ജയയുടെ സ്കൂട്ടിക്ക് പുറകിൽ ഇരിക്കുമ്പോഴും രേഷ്മയുടെ ചിന്ത മുഴുവൻ ആ പൊതിയെ പറ്റിയായിരുന്നു .വിരൽ കൊണ്ട് പതിയെ കവർ പൊളിച്ചു നോക്കാൻ…….

ക്ഷമിച്ചു എന്നൊരു വാക്ക്

എഴുത്ത്:- സിന്ധു അപ്പുകുട്ടൻ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

രേഷ്മാ ,താനെന്താടോ കുന്തം വിഴുങ്ങിയ മാതിരി ഇങ്ങനെയിരിക്കുന്നെ പോകണ്ടേ ..

പ്യൂൺ വിനോദ് ,മേശമേൽ കൊണ്ട് വെച്ചിട്ട് പോയ പാർസൽ കയ്യിൽ പിടിച്ച് അന്തംവിട്ടിരിക്കുകയായിരുന്നു രേഷ്മ.

ജയ വന്നു വിളിച്ചപ്പോൾ അവൾ ചുറ്റിലും നോക്കി. തൊട്ടടുത്ത കാബിനുകളെല്ലാം ശൂന്യമായി തുടങ്ങിയിരുന്നു.

“എന്താ ഈ കവർ ,പിറന്നാൾ സമ്മാനമാണെന്ന് തോന്നുന്നുലോ .ആരുടെ വകയാ?

അറിയില്ല ജയ ,ഇത്തിരി മുൻപേ വിനോദ് ഇവിടെ കൊണ്ട് തന്നിട്ട് പോയതാ .ആരോ എനിക്ക് തരാൻ പറഞ്ഞു കൊടുത്തിട്ട് പോയത്രേ .

ശ്ശെടാ ,എന്നാലും അതാരായിരിക്കും .

ഞാനും അത് തന്നെയാ ആലോചന . ഇനിയിപ്പോ വീട്ടിൽ ചെന്നിട്ടു തുറന്നു നോക്കാം .സമയം വൈകി .

ജയയുടെ സ്കൂട്ടിക്ക് പുറകിൽ ഇരിക്കുമ്പോഴും രേഷ്മയുടെ ചിന്ത മുഴുവൻ ആ പൊതിയെ പറ്റിയായിരുന്നു .വിരൽ കൊണ്ട് പതിയെ കവർ പൊളിച്ചു നോക്കാൻ ഒരു ശ്രമം നടത്തി ..പിറന്നാൾ ആണെന്ന് ആരോടും പറഞ്ഞിരുന്നുമില്ല .മുഖ പുസ്തകത്തിൽ രാവിലെ മുതൽ കൂട്ടുകാരുടെ പിറന്നാൾ ആശംസകൾ ചറ പറ വന്നു കൊണ്ടിരുന്നു .എന്നാലും ഇങ്ങനെ ഒരു ഗിഫ്റ്റ് തരാൻ മാത്രം അവിടെയും ആരുമില്ല ല്ലോ ..

നീ ഇറങ്ങുന്നില്ലേ …

ജയയുടെ ചോദ്യം കേട്ടപ്പോഴാണ് അവൾക്ക് പരിസരബോധം വന്നത്.വീടെത്തിയിരിക്കുന്നു.

“സോറി ജയ ,ഞാൻ ഇത് തന്നെ ചിന്തിച്ചിരുന്നു പോയി”

നമ്മുടെ സതീഷ് സർ ആയിരിക്കുമെടി .പുള്ളിക്ക് നിന്നോട് എന്തോ ഒരിതുണ്ടന്ന് ഞാൻ പറയാറില്ലേ . നേരിട്ട് തന്നാൽ നീ വാങ്ങിയില്ലെങ്കിലോ എന്നോർത്ത് വിനോദിന്റെ കയ്യിൽ കൊടുത്തു വിട്ടതാകും.

പിന്നേ ,ഒന്ന് പോയെ .അയാൾക്കറിയില്ല ഇന്നെന്റെ പിറന്നാളാണെന്ന് .

അയാൾ നിന്റെ fb ഫ്രണ്ട് അല്ലേടി ,അപ്പൊ പിന്നെ അറിയാതിരിക്കുമോ .

നീ ചുമ്മാ അതുമിതും പറയാതെ .അയാളാണെങ്കിൽ ഇത് നാളെ തന്നെ തിരിച്ചു കൊടുക്കണം. ഹെഡാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ഒരു മാനേഴ്സുമില്ലാത്ത വായ്നോക്കി.

ജയക്കതു കേട്ട് ചിരി വന്നു.

അയാളുടെ വായി നോട്ടം നിന്റെ അടുത്ത് മാത്രേ ഉള്ളു ലോ.

നീയൊന്ന് പോയെ.

ശരിയെന്നാ ബാക്കി നമുക്ക് നാളെ പറയാം. സമയം വൈകുന്നു. പോട്ടെ.

പിന്നേയ്,ഗിഫ്റ്റ് എന്തായാലും ഇതിനുള്ള ട്രീറ്റ്‌ നാളെ എനിക്ക് കിട്ടിയിരിക്കണം .യാത്ര പറഞ്ഞു പോകുന്നതിനിടയിൽ ജയ വിളിച്ചു പറഞ്ഞു .

ഗേറ്റിന്റെ കൊളുത്തെടുത്ത്‌ മുറ്റത്തെക്ക് കയറിയതും ,സാവിത്രിയമ്മയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടു. ജാനു തല താഴ്ത്തി ചുമരും ചാരി നിൽക്കുന്നുണ്ട് .രേഷ്മയെ കണ്ടതും ജാനു അവളുടെയടുത്തേക്ക് ചെന്നു .

രേഷ്മ ബാഗ് തുറന്നു അവളുടെ പതിവ് സാലറിയെടുത്തു കൊടുക്കുന്ന തിൽനിടയിൽ ശബ്ദം താഴ്ത്തി ചോദിച്ചു

” ഇന്നെന്താ നിന്റെ പേരിലുള്ള കുറ്റം?

മോള് ട്യൂഷൻ കഴിഞ്ഞു വന്നപ്പോൾ മേല് കഴുകിയിട്ട് ടീവി വെച്ചു കൊടുത്തു .കുറച്ചു കഴിഞ്ഞു ചെന്നു നോക്കുമ്പോൾ അതിരുന്ന് ഉറങ്ങുന്നു .ഞാൻ എടുത്തു അകത്തു കൊണ്ടോയി കിടത്തി .സന്ധ്യ നേരത്ത് ഞാൻ എന്തോ കലക്കി കൊടുത്ത് അതിനെ ഉറക്കി എന്നും പറഞ്ഞാ ഈ ചീത്ത മുഴുവൻ .

ജാനുവിനെ ജോലിക്ക് നിർത്തിയതിൽ സാവിത്രിയമ്മക്ക് വല്ലാത്ത മുറുമുറുപ്പുണ്ട്.

ഞാനൊക്കെ നേരം പുലരുമ്പോ പാടത്തും പറമ്പിലുമിറങ്ങി പണിയെടുത്തുതന്നെ ജീവിച്ചതാ. എന്റെ മോനെ നോക്കാൻ ഞാൻ മാത്രം മതിയാരുന്നു. ഇതിപ്പോ കാശും കൊടുത്തു ജോലിക്കാരിയെ വെച്ചേക്കുന്നു. കൊച്ചമ്മ.

ഇടയ്ക്കിടെ കുത്തു വാക്കുകളിലൂടെ ആ മുറുമുറുപ്പവർ അവൾക്ക് മേൽ ചൊരിഞ്ഞിടും.

സാരമില്ല നീ പൊയ്ക്കോ .ഇനിയിപ്പോ ഞാൻ എത്തിയില്ലേ .നാവ് കുഴയും വരെ ചീ ത്ത വിളിക്കാൻ ആളായി .

ജാനുവിനെ പറഞ്ഞു വിട്ട് അവൾ ഇറയത്തേക്ക് കയറി.

അകത്തേക്ക് നടക്കുന്നതിനിടയിൽ കയ്യിലിരുന്ന കവറിൽ നോക്കി സാവിത്രിയമ്മ എന്തോ ചോദിച്ചുവെങ്കിലും കേൾക്കാതെ ഭാവത്തിൽ കയറി പോന്നു.

ഓഹ് ,കളക്ടറുദ്യോഗം കഴിഞ്ഞു വരുവല്ലേ .എന്താ ഒരു സാമ൪ത്ഥ്യം. വെറുതെയല്ലടി നിന്റെ കെട്ട്യോൻ ക ള്ളും കുടിച്ച് ,കണ്ട ചന്ത പെണ്ണുങ്ങൾടെ കൂടെ നടക്കുന്നതു .ഒക്കെ നിന്റെ കൊണവതിയാരം .എന്റെ മോനല്ലേ, ,കാണുമ്പോൾ ഇത്തിരി ദണ്ണം ഉണ്ടെടി .നീ ഒരു കാലത്തും ഗുണം പിടിക്കാൻ പോകുന്നില്ല .അത്രക്കും ഉണ്ട് അഹമ്മതി ..

ദിവസവും കേൾക്കുന്നതാണെങ്കിലും അന്നെന്തോ അവൾക്കു കരച്ചിൽ വന്നു .ഇതുവരെ അടക്കി വെച്ചിരുന്ന ആർത്തവത്തിന്റെ അസ്വസ്ഥതകൾ കുളിമുറിയിലെ നനഞ്ഞ തറയിൽ ഒഴുകിപ്പടരുമ്പോൾ കണ്ണുനീർത്തുള്ളികളും അവക്കൊപ്പം ഒഴുകിപ്പോയി .

ഉറങ്ങിക്കിടക്കുന്ന മോൾക്ക് ഒരുമ്മ കൊടുത്തു അടുക്കളയിലെക്ക് നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും ആ കവർ ഓർമ്മയിൽ എത്തി . അരവിന്ദ് കണ്ടാൽ ഇന്ന് അതിനായിരിക്കും അടിയും വഴക്കും. വരുന്നേനു മുൻപ് തുറന്നു നോക്കി മാറ്റി വെക്കണം എന്ന വേവലാതിയോടെ മുകളിലെ പൊതിച്ചിൽ മാറ്റിയതും ഹാപ്പി ബർത്ത്ഡേ രേഷു എന്ന വർണ്ണക്കടലാസ്സ് അവളെ നോക്കി പുഞ്ചിരി പൊഴിച്ചു.

രേഷു എന്ന വിളി .അത് ഈ ജീവിതത്തിൽ ഒരേ ഒരാളെ വിളിച്ചിട്ടുള്ളൂ എന്ന ഓർമ്മയിൽ വിതുമ്പിപോയി അവളുടെ മനസ്സ് ….

പീലി വിരിച്ചു നിൽക്കുന്ന മയിലിന്റെ ചിത്രമുള്ള ,വീതിയിൽ കസവു ബോർഡുള്ള ഒരു സാരിയായിരുന്നു വർണ്ണക്കടലാസ്സിനുള്ളിൽ ..സാവിത്രിയമ്മയെങ്ങാനും വാതിൽക്കൽ വന്നു നില്ക്കുന്നുണ്ടോ എന്ന പേടിയോടെ പുറത്തേക്കു മിഴികൾ അയച്ച് അവളതു നിവർത്തിയതും നാലായി മടക്കിയ ഒരു കടലാസ് താഴെ വീണു …സ്വർണ്ണ നിറമുള്ള ഒരു കുഞ്ഞു പെട്ടിയും .

“രേഷു , ഞാൻ ചെയ്യുന്നതു തെറ്റോ ശരിയോ എന്നെനിക്കറിയില്ല .ഇതുവരെയും ചെയ്തതെല്ലാം തെറ്റുകളായിരുന്നു എന്നുമാത്രമറിയാം .

വർഷങ്ങൾക്ക് മുൻപ് ,നീയെനിക്കു നഷ്ടമാകുന്നതിനും മുന്നേ,ഞാൻ നഷ്ടപ്പെടുത്തുന്നതിനും മുന്നേ എന്ന് പറയുന്നതാവും ശരി.മീനത്തിലെ തിരുവാതിര ഓർത്തു വെച്ച് വാങ്ങിയതാ ഈ സമ്മാനം .ഇത് നിന്റെ കയ്യിൽ എത്തും മുന്നേ നീയെനിക്കന്യയായല്ലോ .

നഷ്ടം എന്നത് രണ്ടു പേർക്കും ഒരു പോലെയായിരുന്നോ ,ആർക്ക് കൂടുതൽ ആർക്ക് കുറവ് ….ഉത്തരമില്ലാത്ത ചോദ്യം …അമ്മയുടെ പിടിവാശി തകർത്തു കളഞ്ഞത് നമ്മുടെ മാത്രം ജീവിതമായിരുന്നല്ലേ. അമ്മക്ക് പേടിയായിരുന്നു എന്നെ നഷ്ടപ്പെടുമോയെന്ന്. പാവം.

ചൊവ്വാദോഷമുണ്ടെന്ന് നീയും നിന്റെ വീട്ടുകാരും ഒരുപോലെ പറഞ്ഞിട്ടും, അതൊക്കെ വെറും അന്ധവിശ്വാസം എന്ന് പുച്ഛിച്ചു തള്ളി എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ നിർബന്ധം പിടിച്ചത് ഞാൻ തന്നെയായിരുന്നു ലോ. എന്നിട്ടും കുറെ മോഹങ്ങൾ ആ മനസ്സിലേക്ക് വാരിയിട്ടു തന്ന് ആണത്ത മില്ലാത്തവനെപ്പോലെ തലയും കുനിച്ചിറങ്ങി പോരേണ്ടി വന്നു.

ഒടുവിൽ യുദ്ധം ജയിച്ച അഹങ്കാരത്തോടെ,ജാതക ദോഷമൊന്നുമില്ലാത്ത ,അമ്മയുടെ അന്തസ്സിന് ഒത്ത ഒരുവളെ അമ്മ തന്നെ കണ്ടു പിടിച്ചു എനിക്ക് വേണ്ടി.

” അവള് കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരുമായി .ഇനി നീ ആരെ നോക്കി ഇരിക്കുവാ ..എനിക്ക് പത്തും പലതും ഇല്ല നീ ഒന്നേയുള്ളു “എന്ന ആവലാതി അവസാനം അച്ഛൻ ഇല്ലാത്ത ദുഃഖം അറിയാതെ വളർത്തിയതിലും ,പഠിപ്പിച്ചു വലിയ ആളാക്കിയതിലും എത്തി നിൽകുമ്പോൾ ,എന്നാ പിന്നേ അമ്മയുടെ ഇഷ്ടം എന്നൊരു വാക്ക് കൊടുത്തു പോയി.

പക്ഷേ അമ്മ തോറ്റു പോയി. ഗൾഫിലുള്ള കാമുകൻ എത്തും വരെ പിടിച്ചു നിൽക്കാനുള്ള ഒരു ഉപാധി മാത്രമായിരുന്നു അവൾക്ക് കല്യാണം …പിന്നേ അച്ഛൻ കൊടുത്ത കിലോ കണക്കിന് സ്വർണ്ണവും അവൾക്ക് വേണമായിരുന്നു .. നാലാം ദിവസം അവളും അവനും എന്റെ മുന്നിൽ കൂടി അങ്ങ് ഇറങ്ങിപോയി . നിന്റെ കണ്ണീരിന്റെ ശക്തി അന്നെനിക്ക് മനസ്സിലായി. അമ്മയ്ക്കും …..ബോക്സിലുള്ള താലി മാലയും നിനക്ക് വേണ്ടി ഞാൻ കരുതി വെച്ചിരുന്ന എന്റെ സ്വപ്‌നങ്ങളാ യിരുന്നു .ഇത് ഇനിയും കാത്തു സൂക്ഷിക്കുന്നതിൽ അർഥമില്ല എന്ന് തോന്നിയതു കൊണ്ട് നിന്നെത്തഏല്പിക്കുന്നു .എന്റെയൊരു മനസ്സമാധാനത്തിന്.

സ്വീകരിക്കാം ,വലിച്ചെറിയാം ..എല്ലാം നിന്റെയിഷ്ടം .. നിന്റെ അരവിന്ദ് ,നിനക്ക് തരുന്നത് കണ്ണീര് മാത്രമാണെന്ന് ഞാൻ അറിഞ്ഞു …ആ അറിവ് എന്റെ നെഞ്ചിലെ തീയായി ഇന്നും അണയാതെ എരിയുന്നുണ്ട് ..അർഹതയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ,ക്ഷമിച്ചു എന്നൊരു വാക്ക് നിന്റെ നാവിൽ നിന്നും കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ഞാനിപ്പോ ….ഇനിയും നിന്റെ മുന്നിൽ വരാൻ എനിക്കാവില്ല .അതുകൊണ്ട് മാത്രം ഇങ്ങനെ ഒരു നാടകം കളിക്കേണ്ടി വന്നു …രേഷു ,നീയെന്നോട് ക്ഷമിക്കില്ലേ ….

കിച്ചു ..

കരയാനുള്ള ശക്തി പോലും നഷ്ടപ്പെട്ട് ,ഉറങ്ങുന്ന കുഞ്ഞിനരികിലേക്ക് കയറി അവൾ ചേർന്ന് കിടന്നു.

.ഉമ്മറത്ത്‌ സാവിത്രിയമ്മയുടെ സംസാരം കേട്ടതും ഞെട്ടിയെഴുന്നേറ്റ് എല്ലാം ആ കവറിൽ വെച്ച് ,അരവിന്ദന്റെ കണ്ണിൽപ്പെടാതെ ഒളിപ്പിച്ചു …പിന്നേ ഇടറി ഇടറി അടുക്കളയിലേക്ക് നടന്നു ..

പിറ്റേന്ന് പതിവിലും നേരത്തെ എല്ലാം ഒതുക്കി പുതിയ സാരിയും ഉടുത്തു അവൾ ഓഫീസിലെക്ക് ഇറങ്ങി .ഹാഫ് ഡേ ലീവ് എഴുതിക്കൊടുത്തിട്ട് വീണ്ടും ബസ്സ്റ്റോപ്പിൽ വന്നു .. ചാലക്കുടി എന്ന ബോർഡ്‌ വെച്ച ഒരു ബസ് വന്നു നിന്നതുo അവളതിൽ കയറി.സീറ്റിൽ ഇരുന്നിട്ട് ബാഗിൽ വെച്ചിരുന്ന ,കിച്ചു സമ്മാനിച്ച മാലയെടുത്തു കഴുത്തിൽ ഇട്ടു .

ഇതൊക്കെയിട്ട് എന്നെ കാണാൻ ഒരുപാട് ആഗ്രഹിച്ചതല്ലേ. ഞാൻ വരുവാണ് നിന്റെയാഗ്രഹം നിറവേറ്റാൻ. നിന്നോട് ക്ഷമിക്കാൻ മാത്രേ എനിക്കാവൂ കിച്ചൂ.

പുറത്തേ ശൂന്യതയിലേക്ക് മിഴികൾനട്ടവൾ പിറുപിറുത്തു

വേണ്ടന്ന് കരുതിയിട്ടും ,കിച്ചുവിനോപ്പമുള്ള ഓർമ്മകൾ അവളെ കുത്തി നോവിക്കാൻ വേണ്ടി മാത്രം കയറി വന്നു …ഓർമ്മകൾക്ക് മരണമില്ലാത്തതെന്തേ എന്നവൾ നെടുവീർപ്പിട്ടു.

എന്തുമാത്രം സ്വപ്നങ്ങളായിരുന്നു. ചൊവ്വാദോഷക്കാരിയായതുകൊണ്ട് ഓരോ വിവാഹാലോചനകളും മുടങ്ങിപ്പോകുന്നതിന്റെ വിഷമം. എല്ലാ ആഴ്ചയിലും പെണ്ണുകാണാൻ ഒരുങ്ങിക്കെട്ടി നിൽക്കുന്നതിലുള്ള മടുപ്പ്. കല്യാണം വേണ്ട എന്ന പിടിവാശിക്ക്മുന്നിൽ അമ്മ കുടഞ്ഞിടുന്ന കണ്ണുനീര്. മരവിച്ചു തുടങ്ങിയ മനസ്സിലേക്കാണ് കിച്ചു ഒരു പുതുമഴത്തുള്ളിയെ കുടഞ്ഞിട്ടത്.

ഒടുക്കം, വിവാഹത്തലേന്ന് പ്രതീക്ഷിക്കാതെ കടന്നു വന്ന മരണദൂതൻ, കിച്ചുവിന്റെ അച്ഛമ്മയെ കൂട്ടി കടന്നു പോയപ്പോൾ നാളെ വലതുകാൽവെച്ചു കയറിവരാൻ പോകുന്ന പെണ്ണിന്റെ ജാതകദോഷം തന്നെയെന്ന് വന്നു കൂടിയ ബന്ധുക്കളെല്ലാം ഒരേ സ്വരത്തിൽ ഒളിഞ്ഞും തെളിഞ്ഞും അമ്മയുടെ കാതിൽ മൂളി.

“വന്നു കയറും മുന്നേ ഒരു ജീവൻ അവളെടുത്തു. ഇനി നാളെ ആരെയൊക്കെ കാലന് കൊണ്ടോയി കൊടുക്കും ന്ന് ആർക്കറിയാം.എന്റെ കൊക്കിലു ജീവനുണ്ടെങ്കിൽ ഈ കല്യാണം നടക്കാൻ ഞാൻ സമ്മതിക്കില്ല. നീയെങ്ങാനും ഇല്ലാതായാൽ പിന്നെ ഞാൻ എന്തിനാ മോനെ ജീവിക്കുന്നെ.”

അമ്മയുടെ കണ്ണീരിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ, നെഞ്ചുരുകുന്ന വേദനയോടെ കിച്ചു ഒരിക്കൽ കൂടി തന്റെ മുന്നിൽ വന്നു.

മാപ്പ്… കൂപ്പിയ കൈകളോടെ ഒരൊറ്റ വാക്കിൽ സ്വപ്നങ്ങൾക്ക് ചിതയൊരുക്കി.

അരവിന്ദിന്റെ ജാതകവും കൊണ്ടു വന്ന ബ്രോക്കർ പറഞ്ഞു പത്തിൽ പത്തു പൊരുത്തം. ഇതങ്ങു നടത്താൻ നോക്കിക്കോ. ചെറുക്കന് സ്ഥിരജോലിയില്ലന്നൊരു കുറവേ ഉള്ളു. വേണ്ടുവോളം പഠിപ്പുണ്ട്. നാളെയൊരു ജോലി കിട്ടിക്കൂടായയില്ല ല്ലോ.

അച്ഛനും ബ്രോക്കർ സുകുവേട്ടന്റെ വാക്കുകൾ ആവർത്തിച്ചു.

എല്ലാരുടെയും നിർബന്ധത്തിന് വഴങ്ങി ഒരു ബലിമൃഗത്തെപ്പോലെ അരവിന്ദിന്റെ താലിക്കു മുന്നിൽ തല കുനിച്ചു.

സഹിച്ചും ക്ഷമിച്ചും ഉരുകി തീർന്ന ഒരുപാട് വർഷങ്ങൾക്ക് ശേഷവും,മദ്യത്തിനും , ഡ്രഗ്സിനും അടിമപ്പെട്ട് നല്ലൊരു ഭാവിയെ തുലച്ചു കളയുന്ന അരവിന്ദനെ ഒരിക്കലും നേർവഴിക്കു നടത്താനാകാതെ,ഒരു ഡിവോഴ്സ്ന്റെ വക്കിലേക്ക് നടന്നടുക്കുന്ന തന്റെ ജീവിതമോർത്തവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.

ജയ പറയും പോലെ എത്രയും പെട്ടന്ന് ഒരുവീടെടുത്തു മോളെയും കൊണ്ട് ആ നരകത്തിൽ നിന്നും ഇറങ്ങിപ്പോരണം. ഇനിയും വയ്യ പിടിച്ചു നിൽക്കാൻ.

അവളൊരു നെടുവീർപ്പിട്ടു.

“ചേച്ചി ,നിങ്ങൾ പറഞ്ഞ സ്റ്റോപ്പ്‌ അടുത്തതാട്ടോ ” കണ്ടക്ടർ തട്ടിവിളിച്ചപ്പോൾ അവൾ ഓർമ്മകളെ തൂത്തെറിഞ്ഞു അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.

ബസിറങ്ങി ആദ്യം കണ്ടയാളോട് ചോദിച്ച് അയാൾ ചൂണ്ടിക്കാട്ടിയ വഴിയിലൂടെ അവൾ മുന്നോട്ട് നടന്നു.

മെയിൻ റോഡ് കടന്ന് ഇടവഴിയിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു മുറ്റത്തു വലിച്ചു കെട്ടിയ നീല പ്ലാസ്റ്റിക് ഷീറ്റ് …നിറയെ കസേരകൾ ,അവിടവിടെ കൂട്ടം കൂടി നിന്ന് പിറുപിറുക്കുന്നവർ …വീട് മാറിപ്പോയോ എന്ന സന്ദേഹത്തോടെ എതിരെ വന്ന ആളോട് ചോദിച്ചു ,ഇതല്ലേ കൃഷ്ണകുമാർന്റെ വീട് ??

ആ ,ഇത് തന്നെ . ബോഡി എത്തിയിട്ടില്ല .കുറച്ചു കൂടി കഴിയും .

ബോഡിയോ ,ആരുടെ ബോഡി …ആരെക്കുറിച്ച നിങ്ങൾ പറയുന്നത് …

അത് കൊള്ളാം ..നിങ്ങൾ ചോദിച്ച ആളെപ്പറ്റി തന്നെയാ ഞാൻ പറഞ്ഞത് .നിങ്ങൾ ഒന്നും അറിയാതെയാ വന്നത് അല്ലേ .. ? ഇന്നലെ വൈകുന്നേരം ടൗണിൽ വെച്ച് കൃഷ്ണന്റെ വണ്ടി ബസുമായി കൂട്ടിയിടിച്ചു …അവിടെ തന്നെ തീർന്നു ആള് .

അല്ല മോള് എവിടുന്നാ വരുന്നേ എന്ന ചോദ്യം അവൾ കേട്ടില്ല .അതിനും മുന്നേ കിച്ചൂ എന്നൊരു തേങ്ങലോടെ പ്രജ്ഞയറ്റ് വീണു പോയിരുന്നു അവൾ.

സിന്ധു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *