കപ്പത്തോട്ടത്തിലെ ഒരു രാത്രിയിൽ
എഴുത്ത്: സാജുപി കോട്ടയം
എന്റെ വകയിൽ ഒരു അമ്മാവൻ ഉണ്ടായിരുന്നു. അമ്മാവനെന്നു പറയുമ്പോൾ ഒരുപാട് പ്രായമുണ്ടെന്ന് ധരിക്കരുത് ഏകദേശം മുപ്പത്തിയഞ്ച് നാല്പത് വയസ്സിനുള്ളിൽ അത് തന്നെ പിടിച്ചു നിറുത്താൻ കുട്ടിക്കൂറ, ഫെയർ and ലൗലി, സെൻറ് (അന്നൊക്കെ പെർഫ്യൂന് സെന്റ് എന്നാണ് പറയുന്നത് ) ഇവയൊക്കെ അമ്മാവനെ സഹായിച്ചിട്ടുണ്ട്.
കൃത്യമായ പ്രായം അറിയില്ല എന്നാലും പുള്ളി സുമുഖനും സുന്ദരനും ആയിരുന്നു.. ഷേർട്ടും മുണ്ടുമൊക്കെ എപ്പോഴും നല്ല വടിപോലെ തേച്ചേ ധരിക്കു.. കാലിൽ കിടക്കുന്ന ചെരിപ്പ് പോലും ഭയങ്കര വൃത്തിയായിട്ടാണ് ഒരു പൊടിപോലും പറ്റാതാണ് കൊണ്ടുനടക്കുന്നത്. അല്പം പുരോഗമനവാദവും ഇപ്പൊ ഭരിക്കുന്ന പാർട്ടിയോട് രാക്ഷ്ട്രീചായ്വും ഉണ്ട് കക്ഷിക്ക്.. കൂടാതെ നാട്ടിലുള്ള ചില സ്ത്രീകളുടെ ആരാധന പുരുഷനും
പക്ഷെ പുള്ളിക്ക് ഒരാളോട് മാത്രമേ പ്രണയം തോന്നിട്ടുള്ളു… അത് മേലേടത്തെ രാഘവൻ നായരുടെ ഒറ്റ മോളായാ…. പത്തിൽ മൂന്നു തവണ തോറ്റ് തയ്യൽ പഠിക്കാൻ പൊയ്ക്കൊണ്ടിരുന്ന വിടർന്ന കണ്ണുകളും നീളം കൂടിയ മുടിയും പൊക്കം കുറഞ്ഞു “റിമിടോമി”യെ പോലിരിക്കുന്ന “രമണി”ചേച്ചിയെ വഴക്കം പോലെ നാട്ടിലെ ഏതോ വഴിയരികിലെ കലുങ്കിൽ വച്ചോ… ഇടവഴിയിലോ വച്ചാവാം ആദ്യമായി പ്രണയലേഖനം കൈമാറിയതും… ആ…ഒറ്റ പ്രണയലേഖനത്തിൽ തന്നെ മൂക്കും കുത്തി വീണു പോയ രമണിചേച്ചിയെയും അമ്മാവനെയും ഈ പറഞ്ഞ കലുങ്കിന്റെ സൈഡിലും ഇടവഴികളിലുമൊക്കെ കണ്ടു കണ്ടു നാട്ടുകാർ പോലും വഴിമാറി നടക്കാൻ തുടങ്ങി.
ഏതാണ്ട് ഒരു മാസക്കാലമായപ്പോ മേലേടത്ത് രാഘവൻ നായരുടെ ചെവിയിലുമെത്തി മകളുടെ ലീലാവിലാസങ്ങൾ…അങ്ങനെ രമണി അന്നത്തെ കാലത്തെ എല്ലാ പ്രണയനികളെ പോലെ വീട്ടുതടങ്കലിലായി… മകളുടെ വിഷമം കണ്ടു അമ്മ ഭവാനി മേലേടത്ത് രാഘവൻ നായരേ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അയാൾ ചെവിക്കൊണ്ടില്ല.
പരസ്പരം കാണാനുള്ള അവസരം ലഭിക്കാതെ ഇരു ഹൃദയങ്ങളും വിങ്ങി വിങ്ങി പൊട്ടിക്കൊണ്ടിരുന്നു രാത്രി കാലങ്ങളിൽ അവർ ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി നെടുവീർപ്പെട്ടു…!
” നീ രാത്രിയിലെ ചന്ദ്രനെ നോക്കണം ഞാനും നോക്കാം അങ്ങനെ നമ്മുക്ക് രാത്രിയിലും പിരിയാതെ ഒന്നിച്ചിരിക്കാം ” മുൻപ് കൈമാറിയ അവരുടെ കത്തിലെ വരികളാണ് അവർ ” കറുത്തവാവുകളെ ” വെറുത്തിരുന്നു.. പൗർണമി ദിവസങ്ങളിൽ അവർ വളരെ സന്തോഷത്തിലായിരുന്നു… നേരം വെളുക്കുവോളം ചന്ദ്രനെ നോക്കിയിരിക്കും… ഹൃദയം കൊണ്ട് അവർ സംസാരിക്കും
എന്നാൽ ഇന്ന് അമ്മാവൻ അടുത്ത കറുത്തവാവ് എത്രയും പെട്ടന്ന് വരണമെന്ന് ആഗ്രഹിച്ചു..
കാരണം… ഇവർ തമ്മിലുള്ള പ്രണയത്തിന്റെ കണ്ണികൾ ഇപ്പൊ ബന്ധിപ്പിച്ചിരിക്കുന്നത് എന്നെ വച്ചാണ് അത്യാവശ്യം വട്ടചിലവിനുള്ളത് അമ്മാവന്റെ കൈയിൽനിന്നും കിട്ടും.. കൂടാതെ പൊറോട്ട ബീഫ് ചായ ബോണ്ട… ബോണാസായും…. ഈ ജോലിയിൽ ഞാൻ വിശ്വസ്ഥൻ ആണെങ്കിലും കത്തിനുള്ളിലെ പൊരുളുകൾ ഞാനറിയാതെ ഇതൊന്നും ഇവരിലേക്കെത്തില്ല.
അങ്ങനെയാണ് ഞാൻ ആ വിവരവും അറിഞ്ഞത്..
കറുത്തവാവിന്റെ അന്ന് ഇവർ ഒളിച്ചോടാൻ പ്ലാൻ ചെയ്തിരിക്കുന്നു.
അവസാനമായി രമണി ചേച്ചി കത്ത് വാങ്ങിയപ്പോൾ ആ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു.
എന്നെ കെട്ടിപിടിച്ചു ഒരുമ്മ തന്നു… അവിടെ കൊണ്ടുപോയി കൊടുത്തേക്ക് എന്നുപറഞ്ഞു. ഒന്നുടെ കിട്ടുമെന്നോർത്ത് വീണ്ടും ഞാനവിടെ താളം ചവിട്ടി നിന്ന് നോക്കി… നോ രെക്ഷ… കിട്ടിയില്ല…. അത് കാമുകന്നുള്ളതായിരുന്നു
“നാളെ കറുത്തവാവാണ് നീ രാത്രിയിൽ 12:00 മണിക്ക് വീടിന്റെ പുറകിലുള്ള “കപ്പക്കാലയിൽ ” (കപ്പത്തോട്ടം ) വരണം നമ്മുക്ക് വെളുപ്പിന് 4:00 മണിക്കുള്ള ബസിൽ കയറി ഈ നാടുവിടണം എടുക്കാനുള്ളതൊക്കെ എടുത്തോണം “
ഇത്രയുമായിരുന്നു കത്തിലെ ഉള്ളടക്കം.
പിറ്റേന്ന് പകലുമുഴുവൻ അമ്മാവൻ ഹാപ്പിയായിരുന്നു എല്ലാവരെയും വിളിക്കുന്നു പറയുന്നു ഇടയ്ക്ക് ഇടയ്ക്ക് കണ്ണാടിയിൽ നോക്കുന്നു പാട്ട്പാടുന്നു… മൂട്ടിൽ തീ പിടിച്ച അവസ്ഥയായി ഓരോ നിമിഷം കഴിയുംതോറും അമ്മാവന്റെ സ്വഭാവം മാറാൻ തുടങ്ങി…
അമ്മാവന്റെ… കുട്ടിക്കുറ പൗഡർ, മുല്ലപ്പൂ സെന്റ്, ചീപ്പ്, കണ്ണാടി, പഴയ ഡ്രസ്സ് അങ്ങനെയുള്ള സ്ഥാവരാജഗമവസ്തുക്കളെല്ലാം അനന്തരാവകാശിയായ എനിക്ക് തന്നു .. ചെറിയൊരു പെട്ടിയിൽ അമ്മാവന് കൊണ്ടുപോകുവാനുള്ള സാധനങ്ങൾ അതിനു മുൻപേ അടുക്കിപെറുക്കി വച്ചിരുന്നു.
ഇതൊക്കെ എന്തിനാ എനിക്ക് തരുന്നത് ??
എന്റെ ആ… നിഷ്‌ക്കളങ്കമായ ചോദ്യത്തിന്… അമ്മാവൻ എന്നെ കെട്ടിപിടിച്ചു കുറച്ചു നേരം കരഞ്ഞു.
“”ടാ…. ഞങ്ങൾ ഇന്ന് രാത്രിയിൽ മലബാറിനു പോകുവാണ് നാളെ ആരെങ്കിലും എന്നെ തിരക്കുകയാണെങ്കിൽ നീ പറഞ്ഞേക്കണം … ഇപ്പൊ ഇവിടെ പറഞ്ഞാൽ ചിലപ്പോൾ ആരും സമ്മതിക്കുകയില്ല അതുകൊണ്ട് ഞാൻ പൊയ്ക്കഴിഞ്ഞേ നീയിത് ആരോടെങ്കിലും പറയാവു.”
ആദ്യമായി കേൾക്കുന്നത് പോലെ ആശ്ചര്യത്തോടെ ഞാൻ അമ്മാവന്റെ മുഖത്തേക്ക് നോക്കി സങ്കടത്തോടെ നിന്നു..
അപ്പൊ ഇനി അമ്മാവാൻ തിരിച്ചു വരില്ലേ…?? വികാരതീവ്രമായ മുഖത്തോടെ ഞാൻ ചോദിച്ചു.
“ഇല്ലെടാ…. കൊറേ വർഷം കഴിഞ്ഞു തിരിച്ചു വരും. “
ഗദ്ഗദത്തോടെ പോക്കറ്റിൽ നിന്ന് കുറച്ചു പത്തിന്റെ നോട്ടുകൾ എന്റെ കൈവെള്ളയിലേക്ക് വച്ചു തന്നു… നീ നന്നായിട്ടു.. പഠിച്ചു വലിയൊരാളാവണമെന്ന് തലയിൽ കൈവച്ചു കണ്ണീരോടെ അനുഗ്രഹിച്ചു.
അപ്പൊ എനിക്കും ചെറിയൊരു സങ്കടം വന്നു. പാവം എല്ലാവരെയും വിട്ടുപോകുന്ന സങ്കടം കടിച്ചമർത്തുകയാണ്.
സമയം രാത്രി 10:മണി
ഞാൻ ഉണർന്നു കിടക്കുകയായിരുന്നു അമ്മാവന്റെ മുറിയിൽ നിന്ന് ചെറിയ ചെറിയ അനക്കങ്ങൾ കേൾക്കുന്നുണ്ട്…. വാതിൽ തുറന്നു അടയുന്ന ഞരക്കം കേട്ടപ്പോൾ ഞാൻ പതിയെ എഴുനേറ്റ് പുറത്തേക്ക് നോക്കി… ആ …കറുത്തവാവിന്റെ കൂരിരിട്ടിൽ നടന്നു പോകുന്ന ശബ്ദം മാത്രമേ കാണാൻ കഴിഞ്ഞുള്ളു.
അതേ സമയം മേലെടത്ത് രാഘവന്റെ വീടിനുള്ളിൽ പ്രണയപരവശയായ രമണിചേച്ചി എങ്ങനേലുമൊന്നു പന്ത്രണ്ടുമണിയായാൽ മതിയെന്ന് ഓർത്ത് അക്ഷമയോടെ…… വീടിന്റെ പുറകിലുള്ള ” രണ്ടേക്കർ ” വരുന്ന കപ്പതോട്ടത്തിലേക്ക് തന്റെ പ്രിയന്റെ വരവും നോക്കിയിരിക്കുകയാണ്
കൃത്യം പതിനൊന്നു മണിയോടെ അമ്മാവനും ആ “രണ്ടേക്കർ ” കപ്പത്തോട്ടത്തിൽ ഹാജരായി … മേലേടത്ത് രാഘവൻ നായരുടെ വീട്ടിൽ നടക്കുന്ന ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. വീടിനുചുറ്റും ലൈറ്റുകൾ ഉണ്ട്.. അകത്തു രണ്ടു മുറിയിലും ലൈറ്റ് ഇട്ടിട്ടുണ്ട്… ഇടയ്ക്ക് രാഘവൻ നായർ മുറ്റത്തിറങ്ങി മൂത്രമൊഴിച്ചു ഭാര്യ ഭവാനി സിറ്റ്ഔട്ടിൽ അയാൾക്ക് ധൈര്യം പകർന്നു നിൽക്കുന്നു.എന്നല്ലാതെ അവിടെ വേറൊരു ചലനവും കണ്ടില്ല.
കാത്തിരിക്കുന്ന ഓരോ നിമിഷവും ഓരോ വർഷങ്ങൾ പോലെ തോന്നിച്ചു… ഹൃദയം പടപട ഇടിക്കുന്നു ഒരു ചെറിയ ശബ്ദം പോലുമുണ്ടാക്കാതെ ശ്വാസം പിടിച്ചാണ് ഇരിക്കുന്നത്. നിലത്തു കിടന്നുണങ്ങിയ കപ്പയുടെ ഇലകൾക്കിടയിലൂടെ പന്നിയെലികൾ ഓടി ശബ്ദമുണ്ടാക്കുമ്പോൾ അമ്മാവൻ അസ്വസ്ഥ തോന്നി പന്നിയെലികളെ തെറിവിളിച്ചു. പകൽ സമയം മുഴുവനും ഒളിച്ചോട്ടത്തിന്റെ പ്ലാനിങ്ങിൽ ആയതുകൊണ്ട് ഇതേവരെയും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അപ്പോഴാണ് ഓർത്തത്… വിശപ്പും ദാഹവും ടെൻഷനും കൂടികൂടി വന്നപ്പോൾ ഒരു കപ്പയുടെ മൂട് അങ്ങോട്ട് മാന്തി.. ഒരു കിഴങ്ങെടുത്തു തിന്നു. വീണ്ടും കത്തിരിപ്പ് …. പുറത്തേക്കു ലൈറ്റ്റുകൾ അണഞ്ഞു അകത്തു ഒരു മുറിയിൽ മാത്രം വെട്ടമുണ്ട് ഏകദേശം പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അതും അണഞ്ഞു ….. ആ വീടിനെ ഇരുട്ട് പൂർണമായും വിഴുങ്ങി കറുത്തവാവ് ആയതിനാൽ അങ്ങനെയൊരു വീട് അവിടെയുണ്ടോന്ന് പോലും അറിയാൻ കഴിയതായി.
അടുത്തത് രമണിയുടെ വരവിനായിയുള്ള കാത്തിരിപ്പാണ്… വെളുപ്പിന് 4:10ന് ആണ് ടൗണിലേക്കുള്ള ബസ് കവലയിൽ നിന്ന് പുറപ്പെടുന്നത് അതിൽ വലിയ തിരക്കൊന്നും ഉണ്ടാവില്ല… വഴിയിലും ആളുകൾ കുറവായിരിക്കും അഥവാ ബസിന്റെ ഉള്ളിൽ വച്ച് ആരെങ്കിലും കണ്ടാൽ തന്നെ ആ വിവരം.. മേലേടത്ത് രാഘവന്റെ ചെവിയിലെത്തുമ്പോഴേക്കും ടൗണിൽ എത്താം… അതാണ് പ്ലാൻ.. അത് കഴിഞ്ഞാൽപ്പിന്നെ 5:00 മണിക്കേ ടൗണിലേക്ക് ബസ് ഉള്ളു. മനസിലിങ്ങനെ തിരിച്ചും മറിച്ചും ചിന്തിച്ചുകൊണ്ട് കൊറേ സമയം കാത്തിരിന്നിട്ടും രമണിചേച്ചി വന്നില്ല.
പന്ത്രണ്ടു കഴിഞ്ഞു പാതിരക്കോഴികൾ അവിടിവിടായി കൂവാൻ തുടങ്ങി അമ്മാവന് ഇരിക്കപ്പൊറുതി ഇല്ലാതായി … രമണി എന്താ വരാൻ താമസിക്കുന്നത്?? അവൾ ഉറങ്ങിപ്പോയി കാണുമോ??? അതോ… വീട്ടിൽ നിന്ന് പുറത്തിയിറങ്ങാൻ പറ്റാത്തകൊണ്ടാണോ?? അതോ അവൾ കാലുമാറിയോ???
ഉള്ളിൽ പലവിധ ചോദ്യങ്ങൾ ഓരോ നിമിഷവും മാറി മാറി വന്നുകൊണ്ടിരിക്കുന്നു.
ഒടുവിൽ രണ്ടും കല്പ്പിച്ചു അമ്മാവൻ വീടിന്റെ അടുക്കള വശം ലക്ഷ്യമാക്കി നടന്നു… വാതിൽ കണ്ടുപിടിച്ചു… അത് തുറന്നു കിടക്കുന്നു…. അവൾ പുറത്ത് ഇറങ്ങിയിട്ടുണ്ടെന്ന് മനസിലായി പിന്നെവിടെ പോയി അവൾ..? ചുറ്റും ഇരുട്ട് മാത്രം അമ്മാവൻ പതിയെ തിരിച്ചു പഴയ സ്ഥാനത്തു തന്നെ വന്നിരുന്നു.
കുറെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് അമ്മാവൻ തനിക്കു പറ്റിയ അബദ്ധം മനസിലായത്…. രമണിക്ക് അവസാനമായി കൊടുത്ത കത്തിൽ
“നീ… കപ്പതോട്ടത്തിൽ വരണമെന്നേ എഴുതിയിട്ടുണ്ടായിരുന്നുള്ളു “
ഈ….. രണ്ടേക്കർ കപ്പതോട്ടത്തിൽ എവിടെ വരണമെന്ന് എഴുതിയിട്ടില്ലെന്ന്. ആ..സത്യം
അമ്മാവന് പരിഭ്രാന്തി കയറി രമണിയെയും അന്വേഷിച്ചു ആ കപ്പതോട്ടത്തിൽ ആദ്യം നേരെ നടന്നും പിന്നെ കുറുകെ നടന്നും പിന്നെ വട്ടം നടന്നും ഓരോ കപ്പയുടെ മുട്ടിലും രമണിയെ അന്വേഷിച്ചു ആ കൂരിരിട്ടിൽ മണിക്കൂറുകൾ നടന്നു…
നിരാശയും ടെൻഷനും മണിക്കൂറുകൾ നീണ്ട തിരച്ചിലും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….. ഒടുവിൽ തളർന്നു അവിടെത്തന്നെ കുത്തിയിരുന്നു.
ആരോ… ദേഹത്തു തട്ടി വിളിക്കുന്നത് കേട്ടപ്പോഴാണ് കണ്ണ് തുറന്നത്…. ഒരു അവ്യക്തമായ ഒരു സ്ത്രീ… രൂപം ആണ് കണ്മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞു പോയ നിമിഷങ്ങളെല്ലാം പെട്ടന്ന് മനസിലേക്ക് ഓടിയെത്തി….
സ്ഥലകാലബോധം നഷ്ട്ടപ്പെട്ട അമ്മാവൻ. എന്റെ രമണി… നീയെവിടായിരുന്നു??
ആ സ്ത്രീ രൂപം : ഞാൻ രമണിയല്ല രമണിയുടെ അമ്മയാണ് ” ഭവാനി ” അവളാ പടിഞ്ഞാറെ മൂലയിൽ ഉണ്ട്…. നിങ്ങള് പോകുന്നെങ്കിൽ വേഗം അവളെയും വിളിച്ചോണ്ട് പോ….. ഇപ്പൊത്തന്നെ സമയം മൂന്നര കഴിഞ്ഞു.
ആ വിശ്വരൂപത്തെ രണ്ടുകയ്യും കൂപ്പി തൊഴിതിട്ട് അമ്മാവൻ പടിഞ്ഞാറു ലക്ഷ്യമാക്കി വേഗത്തിൽ ഓടി . അപ്പോഴും പുറകിൽ നിന്ന് ഒരു അശരീരി കേട്ട്.
“ഒരു കുഞ്ഞിക്കാലുമായിട്ടേ തിരിച്ചു വരാവുള്ളു “
അപ്പോഴും രണ്ടേക്കർ കപ്പത്തോട്ടം മുഴുവൻ അമ്മാവനെപ്പോലെ രാത്രിമുഴുവനും കറങ്ങി കറങ്ങി നടന്നു തളർന്ന രമണി വീട്ടിൽ നിന്നെടുത്ത ട്രെങ്ക് പെട്ടിയിൽ തലവച്ചു കിടന്നുറങ്ങുകയായിരുന്നു 🙏
ശുഭം