നിങ്ങളോട് അല്ലെ പറഞ്ഞതു തുടച്ചു കൊടുക്കാൻ. കൂടുതൽ സൗകര്യം വേണമെങ്കിൽ വല്ല പ്രൈവറ്റിലും പോയികൂടാരുന്നോ ?മനുഷ്യനെ മിനക്കെടുത്താൻ…..

ഓർമ്മക്കുറിപ്പ്

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

സിസ്റ്റർ ഡോക്ടർ ഇപ്പോൾ വരുമോ ?

വരുമായിരിക്കും.

മുഖം തരാതെ മറുപടി പറഞ്ഞു അവൾ വീണ്ടും മേശയിലേക്കു കൈവെച്ചു ഉറക്കം തുടർന്നു.

മോന് നന്നായി പനിക്കുന്നുണ്ട്. ചൂട് കുറയുന്നില്ല.

നിങ്ങളോട് അല്ലെ പറഞ്ഞതു തുടച്ചു കൊടുക്കാൻ. കൂടുതൽ സൗകര്യം വേണമെങ്കിൽ വല്ല പ്രൈവറ്റിലും പോയികൂടാരുന്നോ ?മനുഷ്യനെ മിനക്കെടുത്താൻ നട്ടപ്പാതിരക്കു ഇറങ്ങിക്കോളും ഓരോരുത്തിമാർ നേരത്തും കാലത്തും മരുന്ന് വാങ്ങില്ല. ചെക്കന്റെ കരച്ചിൽ കാരണം ഉറങ്ങാനും പറ്റുന്നില്ല.

ചീറിവന്ന ആ മുഖം കണ്ടപ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു എങ്കിലും ആ മുഖം എന്നെ ആശയകുഴപ്പത്തിലാക്കി. എവിടെയോ കണ്ടു മറന്ന മുഖം. മോനേ കൈ മാറ്റാതെ തുടരെ തുടരെ തണുപ്പിക്കുമ്പോൾ ഓർമ്മകൾ വർഷങ്ങൾ പുറകോട്ടു പാഞ്ഞു.

*************

വർഷങ്ങൾക്കു മുമ്പ്..

ചേട്ടാ, നാലു ഐസ് ക്രീം.

അയ്യോ സീത എനിക്കു വേണ്ട.

ഓ എന്തൊരു പിശുക്കാണ് ഡെയ്സി ?അതിനു ആറു രൂപ അല്ലേ ഉള്ളു.

എനിക്ക് വേണ്ടാഞ്ഞിട്ടാണ് ബസ് വരാറായി ഞാൻ പോവാ.

ഈശ്വരന്മാരെ ഇതുപോലൊരു മൊതലിനെ കീർത്തി ഞാൻ ആദ്യായിട്ട് കാണുകയാണ്. അഞ്ചു പൈസ ചിലവാക്കില്ല. ആ ചെരുപ്പ്, ബാഗ് എല്ലാം കഴിഞ്ഞ വർഷത്തെ തന്നെ.

ഞാൻ എന്ന മിൻസാര, സീത, കീർത്തി ഡെയ്സി എല്ലാരും പ്ലസ് ടുവിൽ ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ. അതിൽ ഡെയ്സി എല്ലാരിൽ നിന്നും വ്യത്യസ്തയാണ്. അധികം ആരുമായും അടുക്കില്ല. ഒത്തിരി സംസാരിക്കില്ല മൊത്തത്തിൽ പരുക്കൻ സ്വഭാവം. വരും പോകും എന്നല്ലാതെ യാതൊരു അടിച്ചുപൊളിയോടും അവൾക്കു താല്പര്യം ഇല്ല. മൊബൈലും വാട്സ്ആപ്പ് ഒക്കെ ഇറങ്ങുന്നതിനു മുമ്പുള്ള കാലം. അന്ന് ഞങ്ങളുടെ ഒക്കെ അടിച്ചുപൊളിക്കൽ എന്നാൽ ബസ് സ്റ്റോപ്പ്‌ തൊട്ടു ക്ലാസ്സ്‌ റൂം വരെയുള്ള വായിനോട്ടം, കഥ പറച്ചിൽ രമണൻ ചേട്ടന്റെ കടയിൽ നിന്നും വല്ലപ്പോഴും ഒരു ഐസ് ക്രീം. ഇത്ര ഒക്കെ ഉള്ളൂ അതിനുപോലും ഡെയ്സി കൂടില്ല.

പ്ലസ് ടു ക്ലാസ്സ്‌ തീരാറായപ്പോൾ ആണ് ഒരാഴ്ച ഡെയ്സി വരാതായത് . റിവിഷനും നോട്ടുമായി ക്ലാസ്സ്‌ തകർക്കുന്നു. ഡെയ്സി ആർക്കും ഫോൺ നമ്പർ കൊടുത്തിട്ടില്ല. വീട് എവിടെയാണ് എന്ന് ഏകദേശം അറിയാം എന്ന് അല്ലാതെ ചുമ്മാ പോലും ആരെയും ഡെയ്സി വീട്ടിലേക്കു കൊണ്ടുപോയിട്ടും ഇല്ല.

ക്ലാസ്സ്‌ ടീച്ചറിനും ടെൻഷൻ ആയി അത്യാവശ്യം പഠിക്കുന്ന കുട്ടിയാണ് ക്ലാസ്സ്‌ മിസ്സാവുന്നതു റിസൾട്ടിനെ ബാധിക്കും. അവസാനം ടീച്ചർ ഒരു തീരുമാനത്തിൽ എത്തി. ആരേലും ഡെയ്‌സിയുടെ വീട്ടിൽ ചെന്നു തിരക്കുക. നറുക്ക് വീണത് എനിക്കാണ് കാരണം ഡേയ്‌സിയുടെ വീട് കഴിഞ്ഞു രണ്ടു സ്റ്റോപ്പ്‌ അപ്പുറമാണ് എന്റെ വീട്.

അങ്ങനെ പിറ്റേന്ന് രണ്ടാം ശനി രാവിലെ അടുത്തുള്ള ഒരു കാന്താരി ചെക്കനേയും കൂട്ടി ഡെയ്സി ഇറങ്ങുന്ന സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. അവളുടെ പപ്പാ ഒരു കടയിൽ കണക്കെഴുത്താണ് ആ കടയുടെ പേരാണ് ആകെയുള്ള കച്ചിത്തുരുമ്പു എന്നോ അവളുടെ വായിൽ നിന്നും അറിയാതെ വീണു കിട്ടിയതാണ്.

ചോദിച്ചു ചോദിച്ചു അവസാനം ഒരു വല്യപ്പൻ ഞങ്ങളെ ഡേയ്‌സിയുടെ വീട്ടിൽ എത്തിച്ചു.

വാതിൽ തുറന്നത് ഡെയ്‌സിയാണ് തീരെ പഴകിയ ഒരു ചുരിദാർ പലയിടത്തും തയ്യൽ വിട്ടുപോയിരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ ഡെയ്സി വല്ലാതെ പരിഭ്രമിച്ചു എങ്കിലും ഞാൻ മുഖത്ത് ഭാവമാറ്റം വരാതെ ശ്രദ്ധിച്ചു. അകത്തു നിന്നും മൂന്നുവയസുള്ള എണ്ണ കറുപ്പുള്ള ഒരു കുസൃതി കുഞ്ഞിനേയും കൊണ്ടു അസ്ഥിപഞ്ചരം പോലിരിക്കുന്ന അവളുടെ അമ്മച്ചി ഇറങ്ങിവന്നു. ഡെയ്‌സിക്കു പനി ആയിരുന്നത്രേ. വർത്തമാനം പറഞ്ഞിരിക്കെ അഞ്ചിലും നാലിലും പഠിക്കുന്ന രണ്ടു ആൺകുട്ടികൾ അവിടേക്ക് വന്നു അവളുടെ അനിയന്മാർ. എല്ലാം പട്ടിണിക്കോലങ്ങൾ. അതിനിടക്ക് അവരിലൊരാൾ പുറത്തേക്കു ഓടുന്നത് കണ്ടു. കുറച്ചു കഴിഞ്ഞു മാറത്തു അടുക്കി പിടിച്ച രണ്ടു കടലാസുപൊതികളുമായി അവൻ വന്നു.

ഡെയ്‌സിയുടെ അമ്മച്ചി മധുരം കുറഞ്ഞ കടുംകാപ്പിയും രണ്ടു അച്ചപ്പവും മുമ്പിൽ ഒരു സ്റ്റൂളിൽ കൊണ്ടുവന്നു വെച്ചു. ഒത്തിരി വർത്തമാനം പറയുന്ന ആ അമ്മച്ചിയുടെ സ്നേഹത്തിനു മുമ്പിൽ കാപ്പി കുടിക്കാതിരിക്കാൻ കഴിഞ്ഞില്ല.അച്ചപ്പം അമ്മച്ചി നിർബന്ധിച്ചപ്പോൾ കയ്യിൽ എടുത്തെങ്കിലും ഒക്കത്തു അതിലേക്കു നോക്കി ഇരിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ ആ കൈകളിൽ വെച്ചുകൊടുത്തു.

തിങ്കൾ തൊട്ടു ക്ലാസ്സിൽ വരുമെന്ന് ഡെയ്സി പറഞ്ഞു യാത്ര അയക്കാനായി വഴി വരെ കൂട്ടുവന്നു. ബസ് വരാൻ നേരം അവളെന്റെ കൈ മുറുകെ പിടിച്ചു പതിയെ പറഞ്ഞു എന്റെ അവസ്ഥ ഒന്നും ക്ലാസ്സിൽ ആരും അറിയരുത് എനിക്ക് ഇഷ്ടമല്ല. അപ്പോഴും ആ കണ്ണുകളിൽ കാലുഷ്യം പക്ഷെ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

പിന്നെ ഒരിക്കലും കൂട്ടുകാരുടെ കൂടെ ചേർന്നു ഡെയ്‌സിയെ ഞാൻ കളിയാക്കിയിട്ടില്ല. അതുമാത്രമല്ല എന്നെകൊണ്ട് എന്തെല്ലാം സഹായങ്ങൾ ചെയ്യാൻ പറ്റുമോ അത്രയും ഞാൻ ചെയ്തു കൊടുത്തു. സോഷ്യൽ ഡേ ക്കു അവൾക്കിടാൻ എന്റെ പുതിയ ചുരിദാർ കൊടുത്തു ഉമ്മച്ചിയുടെ സാരി ഞാൻ ഉടുത്തു. പിന്നെ ഒന്ന് രണ്ടുവട്ടം കൂടി ആ വീട്ടിൽ കൈനിറയെ മിടായിയും പലഹാരങ്ങളുമായി പോയി. അവളുടെ കുഞ്ഞനുജന്മാർ അവളെക്കാൾ സ്നേഹമുള്ളവർ ആരുന്നു അവരെനിക്കായി കാത്തിരുന്നു. പക്ഷെ എന്നും ഡെയ്സി ഒരു അകലം പാലിച്ചു അതുകൊണ്ട് തന്നെ പിന്നെ കോൺടാക്ട് ഒന്നും ഉണ്ടായില്ല. പഠനം കഴിഞ്ഞു പലവഴി പിരിഞ്ഞപ്പോൾ അവളുടെ ഓർമയും അവസാനിച്ചു.

വർഷങ്ങൾക്കു ശേഷം ഇന്ന് കൺമുമ്പിൽ അവൾ ഡെയ്സി. നഴ്സിംഗ് പഠിക്കാൻ പള്ളിവക ആശുപത്രിയിൽ ചേർന്നു എന്ന് കേട്ടിരുന്നു. ഇനി കാണും എന്ന് കരുതിയില്ല.

എന്താ ചേച്ചി മോന് കുറവില്ലേ ?ഒത്തിരി നേരമായില്ലേ തുടയ്ക്കുന്നു മാറി ഇരിക്കു ഞാൻ നോക്കാം.

വേറൊരു നേഴ്സ് ആണ് മാലാഖ പോലെ ഒരു പെൺകൊച്ചു. അവൾ മോനെ നന്നായി തുടയ്ക്കുകയും തല തലോടി കൊടുക്കുകയും ചെയ്തു.

കുഞ്ഞിനെ ഇപ്പോൾ ആണോ കാണിക്കാൻ കൊണ്ടുവന്നത് വേറൊരിടത്തും കാണിച്ചില്ലാരുന്നോ ?

ഉവ്വ്‌ വീടിനടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയും കൊണ്ടു പോയിരുന്നു. രണ്ടു ദിവസായി അവിടുത്തെ ട്രീറ്റ്‌ മെന്റിലാണ് കുറവില്ല അതാണ് രാത്രി പനികൂടിയപ്പോൾ ഓടി കൊണ്ടുവന്നത്.

ഒറ്റക്കാണോ ചേച്ചി വന്നത്?

ഇക്കയ്ക്ക് നൈറ്റ് ഡ്യൂട്ടി ആണ്. ഇവിടുത്തെ സബ് ഇൻസ്‌പെക്ടർ ആണ് അദ്ദേഹം.

ഓ വാഹിദ് സർ. എനിക്കറിയാം ചില കേസുകളുമായി ബന്ധപ്പെട്ടു പലവട്ടം ഈ ആശുപത്രിയിൽ വന്നിട്ടുണ്ട്.

നല്ല വാക്കുകളും സഹായവും കൊണ്ടു ആ സെലീന എന്ന ആ നേഴ്‌സ് മനസ് കവർന്നു.

ചേച്ചിയോട് ആ ഡെയ്‌സി ചൂടായി അല്ലെ? ഭയങ്കര ദേഷ്യക്കാരിയാണ് മൂന്നു ആങ്ങള മാരുടെ ഒറ്റ പെങ്ങൾ അവരൊക്കെ അമേരിക്കയിൽ സ്ഥിര താമസം. കേട്യോൻ ആണെങ്കിൽ എഞ്ചിനീയർ. ഈ ജോലിയുടെ ഒന്നും ആവശ്യം അവർക്കില്ല. ഗവണ്മെന്റ് ജോലി ആയതുകൊണ്ട് കളയുന്നില്ല എന്ന് മാത്രം.

സംസാരിച്ചുകൊണ്ടിരിക്കെ ഡോക്ടർ സൂസൻ വന്നു.

ഹലോ മിൻസാര. എന്ത് പറ്റി മോന് ?

ഡോക്ടർ മോനെ പരിശോധിക്കാൻ റൂമിലേക്ക്‌ വിളിച്ചു. കുഴപ്പമില്ല ടെമ്പറേച്ചർ നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഡെയ്സി തെർമോമീറ്റർ എടുത്തു മോന്റെ കക്ഷത്തിൽ വെച്ചു കൈ ചേർത്തു പിടിച്ചു.

ഡെയ്സി ഇതു എന്റെ മോളുടെ സ്കൂളിലെ പ്രിൻസിപ്പൽ ആണ് മിൻസാര. ഞങ്ങൾ ഫ്രണ്ട്‌സ് ആണ് നമ്മുടെ വാഹിദിന്റെ വൈഫ്‌.

മിൻസാര എന്ന് കേട്ടതുകൊണ്ടാണോ പ്രിൻസിപ്പൽ എന്നത് കേട്ടു കൊണ്ടാണോ ഡെയ്സി എന്നെ നോക്കി.

ചെറുതായി ഒന്ന് ചിരിച്ചു ഞാൻ പറഞ്ഞു സൂസൻ എന്നെ ഡെയ്‌സിക്കു വർഷങ്ങൾക്കു മുമ്പ് അറിയാം. ഞങ്ങൾ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചവരാണ്.

മോനുള്ള മരുന്നിന്റെ കുറിപ്പുമായി വെളിയിലേക്ക് ഇറങ്ങുമ്പോൾ വാഹിദ് എത്തിയിരുന്നു.

ഞങ്ങൾ നടക്കവേ പുറകിൽ നിന്നും ഡെയ്സി വിളിച്ചു ആം സോറി മിൻസാര.

വേണ്ട ഡെയ്സി, പദവിയുടെയും കടപ്പാടിന്റെയും പുറത്തുള്ള ഈ ക്ഷമ പറച്ചിൽ, പരിഗണന ഇതൊന്നും എനിക്ക് വേണ്ട. വയ്യാത്ത കുഞ്ഞുമായി വരുന്ന സാധാരണക്കാരിൽ സാധാരണക്കാരായ അമ്മമാരോട് ഒരു ആതുര സേവക എങ്ങനെ പെരുമാറണം എന്ന് പഠിക്കൂ. നല്ല ഒരു മനസോ സഹാനുഭൂതിയോ സ്വന്തമായില്ലെങ്കിൽ ഈ ജോലി വേണ്ടാന്ന് വെക്കു നിങ്ങളെപോലുള്ളവരെ ഒരിക്കലും ആരും ദൈവത്തിന്റെ മാലാഖാമാരായി കാണില്ല. സങ്കടമുണ്ട് എല്ലാം വെട്ടിപിടിച്ചപ്പോൾ മനുഷ്യത്വം മരവിച്ചു പോയല്ലോ.?

വാഹിദിനൊപ്പം ജീപ്പിൽ കയറവെ ഞാൻ ഒരു കാര്യം അടിവരയിട്ടു ഉറപ്പിച്ചു ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടിയ ചിലരൊക്കെയാണ് നല്ല കാലം തെളിയുമ്പോൾ മറ്റുള്ളവരെ ഏറ്റവും പുച്ഛിക്കുക.

അറിയാം ഫലേച്ഛ ഇല്ലാത്ത കർമം അതാണ് മഹത്തരം. നാം ചെയ്യുന്നതിന് പ്രതിഫലം തരുന്ന ആൾ ഈശ്വരൻ എങ്കിലും ഈശ്വരനെ മറന്നു ആരും ജീവിക്കാതിരിക്കട്ടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *