നന്നേക്ഷീണിതൻ ആണെങ്കിലും ആ കണ്ണുകളിലെ തിളക്കം മനസ്സിലെവിടെയോ ഉടക്കി. ഇയാളെ കണ്ടപ്പോൾ എന്തിനാണ്…..

അയാൾ

Story written by Bindhulekha Bindu

ഭർത്താവിന്റെ മൂന്നാം ചരമവാർഷികം വൃദ്ധസദനത്തിലെ അന്തേ വാസികൾക്കൊപ്പം ആചരിക്കുന്നതിന് വേണ്ടിയാണ് ഞാൻ അവിടെ എത്തിയത്. കൊച്ചു മകന്റെ കൈപിടിച്ച് വൃദ്ധസദനത്തിന്റെ പടികൾ കയറിയപ്പോഴാണ് അരികിലെ സിമന്റ് ബെഞ്ചിലിരിക്കുന്ന വൃദ്ധനെ കണ്ടത്. നന്നേക്ഷീണിതൻ ആണെങ്കിലും ആ കണ്ണുകളിലെ തിളക്കം മനസ്സിലെവിടെയോ ഉടക്കി. ഇയാളെ കണ്ടപ്പോൾ എന്തിനാണ് എന്റെ മനസ്സ് വല്ലാതെ പിടയ്‌ക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

കൊച്ചു മകന്റെ കൈ വിടുവിച്ച്നടത്തത്തിനു വേഗത കുറച്ചു. ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ ഊളിയിട്ടിറങ്ങാൻ തുടങ്ങി. ആ കണ്ണുകൾ…… വളരെ അടുപ്പം തോന്നുന്നുണ്ടല്ലോ! ഈശ്വരാ !എന്താണിത്?!ഇവിടെ ഈ മഹാനഗരത്തിൽ എനിക്ക് ഇത്രയ്ക്ക് അടുപ്പം തോന്നാൻ പാകത്തിൽ ആരാണിത്?! ‘അമ്മേ…… ‘ എന്നുള്ള മകന്റെ വിളിയാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്. ” അമ്മേ… ഇത് മോഹനവർമ്മ. എന്റെ സുഹൃത്താണ്, ഈ വീടിന്റെ ഉടമസ്ഥൻ”. ഈ കൂട്ടുകാരനെ കുറിച്ചും അവന്റെ നല്ല മനസ്സിനെ കുറിച്ചും മകൻ ഒരുപാട് പറഞ്ഞിട്ടുണ്ട്.

ഏകദേശം മുപ്പതു വയസ്സ് തോന്നിക്കുന്ന സുന്ദരനായ ചെറുപ്പക്കാരൻ. ന്യൂജൻ പിള്ളേരുടെ ചിന്തയിൽ പോലും കടന്നുചെല്ലാത്ത മേഖലകളിൽ കൂടി സഞ്ചരിക്കുന്നവൻ. ഇൻഷുറൻസ് തുകയുടെ വലിപ്പവും പോക്കറ്റി ന്റെ കനവും നോക്കി ചികിത്സ നിശ്ചയിക്കുന്ന ഈ കാലത്ത് അതിനെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഡോക്ടർ. അശരണരെയും അനാരോഗ്യകരമായ അവസ്ഥയിൽ കഴിയുന്നവരെയും മക്കളാൽ തിരസ്കരിക്കപ്പെട്ട മാതാപിതാക്കളെയും സംരക്ഷിക്കുന്നവൻ. അവന്റെ ‘ആശ്രയ’ അവിടെയെത്തുന്ന നിർധന രോഗികൾക്കും നിരാലംബർക്കും ആശ്രയമാണ്.

” ഈ സുഹൃത്തിന്റെ വീട്ടിൽ എനിക്ക് കൂടി ഒരിടം തരപ്പെടുത്തി തരുമോ”? എന്ന് പല പ്രാവശ്യം ഞാൻ മകനോട് ചോദിക്കുമായിരുന്നു. മക്കൾക്കും പേരക്കുട്ടി കൾക്കും ഞാനൊരു ബാധ്യതയോ ബുദ്ധിമുട്ടോ ആകരുത് എന്ന ചിന്തയോ ജീവിതത്തിലെ ഒറ്റപ്പെടലോ ആകാം എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും അവൻ ഇവിടെയെത്തി അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി അവരോടൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങുക അപ്പോഴെല്ലാം എന്നെ വിളിക്കാറുണ്ടെങ്കിലും എന്തോ…. എനിക്ക് അങ്ങോട്ടേക്ക് പോകാൻ തോന്നിയിരുന്നില്ല. എന്നാൽ ഇപ്രാവശ്യം ഞാനവനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ‘ ഞാനും വരുന്നു മോഹനവർമ്മ യുടെ ‘ആശ്രയ’ യിൽ’. എന്നെ അവിടെ കൊണ്ടുപോകാൻ വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി.

അങ്ങനെ മോഹനവർമ്മയുടെ ‘ആശ്രയ’യിൽ ഒരു അതിഥിയായി വന്ന ഞാൻ അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കാൻ മകനോടും പേരെക്കു ട്ടികളോടുമൊപ്പം കൂടി. അപ്പോഴാണ് അയാൾ ഒരു വടിയും കുത്തി ഊണ് മുറിയുടെ ഒരറ്റത്ത് കിടക്കുന്ന ബെഞ്ചിൽ വന്നിരുന്നത്. ഏകദേശം നൂറ്റിയന്പതോളം അന്തേവാസികൾ ഉണ്ടവി ടെ. അനാരോഗ്യവും വിഷമതകളും ഉള്ളിലൊതുക്കി എല്ലാവരും പരസ്പരം തമാശകൾ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നതാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്.

എന്നാൽ അയാൾ മാത്രം ഒന്നിലും ചേരാതെ മാറിയിരിക്കുന്നു. കൊച്ചുമക്കൾ മുത്തശ്ശൻ മാരുടെയും മുത്തശ്ശി മാരുടെയും അടുത്തേക്ക് വിശേഷങ്ങൾ പറയുവാൻ കൂടി. മകന്റെ ഏഴു വയസ്സുകാരി മകൾ ചിന്നു അയാളുടെ അടുത്തേക്ക് ചെന്നു. സ്വതവേ വായാടിയായഅവൾ എന്തൊക്കെയോ അയാളോട് ചോദിക്കുന്നുണ്ടായിരുന്നു. ഊന്നുവടിയിൽ മുറുകെ പിടിച്ചിരുന്ന കൈകളിൽ താടി അമർത്തി അയാൾ മറ്റെവിടെയോ നോക്കിയിരിക്കുകയാണ്.

കുട്ടിയുടെ അടുത്തേക്ക് ഞാനും ചെന്നു. ആ മുഖം എനിക്ക് നല്ല പരിചയ മുണ്ടെങ്കിലും വാർദ്ധക്യം മറവി പാകിയമനസ്സിൽ നിന്നും ഓർത്തെടുക്കാൻ നന്നേ പാടുപെടേണ്ടിവന്നു. അപ്പോഴാണ് മോഹനവർമ്മയുടെ ഇടപെടലുണ്ടായത്. “ഇദ്ദേഹം സമൂഹത്തിലെ ജനസമ്മതനായ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. സമൂഹം ആരാധിക്കുന്ന, സഹജീവികളോട് കരുണയുള്ള നല്ലൊരു മനുഷ്യൻ. ഭാര്യ നേരത്തെ മരിച്ചു പോയി.

എന്റെ സുഹൃത്തായ ഒരു ഡോക്ടറാണ് അവശനിലയിലായ ഇയാളെ ഇവിടെ എത്തിച്ചത്. വന്നിട്ട് ഇപ്പോൾ മൂന്നുമാസം കഴിഞ്ഞു”. മോഹനവർമ്മ അയാളുടെ പേര് പറഞ്ഞപ്പോൾ എന്റെ ഉള്ളിലെവിടെയോ ഒരു നീറ്റലുണ്ടായി. ഓർമ്മകളുടെ ഊടുവഴിയിലൂടെ കുറേ പിന്നിലേക്ക് പോയ ഞാൻ, യുവത്വത്തിന്റെ മധുരമായ ഓർമ്മകൾ തളിരിട്ടു നിൽക്കുന്ന ഭൂതകാലത്തിന്റെ തിരുമുറ്റത്ത് എത്തി.

സന്തോഷമാണോ സങ്കടമാണോ എന്നിലു ണ്ടായ വികാരം എന്ന് എനിക്കറിയില്ല. ” സമൂഹം ആരാധിക്കുന്ന, സഹജീവികളോട് കരുണയുള്ള സ്നേഹസമ്പന്നനായ മനുഷ്യൻ”. ശരിയാണ് പൊതുജന ക്ഷേമ തൽപ്പരനായ, തന്നെ സമീപിക്കുന്ന നിരാലംബരായ വരെ സ്നേഹത്തിന്റെ സ്വാന്തന സ്പർശം നൽകി സഹായിക്കാൻ ആഗ്രഹിക്കുന്ന, നല്ലൊരു മനുഷ്യൻ.

വിശപ്പിന്റെ തീവ്രത സഹിക്കാനാവാതെ ഒരുനേരത്തെ ഭക്ഷണം മോഷ്ടിച്ചതിന്, പേപ്പട്ടിയെ തല്ലുന്ന ആർജ്ജവത്തോടെ, തല്ലിക്കൊന്നു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച്, ആനന്ദം കൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ യുവതലമുറ……. ഇത്തരക്കാർക്ക് ഇടയിലാണ് ഇങ്ങനെയും ചില മനുഷ്യർ ഉള്ളത് എന്ന തിരിച്ചറിവോടെ, താൻ ഒരുപാട് സ്നേഹിച്ചിരുന്ന, തന്റെ സുഹൃത്താണോ സഹോദരനാണോ എന്ന് വേർതിരിച്ചെടുക്കാനാ വാത്ത, ആ വാക്കുകളിൽ ആശ്വാസം കൊണ്ടിരുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു….

ഒരുപാട് സംസാരിക്കുന്ന തന്റെ പ്രിയ സുഹൃത്ത്….ജീവിതയാത്രയുടെ തിരക്കുകളിൽ പരസ്പരം വേർപെട്ടു പോയവർ…..ഈശ്വരാ! ഇവിടെ ഇങ്ങനെ കാണുവാനാണല്ലോ വിധിക്കപ്പെട്ടത് എന്ന വിങ്ങലോടെ സ്ഥലകാലബോധം നഷ്ടപ്പെട്ട ഞാൻ അയാളുടെ കൈകളിൽ കൂട്ടിപ്പിടിച്ചു.” അമ്മ ഇയാളെ അറിയുമോ? ” എന്ന മോഹനവർമ്മ യുടെ ചോദ്യം എന്റെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു. ഇയാളെ എനിക്ക് അറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക……..?!

Related Posts

Leave a Reply

Your email address will not be published. Required fields are marked *