ഞാൻ ഈ പറയുന്നത് കൊണ്ടൊന്നും താൻ മാറാൻ പോണില്ല എന്ന്മറ്റാരേക്കാലും നന്നായിട്ട് എനിക്ക് അറിയാം……..

_upscale

Story written by Darsaraj. R

ഏതാണ്ട് ഒരു വ്യാഴവട്ടം മുമ്പ് നടന്ന സംഭവമാണ്. ഞാൻ മാക്സ് ഇൻഫോടെക്കിൽ ജോയിൻ ചെയ്ത സമയം. ഒരു ദിവസം വൈകുന്നേരം ഞങ്ങൾ 7 പേര് കൂടി അന്നയും റസൂലും സിനിമ കാണാൻ പോയി. ഞാൻ അന്ന് ജോയിൻ ചെയ്തിട്ട് ഏകദേശം ഒരു മാസം ആകുന്നതേ ഉള്ളൂ.

ഞാൻ അന്ന് സിതാര ചേച്ചിയുടെ സ്കൂട്ടിയുടെ പുറകിലാണ് ഇരുന്നത്.

ശ്രുതിക്ക് എന്തേലും വിഷമം ഉണ്ടോ? അറ്റ്ലീസ്റ്റ് ആർ യു ഓക്കേ?

ഏയ്… അതെന്താ അങ്ങനെ ചോദിച്ചത്?

എനിക്ക് അങ്ങനെ തോന്നി.

വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ… അല്ല, അങ്ങനെ പറയുന്നതിനേക്കാൾ ഞാൻ കരയാത്ത ദിവസങ്ങൾ ഇല്ല ചേച്ചി കഴിഞ്ഞ 7 മാസങ്ങൾക്കിടയിൽ.

ശ്രുതിക്കൊരു കാര്യം അറിയോ?

അർഹിക്കുന്നവർക്ക് വേണ്ടി മാത്രം ആവണം നമ്മൾ കണ്ണുനീർ ഒഴുക്കേണ്ടത്.

അല്ലാത്തവർക്ക് അത് വെറും ഉപ്പു രസം കലർന്ന കടൽ വെള്ളം മാത്രമാണ്.

ശ്രുതി, നമുക്ക് ഒന്ന് പെട്രോൾ അടിച്ചിട്ട് പോവാട്ടോ. സിനിമക്ക് ഇനിയും സമയം ഉണ്ട്.

ചേട്ടാ, ഫുൾ ടാങ്ക് അടിച്ചേക്ക്.

അപ്പോൾ ശ്രുതി ഞാൻ പറഞ്ഞു വന്നത്…

ഹലോ സിതാര. പി. തുളസി?

ഇതാരാ വീണയോ?

എവിടേക്കാ?

ഞങ്ങൾ ഒരു സിനിമക്ക് ഇറങ്ങിയതാ. സുഖാണോ?

സുഖം 😊

സിതാര ചേച്ചിയുടെ കൂട്ടുകാരിയോട് കുശലങ്ങൾ ചോദിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

വീണ എന്നെ വിളിച്ച പേര് ശ്രുതി കേട്ടോ? അത് എന്റെ സോഷ്യൽ മീഡിയയിലെ പേരോ ഭർത്താവിന്റെ പേര് ചേർത്തുള്ള രണ്ടാം പേരോ അല്ല.

സ്കൂളിലെ എന്റെ അറ്റെൻഡെൻസ് രജിസ്റ്ററിലെ പേര്.

അതാണ് ചില സൗഹൃദങ്ങളുടെ ഓർമ്മയും ആഴവും. എനിക്കിനി ഗിന്നസ്സ് റെക്കോർഡ് കിട്ടിയാലും അവളുടെ വായിൽ ആ പേരെ വരൂ.

എന്നെ പറ്റി ആരേലും ചേച്ചിയോട് പറഞ്ഞോ?

ശ്രുതിയുടെ കണ്ണ് ശ്രുതിയെ ചതിക്കും. എത്രയൊക്കെ സങ്കടം ഉള്ളിലൊതുക്കി ചിരിക്കാൻ ശ്രമിച്ചാലും കണ്ണ് വിളിച്ചു പറയും.

ഇവൾ കള്ളി ആണെന്ന്…

എനിക്കും ഈ കുഴപ്പം ഉണ്ടായിരുന്നു. ഞാൻ കുറേ തവണ മരിക്കാനൊക്കെ നോക്കിയതാ. എന്നെ ആവുന്നത്ര പലരും ഉപദേശിച്ചിട്ടുണ്ട്. ഉള്ളത് പറയാലോ അവർക്കൊന്നും പiട്ടിയുടെ വില പോലും ആ സമയത്ത് ഞാൻ കൊടുത്തിട്ടില്ല. പക്ഷെ ഇന്ന് ഞാൻ അതിൽ ഖേദിക്കുന്നു.

തനിക്ക് ബോർ അടിക്കുന്നോ?

ഏയ്… ഇല്ല ചേച്ചി.

ഞാൻ ഈ പറയുന്നത് കൊണ്ടൊന്നും താൻ മാറാൻ പോണില്ല എന്ന്
മറ്റാരേക്കാലും നന്നായിട്ട് എനിക്ക് അറിയാം.

എന്നാലും പോകെ പോകെ ഒരു ദിവസം രാവിലെ നമ്മൾ സ്വയം തിരിച്ചറിയും.

അപ്പോൾ അങ്ങനെ ഒരു ദിവസം വന്നെത്താൻ വേണ്ടി പ്രാർത്ഥിക്ക്.

ഞാൻ തലയാട്ടി.

ശ്രുതിക്ക് ഡ്രൈവിംഗ് അറിയോ?

അറിയാം.

അപ്പോൾ തിരിച്ചു വരുമ്പോൾ താൻ ഡ്രൈവ് ചെയ്യണേ.

ഞാൻ എന്റെ വണ്ടി അങ്ങനെ ആർക്കും ഓടിക്കാൻ കൊടുക്കാറില്ല. പക്ഷെ താൻ ഓടിച്ചോളൂ.

ബ്രോ, സ്റ്റാൻഡ് കിടക്കുന്നു.

ചുറ്റുമുള്ളവരെ കൂടി ചേർത്ത് പിടിക്കുന്ന സ്വഭാവ രീതി. അതായിരുന്നു സിതാര ചേച്ചി. ദേവു പറഞ്ഞത് അനുസരിച്ച് ചേച്ചി കൗൺസിലിംങും ചെയ്യുന്നുണ്ട്. പക്ഷെ സ്വയം മാറണം എന്ന് തോന്നാതെ ഒരുത്തനും നമ്മളെ മാറ്റാൻ പറ്റില്ല എന്ന് പൂർണ്ണ ബോധ്യവും ചേച്ചിക്ക് ഉണ്ടായിരുന്നു.

നമ്മൾ എത്താറായി. ശ്രുതി, ഇവിടെ വന്നിട്ടുണ്ടോ മുമ്പ്?

ഇല്ല.

ഞാൻ മിസ്റ്റർ മരുമകൻ കാണാൻ വന്നിട്ടുണ്ട്. അപ്പോൾ പറഞ്ഞ തൊക്കെ ഓർമ്മ ഉണ്ടല്ലോ?

ശ്രുതി എന്ന് മൂവ് ഓൺ ആകും എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ സൂയിസൈഡ് ചെയ്യാൻ നോക്കരുത്. പെറ്റ തള്ള പോലും വെറുക്കും മറക്കാൻ ശ്രമിക്കും അത് ചെയ്തിട്ട് നിന്ന് തൂങ്ങിയാൽ.

ചേച്ചി പറഞ്ഞത് ശരിയായിരുന്നു. ചേച്ചി അത്രയും നേരം എനിക്ക് ക്ലാസ്സ്‌ തന്നത് കൊണ്ട് എനിക്ക് ഒരു മാറ്റവും ഉണ്ടായില്ല.

അന്നും സിനിമക്ക് കേറും മുമ്പ് ചേച്ചി പറഞ്ഞ അതേ അർഹത ഇല്ലാത്ത എന്റെ നായകന് വേണ്ടി ഞാൻ കരഞ്ഞു.

അവിടെ അർഹത അല്ല നമുക്ക് അവരോടുള്ള അഡിക്ഷൻ ആണ് നമ്മളെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നത്.

പിറ്റേ ദിവസം രാവിലെ.

ശ്രുതി, അറിഞ്ഞോ? നമ്മുടെ സിതാര ചേച്ചി ഇന്നലെ രാത്രി തൂങ്ങിയെന്ന്. എന്തോ ഫാമിലി ഇഷ്യൂ ആയിരുന്നത്രെ…

നിറ കണ്ണുകളോടെ വീണയും ആ പോസ്റ്റ്‌ ഷെയർ ചെയ്തു…

എന്റെ സ്വന്തം സിതാര. പി. തുളസിക്ക് 🌹

Leave a Reply

Your email address will not be published. Required fields are marked *