March 25, 2023

നഷ്ടപ്പെടുത്തിയ ഓരോ കാഴ്ചകളും ഓരോ അവസരങ്ങളും കുറ്റബോധമായി മനസ്സിൽ……

Story written by Anandhu Raghavan

തലയിലൊരു തോർത്തും വട്ടം കെട്ടി കയ്യിലൊരു പൂവൻ തൂമ്പയും പിടിച്ച് പറമ്പിലേക്ക് പോകാൻ നേരം ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയായിരുന്ന എന്നെയും അച്ഛൻ വിളിച്ചു…

എനിക്കത് തീരെ ഇഷ്ടമായില്ലെങ്കിലും മറുത്തൊന്നും പറയാതെ അനുസരിക്കുകയായിരുന്നു ഞാൻ..

ആകെ ലീവ് കിട്ടുന്നത് ഞായറാഴ്ച ഒരു ദിവസം മാത്രമാണ് .. അന്നുപോലും സ്വസ്ഥമായി വീട്ടിലിരിക്കാൻ സമ്മതിക്കുകയില്ലെന്ന് വച്ചാൽ വല്യ കഷ്ടം തന്നെ..

നിരാശയോടെ ഫോണും ടേബിളിൽ വച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പറമ്പിലേക്ക് നടന്നുതുടങ്ങിയിരുന്ന അച്ഛൻ വിളിച്ചു പറയുന്നത് കേട്ടു “ആ പുല്ലരിവാളും കൂടെ ചായ്പ്പിൽ ഇരിക്കുന്ന മൺവെട്ടി തൂമ്പ കൂടെ ഇങ്ങ് എടുത്തോളാൻ .. “

പുല്ലരിവാളും തപ്പിയെടുത്ത് മൺവെട്ടി തൂമ്പ തോളിലും വച്ച് മുറ്റം കടക്കാൻ തുടങ്ങിയപ്പോൾ അമ്മയുടെ വക ശകാരമെത്തി ” തൂമ്പയും തോളിൽ വച്ച് മുറ്റത്തൂടി നടക്കാതെടാ ചെക്കാ , നീ ആർക്ക് കുഴി തോണ്ടാനാണ്.. ?? “

അബദ്ധം പിണഞ്ഞെന്ന് അമ്മയുടെ ശകാരം കിട്ടിയപ്പോഴാണ് ഓർത്തത്.. തൂമ്പയും തോളിൽ വച്ച് മുറ്റത്തൂടെ നടക്കരുതെന്ന് പലവട്ടം പറഞ്ഞു തന്നിട്ടുണ്ടെങ്കിലും ഇതൊരു ശീലമല്ലാത്തതിനാൽ മറക്കും…

തോളിൽ നിന്നും തൂമ്പ ഇറക്കി മണ്ണിൽ കുത്തിപ്പിടിച്ചുകൊണ്ട് ഞാൻ അച്ഛനോടൊപ്പമെത്താൻ ധൃതിയിൽ നടന്നു…

വീടിന്റെ വടക്ക് വശത്തായി നീണ്ടു നിവർന്നു കിടക്കുന്ന പാടം , പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് നെൽക്കതിരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികൾ വെട്ടി തിളങ്ങുന്നു… പാടത്തിന്റെ വടക്ക് പടിഞ്ഞാറ് വശം വഴി വിശാലമായ നല്ലൊരു തോടും ഒഴുകുന്നുണ്ട് .. തോടിന്റെ മറു കരയിൽ വാഴയും കപ്പയും കൃഷി ചെയ്തിരിക്കുകയാണ്…

നല്ല ജലാംശവും വളക്കൂറുള്ള മണ്ണായതിനാലും കൃഷിക്ക് അനുയോജ്യമായ സ്ഥലമാണ്…

പക്ഷെ ഇത്തവണത്തെ കൃഷിയാകെ വെള്ളത്തിലായിപ്പോയി , അതിന്റെ തീരാ സങ്കടത്തിലാണ് അച്ഛൻ…

തൂമ്പയും കൊണ്ട് പാടത്തേക്കിറങ്ങിയ അച്ഛൻ പാടത്ത് കെട്ടി നിന്നിരുന്ന വെള്ളം പൊട്ടിച്ച് തോട്ടിലേക്കൊഴുക്കി വിടുകയാണ്…

പാടത്ത് തൂമ്പയും കൊണ്ട് ആഞ്ഞു കിളച്ചപ്പോൾ മീൻ പിടിക്കുവാനായി ഒറ്റക്കാലിൽ നിലയുറപ്പിച്ചിരുന്ന കൊക്കുകൾ ഒരുമിച്ച് പറന്നുയരുന്നത് അതിശയത്തോടെ നോക്കുകയായിരുന്നു ഞാൻ…

പാടത്ത് കെട്ടി നിന്നിരുന്ന വെള്ളം പൊട്ടിച്ച് തോട്ടിലേക്കൊഴുക്കിയപ്പോൾ പരൽ മീനുകളും മറ്റും അവിടെ തടിച്ചു കൂടിയിരുന്നു…

വാട്സപ്പിലും ഫേസ്ബുക്കിലും മാത്രം ചിത്രങ്ങളായി കണ്ടുകൊണ്ടിരുന്ന പ്രകൃതിയുടെ സൗന്ദര്യം നേരിട്ടു കാണുമ്പോൾ മനസ്സിന് ഒരു കുളിർമയാണ് , രാവിലെ ക്ലാസ്സിൽ പോയാൽ വൈകിട്ട് തിരിച്ചെത്തും.. ഇതിനിടയിൽ അൽപസമയം കിട്ടിയാൽ ഫോണിൽ കുത്തിക്കൊണ്ട് ഒരേയിരുപ്പാണ്.. പാടത്തും പറമ്പിലും നോക്കാൻ എവിടെ സമയം.. ??

നഷ്ടപ്പെടുത്തിയ ഓരോ കാഴ്ചകളും , ഓരോ അവസരങ്ങളും കുറ്റബോധമായി മനസ്സിൽ നീറിത്തുടങ്ങിയിരുന്നു…

ഞാൻ അച്ഛന്റെ അടുത്തെത്തി ആ കയ്യിൽ നിന്നും തൂമ്പ വാങ്ങാൻ നേരം കണ്ടു , ഉള്ളം കയ്യിൽ തഴമ്പ് വന്ന് തൊലി പൊട്ടി പാറ പോലെ ആയിരിക്കുന്നു കൈകൾ …

തഴമ്പ് വന്ന് കാഠിന്യമേറിയ ആ കൈകൾ കൊണ്ട് ഇന്ന് കിളക്കുമ്പോൾ വേദന അറിയുന്നുണ്ടാവില്ല അച്ഛൻ…

എനിക്ക് വേണ്ടി എത്രയോ വേദനയറിഞ്ഞ കൈകളാണത് , എനിക്ക് വേണ്ടി എത്രയോ നീറ്റൽ ഏറ്റുവാങ്ങിയ കൈകളാണത് , എനിക്ക് വേണ്ടി എത്രയോ സങ്കടം മറച്ചു വച്ച മനസ്സാണത്…

അച്ഛന്റെ കയ്യിൽ നിന്നും തൂമ്പ വാങ്ങി വെള്ളം കൂടുതൽ കെട്ടി നിന്നിടങ്ങളിൽ നിന്നും ഒരു ചാലുകീറി ഞാൻ തോട്ടിലേക്കൊഴുക്കി വിട്ടുതുടങ്ങിയപ്പോൾ ഇരുണ്ടു തുടങ്ങിയ ആകാശത്തിൽ തെളിഞ്ഞു വരുന്ന അച്ഛന്റെ മുഖം എന്റെ കണ്ണുകളെ പ്രകാശിപ്പിച്ചിരുന്നു …

ഇരുണ്ടു തുടങ്ങിയ ആകാശത്തിൽ നിന്നും മഴത്തുള്ളികൾ മെല്ലെ പെയ്തിറങ്ങിത്തുടങ്ങിയിരുന്നു.. രണ്ട് വാഴ യിലകൾ വെട്ടി വന്ന അച്ഛൻ ഒന്നെനിക്ക് തന്ന് ഒന്ന് അച്ഛനും ചൂടി…

വീട്ടിലേക്ക് നടക്കുമ്പോൾ മഴക്ക് ഒന്നൂടെ ശക്തിയാർജിച്ചിരുന്നു..

എങ്ങുനിന്നോ വന്ന കാറ്റിൽ ഞാൻ ചൂടിയിരുന്ന വാഴയില പറത്തിവിട്ട് മഴ കൊള്ളുമ്പോൾ ഈറനണിഞ്ഞ എന്റെ മിഴികളിലെ മിഴിനീരും മഴത്തുള്ളികളോടൊപ്പം അലിഞ്ഞുചേർന്നിരുന്നു…

ഇനിയൊരു അവധിക്കാലം ഉണ്ടായാൽ .. ഇനിയൊരു ഒഴിവു ദിനം ഉണ്ടായാൽ .. അന്ന് അച്ഛനും മുൻപേ ഞാനാ പാടത്തും പറമ്പിലും ഉണ്ടായിരിക്കും , അച്ഛനൊരു താങ്ങായ് .. അച്ഛനൊരു തണലായ് …

അച്ഛൻ ചൂടിയിരുന്ന വാഴയിലക്കടിയിലേക്ക് മെല്ലെ ഞാൻ ഓടിക്കയറിയപ്പോൾ എന്നെ ചേർത്ത് പിടിച്ച് നടന്ന് തുടങ്ങിയിരുന്നു അച്ഛൻ… ആ മഴയിലും അച്ഛന്റെ ശരീരത്തിലെ ചൂട്‌ എനിക്ക് പകർന്ന് കിട്ടുന്നുണ്ടായിരുന്നു … !!

Leave a Reply

Your email address will not be published. Required fields are marked *