നാളെയൊരുനാൾ കുഞ്ഞ് മോളേ കുറ്റപ്പെടുത്താൻ ഇടവരരുത് ..”മാളൂട്ടിയുടെ ഭാവി താനായിട്ട് ഇല്ലാതാക്കുകയാണോ .. ഒരായിരം ചിന്തകൾ അവളിൽ മിന്നി മറിഞ്ഞു………

അമ്മ

എഴുത്ത്:- ബിന്ദു എന്‍ പി

വളരെ അവിചാരിതമായാണിന്ന് ഗീത ടൗണിൽ വെച്ച് മേലേടത്തെ കാര്യസ്ഥൻ കൃഷ്ണേട്ടനെ കണ്ടത് . വർഷങ്ങളൊരുപാടായില്ലേ .. അതുകൊണ്ട് തന്നെ ആദ്യ കാഴ്ച്ചയിൽ കൃഷ്ണേട്ടനവളെ മനസ്സിലായില്ല . പിന്നീട് മനസ്സിലായപ്പോൾ കൃഷ്ണേട്ടൻ ദൈവത്തിനു നന്ദി പറഞ്ഞു ..

“മോളേ .. നിന്നെ തിരക്കാനിനി ഒരിടവും ബാക്കിയില്ലായിരുന്നു ..നിന്നെ ദൈവമാണെന്റെ മുന്നിലെത്തിച്ചത് .. “എന്താ കൃഷ്ണേട്ടാ ..”അവൾ ചോദിച്ചു .

“കാര്യമുണ്ട് മോളേ .. പറയാം ..അന്നത്തെ ആ കുഞ്ഞിനെ എതനാഥാലയത്തിലാണ് നിങ്ങളേൽപ്പിച്ചത് ?”

കൃഷ്ണേട്ടന്റെ ചോദ്യം കേട്ട് അവൾ സ്ഥബ്ധയായി നിന്നു പോയി ..

കൃഷ്ണേട്ടൻ തന്റെ മാളുവിനെ കുറിച്ചാണല്ലോ പറയുന്നതെന്നോർത്തപ്പോൾ അവളിലൊരു ഞെട്ടലുണ്ടായി..

വർഷങ്ങൾക്കു മുമ്പ് പ്രസവിക്കാതെ തന്നെ അമ്മയായവളാണ് താൻ . . ഇന്നുള്ള തന്റെ ജീവിതം തന്നെ അവൾക്ക് വേണ്ടിയാണ് . തന്റെ വരവും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന മാളുവിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു .

“മോളേ ..”കൃഷ്ണേട്ടന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി ..

“എന്തുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം ..ആ കൊച്ചിന്റെ കാര്യം കഷ്ടമാണ് മോളേ .. ഭ്രാന്തലയം പോലെ ആ വലിയ വീട്ടിൽ തനിച്ച് ..”

“തനിച്ചോ ..? എന്ന തന്റെ ചോദ്യത്തിന് കൃഷ്ണേട്ടന്റെ ഉത്തരം കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെയവൾ നിന്നുപോയി .

അന്നത്തെ ആ സംഭവത്തിന്‌ ശേഷം പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയി എന്ന വിശ്വാസത്തിലായിരുന്നു ദേവികുഞ്ഞ് .. പിന്നീട് വലിയൊരു ബിസ്സിനസ്സു കാരനുമായി കുഞ്ഞിന്റെ വിവാഹം കഴിഞ്ഞു . ആ ബന്ധത്തിൽ കുട്ടികളുണ്ടായില്ല… ഏറെ താമസിയാതെ ഒരപകടത്തിൽ കുഞ്ഞിന്റെ ഭർത്താവ് മരണപ്പെടുകയും ചെയ്തു .

ഏറെ കുറ്റബോധത്തോടെയാണ് വല്ല്യ മുതലാളി മരിച്ചത് . മരിക്കുന്നതിന് മുമ്പ് ദേവീക്കുഞ്ഞിനോട് അദ്ദേഹം ആ സത്യം പറഞ്ഞിരുന്നു .. ആ കുഞ്ഞ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അതിനെ ഉപേക്ഷിക്കാൻ ഒരാളുടെ കയ്യിൽ കൊടുത്തിരുന്നുവെന്നും.. അന്ന് മുതൽ നിങ്ങളെ അന്വേഷിക്കാൻ തുടങ്ങിയതാണ് .

പല അനാഥാലയങ്ങളിലും അന്വേഷിച്ചു അന്നത്തെ ദിവസം കിട്ടിയ കുഞ്ഞുങ്ങളെ കുറിച്ച് . പക്ഷേ കണ്ടെത്താനായില്ല . കുഞ്ഞിനെ ഉപേക്ഷിക്കാൻ കൊടുത്ത മോളുടെ ഭർത്താവിനെയും മോളെയും കുറിച്ചന്വേഷിച്ചു . നിരാശയായിരുന്നു ഫലം . എന്നിട്ടും ദേവിക്കുഞ്ഞ് ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .തന്റെ കുഞ്ഞിന് വേണ്ടി .എങ്ങനെ വളരേണ്ട കുഞ്ഞാണത് .. കൃഷ്ണേട്ടൻ നെടുവീർപ്പിട്ടു ..

ആ വാക്കുകളുടെ ഞെട്ടലിൽ നിന്നും വിമുക്തയായ ശേഷം ഗീത പറഞ്ഞു ..”ആ കുഞ്ഞിപ്പോ എന്റെ കൂടെയുണ്ട് കൃഷ്ണേട്ടാ .. വർഷങ്ങൾക്ക് മുമ്പുള്ള ആ രാത്രി എന്റെ കെട്ട്യോൻ ഒരു ചോരക്കുഞ്ഞുമായി കയറി വന്നപ്പോൾ അതിനെ ഏതെങ്കിലും അനാഥലയത്തിന് മുന്നിലോ അമ്മത്തൊട്ടിലിലോ ഉപേക്ഷിക്കാൻ വല്ല്യ മുതലാളി ഏൽപ്പിച്ചതാണെന്ന് പറഞ്ഞപ്പോൾ വർഷങ്ങളായി ഒരു കുഞ്ഞിക്കാല് കാണാൻ കാത്തിരുന്ന ഞങ്ങൾക്ക് ദൈവം തന്നതാണെന്ന് കരുതി ആ കുഞ്ഞുമായി അന്ന് അവിടം വിട്ടിറങ്ങിയതാണ് ഞങ്ങൾ .”

“എട്ടു വർഷം ആ കുഞ്ഞുമായി അങ്ങ് അകലെയൊരു നാട്ടിൽ .. അതിനിടയിലായിരുന്നു കെട്ട്യോന്റെ വിയോഗം .. അതിന് ശേഷമാണ് ഈ നാട്ടിലേക്ക് ഞങ്ങൾ വന്നത് .അപ്പോഴും എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്റെ മോളാണ് . ആ കുഞ്ഞിനെ ഞാനെങ്ങനെ ..”?അവൾ അർദ്ദോക്തിയിൽ നിർത്തി ..

“മോളേ .. മോള് തീരുമാനിക്കൂ എന്തുവേണമെന്ന് .. നൊന്തു പ്രസവിച്ച അമ്മ ആ കുഞ്ഞിനെ ഒരു നോക്ക് കാണാൻ വേണ്ടി പ്രാർത്ഥനയും വഴിപാടുമായി കഴിയുന്നു . നാളെയൊരുനാൾ ആ കുഞ്ഞ് വളരും .. അന്ന് അവൾ മോളേ കുറ്റപ്പെടുത്താൻ ഇടവരരുത് .”

അതും പറഞ്ഞ് അകന്നുപോകുന്ന കൃഷ്ണേട്ടനെ അവൾ നോക്കി നിന്നു .
ഒരു പ്രതിമ കണക്കെയാണ് ഗീത വീട്ടിൽ എത്തിയത് . വീട്ടിലെത്തിയപ്പോ മാളു ഓരോ വാശികളുമായി പിന്നാലെ കൂടി . അത് കാണുമ്പോഴൊക്കെ അവൾക്ക് സങ്കടം തികട്ടി വന്നു .

ഇല്ല ..മാളൂട്ടിയില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ല .. തന്റെ ശ്വാസം തന്നെ അവളാണ് . മളൂട്ടിയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ കൃഷ്ണേട്ടന്റെ വാക്കുകൾ അവളുടെ ഉള്ളിൽ കിടന്നു പിടഞ്ഞു..

“നാളെയൊരുനാൾ കുഞ്ഞ് മോളേ കുറ്റപ്പെടുത്താൻ ഇടവരരുത് ..”മാളൂട്ടിയുടെ ഭാവി താനായിട്ട് ഇല്ലാതാക്കുകയാണോ .. ഒരായിരം ചിന്തകൾ അവളിൽ മിന്നി മറിഞ്ഞു .

പിറ്റേന്ന് എണീക്കുമ്പോ അവളൊരു തീരുമാനത്തിലെത്തിയിരുന്നു . മോളേ കുളിപ്പിച്ച് റെഡിയാക്കി .. കൂട്ടത്തിൽ നല്ല ഉടുപ്പിട്ടു ..മുടി ചീകി ..പൊട്ടു തൊട്ടു .. ഒരുക്കിയിട്ടും ഒരുക്കിയിട്ടും മതിയാവാത്തപോലെ തോന്നി അവൾക്ക് .

“നമ്മളെവിടെക്കാമ്മേ .. ?”മോള് ചോദിച്ചു ..

അങ്ങകലെ ഒരിടത്തേക്ക് എന്ന്മാത്രം പറഞ്ഞു . മാളൂട്ടി സന്തോഷത്തി ലായിരുന്നു . ബസ്സിറങ്ങി മേലെടത്തു തറവാട്ടിലെത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു ..

അവരെ കണ്ടപ്പോൾ കൃഷ്ണേട്ടൻ ഓടിപ്പോയി ദേവിയെ വിളിച്ച് കൊണ്ടു വന്നു .. അതിനിടയിൽ കൃഷ്ണേട്ടനവരോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു .

തന്റെ രക്തം .. പഠിക്കുന്ന കാലത്തെ പ്രേമ ബന്ധത്തിൽ തന്റെയുള്ളിൽ പിറവിയെടുത്ത ജീവൻ ..താൻ ജന്മം കൊടുത്ത കുഞ്ഞ് .. ദേവി മാളുവിനെ കെട്ടിപ്പിടിച്ചു തുരു തുരെ ഉമ്മ വെച്ചു .. ദേവി എന്നോടെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു .. അവളതൊന്നും കേട്ടതേയില്ല ….

ദേവിയുടെ കൈ തട്ടിമാറ്റി അമ്മേ എന്ന് വിളിച്ചുകൊണ്ട് മാളു അവൾടെയടുത്തേക്ക് ഓടി വന്നു .. അവൾ മാളുവിനെ തന്നിൽ നിന്നും അടർത്തി മാറ്റി ദേവിയെ ഏൽപ്പിച്ചു .. എന്നിട്ട് മാളുവിനോടായി പറഞ്ഞു ..

“ഇതാണ് മോളുടെ അമ്മ .. ഇനി മുതൽ മോളിവിടെയാണ്… “എന്നിട്ട് മാളു വിന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് തിരിഞ്ഞു നടന്നു ..

“അമ്മേ .. അമ്മേ .. പോവല്ലേ .. ഞാനും വരുന്നു .. മാളുവിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടെങ്കിലും അവൾക്ക് തിരിഞ്ഞു നോക്കാനാവുമായിരുന്നില്ല .. തിരിഞ്ഞു നോക്കിയാൽ ഒരുപക്ഷേ …

വീട്ടിലെത്തിയതെങ്ങിനെയെന്നറിയില്ല .. മാളു ഇല്ലാത്ത വീട് ആകെ ഉറങ്ങിയതുപോലെ തോന്നി .. നേരം വെളുത്തിട്ടും അവൾക്കെണീക്കാൻ തോന്നിയില്ല .. രണ്ടു ദിവസം എങ്ങനെ കഴിച്ചു കൂട്ടിയെന്നറിയില്ല ..

അന്ന് വൈകുന്നേരം ഒരു കാറിന്റെ ശബ്ദം കേട്ടാണ് ഗീത പുറത്തേക്ക് നോക്കിയത് . കാറിൽ നിന്നും ഇറങ്ങി അമ്മേ എന്ന് വിളിച്ച് ഓടി വരുന്ന മാളുവിനെയാണവൾ കണ്ടത് .. പിന്നാലെ വരുന്ന ദേവിയും കൃഷ്ണേട്ടനും ..

മാളുവിനെ കണ്ടതും അവൾ ഓടി വന്ന് മോളെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു . ഒപ്പം മാളുവും ..

“ജന്മം നൽകിയത് കൊണ്ടുമാത്രം അമ്മയാവില്ലെന്നറിയാൻ ഞാൻ വൈകി .. മോള് അവിടെ വന്നതുമുതൽ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു .. ആരോടും മിണ്ടിയിട്ടില്ല .. ഭക്ഷണം കഴിച്ചിട്ടില്ല .. എന്റെ അമ്മയെ കാണണം എന്ന് പറഞ്ഞ് ഒരേ കരച്ചിലായിരുന്നു .. നിങ്ങളെ തമ്മിൽ പിരിക്കാൻ ആർക്കുമാവില്ലെന്നെനിക്ക് മനസ്സിലായി ..ജന്മ ബന്ധത്തേക്കാൾ വലുതാണ് കർമ്മ ബന്ധമെന്ന് എന്റെ മോളെന്നെ പഠിപ്പിച്ചു തന്നു.”

മോളെ സങ്കടപ്പെടുത്തിക്കൊണ്ടുള്ള ഒരു സന്തോഷവും എനിക്ക് വേണ്ടാ .. അതുകൊണ്ട് മോളോടൊപ്പം ഗീതയും ഞങ്ങളുടെ കൂടെ വരണം .. എല്ലാവർക്കും ഒരുമിച്ച് ഇനി അവിടെ താമസിക്കാം .. ഗീതയെ കൂടെ കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത് .. ആ വാക്കുകൾ കേട്ടപ്പോൾ ഗീതയുടെ കണ്ണുകൾ നിറഞ്ഞു ..
അവൾ മോളെ കെട്ടിപ്പിടിച്ചു ..മോളുടെ സന്തോഷം കണ്ടപ്പോൾ അമ്മയോളം വല്യ സ്വർഗ്ഗം ഈ ഭൂമിയിൽ വേറെയില്ലെന്ന് ദേവിക്ക് തോന്നി ..

മോളേ തിരിച്ചു തന്നതിനവൾ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അവളെ ചേർത്തു പിടിക്കുമ്പോൾ അവൾക്ക് പറയാൻ ഒരു നൂറു കൂട്ടം വിശേഷങ്ങളുണ്ടായിരുന്നു ..

                  

Related Posts

Leave a Reply

Your email address will not be published. Required fields are marked *