ഫാസ്റ്റ് ഫുഡ്
എഴുത്ത്: രാജു പി കെ കോടനാട്
“ഉണ്ണീ എന്താടാ ഇത്”
“എന്താ അമ്മേ”
“പുറത്ത് നിന്നും ഭക്ഷണം കൊണ്ടുവന്ന് നിങ്ങൾ കഴിക്കുന്നത് തെറ്റൊന്നും അല്ല. പക്ഷെ പൊതിഞ്ഞ് കൊണ്ടുവരുന്ന ഇലയും ഭക്ഷണ അവശിഷ്ടങ്ങളും മുറ്റത്തേക്ക് ഇങ്ങനെ മറ്റുള്ളവർ കാണാൻ വേണ്ടി വലിച്ചെറിയരുതെന്ന് പറയണം മൃദുലയോട്”
മറുപടി ഒന്നും പറയാതെ മുഖം കുനിച്ച് തിരികെ നടന്ന് പോകുന്ന മകനെ കണ്ടപ്പോൾ മനസ്സിൽ സങ്കടവും ദേഷ്യവും ഇരച്ച് കയറി.
“നീ ഇത് കണ്ടോ പകുതി പോലും കഴിച്ചിട്ടില്ല അവൾ വിശപ്പറിഞ്ഞ് വളർന്നവർക്കേ ഭക്ഷണത്തിന്റെ വിലയറിയൂ…നിന്റെ ഭാര്യക്ക് നീ രഹസ്യമായി ബദാമും അണ്ടിപ്പരിപ്പും അങ്ങനെ പലതും വാങ്ങി നൽകുന്നത് യാദ്യശ്ചികമായി കണ്ടപ്പോൾ ഞാൻ ഏട്ടനോട് നിന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു മകനെ കണ്ട് പഠിക്കാൻ….കാര്യം ഞാൻ തമാശക്ക് പറഞ്ഞതാണെങ്കിലും അന്ന് തന്നെ ഏട്ടൻ അതെല്ലാം ഓരോ കിലോ വാങ്ങി കൊണ്ടുവന്നു. അടുക്കളയിൽ നിന്നും നീ അതെടുത്ത് വെപ്രാളപ്പെട്ട് കഴിച്ചിട്ട് പോകുമ്പോൾ എന്റെ മോൻ അതിന്റെ അടപ്പെടുത്ത് അടയ്ക്കാൻ മറക്കരുത്.
നിങ്ങൾ രണ്ടാൺകുട്ടികൾ ഉണ്ടായി അധികം വൈകാതെ ദേവേട്ടൻ മരിച്ചപ്പോൾ ഇനിയൊരു വിവാഹം വേണ്ടെന്ന് മനസ്സിൽ ഉറച്ച തീരുമാനമെടുത്ത എന്നെ ചേച്ചി മറ്റൊരു വിവാഹത്തിന് തയ്യാറായില്ലെങ്കിൽ എനിക്കൊരു വിവാഹം ഉണ്ടാവില്ലെന്ന് അനിയൻ പറഞ്ഞപ്പോൾ അവന്റെ മുന്നിൽ എനിക്ക് തോൽക്കേണ്ടി വന്നു.”
“പാതി മനസ്സോടെ വീണ്ടും ഒരു വിവാഹത്തിന് തയ്യാറായ ഞാൻ പലരുടേയും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു. അനിയന്റെ ഭാവിക്കു വേണ്ടി ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത് തെറ്റായിപ്പോയോ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ നിന്റെ വിവാഹത്തോടെ എനിക്ക് മനസ്സിലായി എന്റെ അനിയന്റെ തീരുമാനമായിരുന്നു ശരിയെന്ന്.”
“അമ്മ എന്തിനാ അമ്മേ ഇത്ര നിസാര കാര്യങ്ങൾക്കൊക്കെ ഇങ്ങനെയെല്ലാം ചിന്തിക്കുന്നത്”
“മോനേ ചെറിയ ചെറിയ പ്രശ്നങ്ങളാണ് വലിയ പ്രശ്നങ്ങളായി മാറുന്നതും മാനസീകമായി തമ്മിൽ ഒരു പാട് അകലുന്നതും”
“അന്ന് അനിയന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ മറ്റൊരു വിവാഹത്തിന് തയ്യാറായതു കൊണ്ട് നിങ്ങൾ എന്നിൽ നിന്നും അകന്ന് മാറുമ്പോഴും എന്നെ ആശ്വസിപ്പിക്കാനും ചേർത്ത് പിടിക്കാനും ഏട്ടനുണ്ട്മക്കൾക്കു വേണ്ടി മറ്റൊരു ജീവിതം വേണ്ടെന്ന് വച്ച് ഒരുമിച്ച് ജീവിച്ച കാലത്തെ ഓർമ്മകളുമായി ജീവിതം ജീവിച്ച് തീർത്ത എത്രയോ അച്ഛനമ്മമാരുണ്ട് അവസാന കാലം അനാഥരെപ്പോലെ ജീവിച്ച് നമുക്ക് മുന്നിൽ. നിങ്ങളെ ഞാൻ വല്ലാതെ സ്നേഹിക്കുമ്പോഴും ഏട്ടൻ പറയാറുണ്ട് മക്കളെ മത്സരിച്ച് സ്നേഹിക്കുബോൾ നമ്മൾ പരസ്പരം സ്നേഹിക്കാൻ മറന്ന് പോകരുതെന്ന്. ഇന്നെനിക്ക് ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ എന്റെ പ്രസാദേട്ടന്റെ മടിയിൽ കിടന്ന് എനിക്ക് മരിക്കണം”
മുകളിലേക്ക് പോയ മകൻ അല്പ സമയത്തിനുള്ളിൽ മൃദുലയേയും കൂട്ടി തിരികെ വന്നു അവർ വാങ്ങി വച്ചിരുന്ന സാദനങ്ങളുമായി. ഓരോന്നായി കബാർഡിലേക്ക് എടുത്ത് വച്ചു കൊണ്ട് മകൻ പറഞ്ഞു.
“അമ്മ പറഞ്ഞത് ശരിയാണ് ഇതെല്ലാം ഇവിടെയാണ് ഇരിക്കേണ്ടത്”
“അതെ മോനേ നമ്മുടെ ജീവിതവും അങ്ങനെയാണ് നമ്മൾ ഇരിക്കേണ്ടിടത്ത് നമ്മൾ ഇരുന്നില്ലെങ്കിൽ അവിടെ മറ്റു പലരും കയറി ഇരിക്കും”