ദാവിദിന്റെ കഴുത്തിൽ കിടന്ന മാലയിൽ നിന്നും ഒരു തിളക്കം അവളുടെ കണ്ണുകളിൽ പതിഞ്ഞു…..

ഐറ

Story written by Sabitha Aavani

മനുഷ്യർക്ക് വിലക്കുള്ള പീലിക്കോട്ടയും മയിൽപ്പീലിക്കാടും. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ ? അങ്ങനെ ഒരു നാടുണ്ട്. മനുഷ്യവാസത്തിൽ നിന്നും തീർത്തും ഒറ്റപ്പെട്ട ഒരിടം.

മനുഷ്യരിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നത് എന്താണെന്നു വെച്ചാൽ, പറക്കാൻ ചിറകുകളും നടക്കാൻ കാലുകളും അവർക്കുണ്ട്.

നീണ്ടു കൂർത്ത മൂക്കും വയലറ്റ്കണ്ണുകളും വിരിഞ്ഞ മയിൽ‌പ്പീലി ചിറകും ആരെയും ആകൃഷ്ടരാക്കും.

മയിലുകൾ തോൽക്കും വിധം സൗന്ദര്യത്തിനുടമകളാണ് ആ നാട്ടിലെ ആണും പെണ്ണും.

അവർ പോറ്റി വളർത്തുന്ന മയിലുകളാണ് മയിൽ‌പ്പീലിക്കാട് സംരക്ഷിച്ച് പോരുന്നത്.

അവർ എന്തിനാണ് മനുഷ്യരെ ഭയക്കുന്നത് ? അറിയില്ല .

മനുഷ്യരാശിയെ അകറ്റി നിര്‍ത്താൻ പാകത്തില് അവരുടെ ചരിത്രം കഥ പറയുന്നുണ്ട് .

***************

മയിൽ‌പ്പീലിക്കാടിന്റെ ഓമന പെൺകൊടിയാണ് ഐറ.

പീലിക്കോട്ടയിലെ ഗ്രൊബ്സ് – ഫിസ ദമ്പതികളുടെ ഏകമകള്‍ .

മയിൽപ്പീലിക്കടിന്റെ ദേവത.

കൈയ്യിൽ മാന്ത്രിക ദണ്ഡും നീണ്ട ചുരുൾ മുടിയും മയിൽപ്പീലി ചിറകും അവളെ കൂടുതൽ സുന്ദരിയാക്കും.

മായാജാലവും, ചിത്രകലയും, നൃത്തവും അവള്‍ക്ക്‌ അനായാസമായി വഴങ്ങും .

പീലിക്കോട്ടയിലെ ഐറയുടെ മുറിയുടെ ചുവരുകൾ അവൾ ചായം പൂശി മിനുക്കിയ കാൻവാസുകളാണ് .

അവളുടെ നൃത്തരാവുകൾ പീലിക്കോട്ടയുടെ ഉത്സവരാത്രികളാണ് .

ജാലവിദ്യയ്ക്കൊപ്പം അവൾ ഭാവി -വർത്തമാന കാലങ്ങളെപ്പറ്റി പ്രവചിച്ചിരുന്നു .

അവളുടെ മായാജാലത്തില്‍ ചിലപ്പോള്‍ ആ കാടുറങ്ങും …

ചില രാത്രികൾ അവൾ മയിൽപ്പീലി പൊഴിക്കും … മഴ പോലെ മയിൽപ്പീലി പെയ്യുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണെന്നോ . ഐറ സ്നേഹം പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്.

അത് അവിടെ ഉള്ളവർ ഐറയുടെ അനുഗ്രഹമായി കണ്ടു .

ഐറയുടെ മനസ്സ് വേദനിച്ചാൽ മയിൽപ്പീലി കാട് മൂകമാകും .. പൂക്കളും ചെടികളും വാടി കരിയും …. മരങ്ങൾ ഇല കൊഴിച്ച് മയിൽപ്പീലിക്കാട് വേനൽവന്നു വറ്റി വരണ്ട ഭൂമിയായി മാറും.

ഓരോ തലമുറകൾ കൈ മാറി വരുന്ന ആചാരങ്ങൾ , നിയമങ്ങൾ എല്ലാം അവർ പാലിച്ച് പോന്നു .

മയിൽപ്പീലിക്കാടു വിട്ടിറങ്ങിയാൽ അവളുടെ ദൈവീക ശക്തി ക്ഷയിക്കും .

പിന്നീട് അത് തിരികെ ലഭിക്കണം എന്നുണ്ടെങ്കില്‍ നാല്പത്തിയൊന്നാം ദിനം അവൾ തിരികേ മയിൽപ്പീലിക്കാട്ടിൽ എത്തണം. അതും , ഐറയെ കൈപിടിച്ച് കൂട്ടികൊണ്ട് വരാൻ ഒരു മനുഷ്യനു കഴിയണം .

പിന്നീട് ആ മനുഷ്യനെ തിരിച്ച് നാട്ടിലേക്ക്‌ വിടില്ല.

മരണം വരെ അവരുടെ തടങ്കലിൽ കിടക്കണം.

അത് ഒരു ശാപം മോക്ഷം പോലെയുള്ള പ്രവർത്തിയായി അവർ കണ്ടു.

ചരിത്രപുസ്തകങ്ങളിൽ എഴുതി വെച്ചിരിക്കുന്ന നിയമം അതാണ്.

പക്ഷേ നാളിതുവരെ അങ്ങനെ ഒരു സംഭവം അവർക്കിടയിൽ ഉണ്ടായിട്ടില്ല. ഒരു മനുഷ്യനും മയിൽപ്പീലിക്കാടു കടന്നു വന്നിട്ടില്ല .

*********************

ഒരിക്കൽ ഐറ മയിൽപ്പീലിക്കാട് വീക്ഷിക്കാൻ പീലിക്കോട്ട വിട്ടിറങ്ങി.

കാടിനു മീതെ പറന്നുയര്‍ന്നു അവൾ തന്റെ ഉത്തരവാദിത്വം നടപ്പിലാക്കി .

ഒരുപാട് പറന്ന് നടന്നതിന്റെ ക്ഷീണം ചിറകുകളെ ബാധിക്കുന്നതായി തോന്നി അവൾക്ക്.

ശരീരത്തിന്റെ ഭാരം കുറയുന്നത് പോലെ… അവൾ തളർന്ന് വീഴുന്നത് പോലെ അവൾ മെല്ലെ താഴേക്കിറങ്ങാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.

അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. ഒരു തൂവൽ പോൽ അവൾ തഴേക്ക് ….. ഭൂമി തന്റെ മടിത്തട്ട് അവൾക്കായി വിരിച്ചു കൊടുത്തു . ഏതോ ഒരു മരത്തണലിൽ അവൾ കിടന്നു, വാടിയ താമരത്തണ്ടുപോലെ.

അതേസമയം പീലിക്കോട്ടയിൽ ഐറ തിരിച്ചെത്താൻ വൈകും തോറും എല്ലാവരുടേയും ഉള്ളിൽ ഭയം ഇരുണ്ടു കൂടി.

ഐറയ്ക്ക് എന്ത് പറ്റി ?

ഐറ എവിടെ ..?

അങ്ങനെ ചോദ്യങ്ങൾ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

മയിൽപ്പീലിക്കാട്ടിലെ മയിലുകൾ പല വഴി തിരഞ്ഞു.

ഐറയെ കണ്ടെത്തിയില്ല.

ആ രാത്രി മയിൽപ്പീലിക്കാട് ഉറങ്ങിയില്ല …

പക്ഷേ അപ്പോഴും മറ്റൊരിടത്ത് ഐറ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു .

******************

മുഖത്ത് വീണ വെള്ളത്തുള്ളികൾ തുടച്ചുമാറ്റികൊണ്ട് അവൾ തന്റെ കണ്ണുകൾ മെല്ലെ തുറന്നു .

മുന്നിൽ അദൃശ്യമായ ഒരു രൂപം… അവൾ ഒന്നുകൂടെ നോക്കി… അതൊരു മനുഷ്യരൂപമായിരുന്നു . അവൾ ഭയന്നു .

വെളുത്തു മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരൻ. ചിറകുകൾ ചൊതുക്കി അവൾ ആ കിടന്ന കട്ടിലിന്റെ അറ്റത്ത് ചേർന്നിരുന്നുകൊണ്ട് ചോദിച്ചു.

” നീ ആരാണ് ? “

” അത് ചോദിക്കേണ്ടത് ഞാൻ അല്ലെ ? നീ ആരാണ് .? എന്റെ വീട്ടുമുറ്റത്തെ മരച്ചോട്ടിൽ നീ എങ്ങനെ എത്തി ? എന്റെ കണ്ണുകളെ വിശ്വസിക്കാൻ എനിക്ക് ഇനിയും കഴിയുന്നില്ല …നീ ആരാണ് ? മാലാഖയോ അതോ ദേവതയോ ? “

തന്റെ കണ്ണുകളിൽ ഉടക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനെ അവൾ രൂക്ഷമായി നോക്കി.

” ഞാൻ ഇതെവിടെയാണ് ? നിങ്ങൾ എന്നെ ഭയപ്പെടുത്തുന്നു. “

” നീ എന്നെ തെറ്റിധരിച്ചിരിക്കുന്നു . ഞാന്‍ ദാവിദ് . ഇതെന്റെ വീടാണ് . രാത്രി ഏറെ വൈകിയിരിക്കുന്നു… ആ മരത്തണലിൽ ഇനിയും നീ കഴിയുന്നത് ആപത്താണ്‌ . തുകൊണ്ടു മാത്രമാണ് ഞാൻ നിന്നെ ഇവിടെയ്ക്ക് കൊണ്ട് വന്നത്. നീ ഇനിയും പറഞ്ഞില്ല നീ ആരാണ് ?”

ഐറ അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു .

” ഞാൻ ഐറ . മയിൽപ്പീലികാടിന്റെ ദേവതയാണ് . എന്നാൽ ഇന്ന് എന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു .. മയിൽപ്പീലിക്കാടു വിട്ടു ഞങ്ങൾ പുറത്ത് പോകാൻ പാടില്ല. അവിടുത്തെ നിയമങ്ങൾ അതിനു അനുവദിക്കുന്നില്ല . പക്ഷെ വിധി എന്നെ ഇവിടെ കൊണ്ട് എത്തിച്ചിരിക്കുന്നു. പാപമാണ് ഞാൻ ചെയ്തിരിക്കുന്നത് വലിയ പാപം…”

അവള്‍ ഉറക്കെ അലറി .

മയിൽപ്പീലിക്കാട്ടിൽ ചെടികളും, പൂക്കളും വാടി കരിഞ്ഞു… തണൽ മരങ്ങൾ ഇല പൊഴിച്ചു. വേനലിൽ വരണ്ട ഭൂമി പോലെ മയിൽപ്പീലിക്കാടു തേങ്ങി.

“ഐറ നീ എവിടെയാണ്….? “

ആ ചോദ്യം നിലവിളികളായി ഉയർന്നു.

മുന്നിൽ നിൽക്കുന്ന ഐറയെ കണ്ണെടുക്കാതെ നോക്കി നിന്നു ദാവിദ്.

” ദാവിദ് .. ഞാൻ അറിയുന്നു.. എന്റെ നാടിന്റെ തേങ്ങൽ എനിക്ക് കേൾക്കാം.. എങ്ങനെയാണ് ഞാൻ ഇവിടെ എത്തപ്പെട്ടത്.. ? ഇനി നീണ്ട നാല്പത്തിയൊന്ന് ദിവസങ്ങൾ വേണം എനിക്ക് തിരിച്ച് എന്റെ നാട്ടിൽ പ്രവേശിക്കാൻ… എനിക്ക് കഴിയുമോ എന്റെ നാടിനു പുറത്ത് അത്രയും ദിനരാത്രങ്ങൾ കഴിഞ്ഞുകൂടാൻ എനിക്ക് ഭയമാണ് മനുഷ്യരെ ..”

ഐറ എന്തൊക്കെയോ പുലമ്പികൊണ്ട് നടന്നു.

ഐറയുടെ ചിറകുകൾ ദാവിദ് ആശ്ചര്യത്തോടെ നോക്കി.

” എന്ത് ഭംഗിയാണ്… ഐറ നിന്റെ മയിൽപ്പീലി ചിറകുകൾക്ക്‌ “

ഐറ ദാവിദിനെ ഒന്ന് നോക്കി..

അവളുടെ കണ്ണുകൾ അഗ്നി പടർന്ന പോലെ അവൻ കണ്ണുകൾ വെട്ടിച്ചു.

” ഐറ നീ എന്തിന് മനുഷ്യരെ ഭയക്കണം ?”

“അവർ ഞങ്ങളുടെ നാശത്തിന് കാരണമാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .”

അവൾ ദാവിദിനു മുന്നിൽ മുട്ടുകുത്തി നിന്നു

” ദാവിദ് നിങ്ങൾ എങ്ങനെ ഉള്ള മനുഷ്യനാണ് എന്നെനിക്ക് അറിയില്ല .പക്ഷേ എനിക്ക് തിരിച്ച് എന്റെ മയിൽപ്പീലിക്കാട്ടിൽ പോകണം എങ്കിൽ ഒരു മനുഷ്യന്റെ സഹായം കൂടിയേതീരൂ. നിങ്ങൾ എന്നെ സഹായിക്കുമോ ..? പക്ഷേ അതുവരെ എന്നെ നിങ്ങൾ മറ്റാർക്കും മുന്നിൽപ്പെടാതെ സംരക്ഷിക്കണം. ഒരുപക്ഷെ വലിയൊരു ഉത്തരവാധിത്വം ആണ് ഞാൻ ദാവിദിനോടു അവശ്യപ്പെടുന്നത്.”

അവൾ തന്റെ കൈകൾ കൂപ്പി .

” അരുത് . എന്റെ മുന്നിൽ നീ അപേക്ഷിക്കരുത് .. നീ കൽപ്പിക്കൂ .. ഞാൻ അനുസരിക്കാം . നീ ദേവതയാണ് .. പക്ഷെ ഞാനോ? നിന്റെ സാഹചര്യം എനിക്ക് മനസ്സിലാവുന്നുണ്ട് . ഞാൻ ഒരു അനാഥൻ ആണ് . ആ മനുഷ്യനു മുന്നിൽ നീ താഴരുത് ..”

” ദാവിദ് .. ഈ നിമിഷം എനിക്ക് നിന്നോട് .. അല്ല … നിന്നോട് മാത്രമല്ല മനുഷ്യരോടു ബഹുമാനം തോന്നുന്നു ..”

അവളുടെ വയലറ്റ് കണ്ണുകൾ നിറഞ്ഞു ഇറ്റുവീണ കണ്ണുനീര്‍ത്തുള്ളി നിലത്ത് കിടന്നു തിളങ്ങി ..

“ദാവിദ് നിങ്ങൾ എന്റെ കണ്ണുനീർത്തുള്ളിയെ കൈയ്യിലെടുക്കൂ …നിങ്ങളെ അത് സഹായിക്കും . ഇപ്പോഴല്ല ഞാൻ തിരിച്ച് മയിൽപ്പീലിക്കോട്ടയിൽ എത്തുമ്പോള്‍ .”

അവൾ തന്റെ ചിറകുകൾ ഇളക്കി അവനായി പീലി പൊഴിച്ചു . അത് കണ്ടു അവൻ അവളെ തന്നെ നോക്കി

” എന്താണ് ഇത് ?”

” ഇതെന്റെ സ്നേഹമാണ് ദാവിദ്. നിങ്ങളെ ഞാൻ ഈ നിമിഷം മുതൽ വിശ്വസിക്കുന്നു.”

ദാവിദ് ഐറയ്ക്കായി പഴങ്ങളും മുന്തിരി വീഞ്ഞും ഒരുക്കി .ദാവിദിന്റെ വീട്ടിൽ ആരും അറിയാതെ അവൾ കഴിഞ്ഞുകൂടി .പക്ഷേ മയിൽപ്പീലിക്കാട് ഐറയുടെ അഭാവത്തിൽ ശോകമൂകമായി മാറിയിരുന്നു.

എങ്കിലും അവർ വിശ്വസിച്ചു. നാല്പത്തിയൊന്നാം നാൾ അവൾ തിരികെ എത്തും .
ഒരു മനുഷ്യന്റെ കൈയ്യും പിടിച്ച് .ദിവസങ്ങൾ കടക്ന്നു പോകുംതോറും അവൾ അസ്വസ്ഥയായി . ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ ശരിക്കും താൻ തന്റെ നിലനില്പ്പിനായി ചതിക്കുവല്ലേ ? ഇതുവരെ തോന്നാത്ത ഒരിഷ്ടം അവനോട് തനിക്ക് തോന്നി തുടങ്ങുന്നത് ഏറെ ഭയത്തൊടെ അവൾ ഓർത്തു.

ദാവിദിന്റെ വീടിന്റെ ചുവരുകളിൽ അവൾ ചിത്രം വരച്ചു …

അതിൽ തന്റെ പ്രണയത്തെ അവൾ ഒളിപ്പിച്ചു വെച്ചു .

മനുഷ്യജീവിതത്തെ അവൾ അവനിലൂടെ അറിഞ്ഞു . നീണ്ട സംഭാഷണങ്ങൾ അവരെ കൂടുതൽ അടുക്കാൻ പ്രേരിപ്പിച്ചു .

പുതിയൊരു ലോകമായിരുന്നു അവൾക്ക് ആ ദിനങ്ങൾ സമ്മാനിച്ചത്.

ഇന്ന് നല്പതാമത്തെ രാത്രി.അവൾ ദാവിദിനൊപ്പം ആഹാരം കഴിക്കുകയായിരുന്നു .

” ദാവിദ് … എനിക്കൊരു കാര്യം പറയാൻ ഉണ്ട്‌. “

” ഐറ എന്തിന് ഈ മുഖവുര ? നിനക്കു എന്തും എന്നോട് തുറന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്‌ . എന്നിട്ടും നീ മടിക്കുന്നത് എന്തിന് ?”

” ദാവിദ് നാളെ എനിക്ക് തിരികെ പോകണം. എന്റെ നാട് എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും പക്ഷേ… നീ കരുതും പോലെ അല്ല. നിന്റെ കൈപിടിച്ച് ഞാൻ എന്റെ നാട്ടിലെത്തുമ്പോള്‍ ഒരുപക്ഷേ …അല്ല നിന്നെ എനിക്കും എന്നെ നിനക്കും നഷ്ടമായേക്കാം .”

” ഐറ എനിക്ക് മനസ്സിലാവുന്നില്ല … നീ എന്താണ് പറയുന്നത് ?”

“അതെ ദാവിദ് ..എന്റെ കൈപിടിച്ച് കയറി വരുന്ന മനുഷ്യന് ഒരു മടങ്ങി പോക്കുണ്ടാകില്ല. നിന്നെ അവിടെ തടവിലാക്കും. മനുഷ്യരെ അവര്‍ക്ക് ഭയമാണ് . എന്റെ നിലനിൽപ്പിനു വേണ്ടി ഞാൻ നിന്നെ ചതിക്കാൻ തയ്യാറല്ല ദാവിദ് . ഞാൻ നിന്നെ സ്നേഹിക്കുന്നു……എന്നെക്കാളേറെ …”

അവളുടെ കണ്ണുകൾ നാണത്താൽ വിരിഞ്ഞു . അവളുടെ പീലികൾ അവനുമേൽ പൊഴിഞ്ഞു .

” ഐറ …. നിന്നെ ഞാൻ എന്റെ ഹൃദയത്തോടു ചേർത്തു വെക്കുന്നു പെണ്ണെ നിന്നെ ഞാൻ അങ്ങനെ വിളിക്കുന്നു .. ദാവിദിന്റെ പെണ്ണായി നിന്നെ ഞാൻ സ്‌നേഹിക്കുന്നു . നിന്നോടുള്ള എന്റെ പ്രണയം സത്യമാണ് . പക്ഷേ നമ്മൾ തമ്മില്‍ ഏറെ ദൂരമുണ്ട്. എന്റെ പ്രണയം നിന്റെ പാതയിൽ ഒരുതടസ്സമാകില്ല എന്റെ ജീവനും നിനക്കായ് അര്‍പ്പിക്കാൻ ഞാൻ തയ്യാറാണ് … നിന്നെ എനിക്ക് മയിൽപ്പീലിക്കാടിനു തിരിച്ച് നൽകണം . നിന്നിലൂടെ ഞാൻ അറിഞ്ഞ മയിൽപ്പീലിക്കാടിനും പീലിക്കോട്ടയ്ക്കും നിന്നെ ആവശ്യമുണ്ട് . പക്ഷേ ഞാൻ അങ്ങനെ അല്ല … എന്റെ ജീവൻ നല്കിയും നിന്നെ ഞാൻ സംരക്ഷിക്കും.”

അവൾക്കു തന്റെ മുന്നിലെ മനുഷ്യനെ വിശ്വസിക്കാൻ കഴിഞ്ഞില്ല .

” ദാവിദ് …. നിന്നെ പുണരാന്‍ എന്റെ മനസ്സുകൊതിക്കുന്നു.”

‍ ദാവിദിനെ അവൾ കെട്ടിപുണർന്നു . പുറത്ത് നിലാവ് ചൊരിയുന്നതും … തണുത്ത കാറ്റ് വീശുന്നതും അവൻ അറിഞ്ഞു.

ദാവിദിന്റെ കഴുത്തിൽ കിടന്ന മാലയിൽ നിന്നും ഒരു തിളക്കം അവളുടെ കണ്ണുകളിൽ പതിഞ്ഞു . അതവളുടെ കണ്ണുനീർ മുത്തായിരുന്നു .

“ദാവിദ് …”

” നിന്റെ കണ്ണുകൾ നിറഞ്ഞപ്പോള്‍ പിടഞ്ഞത് എന്റെ ഹൃദയമാണ് പെണ്ണെ. എന്റെ നെഞ്ചുപറ്റി കിടക്കുന്ന നിന്റെ ഈ മിഴിനീര്‍കണം എനിക്കുള്ള ഓർമ്മ പ്പെടുത്തലാണ് . ഇനി ആ കണ്ണുകൾ നിറയാൻ അനുവദിക്കരുത് എന്ന ഓർമ്മപ്പെടുത്തൽ.”

ഐറ അവന്റെ കണ്ണുകളിൽ ചുംബിച്ചു .

” ഐറ .. നീ തളർന്നു പോകരുത്. എന്നെ നീ നിന്റെ മനസ്സിൽ നിന്നകറ്റി നിര്‍ത്തുക .”

” ദാവിദ് … എനിക്ക് അതിനു കഴിഞ്ഞെന്നു വരില്ല …. നീ മറ്റാരും അറിയാതെ എന്നെ സംരക്ഷിച്ചു. പകരം നിനക്കു ഞാൻ നല്കുന്നതോ ? തടവും. ഒന്നും വേണ്ട എന്ന് തീരുമാനിക്കാനും എനിക്ക് പറ്റുന്നില്ല “

” ഐറ നീ ഇപ്പൊൾ സമാദാനമായി ഉറങ്ങൂ … നാളെ നിനക്കു തിരിച്ച് പോകണം . മറ്റൊന്നിന്നെ പറ്റിയും നീ ഇപ്പോള്‍ ചിന്തിക്കേണ്ട.”

പിറ്റെന്ന് നേരം പുലര്‍ന്നു .

ഐറ തിരിച്ച് പോകാൻ തയ്യാറായി.

അവളുടെ തോളിലേറി ദാവിദും ..

മയിൽപ്പീലിക്കാടിന്റെ ഒരറ്റത്ത് അവർ പറന്നിറങ്ങി .

മയിൽപ്പീലിക്കാടു അവളെ വരവേറ്റു.

അവന്റെ കൈ പിടിച്ച് അവന്റെ തോൾ ചേർന്ന് അവൾനടന്നു …

അവര്‍ക്കുമേൽ മയിൽപ്പീലിക്കാടു ഹര്‍ഷാരവം ചൊരിഞ്ഞു .

മയിലുകൾ കൂട്ടമായി പീലി വീശി ആടി …

പീലികോട്ടവാതിലിൽ എത്തുമ്പോള്‍ ഐറ ദാവിദിന്റെ കൈകളിൽ പിടി മുറുക്കി.

കോട്ടവാതിൽ അവര്‍ക്കായി തുറന്നു ..

ഐറയുടെ കണ്ണുകളിൽ ദാവിദിനോടുള്ള പ്രണയം നിറഞ്ഞു നിന്നു .

” ദാവിദ് ..നീ എന്നെ പിരിയാൻ തയ്യാറാണോ ?”

” നിന്നെ ഒരിക്കലും പിരിയരുത് എന്നു ഞാൻ അഗ്രഹിക്കുന്നു. നീ എന്റെ കുടെയുണ്ടാവണം എന്നും… പക്ഷെ … ഇനി നീ എന്റെതല്ല എന്നു ഓര്‍ക്കുമ്പോള്‍ മരണമാണ് പെണ്ണെ ഉചിതം . അല്ലെങ്കിൽ നിന്റെ ഓർമ്മകൾ എന്നെ വേട്ടയാടും. അത് എനിക്ക് മരണത്തേക്കാൾ ഭയാനകം ആണ് “

“നിന്റെ വാക്കുകളെ ഞാൻ വിശ്വസിക്കട്ടെ ?”

“ ഇനിയും നിനക്കു എന്നേ വിശ്വാസമില്ലേ ഐറ ?”

” എന്നാൽ ഇതാ ഞാൻ നിനക്കു മുക്തി നല്കുന്നു . നീയെന്റെ ഇടം തോൾ ചേർന്ന് എന്നും കൂടെ നില്‍ക്കാൻ എന്റെ പാതിയായി നിന്നെ ഞാൻ എന്റെ ആത്മാവിൽ ചേര്‍ത്ത് വെക്കുന്നു. പ്രിയപ്പെട്ടവനേ …”

ദാവിദ് അവളെ കണ്ണുകളിൽ തന്നെ നോക്കി നിന്നു എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകാതെ .

” ഐറ ..?”

” ദാവിദ് ഐറയുടെ കൈ പിടിച്ച് കൂടെ വന്ന മനുഷ്യന് മയിൽപ്പീലിക്കാടിന്റെ നിയമത്തിൽ തടവു നല്കുന്നത് പൂർവ്വികർ തയ്യാറാക്കിയ നിയമങ്ങൾ ക്കനുസരിച്ചാണു. അതാണ് നിയമവും എന്നാൽ അതിനൊപ്പം ഒന്നു കൂടി കൂട്ടിചേർത്തിട്ടുണ്ട് . മയിൽപ്പീലിക്കാടിന്റെ ദേവതയ്ക്ക് കുടെ വരുന്ന മനുഷ്യനെ ഭര്‍ത്താവായി സ്വീകരിക്കാൻ സമ്മതമാണെങ്കില്‍ മാത്രം തിരുത്താൻ കഴിയുന്ന ആ നിയമത്തെ പറ്റി .

ഐറയേ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ എന്റെ നാടിന്റെ ദേവനാണ് . നിന്നെ ഞാൻ എന്റെ പതിയായി സ്വീകരിക്കുന്നു . എന്റെ ശക്തി ക്ഷയിച്ചിരുന്ന സമയത്ത് എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല .അതോ കാലം അത് എന്നിൽ നിന്നും മനപ്പൂര്‍വ്വം മറച്ചുവെച്ചതോ ?അറിയില്ല . ഒരുപക്ഷെ ആയിരിക്കാംനിന്റെ സ്നേഹം എനിക്ക് മനസ്സിലാക്കി തരാൻ വേണ്ടി .. എനിക്ക് വേണ്ടി ജീവൻ കളയാൻ തയ്യാറായ നിന്നെ ഞാൻ എങ്ങനെ കണ്ടില്ലെന്ന് വെക്കും ? ദാവിദ് ..നിന്നെ എനിക്ക് തിരികെ ലഭിച്ചിരിക്കുന്നു … ചരിത്രത്താളുകളിൽ പ്രണ യലിപികളാൽ നമ്മുടെ പേര് ചേര്‍ക്കപ്പെട്ടു കഴിഞ്ഞു …”

” ഐറ …. ഞാൻ കാണുന്നത് സ്വപ്നമോ ..? നീ എന്റെ സ്വന്തമായിരിക്കുന്നു വിശ്വസിക്കാൻ കഴിയുന്നില്ലാ …. എല്ലാം വിധിയാണ് . നിന്നെ എന്നിലേക്ക്‌ ചേര്‍ത്ത് വെക്കാൻ കാലം കരുതി വെച്ച വിധി . നിന്നെ എന്റെ ഇടനെഞ്ചിൽ ചേർത്ത്പി ടിക്കുന്നു പെണ്ണെ ..”

ഐറ പീലി പൊഴിച്ചു….. മയിൽപ്പീലിക്കാട് ആനന്തലഹരിയിൽ ആറാടി.

ദാവിദ് – ഐറ വിവാഹം മയിൽപ്പീലിക്കാട്ടിൽ നീണ്ടു ആഘോഷരാവുകളായി.

മയിൽപ്പീലിക്കാട് അവൾക്കായി വീണ്ടും ഒരുങ്ങി ..

ദാവിദ് ദേവനേയും ഐറ ദേവതയേയും അവർ ഹൃദയത്തോട് ചേർത്തു വെച്ചു .

മയിൽപ്പീലിക്കാടു ദാവിദിനെ താലോലിച്ചു തങ്ങളുടെ ഓമന പുത്രനായി.

മയിൽപ്പീലിക്കാടു ഒരേ സ്വരത്തിൽ പറഞ്ഞു . “ഈ മനുഷ്യര്‍ക്ക് എന്ത് സ്നേഹമാണ് “

Related Posts

Leave a Reply

Your email address will not be published. Required fields are marked *