നിങ്ങടെ അമ്മയ്ക്ക് ഭ്രാന്താ… അല്ലാതെ പണ്ടെങ്ങോ മരിച്ചുപോയ അപ്പച്ചനോടാണെന്നും പറഞ്ഞു ഇങ്ങനെ തനിയെ സംസാരിക്കുവോ…..

Story written by Maaya Shenthil Kumar

നിങ്ങടെ അമ്മയ്ക്ക് ഭ്രാന്താ… അല്ലാതെ പണ്ടെങ്ങോ മരിച്ചുപോയ അപ്പച്ചനോടാണെന്നും പറഞ്ഞു ഇങ്ങനെ തനിയെ സംസാരിക്കുവോ.. നാട്ടിൽ വേറെ ആരും ഭർത്താവ് മരിച്ചു ജീവിക്കുന്നില്ലേ… ആ ഭ്രാന്ത് ഇനി എന്റെ ഓഫീസിലുള്ളവര് കൂടിയേ കാണാൻ ബാക്കിയുള്ളൂ… ഗ്രേസിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

എന്റെ പൊന്നു ഗ്രേസി ഒന്ന് പതുക്കെ പറയ്.. അമ്മച്ചി അപ്പുറത്തുണ്ട്.. ജോസിയുടെ ശബ്ദം ഉയർന്നു..

അമ്മച്ചി കേൾക്കട്ടെ, എന്നിട്ട് കുറച്ചു നാളെങ്കിലും പൊന്നുമോൾടെ അടുത്തുപോയി നിക്കട്ടെ… ഈ വീട് നിങ്ങൾക്ക് തന്നെന്നു വിചാരിച്ചു ജീവിതകാലം മുഴുവൻ നിങ്ങള്ത്തന്നെ ചുമക്കണം എന്നൊന്നുമില്ലല്ലോ…

മോളുടെ പിറന്നാളിന് നിന്റ ഓഫീസിന്നു ആൾക്കാർ വരുമ്പോഴേക്കും അമ്മച്ചിയെ ഒന്ന് മാറ്റിനിർത്തനം അത്രയല്ലേയുള്ളൂ… അത് ഞാൻ ചെയ്യാം.. ജോസി അവളെ മയപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവളിപ്പോഴും അമ്മച്ചിയെ വൃദ്ധസദനത്തിൽ കൊണ്ടാക്കണം എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുവാണ്.

10 വർഷം മുൻപാണ് അപ്പച്ചൻ പെട്ടെന്ന് മരിച്ചുപോയത്… കാര്യമായ അസുഖങ്ങളൊന്നുമില്ലാരുന്നു… അത് അമ്മച്ചിക്ക് വലിയ ഷോക്ക് ആയിരുന്നു… അപ്പച്ചൻ പോയതിന്റെ പേരിൽ അമ്മച്ചി ഇന്നുവരെ കരഞ്ഞിട്ടില്ല… അപ്പച്ചൻ കൂടെ തന്നെ ഉണ്ടെന്നാണ് അമ്മച്ചിയുടെ വിശ്വാസം…. വീട്ടില് നടക്കുന്ന കാര്യങ്ങൾ മുഴുവൻ അമ്മച്ചി ജനൽകമ്പിയിൽ പിടിച്ചു നിന്ന് പുറത്തേക്കു നോക്കി പറഞ്ഞു കൊണ്ടേയിരിക്കും… അപ്പച്ചൻ അവിടെ നിന്ന് എല്ലാം കേൾക്കുന്നുണ്ടെന്നാണ് അമ്മച്ചിയുടെ വാദം.. പതുക്കെ പതുക്കെ അമ്മച്ചിയുടെ ആ സ്വഭാവം കുടുംബത്തിൽ അലോസരമുണ്ടാക്കി.. അതിന്റെ പേരും പറഞ്ഞു പെങ്ങളോ വീട്ടുകാരോ ഇങ്ങോട്ട് വരാതെയായി…

ജോലിക്ക് നിർത്തുന്ന ഓരോരുത്തരും ഈ പേരും പറഞ്ഞു അധികകാലം നിൽക്കാതായപ്പോൾ ഗ്രേസിയുടെ ദേഷ്യം ഇരട്ടിച്ചു…

നാട്ടുകാരെന്തു പറയും എന്നതൊഴിച്ചാൽ ജോസിക്കും അമ്മച്ചിയെ വൃദ്ധസദനത്തി ലാക്കുന്നതിനു എതിരഭിപ്രായമൊന്നുമില്ല…

ത്രേസ്യാക്കൊച്ചേ… ഇന്ന് നിനക്ക് വിശേഷങ്ങളൊന്നും പറയാനില്ലേ…

വീണുപോവാതിരിക്കാൻ ജനൽകമ്പിയിൽ പിടിച്ചു മൗനമായി നിൽക്കുന്ന ആ വൃദ്ധ ഒന്ന് തല ഉയർത്തി നോക്കി…

അല്ല അവര് പറയുന്നതല്ല സത്യം…

അദ്ദേഹം ഇപ്പോഴും തന്റെ മുന്നിൽ വന്നു നിൽപ്പുണ്ട്.. അല്ലെങ്കിൽ തന്നെ എങ്ങനെ വരാതിരിക്കാനാവും… വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം 14 വയസ്സിൽ തന്നെ ഏല്പിച്ചു കൊടുത്തതാണ് ആ കൈകളിലേക്ക്… അതിനു ശേഷമാണ് വയസ്സറി യിച്ചതുപോലും… പിന്നെ 40 വർഷങ്ങളോളം ഒരുമിച്ചായിരുന്നില്ലേ…സുഖത്തിലും, ദുഖത്തിലും , കഷ്ടപ്പാടിലും, നേട്ടങ്ങളിലും എല്ലാം.. പിന്നെ പെട്ടെന്ന് ഒരു ദിവസം കൊണ്ട് എങ്ങനെ തന്നെ തനിച്ചാക്കി പോകാനാവും…

അല്ല അവര് പറയുന്നതല്ല സത്യം….അവർ ഒന്നൂടെ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു..

എന്റെ ത്രേസ്യാകൊച്ചിനിതെന്തുപറ്റി… ഇങ്ങനെ മിണ്ടാതിരിക്കാറില്ലല്ലോ…

മക്കൾ പിന്നെയും വഴക്കായി… ഞാൻ കാരണം.. നരച്ച കണ്ണുകൾ നിറഞ്ഞു..
വാക്കുകൾ മുറിഞ്ഞു… പക്ഷെ എനിക്കെങ്ങനെ നിങ്ങളോട് മിണ്ടാതിരിക്കാനാവും

ജനലിന്നപ്പുറത്തു അയാളുടെ കണ്ണുകളും നിറഞ്ഞെന്നു തോന്നി അവർക്കു …

അതുകൊണ്ട് അവരൊന്നു ചിരിച്ചു… എന്നത്തേയും പോലെ സങ്കടങ്ങളെല്ലാം ആ ചിരിക്കുള്ളിൽ ഒളിപ്പിച്ചുകൊണ്ട്…

പണ്ട് ജോസിക്കു 6 വയസ്സുള്ളപ്പോ പനി വന്നത് നിങ്ങൾ ഓർക്കുന്നുണ്ടോ…

പിന്നെ മറക്കാൻ പറ്റുവോ ത്രേസ്യാക്കൊച്ചേ… അന്ന് നീയെന്തൊരു കരച്ചിലാരുന്നു…. അതിരിക്കട്ടെ ഇപ്പോഴെന്താ അതൊക്ക ഓർത്തത്..

അതല്ല ഇച്ചായ ഞാൻ ഓർക്കുവാരുന്നു അന്ന് ആ പ്രായത്തിൽ അവൻ പൂക്കളോടും, പക്ഷികളോടും സംസാരിക്കുന്നത് കേട്ടിട്ട് നമ്മളെത്ര ചിരിച്ചിട്ടുണ്ടല്ലേ….

അവർ പഴയകാലത്തെകുറിച്ചു വാചാലരായി…. രണ്ടുപേർക്കിടയിലും വീണ്ടും സന്തോഷം നിറഞ്ഞു…

*********************

എന്റെ പൊന്നമ്മച്ചി മര്യാദയ്ക്കാരുന്നേൽ ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ.. ഭ്രാന്തു കാണിച്ചിട്ടല്ലേ… ഡ്രസ്സ്‌ മുഴുവൻ ബാഗിലേക്കെടുത്തു വയ്ക്കുന്നതിനിടയിൽ ജോസി അമ്മച്ചിയെ നോക്കി ചോദിച്ചു…

മോനെ ഇന്ന് അപ്പച്ചൻ വന്നില്ലല്ലോ.. ഒന്ന് കണ്ടു ഒരു വാക്ക് പറഞ്ഞിട്ട് പോയാപ്പോരേ…. ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ..

വാക്കുകൾ മുഴുവിപ്പിക്കാനാവാതെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ദേ മനുഷ്യാ നിങ്ങടെ തള്ളയുടെ ഭ്രാന്ത് മാറിയില്ലെങ്കിൽ വൃദ്ധസദനത്തിലല്ല ഭ്രാന്താശുപത്രിയിൽ കൊണ്ടിടേണ്ടി വരും… ഗ്രേസി കലിതുള്ളി റൂമിൽ നിന്നും ഇറങ്ങിപ്പോയി…

എന്റെ പൊന്നമ്മച്ചി അവിടെ പോയാലെങ്കിലും ഒന്ന് മിണ്ടാതിരിക്കണം കേട്ടോ…

ഇന്ന് പോകണോ മോനെ…. അപ്പച്ചനെ ഒന്ന് കണ്ടിട്ട് പോയ പോരെ…

ജനൽകമ്പികളിൽ മുറുകെ പിടിച്ച അവരുടെ കൈകൾ ജോസി ബലമായി പിടിച്ചു വലിച്ചു…

തിരിഞ്ഞു നോക്കിക്കൊണ്ട് അവർ അവനു പിന്നാലെ നടന്നു….

********************

വൃദ്ധസദനത്തിലെത്തി, എല്ലാ കടലാസുകളിലും ഒപ്പുവച്ചു…അവൻ പോകാനിറങ്ങി.

അമ്മച്ചി ഞാൻ ഇടയ്ക്ക് വരാം.. എന്ത് ആവശ്യമുണ്ടെങ്കിലും ഇവരോട് പറഞ്ഞാമതി കേട്ടല്ലോ

അവർ നിശബ്ദമായി തലതാഴ്ത്തി..

മോനെ ജോസി… അപ്പച്ചൻ എന്നെ കണ്ടില്ലെങ്കിൽ വിഷമിക്കും.. നീ അപ്പച്ചനോട് ഒന്ന് പറയാണെടാ അമ്മച്ചി ഇവിടാണെന്നു…

അതിനു ഇനി അപ്പച്ചൻ വന്നാലല്ലേ, അപ്പൊ ഞാൻ പറഞ്ഞോളാം അവൻ ഒന്ന് ചിരിച്ചു..

അവന്റെ ചിരി അവരുടെ ഹൃദയത്തെ കീറിമുറിച്ചെന്നപോലെ അവർക്കു വേദനിച്ചു…

**********************

കൊണ്ടുവിട്ടു ഒരാഴ്ച കഴിയും മുൻപേ വൃദ്ധസദനത്തിൽ നിന്നും വന്ന ഫോൺ കോൾ ഗ്രേസിയെയും ജോസിയെയും ഒരുപോലെ ചൊടിപ്പിച്ചു…

ലീവെടുത്തു വൃദ്ധസദനത്തിലേക്കു പുറപ്പെടുമ്പോൾ ദേഷ്യം കൊണ്ട് അടിമുടി വിറക്കുന്നുണ്ടാരുന്നു ജോസി….

Mr.ജോസി നിങ്ങൾ അമ്മയെ കണ്ടു ഒന്ന് സംസാരിച്ചു നോക്കു… അവരുടെ മാനസിക നില ശരിയല്ലെന്ന് തോന്നുന്നു… നിങ്ങളെന്തിനാണ് അത് മറച്ചുവച്ചു ഇവിടെ കൊണ്ടാക്കിയത്….

അവന്റെ തല അവർക്കു മുന്നിൽ താഴ്‌ന്നു… ദേഷ്യം കൊണ്ട് പല്ലിറുമ്മി..

അവൻ അമ്മച്ചിയെ ലക്ഷ്യമാക്കി നടന്നു…

അവനെ കണ്ടതും, വയ്യായ്കകൾ മറന്നു അവർ ഓടി വന്നു….

മോനെ ജോസി…

മിണ്ടരുത് നിങ്ങൾ… നിങ്ങളുടെ ഭ്രാന്ത് ഇവടെയും കാണിച്ചു എന്നെ നാണം കെടുത്തിയപ്പോ സമാധാനമായില്ലേ… അവൻ പരിസരം മറന്നു അലറി…

മോനെ പതുക്കെ പറയു… അപ്പച്ചൻ എന്റെ കൂടെയുണ്ട്… അവർ അവന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവൻ അവരെ തള്ളി മാറ്റി…

പെട്ടെന്ന് ഭ്രാന്തമായി അവിടെ ഒരു കാറ്റുവീശി….

കാറ്റിൽ അവിടമാകെ അവന്റെ അപ്പച്ചന്റെ മണം പറന്നു…

“അപ്പച്ചൻ…..” അവൻ പിറുപിറുത്തു…

പേടിച്ച് അവൻ പിറകിലേക്ക് നടന്നു… ഒരു കല്ലിൽ തട്ടി… നിലത്തേക്ക് വീണു …

ആ കാറ്റു വീണ്ടും അവനു നേർക്കു ആഞ്ഞടിച്ചു… പേടിച്ച് അവൻ കണ്ണുകൾ ഇറുകെയടച്ചു…

മോനെ.. അമ്മച്ചിയുടെ വിളികേട്ടു അവൻ കണ്ണുകൾ തുറന്നു….

ഇച്ചായ അവനെ ഇങ്ങനെ പേടിപ്പിക്കല്ലേ…

ഇപ്പോ മോൻ പൊയ്ക്കോ… അപ്പച്ചൻ ഇത്തിരി ദേഷ്യത്തിലാ.. അവരൊന്നു ചിരിച്ചു.. എന്നിട്ട് അമ്മച്ചി തിരിഞ്ഞു നടന്നു… ഒപ്പം അപ്പച്ചന്റെ മണവും അകന്നകന്ന് പോയി…

അവൻ ഉറക്കെ നിലവിളിച്ചു… പക്ഷെ ശബ്ദം അവന്റെയുള്ളിൽ തന്നെ തങ്ങി നിന്നു…

ആ നിശബ്ദതിയിൽ അവൻ വീണ്ടും വീണ്ടും കേട്ടു…

“ഇച്ചായാ നിങ്ങൾക്ക് എന്നെ വിട്ടുപോകാൻ കഴിയില്ലെന്ന് മക്കൾക്കറിയാമോ… “

Related Posts

Leave a Reply

Your email address will not be published. Required fields are marked *