ജാതക ദോഷം ഒന്നുമില്ലാത്ത രണ്ടു പേര് തമ്മിൽ വിവാഹം കഴിച്ചാലും മനപ്പൊരുത്തം ഇല്ലെങ്കിൽ പിന്നെ ആ ജീവിതം തീരില്ലെ..?

❤️ പട്ടാളക്കാരന്റെ പെണ്ണ് ❤️

എഴുത്ത്: അനു സത്യൻ നിഹാരിക

അഞ്ച് വർഷം ജീവന്റെ പാതിയായി കൊണ്ട് നടന്ന പെണ്ണ് ഒരു ഗൾഫുകാരന്റെ ആലോചനക്ക് സമ്മതം മൂളിയപ്പോൾ ആണ് പ്രണയിക്കാൻ ജോലി ഉള്ളവർക്ക് മാത്രമേ കഴിയുള്ളൂ എന്നു എനിക്ക് തോന്നിയത്. അവളുടെ ഇംഗേജ്മെന്റിന് ശോകമടിച് വീട്ടിൽ ഇരുന്ന എന്നോട് അവളെ ഓർത്തു ഇങ്ങനെ വീട്ടിൽ കുത്തിയിരിക്കാതെ പുറത്തോട്ട് ഇറങ്ങി വല്ല ജോലിയും അന്വേഷിക്കട എന്നു അച്ഛൻ പറഞ്ഞപ്പോൾ ജോലിയുടെ ആവശ്യകത ഒന്നു കൂടി മനസ്സിലായി.

എന്റെ കാമുകി, അമ്മയുടെ ബന്ധത്തിൽ പെട്ടൊരു പെൺകുട്ടി തന്നെ ആയിരുന്നത് കൊണ്ട് അത്യാവശ്യം ബന്ധുക്കൾക്കോക്കെ ഞങ്ങളുടെ കാര്യം അറിയാമായിരുന്നു.

എന്നെപ്പറ്റി അവളോട് തിരക്കുന്നവരോട് ജോലിയും കൂലിയും ഇല്ലാത്തവനേ കെട്ടി പട്ടിണി കിടക്കാൻ വയ്യാ എന്നു അവള് മറുപടി പറഞ്ഞത് അറിഞ്ഞപ്പോൾ, പ്രണയത്തിന്റെ ആദ്യകാലത്ത് “പട്ടിണി ആണേലും വേണ്ടില്ല നീ എന്റെ കൂടെ ഉണ്ടായാൽ മതി” എന്ന് തേൻ പുരട്ടിയ വാക്കുകളാൽ എന്നോട് പറഞ്ഞത് പുച്ഛത്തോടെ ഞാൻ ഓർത്തു.

ഏതെങ്കിലും പരിപാടികൾക്ക് പോയാൽ അവിടെ ഒക്കെ തേപ്പ് കിട്ടി അല്ലേ, അവള് തേച്ചു അല്ലേ എന്ന ചോദ്യങ്ങൾ കേട്ട് മടുത്തപ്പോൾ എനിക്ക് എങ്ങനെയെലും ഒരു ജോലി കിട്ടിയാൽ മതി എന്നായി.

പഠിച്ചിറങ്ങിയാൽ ഉടൻ ജോലി കിട്ടും എന്ന തെറ്റിദ്ധാരണയിൽ ഡിപ്ലോമക്ക് ചേർന്ന ഞാൻ ആ സർട്ടിഫിക്കറ്റുമായി പല സ്ഥലങ്ങളിലും കേറി ഇറങ്ങി. എല്ലായിടത്തും ഡിഗ്രീ ആണത്രേ യോഗ്യത.

അവള് തേച്ച വിഷമവും ജോലി ഇല്ലാത്ത വിഷമവും കൂടി ചേർന്ന് വല്ലാത്തൊരു അവസ്ഥയിൽ എത്തിയപ്പോൾ ആണ് ആർമിയിലേക്ക് റിക്ക്രൂട്മെന്റ് നടക്കുന്ന വാർത്ത കണ്ടത്. ആർമി എങ്കിൽ ആർമി എന്നും പറഞ്ഞു ഞാൻ റിക്ക്രൂട്മെന്റിന് പോയി. എന്തോ ഭാഗ്യത്തിന് സെലക്ഷൻ ഒക്കെ കിട്ടി ഞാൻ ഒരു പട്ടാളക്കാരൻ ആയി.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. രണ്ടു വർഷക്കാലത്തിന് ശേഷം ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ചു ഞാൻ കമാൻഡർ ആയി. തണുപ്പ് കാലത്ത് ചുരുണ്ട് കൂടി കിടന്നുറങ്ങിയിരുന്ന ഞാൻ പട്ടാളത്തിൽ എത്തിയതോടെ തണുപ്പെന്നോ ചൂടെന്നോ മഴയെന്നോ വെയിലെന്നോ ഇല്ലാതെ ഭാരതാംബയെ സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്തു. ഉറക്കം പോലും ഉപേക്ഷിച്ചു.

അമ്മ ഇടക്കൊക്കെ വീട്ടിൽ നിന്നും വിളിക്കുമ്പോൾ ആണ് നാട്ടിലെ കാര്യങ്ങള് അറിയുന്നത്. വീടിനടുത്ത വീട്ടിൽ താമസിച്ചിരുന്നവർ സ്ഥലം ഒക്കെ വിറ്റു പോയതും അവിടെ പുതിയ താമസക്കാർ വന്നതും അമ്മ പറയുമായിരുന്നു.

പിന്നീട് അമ്മ പറയുന്ന കഥകളിൽ ഞാൻ ഒരു വായാടി പെൺകുട്ടിയെ കുറിച്ച് അറിയാൻ തുടങ്ങി. സർക്കാർ ജീവനക്കാരായ അച്ഛനമ്മമാരുടെ ഒരേയൊരു മകൾ.. നന്ദിത എന്ന അമ്മയുടെ നന്ദു.. അവളെ കുറിച്ച് വാ തോരാതെ പറഞ്ഞു കേട്ട് എനിക്കും അവള് ആരോ ആയത് പോലെ തോന്നി.

നാട്ടിൽ മുഴുവൻ കൊറോണ പടർന്നു പിടിച്ചപ്പോൾ ആകെ ഒരു പേടി. അച്ഛനെയും അമ്മയെയും കാണാൻ തോന്നി. ലീവിന് ചോദിച്ചപ്പോൾ സുപീരിയർ ഒരു മാസത്തെ ലീവ് തന്നു. കൂട്ടത്തിൽ വേണേൽ ഒരു മാസം കൂടി ലീവ് എടുത്തോളൂ.. ആവശ്യം വന്നാലോ എന്നൊരു പറച്ചിലും. അദ്ദേഹം ഉദ്ദേശിച്ചത് മനസ്സിലായി എങ്കിലും ഒരു തേപ്പ് കിട്ടിയത് കൊണ്ട് കല്യാണം എന്നൊരു ചിന്ത മനസ്സിൽ പോലും ഉണ്ടായിരുന്നില്ല.

അങ്ങനെ ഒരു മാസത്തെ ലീവിന് നാട്ടിലേക്ക് എത്തി. അവിടുന്ന് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയിരുന്നതിനാൽ വീട്ടിൽ ഹോം ക്വാരന്റിൻ പോകാൻ തീരുമാനിച്ചു. എന്റെ പതിനാല് ദിവസത്തെ ക്വാരന്റിൻ ജീവിതത്തിന് വേണ്ടി എന്റെ മുറി തന്നെ ഒരുക്കി ഇട്ടിരുന്നു.

എന്നെ കണ്ട സന്തോഷം അമ്മക്കും അച്ഛനും ഒക്കെ ഉണ്ടായിരുന്നു. കഴിക്കാൻ ഉള്ള ആഹാരവും വെള്ളവും ഒക്കെ റൂമിന്റെ പുറത്ത് എനിക്കായി വച്ചിരിക്കുന്ന പാത്രത്തിൽ വിളമ്പി അമ്മ പോകും.. ഞാൻ അതെടുത്തു കഴിക്കും.. ജയിൽ ജീവിതം പോലെ തോന്നി എനിക്ക്.. ഒറ്റ ദിവസം കൊണ്ട് ക്വാരന്റിൻ എനിക്ക് മടുത്തു.

പിറ്റെ ദിവസം എങ്ങനെ കഴിയും എന്ന് ആലോചിച്ചു ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുമ്പോൾ ആണ് വാതിലിൽ ആരോ കൊട്ടിയത്. പുറത്തേ മുറ്റത്തേക്ക് വാതിൽ ഉള്ള മുറി ആണ് എന്റേത്. വീടിന് ചുറ്റും കെട്ടിയിരിക്കുന്ന വരാന്തയിൽ ചെറിയൊരു അരഭിതി കെട്ടിയിട്ടുണ്ട്. ആ അരഭിതിയിൽ എന്നെ പ്രതീക്ഷിച്ചെന്ന വണ്ണം ഒരു പെൺകുട്ടി ഇരിക്കുന്നു. നീളമുള്ള ചുരുണ്ട മുടി പിന്നി മുന്നിലേക്ക് ഇട്ടിരിക്കുന്നു. ഒരു നീല ചുരിദാർ ആണ് വേഷം. നിഷ്കളങ്കത നിറഞ്ഞ വെളുത്ത കുഞ്ഞു മുഖം. നെറ്റിയിൽ ചുവന്ന പൊട്ടിനൊപ്പം ചന്ദന കുറി തൊട്ടിട്ടുണ്ട്.

“ഹേയ്.. സാമൂഹിക അകലം പാലിക്കു..”

നന്ദു പറയുന്നത് കേട്ടാണ് താൻ അവളെ നോക്കി അവളുടെ അടുക്കൽ ചെന്നു എന്നു മനസ്സിലായത്. വേഗം തിരിച്ചു പോയി ജനാലയുടെ അവിടെ ഒരു കസേര വലിച്ചിട്ട് അവളെ കാണാവുന്ന രീതിയിൽ ഇരുന്നു.

“ഇപ്പൊ ഓകെ ആയി..”

അവള് ചിരിയോടെ പറയുന്നത് കേട്ടു ഞാൻ ചിരിച്ചു. യാതൊരു അപരിചിതത്വം ഇല്ലാതെ അവള് എന്നോട് സംസാരിക്കുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു.

“ചേട്ടൻ ഇങ്ങനെ നോക്കണ്ട.. അമ്മ പറഞ്ഞു ചേട്ടനെ എനിക്ക് നന്നായി അറിയാം..”

എന്റെ മനസറിഞ്ഞത് പോലെ നന്ദു കണ്ണിറുക്കി പറഞ്ഞു.

“എനിക്ക് തന്നെയും..”

ചിരിയോടെ ഞാനും പറഞ്ഞു. എന്റെ പട്ടാള ജീവിതത്തിലെ വീര സാഹസിക കഥകൾ കേൾക്കാൻ അവൾക്ക് വലിയ താൽപര്യം ആണ്.. ഇടക്കു ഓരോ വട്ട്ചോദ്യം ചോദിക്കും അവള്.. കളിയാക്കിയാൽ കൊഞ്ഞനം കുത്തി കാണിച്ചു അമ്മയുടെ അടുത്തേക്ക് ഒരോട്ടം ആണ്.. അവളുടെ അച്ഛനും അമ്മയും ജോലിക്ക് പോവുന്നതിനാൽ പകൽ മുഴുവൻ എന്റെ വീട്ടിൽ ആണ്.. ഡിഗ്രീ കഴിഞ്ഞതാണ്.. പിജി ക്ക് പോവാൻ ആഗ്രഹം ഉണ്ടായിട്ടും കൊറോണ മൂലം വീട്ടിൽ ഇരിക്കേണ്ടി വന്നതാണ് പെണ്ണിന്.

അവള് ഉള്ളത് കൊണ്ട് ബാക്കി ഉള്ള ദിവസങ്ങൾ കഴിഞ്ഞു പോയത് അറിഞ്ഞതേയില്ല. എന്നും രാവിലെ വന്നു ആ ഭിത്തിയിൽ ഇരിക്കും ഞാൻ ജനാലക്കലും. കഴിക്കാൻ നേരം ഞാൻ അകത്തിരുന്ന് കഴിക്കുമ്പോൾ അവൾക്കൊപ്പം അമ്മയും അവിടെ ഇരുന്നു കഴിക്കും. കളിയും ചിരിയും ആയി എന്റെ ക്വാരന്റിൻ അവസാന ദിവസം ആയി. അത് ഒരു ഞായറാഴ്ച ആയിരുന്നു.

രാവിലെ തന്നെ അവളുടെ വിളി കേട്ടാണ് ഉണർന്നത്.

“ചേട്ടാ.. ഞാൻ രാവിലെ അമ്പലത്തിൽ പോയിരുന്നു.. ദേ ഇവിടെ ചന്ദനം വച്ചിട്ടുണ്ട്.. കുളി കഴിഞ്ഞ് വന്നു തൊടണം കേട്ടോ.. പിന്നെ ഞാൻ ഇന്ന് ഉണ്ടാവില്ല.. വീട്ടിൽ അമ്മാവൻ ഒക്കെ വന്നിട്ടുണ്ട്.. അയ്യോ.. അമ്മ വിളിക്കുന്നു.. പോകട്ടെ..”

എന്നും പറഞ്ഞു എനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും തരാതെ ഓടിപോവുന്ന അവളെ ചെറു ചിരിയോടെ ഞാൻ നോക്കി നിന്നു. അന്നത്തെ ദിവസം സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ എനിക്ക് തോന്നി. അവള് ഇല്ലാത്തത് കൊണ്ടാവും. അമ്മയും അവിടെ പോയതിനാൽ രാവിലെയും ഉച്ചക്കും ഒറ്റക്ക് ആഹാരം കഴിക്കേണ്ടി വന്നു എനിക്ക്.

വൈകിട്ട് നന്ദു ഇരിക്കുന്ന സ്ഥലത്ത് വന്നിരുന്ന അമ്മയുടെ മുഖത്ത് വല്ലാത്ത സങ്കടം ഉള്ളത് പോലെ തോന്നി എനിക്ക്.

“എന്ത് പറ്റി അമ്മേ..? വയ്യേ..? മുഖം ഒക്കെ വല്ലതിരിക്കുന്നു..”

“ഒന്നുമില്ല മോനെ.. ഞാൻ നമ്മുടെ നന്ദുവിന്റെ കാര്യം ഓർത്തു ഇരുന്നത്താ..”

“അവൾക്ക് എന്ത് പറ്റി..? രാവിലെ ഞാൻ കണ്ടപ്പോഴും കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ..”

“ഇന്ന് അവളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നിരുന്നു മോനെ.. ഞാനത് ഓർത്തതാ.. ഈ വിവാഹം എങ്കിലും നടന്നാൽ മതിയാരുന്നു..”

അത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. നെഞ്ചില് ആരോ കുത്തുന്നത് പോലെ..

പിന്നെ അമ്മ പറയുന്നതിൽ ഒന്നും ശ്രദ്ധ ചെലുത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ എന്റെ റിസൾട്ട് വന്നിരുന്നു. നെഗറ്റീവ് ആണ്. നാളെ മുതൽ പുറത്തിറങ്ങാം. അത് ഒരു തരത്തിൽ എനിക്ക് ആശ്വാസമായി. വല്ലപ്പോഴും മാത്രം അവളെ അഭിമുഖീകരിച്ചാൽ മതിയല്ലോ.

പക്ഷേ പിറ്റെ ദിവസം പഴയ പോലെ ചിരിയുമായി അവള് വന്നപ്പോൾ എനിക്ക് അതേ ചിരി തിരികെ നൽകാൻ കഴിഞ്ഞില്ല. ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ അവളോട് ഇന്നലത്തെ പെണ്ണ് കാണലിനെ പറ്റി ചോദിച്ചത്. അത് കേട്ടതും അവളുടെ മറുപടി അറിയാൻ വേണ്ടി ഞാൻ ചെവി കൂർപ്പിച്ചു.

“അവർക്ക് എന്നെ ഇഷ്ടപ്പെട്ടു.. പക്ഷേ ജാതക ദോഷം ഉള്ള ഒരു പെൺകുട്ടിയെ അവർക്ക് വേണ്ടാന്നു പറഞ്ഞു അമ്മേ.. “

ചിരിയോടെ അവള് പറഞ്ഞപ്പോൾ അമ്മയുടെയും അച്ഛന്റെയും മുഖം മങ്ങുന്നത് ഞാൻ കണ്ടു. അവർ പെൺകുട്ടിയെ വേണ്ട എന്ന് പറഞ്ഞത് മാത്രം എക്കോ പോലെ എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു. എന്റെ ഉള്ളം സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ അറിഞ്ഞു.

” അവൾക്ക് എന്താ ജാതക ദോഷം..?”

സന്ധ്യക്ക് വിളക്ക് വെച്ച് കഴിഞ്ഞ് വരാന്തയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ ഞാൻ ചോദിച്ചു.

“അത്.. അവൾക്ക് വൈദവ്യ ദോഷം ആണ് മോനെ..”

“എന്ന് വെച്ചാൽ..?”

“അവളുടെ കഴുത്തിൽ താലി കെട്ടുന്നവൻ വിവാഹം കഴിഞ്ഞ് മൂന്നാം പക്കം മരിക്കും എന്നാണ് ദോഷം..”

അത് കേട്ട് ഞാൻ അമ്മയുടെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി. പക്ഷേ അച്ഛന്റെ മുഖത്ത് ചിരി ആയിരുന്നു.

“ഈ വന്ന കാലത്ത് ജാതകം നോക്കി ജീവിക്കുന്നവരെ കാണാൻ കിട്ടുമോ..? ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ ജാതകം നോക്കിയാണോ കല്യാണം കഴിക്കുന്നതും ഒരുമിച്ച് ജീവിക്കുന്നതും..? ഈ ഒളിച്ചോടുന്നവർ ഒക്കെ ജാതകം ഒക്കെ നോക്കിയാണോ പ്രേമിക്കുന്നത്..? ജാതക ദോഷം ഒന്നുമില്ലാത്ത രണ്ടു പേര് തമ്മിൽ വിവാഹം കഴിച്ചാലും മനപ്പൊരുത്തം ഇല്ലെങ്കിൽ പിന്നെ ആ ജീവിതം തീരില്ലെ..?”

ഞങ്ങളെ ഒന്ന് നോക്കി അച്ഛൻ തുടർന്നു.

” ഒരാളുടെ മരണം തീരുമാനിക്കുന്നത് ദൈവം ആണ്.. ജനിക്കുമ്പോൾ തന്നെ മരണവും കുറിക്കപ്പെടുന്നു എന്നു കേട്ടിട്ടില്ലേ..? അവളെ സംബന്ധിച്ച് ജാതക ദോഷം അല്ലേ ഉള്ളൂ.. പേര് ദോഷം ഒന്നും ഇല്ലല്ലോ.. അവളെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടാൻ പുണ്യം ചെയ്യണം..”

അതും പറഞ്ഞു അച്ഛൻ എഴുന്നേറ്റു പോയി.

“ഡാ.. മോനെ.. നിനക്ക് സമ്മതം ആണെങ്കിൽ നന്ദുവിനെ ഇവിടേക്ക് കൊണ്ട് വന്നാലോ..? നിന്റെ പെണ്ണായി..?”

രാത്രി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ എന്നോട് ചോദിച്ചത്. അത് കേട്ട് ഞെട്ടി ചോറ് നെറുകയിൽ കയറുമ്പോൾ അമ്മ വേഗം നെറുകയിൽ തട്ടി.

“അവളെ കല്യാണം ആലോചിച്ചപ്പോൾ തന്നെ നമ്മുടെ മോന്റെ ജീവൻ പോയല്ലോഡി..”

അതും പറഞ്ഞു അമ്മയോട് ചിരിക്കുന്ന അച്ഛനെ ഞാൻ വിശ്വസിക്കാൻ പറ്റാതെ നോക്കി ഇരുന്നു.

“മോനെ.. നിന്റെ അച്ഛൻ പറഞ്ഞതിനോട് എനിക്കും സമ്മതമാണ്.. നിന്റെ അഭിപ്രായം എന്തായാലും നാളെ പറയണം.. കേട്ടോ..”

കിടക്കാൻ പോകുമ്പോൾ അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു.

രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ എന്റെ മനസ്സിൽ നന്ദു ആയിരുന്നു. അച്ഛന്റെ വാക്കുകൾ ഒരു വേള എന്റെ ചെവിയിൽ മുഴങ്ങി കേട്ടു.

ശരിയാണ് അച്ഛൻ പറയുന്നത്. പത്തിൽ പത്ത് പൊരുത്തം നോക്കി വിവാഹം കഴിക്കുന്ന എത്ര പേര് ആ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുന്നുണ്ട്..? ഇത് പോലെയുള്ള ജാതക ദോഷങ്ങൾക്ക് പരിഹാരം ചെയ്തു കെട്ടിച്ചു വിടുന്ന പെണ്ണിനും ദൈവം അനുഗ്രഹിച്ചാൽ മാത്രം സ്വസ്ഥത ഉള്ളൊരു ജീവിതം കിട്ടും..അതിൽ ഈ ജാതകത്തിനോ ഗ്രഹങ്ങൾക്കോ പൊരുതത്തിനോ ഒരു സ്ഥാനവും ഇല്ല.. രണ്ടു പേര് പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ അവിടെ ഒരു ദോഷവും ഉണ്ടാവില്ല.. പകരം സ്നേഹമുള്ള ഒരു ജീവിതം ഉണ്ടാവും..

പല വിധ ചിന്തകളാൽ മുഴുകിയ ഞാൻ എപ്പോഴോ ഉറങ്ങി. രാവിലെ എഴുന്നേൽക്കുമ്പോൾ ഉറച്ച ഒരു തീരുമാനം എടുത്തിരുന്നു.

അന്ന് പതിവ് പോലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ അവളും ഉണ്ടായിരുന്നു.

“നന്ദു.. വളച്ച് കെട്ടാതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?”

അവള് എന്താ എന്ന അർത്ഥത്തിൽ എന്നെ നോക്കി. ശേഷം അച്ഛനമ്മമാരെയും. അവരും ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് ശ്രദ്ധിക്കുവാണ്.

“ഞാൻ ഒരു പട്ടാളക്കാരൻ ആണ്.. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നന്നായി നോക്കുന്ന ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം.. ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ നീ ഇവരെ നന്നായി നോക്കുന്നുണ്ട്.. ഒരു പക്ഷെ മകൻ എന്ന നിലയിൽ ഞാൻ നോക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് നന്നായി ആണ് നീ നോക്കുന്നത്.. നിന്നെ പോലെ ഒരു പെണ്ണിനെ ആണ് ഞാൻ ആഗ്രഹിച്ചതും.. എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്.. നിന്നെ ഞാൻ വിവാഹം കഴിക്കുന്നതിൽ ഇവർക്കും എതിർപ്പ് ഇല്ല.. എനിക്ക് നിന്റെ തീരുമാനം അറിയണം.. എന്നിട്ട് വേണം നിന്റെ പേരന്റ്‌സിനോട് സംസാരിക്കാൻ..”

അവള് കണ്ണിമ വെട്ടാതെ ഒരു നിമിഷം എന്നെ നോക്കി.

“ചേട്ടാ.. ഞാൻ ജാതക ദോഷം ഉള്ള പെണ്ണ് ആണ്.. അതും വൈധവ്യം.. എന്റെ കഴുത്തിൽ താലി ചാർത്തുന്നവൻ മൂന്നാം പക്കം മരണപ്പെടും എന്നാണ്..അതൊക്കെ അറിഞ്ഞിട്ടാണോ ഏട്ടൻ..”

“ഞാൻ ഒരു പട്ടാളക്കാരൻ ആണെന്ന് ആദ്യമേ പറഞ്ഞു നന്ദു.. ജന്മ നാടിനെ സംരക്ഷിക്കാൻ വേണ്ടി എതിരാളിയുടെ തോക്കിൽ നിന്നും വരുന്ന വെടിയുണ്ടക്ക് മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന ഒരു പട്ടാളക്കാരൻ.. ആ എന്റെ മനസുറപ്പിനെ തോൽപിക്കാൻ ഒരു ജാതക ദോഷത്തിനും ആവില്ല.. ഞാൻ ആലോചിച്ചു എടുത്ത തീരുമാനം ആണ്.. ഇനി നിനക്ക് തീരുമാനിക്കാം..”

അതും പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി.

“ഞങ്ങളുടെ മകൾ ആയി ആണ് നിന്നെ ഇവിടേക്ക് വിളിക്കുന്നത്.. വരില്ലേ മോളേ നീ .?”

പുറകിൽ അമ്മ അവളോട് ചോദിക്കുന്നത് കേൾക്കാമായിരുന്നു. എന്തായാലും അവള് സമ്മതം മൂളി. അവളുടെ വീട്ടുകാർക്ക് പെരുത്ത് സന്തോഷം.

കൊറോണ കാരണവും എന്റെ ലീവ് കാരണവും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അടുത്ത ബന്ധുക്കളെ കൂട്ടി ഒരു ചടങ്ങ്. അതായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹ തലേന്ന് സീനിയറിനെ വിളിച്ചു ഒരു മാസം കൂടി ലീവ് നീട്ടി ചോദിക്കുമ്പോൾ അദ്ദേഹം ചിരിച്ച ചിരിയിൽ ഞാൻ ഇത് അന്നേ പറഞ്ഞതല്ലേ എന്നൊരു ധ്വനി കൂടി ഉണ്ടായിരുന്നു.

ആദ്യ മൂന്നു ദിവസം നന്ദു വിളിക്കാത്ത ദൈവങ്ങൾ ഇല്ല. രാത്രിയിൽ പോലും ഉറക്കമിളച്ച് എനിക്ക് കാവൽ ഇരുന്നു. നാലാം ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത് നിറകണ്ണുകളോടെ എന്റെ മുന്നിൽ നിൽക്കുന്ന അവളെ ആണ്.. എന്താടി എന്നു ചോദിച്ചപ്പോൾ നെഞ്ചില് വീണു പൊട്ടിക്കരഞ്ഞു അവള്.

“അല്ല മോളേ.. നിന്റെ നേർച്ചയും ഭക്തിയും ഒക്കെ കഴിഞ്ഞിരുന്നു എങ്കിൽ ഈ നാലാം ദിവസം എങ്കിലും നമ്മുടെ ഫസ്റ്റ് നൈറ്റ് നടത്താമായിരുന്നു”

എന്നു ഞാൻ പറഞ്ഞതും എന്നെ തള്ളി മാറ്റി ഒരു ഓട്ടം ആയിരുന്നു പെണ്ണ്. ജാതക ദോഷം മാറാൻ അവള് നേർന്ന നേർച്ചകൾ എല്ലാം നടത്തിയതിന് ശേഷം ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. വഴക്കിട്ടു പിണങ്ങി പിന്നെ സ്നേഹിച്ചും ലീവിൽ ബാക്കിയുള്ള ദിവസങ്ങൾ തീർത്തു. രണ്ടു മാസത്തെ ലീവ് തീർന്നു ഞാൻ പോകാൻ ഇറങ്ങുമ്പോൾ നിറയുന്ന കണ്ണിനെ ശാസനയോടെ പിടിച്ചു നിർത്തി അവള് പറഞ്ഞു,

“ഞാൻ ഒരു പട്ടാളക്കാരന്റെ പെണ്ണ് ആണ്.. ഞാൻ കരയില്ല.. എന്റെ ഭർത്താവ് ജന്മനാടിന്റെ സംരക്ഷകനാവാൻ പോവുകയാണ്.. അതിൽ ഞാൻ അഭിമാനിക്കുന്നു..”

അച്ഛനും അമ്മക്കും ഒരു മകൾ ആയി എന്റെ ഒരു കുറവും അറിയിക്കാതെ അവരെ നോക്കും എന്നു ഉറപ്പു നൽകി ആണ് എന്നെ അവള് വിട്ടത്.

തിരികെ യുദ്ധ ഭൂമിയിലേക്ക് ട്രെയിൻ കയറുമ്പോൾ തിരിച്ചു വരും എന്ന് അവൾക്ക് നൽകിയ വാക്ക് പാലിക്കാൻ മനസ്സ് കൈ വരിക്കുകയായിരുന്നു ഞാൻ. ഇതിനിടയിൽ അവളുടെ ഫോൺ വന്നു. ഞാൻ ഒരു അച്ഛൻ ആകാൻ പോവുന്നു എന്ന്. ഗർഭകാലത്ത് ഞാൻ അരികെ ഉണ്ടാവണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ പോലും എന്നോട് പറഞ്ഞില്ല. എന്റെ ചുമതലകൾ, എന്റെ ജോലിയുടെ ഉത്തരവാദിത്തം എല്ലാം ഞാൻ പറയാതെ തന്നെ അവള് മനസ്സിലാക്കി. ഞങ്ങളുടെ അച്ഛനമ്മമാർ അവളെ പൊന്നു പോലെ നോക്കും എന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു.

ഒരു വർഷത്തിനു ശേഷം ലീവ് കിട്ടി നാട്ടിൽ വരുമ്പോൾ എനിക്ക് ജനിച്ച കുഞ്ഞു മോളേ കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു നെഞ്ചകം നിറയെ. നന്ദുവിനെ ഒരു കയ്യിൽ പിടിച്ചു മറു കയ്യിൽ എന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോയ കാമുകിയെയും നന്ദുവിനു ജാതക ദോഷം ഉണ്ടെന്ന് പറഞ്ഞു അവളെ എനിക്കായി കാത്തു വച്ച ദൈവത്തിനും നന്ദി പറയുകയായിരുന്നു ഞാൻ…

എനിക്ക് നന്ദുവിനെ തന്നതിന്.. എന്റെ മകളെ തന്നതിന്…

ശുഭം❤️❤️❤️❤️

ഇഷ്ടപ്പെട്ടാൽ രണ്ടു വാക്ക് കുറിക്കണെ..😍😍😍

Related Posts

Leave a Reply

Your email address will not be published. Required fields are marked *