നാട്ടിലെ കാര്യങ്ങൾ ഒക്കെ മുടക്കമില്ലാതെ നടക്കാറുണ്ടെങ്കിലും ഇത്രയും കാലത്തിനിടയ്ക്ക് സ്വന്തമായൊരു സമ്പാദ്യം ഒന്നും താൻ ഉണ്ടാക്കിയിട്ടില്ല .. ഇനി തിരിച്ചു് പോകില്ലെന്നറിയുമ്പോൾ അവളുടെ പ്രതികരണം എന്താവും… ..

ഇളം തെന്നൽ

എഴുത്ത്:-ബിന്ദു എന്‍ പി

തന്റെ പ്രവാസ ജീവിതത്തിലെ അവസാന ദിവസമാണ് ഇതെന്ന് അയാൾക്ക് വിശ്വസിക്കാനായില്ല .. കഴിഞ്ഞ മുപ്പത്തി രണ്ട് വർഷമായി ഇവിടേക്ക് വന്നിട്ട് .. തനിക്ക് എല്ലാം നേടിതന്നത് ഈ പ്രവാസമാണ് . പെങ്ങന്മാരെ വിവാഹം ചെയ്തയച്ചതും താൻ സ്വന്തമായൊരു വീട് വെച്ചതും രണ്ട് പെണ്മക്കളുടെ കല്യാണം നടത്തിയതും എല്ലാം ഈ പ്രവാസലോകത്തു നിന്നും കിട്ടിയ വരുമാനം കൊണ്ടാണ് ..

മുപ്പത്തി രണ്ടു വർഷം മുമ്പ് ഈ കമ്പനിയുടെ സൂപ്പർവൈസർ ആയി ജോലിയിൽ പ്രവേശിച്ചതാണ് .. ഇന്ന് വരെ ഇവിടെ തന്നെയായിരുന്നു .. കുറച്ച് കാലമായി കേൾക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു . കമ്പനി പുതിയ മുതലാളി ഏറ്റെടുക്കുകയാണെന്നും തൊലിലാളികൾക്കിടയിൽ അഴിച്ചു പണി ഉണ്ടാവുമെന്നും .. പ്രായം ചെന്ന ആളുകളെയൊക്കെ പറഞ്ഞു വിടുകയാണെന്നുമൊക്കെ .. പക്ഷേ ഇത്ര പെട്ടെന്ന് ഇതുണ്ടാവുമെന്ന് കരുതിയില്ല

നാട്ടിലെ കാര്യങ്ങൾ ഒക്കെ മുടക്കമില്ലാതെ നടക്കാറുണ്ടെങ്കിലും ഇത്രയും കാലത്തിനിടയ്ക്ക് സ്വന്തമായൊരു സമ്പാദ്യം ഒന്നും താൻ ഉണ്ടാക്കിയിട്ടില്ല .. ഇനി തിരിച്ചു് പോകില്ലെന്നറിയുമ്പോൾ അവളുടെ പ്രതികരണം എന്താവും .. ഒക്കെ ഓർത്തുകൊണ്ട് അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു ..

നാട്ടിലേക്ക് വരുന്നു എന്നല്ലാതെ ഇവിടെ വിട്ട് വരികയാണെന്ന് ഗീതയോട് ഇതേവരെ പറഞ്ഞിട്ടില്ല . വർഷത്തിൽ ഒന്നോ രണ്ടോ മാസം നാട്ടിൽ വരാറുണ്ട് .. വരുന്നുവെന്ന് അറിയുമ്പോൾ കൊണ്ടുപോകാനുള്ള ഒരു നീണ്ട ലിസ്റ്റുണ്ടാവും അവളുടെ വക .. ആഭരണങ്ങളോടായിരുന്നു അവൾക്കേറെ കമ്പം .. ഇത്തവണ എന്തേ അവളൊന്നും പറഞ്ഞില്ല ..

ജോലി നഷ്ടമാവുമെന്ന് അറിഞ്ഞപ്പോൾ ആദ്യം പറഞ്ഞത് ഭാമയോടാണ് .. ഭാമ ..അമ്മാവന്റെ മകൾ ..ഒരിക്കൽ തന്റെ എല്ലാമായിരുന്നവൾ .ഭാമ രവിയുടെ പെണ്ണാ . കുഞ്ഞു നാളിലേ പറഞ്ഞു മനസ്സിൽ ഉറച്ചുപോയ വാക്കുകൾ .. തനിക്കൊരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് ഭാമയുടെ കൂടെയാണെന്ന് രവിയും മനസ്സിൽ കുറിച്ചിട്ടതാണ് .. പക്ഷേ .. അമ്മാവന്റെ വാശി .. ഒരു ഗൾഫുകാരന് ഒരിക്കലും തന്റെ മകളെ കൊടുക്കില്ലെന്ന് അമ്മാവൻ ഉറപ്പിച്ചിരുന്നു .. അതുകൊണ്ട് തന്നെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ തന്നെ ഒരു സർക്കാരുദ്യോഗസ്ഥനെ കൊണ്ട് ഭാമയുടെ വിവാഹം നടത്തി .. അച്ഛന്റെ തീരുമാനത്തിന് മുന്നിൽ നിസ്സഹായയായി നിൽക്കാൻ മാത്രമേ ഭാമയ്ക്ക് പറ്റിയുള്ളൂ .

ഭാമയുടെ കല്യാണം കഴിഞ്ഞു കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് രവി ഗീതയെ കല്യാണം കഴിച്ചത് .. ഗീത ഭാമയുടെ കൂട്ടുകാരിയായിരുന്നു .. അതു കൊണ്ട് തന്നെ രവിയും ഭാമയും തമ്മിലുണ്ടായിരുന്ന ബന്ധം ഗീതയ്ക്കറിയാമായിരുന്നു ..

വിവാഹ ശേഷവും ഭാമയും രവിയും അവരുടെ സൗഹൃദം തുടർന്നു .. രവിക്ക് എന്ത് വിശേഷം ഉണ്ടായാലും ആദ്യം പറയുന്നത് ഭാമയോടാണ് .. അങ്ങനെ ഇരിക്കെയാണ് ഒരു ആക്‌സിഡന്റിൽ ഭാമയുടെ ഭർത്താവ് മരണപ്പെടുന്നത് .. അതറിഞ്ഞപ്പോൾ രവി ഏറെ വിഷമിച്ചു .. ആ ബന്ധത്തിൽ മക്കളൊന്നും ഇല്ലായിരുന്നു .. അവൾ പിന്നീട് കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും ജീവിച്ചു പോന്നു ..

അന്നും വിശേഷങ്ങൾ ഒക്കെ അവർ എഴുത്തുകളിലൂടെ പങ്ക് വെക്കുമായിരുന്നു . പിന്നീട് ഫോൺ വന്നപ്പോൾ ഫോൺ വഴിയായി വിശേഷങ്ങൾ പങ്കിടുന്നത് .. ഒരിക്കൽ ഒരുമിച്ചു ജീവിക്കാൻ കൊതിച്ചിരുന്നെങ്കിലും ഇന്നവർ നല്ല കൂട്ടുകാർ മാത്രമാണെന്ന് ഗീതയ്ക്കും അറിയാമായിരുന്നു ..

ജോലി നഷ്ടമായി നാട്ടിലേക്ക് വരികയാണെന്ന് ഭാമയോട് പറഞ്ഞപ്പോൾ വിഷമിക്കരുതെന്നും ഗീതയോട് കാര്യങ്ങൾ സംസാരിക്കണമെന്നും അവൾക്ക് രവിയെ മനസ്സിലാവുമെന്നും ഭാമ രവിക്ക് ധൈര്യം പകർന്നു ..

നാട്ടിൽ എത്തിയിട്ട് രണ്ടു ദിവസമായി .. ഇതുവരെ ഗീതയോട് മനസ്സ് തുറന്നു സംസാരിക്കുവാൻ പറ്റിയിട്ടില്ല .. മക്കളും കൊച്ചു മക്കളും ഒക്കെയായി ആകെ ബഹളമായിരുന്നു .. വൈകുന്നേരം ഒന്ന് തറവാട് വരെ പോയി . അവിടെ ഇപ്പൊ ഭാമയും അമ്മാവനും ഭാമയുടെ ഇളയ സഹോദരനും ഭാര്യയുമാണ് താമസം .. അമ്മാവൻ പ്രയാധിക്യം മൂലം കിടപ്പിലാണ് .. എങ്കിലും ശബ്ദം കേട്ടപ്പോൾ ആളെ തിരിച്ചറിഞ്ഞു .. കൈ പിടിച്ചപ്പോൾ അമ്മാവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .. കുറ്റബോധം കൊണ്ടോ എന്തോ … വിതുമ്പലോടെ എന്തോ പറയുന്നുണ്ട് .. പക്ഷേ ഒന്നും വ്യക്തമായില്ല .. യാത്ര പറഞ്ഞു തിരിച്ചു് പോരുമ്പോ ഭാമ വീണ്ടും ഓർമ്മിപ്പിച്ചു .. ഗീതയോട് കാര്യങ്ങൾ പറയണമെന്ന് ..

അത്താഴം കഴിക്കാനിരുന്നെങ്കിലും വിശപ്പ് തോന്നിയില്ല .. കഴിച്ചെന്നു വരുത്തി എഴുന്നേറ്റു .. ബെഡിലിരുന്ന് എന്തോ ആലോചിച്ചു കണ്ണു ചിമ്മിപ്പോയി . ഗീതയുടെ ശബ്ദം കേട്ടപ്പോഴാണ് ഉണർന്നത് .. “രവിയേട്ടൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ..? നമ്മുടെ അമ്മു മോളുടെ കെട്ട്യോന് എന്തോ ബിസ്സിനസ്സ് തുടങ്ങാൻ ആലോചനയുണ്ടെന്ന് .. അച്ഛനോട് സഹായിക്കാൻ പറയാൻ എന്നെ ചട്ടം കെട്ടിയിരിക്കുവാ ..” ഉം .. അയാളൊന്ന് അമർത്തി മൂളി .. “എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് .. നീ ഇവിടെ വന്നിരിക്ക് ..” രവി പറഞ്ഞു ..

“എന്താ രവിയേട്ടാ …”എന്ന് ചോദിച്ചു കൊണ്ടവൾ അടുത്തുവന്നിരുന്നു .. അയാൾ പതിയെ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞു .. ഇനി തിരിച്ചു പോകുന്നില്ലെന്നറിയുമ്പോ അവളുടെ പ്രതികരണം എങ്ങനെയാവുമെന്ന് അറിയില്ല .. എല്ലാം കേട്ട ശേഷം ഒന്നും മിണ്ടാതെ പോയി അവൾ അലമാര തുറന്നു .. അതിൽ നിന്നും മൂന്നാല് പാസ്സുബുക്കും ഒന്ന് രണ്ടു ഫിക്സഡ് ഡെപ്പോസിറ്റിനെ കവറും കയ്യിലെടുത്തു . കൂടാതെ അവളുടെ കുറച്ച് ആഭരണങ്ങളും ..

എന്നിട്ട് പറഞ്ഞു .. “രവിയേട്ടൻ കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണിതൊക്കെ..
ഇനിയുള്ള കാലം നമുക്ക് രണ്ടുപേർക്കും ജീവിക്കാൻ ഇതൊക്കെ മതി രവിയേട്ടാ .. ഇത് വെച്ച് നമുക്ക് എന്തെങ്കിലും ബിസ്സിനസ്സ് തുടങ്ങാം .. എന്നിട്ട് ഇനി വേണം നമുക്കൊന്ന് ജീവിക്കാൻ .. ഇത്ര കാലവും നമ്മൾ നമുക്ക് വേണ്ടി ജീവിച്ചില്ലല്ലോ രവിയേട്ടാ ..”

അയാൾ അത്ഭുതത്തോടെ അവളെ നോക്കി . മസാമസം പൈസ കിട്ടുന്നത് വൈകിയാൽ പരിഭവപ്പെടുന്ന .. വർഷത്തിൽ വരുമ്പോ പുതിയ പുതിയ ആഭരണങ്ങളോട് ഭ്രമം കാട്ടുന്ന എന്റെ ഭാര്യ തന്നെയാണോ ഇത് .. അയാൾക്ക് വിശ്വസിക്കാനായില്ല .. “നീ എന്റെ കണക്കുകൂട്ടാലെല്ലാം തെറ്റിച്ചു കളഞ്ഞല്ലോ ഗീതേ … “എന്നുപറഞ്ഞുകൊണ്ടായാൾ അവളെ ചേർത്ത് പിടിച്ചു …

“ഇനിയെങ്കിലും നമുക്ക് വേണ്ടി നമ്മൾ ജീവിച്ചില്ലെങ്കിൽ പിന്നെ ഇനി എപ്പോഴാ രവിയേട്ടാ … “എന്ന് പറഞ്ഞു കൊണ്ട് അവൾ അയാളുടെ മാറിലമർന്നു …എങ്ങു നിന്നോ വന്നൊരിളം തെന്നൽ അവരെ തലോടി കടന്നുപോയി …

Leave a Reply

Your email address will not be published. Required fields are marked *