Story written by SIYA JIJI
“ദിവ്യ നീ ഞാൻ ചോദിക്കുന്നതിനു ഉത്തരം താ…ഇങ്ങനെ മിണ്ടാതിരുന്നാൽ നിനക്ക് നിന്റെ കള്ളത്തരം ഇനിയും പുറത്തുകാണിക്കാതെ ജീവിക്കാൻ കഴിയും എന്ന് വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് നീ വിട്ടേക്ക്. ഈ ദീപു അത്ര വലിയ പൊട്ടൻ ഒന്നുമല്ല.”
കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ എന്ന സത്യാവസ്ഥ മറന്നുകൊണ്ടാണ് ദീപു പൊട്ടിത്തെറിച്ചത്. ദിവ്യക്ക് അപ്പോഴും മൗനം മാത്രമായിരുന്നു മറുപടി..
“പറയുന്നുണ്ടോ നീ….. ഇനി നിനക്ക് വേറെ വല്ല പ്രണയവും ഉണ്ട് എന്നാണെങ്കിൽ അതിപ്പോ പറയണം. വലിയ മനസ്സ് കാണിച്ച് നിന്നെ അവന് വിട്ടുകൊടുക്കാൻ ഒന്നുമല്ല.ഇനിയും നിന്റെ കാമുകനും ആയിട്ട് ഒരു ബന്ധം അനുവദിക്കാൻ ഞാൻ അനുവദിക്കില്ല. അത് എന്തായാലും നീ കാര്യം പറ. എന്നോട് ഈ അകൽച്ച കാണിക്കുന്നതിന്റെ കാരണം എനിക്കിപ്പോ അറിയണം “
ദീപു എത്ര നിർബന്ധിച്ചിട്ടും അവളിൽ നിന്നും നിറഞ്ഞൊഴുകിയ രണ്ടു മിഴികൾ മറുപടി പറഞ്ഞതല്ലാതെ വേറെ ഒരു അക്ഷരം പോലും കേൾക്കാൻ സാധിച്ചില്ല. ഇനി നിന്നിട്ട് കാര്യമില്ലെന്ന് അറിഞ്ഞുകൊണ്ടാണ്ബൈക്കിന്റെ കീ എടുത്തു കൊണ്ട് എങ്ങോട്ടേന്നില്ലാതെ ഇറങ്ങിയത്.
എവിടെയൊക്കെയോ കറങ്ങി നടന്നു. മനസ്സാകെ കടലുപോലെ ഇളകി മറിയുന്നുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചു, തന്റെ വധുവിനെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അത് വലിയ സൗന്ദര്യം വേണമെന്നോ ഒരുപാട് സമ്പത്ത് വേണമെന്നോ ആയിരുന്നില്ല. എന്നെയും എന്റെ മാതാപിതാക്കളെയും മനസ്സിലാക്കുന്ന ഒരു പെണ്ണ്.
ഒന്നുരണ്ട് പ്രണയത്തിന് നല്ല കട്ട തേപ്പ് കിട്ടിയ കാരണം എന്റെ ഭാര്യ എന്റെ ഏറ്റവും നല്ല ഒരു കാമുകി ആവണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിപ്പോ നേരെ ചൊവ്വേ ഒന്ന് സംസാരിക്കുന്ന പോയിട്ട് ചിരിക്കുന്ന പോലുമില്ല. ഒരു ഭർത്താവിന്റെ പരിഗണന അവളെനിക്ക് തരുന്നില്ല. എന്തായിരിക്കും അതിന് കാരണം? ഇനി ഞാൻ ഊഹിച്ച പോലെ വേറെ ബന്ധം ഉണ്ടാവോ? ഹോ ഓർത്തിട്ട് തല പുകയുന്നു.
ഒരുപാട് നേരം പുറത്ത് ചെലവഴിച്ചിട്ടും പിന്നെയും കലങ്ങി മറിയുന്ന മനസ്സുമായിട്ടാണ് വീട്ടിലേക്ക് കയറിച്ചെന്നത്. സമയം 11 കഴിഞ്ഞു. മുൻവശത്തെ വാതിൽ പാതി തുറന്നിട്ടുണ്ട്. അമ്മ മുൻപും ഇങ്ങനെയാ ഞാൻ വരുന്നതുവരെ ഉറങ്ങാതെ കാത്തിരിക്കും. അകത്തു കയറി വാതിൽ കുറ്റിയിട്ടു തിരിഞ്ഞപ്പോഴാണ് അച്ഛനെ കണ്ടത്. പ്രതീക്ഷിച്ചത് അമ്മയെ ആയിരുന്നു. സാധാരണ അച്ഛൻ അങ്ങനെ ഉറക്കം കളഞ്ഞു ഇരിക്കാറില്ല.
” അച്ഛൻ എന്താ ഈ നേരമായിട്ടും ഉറങ്ങിയില്ലേ? “
“ഇല്ല. നീയെന്താ വരാൻ ഇത്ര വൈകിയത്? ഇവിടെ ഒരു പെണ്ണ് കാത്തിരിക്കുന്ന കാര്യം നീ എന്താ മറന്നു പോയോ?”
“അത് പിന്നെ…… ഇങ്ങോട്ട് വന്നപ്പോൾ ബ്ലോക്ക് ആയിരുന്നു…” ഒഴുക്കൻ മട്ടിൽ ആയിരുന്നു ഉത്തരം. അതുകൊണ്ടുതന്നെ അച്ഛൻ മുഖത്തെ ഗൗരവം വിടാതെ എന്നെ പിടിച്ച് മുറ്റത്തേക്കിറങ്ങി.
” നീയെന്താ ദീപു ഇനിയും കുട്ടികളിയുമായിട്ട് നടക്കാൻ ആണോ നിന്റെ ഉദ്ദേശം. ഇപ്പോൾ നീയൊരു മകൻ മാത്രമല്ല ഒരു ഭർത്താവ് കൂടിയാണ്… “
” അത് അച്ഛാ ഞാനിനി നേരത്തെ വന്നോളാം”
” നീ വൈകി വന്നതിനെ പറ്റി അല്ല ഞാൻ പറഞ്ഞത്”
” പിന്നെ..? “
“നീയെന്തിനാ വൈകിട്ട് ദിവ്യ മോളോട് അത്രയും ദേഷ്യപെട്ടത്. കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമല്ലേ ആയിട്ടുള്ളൂ. അവളോട് എങ്ങനെ സംസാരിക്കണം എന്ന് പോലും നീ പഠിച്ചില്ലേ?”
അച്ഛന്റെ സംസാരം കേട്ടപ്പോൾ ശരിക്കും ദേഷ്യം വന്നു. അതിലുപരി ജിമ്മിയെ കാരണമാണ് ഈ വഴക്ക് കേൾക്കേണ്ടി വന്നതും.ഓർത്തപ്പോൾ അവളോട് ദേഷ്യം ആയി. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. എന്റെ അവസ്ഥ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. സ്വയം ഓരോ ചോദ്യം ചോദിച്ചു കുഴയുന്നത് കണ്ടാകും അച്ഛൻ കുറച്ച് സോഫ്റ്റായി സംസാരിക്കാൻ തുടങ്ങി.
“മോനേ നിന്റെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാരണം ഞാനും ഒരിക്കൽ നിന്റെ ഈ പ്രായത്തിൽ തന്നെ അല്ലേ വിവാഹം കഴിച്ചത്. മോൻ ഒന്നുകൂടി മനസ്സിലാക്കണം ദിവ്യ മോള് അവളുടെ അച്ഛന്റെയും അമ്മയുടെയും ഒറ്റമകൾ ആണ്. നിന്നെ ഞങ്ങൾ എങ്ങനെയാണോ ലാളിച്ചു വളർതിയത്, അതുപോലെ തന്നെ ആയിരിക്കും അവളെയും വളർത്തിയിരിക്കുന്നേ. നിന്നെപ്പോലെ തന്നെ ദേഷ്യവും വാശിയും ഒക്കെ അവൾക്കും ഉണ്ടാവും. ഒരുപക്ഷേ നിന്നെക്കാൾ കൂടുതൽ. കാരണം അവൾ ഇത്രയും നാളും സ്വന്തമായിട്ട് കരുതി ജീവിച്ച വീട്ടിൽനിന്നും, അവളുടെ സ്വന്തം അച്ഛനെയും അമ്മയെയും വിട്ടാണ് കേവലം രണ്ട് മാസം മാത്രം പരിചയമുള്ള നമ്മുടെ കൂടെ നിൽക്കുന്നത്. അവൾക്ക് അതിന്റെതായ വിഷമതകൾ ഉണ്ടാകും. അത് കണ്ടറിഞ്ഞു പെരുമാറേണ്ടത് നീയാണ്. ഈ അന്തരീക്ഷവുമായി പൊരുത്തപ്പെടുവാൻ അവൾക്ക് നീ കുറച്ച് സമയം കൊടുക്കണം. ഭർത്താവ് ഭാര്യയുടെ കൂടെയാണ് നിൽക്കേണ്ടത്. അല്ലാതെ അവളിൽ അധികാരം സ്ഥാപിക്കാനല്ല നോക്കേണ്ടത്…. “
ഒറ്റശ്വാസത്തിൽ അച്ഛൻ എല്ലാം പറഞ്ഞിട്ട് പോയി.
എന്തോ ഒരു കൊടുങ്കാറ്റ് കഴിഞ്ഞ ശാന്തത മനസ്സിനു തോന്നി. ഇത്രനേരം എന്തൊക്കെ വിഡ്ഢിത്തമാണ് ചിന്തിച്ചു കൂട്ടിയത്. അച്ഛൻ പറഞ്ഞത് ശരിയാ. ഞാൻ അവളെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. അവളുടെ അവസ്ഥ മനസ്സിലാക്കാതെയാണ് ഞാൻ പൊട്ടിത്തെറിച്ചത്. എന്റെ തെറ്റാണ്…. ഇനി ഇപ്പോ എങ്ങനെയാ…. എന്താ ഞാൻ പറയുക….
ഇനി ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന് അവൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന് ഓർത്താണ് മുറിയിലേക്ക് ചെന്നത്.. കട്ടിലിനെ മൂലയ്ക്ക് തലകുനിച്ച് ഇരിക്കുന്നുണ്ട്. പാവം കരയുകയായിരിക്കുമെന്നു ഊഹിച്ചു. വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ട് അവൾ മുഖമുയർത്തി നോക്കി. ഊഹിച്ചതുപോലെ തന്നെ കരഞ്ഞ് തളർന്ന് ഇരിക്കുകയാണ്.
ഞാൻ മുഖത്തുനോക്കി ചെറുതായിട്ട് ചിരിച്ചു. അവൾ വേഗം മുഖം താഴ്ത്തി….
“ദിവ്യ നീ ഭക്ഷണം കഴിച്ചായിരുന്നോ…?” മൗനം മറുപടിയായി…
“അതെ ഞാൻ എന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നതാണ് അവിടെ ഇരുന്ന് സമയം പോയതറിഞ്ഞില്ല സോറി… “
എന്തൊക്കെ പറഞ്ഞിട്ടും രക്ഷയില്ല. അവൾ നോക്കുന്ന കൂടിയില്ല. ഇനി പതിനെട്ടാമത്തെ അടവ്….
“ദിവ്യ മോളെ സോറി… എനിക്ക് ദേഷ്യം വന്നപ്പോൾ അങ്ങനെയൊക്കെ അറിയാതെ പറഞ്ഞുപോയതാണ്. ഇനി ആവർത്തിക്കില്ല പ്രോമിസ്. “
അതിൽ അവൾ വീണെന്ന് തോന്നുന്നു. ഇത്രനാളും മൂടിക്കെട്ടി വെച്ച ആ മനസ്സ് എനിക്കു മുമ്പിൽ തുറന്നു.
“ദീപുവേട്ടൻ എന്നോട് ക്ഷമിക്കണം. എനിക്ക് ദീപുവേട്ടനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. എനിക്ക് എന്റെ വീട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇഷ്ടമല്ല. ഞാൻ ഇതുവരെ അങ്ങനെ മാറി നിന്നിട്ടില്ല. എന്റെ അച്ഛനും അമ്മയും വിഷമിക്കില്ലേ. ഞാൻ അതൊക്കെ ഓർത്തിട്ടാണ്….. സോറി….. അല്ലാതെ എനിക്ക് വേറെ റിലേഷൻ ഇല്ല.. “
കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞു കൊണ്ട് പറയുന്ന കാര്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്. അവളെ പതിയെ ചിരിയോടെ എന്റെ നെഞ്ചോട് ചേർത്തു.
“എന്റെ ഭാര്യ ഇത്ര പൊട്ടകുട്ടി ആണെന്ന് ഞാൻ അറിഞ്ഞില്ലട്ടോ മുത്തേ….”
പോടാ എന്നും പറഞ്ഞ് ഒരു നുള്ള് തന്നപ്പോൾ മനസ്സിലായി അത്ര പാവം അല്ല എന്ന്…. കുറുമ്പി…
“എന്റെ ദിവ്യ മോളെ…. ഇത്ര നിസ്സാരകാര്യത്തിന് ആണോ എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചത്. നാളെ നമ്മൾ നിന്റെ വീട്ടിലേക്ക് പോകുമല്ലോ. പിന്നെ എപ്പോൾ വേണമെങ്കിലും നമുക്ക് അങ്ങോട്ട് പോകാമല്ലോ. വിഷമിക്കണ്ടട്ടോ”
ഒരു കൊച്ചുകുഞ്ഞിനോട് എന്നപോലെ ഞാൻ എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കുമ്പോൾ അവളും ഒരു കൊച്ചു കുഞ്ഞായി എല്ലാം കേട്ട് എന്റെ നെഞ്ചോട് ചേർന്ന് കിടന്നുറങ്ങി…..
അനാവശ്യ ചിന്തകൾ കടന്നുകയറി നശിക്കേണ്ടി ഇരുന്ന എന്റെ ജീവിതം എനിക്ക് തിരികെ തന്ന എന്റെ അച്ഛന് ഒരുപാട് നന്ദി…. ഇന്നിപ്പോ എനിക്ക് നല്ല ഒരു ജീവിതമുണ്ട്…. ഒരു ഭാര്യയേകാലുപരി അവൾ എന്നെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അതാണെന്റെ ജീവിതത്തിന്റെ വിജയവും….
( പ്രിയ വായനകാരോട് ചെറിയ ഒരു കാര്യം പറയട്ടെ…
നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും മറ്റൊരാൾ പറയുന്നത് കേൾക്കാൻ മനസ്സ് കാണിക്കാതെ വന്നിട്ട് തകർന്നുപോയ ഒരു ബന്ധം എങ്കിലും ഉണ്ടായിരിക്കും. അത് ചെറുതോ വലുതോ ആയിക്കോട്ടെ… ഇനിയെങ്കിലും ഒരു അഭിപ്രായം പറയുന്നതിനു മുൻപ് അല്ലങ്കിൽ തീരുമാനം എടുക്കുന്നതിനു മുൻപ് ഒരു നിമിഷം ആ ഒരാൾ പറയുന്നത് കേൾക്കാൻ അല്ലങ്കിൽ മനസിലാക്കാൻ കുറച്ചു ക്ഷമ കാണിക്കുമോ..ബന്ധങ്ങളിലെ വലിയ ഒരു വഴക് അങ്ങനെ ഒഴിവാകുമെങ്കിൽ അത് നല്ലതല്ലേ… ഇനിയിപ്പോ അയാളെ മനസിലാകാതെയാണ് നമ്മൾ എടുത്ത്ചാടിയത് എന്നൊരു ആരോപണം എങ്കിലും ഒഴിവാകമല്ലോ..ചുമ്മാ എന്റെ മനസ്സിൽ തോന്നിയ കാര്യം share ചെയ്തുവെന്നേ ഉള്ളു. തെറ്റാണെങ്കിൽ ഷമിക്കണേ 🙏🙏)