നിങ്ങൾ ഇതുവരെ എങ്കിലും എന്നെ മോളെന്ന്  വിളിച്ചിട്ടുണ്ടോ ? ഞാൻ കൊണ്ടുവന്ന ഡ്രസ്സ് എടുത്ത് ഒന്ന് നോക്കുകയെങ്കിലും  ചെയ്തോ?……

ജീവിത കാഴ്ചകൾ

Story written by Nisha Suresh Kurup

” ഹലോ ഗിരിയേട്ടാ “

ഫോണുമായി ലയ ഷോപ്പിംഗ് മാളിൽ  മാറി നിന്നു സംസാരിക്കുന്നത് നോക്കി രേഖ നിന്നു. ലയ തിരികെ വന്ന് രേഖയോട് പറഞ്ഞു

“ഈ ഗിരിയേട്ടന്റെ ഒരു കാര്യം എപ്പോഴും വിളിച്ച് കൊണ്ടിരിക്കും “.

രേഖ തന്റെ ഭർത്താവ് ശരത്തിനെ കുറിച്ച് ഒരു നിമിഷം ആലോചിച്ചു പോയി. വിളിക്കാറുമില്ല പറയാറുമില്ല. അമ്മാവന്റെ മോളുടെ കുഞ്ഞിന്റെ ബർത്ത്ഡേക്ക്  കുഞ്ഞിനും എനിക്കും ഡ്രസ് എടുക്കണമെന്ന് പറഞ്ഞപ്പോൾ സമയമില്ല നീ പോയി എടുത്തോ എന്ന് പറഞ്ഞു. ഒറ്റയ്ക്ക് വരാനുള്ള മടി കൊണ്ടാണ് ലയയെ കൂടി കൂട്ടിയത്. തന്റെ കൂടെയായത് കൊണ്ടാന്ന് അവൾ വന്നത്. അല്ലെങ്കിൽ ഗിരിയില്ലാതെ അവൾ എങ്ങും പോകില്ല. മാളിൽ വന്ന് ഇത്രയും നേരത്തിനകം ഒരു പത്ത് പ്രാവശ്യമെങ്കിലും ഗിരി വിളിച്ചിട്ടുണ്ട്. എന്തൊരു സ്നേഹമാണ് അവളോട്അ സൂയ തോന്നും. രേഖയും ലയയും കൈയ്യും കോർത്ത് നടന്നു.

രേഖയുടെ വീട്ടിന്റെ അടുത്ത് താമസിക്കുന്നവരാണ് ലയയും ഭർത്താവും . രണ്ടു വീട്ടുകാരും നല്ല അടുപ്പവുമാണ്. ഏകദേശം ഒരേ പ്രായക്കാരായത് കൊണ്ട് നല്ല സുഹൃത്തുക്കളാണ് ലയയും രേഖയും തമ്മിൽ . രേഖയുടെ ഭർത്താവിന് ഗവൺമെന്റ് ജോലിയും ലയയുടെ ഭർത്താവിന് ബിസിനസുമാണ് . രേഖയ്ക്കും  ലയയ്ക്കും ഓരോ ആൺ കുട്ടികളുമുണ്ട്. രേഖയുടെ ഭർത്താവ് ശരത്ത് റൊമാന്റിക്ക് അല്ലെന്നാണ് അവളുടെ പരാതി. എന്തിനും ഏതിനും അവൾ ഗിരിയുമായി താരതമ്യം ചെയ്യും. ഗിരിയും ലയയും വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞെങ്കിലും അതേ പ്രണയം അവരുടെ ഉള്ളിൽ ഉണ്ട്. ഇവിടെ ശരത്തേട്ടന്റെ അടുത്ത് എന്തെങ്കിലും സ്നേഹത്തോട്ടെ പറഞ്ഞ് വന്നാൽ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്നതല്ലാതെ ഒന്നും പറയില്ലെന്നാണ് രേഖ പറയുന്നത്.

 ഷോപ്പിംഗ് കഴിഞ്ഞ് വന്ന രേഖ ഓഫീസിൽ നിന്ന് വന്നു ഹാളിൽ ഇരുന്ന് ടിവി കാണുന്ന ശരത്തിനെ രൂക്ഷമായി നോക്കി നിന്നു.

“എന്തുവാടി കണ്ണുരുട്ടുന്നെ പൈസ തികഞ്ഞില്ലെ “

“പൈസ തികയാഞ്ഞിട്ടൊന്നുമല്ല ഞാൻ പോയിട്ട് എന്നെ ഒന്നു വിളിച്ചോ “

“അതിന് നീ ഇവിടെ അടുത്ത് ഷോപ്പിംഗിന് പോയതിന് ഞാനെന്തിനാ വിളിക്കുന്നത് “.

“ഗിരി എത്ര തവണ ലയയെ വിളിച്ചു. അതാ കെയറിംഗ് ഇവിടെ ഓരാളുണ്ട് പോയോ വന്നോ ഒന്നും അറിയേണ്ട “

”  ഒന്നോ രണ്ടോ മണിക്കൂർ നീയൊന്നു പുറത്തേക്കിറങ്ങിയെന്ന് വെച്ചു ഞാൻ വിളിച്ച് ശല്യം ചെയ്യണോ ?നീ ഫ്രീയായി പോയിട്ടു വരുന്നതല്ലേ നല്ലത്. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ ?ഒരു ചായയിട് നിനക്കു പറ്റുമെങ്കിൽ “

” പോയി ക്ഷീണിച്ചു വന്ന എന്നോട് ചായയിടാൻ.ഗിരിയാണെങ്കിൽ ഇപ്പോൾ അങ്ങോട്ടു ലയയ്ക്ക് ചായയിട്ടു കാത്തിരിക്കയാവും. എന്റെ തലവിധി “

അവൾ അടുക്കളയിൽ കടന്ന് ചായ പാത്രം ദേഷ്യത്തോടെ സ്റ്റൗവിൽ വെച്ചു.

ഒരു ചായയിടാൻ പറഞ്ഞത് ഇത്രയും വല്ല്യ പ്രശ്നമാണോ .എന്നാലും ഗിരി അവനെ കൊണ്ട് ഒരു സ്വസ്ഥതയും ഇല്ലല്ലോ ശരത്ത് തലയിൽ കൈവെച്ചു.

 കുറച്ച് കഴിഞ്ഞ് ലയയുടെ വീട്ടിൽ കളിച്ചുകൊണ്ട് നിന്ന മോനെയും കൂട്ടി രേഖ തന്റെ വീടിന്റെ ഗേറ്റ് കടന്നതും ശരത് ചെടി നനച്ചു നിൽക്കുന്നു. ഗേറ്റ് അവൾ ശക്തിയായി വലിച്ചടച്ച ശബ്ദം കേട്ട് ശരത് ചോദിച്ചു.

“നിനക്കെന്താ രേഖാ ഗേറ്റ് ത iല്ലി പൊi ട്ടിക്കുമോ “.

“ഗേറ്റ് മാത്രമല്ല നിങ്ങളുടെ ത ലമvണ്ട ഞാൻ ത ,ല്ലി പൊo,ട്ടിക്കും “.

രേഖ പല്ലിറുമ്മി പറഞ്ഞ് അകത്തേക്ക് പോയി.

“എന്തുവാ  നീയി പിറുപിറുക്കുന്നത്.

എന്നിട്ട് മോനോടായി എന്ത് പറ്റിയെന്ന് ചോദിച്ചു . അറിയില്ലെന്ന് കുഞ്ഞ് കൈ മലർത്തി കാണിച്ചു. ശരത് രേഖയുടെ അടുത്ത് ചെന്നു.

“എന്താ നിനക്ക് “അപ്പോഴാണ് ശരത് രേഖയുടെ കൈയ്യിലെ പാത്രം ശ്രദ്ധിച്ചത് അയാൾ അത് വാങ്ങി തുറന്നു നോക്കി

“ആഹാ അടയോ കഴിച്ചിട്ടെത്ര നാളായി ”  കിട്ടിയപാടെ ഒന്നു എടുത്ത് ഇല ഇളക്കി കളയാൻ തുടങ്ങി.

” ഇത്  ആരുണ്ടാക്കിയതാണെന്ന് അറിയാമോ  നിങ്ങൾക്ക് ഗിരിയാണ്.ലയ വന്നപ്പോഴേക്കും ഇലയടയും ഉണ്ടാക്കി കാത്തിരിക്കുന്നു.

ഇവിടെ ഒരാളുണ്ട് ഞാൻ വരുന്നത് നോക്കിയിരിക്കും. ചായ പോലും ഉണ്ടാക്കി കുടിക്കത്തില്ല .

നിങ്ങൾ ഇതുവരെ എങ്കിലും എന്നെ മോളെന്ന്  വിളിച്ചിട്ടുണ്ടോ ? ഞാൻ കൊണ്ടുവന്ന ഡ്രസ്സ് എടുത്ത് ഒന്ന് നോക്കുകയെങ്കിലും  ചെയ്തോ ?

എനിക്ക് ഏതൊക്കെ തുണി ഉണ്ടെന്നെങ്കിലും നിങ്ങൾക്കറിയാമോ ?

ഞാനും അവളും ഒരേ പ്രായമാ .എന്നിട്ടും അവളെ അയാൾ അണിയിച്ചൊരുക്കി കൊണ്ട് നടക്കുന്ന കാണണം “.

“നീ എന്തിനാ രേഖ മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യുന്നത് ഓരോരുത്തർക്കും ഓരോ സ്വഭാവമല്ലെ ഗിരി ഒത്തിരി ബിസിനസും കാര്യങ്ങളുമായി നടക്കുന്ന ആളാണ്. വീട്ടിൽ ഇരുന്നാൽ പോലും കാശ് ഉണ്ടാക്കാം.

ഞാനോ ദിവസവും രാവിലെ പോയി വൈകുന്നേരം വരുന്ന സർക്കാർ ജോലിക്കാരൻ മാസാമാസം എനിക്ക് കിട്ടുന്ന പൈസയിൽ എന്തെല്ലാം കാര്യങ്ങൾ ഓടണം അതിന്റേതായ ടെൻഷനും കാര്യങ്ങളുമുണ്ട്

നീയെന്തിനാ മറ്റുള്ളവരുടെ കാര്യം ചിന്തിച്ച് നമ്മുടെ മനസമാധാനം കളയുന്നത് “.

ശരത് അത്രയൊക്കെ പറഞ്ഞെങ്കിലും രേഖയുടെ മനസ് മുഴുവൻ ലയയുടെ വീട്ടിലായിരുന്നു.

 ഒരു വിവാഹത്തിന് അവരെല്ലാവരും പങ്കെടുത്തപ്പോൾ തലേ ദിവസം ലയ ഉടുക്കുമെന്ന് പറഞ്ഞു രേഖയെ കാണിച്ച സാരിയല്ല ഉടുത്തു വന്നത്.

ഉടനെ രേഖ ചോദിച്ചു “അതെന്താ മറ്റേ സാരി ഉടുക്കാതിരുന്നത്”

“അത് ഗിരിയേട്ടൻ സമയമായപ്പോൾ പറയുവാ അതിനേക്കാൾ ഈ സാരിയിലാ ഞാൻ കൂടുതൽ ഭംഗിയെന്ന് .അതാ പിന്നെ ഇത് ഉടുത്തത് “.

രേഖ ശരത്തിന്റെ കൈയ്യിൽ ആഞ്ഞൊരു നുള്ളു കൊടുത്തു . ശരത്ത് ഒന്നു പിടഞ്ഞ് രേഖയെ നോക്കി.

കണ്ടോ എന്ന മട്ടിൽ അവൾ തുറിച്ച് നോക്കി. സദ്യ കഴിക്കാൻ പോയപ്പോൾ ഗിരി ലയയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പോയി ഒരുമിച്ച് കഴിക്കാനിരുന്നു. വാശിയിൽ ശരത്തിന്റെ അടുത്തേക്ക് ഇടിച്ചു കയറി രേഖയും ഇരുന്നു. കഴിക്കുമ്പോഴും രേഖയുടെ കണ്ണ് ലയയുടെ  അടുത്തായിരുന്നു.

വീട്ടിൽ വന്നു കയറിയതും രേഖ വീണ്ടും തുടങ്ങി. “എത്ര കെയറിംഗ് ആയിട്ടാ ലയയെ കൊണ്ടു നടക്കുന്നത് .ശരത്തേട്ടൻ ആണെങ്കിൽ എന്നെ ഒന്നു ശ്രദ്ധിക്കുക പോലുമില്ല “.

കഴിച്ച സദ്യ ദഹിച്ച പോലെ ശരത്ത് ഏമ്പക്കം വിട്ടു .

“വിവാഹത്തിനൊക്കെ പോകുമ്പോൾ നിങ്ങൾ കൂട്ടുകാരികൾ  ഒരുമിച്ച് നടക്കുന്നതല്ലേ നല്ലത്. എല്ലായിടത്തും ഞാൻ പുറകെ നടക്കുന്നത് എന്തിനാണ് നിങ്ങൾക്ക് നിങ്ങളുടേതായ സ്വാതന്ത്ര്യത്തിന് അതല്ലേ നല്ലത് “.

ശരത്ത് അവളെ പറഞ്ഞ് മനസിലാക്കാൻ നോക്കി. “എന്നാലും ലയയുടെ  ഭർത്താവ് ” ….

വീണ്ടും രേഖ എന്തോ പറയാനൊരുങ്ങി പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയ ശരത്ത് അവിടുന്ന് രക്ഷപ്പെട്ടു.

 പിന്നെയും അയൽ വീട്ടിലേക്ക് നോക്കി പരാതി പറയാനേ രേഖയ്ക് നേരമുണ്ടായിരുന്നുള്ളു. ലയയെ ഭർത്താവ് ജിമ്മിൽ കൊണ്ടു പോണു.

“കണ്ടോ സ്നേഹമുള്ള ഭർത്താക്കൻമാർ ഭാര്യയുടെ സൗന്ദര്യം സൂക്ഷിയ്ക്കാൻ ചെയ്യുന്നത് “. “നിനക്ക് ജിമ്മിൽ പൊയ്ക്കൂടെ അതിനും ഞാനിനി പുറകെ നടക്കണോ “

ശരത്ത് മറുപടി പറഞ്ഞു പറഞ്ഞു മടുത്തു. ലയയ്ക്ക് ഗിരി വാരി കൊടുക്കുന്നു , അത് വാങ്ങിക്കൊടുക്കുന്നു ,ഇത് വാങ്ങിക്കൊടുക്കുന്നു ,ലയയും  ഭർത്താവും ഒരാഴ്ചത്തേക്ക് ഇവിടെ കാണില്ല  ടൂർ പോകുന്നു , എല്ലാ ആഴ്ചയിലും അവർ എവിടെയെങ്കിലും കറങ്ങാൻ പോകും. അങ്ങനെ ഓരോ ദിവസവും ഓരോ പരിഭവങ്ങളുമായി രേഖ ശരത്തിനെ സമീപിക്കും ..

“അങ്ങനെയാണ് സനേഹമുള്ള ഭർത്താവ് ” എന്ന് കൂട്ടി ചേർക്കാനും അവൾ മറക്കില്ല. “ഞാൻ നിന്നെ ഈ ആഴ്ച സിനിമയ്ക്ക് കൊണ്ടുപോയതോ .അല്ലാതെ നമ്മൾ ടൂർ പോയിട്ട് ഒരു രണ്ടുമാസമല്ലേ ആയുള്ളൂ അതിനൊന്നും ഒരു വിലയില്ലേ “

ശരത്ത് ഗതികെട്ട് ചോദിക്കുമ്പോൾ രേഖ പറയും

“അത് ഞാൻ നിർബന്ധിക്കുന്നത് കൊണ്ടല്ലേ അല്ലാതെ നിങ്ങൾ സ്വന്തം ഇഷ്ടത്തോടെ സ്നേഹത്തോടെ കൊണ്ടുപോകുന്നതല്ലല്ലോ “.

ഉത്തരം മുട്ടി ശരത്ത് പിന്നെ ഒന്നും പറയാൻ പോവില്ല.

ഒരു ദിവസം പടികൾ കയറുന്നതിനിടെ രേഖ തെന്നി വീണു കാലിന് പൊട്ടൽ  ഉണ്ടായി ഒരു മാസത്തേക്ക് ബെഡ് റെസ്റ്റ്  ഡോക്ടർ നിർദ്ദേശിച്ചു. രേഖയുടെ അമ്മ കുറച്ച് ദിവസം വന്നു നിന്നെങ്കിലും അച്ഛനും സുഖമില്ലാതെ കിടക്കുന്ന അച്ഛന്റെ അമ്മയും ഒറ്റയ്ക്ക് ഉള്ളതിനാൽ അവർക്ക് തിരിച്ചു പോകേണ്ടി വന്നു. ജോലിക്ക് ആരെയെങ്കിലും നിർത്താമെന്ന് ശരത്തിനോട് പറഞ്ഞു ഒരു സ്ത്രീ  ഉച്ചവരെ വീട്ടിൽ  എന്തെങ്കിലുമൊക്കെ ആഹാരവും തയ്യാറാക്കാനും  വീടും പരിസരവും വൃത്തിയാക്കാനും ആയിട്ട് വന്നു പോയ്ക്കൊണ്ടിരുന്നു.

എങ്കിലും മനസമാധാനമില്ലാതെ അവൾ വയ്യാത്ത കാലുമായി എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്കുമ്പോൾ ശരത്ത് തടയും. 

അവൻ ലീവെടുത്ത് എല്ലാ കാര്യങ്ങളും നോക്കി. രേഖയുടെ കാര്യവും കുഞ്ഞിന്റെ കാര്യവും എല്ലാം. ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ പോലും സമ്മതിക്കാതെ ആഹാരം വരെ ഇരുപ്പിടത്ത് കൊണ്ട് കൊടുത്തു. ചില സമയങ്ങളിൽ വെറുതെ ഇരുന്ന് മുഷിഞ്ഞ അവൾക്ക് ആഹാരത്തോടും മടുപ്പ് തോന്നും. വേണ്ടാന്ന് പറയുന്ന അവൾക്കവൻ വാരി വായിൽ വെച്ചു കൊടുക്കും. കുളിയ്ക്കാൻ സഹായിയ്ക്കും. അല്ലാത്തപ്പോൾ അവൾ ബാത്ത്റൂമിൽ കയറുമ്പോൾ പുറത്ത് കാവൽ നിൽക്കും എനിയ്ക്ക് അത്രയ്ക്കൊന്നും  കുഴപ്പമില്ലല്ലോ ശരത്തേട്ടാന്ന്  അവൾ പറഞ്ഞാലും  അവൻ കേൾക്കില്ല. ശരത്തിന്റെ സംരക്ഷണവും സ്നേഹവും കണ്ട് അവളുടെ കണ്ണ് നിറയും. ഒരിക്കൽ കുളിച്ചിട്ട് തല തുവർത്തി കൊടുത്ത അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് രേഖ പറഞ്ഞു.

“ശരത്തേട്ടൻ എന്നെ ഇത്രയും സ്നേഹിച്ചിട്ടും ഞാൻ എപ്പോഴും കുറ്റം മാത്രമല്ലേ പറയാറുള്ളൂ. എന്നോട് ദേഷ്യം തോന്നാറുണ്ടോ “

“ഏയ് എന്തിന് നിനക്ക് എന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണെന്ന് എനിക്കറിയാല്ലോ ” .

അവൾ അവനെ മുറുകെ പുണർന്നു. പാവം എന്റെ ശരത്തേട്ടൻ

“നീയും മോനുമാണ് എന്റെ ലോകം. അതിനു വേണ്ടിയാ ഞാൻ ഈ കഷ്ടപ്പെടുന്നതൊക്കെ “

സോറി ശരത്തേട്ടാ അവളുടെ മിഴികൾ നനഞ്ഞു . ഒന്നു കൂടി അവനെ അമർത്തി പുണർന്നു. ശരത്ത് ചിരിച്ചതേയുള്ളു.

ലയയും മുടങ്ങാതെ രേഖയെ കാണാൻ വരുമായിരുന്നു. അവളും  രേഖയെ സഹായിക്കുകയും മോനെ ലയയുടെ വീട്ടിൽ കൊണ്ട് പോയി നോക്കുകയും എല്ലാം ചെയ്തു. ഒരു മാസം കഴിഞ്ഞ് പൂർണ്ണ ആരോഗ്യവതിയായി രേഖ എഴുന്നേറ്റു . ശരത് ഓഫീസിലും പോകാൻ തുടങ്ങി.

 ഒരു ദിവസം രാവിലെ ശരത്ത് നോക്കിയപ്പോൾ രേഖ ഗേറ്റിനരുകിൽ ചെന്നു അപ്പുറത്തെ വീട്ടിൽ വായും നോക്കി നില്ക്കുന്നു .

“വീണ്ടും തുടങ്ങിയോ എത്തി നോട്ടം ഇന്നിനി ഗിരി ലയയ്ക്ക് എന്താണോ ആവോ വാങ്ങി കൊടുത്തത് “

ചിരിയോടെ ശരത് രേഖയുടെ അടുത്തേക്ക് ചെന്നു.

“പോ ശരത്തേട്ടാ അവിടെ എന്തോ വഴക്ക് നടക്കുന്നു അതാ ഞാൻ ശ്രദ്ധിച്ചത് . കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. ലയയ്ക്ക്എന്തോ ഒരു മൗനം ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു “

“വഴക്കോ ഗിരിയും ലയയും തമ്മിൽ അവിടെ ആയിരിക്കില്ല “.

“ആണന്നേ ” രേഖ പറഞ്ഞതും ഗിരിയുടെ  ഉച്ചത്തിലുള്ള ശബ്ദം ശരത്തിന്റെ ചെവിയിൽ പതിച്ചു.

രേഖ അങ്ങോട്ടു പോകാൻ നോക്കിയതും ശരത്ത് തടഞ്ഞു.

“നോക്കട്ടെ എന്താന്ന്. ഉടനെ ഓടി ചെല്ലുന്നത് ശരിയല്ലല്ലോ . അവർക്ക് നമ്മൾ കേട്ടുവെന്ന് അറിയുമ്പോൾ നാണക്കേട് തോന്നിയാലോ ” .

കുറച്ച് കഴിഞ്ഞ് ഗിരി കാറിൽ കയറി പോകുന്നത് കണ്ടു. രേഖ മനസമാധാനം ഇല്ലാതെ ലയയുടെ അടുത്തേക്ക് ഓടി. അവൾ ചെന്നപ്പോൾ

ലയ ഡൈനിംഗ് റൂമിലെ കസേരയിൽ ഇരുന്ന് കരയുകയായിരുന്നു.

രേഖ അടുത്ത് ചെന്നവളുടെ തോളിൽ പിടിച്ചു.

“എന്ത് പറ്റിയെടി നിയെന്തിനാ കരയുന്നത് “

രേഖയെ കണ്ട ലയയുടെ കരച്ചിൽ ഉച്ചത്തിലായി അമർത്തി വെച്ചിരുന്ന സങ്കടം മുഴുവൻ തീർക്കാനെന്ന പോലെ അവൾ രേഖയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ലയയെ ഇങ്ങനെ കണ്ടിട്ടില്ലാത്ത രേഖ അത്യധികം വിഷമത്തോടെ  അവളുടെ താടിയിൽ പിടിച്ചുയർത്തി

“പറയ് ലയേ എന്തുണ്ടായി. ഗിരി വഴക്കിട്ടോ അതിനാണോ ഇങ്ങനെ കരയുന്നത് വീടാകുമ്പോൾ വഴക്കും പിണക്കവുമൊക്കെ കാണില്ലേ “

“നീ വിചാരിക്കും പോലെ അല്ല രേഖാ കാര്യങ്ങൾ ഞാൻ ഒരു ജയിലിലാണ് ഇത്രയും നാൾ കഴിഞ്ഞത് “.

രേഖ അന്തം വിട്ട് അവളെ നോക്കി കസേര വലിച്ചിട്ട് അടുത്തിരുന്നു.

“ഗിരിയേട്ടൻ ചോദിക്കുന്ന സ്വർണ്ണവും പണവും കാറും എല്ലാം കൊടുത്താ എന്നെ കെട്ടിച്ചത്. കൊടിയ ബിസിനസുകാരൻ കാശുകാരൻ. അത് കൊണ്ട് എന്റെ അച്ഛനും ഒന്നിനും ഒരു കുറവും വരുത്തിയില്ല. എനിക്ക് ഒരു ജോലി ശരിയായിരുന്നു. അതിന് വിടാമെന്ന സമ്മതത്താൽ ആണ് വിവാഹം കഴിച്ചത്.

കുറച്ച് ദിവസമേ ഗിരിയേട്ടന്റെ വീട്ടിൽ തങ്ങിയുള്ളൂ പിന്നെ ഞങ്ങൾ ഇങ്ങോട്ടു വരുന്നതിന് മുൻപ് വേറൊരു വീടു വാങ്ങി താമസമായിരുന്നു.

ജോലിക്ക് പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ആളിന് ബിസിനസും കാര്യങ്ങളുമല്ലെ . ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരുമ്പോൾ ഞാനില്ലാതെ ഗിരിയേട്ടൻ ഒറ്റയ്ക്കാവില്ലേ എന്ന് ചോദിച്ചപ്പോൾ ആ സ്നേഹത്തിൽ ഞാൻ വീണു പോയി.

അതൊരു ട്രാപ്പ് ആയിരുന്നു. സ്നേഹം കൊണ്ട് ഒരു ചങ്ങലയുണ്ടാക്കി. ആ കുരുക്കിൽ ബന്ധിച്ചിട്ടു. ഞാൻ അതിൽ മയങ്ങി ജീവിച്ചു. എന്റെ ഇഷ്ടത്തിനു ഡ്രസ്സിടാനോ ഒറ്റയ്ക്ക് പുറത്തെക്ക് പോകാനോ ഒന്നും പറ്റാതിരുന്നപ്പോൾ എന്നോടുള്ള അമിതമായ കെയർ ആണെന്നു വിചാരിച്ചു.

ഇനിയും ഞാൻ അങ്ങനെ തന്നെ ജീവിക്കുമായിരുന്നു. എന്റെ വീട്ടുകാരിൽ നിന്ന് എന്നെ സോപ്പിട്ട് ഓരോ ആവശ്യങ്ങൾക്കെന്നും പറഞ്ഞ് പണം വാങ്ങിക്കുo. എന്തെങ്കിലും ചോദ്യം ചെയ്താൽ എനിക്ക് വേണ്ടിയല്ലേന്നു പറയും. ഒടുവിൽ വീട്ടുകാരും ചോദിച്ചു തുടങ്ങി ഇതിനും വേണ്ടി പൈസ എന്തിനാന്ന്. തന്ന് തന്ന് അച്ഛനും സഹോദരനും മടുത്തു.

മാർബിൾ ബിസിനസും മറ്റും ഉണ്ടെന്നറിയാം വിശദമായി എന്തെങ്കിലും ബിസിനസിനെ കുറിച്ച് ചോദിച്ചാൽ , നീയെന്തിനാ ആ ടെൻഷനൊക്കെ അടിയ്ക്കുന്നെ എല്ലാം നോക്കാൻ ഞാനില്ലേന്ന് പറയും.

അങ്ങനെ സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാതെ തീരുമാനമോ സ്വാതന്ത്ര്യമോ ഇല്ലാതെ അത് മനസിലാക്കാനുള്ള കഴിവു പോലുമില്ലാതെ ആ കുടുക്കിൽ ഞാൻ ജീവിച്ചു.

ഈ അടുത്താണ് എന്റെ അച്ഛൻ എന്നെ വിളിച്ച് ചൂടായത് അവന് മ യക്കു മ രുന്ന് കച്ചവട മൊക്കെയാണെന്നും പറഞ്ഞ്. ഇപ്പോൾ പിടിക്കപ്പെടുമെന്നായപ്പോൾ കാശ് കൊടുത്ത് ഒതുക്കാൻ നോക്കുവാണെന്ന് അച്ഛനോട് ആരോ പറഞ്ഞെന്ന് . രാത്രി അത് ചോദ്യം ചെയ്തപ്പോൾ എന്നോട് കരഞ്ഞു.

പറ്റിപ്പോയി ഒതുക്കി തീർക്കാൻ കുറച്ച് പൈസ അച്ഛനോട് വാങ്ങി തരണമെന്ന്.

കുറേ പറഞ്ഞപ്പോൾ എനിക്ക് പാവം തോന്നി ഇനി ഈ കച്ചവടം നിർത്താമെന്ന വാക്കിൽ അച്ഛനെ വിളിച്ചു ഇപ്പോൾ തന്നെ ലക്ഷങ്ങൾ അച്ഛൻ തന്നു കഴിഞ്ഞു. ഇനിയും തരാൻ ഇല്ലെന്ന് പറഞ്ഞു. സഹോദരനും നിന്നെ ജോലിക്കും വിടില്ല. നോക്കാനും വയ്യെങ്കിൽ നീ ഇങ്ങ് പോരെന്നു പറഞ്ഞു ഞാൻ ഗിരിയേട്ടൻ വന്നപ്പോൾ അവരുടെ കൈയ്യിൽ ഇല്ലെന്ന് പറഞ്ഞതും നിനക്ക് ചോദിക്കാൻ അറിയാഞ്ഞിട്ടാ എന്നൊക്കെ  പാവത്താനായി പറഞ്ഞു.

ഒടുവിൽ പറഞ്ഞ് പറഞ്ഞെനിക്ക് ദേഷ്യം വന്നു. നിങ്ങൾ ചോദിക്കുമ്പോൾ പണം എടുത്ത് തരാൻ എന്റെ വീട്ടുകാരെന്താ പണം കായ്ക്കുന്ന മരമോ എന്നു തിരിച്ച് ചോദിച്ചതും  അത് വരെയുള്ള ഭാവമായിരുന്നില്ല ഗിരിയേട്ടന്.

ക്രൂ രമായ മുഖത്തോടെ എന്റെ ക വിളിൽ അ ടിച്ചു. ഇന്നുവരെ ഇങ്ങനെ ഒരു അനുഭവം ഇല്ലാത്ത ഞാൻ ഷോക്കായി കണ്ണും മിഴിച്ച് കവിളും തടവി ഗിരിയേട്ടനെ നോക്കി നിന്നു.

“നീയെന്താ വിചാരിച്ചത് നിന്റെ സൗന്ദര്യം കണ്ടാണ് നിന്നെ വിവാഹം കഴിച്ച തെന്നോ എനിക്ക് പണം വേണം അത് ഞാൻ എങ്ങനെയും സമ്പാദിക്കും.നിന്നെ വിവാഹം കഴിച്ചതും നിന്റെ അച്ഛൻറെ കയ്യിലുള്ള പൂത്ത കാശ് കണ്ടുകൊണ്ട് തന്നെയാണ്. നിന്റെ ഇഷ്ടങ്ങൾ എല്ലാം സാധിച്ചു തന്ന് നിന്നെ എന്റെ വരുതിയിൽ നിർത്തിയതും അതിനാണ്. പണം അതാണ് ആവശ്യം . ഞാൻ പറയുന്നത് കേട്ട് നിനക്ക് എന്റെ കൂടെ നില്ക്കാം ഇല്ലാത്ത പക്ഷം പുറം ലോകം കാണാതെ നിന്നെ തളച്ചിടാൻ എനിക്കറിയാം “.

“കേട്ടതും കണ്ടതും വിശ്വസിക്കാനാവാതെ നിന്ന എന്റെ മുന്നിൽ വീണ്ടും ദേഷ്യം മാറി കരച്ചിൽ ആയി. എനിക്കറിയില്ല ഒരു മാനസിക വിഭ്രാന്തി പോലെ. നിങ്ങളെ വിളിക്കാമെന്ന് വിചാരിച്ചു. അപ്പൊഴാ ഓർത്തെ നിങ്ങൾ ഇന്നലെ നിന്റെ വീട്ടിൽ പോയേക്കു വല്ലായിരുന്നോ ” . “ആ നമ്മൾ ഇന്ന് രാവിലെ തിരിച്ചു വന്നു ” രേഖ തലയാട്ടി.

ലയ വീണ്ടും പറഞ്ഞു. “ഞാൻ എന്റെ വീട്ടിൽ വിളിച്ചു അവര് വന്നപ്പോൾ വീണ്ടും പാവം പോലെ അവരോട് മാപ്പ് ചോദിച്ചു കരയുന്നു. അത് കണ്ടപ്പോൾ എല്ലാവരുടെയും മനസലിഞ്ഞു. അച്ഛനും സഹോദരനും എന്തെങ്കിലും വഴിയുണ്ടാക്കാം എന്നും പറഞ്ഞ് തിരികെ പോയി. പോയി കഴിഞ്ഞപ്പോൾ അവരെ വിളിച്ചു വരുത്തിയതിന് വഴക്കായി. അതിന്റെ ബാക്കിയാ ഇപ്പോൾ കേട്ടത്. ഗിരിയേട്ടന്റെ വീട്ടുകാർ പാവമാ . കാശൊന്നുമില്ല ഒരു ശല്യത്തിനും വരത്തില്ല. ഗിരിയേട്ടന് ബിസിനസും കാര്യങ്ങളും ഉള്ളത് കൊണ്ടാണ് അച്ഛൻ വിവാഹം കഴിപ്പിച്ചത് നോക്കിയപ്പോൾ വേറെ ദുശ്ശീലങ്ങളും കണ്ടില്ല “.

ലയ പറയുന്നതിനൊപ്പം കരയുന്നുണ്ടായിരുന്നു.

” ഇന്ന് ഞാൻ എന്റെ  വീട്ടുകാരെയും ഗിരിയേട്ടന്റെ വീട്ടുകാരോടും വരാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് പേടിയാ പലപ്പോൾ പല സ്വഭാവം എല്ലാം കൊണ്ടും “.

രേഖയ്ക്ക് പാവം തോന്നി. ” പണ്ടൊന്നും ഈ സ്വഭാവം ഉണ്ടായിട്ടില്ലേ”   ആകാംഷയോടെ അവൾ ചോദിച്ചു.

“പണ്ടൊരിക്കൽ ഞാൻ വീട്ടിൽ പോയി നിന്നിട്ട് രണ്ട് ദിവസം താമസിച്ചു വന്നപ്പോൾ പെട്ടെന്ന് ചൂടായി വല്ലാത്ത രീതിയിൽ പെരുമാറിയായിരുന്നു . എന്നിട്ട് അപ്പോൾ തന്നെ  ക്ഷമ പറഞ്ഞു ചേർത്ത് പിടിച്ചപ്പോൾ സ്നേഹം കൂടുതൽ കൊണ്ടാണെന്ന് കരുതി. പിന്നെ ഇടയ്ക്കൊക്കെ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് സ്നേഹ കൂടുതൽ കൊണ്ടാണെന്ന് കരുതി പറയുന്നത് അനുസരിച്ച് ഞാനങ്ങ് നിന്നാൽ  പൊന്നുപോലെ കൊണ്ട് നടക്കും. രേഖ കേട്ടതൊക്കെ സത്യമാണോ എന്ന അർത്ഥത്തിൽ ഏറെ നേരം നിന്നു. ഒടുവിൽ ലയയോട് പറഞ്ഞു. നീ വിഷമിക്കാതെ വീട്ടുകാർ വരട്ടെ തീരുമാനിക്കാം. ലയ രേഖയെ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞു

 രേഖ ഉണ്ടായ കാര്യങ്ങൾ ശരത്തിനെ അറിയിച്ചു. “എന്നാലും ശരത്തേട്ടാ വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും സ്നേഹം എന്നൊക്കെ വിചാരിച്ചിട്ട് ” .

“അത് ചെറിയ മെന്റൽ പ്രോബ്ളം ആണ് ചികിത്സിച്ചു മാറ്റണം ഇല്ലെങ്കിൽ  കൊ ല്ലാൻ പോലും മടിക്കില്ല. പിന്നെ ആരുടെ ജീവിതവും നമ്മൾ പുറമെ  കാണും പോലെയല്ല ഇനിയെങ്കിലും മറ്റുള്ളവരെ താരതമ്യം ചെയ്ത് ജീവിക്കാതെ സ്വന്തം കാര്യം നോക്കു. എന്തിനാണ് മത്സരവും അസൂയയും സ്വന്തം മനസമാധാനം അല്ലെ നഷ്ടപ്പെടുന്നത് “.

“എനിക്ക് മനസിലായി ശരത്തേട്ടാ പുറമെ കാണുന്നത് മാത്രമല്ല സത്യം “.

രേഖ ചിന്തിക്കുകയായിരുന്നു. ഒരു തരി പൊന്നു പോലും വേണ്ടെന്ന് പറഞ്ഞ് തന്നെ വിവാഹം കഴിച്ച ശരത്തേട്ടനെ. നിർബന്ധിച്ചു വിവാഹശേഷം പി എസ് സി കോച്ചിംഗിനു വിട്ട് സ്വന്തം കാലിൽ നില്ക്കാൻ പറഞ്ഞതും തന്റെ വീട്ടിലും സ്വന്തം വീട്ടിലും എല്ലാ കാര്യങ്ങളും ഒരു പോലെ നോക്കുകയും ചെയ്യുന്ന തന്റെ ഭർത്താവ്. ഒറ്റയ്ക്ക് ആയാലും ജീവിക്കണം എന്നും പറഞ്ഞ് എല്ലായിടത്തും പോവാനും വരാനും ഡ്രൈവിംഗ് പഠിക്കാനും എല്ലാം എന്റെ ഇഷ്ടത്തിനു വിട്ട മനുഷ്യൻ.
തന്റെ മടി കൊണ്ട് മാത്രം ജോലിയ്ക്ക് ശ്രമിക്കാതെ ഞാൻ അയൽപക്കത്തെ ന്ത്  നടക്കുന്നെന്ന് നോക്കി ഇരിക്കുന്നു

ലയയുടെയും ഗിരിയുടെയും വീട്ടുകാർ വന്നു. രേഖയും ശരത്തും കൂടി അങ്ങോട്ട് ചെന്നു. എല്ലാവരും പരസ്പരം കാര്യങ്ങൾ സംസാരിച്ചു. ഗിരി എല്ലാവരോടും മാപ്പ് പറഞ്ഞു. ട്രീറ്റ്മെന്റിന് തയ്യാറാണെന്നും. ബാക്കി വേണ്ടാത്ത എല്ലാ ബിസിനസും നിർത്താമെന്നും ലയ തന്നെ വിട്ട് പോവരുതെന്നും യാചിച്ചു. ഒടുവിൽ ലയയുടെ അച്ഛനമ്മമാർ പറഞ്ഞു.

” ഇത് പോലെയുള്ള ഒരു സ്വഭാവത്തിന് ഉടമയുടെ കൂടെ മകൾ ജീവിക്കുന്നതിൽ അവർക്ക് താല്പര്യമില്ല. മകളുടെ സന്തോഷത്തിനു വേണ്ടിയാണ് ചോദിക്കുന്നത് എല്ലാം ഗിരിക്ക് കൊടുത്തത്. ഇത്രയും നാളവൾ സന്തോഷത്തോടെയാണെന്ന വിശ്വാസത്തിലാണ് അവളെ ഗിരിയ്ക്കൊപ്പം നിർത്തിയത് . മകളെക്കാൾ പണത്തെ സ്നേഹിക്കുന്ന ഒരാളുടെ കൂടെ ഇനിയവളെ വിടാൻ താല്പര്യമില്ല “.  ബന്ധം അവസാനിപ്പിക്കണമെന്ന് സഹോദരൻ തീർത്ത് പറഞ്ഞു .

“ഇത്തരത്തിലുള്ള വൃത്തികെട്ട സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ബിസിനസ് ചെയ്യുന്ന ക്രി മിനൽ മനസുള്ള ഒരാളുടെ കൂടെ എന്റെ സഹോദരി ജീവിയ്ക്കണ്ടെന്ന് ” അയാൾ പറഞ്ഞു.

ഗിരിയുടെ വീട്ടുകാരും പറഞ്ഞു.

“ലയയാണ് തീരുമാനിക്കേണ്ടത്. ഞങ്ങൾ ഒരിക്കലും ഒരുമിച്ച് പോകാൻ നിർബന്ധിക്കില്ല “.

ഗിരി ഓടി വന്ന് ലയയുടെ മുന്നിൽ കൈകൂപ്പി . “എന്നെ ഉപേക്ഷിച്ച് പോകരുത്. എനിക്ക് തെറ്റ് പറ്റിപ്പോയി മാപ്പ് തരണം. നീ പറയുന്നതെല്ലാം അനുസരിക്കാം. ഞാൻ ജീവിച്ചിരിക്കില്ല “.

എല്ലാവരും ലയയുടെ തീരുമാനത്തിനായി അവളെ നോക്കി അവൾക്ക് ഗിരിയുടെ കരച്ചിലിനു മുന്നിൽ പിടിച്ച് നില്ക്കാനുള്ള ശക്തിയില്ലായിരുന്നു.

“ഇനി  ഒരിക്കലും ഭയപ്പെടുത്തുന്ന പെരുമാറ്റം ഉണ്ടാവരുതെന്നും അവളെ എന്തെങ്കിലും ജോലിയ്ക്ക് വിടണമെന്നും സ്വതന്ത്ര്യയായി നടക്കണമെന്നും ” അവൾ പറഞ്ഞു . .

ഗിരി എല്ലാം സമ്മതിച്ചു തലയാട്ടി. ചെറിയ കുട്ടിയെ പോലെ ഏങ്ങി ഏങ്ങി കരഞ്ഞു.?

“ലയയുടെ വീട്ടുകാർ നിനക്കെഞാ  ഭ്രാന്താണോ ലയാ ഇനിയും ഇത് പോലെ ഒരാളുടെ കൂടെ ജീവിക്കാൻ ” . ഗിരിയുടെ സ്നേഹ കുരുക്കിൽ നിന്ന് ഊരി പോരാൻ കഴിയാത്ത ലയ തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. ഒടുവിൽ ലയയുടെ അച്ഛൻ പറഞ്ഞു. .

“മകളെ പരീക്ഷണത്തിന് വിട്ടു കൊടുക്കാൻ വയ്യ ഞങ്ങളുടെ കൂടെ അവർ താമസിച്ച് ട്രീന്റ്മെന്റ് നടത്തി വേണ്ടാത്ത ബിസിനസും ഗിരി അവസാനി പ്പിക്കട്ടെ. ഇവിടെ വസ്തുവും വീടും വിറ്റ് അവിടെ ഞങ്ങളുടെ വീടിന്റെ അടുത്തായി പുതിയ വീട് പതിയെ വാങ്ങാം “. എല്ലാരും  എല്ലാം  സമ്മതിച്ചു..

കുറ്റബോധത്താൽ ഇരുന്ന ഗിരിയുടെ അടുത്ത് ചെന്ന് ശരത്ത് പറഞ്ഞു.

“ഇനിയെങ്കിലും നന്നാവാൻ  നോക്കു . ലയയെക്കാൾ നീ പണത്തെ സ്നേഹിച്ചിട്ടും അവളെ നീ ഇത്രയൊക്കെ പറയുകയും ചെയ്യുകയും ചെയ്തിട്ടും നിന്റെ കൂടെയവൾ നില്ക്കുന്നത് കണ്ടോ അതാണ് അവൾക്ക് നിന്നോടുള്ള സ്നേഹം “.

“എനിക്ക് എല്ലാം മനസിലായി ശരത്ത്. ഞാൻ മാറും . ചില സമയങ്ങളിൽ ഞാൻ ഞാനല്ലാതായി മാറുന്നു. എല്ലാം ഞാൻ മാറ്റിയെടുക്കും എന്റെ ലയയ്ക്കും കുഞ്ഞിനും വേണ്ടി “.

“പണത്തെക്കാൾ വേണ്ടത് മനസമാധാനവും സ്നേഹവും പരസ്പര വിശ്വാസമാണ്. മയക്കുമരുന്ന് പോലുളളവ സമൂഹത്തിന് തന്നെ വിപത്ത് ഉണ്ടാക്കുന്നതാണ് .നാളെ നിന്റെ മോൻ അതിനടിമയായാലോ നിനക്ക് സഹിക്കാൻ പറ്റുമോ .അത് പോലെയാണ് എല്ലാ മാതാപിതാക്കളും ” .

എല്ലാം മനസിലായ പോലെ ഗിരി ശരത്തിന്റെ കൈ കവർന്നു വിതുമ്പി..     താമസിയാതെ അവർ അവിടെ വീടൊക്കെ വിറ്റ് താമസം മാറി.ലയ രേഖയെ കെട്ടിപിടിച്ച് കരഞ്ഞു. രേഖ ലയയോട് പറഞ്ഞു.?

” സ്വന്തം കാര്യങ്ങൾ തീരുമാനം എടുക്കാനും എല്ലാ കാര്യങ്ങളും തനിച്ച് ചെയ്യാനും എല്ലാമുള്ള തന്റേടം കാട്ടണം കേട്ടോ. ഭർത്താവാണെന്ന് പറഞ്ഞു എല്ലാം സഹിക്കേണ്ട കാര്യവുമില്ല. നമ്മൾക്ക് ദോഷം വരുന്ന ബന്ധമാണെങ്കിൽ അത് തുടരേണ്ട കാര്യവുമില്ല ” .  ലയ തല ചലിപ്പിച്ചു. വിളിക്കാമെന്ന് പറഞ്ഞ് ലയയും ഗിരിയും യാത്ര ചോദിച്ചു പോയി. അവരു പോകുന്നത് നോക്കി നിന്ന രേഖ ശരത്തിനോട് ചോദിച്ചു. “ഞാൻ ലയയെ ശ്രദ്ധിക്കുകയായിരുന്നു. ഇത്രയൊക്കെ ആയിട്ടും അവൾ ഗിരിയേട്ടൻ എന്നല്ലാതെ ഗിരിയെ വിളിച്ചിട്ടില്ല. അവന്റെ കണ്ണീരു കണ്ടപ്പോൾ എല്ലാവരെക്കാളും ഗിരി മാത്രം മതിയവൾക്ക് “

“അത് ചിലർ അങ്ങനെയാ രേഖ . സ്നേഹത്തിന്റെ ഊരാകുടുക്കിൽ സ്വാതന്ത്ര്യം ഇല്ലാതെ കൈകാലിട്ടടിച്ചാലും അതിൽ നിന്ന് കരകയറാൻ ശ്രമിക്കില്ല. അത്രയും ആഴത്തിൽ ലയ അവനെ സ്നേഹിക്കുന്നു. ഗിരിയെ പോലെ അതു മറ്റൊരു തരം ഭ്രാന്ത് ” ശരത്ത് ചിരിച്ചു. കൂടെ രേഖയും.

 കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു വണ്ടി വന്നു നില്ക്കുന്ന ശബ്ദം കേട്ട് ശരത്ത് നോക്കിയപ്പോൾ രേഖ അയൽപക്കത്ത് നോക്കി നിൽക്കുന്നു. ശരത്തിനെ കണ്ടവൾ പറഞ്ഞു.

” നോക്കു ശരത്തേട്ടാ പുതിയ താമസക്കാർ വന്നെന്നു തോന്നുന്നു.  ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമാണ് കൂടെ അമ്മയും ഉണ്ട് കേട്ടോ . അതിൽ ആരുടെ അമ്മയാണോ എന്തോ ആകാംഷയോടെ പറഞ്ഞിട്ട് ശരത്തേട്ടാ മോന് ബാക്കി ചോറു വാരി കൊടുത്തേക്ക് ഞാൻ അവരെ പരിചയപ്പെട്ടിട്ടു ദാ വരുന്നേ “

പാത്രം ശരത്തിനെ ഏല്പിച്ച് മുറ്റത്തെ പൈപ്പിൽ കൈയ്യും കഴുകി ഗേറ്റ് തുറന്ന് രേഖ ഒറ്റയോട്ടം. അവരുടെ അടുത്തെത്തി സംസാരിക്കുന്ന അവളെ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന ശരത്ത് അറിയാതെ പറഞ്ഞു “എന്നാലും എന്റെ ഭാര്യേ “….

NB: അയലത്തെ അദ്ദേഹം എന്ന മൂവി സബ്ജക്ട് ആയി തന്നിട്ട് അത് പോലെ വരുന്ന സ്റ്റോറി എഴുതാനുള്ള മത്സരത്തിനു വേണ്ടി ഒരു വർഷം മുൻപ് എഴുതിയ കഥയാണ് എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ😍

Related Posts

Leave a Reply

Your email address will not be published. Required fields are marked *