Story written by Maaya Shenthil Kumar
ഇത്രയും കാലത്തെ ഗുണ്ടജീവിതത്തിനിടയിൽ ആദ്യമായാണ് ഒരാളെ കൊ ല്ലാനുള്ള കൊട്ടേഷൻ കിട്ടുന്നത് അതും ഒരു പെണ്ണിനെ.. ഞങ്ങളുടെ കൂട്ടത്തിലൊരുത്തന് പണം അത്യാവശ്യമായതിനാലും, നല്ല പണം കിട്ടും എന്നുറപ്പുള്ളതു കൊണ്ട് ഞാൻ അതേറ്റു.. കയ്യിലിരിപ്പുകൊണ്ട് വീട്ടുകാരെല്ലാം ആദ്യമേ പുറത്താക്കിയതാണ്.. പിന്നെ വെട്ടും കുത്തും ജയിലും ആശുപത്രി യൊക്കെ ആയി കഴിയുകയാണ്… അതുകൊണ്ടു തന്നെ എനിക്ക് മുന്നും പിന്നും നോക്കാനില്ലായിരുന്നു.. അവളുടെ വീടും പരിസരവും എല്ലാം കൊട്ടെഷൻ തന്നവനോട് തന്നെ ചോദിച്ചു മനസ്സിലാക്കി… പുറത്തെവിടെയെങ്കിലും വച്ച് അവളെ കാണുന്നതും നോക്കി രണ്ടുദിവസം കാത്തു നിന്നു.. പക്ഷെ പുറത്തു വച്ച് അവളെ കണ്ടില്ല..
അങ്ങനെയാണ് ഒരു രാത്രി അവളുടെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചത്… ഓടിളക്കി ആരുമറിയാതെ വീടിന്റെ മച്ചിൻപുറത്തു ഒളിച്ചു… ഉള്ളിൽ എന്തോ വലിയ ബഹളം നടക്കുന്നുണ്ട്… ഏതോ സ്ത്രീ ഒരു പെണ്ണിനെ കുടിയന്മാർ തോറ്റുപോകുന്ന ചീത്ത പറയുന്നുണ്ട്.. തലയ്ക്കു കുത്തിപിടിക്കുകയും അടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്… ബഹളം കഴിഞ്ഞ് അവർ ഉറങ്ങുന്നവരെ ഞാൻ കാത്തിരുന്നു…
എല്ലാരും ഉറങ്ങിയെന്നു മനസ്സിലായപ്പോ ഞാൻ പതുക്കെ താഴേക്കിറങ്ങി.. ക ത്തി അരയിൽ നിന്നും ഊരി അവൻ തന്ന ഫോട്ടോയിലുള്ള പെണ്ണിനെ നോക്കി ഓരോ മുറിയിലും കയറി… അങ്ങനെ അവളെ കണ്ടു പിടിച്ചു… പക്ഷെ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു അവളുടെ അപ്പുറവും ഇപ്പുറവും രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു… കുഞ്ഞുങ്ങളുടെ മുഖം കണ്ടതും ഞാനൊന്നു പകച്ചു.. അവൾ ഇരട്ടക്കുട്ടികളുടെ അമ്മയാണെന്നറിഞ്ഞതോടെ കൊ ല്ലാനുള്ള എന്റെ ധൈര്യമൊക്കെ ചോർന്നുപോയി… എന്ത് ചെയ്യണമെന്നോർത്തു നിന്നപ്പോഴേക്കും അവൾ കണ്ണു തുറന്നു.. ഒച്ചവയ്ക്കാൻ തുടങ്ങിയ അവളുടെ വായപൊത്തിപിടിച്ചു കത്തി കാട്ടി പേടിപ്പിച്ചു..
ചെറിയമ്മ ഏല്പിച്ചതാണോ എന്നെ കൊ ല്ലാൻ… അവൾ വിറച്ചുകൊണ്ട് ചോദിച്ചു
ചെറിയമ്മയോ എനിക്കവരെയൊന്നുമറിയില്ല
പിന്നെ നിങ്ങളെന്തിനാ വന്നത്
നിന്നെ കൊല്ലാൻ…
ഒരമ്പരപ്പോടെ അവൾ എന്നെനോക്കി.. പിന്നെയർക്കാ എന്റെ ജീവൻ വേണ്ടത്..
അത് ഞാൻ പറയില്ല,അതെന്റെ ജോലിക്ക് നിരക്കുന്നതല്ല
ഒരു പാവം പെണ്ണിനെ കൊല്ലുന്നത് നിങ്ങൾക്ക് നിരക്കുന്നതാണോ…
അവളുടെ വാക്കുകൾ എന്റെ ഹൃദയത്തിലെവിടെയോ കൊണ്ടു. തിരിച്ചു പോവാൻ തുടങ്ങിയെങ്കിലും അവളോട് പറയാതിരിക്കാൻ കഴിഞ്ഞില്ല അവന്റെ പേര്
സുജിത് അതാണവന്റെ പേര്
ഞാനതു പറഞ്ഞതും വീണു പോവാതിരിക്കാൻ അവൾ ചുമരിൽ ചാരി നിന്നു…
നിന്റെ ആരാ അവൻ.. എന്താ നിങ്ങള് തമ്മിലുള്ള ബന്ധം…
എന്റെ… എന്റെ.. മക്കളുടെ അച്ഛൻ.. പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിയാതെ അവൾ വിങ്ങിപ്പൊട്ടി…
കൂടുതലൊന്നും ചോദിക്കാൻ കഴിയാത്തതുകൊണ്ട് നാളെ നിർബന്ധമായും അമ്പലത്തിനു പിന്നിലുള്ള ഒരു വഴിയിൽ വരണമെന്ന് പറഞ്ഞ് അല്ലെങ്കിൽ അവളുടെ കുഞ്ഞുങ്ങളെ കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തി ഞാനവിടുന്നു തിരിച്ചു പോന്നു..
പിറ്റേന്ന് പറഞ്ഞ സമയത്ത് അവളെത്തി കുട്ടികളെയും കൂട്ടി..
നിന്നോട് തനിച്ചു വരനല്ലേ പറഞ്ഞത്.. ഭീഷണിയുടെ സ്വരത്തിലാണ് ഞാൻ ചോദിച്ചത്..
ഏൽപ്പിച്ചു പോരാൻ എനിക്കാരുമില്ല.. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഇന്നലെ അവൾക്കാണ് തല്ലു കൊണ്ടതെന്നു ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി, മുഖമാകെ തിണർത്തു കിടക്കുന്നുണ്ടായിരുന്നു..
എന്താ നിങ്ങള് തമ്മിലുള്ള പ്രശ്നം, അത് പറഞ്ഞാൽ എനിക്ക് നിന്നെ സഹായിക്കാൻ പറ്റിയേക്കും
നിങ്ങളുടെ ഒരു സഹായവും എനിക്ക് വേണ്ടാ..
ഞാനല്ലെങ്കിൽ മറ്റൊരാൾ വരും നിന്നെയും ചിലപ്പോ നിന്റെ മക്കളെയും കൊല്ലാൻ…
അത് കേട്ടപ്പോ അവളുടെ മുഖത്തു ഭീതി നിഴലിക്കുന്നുണ്ടായിരുന്നു..
അയാൾ.. അയാൾ എന്നെ ഇഷ്ടമാണെന്നു പറഞ്ഞ് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചതാ.. പൈസ കൊടുത്തു കുടിയനായ അച്ഛനെയും എന്നെ എങ്ങനെ യെങ്കിലും ഒഴിവാക്കണമെന്നു മാത്രം കരുതുന്ന ചെറിയമ്മയെയും വശത്താക്കി… അവനു ഞങ്ങളുടെ വീട്ടിൽ എല്ലാ സ്വതന്ത്രവും കിട്ടി.. വീട്ടിൽ വന്നു ചോദിച്ചത് കൊണ്ട് ഞാനും വിശ്വസിച്ചു… ഞങ്ങൾ പ്രണയത്തിലായി.. ഞാൻ ഗര്ഭിണി യാണെന്നറിഞ്ഞതിൽ പിന്നെ അവൻ വരാതായി… ചോദിച്ചപ്പോ അവന്റെ പെങ്ങളുടെ കല്യാണം കഴിയാതെ വീട്ടിൽ സമ്മതിക്കുന്നില്ലെന്നു പറഞ്ഞു.. പ്രസവിച്ചിട്ടും കുട്ടികളെ പോലും കാണാൻ വരാതിരുന്നപ്പോഴാണ് ചതി മനസ്സിലായത്… വീട്ടിൽ ചെറിയമ്മ രണ്ടുവയസ്സുള്ള മക്കളെ പോലും ഉപദ്രവിക്കുന്ന അവസ്ഥ വന്നപ്പോൾ ഞാൻ മക്കളെയും കൊണ്ട് അവന്റെ വീട്ടിൽ ചെല്ലുമെന്നു പറഞ്ഞിരുന്നു..അതുകൊണ്ടായിരിക്കും… എന്നെ…
ഇനി… ഇനി എന്നെ നിങ്ങൾക്ക് സഹായിക്കാൻ കഴിയുമോ… എന്റെ മക്കളെ യെങ്കിലും.. അവളുടെ വാക്കുകളിൽ യാചനയായിരുന്നു..
കുഞ്ഞുങ്ങളിലൊരാൾ ഒന്നുമറിയാതെ അത്ഭുതത്തോടെ എന്റെ കൈയിൽ പിടിച്ചു കളിക്കുന്നുണ്ടായിരുന്നു.. മറ്റെയാൾ നല്ല ഉറക്കവും.. അവരെ കാണുന്ന ഓരോ നിമിഷവും ഞാൻ പോലും അറിയാതെ ഉള്ളിലെവിടെയോ വാത്സല്യം നിറയുന്നുണ്ടായിരുന്നു…
നീ എനിക്ക് ഒരു കൊട്ടെഷൻ തരുന്നോ അവന് രണ്ട് കൊടുക്കാൻ..
അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ടാവണം അവളൊന്നു ചിരിച്ചു..
തരാൻ എന്റെ കൈയിലൊന്നുല്ല..
നിന്റെ മക്കൾക്ക് വേണ്ടി ഈ കൊട്ടേഷൻ ഫ്രീയാ..
എങ്കിൽ അവനിനി ഒരിക്കലും ഒരു പെണ്ണിന്റെയും ജീവിതം ഇല്ലാണ്ടാക്കരുത്… അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു..
രണ്ട് ദിവസം കഴിഞ്ഞ് ആ സന്തോഷ വാർത്ത കേൾക്കാൻ അവളോന്നൂടെ വന്നു.. ഒരു വർഷത്തേക്കെങ്കിലും ഇനി അവൻ നടക്കില്ലെന്നും അവന്റെ ഉപദ്രവം ഇനി ഒരിക്കലും ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടും അവളിൽ സന്തോഷമല്ല പകരം ഒരു നിസ്സംഗതയായിരുന്നു.. മക്കളെയും ചേർത്തു പിടിച്ചു നടന്നകലുന്ന അവൾ എന്റെ ഉള്ളിൽ ഒരു വിങ്ങലാവുന്നുണ്ടായിരുന്നു…
ഗൗരീ… ഗൗരീ…
എന്റെ ശബ്ദം കേട്ടിട്ടാവണം ആകെ പരിഭ്രമിച്ചു അവൾ പുറത്തേക്കു ഓടി വന്നു… പിന്നാലെ ചെറിയമ്മയും.. കരിയും പുകയുമേറ്റു ജോലിയിലാണെന്നു കണ്ടപ്പോ തന്നെ മനസ്സിലായി..
ഇത് എന്റെ അമ്മയാ, അമ്മയെ ചേർത്തുപിടിച്ചു ഞാനവൾക്കു പരിചയ പ്പെടുത്തി..
കയ്യിലിരിപ്പുകൊണ്ട് വീട്ടിൽ നിന്ന് പുറത്തായിരുന്നു ഇതുവരെ.. ഒരു പെണ്ണ് കെട്ടിയാൽ നന്നായിക്കോളാന്ന് പറഞ്ഞപ്പോ അപ്പോ തന്നെ അമ്മ കൂടെ പോന്നു, തന്നെ പെണ്ണ് കാണാൻ… ഇഷ്ടാണോ തനിക്കെന്നെ.. പൊന്നുപോലെ നോക്കിക്കോളാം നിന്നെയും മക്കളെയും.. വിശ്വാസം ഉണ്ടെങ്കിൽ പോരാം എന്റെ കൂടെ..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…ഇഷ്ടമാണെന്നോ അല്ലെന്നോ പറയാനുള്ള ധൈര്യം പോലും ഇല്ലാതെ മക്കളെയും ചേർത്തു പിടിച്ചവൾ തല കുനിച്ചു നിന്നു… കൂടുതലൊന്നും ചോദിക്കാതെ മക്കളെയു മെടുത്തു ഞാനിറങ്ങി.. പിന്നാലെ അവളുടെ കൈപിടിച്ചു അമ്മയും… ഒന്നും മനസ്സിലാവാതെ അവളുടെ ചെറിയമ്മ എന്തൊക്കെയോ പ്രാകുന്നുണ്ടായിരുന്നു..
തറവാടിന്റെ പേര് ഇല്ലാണ്ടാക്കിയ മോനെയും ഏതോ പെണ്ണിനേയും വീട്ടിൽ കയറ്റിയെന്നും പറഞ്ഞു ഏട്ടനും പെങ്ങളും വഴക്കുണ്ടാക്കി പിരിഞ്ഞു പോയി..
പക്ഷെ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ മകനെയും പൊന്നുപോലൊരു മരുമകളെയും കിട്ടിയപ്പോ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷായി…ഒപ്പം ആർക്കും വെറുക്കാൻ കഴിയാത്ത രണ്ട് ഓമനകുഞ്ഞുങ്ങളും…