ജീവിച്ചു തുടങ്ങും മുൻപേ മറ്റൊരാളെ തേടി പോയ, സ്വന്തം മകളുടെ ഭാവി പോലും ചിന്തിക്കാത്ത ഒരച്ഛനോ, സ്വപ്നങ്ങൾ പൊലിഞ്ഞു പോയപ്പോൾ പാതിവഴിയിൽ……

Story written by Jessy Philip

ഒരു സ്ത്രീ അമ്മയാകുമ്പോഴാണ് സ്ത്രീത്വം പൂർണ്ണതയിലെത്തുക എന്ന് പറയാറുണ്ട്. അമ്മയോളം വരില്ല മറ്റൊരാളും, അമ്മയുടെ സ്നേഹം മാറ്റുരച്ചു നോക്കാൻ ആവാത്തതാണ്. അതിനൊപ്പം സ്നേഹിക്കാൻ മറ്റൊരാൾക്കും ആവില്ല ഞാനും എന്റെ അമ്മയെ സ്നേഹിക്കുന്നു. എന്നെ പ്രസവിക്കാത്ത എന്റെ അമ്മ, എന്നെ മു ലയൂട്ടാത്ത എന്റെ അമ്മ.

സിവിൽ സർവീസ് പരീക്ഷയിൽ മുപ്പത്തിയഞ്ചാം സ്ഥാനം കരസ്ഥമാക്കിയ ഗോപിക ഗോപന്റെ വാക്കുകൾ ഏവരും ശ്രദ്ധയോടെ കേട്ടിരുന്നു.

എല്ലാവർക്കും അതിശയം തോന്നുന്നുണ്ട് അല്ലേ. സത്യമാണ് എനിക്ക് പെറ്റമ്മയില്ല, ജന്മം തന്ന അച്ഛനും ഇല്ല. പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിരുന്നു എന്റെ അച്ഛനും അമ്മയും. ജീവിതത്തിന്റെ സന്തോഷനാളുകൾ പെട്ടെന്ന് കൊഴിഞ്ഞു പോയി. അച്ചൻ മറ്റൊരാളോടൊപ്പം ജീവിക്കാൻ തീരുമാനിച്ച് എന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയപ്പോൾ വെറുമൊരു തയ്യൽ തൊഴിലാളി ആയിരുന്ന അമ്മ പതറി പോയിട്ടുണ്ടാവും. എനിക്ക് അന്ന് ആറു വയസ്.

ഇടയ്ക്കിടെ ഒറ്റയ്ക്കിരുന്നു കരയുന്ന അമ്മ, ചിലപ്പോൾ എന്നെ ചേർത്ത് പിടിച്ചു പറയുന്നത് ഇപ്പോഴും ഓർക്കുന്നു

“എന്റെ മോള് പഠിച്ചു വല്യ കളക്ടർ ആകണം കേട്ടോ “എന്ന്. എന്താണീ കളക്ടർ എന്നൊന്നും അറിയില്ലെങ്കിലും ഞാനും സമ്മതിക്കും, പിന്നെ ഈറനണിഞ്ഞ മിഴികളിൽ ഒരു ചുംബനം നൽകും. എന്റെ ഏട്ടാമത്തെ വയസിൽ എന്നെ ചേർത്തിരുത്തി അമ്മ പറഞ്ഞു.

“മോളെ അമ്മ കൂടെയില്ലെങ്കിലും നീ നന്നായി പഠിക്കണം. നിന്റെ ചിറ്റ പറയുന്നത് ഒക്കെ കേൾക്കണം. പിന്നെ നീ അവളെ ചിറ്റ എന്നല്ല വിളിക്കേണ്ടത്. അമ്മേന്നു തന്നെയാ.”

ഞാനും ഓർത്തു, എന്നെ എന്റെ അമ്മയെക്കാൾ ഏറെ സ്നേഹിക്കുന്നത് ചിറ്റ തന്നെയാണ്.

പിറ്റേന്ന് രാവിലെ ഞാൻ ഉണരുന്നത് വീട്ടിൽ വലിയ ഒച്ചയും ബഹളവും കേട്ടിട്ടാണ്. എന്റെ അമ്മ, എന്നെ ചിറ്റയെ ഏല്പിച്ചു ഒരു സാരിത്തുമ്പിൽ ജീവ നൊടുക്കി.

പിന്നെ ചിറ്റ എനിക്ക് അമ്മയായി. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച ആളെ എനിക്ക് വേണ്ടി ഒഴിവാക്കി. എന്റെ ഉത്തരവാദിത്തം അമ്മ ചിറ്റയെ ഏൽപ്പിച്ചിരുന്നു. നന്നായി നോക്കണം എന്ന് മരി ക്കുന്നതിന്റെ തലേന്ന് പറഞ്ഞിരുന്നു പോലും.

എന്നെ മറ്റൊരാളെ ഏൽപ്പിച്ചിട്ട് എങ്ങും പോകാൻ എന്റെ ചിറ്റയ്ക്ക് ആകുമായിരുന്നില്ല. അങ്ങനെ ചിറ്റ എന്റെ അമ്മയായി. ഞാൻ ആ അമ്മേടെ മോളും. അമ്മുമ്മയും അപ്പൂപ്പനും ഒക്കെ നിർബന്ധിച്ചു വിവാഹത്തിന്. പക്ഷേ എന്നെ മോളായി കാണാൻ താൻ പ്രണയിക്കുന്ന ആൾക്ക് പറ്റില്ലെന്ന് പറഞ്ഞതോടെ അമ്മ ആ ബന്ധം വേണ്ടെന്നു വെച്ചു. ഉണ്ടായിരുന്ന ചെറിയ ജോലിയിൽ എന്റെ വിദ്യാഭ്യാസം നടക്കില്ലെന്നു മനസിലാക്കിയ അമ്മ രാത്രികാലങ്ങളിൽ എന്റെ മരിച്ചുപോയ അമ്മയുടെ മെഷീൻ ചവിട്ടി പൈസ ഉണ്ടാക്കി.

ഇന്ന്‌ ഞാൻ എന്തായിരിക്കുന്നുവോ അതിന് കാരണം എന്റെ അമ്മയാണ്.

ജീവിച്ചു തുടങ്ങും മുൻപേ മറ്റൊരാളെ തേടി പോയ, സ്വന്തം മകളുടെ ഭാവി പോലും ചിന്തിക്കാത്ത ഒരച്ഛനോ, സ്വപ്നങ്ങൾ പൊലിഞ്ഞു പോയപ്പോൾ പാതിവഴിയിൽ മകളെ മറ്റൊരാളെ ഏൽപ്പിച്ചു ജീവിതം മതിയാക്കിയ എന്റെ പെറ്റമ്മയ്ക്കോ ഇതിൽ യാതൊരു പങ്കുമില്ല.

എനിക്ക് വേണ്ടി സ്വന്തം ജീവിതത്തെ മാറ്റിവെച്ച എനിക്ക് വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട എന്റെ അമ്മ, ആ അമ്മയ്ക്ക് നൽകാൻ എന്റെ കയ്യിൽ ഈ വാക്കുകൾ അല്ലാതെ ഒന്നുമില്ല. ഞാൻ എന്റെ അമ്മയെ ഈ സ്റ്റേജിലേയ്ക്ക് ഒന്ന് വിളിക്കട്ടെ.

നിറഞ്ഞ ഹർഷാരവങ്ങൾക്ക് ഇടയിലൂടെ സ്റ്റേജിലേയ്ക്ക് ഗോപികയോടെപ്പം അവളുടെ അമ്മ എത്തി.

അൻപതിൽ താഴെ പ്രായം വരുന്ന ഒരു സ്ത്രീ, ഒരുപാട് സുന്ദരിയൊന്നുമല്ലെങ്കിലും നല്ല ആകർഷണപാടവം ഉള്ള ഒരാൾ. അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പുന്നു

സ്റ്റേജിൽ ആരോ ഒരാൾ മൈക്ക് കൊടുത്തപ്പോൾ വിറയാർന്ന സ്വരത്തിൽ അവർ പറഞ്ഞു.

“ചില സ്വപ്‌നങ്ങൾ നഷ്ടമാകുമ്പോൾ മറ്റ് ചിലത് നമുക്ക് നേടാനാവും എന്ന് എനിക്ക് മനസിലായി. ചേച്ചി ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. ഒരുപക്ഷെ ഭാഗ്യമെനിക്ക് ആയിരുന്നിരിക്കാം. ഇതു പോലെ ഒരു നല്ല മകളുടെ അമ്മ ആവാൻ, ഇതുപോലെ ഒരു നിമിഷം ഇങ്ങനെ നിൽക്കാൻ എനിക്ക് മാത്രം ആയിരിക്കാം ഭാഗ്യം ഉണ്ടായത്.”

പെട്ടെന്ന് ഗോപിക പറഞ്ഞു.

“ഈ അമ്മയ്ക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യുക. എന്റെ ജീവനും ജീവിതവും അമ്മയ്ക്ക് കടപ്പെട്ടതാണ്. ഒപ്പം മറ്റൊരാൾക്കും കൂടി.”

എല്ലാവരുടെയും മുഖത്തു ആകാംഷ ആയി.

ഞാൻ ഉള്ളത്കൊണ്ട് വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞ എന്റെ അമ്മയുടെ സുഹൃത്തിനു പക്ഷെ പകരം ഒരാളെ ഉൾകൊള്ളാനും കഴിഞ്ഞിരുന്നില്ല. ഒരുനാൾ എന്നെത്തേടി അദ്ദേഹം എത്തി. എന്റെ അച്ഛനായി അദ്ദേഹത്തെ അന്ന് ഞാൻ സ്വീകരിച്ചു. കാരണം അദ്ദേഹം എന്നോട് പറഞ്ഞത്,

വിവാഹത്തിന് സമ്മതിക്കാത്തത് രണ്ട് കാര്യങ്ങൾ കൊണ്ടാണ് മോളെ, ഒന്ന് നിന്നെയും കൊണ്ട് എന്റെ വീട്ടിൽ ചെന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, രണ്ട് ഞാൻ നിന്റെ അമ്മയെ സ്വീകരിച്ചാൽ ഒരുപക്ഷെ നിന്നെ സിവിൽ സർവീസിൽ എത്തിക്കുവാൻ അമ്മയ്ക്ക് കഴിയാതെ വന്നേക്കാം. സ്വന്തം ആയി ഒരു കുടുംബം കുഞ്ഞുങ്ങൾ ഒക്കെ ആകുമ്പോൾ ചിലപ്പോൾ അവരുടെ മനസ് മാറിപ്പോകാം. അത് വേണ്ട, മോള് പഠിക്കണം. ഏവരുടെയും സ്വപ്നത്തിനൊത്തു ഉയരണം.

അത് കേട്ട ഞാൻ പറഞ്ഞു.. പക്ഷേ അങ്കിൾ എന്റെ അമ്മ പാവമാണ്. എനിക്ക് വേണ്ടി ജീവിതം ഇല്ലാതെ ആകുമ്പോൾ വല്ലാത്ത വിഷമം ആണ് എന്ന്.

അപ്പോൾ അദ്ദേഹം തിരുത്തി. “അങ്കിൾ അല്ല ഇനി മുതൽ നിന്റെ അച്ചൻ ആണ് ഞാൻ. നിന്നെ ലക്ഷ്യത്തിലെത്തിക്കും വരെ ഞാനും ഉണ്ടാവും കൂടെ. പക്ഷേ മോൾടെ അമ്മ അത് അറിയരുത് . നീ നിന്റെ ലക്ഷ്യം നേടിയെടുത്താൽ പിന്നെ ഞാൻ കൊണ്ടുപോകും എന്റെ പെണ്ണിനെ എന്ന്.”

അന്നുമുതൽ അദ്ദേഹം എനിക്ക് അച്ഛൻ ആയി. അമ്മ പൈസയ്ക്ക് ബുദ്ധിമുട്ടുന്നു എന്ന് തോന്നുമ്പോൾ ഒരു സ്പോൺസർ എന്ന രീതിയിൽ തിരശീലയ്ക്ക് പിന്നിൽ നിന്ന് അദ്ദേഹം എന്നെ സഹായിച്ചു. അപ്പോൾ ഞാനും ഒന്ന് തീരുമാനിച്ചു, അവരെ ഒന്നിപ്പിക്കാൻ എത്രയും വേഗം ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിയെ മതിയാകു എന്ന്.

ഇന്ന്‌ ഇരുപത്തിമൂന്നാം വയസിൽ ഞാൻ ഇവിടെ എത്തിനിൽക്കുമ്പോൾ ഞാൻ ആരോടാണ് നന്ദി പറയേണ്ടത്. ജനിപ്പിച്ച അച്ഛനോടോ, ഒറ്റയ്ക്ക് ആക്കി പോയ അമ്മയോടോ, അതോ എനിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച എന്റെയീ അച്ഛനോടും അമ്മയോടുമോ.

അവളുടെ കണ്ണിലേയ്ക്ക് വിശ്വസിക്കാൻ ആവാതെ നോക്കിനിൽക്കുന്ന അമ്മയ്ക്ക് മുൻപിലേക്ക് ഗോപിക ഒരാളെ കൊണ്ട് നിർത്തി. ഒരിക്കൽ ജീവനായി പ്രണയിച്ചവൻ. താൻ പ്രസവിക്കാത്ത ഒരു കുഞ്ഞിനെ മകളായി സ്വീകരിക്കാൻ മടി കാണിച്ചപ്പോൾ താൻ സ്വയം ഒഴിഞ്ഞു മാറിയതാണ്. എവിടെയെങ്കിലും മറ്റൊരാളുടെ കൂടെ കുടുംബവും കുഞ്ഞുങ്ങളും ഒക്കെയായി കഴിയുന്നുണ്ടാവും എന്ന് കരുതി.

ഇന്നു എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ്. അനാഥ ആയിപോകുമായിരുന്ന എന്നെ കൈപിടിച്ച് ഇവിടെ വരെ എത്തിച്ച എന്റെ പ്രിയപ്പെട്ടവർ, അവരുടെ മുൻപിൽ എന്റെയും അവരുടെയും സ്വപ്‌നങ്ങൾ സ്വന്തമാക്കി നിൽക്കാൻ കഴിഞ്ഞത് ഭാഗ്യം. ഈ ഭാഗ്യദിനത്തിൽ എനിക്ക് ഒരു ഭാഗ്യസമ്മാനം എന്റെ അച്ഛനും അമ്മയ്ക്കും നൽകാൻ ഉണ്ട്.

പ്രണയം എന്നത് ജീവിതാവസാനം വരെ കൂടെ ഉള്ളതാണെന്ന് ഒരിക്കൽ കൂടി കാലത്തിനു തെളിയിച്ചു കൊടുക്കാൻ, യഥാർത്ഥ പ്രണയം അനശ്വരമാണെന്ന് തെളിയിക്കാൻ എന്റെ ഈ അമ്മയെയും അച്ഛനെയും എല്ലാവരുടെയും അനുവാദത്തോടെ ഞാൻ ഒന്നിപ്പിക്കുകയാണ്. ഒരു മകൾ എന്ന നിലയിൽ എനിക്ക് അതിൽ അഭിമാനം ഉണ്ട് താനും.

അതും പറഞ്ഞു അവൾ അവരുടെ കൈകൾ കൂട്ടിച്ചേർത്തു. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. എല്ലാവരും സന്തോഷം പങ്കിട്ടപ്പോൾ വാർദ്ധക്യത്തിന്റെ പടവിൽ വീണ്ടും പ്രണയിച്ചു തുടങ്ങുന്ന അവരിരുവരും നാണത്താൽ തല അല്പം കുമ്പിട്ടു.

Leave a Reply

Your email address will not be published. Required fields are marked *