ഷയിച്ചില്ലാതായതോടെ പക പോക്കാനെത്തിയ ചേകവന്റെ ആത്മാവിനെ അവർ ഭയന്നു..

കേട്ടുകേൾവിയുള്ള ചരിത്രം അവിടെയങ്ങനെ അവസാനിക്കുകയാണ്… എങ്കിലും, പനയോലപ്പറമ്പിലിന്നും, ചേകവന്റെ ആത്മാവ് ഗതികിട്ടാ തലയുന്നുണ്ടെന്നാണ് പലരുടേയും വാദം…

കൂടിനിന്നിരുന്നവരെല്ലാം താടിക്കു കയ്യുംകൊടുത്ത് പിന്തിരിഞ്ഞു… പത്ര മിടാനെത്തിയ ചന്ദ്രേട്ടൻ അവരുടെ കൈകളിൽ പത്രമേൽപ്പിച്ചു…

ഇതിലും വലിയ വാർത്തയൊന്നും ഈ കടലാസ്സിലുണ്ടാവില്ലെന്ന് പിറുപിറുത്ത്, ത്രേസ്സ്യാമ്മ ചേട്ടത്തി ആ പത്രം ചുരുട്ടിയെറിഞ്ഞു..

”ചേകവന്റെ പ്രേതത്തെ കണ്ടവർക്കൊന്നും ജീവിതത്തിലേക്കൊരു തിരിച്ചുവരവ്ണ്ടാകില്ല്യ… അതുപോലെയല്ലേ ആ രൂപം…. ഉന്തിനില്കുന്ന ചോരക്കറപറ്റിയ ദംഷ്ട്രകളും, നഖങ്ങളും, ഹോ….!!!”

നെടുവീർപ്പിട്ടുകൊണ്ട് അമ്മക്കൊപ്പം ഉഷേച്ചിയും പടികയറിയെത്തി…

”ഉഷേച്ചി എപ്പഴാ ചേകവന്റെ പ്രേതത്തെ കണ്ടേ..?”

പരിഹാസരൂപേണയുള്ള എന്റെ ആ സംശയത്തിന് ഉഷേച്ചിയിൽ മറുപടി യുണ്ടായില്ല… അല്ലേലും നാളിതുവരെ ഉഷേച്ചി പറഞ്ഞതെല്ലാം കണ്ടിട്ടാണോ….!!ചിലതെല്ലാം വാരികേല് വരുന്ന കഥപോലെ…. ചിലത് സിനിമാക്കഥപോലെ….

”ഇതുപോലെ പ്രേതത്തിൽ വിശ്വാസമില്ലാത്ത ചെക്കനാർന്നു അവനും… എന്നിട്ടിപ്പെന്തായി…!!!”

എന്റെ പരിഹാസത്തിനുള്ള മറുപടിയെന്നോണം ഉഷേച്ചിയുടെ നാവ് ചിലച്ചു ഉഷേടെ നാക്കിനു നീളം കൂടുതലാണെന്ന അങ്ങാടിമൊഴി അർത്ഥമാക്കും പോലെ…

”അവൻ മാത്രമല്ല.. ഇതിനുമുൻപും പനയോലപ്പറമ്പിൽ കാലു കുത്തിയവരാർക്കും ബോധം വീണ്ടെടുക്കാനായിട്ടില്ല… ചെത്തുകാരൻ വാസുവേട്ടൻ… കള്ളൻ ദാമോരൻ…..”

തന്റെ വാദത്തെ ഊട്ടിയുറപ്പിക്കാൻ ഉഷേച്ചി ഓർമ്മകൾ ചികഞ്ഞെടുത്തു കൊണ്ടേയിരുന്നു….

”ചെക്കനെ ആശൂത്രീല് കൊണ്ടോയിട്ടോ…. ചേകവന്റെ ബാധ കേറിക്കൂടിണ്ട് ത്രേ….”

പത്രമെറിഞ്ഞുകൊടുക്കുംപോലെ, ചൂടുവാർത്തയുമെറിഞ്ഞുകൊണ്ട്, ചന്ദ്രേട്ടന്റെ സൈക്കിൾ ഇടവഴിലൂടെ തിരിച്ചും പറന്നകന്നു….

ഉഷേച്ചി വീണ്ടുമെന്നെ കനത്തിലൊന്നു നോക്കി…

”കലിയടങ്ങാത്ത ആത്മാവാണ്… അത്ര പെട്ടന്നൊന്നും ഇറങ്ങിപ്പോവില്ല്യ…”

തെങ്ങുകേറാനെത്തിയ ദാസേട്ടൻ ഉഷേച്ചിയെ മറികടന്നു പറമ്പിലെ തെങ്ങുകൾ ഓരോന്നായി തലയുയർത്തി നോക്കി ഉമ്മറത്തെത്തി…

“ഇക്കുറിയും വിളവൊക്കെ കുറവാണല്ലോ ശാരദേച്ചി…”

മുണ്ടിൻ തലപ്പിലെ ബീടിയിലൊന്നെടുത്ത് ദാസേട്ടൻ തീകൊളുത്തി… തെങ്ങു കേറുന്നേന് മുൻപ് മൂപ്പർക്കത് നിർബന്ധാ…. ധൈര്യമാണത്രെ…

”പനയോലപ്പറമ്പിലെ ചേകവന്റെ പ്രതികാരം… അല്ലാണ്ടെന്താ…!!!”

പുകമണം സഹിക്കവയ്യാതെ മൂക്കുപൊത്തി പുലമ്പിക്കൊണ്ട് ഉഷേച്ചി പടികടന്നകലുമ്പോൾ, ദാസേട്ടൻ പുറം തള്ളുന്ന ആ പുകച്ചുരുളിന്റെ സൗന്ദര്യമാസ്വദിച്ചു ഞാൻ നിൽപ്പുറപ്പിച്ചു…

”പൂതി വേണ്ടാട്ടോ… ഇതൊന്നും അത്ര നല്ലതല്ല…”

മേലേക്കുയരുന്ന പുകച്ചുരുകളിൽ ഞാൻ മയങ്ങി നിൽക്കുന്നത് കണ്ടിട്ടാകാം എന്റെ മനസ്സറിഞ്ഞെന്നവണ്ണം ദാസേട്ടൻ കണ്ണുരുട്ടി…

പാതികത്തിയമർന്ന ബീഡിത്തുണ്ട്, ദാസേട്ടൻ തെങ്ങിന്തടത്തിലെ പൂഴിമണ്ണിൽ പൂഴ്ത്തി…. ഒരുപക്ഷെ ഞാനതെടുക്കാതിരിക്കാനാകാം….

”ദാസേട്ടൻ കേറീട്ടുണ്ടോ പനയോലപ്പറമ്പിലെ തെങ്ങിൽ…??”

തോൾമുണ്ടെടുത്തു തലേല് കെട്ടി, തളപ്പുമായി തെങ്ങിനെ വട്ടം പിടിച്ചു കേറാൻ നിൽക്കുന്ന ദാസേട്ടന്റെ അരികിലെത്തി അമ്മ കേൾക്കാതെ ഞാൻ ചോദിക്കു മ്പോൾ, ദാസേട്ടൻ മുഖമൊന്നു ചുളിച്ചു…

”ഇല്ല്യ.. ന്തേ..?”

”മ്മക്കൊന്നു അത്രേടം വരെ പോയാലോ… നല്ല വിളഞ്ഞ തേങ്ങകൾ ഒരുപാടുണ്ടവിടെ..??”

പറഞ്ഞുകേട്ട കഥകളിലെ ചേകവനെ കാണാനുള്ള മോഹത്തിന് ഒരു കൂട്ട്…അത്രേ ഞാനാ ചോദ്യത്തിൽ ഉദ്ദേശിച്ചിരുന്നുള്ളു..

പക്ഷേ പുകച്ചുരുളുകൾ പൂഴിമണ്ണിലാഴ്ത്തിയ പോലെ എന്റെ ആ മോഹത്തേയും ദാസേട്ടൻ ഒരു വിളിയിൽ ശമിപ്പിച്ചു…

”ശാരദേച്ചിയെ,, കാവുമ്പാട്ടെ ചെക്കന് വാങ്ങിതുപോലെ ഒരു ചങ്ങല കരുതിക്കോളൂ… ഉപകാരപ്പെടും….!!!”

അടുക്കളപിന്നാമ്പുറത്തായിരുന്നെങ്കിലും, ദാസേട്ടന്റെ ആ വാക്കുകളുടെ പൊരുൾ അമ്മ തിരിച്ചറിഞ്ഞിരുന്നു…

”പറഞ്ഞു കൊടുക്കാനല്ലേ പറ്റൂ ദാസാ.. ചെറിയ കുട്ടിയൊന്നുമല്ലല്ലോ…”

പലപ്പോഴും പനയോലപ്പറമ്പിന്റെ കഥകൾ കാതിലേറുമ്പോൾ പരിഹാസത്തോടെ ഞാൻ ചിരിക്കാറുണ്ട്…

എല്ലാം വെറും കെട്ടുകഥകൾ മാത്രമെന്നും,, ഒരുനാൾ ആ കെട്ടുകഥൾക്കെല്ലാം അറുതി വീഴുമെന്നും വീമ്പുപറഞ്ഞിട്ടുണ്ടെങ്കിലും, ചെറുതല്ലാത്തൊരു ഭയം ഉള്ളിലെന്നുമുണ്ടായിരുന്നു… ഇന്ന് കാവുമ്പാട്ടെ ചെക്കന്റെ കഥകൂടി കേട്ടറിഞ്ഞതോടെ, ആ ഭയത്തിനാഴമേറിയതുപോലെ….

വെട്ടിയിട്ട തേങ്ങകൾ പെറുക്കിക്കൂട്ടി എണ്ണിത്തിട്ടപ്പെടുത്തുമ്പോഴും, മനസ്സ് പനയോലപ്പറമ്പിലും, ചേകവനിലുമായിരുന്നു…

ചെത്തിയെടുത്തൊരു ഇളം കരിക്ക് ദാസേട്ടൻ പതിവുപോലെ എനിക്കുനേരെ നീട്ടി..

”പോകണോ പനയോലപ്പറമ്പിലേക്ക്…??”

അപ്രതീക്ഷിതമായ ദാസേട്ടന്റെ ആ ചോദ്യത്തിൽ ഞാനൊന്നമ്പരന്നു…..

ഒരുപക്ഷേ ആഴമേറിയ എന്റെ ആ ആഗ്രഹം ദാസേട്ടൻ തിരിച്ചറിഞ്ഞിരിക്കാം…

”രാത്രി പനയോലപ്പറമ്പിന്റെ മതിൽകെട്ടിന് പുറത്ത് ഞാനുണ്ടാകും…!!!”

തലേൽകെട്ടഴിച്ച തോൾമുണ്ടിനാൽ ദാസേട്ടൻ മേലാസകലം തുടച്ചുകൊണ്ട് പടിയിറങ്ങി…

പറഞ്ഞുറപ്പിച്ചപ്രകാരം, ആ രാത്രി ആരുമറിയാതെ ഞാൻ പനയോലപറമ്പ് ലക്ഷ്യമാക്കി നീങ്ങി… ഉള്ളിലൊരു ഭയം നിഴലിക്കുന്നുണ്ടെങ്കിലും, പൂഴിമണ്ണിൽ നിന്നും പൊടി തട്ടിയെടുത്ത ദാസേട്ടന്റെ പുകച്ചുരുളുകൾ എന്നിൽ ധൈര്യമേകികൊണ്ടിരുന്നു…

പക്ഷേ ലക്ഷ്യത്തിലേക്കടുക്കുംതോറും, അടിവയറ്റിലൊരു വിറയൽപോലെ… മുത്തശ്ശിയുടെ നാമജപങ്ങൾ എന്റെ ചുണ്ടുകൾ ഞാനറിയാതെ മന്ത്രിക്കുന്നുണ്ട് കാലുകൾ പിന്നിലോട്ടായുംപോലെ…

മതില്കെട്ടിനകത്തുനിന്നും, നായ്ക്കളുടെ ഓരിയിടൽ മുഴങ്ങി… വീണുകിടക്കുന്ന കരിയില കൂട്ടങ്ങളിൽ കാലൊച്ചയുയർന്നു…. ചേകവനായിരിക്കാം…!!!

പുറത്തു കാത്തുനിൽക്കാമെന്നു പറഞ്ഞ് ദാസേട്ടൻ എന്നെ ചതിക്കുക യായിരുന്നുവോ…!!!

നാമജപങ്ങൾക്ക് തീവ്രതയേറി… ചിറകടിച്ചൊരു നരിച്ചീർ എനിക്ക് മീതെ പറന്നകന്നതും, മതിൽകെട്ടിനകത്തെ തെങ്ങിൻമുകളിലൊരു വെട്ടം മിന്നിത്തെളിഞ്ഞു…

”ചേകവൻ…”!!! മനസ്സ് മന്ത്രിച്ചു…

കണ്ണുകളിൽ ഇരുട്ടേറിക്കൊണ്ടിരുന്നു… പിന്തിരിഞ്ഞോടാനാകാതെ കാലുകൾ തളരുന്നുണ്ട്… അണഞ്ഞുപോകുന്നൊരു തിരി നാളം പോലെ,, ഒന്നലറിക്കറിയാൻ പോലുമാകാതെ ഞാൻ നിലംപതിച്ചു…

ഇറ്റുവീണൊരു ചെന്തെങ്ങിൻ ഇളനീരിന്റെ രുചി എന്റെ നെറുകയിലെത്തിയപ്പോഴാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്…

കണ്ണുതുറക്കുമ്പോൾ, മുൻപിൽ പുകച്ചുരുളുകൾക്ക് പുറകിലായി ദാസേട്ടൻ…

”കണ്ടു ദാസേട്ടാ… ഞാൻ കണ്ടു… ചേകവനെ ഞാൻ കണ്ടു…”

അകലെ ആ തെങ്ങിൻമുകളിലേക്കായി ഞാൻ കൈചൂണ്ടി ആവേശം കൊള്ളുമ്പോൾ, ദാസേട്ടൻ വെറുതെയൊന്നു മൂളുകമാത്രം ചെയ്തു…

കയ്യിലെ ചെത്തിമിനുക്കിയ ചെന്തെങ്ങിൻ ഇളനീര് ദാസേട്ടൻ എനിക്ക് നേരെ നീട്ടി…

ബോധമില്ലായ്മയിൽ ഉച്ചിയിലേറിയ ആ മധുരമുള്ള ഇളനീര് ഞാൻ വീണ്ടും വീണ്ടും മോന്തിക്കുടിക്കുമ്പോഴാണ് എന്നിൽ ആ സംശയമുണർന്നത്…

“ഈ രാത്രീല് ഇതെവിടെന്നാ…???”

ഇളനീരിലേക്കും ദാസേട്ടനെയും ഞാൻ മാറിമാറി മിഴിച്ചു നോക്കി…

“ദേ ആ തെങ്ങീന്ന്..”

ചേകവനെ ഞാൻ കണ്ട അതേ തെങ്ങിലേക്ക് ദാസേട്ടൻ കൈചൂണ്ടുമ്പോൾ എന്നിൽ അമ്പരപ്പും ഒരുപിടി ചോദ്യങ്ങളുമുയർന്നു….

ആ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നോണം, മടികുത്തിലെ ബീഡിപ്പൊതി യിലൊന്നെടുത്ത് ദാസേട്ടൻ തീ കൊളുത്തി… ആ തെങ്ങിൻ മുകളിൽ ഞാൻ കണ്ട ചേകവനിലെ അതേ തിളക്കത്തോടെ…

“അപ്പൊ അത് ദാസേട്ടനായിരുന്നല്ലേ..”

എന്റെ മുഖത്തെ ജാള്യത കണ്ടിട്ടാകണം, ദാസേട്ടന്റെ മുഖത്തൊരു നേർത്ത പുഞ്ചിരി തെളിഞ്ഞു… പിന്നെയതൊരു അട്ടഹാസമായിമാറി…

“ദാസനല്ല… ചേകവൻ.. പനയോലപ്പറമ്പിലെ ചേകവൻ..”

വലിച്ചെടുത്ത പുകച്ചുരുളുകൾ ദാസേട്ടൻ മേലേക്കുയർത്തി വിട്ടുകൊണ്ടിരുന്നു…

ആ പുകച്ചുരുളുകൾ, നാളതുവരെയുള്ള ചേകവന്റെ കെട്ടുകഥകളുടെ കടുംകെട്ടുകൾ ഓരോന്നായി അഴിച്ചെടുത്തു…

മധുരമേറിയ ചെന്തെങ്ങിൻ ഇളനീര് പറിച്ചെടുക്കാനെത്തിയ ഒരു രാത്രിയിൽ, ചെത്തുകള്ളിൽ വിഷം ചേർത്തുകൊണ്ടിരുന്ന വാസുവിന് മുൻപിൽ ഇരുട്ടിനെ മറയാക്കി പ്രത്യക്ഷപ്പെട്ടത്..

മറ്റൊരു രാത്രിയിൽ, നുള്ളിപ്പെറുക്കി വിശപ്പടക്കുന്നവന്റെ അന്നം മോഷ്ടിച്ച കള്ളൻ ദാമോരനു മുൻപിലും…

ഒടുവിൽ മൂന്നുനാൾ മുൻപ് രാത്രിയിൽ, വഴിതെറ്റി ഇതുവഴി വന്നൊരിരയെ റാഞ്ചിയെടുത്ത കാവുമ്പാട്ടെ ആ കഴുകന് മുൻപിൽ,, കലിയേറിയ ചേകവനായി…

നെടുവീർപ്പോടെ ദാസേട്ടൻ അകലെ തെങ്ങിന്തടത്തിലേക്ക് നോക്കി.. റാഞ്ചിയെടുത്ത കഴുകന്റെ ചിറകുകളിൽ പിടഞ്ഞതിന്റെ അവശേഷിപ്പിക്കലെന്നോണം, ചിതറിയ ആ കുപ്പിവളകളിലേക്ക്…

“ഇനി നീ പറയ്… വലിച്ചുകീറണോ ചേകവന്റെ മുഖം മൂടി…??”

ഞാനൊന്നും മിണ്ടിയില്ല.. ചില ചോദ്യങ്ങൾ അങ്ങനെയാണല്ലോ.. മറുപടി പറയണമെന്നില്ല… പകരം കയ്യിലെ മധുരമേറിയ ആ ഇളനീരിന്റെ അവസാന തുള്ളിയും മോന്തിക്കുടിച്ചു…

അല്ലേലും കേട്ടുകേൾവിയുള്ള പല കെട്ടുകഥൾക്കും പുറകിൽ മറ്റാരുമറിയാത്ത രഹസ്യങ്ങളുണ്ടാകാറുണ്ട്… ആ കഥൾക്കുള്ളിലൊളിഞ്ഞിരിക്കുന്ന ചിലരുടെ നന്മകളുണ്ട്…

അങ്ങനെയൊരു കെട്ടുകഥയായി പനയോലപ്പറമ്പിലെ ചേകവൻ ഇനിയും കാതുകളിലേറട്ടെ…

“അല്ല ദാസേട്ടാ, അപ്പൊ ആദ്യമായി ഇളനീരിടാനെത്തിയ രാത്രിയിലും ചേകവന്റെ പഴങ്കഥകളിൽ പേടി തോന്നിയില്ലേ…??”

ശേഷിച്ച എന്റെ ആ സംശയത്തിന് മറുപടിയെന്നോണം ദാസേട്ടനൊന്നു പുഞ്ചിരിച്ചു..

“കൊച്ചുമോനെ കൊല്ലാൻ മാത്രം ക്രൂരനായിരിക്കോ ചേകവൻ മുത്തശ്ശൻ…!!!!”

Related Posts

Leave a Reply

Your email address will not be published. Required fields are marked *