Story written by Satheesh Veegee
ഇന്ന് തുണികളുടെ ഒരു കണക്ക് എടുത്തു നോക്കിയപ്പോൾ ഹൃദയം തകർന്നു പോയി. സ്തതുത്യർഹ്യ സേവനവുമായി മാസങ്ങളായി നുമ്മെ സേവിച്ചിരുന്ന മുന്തിയ ഇനം അഞ്ചു ബ്രീഫുകൾ (അണ്ടർവിയർ എന്നാണ് പേരെങ്കിലും അണ്ട്രയാർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സാധനം) അപ്രത്യക്ഷ മായിരിക്കുന്നു.
പടച്ചോനെ ഇവൻമാർ ഇതെവിടെപ്പോയി പണ്ടാരമടങ്ങി എന്ന് മനസ്സിലൊരരു അങ്കലാപ്പ്. വീട് അരിച്ചുപെറുക്കിയെങ്കിലും പൊടിപോലും ഇല്ലാ കണ്ടുപിടിക്കാൻ.
ഇനി ചിലപ്പോൾ കുളിപ്പിച്ചു കിടത്തിയപ്പോൾ ഇറങ്ങി ഓടിയതാണോ. എന്തായാലും മേയാൻ വിടാറുള്ള സ്ഥലത്ത് ഒന്നു നോക്കിയേക്കാം. നേരെ ടെറസിലേക്കു കയറി. സോപ്പ് പെട്ടി അടുക്കി വച്ചതുപോലെ അടുത്തടുത്ത് വീടുകളാണ്.
അപ്പുറത്തെ വീട്ടിലെ റാണാ സിംഗിൻറെ പെമ്പറന്നോത്തി ടെറസിൽ നിന്ന് തകർപ്പൻ ഫോൺ വിളി.
എന്നെ കണ്ടതും തലയിൽ ഇട്ടിരുന്ന സാരി ഒന്നുകൂടി വലിച്ചു മുകളിലേക്ക് ഇട്ടു. മറയ്‌ക്കേണ്ട ഭാഗങ്ങൾ എല്ലാം ഹൈലി ഡിസ്പ്ലേ ചെയ്തുകൊണ്ട് ആണ് ഈ തലയിൽ സാരി ഇടീൽ. ടെറസിൽ ഒന്നു കണ്ണോടിച്ചു . ഇല്ല ഇവിടെയെങ്ങും ഇല്ല നമ്മുടെ ചങ്കുകൾ.
ചുറ്റുപാടും ഉള്ള വീടുകളുടെ മുകളിലേക്ക് എത്തി വലിഞ്ഞു നോക്കി . എവിടെ നിന്നോ ഒരു നിലവിളി കേൾക്കുന്നതായി തോന്നുന്നു. പെട്ടെന്നാണ് ഹൃദയം തകർന്ന ആ കാഴ്ച ഞാൻ കാണുന്നത്.
ഹെൽപ് മി പ്ളീസ് എന്ന സ്റ്റിക്കറും നെഞ്ചത്ത് പതിച്ചുകൊണ്ട് അഞ്ച് അതികായകൻമാരും അയൽക്കാരനായ രാമ് സിംഗിൻറെ വീട്ടിലെ ടെറസിൽ വൃത്തികെട്ട ചെളിയിൽ പുതഞ്ഞ് ചക്രശ്വാസം വലിച്ചു കിടക്കുന്നു.
“ദൈവമേ ലോകത്തിൽ ഒരു ജട്ടികൾക്കും ഈ ഒരു ഗതികേട് ഉണ്ടാകല്ലേ” എന്ന് ഞാൻ ഓർത്തു. കുളിപ്പിച്ചു കിടത്തിയപ്പോൾ ഇറങ്ങി ഓടിയതാണ് . ബാഹ്യ പ്രേരണയും ഉണ്ടായിക്കാണും. ഇനി ഇപ്പോൾ എന്താ ചെയ്യുക .
ആകെ ഒരു കൺഫ്യൂഷൻ . പോയി എടുത്താലോ അതോ ഉപേക്ഷിച്ചാലോ. ആരുടേയും കണ്ണിൽ പെടാതെ അവറ്റകളെ രക്ഷിക്കുന്നത് അസാധ്യമാണ് .
രക്ഷിച്ചാൽ തന്നെ ഒരു ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും അവന്മാരെ ആ പഴയ പടക്കുതിരകൾ ആക്കി മാറ്റാൻ. ഒരു കിലോ ഏരിയൽ വെറുതെ അങ്ങ് തീരും.
വോയിസ് കാളിൽ സാറ്റിസ്‌ഫാക്ഷൻ പോരെന്നും പറഞ്ഞു രാംസിങ്ങിന്റെ ഭാര്യ vdo കോളിന്റെ അഗാധതകളിലേക്ക് ഊളിയിടുന്നു.
ഏതാണ്ട് പോയ അണ്ണാനെ പോലെയുള്ള എന്റെ നിൽപ് അവരിൽ മറ്റെന്തോ ഒരു ഇടകൃഷിയുടെ വിത്തുകൾ വിതറിയോ എന്നൊരു സംശയം.
ഒന്നാമത്, രാംസിംഗ് ഈ സംസ്ഥാനത്തുപോലും ഇല്ല. ഇവൻ ഇനി എന്നെ ടൂൺ ചെയ്യുകയാണോ എന്നൊരു സംശയം അവരുടെ കുഞ്ഞു മനസ്സിൽ മുളയിട്ടു. മുഖത്തെ സാരി പതുക്കെ മാറ്റിയിട്ട് vdo കോളിംഗ് നടത്തുമ്പോൾ ടച്ചിങ്‌സ് എന്നപോലെ ഇങ്ങോട്ടൊരു കണ്ണേറ്.
പടച്ചോനെ പണി പാളിയല്ലോ എന്നോർത്ത് തിരിച്ചു പോരാൻ നേരം ” ഭയ്യാ ക്യാ ഹ്യൂഹാ ” എന്നൊരു ചോദ്യം.
എന്റെ ജട്ടി കാണുന്നില്ല എന്ന് എങ്ങനെയാണ് ഈ തള്ളയോട് പറയുന്നത്.
“കുച്ചു നഹീം” ഞാൻ മൊഴിഞ്ഞു.
“കുച്ച് തോ ബാത്ത് ഹേ ബോലോ ക്യാ ബാത്ത് ഹേ”(എന്തോ കാര്യം ഉണ്ട്. പറ എന്താ കാര്യം ) തള്ള വിടാനുള്ള ഭാവമില്ല
“മേം ബ്രീഫ് ” അത്രയേ പറയാൻ അവസരം കിട്ടിയുള്ളൂ.
“ഹേ ഭഗവാൻ ബീഫ്. തുംലോഗ് ബീഫ് ഖാതാ ഹോ ” (ദൈവമേ ബീഫ്. നിങ്ങൾ ബീഫ് കഴിക്കുമോ ) vdo കാൾ കട്ട് ചെയ്തിട്ട് തള്ള ചോദിച്ചു..
തല്ക്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ. ജട്ടിയിൽ നിന്നൊരു മോചനം ആകു മല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
“പശുക്കളെപ്പറ്റിയും പോത്തുകളെപ്പറ്റിയും ഒരു സ്റ്റഡി ക്ലാസ് എനിക്ക് തരാൻ അവർ തയ്യാറായപ്പോഴേക്കും ഞാൻ അവിടെ നിന്ന് മുങ്ങി.
അങ്ങിനെ ഹൃദയം തകർക്കുന്ന ആ തീരുമാനം ഞാനെടുത്തു . അഞ്ചിനേയും മൊഴിചൊല്ലുക . “മക്കളേ മുതലാളി പോവാടാ മക്കളേ പോവാ . ഐ ആം ഹെൽപ്പ് ലെസ്സ്. ഐ ആം ഹെൽപ്പ് ലെസ്സ് ” എന്ന് മനസ്സിൽ വിലപിച്ചു കൊണ്ട് ഞാൻ പടികൾ ഇറങ്ങി. അവസാനമായി ഒരുനോക്കു കാണാൻ ഞാൻ ഒന്നുകൂടി അവറ്റകളെ നോക്കി.
“നന്ദി ഇല്ലാത്തവൻ പോകുന്ന പോക്ക് കണ്ടില്ലേ. ” എന്ന് അവറ്റകൾ പറയുന്നതായി എനിക്ക് തോന്നി. ..